ഭൂമിയെ കുറിച്ച് സംസാരിക്കുമ്പോൾ ഖുർആൻ ഇടയ്ക്കിടെ പറയുന്ന കാര്യമാണ് മൃതഭൂമിയെ സജീവമാക്കിയ കാര്യം. മരിച്ചവരെ പുനരുജ്ജീവിപ്പിക്കുന്നത് എങ്ങനെ എന്ന ബഹുദൈവാരാധകരുടെ ചോദ്യങ്ങളോടു പ്രതികരിക്കവേയാണ് / പരലോക ജീവിതത്തിൽ സമർപ്പിക്കുന്നതിനിടയിലാണ് / സൃഷ്ടികർത്താവിൻ്റെ മഹത്വം പ്രഘോഷിക്കുന്നതിനിടയിലാണ് വരണ്ടുണങ്ങിയ ഭൂമിയെയും പിന്നീട് കുതിർന്ന് കിളിർത്ത ഭൂമിയെയും ഖുർആൻ ഉപമയായി കൊണ്ടുവരുന്നത്. ഈ സൂക്തങ്ങൾ പാരായണം ചെയ്യുമ്പോൾ വർണവൈവിധ്യങ്ങളുടെ സൗകുമാര്യതകൾ മുഴുവനും ആവാഹിച്ച പ്രകൃതി രമണീയമായ ഒരു പ്രവിശ്യയിലൂടെ നമ്മൾ യാത്ര പോവുകയാണെന്ന് തോന്നും.
സൂറ: യാസീനിൽ നിന്ന് തുടങ്ങാം.
" وَءَايَةٌۭ لَّهُمُ ٱلْأَرْضُ ٱلْمَيْتَةُ أَحْيَيْنَـٰهَا وَأَخْرَجْنَا مِنْهَا حَبًّۭا فَمِنْهُ يَأْكُلُونَ ٣٣ وَجَعَلْنَا فِيهَا جَنَّـٰتٍۢ مِّن نَّخِيلٍۢ وَأَعْنَـٰبٍۢ وَفَجَّرْنَا فِيهَا مِنَ ٱلْعُيُونِ ٣٤ لِيَأْكُلُوا۟ مِن ثَمَرِهِۦ وَمَا عَمِلَتْهُ أَيْدِيهِمْ أَفَلَا يَشْكُرُونَ ٣٥ سُبْحَـٰنَ ٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا مِمَّا تُنۢبِتُ ٱلْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ ٣٦ وَءَايَةٌۭ لَّهُمُ ٱلَّيْلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ ٣٧"
"നിർജീവമായ ഭൂമി അവർക്കൊരു ദൃഷ്ടാന്തമാണ്. നാം അതിനെ സജീവമാക്കി; അതിൽ നിന്ന് ധാന്യങ്ങൾ മുളപ്പിച്ചു. അവരതിൽ നിന്നും ആഹരിക്കുന്നു. ഈന്തപ്പനത്തോപ്പുകളും മുന്തിരിത്തോട്ടങ്ങളും നാമതിൽ സംവിധാനിച്ചു; നീരുറവകൾ ഒഴുക്കി. അവർ ആ ഫലങ്ങൾ ഭക്ഷിക്കുവാൻ വേണ്ടിയാണത്. അതൊന്നും അവരുടെ കൈകൾ നിർമിച്ചതല്ല; എന്നിരിക്കെ അവർ നന്ദി കാണിക്കുന്നില്ലേ? ഭൂമി മുളപ്പിക്കുന്നവയിലും അവരുടെ സ്വന്തം വർഗങ്ങളിലും അവർക്കറിയാത്തവയിലുമുള്ള എല്ലാ ഇണകളെയും പടച്ചവൻ എത്ര പരിശുദ്ധൻ!"
