വിശുദ്ധ ഖുർആനിലെ 16-ാം അധ്യായത്തിലെ 68, 69 സൂക്തങ്ങളിലാണ് തേനീച്ചയെക്കുറിച്ച് പറയുന്നത്. തേനീച്ചകളെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയ അന്വേഷണങ്ങളും ഖുർആൻ ഗവേഷകരുടെ പഠനങ്ങളും ഈ സൂക്തങ്ങളിൽ നിന്ന് വിസ്മയകരമായ പല കാര്യങ്ങളും പുറത്തുകൊണ്ടുവന്നു. 14 നൂറ്റാണ്ടുകൾക്കു മുമ്പ് നിലനിന്നിരുന്ന അറേബ്യൻ സാഹചര്യത്തിൽ നിന്ന് ഭൗതിക മാധ്യമങ്ങൾ ഉപയോഗിച്ച് മനസ്സിലാക്കാൻ പറ്റാത്ത പല അറിവുകളും ഈ സൂക്തങ്ങൾ ഉൾക്കൊള്ളുന്നു. അതിനുപുറമെയാണ് ഇവയിലെ ഗണിതശാസ്ത്രപരമായ കൗതുകങ്ങളും ഭാഷാപരമായ കൃത്യതയും സാമൂഹികവും ആത്മീയവുമായ ഗുണപാഠങ്ങളും.
ശാസ്ത്രീയ വിജ്ഞാനങ്ങൾ അജ്ഞാതമായിരുന്ന ഒരു കാലഘട്ടത്തിൽ, പ്രകൃതിശാസ്ത്രത്തിന്റെ ബാലപാഠം പോലും കടന്നുചെന്നിട്ടില്ലാത്ത ഒരു പ്രവിശ്യയിൽ, സാമൂഹിക തിന്മകൾ നിറഞ്ഞാടിയിരുന്ന ഒരു പരിതസ്ഥിതിയിൽ, അക്ഷരജ്ഞാനം പോലും ആർജിച്ചിട്ടില്ലാത്ത ഒരു സമൂഹത്തിൽ, പള്ളിക്കൂടത്തിൽ പോലും പോയിട്ടില്ലാത്ത ഒരു സാത്വികൻ തന്റെ 40-ാം വയസിൽ ഒരു മലയിറങ്ങി വന്നതിനുശേഷം, പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രം ശാസ്ത്രലോകം എത്തിപ്പെട്ട ജന്തുവിജ്ഞാനങ്ങളും, മനുഷ്യനെ സാംസ്കാരിക സമ്പന്നനാക്കുന്ന ആത്മീയ പാഠങ്ങളും, സാഹിത്യ സൗന്ദര്യത്തിന്റെ മുഴുവൻ ചേരുവകളും, ഭാഷാപരമായ കിറുകൃത്യതയും സമം ചേർത്ത് മനോഹരമായി ആവിഷ്കരിക്കുന്നു എന്നത് ഈ സൂക്തങ്ങൾ മനുഷ്യേതരമായ സ്രോതസിൽ നിന്ന് വരുന്നതാണ് എന്നതിന്റെ സ്പഷ്ടമായ സാക്ഷ്യമാണ്.
ഖുർആനിക പരാമർശങ്ങൾ പരിശോധിക്കുന്നതിനു മുമ്പ് തേനീച്ചയെക്കുറിച്ച് അടിസ്ഥാനപരമായ ചില കാര്യങ്ങൾ പറയാം.
പൂക്കളിൽ നിന്നും പഴങ്ങളിൽ നിന്നും പൂന്തേൻ ശേഖരിച്ച് മധുരവും ഔഷധഗുണവുമുള്ള പാനീയമായ തേൻ ഉൽപാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച. ഇവ പൂക്കളിൽ നിന്ന് മധുവിനോടൊപ്പം പൂമ്പൊടിയും ശേഖരിക്കുന്നു. തേനീച്ചകൾ നിർമിക്കുന്ന മെഴുക് അറകളിലാണ് തേനും പൂമ്പൊടിയും സംഭരിക്കുന്നത്. പൂർവ ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഇവയുടെ ജന്മദേശം.
ലോകത്തിലെ ഏറ്റവും വലിയ തേനീച്ചയാണ് ഹിമാലയൻ തേനീച്ച. ഒരു പൂർണവളർച്ചയെത്തിയ തേനീച്ചയുടെ വലിപ്പം 3 സെന്റിമീറ്റർ (1.2 ഇഞ്ച്) വരെ ഉണ്ടാവാറുണ്ട്. 2,500 മുതൽ 3,000 മീറ്റർ (8,200 മുതൽ 9,800 അടി) ഉയരത്തിലുള്ള ഹിമാലയൻ മലകളിൽ ഇവയെ കാണപ്പെടുന്നു. ഇവയുടെ ഒരു കൂട്ടിൽ 60 കിലോയോളം തേൻ കാണപ്പെടുന്നു.
പെരുന്തേനീച്ച അഥവാ വൻതേനീച്ച (പെരുന്തേൻ) കൂടുകൂട്ടുന്നത് സാധാരണയായി വനാന്തർഭാഗത്തുള്ള വന്മരങ്ങളിലും പാറക്കൂട്ടങ്ങളിലുമാണ്. തേൻ സീസൺ സമയങ്ങളിൽ ഇവ നാട്ടുപ്രദേശങ്ങളിലെ വന്മരങ്ങളിലും പാലങ്ങൾക്കടിയിലും വൻ കെട്ടിടങ്ങൾക്കു മുകളിലും കൂടുകൂട്ടി കാണാറുണ്ട്.