വയനാട്ടിലേക്ക് പോകാം
ഈ വചനങ്ങളുടെ ആശയം കുറച്ചെങ്കിലും അനുഭവിക്കാൻ മീനച്ചൂട് തിളച്ചുമറിയുന്ന ഒരു പകലിൽ വയനാട് ചുരത്തിലൂടെ ഒരു യാത്ര ചെയ്യുക. ഒരു ഭാഗത്ത് ഉയർന്നുനിൽക്കുന്ന മൊട്ടക്കുന്നുകൾ. മറുഭാഗത്ത് അഗാധമായ ഗർത്തം. കരിഞ്ഞു നിൽക്കുന്ന വൃക്ഷത്തലപ്പുകളും വരണ്ടുണങ്ങിയ കുന്നിൻപുറങ്ങളും. കാട്ടാറുകളുടെ കളകളാരവമില്ല. പക്ഷികളുടെ കളകൂജനവുമില്ല. നിശബ്ദത, നിർജീവത!
അതേ സ്ഥലത്തു കൂടെ ഒന്നുകൂടി യാത്ര ചെയ്യണം. ഇടവപ്പാതി കഴിഞ്ഞ്, ആകാശം വാതിലുകൾ തുറന്നിട്ട്, മഴ കോരിച്ചൊരിഞ്ഞ് ഭൂമി മതിവരുവോളം കുടിച്ചു കഴിഞ്ഞതിനുശേഷം. വളഞ്ഞു പുളഞ്ഞുള്ള ചുരത്തിലെ ഒമ്പതാം വളവിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ വിസ്മയകരമായ കാഴ്ചകൾ കാണാം. മാസങ്ങൾക്കു മുമ്പ് കണ്ട ആ സ്ഥലം ആകെ മാറിയിട്ടുണ്ടാകും. ശൗര്യവും ഊർജവും വീണ്ടെടുത്ത് വൃക്ഷങ്ങൾ ഉയർന്ന് നിൽക്കുന്നു. വിവിധ വർണങ്ങളിൽ പൂക്കൾ വിടർന്നു പുഞ്ചിരിച്ചു നിൽക്കുന്നു. നീർച്ചാലുകൾ പൊട്ടിച്ചിരിക്കുന്നു. വെള്ളച്ചാട്ടങ്ങൾ ഘോരശബ്ദത്തോടെ തലതല്ലി ഒഴുകുന്നു. പക്ഷികൾ സംഗീതം പൊഴിക്കുന്നു. എങ്ങും ശബ്ദമയം; സജീവം.
സത്യവിശ്വാസിയുടെ മനസ്സിലേക്ക് ഖുർആൻ കടന്നുവരുന്ന പല സന്ദർഭങ്ങളിൽ ഒന്നാണിത്. യാസീൻ അവനെ കീഴ്പ്പെടുത്തും. സൂറ: നബഅ അവന് ഹരം പകരും. സൂറ: അബസ അവനെ ആശ്ചര്യപ്പെടുത്തും. സൂറ: നബഇൽ അല്ലാഹു ചോദിക്കുന്നു:
{ أَلَمۡ نَجۡعَلِ ٱلۡأَرۡضَ مِهَـٰدࣰا (6) وَٱلۡجِبَالَ أَوۡتَادࣰا (7) وَخَلَقۡنَـٰكُمۡ أَزۡوَ ٰجࣰا (8) وَجَعَلۡنَا نَوۡمَكُمۡ سُبَاتࣰا (9) وَجَعَلۡنَا ٱلَّیۡلَ لِبَاسࣰا (10) وَجَعَلۡنَا ٱلنَّهَارَ مَعَاشࣰا (11) وَبَنَیۡنَا فَوۡقَكُمۡ سَبۡعࣰا شِدَادࣰا (12) وَجَعَلۡنَا سِرَاجࣰا وَهَّاجࣰا (13) وَأَنزَلۡنَا مِنَ ٱلۡمُعۡصِرَ ٰتِ مَاۤءࣰ ثَجَّاجࣰا (14) لِّنُخۡرِجَ بِهِۦ حَبࣰّا وَنَبَاتࣰا (15) وَجَنَّـٰتٍ أَلۡفَافًا (16) }[Surah An-Nabaʾ: 6-16]
“നാം ഭൂമിയെ ഒരു തൊട്ടിലാക്കിയില്ലേ? പർവതങ്ങളെ ആണികളാക്കിയില്ലേ? നിങ്ങളെ ഇണകളാക്കിപ്പടച്ചില്ലേ? നിങ്ങൾക്ക് സുഖസുഷുപ്തി നൽകിയില്ലേ? ഇരവിനെ ഉടയാടയാക്കിയില്ലേ? പകലിനെ ജീവനോപാധിയാക്കിയില്ലേ? മുകളിൽ ശക്തമായ ഏഴാകാശങ്ങളെ സൃഷ്ടിച്ചില്ലേ? കത്തിജ്ജ്വലിക്കുന്ന സൂര്യനെ സംവിധാനിച്ചില്ലേ? ആകാശത്തു നിന്ന് കോരിച്ചൊരിയുന്ന മഴ വർഷിപ്പിച്ചില്ലേ, ധാന്യങ്ങളും ചെടികളും മുളപ്പിക്കുവാനായ് ? ഇടതൂർന്ന തോട്ടങ്ങളും"
ഉള്ളിലേക്ക് തുളച്ചു കയറുന്ന ചോദ്യങ്ങൾ! അബസയിലും പ്രകൃതിയുടെ രമണീയത നോക്കി പാഠം ഉൾക്കൊള്ളുവാൻ അല്ലാഹു കൽപ്പിക്കുന്നുണ്ട്.
{ فَلۡیَنظُرِ ٱلۡإِنسَـٰنُ إِلَىٰ طَعَامِهِۦۤ (24) أَنَّا صَبَبۡنَا ٱلۡمَاۤءَ صَبࣰّا (25) ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقࣰّا (26) فَأَنۢبَتۡنَا فِیهَا حَبࣰّا (27) وَعِنَبࣰا وَقَضۡبࣰا (28) وَزَیۡتُونࣰا وَنَخۡلࣰا (29) وَحَدَاۤىِٕقَ غُلۡبࣰا (30) وَفَـٰكِهَةࣰ وَأَبࣰّا (31) مَّتَـٰعࣰا لَّكُمۡ وَلِأَنۡعَـٰمِكُمۡ (32) }[Surah ʿAbasa: 24-32]
''മനുഷ്യൻ അവന്റെ അന്നത്തിലേക്ക് നോക്കട്ടെ, നാം ജലം വർഷിപ്പിച്ചു ഭൂമിയെ പിളർത്തി ധാന്യം മുളപ്പിച്ചു. മുന്തിരിയും പച്ചക്കറിയും ഒലീവും ഈന്തപ്പനയും തിങ്ങിയ തോപ്പുകളും വിവിധയിനം പഴങ്ങളും പുൽച്ചെടികളും. നിങ്ങൾക്കും നിങ്ങളുടെ കാലികൾക്കും ആസ്വദിക്കാനായി" ജന്തുക്കളിലും മനുഷ്യരിൽ തന്നെയും ഈ വർണവൈവിധ്യം അത്ഭുതകരമായി നിൽക്കുന്നു.
മഴയത്തും കുട തുറക്കാത്ത പ്രൊഫസർ
വർണവൈവിധ്യത്തെക്കുറിച്ച് ഖുർആനിന്റെ വിസ്മയകരമായ വിവരണം ശ്രദ്ധിച്ച ജെയിംസ് ജീൻസ് എന്ന കൃസ്ത്യൻ സയൻ്റിസ്റ്റ് ഇസ്ലാമിലേക്ക് ആകൃഷ്ടനായതിനെക്കുറിച്ച് 'ഗോഡ് അറൈസസ്' എന്ന കൃതിയിൽ വഹീദുദ്ദീൻ ഖാൻ വിശദീകരിക്കുന്നുണ്ട്.