പതിനാറാം അധ്യായത്തിലെ 68, 69 സൂക്തങ്ങൾ ഇങ്ങനെ വായിക്കാം
وَأَوۡحَىٰ رَبُّكَ إِلَى ٱلنَّحۡلِ أَنِ ٱتَّخِذِی مِنَ ٱلۡجِبَالِ بُیُوتࣰا وَمِنَ ٱلشَّجَرِ وَمِمَّا یَعۡرِشُونَ } {ثُمَّ كُلِی مِن كُلِّ ٱلثَّمَرَ ٰتِ فَٱسۡلُكِی سُبُلَ رَبِّكِ ذُلُلࣰاۚ یَخۡرُجُ مِنۢ بُطُونِهَا شَرَابࣱ مُّخۡتَلِفٌ أَلۡوَ ٰنُهُۥ فِیهِ شِفَاۤءࣱ لِّلنَّاسِۚ إِنَّ فِی ذَ ٰلِكَ لَـَٔایَةࣰ لِّقَوۡمࣲ یَتَفَكَّرُونَ}[Surah An-Naḥl: 68,69]
“പർവതങ്ങളിലും മരങ്ങളിലും അവർ കെട്ടി ഉണ്ടാക്കുന്നവയിലും കൂട് നിർമിക്കെടീ, മുഴുവൻ ഫലവർഗങ്ങളിൽ നിന്നും ആഹരിക്കെടീ, എന്നിട്ട്, നിന്റെ നാഥൻ നിനക്കായി ഒരുക്കി വിധേയപ്പെടുത്തി തന്ന വഴികളിലൂടെ നീ സഞ്ചരിക്കെടീ എന്ന് നിന്നെ പരിപാലിക്കുന്നവൻ തേനീച്ചകൾക്ക് ബോധനം നൽകി. അവയുടെ വയറുകളിൽ നിന്ന് മനുഷ്യർക്ക് ഔഷധമുള്ള വർണവൈവിധ്യമുള്ള പാനീയം പുറപ്പെടുന്നു. ചിന്തിക്കുന്ന ജനതക്ക് ഇതിലൊക്കെ വലിയ ദൃഷ്ടാന്തങ്ങളുണ്ട്.”
എന്താണ് ഇതിൽ ഇത്ര വലിയ അത്ഭുതമെന്നു ചിലർക്കെങ്കിലും തോന്നും. ഈ സൂക്തത്തിൽ അടങ്ങിയ കൗതുകങ്ങൾ നമുക്ക് പരിശോധിക്കാം:
ഒന്ന്: പെൺ തേനീച്ചകളാണ് കൂടുകൾ നിർമിക്കുന്നതെന്നും ഭക്ഷണം ശേഖരിക്കുന്നതെന്നും ഈ സൂക്തത്തിൽ സൂചിപ്പിക്കുന്നു.
( أَنِ ٱتَّخِذِی , ثُمَّ كُلِی مِن كُلِّ ٱلثَّمَرَ ٰتِ فَٱسۡلُكِی)
നഹ്ല് എന്ന അറബി വാക്ക് ആണിനും പെണ്ണിനും ഉപയോഗിക്കുമെന്ന് പല തഫ്സീറുകളിലും (ഖുർആൻ വ്യാഖ്യാനഗ്രന്ഥങ്ങൾ) കാണാം. പെണ്ണിന് വേണ്ടി ഉപയോഗിക്കുമ്പോൾ സ്ത്രീലിംഗ പ്രയോഗത്തിന് വേണ്ടി അക്ഷരങ്ങൾ കൂട്ടേണ്ടിവരും. കുൽ: നീ ആഹരിക്കൂ. ഇത്തഖിദ്: നീ നിർമിക്കൂ. ഉസ്ലുക്: നീ പ്രവേശിക്കൂ. എന്നതിന് പകരം കുലീ, ഇത്തഖിദീ, ഉസ്ലുകീ എന്നിങ്ങനെ ഒരു അക്ഷരം വർധിപ്പിച്ചു കൊണ്ടാണ് ഖുർആൻ പ്രയോഗിച്ചത്. പെണ്ണീച്ചകളോട് സംവദിക്കുന്ന അർഥം ലഭിക്കുന്നതിന് വേണ്ടിയാണിത്.
പെൺതേനീച്ചകളാണ് കൂട് നിർമിക്കുന്നതും ഭക്ഷണം ശേഖരിക്കുന്നതും എന്ന അറിവ് ശാസ്ത്രലോകത്തിന് പുതിയതാണ്. പഴയ സാഹിത്യങ്ങളിൽ തേനീച്ചക്കൂട്ടിൽ ആണുങ്ങൾക്കായിരുന്നു ആധിപത്യം. രാജ്ഞിയായ തേനീച്ച ഇല്ല; രാജനായ തേനീച്ചയാണ് അവിടെ നാം കാണുന്നത്. അരിസ്റ്റോട്ടിൽ മുതൽ ഷേക്സ്പിയർ വരെ അക്കാര്യം പറഞ്ഞിട്ടുണ്ട്. ഷേക്സ്പിയർ നല്ല തേനീച്ച വളർത്തുകാരൻ കൂടിയായിരുന്നു. തേനീച്ചക്കൂട്ടിലെ പലകാര്യങ്ങളും വളരെ കാവ്യാത്മകമായി ആവിഷ്കരിച്ചിട്ടുമുണ്ട്. പക്ഷേ, രാജ്ഞിയാണ്; രാജാവല്ല തേനീച്ച കൂട് നിയന്ത്രിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയുമായിരുന്നില്ല. ഇതൊരു തേനീച്ചപാഠമായതുകൊണ്ട് അതിവിടെ ഉദ്ധരിക്കുന്നത് സംഗതമാണെന്ന് തോന്നുന്നു.
'So work the honey bees;
Creatures, that, by a rule of nature, teach
The act of order to a peopled kingdom.
They have a king, and officers of sorts :
Where some, like magistrates, correct at home; Others, like merchants, venture trade abroad; Others, like soldiers, armed in their stings,
Make boot upon the summer's velvet buds
Which pillage they with merry march bring home
To the tent-royal of their emperor :
Who, busied in his majesty, surveys
The singing masons building roofs of gold
The civil citizens kneading up the honey ;
The poor mechanic porters crowding in
Their heavy burdens at his narrow gate ;
The sad-ey'd justice, with his surly hum,
Delivering o'er to executors pale
The lazy yawning drone.'
Henry V., Act I. , Scene II.