1909 ലെ ഇടമുറിയാതെ മഴ പെയ്യുന്ന ഒരു ഞായറാഴ്ചയാണ് സംഭവം. കനത്ത മഴയത്തും കുട തുറക്കാതെ, ഒരു ബൈബിളും കക്ഷത്തിൽ തിരുകി ചർച്ചിലേക്ക് നടന്നുപോകുകയാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ആസ്ട്രോണമി പ്രൊഫസർ കൂടിയായ ജയിംസ് ജീൻസ്. അപ്പോൾ ഇനായതുല്ലാഹ് ഖാൻ മശ്രിഖി എന്ന മുസ്ലിം പണ്ഡിതൻ അദ്ദേഹത്തോട് ചോദിച്ചു: “രണ്ട് കാര്യങ്ങൾ അറിയണം. ഒന്ന്, ഈ കനത്ത മഴയത്തും താങ്കൾ കുട തുറക്കാത്തതെന്ത്? രണ്ട്, താങ്കളെപ്പോലെ ബുദ്ധിയും വിവേകവുമുള്ള ഒരാൾ ചർച്ചിലേക്ക് പോവുകയും ബൈബിൾ വായിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്?” അദ്ദേഹം പ്രതികരിച്ചു: “ഞാൻ ഗാഢമായ ചിന്തയിലായിരുന്നു. മഴ പെയ്യുന്നത് അറിഞ്ഞില്ല!” ഇതും പറഞ്ഞ് അയാൾ കുട തുറന്നു. രണ്ടാമത്തെ ചോദ്യത്തോടായി ഇങ്ങനെ പ്രതികരിച്ചു:
“You know, Inayatullah Khan', he said, 'when I behold God's marvelous feats of creation, my whole being trembles in awe at His majesty. When I go to Church I bow my head and say, "Lord, how great you are," and not only my lips, but every particle of my body joins in uttering these words. I obtain incredible peace and joy from my prayer. Compared to others, I receive a thousand times more fulfillment from my prayer. So tell me, Inayat-ullah Khan, now do you understand why I go to Church?"
“ദൈവത്തിന്റെ സൃഷ്ടിപ്പിലെ മനോഹരമായ മികവ് ഞാൻ കാണുമ്പോൾ എൻ്റെ മുഴുവൻ സ്വത്വവും അവനോടുള്ള ഭക്തിയാൽ വിറക്കുന്നു. ഞാൻ ചർച്ചിൽ പോയി തലകുനിച്ച് ‘ദൈവമേ നീ എത്ര പരിശുദ്ധൻ’ എന്ന് ഉരുവിടുമ്പോൾ എന്റെ ചുണ്ടുകൾ മാത്രമല്ല, എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും ആ ജപത്തിൽ പങ്കെടുക്കുന്നു. അവിശ്വസനീയമായ സമാധാനവും സന്തോഷവും എനിക്ക് പ്രാർഥനയിലൂടെ ലഭിക്കുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ആയിരം ഇരട്ടി സന്തോഷം പ്രാർഥനയിലൂടെ എനിക്ക് ലഭിക്കുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഞാൻ എന്തുകൊണ്ടാണ് ചർച്ചിൽ പോകുന്നതതെന്ന് ഇപ്പോൾ മനസ്സിലായില്ലേ ഇനായതുല്ലാഹ് ഖാൻ?”
പ്രാപഞ്ചിക രഹസ്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് അദ്ദേഹത്തിന് സ്രഷ്ടാവിനോടുള്ള ഭയഭക്തി വർദ്ധിപ്പിച്ചു എന്ന് മനസ്സിലാക്കിയ ഇനായതുല്ലാഹ് ഖാൻ “ഖുർആനിലെ ഒരു വചനം നിങ്ങൾക്ക് കാണിച്ചുതരട്ടെ?” എന്ന് ചോദിച്ചു
"തീർച്ചയായും". അദ്ദേഹം മറുപടി പറഞ്ഞു.