ഒരു ജനതയെ തങ്ങളുടെ സാമ്രാജ്യത്തിന് കീഴിൽ എങ്ങനെ വ്യവസ്ഥാപിതമായി സംവിധാനിക്കാം എന്ന് പഠിപ്പിക്കുന്ന പ്രാപഞ്ചിക നിയമമെന്നോണമാണ് തേനീച്ചകൾ പണിയെടുക്കുന്നത്. അവർക്കൊരു രാജാവുണ്ട്, വിവിധ ഉദ്യോഗസ്ഥരുമുണ്ട്; വിധികർത്താക്കളെപ്പോലെ ചിലർ വീടകത്ത് തെറ്റുകൾ തിരുത്തിക്കൊണ്ടിരിക്കുന്നു. ചിലർ വ്യാപാരികളെപ്പോലെയാണ്, അവർ വിദേശവ്യാപാരത്തിൽ ഏർപ്പെടുന്നു. ചിലർ സൈനികരെപ്പോലെയാണ്, അവർ സായുധരായി പൂമൊട്ടുകളിൽ കവർച്ച നടത്തുന്നു. അവർക്കു കിട്ടിയ ധനം സന്തോഷത്തോടെ അവർ സ്വന്തം രാജധാനിയിലേയ്ക്ക് കൊണ്ടുപോകുന്നു. അവിടെയാണ് അവരുടെ മഹാരാജൻ, ഗാനവീചികൾ പാടി പൊൻമേൽക്കൂരകൾ പണിയുന്ന ശിൽപിമാരെ നോക്കി സന്തോഷിക്കുന്നത്; തേൻ കുഴച്ചുകൊണ്ടിരിക്കുന്ന അന്തേവാസികളെയും ഭാരമേറിയ ചുമടുമായി ഇടുങ്ങിയ കവാടത്തിലൂടെ കടന്നുകയറുന്ന മധുച്ചുമട്ടുകാരെ കണ്ടും ആനന്ദിക്കുന്നത്. മടിയന്മാരെ കൂട്ടിൽ നിന്ന് പുറത്താക്കി ശിക്ഷ വിധിക്കാൻ സഗൗരവം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
ചില അബദ്ധങ്ങൾ ഉണ്ടെങ്കിലും തേനീച്ചയുടെ സാമൂഹിക ജീവിതത്തെക്കുറിച്ച് ഒരു ചിത്രം ഈ കവിതയിൽ നിന്ന് ലഭിക്കും. 1623-ൽ ബട്ലർ (Butler) പരിഷ്കരിച്ച് പുറത്തിറക്കിയ 'The Feminine Monarchie' എന്ന രചനയിൽ റാണിയെക്കുറിച്ച് പറയുന്നുണ്ട്. തേനീച്ച വളർത്തുകാരനായിരുന്ന അദ്ദേഹത്തിൻ്റെ പല നിരീക്ഷണങ്ങളും ശരിയല്ലെന്ന് പിന്നീട് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ആദ്യമായി ഇക്കാര്യം പറഞ്ഞത് ലൂയിസ് മെൻഡസ് ഡി ടോറസ് (Luis Mendez de Torres) ആണെന്നാണ് നിരീക്ഷിക്കപ്പെടുന്നത് (1586-ൽ). ജാൻ സ്വമ്മർഡാം (Jan Swammerdam, February 12, 1637 – February 17, 1680) എന്ന ശാസ്ത്രജ്ഞനാണ് മൈക്രോസ്കോപ്പിക് ടെസ്റ്റിലൂടെ റാണി പെണ്ണാണെന്ന് സ്ഥിരീകരിച്ചത്. വേലക്കാരികളായ തേനീച്ചകൾക്കും സ്ത്രൈണ ഘടനയാണുള്ളതെന്നും അദ്ദേഹമാണ് കണ്ടെത്തിയത് (1660-കളിൽ).
തേനീച്ചക്കൂട്ടിൽ പെണ്ണാണ് റാണിയെന്നും വേലക്കാരികളെല്ലാം സ്ത്രീകളാണെന്നും എല്ലാവർക്കും അറിയുന്നതല്ലേ, അതിൽ എന്താണ് ഇത്ര പുത്തൻ അറിവുകൾ എന്ന ചോദ്യങ്ങൾ നിലനിൽക്കുന്നതുകൊണ്ടാണ് ഇത് ഇത്രയും വിശദീകരിച്ചത്. 1875-ൽ പോലും രാജാവായ തേനീച്ചയെക്കുറിച്ച് പുസ്തകം ഇറങ്ങിയിട്ടുണ്ട്. 'The King Bee's Dream: A Metrical Address' എന്നത് തോമസ് മാക്സ്വെൽ (Thomas Maxwell) എഴുതിയ പുസ്തകമാണ്!
ഫ്രാൻസിസ് ഹൂബർ (Francois Huber) എന്ന ശാസ്ത്രജ്ഞൻ 1792-ൽ സ്വമ്മർഡാമിൻ്റെ പഠനങ്ങൾ വികസിപ്പിച്ചു. ആൺ തേനീച്ചകൾ കൂട്ടിന് പുറത്തുവെച്ചാണ് റാണിയുമായി ബന്ധത്തിൽ ഏർപ്പെടുന്നത് എന്ന് അദ്ദേഹം കണ്ടെത്തി. തേനീച്ചക്കൂടിൻ്റെ പൊതുവായ എല്ലാ പരിപാലനവും ചെയ്യുന്നത് പെണ്ണീച്ചകളാണ്. തേനും പൂമ്പൊടിയും ശേഖരിക്കൽ, കൂട് വൃത്തിയാക്കൽ, റാണിക്ക് തീറ്റകൊടുക്കൽ, ലാർവ്വപ്പുഴുക്കളെ തീറ്റൽ, കൂടിന് കാവൽനിൽക്കൽ, അറ നിർമിക്കൽ, അറയിൽ തേൻ സംസ്കരിച്ച് സൂക്ഷിക്കൽ - എല്ലാം ഇവരുടെ ഡ്യൂട്ടിയാണ്.
ലൈംഗിക ബന്ധത്തിനുശേഷം ആൺ തേനീച്ചകളുടെ ജീവിതദൗത്യം അവസാനിച്ചതുകൊണ്ടുതന്നെ അവയെ ആട്ടിപ്പുറത്താക്കാനുള്ള ശ്രമവും കൂട്ടിനുള്ളിൽ നടക്കുമത്രേ. അതേത്തുടർന്ന് കൂട്ടക്കൊലപാതകങ്ങളും ഉണ്ടാകും! ശാസ്ത്രം തേനീച്ചകളിലെ പെണ്ണാധിപത്യത്തിൻ്റെ വൈവിധ്യങ്ങൾ സ്ഥിരീകരിച്ചുവരുന്നേയുള്ളൂ.
രണ്ട്: തേനീച്ചക്കൂട്
وَأَوۡحَىٰ رَبُّكَ إِلَى ٱلنَّحۡلِ أَنِ ٱتَّخِذِی مِنَ ٱلۡجِبَالِ بُیُوتࣰا وَمِنَ ٱلشَّجَرِ وَمِمَّا یَعۡرِشُونَ
അത്ഭുതകരമാണത്. നല്ല ഉറപ്പ്, നല്ല ഭംഗി, കൂടുതൽ അറകൾ, കൂടുതൽ തേൻ കൊള്ളുന്ന രൂപത്തിൽ സംവിധാനിക്കപ്പെട്ടത്. ഈ നാലു വിശേഷണങ്ങളും ഉള്ള, തേനീച്ചക്കൂടിനെക്കാൾ മെച്ചപ്പെട്ട മറ്റൊരു കൂട് മറ്റാർക്കും ഉണ്ടാക്കാനാവില്ല. നല്ല എൻജിനീയറിങ് വൈഭവം ഇത്തരം ഒരു നിർമിതിയിൽ അനിവാര്യമാണ്.
ഒരു പ്രതലത്തിന്റെ വിസ്തീർണം ഷഡ്ഭുജാകൃതിയിൽ (hexagon) വിഭജിക്കുമ്പോൾ ലഭിക്കുന്ന സ്ഥലസൗകര്യം സമഭുജത്രികോണാകൃതിയിലോ (equilateral triangle) സമചതുരാകൃതിയിലോ (square) മറ്റേതെങ്കിലും ആകൃതിയിലോ വിഭജിക്കുമ്പോൾ ലഭിക്കുന്നതിലും കൂടുതലായിരിക്കും. മാത്രമല്ല, ഈ ആകൃതിയിൽ വിഭജിക്കുമ്പോൾ ഏറ്റവും കുറഞ്ഞ അളവിലുള്ള നിർമാണവസ്തുക്കൾ മതിയാകും. ഈ വസ്തുത നൂറ്റാണ്ടുകളായി ഗണിതശാസ്ത്രജ്ഞർക്ക് അറിയാമായിരുന്നെങ്കിലും അതിന്റെ കാരണം വിശദീകരിക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല.
1999-ൽ പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ പ്രൊഫസർ തോമസ് സി. ഹെയ്ൽസ് honeycomb conjecture എന്ന സിദ്ധാന്തത്തിലൂടെ ഈ ആകൃതിയുടെ മേന്മ തെളിയിച്ചു. ഒരു പ്രതലത്തെ ഏറ്റവും കുറഞ്ഞ നിർമാണവസ്തുക്കൾ ഉപയോഗിച്ച് തുല്യമായ അളവിൽ വിഭജിക്കാൻ കഴിയുന്നത് സമഷഡ്ഭുജാകൃതിക്കാണെന്ന് അദ്ദേഹം അവതരിപ്പിച്ചു. ഷഡ്ഭുജാകൃതിയിലുള്ള അറകൾ നിർമിക്കുന്നതിലൂടെ, ലഭ്യമായിരിക്കുന്ന സ്ഥലം പരമാവധി ഉപയോഗിക്കാനും ഏറ്റവും കുറഞ്ഞ അളവിൽ മെഴുക് ഉപയോഗിച്ചുകൊണ്ട് ഭാരം കുറഞ്ഞതും അതേസമയം ബലമുള്ളതുമായ അറകൾ നിർമിക്കാനും അങ്ങനെ, ഉള്ള സ്ഥലത്ത് പരമാവധി തേൻ ശേഖരിച്ചുവെക്കാനും തേനീച്ചകൾക്കു കഴിയുന്നു. വിമാനനിർമിതിയിൽ വരെ തേനീച്ചക്കൂടിൽ അടങ്ങിയ തത്വം ആധുനിക ശാസ്ത്രം ഉപയോഗിക്കുന്നുണ്ട്.
അപ്പോൾ, ഇത്രയും വിദഗ്ധമായ നിർമിതി ആരാണ് തേനീച്ചയെ പഠിപ്പിച്ചതെന്ന ചോദ്യം ഉയരും. അതിന്റെ കൃത്യമായ ഉത്തരമാണ് واوحي ربك എന്ന പ്രസ്താവന. തേനീച്ച ഉണ്ടായത് മുതൽ അങ്ങനെതന്നെയാണ്. പരിണാമത്തിനെതിരെ എഴുന്ന് നിൽക്കുന്ന പ്രസ്താവന കൂടിയാണത്. https://pdodds.w3.uvm.edu/files/papers/others/2000/hales2000a.pdf
മൂന്ന്: ഭക്ഷണ ശേഖരണം
{ ثُمَّ كُلِی مِن كُلِّ ٱلثَّمَرَ ٰتِ فَٱسۡلُكِی سُبُلَ رَبِّكِ ذُلُلࣰاۚ یَخۡرُجُ مِنۢ بُطُونِهَا شَرَابࣱ مُّخۡتَلِفٌ أَلۡوَ ٰنُهُۥ فِیهِ شِفَاۤءࣱ لِّلنَّاسِۚ إِنَّ فِی ذَ ٰلِكَ لَـَٔایَةࣰ لِّقَوۡمࣲ یَتَفَكَّرُونَ
അത്ഭുതകരവും രസകരവുമാണ് തേനീച്ചയുടെ ഭക്ഷണശേഖരണ രീതി. ഒരു തേനീച്ച തന്റെ യാത്രയ്ക്കിടെ ഒരു ഭക്ഷണസ്രോതസ് കണ്ടെത്തിയാൽ ഉടനെ കൂട്ടിലേക്ക് പറന്ന് വേലക്കാരായ തന്റെ കൂട്ടുകാർക്ക് ഭക്ഷണത്തിന്റെ സ്രോതസ് എവിടെയാണെന്ന് അറിയിച്ചുകൊടുക്കും. ഭക്ഷണം 300 അടി ദൂരെയാണെങ്കിൽ എട്ടിന്റെ ആകൃതിയിലുള്ള നൃത്തവും (waggle dance), അതിനു താഴെയാണെങ്കിൽ വൃത്താകൃതിയിലുള്ള നൃത്തവും (round dance) നിർവഹിക്കുന്നു. കാൾ വോൺ ഫ്രിഷ് (Karl von Frisch) എന്ന ശാസ്ത്രജ്ഞനാണ് ഇത് കണ്ടെത്തിയത്. തന്റെ പഠനങ്ങൾക്ക് 1973-ൽ അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.
ചോദ്യമിതാണ്; ഭക്ഷണശേഖരണത്തിന് വ്യത്യസ്തവും അത്ഭുതകരവുമായ ഈ സംവേദന രീതി തേനീച്ചയ്ക്ക് എവിടെനിന്നു കിട്ടി? ഏത് പരിണാമ ശൃംഖലയിൽ? പുരാതനകാലം മുതൽ തന്നെ തേനീച്ചകൾ ഇവിടെയുണ്ട്; അവയുടെ കൂടുമുണ്ട്, ഡാൻസുമുണ്ട്. ഒരു കിലോഗ്രാം ശുദ്ധമായ തേൻ ഒരു തേനീച്ച ശേഖരിക്കണമെങ്കിൽ 2,737,500 പൂക്കൾ സന്ദർശിക്കണമത്രേ! ഇതിനായി 150,000 കിലോമീറ്റർ സഞ്ചരിക്കണം. ഏകദേശം ഭൂമിയെ നാലുതവണ ചുറ്റാനുള്ള ദൂരം!