ഖുർആനിലെ അധ്യായമായ ഫാത്വിർ 27, 28 വചനങ്ങൾ കാണിച്ചു കൊടുത്തു. ഖുർആനിലെ വർണവൈവിധ്യത്തെക്കുറിച്ച് മനോഹരമായി ആവിഷ്കരിക്കുന്ന സൂക്തങ്ങളാണത്. അറിവാളന്മാർക്കാണ് അല്ലാഹുവിനെ ഭയമുണ്ടാവുകയെന്നും അതിന്റെ അവസാനം പറയുന്നുണ്ട്. സൂക്തങ്ങൾ ഇങ്ങനെ:
{ أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَاۤءِ مَاۤءࣰ فَأَخۡرَجۡنَا بِهِۦ ثَمَرَ ٰتࣲ مُّخۡتَلِفًا أَلۡوَ ٰنُهَاۚ وَمِنَ ٱلۡجِبَالِ جُدَدُۢ بِیضࣱ وَحُمۡرࣱ مُّخۡتَلِفٌ أَلۡوَ ٰنُهَا وَغَرَابِیبُ سُودࣱ (27) وَمِنَ ٱلنَّاسِ وَٱلدَّوَاۤبِّ وَٱلۡأَنۡعَـٰمِ مُخۡتَلِفٌ أَلۡوَ ٰنُهُۥ كَذَ ٰلِكَۗ إِنَّمَا یَخۡشَى ٱللَّهَ مِنۡ عِبَادِهِ ٱلۡعُلَمَـٰۤؤُا۟ۗ إِنَّ ٱللَّهَ عَزِیزٌ غَفُورٌ (28) }[Surah Fāṭir: 27-28]
“ആകാശത്തു നിന്ന് അല്ലാഹു ജലം ഇറക്കിയതും അതുവഴി വിവിധ വർണങ്ങളിലുള്ള പലതരം ഫലങ്ങൾ നാം ഉൽപാദിപ്പിച്ചതും നിങ്ങൾ കാണുന്നില്ലേ? വെളുപ്പും ചുവപ്പും കടും കറുപ്പുമായി ഭിന്നനിറങ്ങളിലുള്ള പർവതങ്ങളുണ്ട്. മനുഷ്യരുടെയും മൃഗങ്ങളുടെയും കന്നുകാലികളുടെയും നിറങ്ങളും വ്യത്യസ്തമാണ്. അല്ലാഹുവിന്റെ ദാസന്മാരിൽ വിവരമുള്ളവർ മാത്രമേ അവനെ ഭയപ്പെടുന്നുള്ളൂ.”
വർണവൈവിധ്യത്തിൽ ദർശനങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ജ്ഞാനമുള്ളവർക്ക് അതിലൊരുപാട് കുറിമാനങ്ങളുണ്ടെന്നും, അനുഭവിച്ചറിയുന്ന ജ്ഞാനികൾ മാത്രമേ അല്ലാഹുവിനെ ഭയപ്പെടുകയുള്ളൂ എന്നുമുള്ള ഖുർആനിക വെളിപ്പടുത്തൽ ആ ശാസ്ത്രജ്ഞനെ അത്ഭുതപ്പെടുത്തി. വിസ്മയത്തോടെ അദ്ദേഹം ചോദിച്ചു:
“It has taken me fifty years of continual study and observation to realize this fact. Who taught it to Muhammad? Is this really in the Quran? If so, you can record my testimony that the Quran is an inspired Book. Muhammad was illiterate. He could not have learnt this immensely important fact on his own. God must have taught it to him. Incredible! How extraordinary!"