{ فَٱسۡلُكِی سُبُلَ رَبِّكِ ذُلُلࣰا }
സഞ്ചാരവഴികൾ അല്ലാഹു വിധേയപ്പെടുത്തിക്കൊടുത്തതാണ് എന്നു പറഞ്ഞത് വെറുതെയായിരിക്കുമോ? ഇതൊക്കെ തേനീച്ച എൻജിനീയറിങ് കോളേജിൽ പോയി പഠിച്ചതല്ലല്ലോ; പിന്നെ എവിടെ നിന്നു കിട്ടി എന്നതിന് ഒരൊറ്റ ഉത്തരമേയുള്ളൂ! ഇതെല്ലാം പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു അവരുടെ ജനിതക സവിശേഷതയായി സന്നിവേശിപ്പിച്ച പ്രത്യേകമായ സിദ്ധിയാണ്. അതിനെയാണ് ഖുർആൻ { وَأَوۡحَىٰ رَبُّكَ } എന്നു പറഞ്ഞിട്ടുള്ളത്.
നാല്: തേനീച്ചയുടെ ഭക്ഷണം
{ ثُمَّ كُلِی مِن كُلِّ ٱلثَّمَرَ ٰتِ }
പൂക്കളിൽ നിന്നാണ് തേനീച്ച ഭക്ഷണം ശേഖരിക്കുന്നതെന്ന് നമുക്കറിയാം. ബി.സി. 6000 മുതൽ ലോകത്ത് തേനീച്ചക്കൃഷിയുണ്ട്. തേനീച്ച പൂവിൽ നിന്ന് മധുപാനം ചെയ്യുന്നു എന്ന് അന്നുമുതലേ എല്ലാവർക്കും അറിയാം. അത് അറിയാത്ത ഒരാളായിരുന്നു തിരുനബി എന്ന് ചിലരെങ്കിലും പറയുന്നത് ബുദ്ധിമോശം കൊണ്ടു മാത്രമായിരിക്കും.
എന്നാൽ, പൂക്കളിൽ നിന്ന് ആഹരിക്കുന്നു എന്ന ആശയത്തെ ഖുർആൻ ആവിഷ്കരിച്ചത് { مِن كُلِّ ٱلثَّمَرٰتِ } എന്ന പ്രയോഗത്തിലൂടെയാണ്. ‘എല്ലാ ഫലങ്ങളിൽ നിന്നും!’ എന്ന് അതിന് വിവർത്തനം ചെയ്യാം. എന്തുകൊണ്ടായിരിക്കും ഇങ്ങനെ പ്രയോഗിച്ചത്? അതിന്റെ കാരണങ്ങളെക്കുറിച്ചാണ് നാം ആലോചിക്കുന്നത്; ചില സാധ്യതകൾ പറയാം:
ഒന്ന്: 'ഫലം' എന്ന വാക്ക് വിശാലമാണ്. ഒരു മരത്തിന്റെ ഫലങ്ങളാണ് അതിലെ പൂവും പൂമ്പൊടിയും പൂന്തേനും പഴങ്ങളുമെല്ലാം. പൂവ് എന്ന് ഉപയോഗിച്ചാൽ പഴങ്ങൾ അതിൽ ഉൾപ്പെടില്ലല്ലോ. യഥാർഥത്തിൽ തേനീച്ച ചില പഴങ്ങളും ഭക്ഷിക്കാറുണ്ട്; അത് പക്ഷേ, പലർക്കും പുതിയ അറിവായിരിക്കാം. (https://www.honeybeesuite.com/do-honey-bees-eat-fruit/#comments)
രണ്ട്: ഒരു കിലോ തേൻ കിട്ടുവാൻ ദശലക്ഷക്കണക്കിന് പുഷ്പങ്ങളിലൂടെ തേനീച്ച സഞ്ചരിക്കണമെന്ന് പറഞ്ഞല്ലോ. അപ്പോൾ തനിക്ക് ആഹരിക്കാൻ പറ്റുന്ന തന്റെ പരിസരത്തുള്ള ഒരു പൂവും പഴവും തേനീച്ച ഉപേക്ഷിക്കുകയില്ല എന്ന് മനസ്സിലാക്കാമല്ലോ. 'എല്ലാം' എന്നതിന്റെ താൽപര്യം അതായിരിക്കണം. അല്ലാതെ ലോകത്തുള്ള എല്ലാ പഴങ്ങളും എല്ലാ പൂക്കളും എന്നൊന്നും അർഥമില്ല എന്ന് ഏതൊരാൾക്കും മനസ്സിലാക്കാവുന്നതാണ്. ‘ഞാൻ എല്ലാ ഭക്ഷണവും കഴിക്കും’ എന്ന് പറഞ്ഞാൽ ‘സാധാരണ മനുഷ്യർ ഭക്ഷണമായി ഉപയോഗിക്കുന്ന ഏതും’ എന്നാണ് അതിനർഥം.
മൂന്ന്: 'മിൻ' (Min) എന്ന വാക്കിന് 'സ്വൽപം' അല്ലെങ്കിൽ 'അതിൽനിന്ന്' എന്നാണർഥം. അത് കണ്ടെത്തുന്ന ഭക്ഷണസ്രോതസിൽ നിന്ന് അതിനാവശ്യമായ ഭാഗം/വസ്തു എന്ന അർഥം ലഭിക്കാനാണ് ‘മിൻ’ ഉപയോഗിച്ചത്. ഫലത്തിന്റെ ഒരംശമാണ് അതിന്റെ ഭക്ഷണമായ തേൻ എന്നും അർഥമാക്കാം.
നാല്: മരങ്ങൾ പൂത്ത് കായ്ക്കും. കായ പിന്നീട് ഉണ്ടാകുന്ന ഫലമാണ്. അതിന്റെ തുടക്കമാണ് പൂവ്. പിന്നീട് ആയിത്തീരുന്ന അവസ്ഥ നേരത്തെ ഉപയോഗിക്കുക എന്ന ശൈലി ഭാഷയിൽ സാധാരണയുള്ള ഒരു പ്രയോഗമാണ്. 'ചോറ് വെന്തു' എന്ന് നമ്മൾ പറയാറുണ്ട്; യഥാർഥത്തിൽ വെന്തത് അരിയാണല്ലോ, ചോറല്ല. 'കള്ള് (മുന്തിരിച്ചാറ്) പിഴിഞ്ഞെടുത്തു' എന്ന് ഖുർആനിൽ തന്നെയുണ്ട്.
{ وَدَخَلَ مَعَهُ ٱلسِّجۡنَ فَتَیَانِۖ قَالَ أَحَدُهُمَاۤ إِنِّیۤ أَرَىٰنِیۤ أَعۡصِرُ خَمۡرࣰاۖ }Surah Yūsuf: 36]
മുന്തിരിയാണ് പിഴഞ്ഞെടുത്തത്; പിന്നീട് അത് കള്ളായി മാറുകയായിരുന്നു. പൂവിനെ കുറിച്ച് തന്നെ പഴം എന്ന വാക്ക് ഉപയോഗിക്കാം / മജാസ് മുർസൽ എന്ന ഭാഷയിലെ അലങ്കാരപ്രയോഗമാണതെന്ന് സാരം. ചുരുക്കത്തിൽ മിൻ / കുല്ലി / സമറാത് എന്നീ മൂന്ന് വാക്കുകളും പുതിയ അന്വേഷണങ്ങളുമായി കലഹിക്കുകയല്ല; ഐക്യപ്പെടുകയാണ് ചെയ്യുന്നത്. അതോടൊപ്പം ഭാഷാപരമായ ഒരു അലങ്കാരവും അത് പ്രധാനം ചെയ്യുന്നു.
അഞ്ച്: തേനിന്റെ ഔഷധ മൂല്യങ്ങൾ
{ یَخۡرُجُ مِنۢ بُطُونِهَا شَرَابࣱ مُّخۡتَلِفٌ أَلۡوَ ٰنُهُۥ فِیهِ شِفَاۤءࣱ لِّلنَّاسِۚ إِنَّ فِی ذَ ٰلِكَ لَـَٔایَةࣰ لِّقَوۡمࣲ یَتَفَكَّرُونَ }
തേൻ ഒരു ഔഷധമാണ് എന്നത് വിശ്രുതമാണെങ്കിലും അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണോ എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. 'Iranian Journal of Basic Medical Sciences'-ൽ 'Traditional and Modern Uses of Natural Honey in Human Diseases' എന്ന ശീർഷകത്തിൽ Tahereh Eteraf-Oskouei, Moslem Najafi എന്നീ ഗവേഷകർ ചേർന്ന് എഴുതിയ പഠനത്തിൽ ഇങ്ങനെ വായിക്കാം:
കഴിഞ്ഞ കുറച്ച് ദശകങ്ങളായി, നിരവധി ഗവേഷകസംഘങ്ങൾ ലാബ് പരിശോധനകൾക്കും ക്ലിനിക്കൽ പഠനങ്ങൾക്കും തേനിനെ വിധേയമാക്കി. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ തേനിന്റെ ആന്റിബാക്ടീരിയൽ പ്രവർത്തനമാണ്; നിരവധി പഠനങ്ങളിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ട് (13, 14). ശുദ്ധമായ തേൻ സാൽമൊണെല്ല, ഷിഗെല്ല, എഷറീചിയ കൊളൈ (3, 15) ഹെലികോബാക്ടർ പൈലോറി (9) തുടങ്ങിയ പല രോഗാണുക്കളെ നേരിടാൻ കഴിവുള്ളതാണ്.
കൊളൈറ്റിസ് എന്ന അണുബാധാ രോഗത്തിന്, പ്രഡ്നിസിലോൺ ചികിത്സയ്ക്ക് സമാനമായി തേൻ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട് (16). തേൻ പ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധയെ പ്രതിരോധിക്കുകയും ചെയ്യുന്നു എന്നതും ഗവേഷണങ്ങളിൽ വ്യക്തമായിട്ടുണ്ട് (17, 18). 2003-ൽ അൽ-വൈലി & ബോണി നടത്തിയ പഠനം, തേൻ കഴിച്ചശേഷം മനുഷ്യശരീരത്തിൽ അണുബാധാ പ്രതിരോധപ്രവർത്തനം വർധിക്കുന്നതായി തെളിയിച്ചു (19).
തേനിന് ആന്റിഓക്സിഡന്റ് ഗുണമുള്ളതായും 'Reactive Oxygen Species' (ROS) കാരണം ഉണ്ടാകുന്ന 'Low-Density Lipoprotein' (LDL) ഓക്സിഡേഷൻ തടയുന്നുവെന്നും, അതിലൂടെ ഹൃദയാരോഗ്യ സംരക്ഷണം നൽകുന്നുവെന്നുമുള്ള തെളിവുകൾ ചില മെഡിക്കൽ ലാബുകളിൽ നടത്തിയ പഠനങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് (20, 21). മൂത്രാശയ കാൻസറിനെ നേരിടുന്നതിൽ തേൻ ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട് (22).
പാരമ്പര്യ വൈദ്യത്തിലും തേൻ ഔഷധമാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ആരോഗ്യ-സൗന്ദര്യ സംരക്ഷണത്തിനുമെല്ലാം ഉത്തമമാണ് തേന്‍. ജലദോഷവും ചുമയും പോലുള്ള അസുഖങ്ങള്‍ക്കും ശരീരഭാരം കുറയ്ക്കുന്നതിനും ചര്‍മസംരക്ഷണത്തിനും ഒരുപോലെ ഉപയോഗപ്രദം. പല ആയുർവേദ ഔഷധങ്ങളിലും തേന്‍ ഒരു ചേരുവയായി ഉപയോഗിക്കാറുണ്ട്. പോഷകസമ്പന്നമാണ് തേന്‍. ശരീരത്തില്‍ നിന്ന് കഫം, വിഷം എന്നിവ പുറന്തള്ളാനും ഹിക്കപ്പ്സ് (ഡയഫ്രം ചുരുങ്ങല്‍) പോലെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതാക്കാനും തേൻ ഉത്തമമാണെന്ന് മുംബൈയിലെ നിരോഗ് ആയുർവേദിക് ആശുപത്രിയിലെ ആയുർവേദ സ്പെഷ്യലിസ്റ്റ് ഡോ. മനീഷ കാലെ പറയുന്നു.
തേൻ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുകയും സൗന്ദര്യം വർധിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ചെറുചൂടുവെള്ളത്തിലോ നേരിട്ടോ തേൻ കഴിക്കുന്നത് മലബന്ധം, തൊണ്ടവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ അകറ്റാനും ശരീരഭാരം കുറയ്ക്കാനും ഉപയോഗപ്രദമാണ്. കടലമാവ്, മഞ്ഞള്‍ തുടങ്ങിയവയ്ക്കൊപ്പം തേന്‍ ചേര്‍ത്ത് ഫേസ്മാസ്ക്കായി ഉപയോഗിക്കുന്നത് സൗന്ദര്യസംരക്ഷണത്തിന് മികച്ചതാണ്. തേൻ മാത്രമായി ശരീരത്തില്‍ പുരട്ടുന്നതും ചർമത്തിന് തിളക്കം നൽകാന് സഹായിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മുറിവുകൾ ഉണക്കുന്നതിനും വിഷാംശം ഇല്ലാതാക്കുന്നതിനും വിശപ്പ് വർധിപ്പിക്കുന്നതിനും ദഹനശക്തി വർധിപ്പിക്കുന്നതിനും തേൻ വളരെ ഗുണം ചെയ്യും.