ദൃഷ്ടാന്തങ്ങളാണ് ഖുർആൻ വിവരിക്കുന്നത്. നിർജീവമായിക്കിടന്നിരുന്ന ഭൂമി സസ്യശ്യാമളമായി മാറുന്നു. ഭക്ഷ്യയോഗ്യമായ കായ്കനികൾ. സമ്പന്നമായി നിൽക്കുന്ന തോട്ടങ്ങളുടെ അടിവാരങ്ങളിലൂടെ അരുവികൾ ഒഴുകുന്നു. അജൈവ പദാർഥങ്ങളായ വെള്ളവും മണ്ണും ജൈവികതയുടെ ഭാഗമായി ഗണിക്കപ്പെടുന്ന സസ്യലതാദികളായി പരിണമിക്കുന്നു. അവ ഭൂമിയെ ഹരിതാഭമാക്കുന്നു. ജൈവവ്യവസ്ഥയിലെ എരുമയും പോത്തും (ഇണകൾ) ആ സസ്യങ്ങളെ ഭക്ഷണമാക്കുന്നു. മനുഷ്യരിലെ ഇണകൾ സസ്യങ്ങൾക്കു പുറമെ ജന്തുലോകത്തെ ഇണകളെയും ആഹരിക്കുന്നു. അജൈവ പദാർഥങ്ങളിലും ഇണകൾ രതിചേർന്ന് പുതിയ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നു. ഉൽപാദനക്ഷമമായ ഈ വ്യവസ്ഥകളെ നിലനിർത്തുവാൻ സൂര്യനും ചന്ദ്രനും ഇരവും പകലും മറ്റും അവിരാമം അച്ചടക്കത്തോടെ, കൃത്യനിഷ്ഠയോടെ പണിയെടുക്കുന്നു. ഇതെല്ലാം യാദൃച്ഛികമായിരിക്കുമോ എന്നാണ് ഖുർആൻ ചോദിക്കുന്നത്.
ഇടതൂർന്നുനിൽക്കുന്ന വനങ്ങൾ ശ്രദ്ധിക്കേണ്ടതില്ല; മുളച്ചുപൊന്തുന്ന ഒരു പയർമണി മാത്രം ശ്രദ്ധിച്ചാൽ മതി. അജയ്യനായ അല്ലാഹുവിൻ്റെ കണിശമായ വ്യവസ്ഥകൾക്കു മുമ്പിൽ നാം സ്തബ്ധരായി നിൽക്കേണ്ടിവരും. ധാന്യങ്ങൾക്ക് വിവേകമില്ല; ബുദ്ധിയോ ജ്ഞാനമോ ഇല്ല. കുറേക്കാലം മണ്ണിൽ കിടക്കുമ്പോൾ പുറത്തേക്ക് തലനീട്ടാൻ ആരാണതിനെ പഠിപ്പിച്ചത്? വ്യവസ്ഥാപിതമായ ഒരു തിരഞ്ഞെടുപ്പാണ് ഓരോ ധാന്യവും നടത്തുന്നത്.
കരിമ്പിൻതണ്ട് ആസ്വാദ്യകരമാണ്, മധുരിതവും. കാഞ്ഞിരം കയ്ക്കുന്നു. മുളകിന് എന്തൊരു എരിവ്! പുളിക്ക് പുളിപ്പ്. പച്ചക്കായക്ക് ചവർപ്പാണ്. രുചിയുടെ ചില ചേരുവകളോ മുഴുവൻ ചേരുവകളോ കൂടിച്ചേർന്നതുമുണ്ട്. ഞാവലിന് ചവർപ്പും മധുരവും. മധുരം തന്നെ പലവിധമാണ്. ആപ്പിളും ഓറഞ്ചും പപ്പായയും മുന്തിരിയും ഉറുമാനും വിവിധ മധുരങ്ങൾ പ്രദാനം ചെയ്യുന്നു. എന്തുകൊണ്ടാണ് ഈ രുചിവൈവിധ്യം? ഓരോന്നും വലിച്ചെടുക്കുന്ന ധാതുലവണങ്ങൾ വ്യത്യസ്തമായതുകൊണ്ടാണത്. ഒരു പച്ചക്കറിത്തോട്ടം ശ്രദ്ധിക്കുക; കൈപ്പക്കയും തണ്ണിമത്തനും പച്ചമുളകും തക്കാളിയും വെണ്ടയും കായ്ക്കുന്ന ഒരു മണ്ണിൽ തനിക്കാവശ്യമായത് തിരഞ്ഞെടുത്ത് വലിച്ചുകുടിക്കുകയാണ് ഓരോ വേരുകളും നിർവ്വഹിക്കുന്നത്. അതുകൊണ്ടാണ് തണ്ണിമത്തൻ കൈപ്പുരുചി നൽകാത്തത്.
രുചിവൈവിധ്യം പോലെത്തന്നെയാണ് വർണവൈവിധ്യവും. റോസാപൂവും അരിമുല്ലയും സൂര്യകാന്തിയും മല്ലികയും ഒരു മലർവാടിയിലെ വർണവൈവിധ്യങ്ങൾ. പൂക്കളിൽ മാത്രമല്ല, ഖനികളിലും പാറകളിലും പർവതങ്ങളിലും ഈ നിറവൈവിധ്യങ്ങളുണ്ട്. ഒരു കൂൺ മുളയ്ക്കുന്നത്, പൂവിരിയുന്നത്, ഫലം കായ്ക്കുന്നത്, ഇല പൊഴിയുന്നത് - നമുക്ക്, സാധാരണ മനുഷ്യർക്ക് ഒരു സാധാരണ കാഴ്ച മാത്രമാണ്. ഒരു സാഹിത്യകാരൻ അതിൽ സാമ്രാജ്യങ്ങളുടെ ഉത്ഥാനപതനങ്ങൾ വരെ കണ്ടെത്തും. ശാസ്ത്രജ്ഞന് അസ്തമിക്കാത്ത അത്ഭുതങ്ങളുടെ കലവറകളാണത്.
ഒരു സസ്യം മുളയ്ക്കണമെങ്കിൽ അതിനാവശ്യമായ ധാതുലവണങ്ങൾ കൊണ്ട് മണ്ണ് സമ്പുഷ്ടമായിരിക്കണം. ആ പ്രതലം അത് മുളച്ചുവരുന്നതിനനുസരിച്ച് കീറിക്കൊടുക്കണം. ആവശ്യത്തിന് ജലം കിട്ടാൻ ഉതകും വിധം ഭൗമാന്തർഭാഗത്ത് നീരുറവകൾ വേണം. പുറംലോകത്ത് വായുവും വെളിച്ചവും, ശ്വസനത്തിന് കാർബൺ ഡൈ ഓക്സൈഡ്, പ്രകാശസംശ്ലേഷണത്തിനായി സൂര്യപ്രകാശവും. ഇവയെല്ലാം ഒരുക്കപ്പെട്ടു എന്ന് എല്ലാവരും സമ്മതിക്കുന്നു. ആര് ഒരുക്കി എന്ന് ആരും ചോദിക്കുന്നില്ല. ഇതെല്ലാം സംവിധാനിച്ചത് ആൾദൈവങ്ങളല്ല; വിഗ്രഹങ്ങളോ പ്രതിഷ്ഠകളോ അല്ല. പ്രകൃതി തന്നെയോ? അല്ല!
സൂര്യൻ തന്നെ സൂര്യനെ സൃഷ്ടിക്കുകയായിരുന്നോ? അല്ല, അസംഭവ്യമാണത്. ഉള്ള സൂര്യന് മറ്റൊന്നിനെ സൃഷ്ടിക്കേണ്ടതില്ല; ഇല്ലാത്തതിന് പടക്കാൻ സാധിക്കുകയുമില്ല. കാഴ്ചയും കേൾവിയുമില്ലാത്ത അജൈവ വസ്തുക്കൾ, അല്ലെങ്കിൽ ഉൺമ തന്നെ ഇല്ലാത്തവ ജൈവപ്രപഞ്ചത്തെ സൃഷ്ടിക്കുകയായിരുന്നത്രേ! വിഡ്ഢിത്തം! ഇത്തരം ചിന്തകളാണ് ഈ വർണവൈവിധ്യങ്ങളുടെ ആവിഷ്കാരങ്ങളിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്.