തേനിന്റെ രാസഘടന
തേനിൽ അമിനോ ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, എൻസൈമുകൾ എന്നിവയുൾപ്പെടെ ഏകദേശം 200 പദാർഥങ്ങൾ അടങ്ങിയിരിക്കുന്നു. ചിലത് പറയാം:
1. amino acids,
2. vitamins,
3. minerals
4. enzymes,
5. sugar 95–99%
6. fructose
7. glucose
8. maltose,
9. sucrose,
10. isomaltose turanose,
11. nigerose,
12. meli-biose,
13. panose,
14. maltotrios
15. melezitose
16. oligosaccharides
17. fructooligosaccharides
18. Water
19. The organic acids
20. Potassium
21. calcium
22. magnesium
23. sodium,
24. sulphur
25. phosphorus
26. iron,
27. copper
28. zinc
29. manganes
30. vitamins C,
31. B1 (thiamine)
32. B2 complex
33. riboflavin,
34. nicotinic acid
35. B6 panthothenic acid
proteins
https://pmc.ncbi.nlm.nih.gov/articles/PMC3758027/
ആറ്: വർണവൈവിധ്യങ്ങൾ
{ یَخۡرُجُ مِنۢ بُطُونِهَا شَرَابࣱ مُّخۡتَلِفٌ أَلۡوَ ٰنُهُۥ فِیهِ شِفَاۤءࣱ لِّلنَّاسِۚ إِنَّ فِی ذَ ٰلِكَ لَـَٔایَةࣰ لِّقَوۡمࣲ یَتَفَكَّرُونَ }
U.S. Department of Agriculture തേനിനെ ഏഴു കളറുകളായി വിഭജിച്ചിട്ടുണ്ട്:
1. water white,
2. extra white,
3. white,
4. extra light amber,
5. light amber,
6. amber
7. dark amber.
https://glorybee.com/honey-grades-types#:
ഏഴ്: അറകളുള്ള വയറ്
{یَخۡرُجُ مِنۢ بُطُونِهَا }
തേനീച്ചയുടെ വയറ്റിൽ നിന്ന് തേൻ വരുന്നു എന്ന് പറഞ്ഞപ്പോൾ بطنها ഏകവചനം ആക്കി പറയാതെ بطونها എന്ന് ബഹുവചനം ആക്കി പറഞ്ഞത് എന്തിനാണ്? തേനീച്ച സമൂഹത്തെ കുറിച്ചാണ് പറയുന്നത്. ഒരു കൂട്ടിൽ ഒരുപാട് തേനീച്ചകൾ ഉണ്ടാവും. ഒരു തേനീച്ചക്കൂട്ടിൽ 20,000 മുതൽ 80,000 വരെ തേനീച്ചകൾ ഉണ്ടാകാം. ഇവയുടെയെല്ലാം പരിശ്രമമാണ് തേൻ. അതിലേക്ക് സൂചിപ്പിച്ചുകൊണ്ടായിരിക്കണം ബഹുവചനം ആക്കി പറഞ്ഞത്. എന്നാൽ, ഒരു തന്നെ പല വയറുകൾ (അറകൾ) ഉണ്ടെന്നും അതിലേക്ക് സൂചിപ്പിക്കാനാണ് ഇങ്ങനെ പറഞ്ഞതെന്ന് ഇറാഖിലെ university of Wait ലെ agricultural Science വിഭാഗത്തിലെ അലി ബശീർ നടത്തിയ പഠനത്തിൽ പറയുന്നു.
എട്ട്: ഗണിതശാസ്ത്രം
{وَأَوۡحَىٰ رَبُّكَ إِلَى ٱلنَّحۡلِ أَنِ ٱتَّخِذِی مِنَ ٱلۡجِبَالِ بُیُوتࣰا وَمِنَ ٱلشَّجَرِ وَمِمَّا یَعۡرِشُونَ }{ ثُمَّ كُلِی مِن كُلِّ ٱلثَّمَرَ ٰتِ فَٱسۡلُكِی سُبُلَ رَبِّكِ ذُلُلࣰاۚ یَخۡرُجُ مِنۢ بُطُونِهَا شَرَابࣱ مُّخۡتَلِفٌ أَلۡوَ ٰنُهُۥ فِیهِ شِفَاۤءࣱ لِّلنَّاسِۚ إِنَّ فِی ذَ ٰلِكَ لَـَٔایَةࣰ لِّقَوۡمࣲ یَتَفَكَّرُونَ}
തേനീച്ചയുടെ ക്രോമസോമുകൾ, വളർച്ചാഘട്ടങ്ങൾ എന്നിവയിലേക്ക് വല്ല സൂചനകളും ഖുർആനിൽ ഉണ്ടോ? അങ്ങനെ ഉണ്ടാകണമെന്ന് ഒരു നിർബന്ധവുമില്ല എന്ന് നമുക്കറിയാം. എങ്കിലും College of Agriculture and Forestry, University of Mosul-ലെ Beekeeping പ്രൊഫസറായ ഡോ. മുസാഹിം അയ്യൂബ് അൽ സായിഖ് (Professor Muzahim Ayyub Al sayegh) ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചില ഗണിതശാസ്ത്രപരമായ കൗതുകങ്ങൾ പങ്കുവെക്കാം. അത് കേവലം യാദൃച്ഛികമാണോ എന്ന ആലോചന വായനക്കാർക്ക് വിടുന്നു.
ഒന്ന്: ഖുർആനിലെ പതിനാറാമത്തെ അധ്യായമാണ് സൂറത്തുന്നഹ്ല്. 16 എന്ന സംഖ്യയുമായി തേനീച്ചയ്ക്ക് വിസ്മയകരമായ ബന്ധമുണ്ട്. ഒരു തേനീച്ചയുടെ മുട്ടയിൽ 16 ക്രോമസോമുകളാണ് ഉണ്ടാവുക. 16!
രണ്ട്: ആണീച്ചകളായിത്തീരുന്ന മുട്ട അൺഫെർട്ടിലൈസ്ഡ് (Unfertilized) ആയിരിക്കും (അതിൽ പിതാവിൻ്റെ ബീജങ്ങൾ ഉണ്ടാവില്ല - ആണീച്ചയ്ക്ക് പിതാവില്ല എന്ന് പറയാറുണ്ട്). ഈ മുട്ട വിരിഞ്ഞാണ് ആൺ തേനീച്ചകൾ ഉണ്ടാവുന്നത്. അവയ്ക്ക് 16 ക്രോമസോമുകളാണുള്ളത്. വീണ്ടും 16!
മൂന്ന്: ആണീച്ചകൾ റാണിയുമായി ബന്ധത്തിൽ ഏർപ്പെടുമ്പോൾ പുറപ്പെടുന്ന ബീജത്തിൽ 16 ക്രോമസോമുകൾ ഉണ്ടാവും. വീണ്ടും 16 വരുന്നു.
നാല്: ഫെർട്ടിലൈസ്ഡ് (Fertilized) ആയ മുട്ട (Sperm + Ovum) വിരിഞ്ഞാണ് റാണിയും പെണ്ണീച്ചകളും ഉണ്ടാവുന്നത്. അവയുടെ ശരീരത്തിൽ 32 ക്രോമസോമുകളാണുള്ളത് (32 = 2 x 16). വീണ്ടും 16!
അഞ്ച്: പതിനാറാം അധ്യായത്തിലെ 68-ാമത്തെ സൂക്തത്തിലാണ് തേനീച്ചയെക്കുറിച്ചുള്ള പരാമർശം കടന്നുവരുന്നത്. അതിലെ ആദ്യ പരാമർശം: ‘തേനീച്ചയ്ക്ക് അല്ലാഹു ബോധനം നൽകി’ എന്ന അറബി വാചകത്തിൽ 16 അക്ഷരങ്ങളാണുള്ളത്.
ആറ്: 68-ാമത്തെ സൂക്തത്തിലാണ് തേനീച്ചകളെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം. ആ സൂക്തം നിർമിതമായിരിക്കുന്നത് 16 അക്ഷരങ്ങൾ കൊണ്ടാണ്.
1. و
2. ا
3. ح
4. ي
5. ب
6. ك
7. ل
8. ن
9. ت
10. خ
11. ذ
12. م
13. س
14. ح
15. ع
16. ش
ഏഴ്: പിതാവിന്റെ ബീജം സ്വീകരിക്കാതെ മാതാവിന്റെ അണ്ഡംകൊണ്ട് മാത്രം ഉണ്ടായ കുഞ്ഞാണ് ആൺ തേനീച്ച എന്നു പറഞ്ഞല്ലോ. അങ്ങനെ ഒരു അത്ഭുത കുഞ്ഞിനെക്കുറിച്ച് ഖുർആനിൽ പറയുന്നുണ്ട്; മർയമിൻ്റെ പുതൻ ഈസാ നബി. ഈസ ബ്ൻ മർയം എന്ന് ഖുർആനിൽ എത്ര തവണയുണ്ട്? 16!
എട്ട്: മുട്ടയിൽ നിന്ന് റാണി വിരിഞ്ഞു പുറത്തിറങ്ങുന്നത് എത്രാമത്തെ ദിവസമാണ്? 16!
ഒൻപത്: ചിന്തയുയുടെ പ്രാധാന്യം
إِنَّ فِی ذَ ٰلِكَ لَـَٔایَةࣰ لِّقَوۡمࣲ یَتَفَكَّرُونَ
എല്ലാം പറഞ്ഞതിനുശേഷം സൂക്തത്തിന്റെ അവസാനം അല്ലാഹു പറയുന്നത് ‘ഇതിലൊക്കെ ചിന്തിക്കുന്നവർക്ക് ധാരാളം വലിയ ദൃഷ്ടാന്തങ്ങൾ ഉണ്ട്’ എന്നാണ്. ‘ആയത്’ എന്നതിലെ തൻവീനിൽ നിന്നാണ് ധാരാളം / വലിയ എന്നൊക്കെ അർഥം ലഭിച്ചത്. ഇതുവരെ പറഞ്ഞ പഠനങ്ങളെല്ലാം ചിന്തിച്ച് കണ്ടെത്തിയത് തന്നെയാണ്. ഇനിയും ചിന്തിക്കുമ്പോൾ ഇനിയും പാഠങ്ങൾ ലഭിക്കും. ചില ദൃഷ്ടാന്തങ്ങൾക്ക് കേട്ടാൽ മതിയാവും. ഈ അധ്യായത്തിൽ തന്നെ ചില ദൃഷ്ടാന്തങ്ങൾ പറഞ്ഞതിനുശേഷം അങ്ങനെ പറഞ്ഞിട്ടുണ്ട്.
{ وَٱللَّهُ أَنزَلَ مِنَ ٱلسَّمَاۤءِ مَاۤءࣰ فَأَحۡیَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَاۤۚ إِنَّ فِی ذَ ٰلِكَ لَـَٔایَةࣰ لِّقَوۡمࣲ یَسۡمَعُونَ }[Surah An-Naḥl: 65]
ചിലതിന് കണ്ടാൽ മതിയാകും. വേറെ ചിലതിന് ധാരാളം പരിചിന്തനകൾ നടത്തേണ്ടിവരും. തേനീച്ചയെക്കുറിച്ചുള്ള സൂക്തത്തിൽ കാണുക / കേൾക്കുക എന്നതിനപ്പുറം ചിന്തക്കാണ് പ്രാധാന്യം കൂടുതലുള്ളത്. يتفكرون എന്ന വാക്കും കൃത്യമാണെന്നാണ് പറഞ്ഞു വന്നത്. സൂക്തത്തിന്റെ തുടക്കത്തിൽ ‘റബ്ബുക’ എന്നു പറഞ്ഞതും ചിന്തനീയമാണ്. ഇത്രയും വലിയ സംവിധാനങ്ങളോടു കൂടെ തേനീച്ചയെ സൃഷ്ടിച്ച തമ്പുരാൻ തന്നെയാണ് നിന്റെ പരിപാലകൻ എന്നു പറയുന്നതോടെ അടിമത്വത്തിന്റെ വേരുകൾ മനുഷ്യരിൽ ഉറപ്പിക്കുകയാണ് സ്രഷ്ടാവായ അല്ലാഹു. അങ്ങനെ, അല്ലാഹുവിന്റെ സൃഷ്ടിവൈഭവവും തിരുനബിയുടെ പ്രവാചകത്വവും മനുഷ്യജീവിതത്തിന് ആവശ്യമായ പരിശ്രമങ്ങളുടെയും സഹവർത്തിത്വത്തിന്റെയും മഹിതമായ പാഠങ്ങളും തേനീച്ച നമുക്ക് മധുരിതമായ വിവിധ വർണങ്ങളുള്ള മധുവായി സമ്മാനിക്കുന്നു.