Rainbow Mountains
പർവതങ്ങളിലും വർണവൈവിധ്യമുണ്ടെന്ന ഉദ്ധൃത സൂക്തത്തിലെ പരാമർശം ഏറെ ചിന്തനീയമാണ്. വിവിധ വർണങ്ങളിൽ നമ്മെ കണ്ണഞ്ചിപ്പിക്കുന്ന അതിമനോഹരമായ മഴവിൽ പർവതങ്ങൾ ലോകത്തുണ്ടെന്ന് ഇന്ന് നമുക്കറിയാം. സുപ്രധാനമായ അഞ്ച് മഴവിൽ പർവതങ്ങൾ സ്ഥിതിചെയ്യുന്നത് പെറു, യു.എസ്.എ, ഇന്തോനേഷ്യ, ചൈന, അർജൻ്റീന എന്നിവിടങ്ങളിലാണ്. (https://www.voyagers.travel/news/5-most-colourful-mountains-in-the-world)
തിരുനബി അവിടേക്കൊന്നും യാത്ര ചെയ്തതായി ഒരു ചരിത്രരേഖയുമില്ല. എന്നിട്ടും പഴങ്ങളിലെയും മൃഗങ്ങളിലെയും വർണവൈവിധ്യങ്ങൾ പറയുന്ന കൂട്ടത്തിൽ പർവതങ്ങളെക്കുറിച്ചും തിരുനബി പറഞ്ഞത് എങ്ങനെയാണ്? വിശുദ്ധ ഖുർആൻ കേവലം ഒരു പുസ്തകമല്ല; അതിൻ്റെ സ്രോതസ്സ് പൂർണമായും ദൈവികമാണ് എന്നതിൻ്റെ മികച്ച തെളിവാണിത്. ഈ തെളിവുകളെല്ലാം കാണിച്ച് അല്ലാഹുവിൻ്റെ അസ്തിത്വത്തിനും ഏകത്വത്തിനും മരണശേഷമുള്ള ജീവിതത്തിനും ആകർഷകമായ തെളിവുകൾ അവതരിപ്പിക്കുകയാണ് വിശുദ്ധ ഖുർആൻ.
ഓരോ ഇലയുടെ ഉള്ളിലും കോശങ്ങളുടെ വ്യവസ്ഥാപിതമായ അത്ഭുതപ്രവണതകൾ, ഉന്നംപിഴയ്ക്കാത്ത ദൃഷ്ടാന്തങ്ങൾ. എന്നിട്ടും അഹങ്കാരിയായ മനുഷ്യൻ സ്രഷ്ടാവിനെ കാണുന്നില്ല; അവന് നന്ദി കാണിക്കുന്നില്ല. അവൻ്റെ കൈകളാണ് അവയുണ്ടാക്കിയതെന്ന് അവന് അവകാശപ്പെടാനാവുന്നില്ല; എന്നാൽ വ്യവസ്ഥാപിതമായി അത് ഉണ്ടാക്കിയ നാഥന് നന്ദികാണിക്കാൻ അവൻ മെനക്കെടുന്നുമില്ല.
{وَمَا عَمِلَتۡهُ أَیۡدِیهِمۡۚ أَفَلَا یَشۡكُرُونَ}[Surah Yā-Sīn: 35]
“അതൊന്നും അവരുടെ കൈകൾ ഉണ്ടാക്കിയതല്ല. അവൻ നന്ദികാണിക്കുന്നില്ലേ?"
പ്രാപഞ്ചിക വസ്തുക്കളും അതിലെ ജീവജാലങ്ങളും വ്യവസ്ഥകളും പരസ്പരാശ്രിതങ്ങളും പരസ്പരപൂരകങ്ങളുമാണ്, ദ്വൈതമാണ്, ബഹുത്വമാണ്; ഏകമല്ല. സത്തയിലും ഗുണഗണങ്ങളിലും പ്രവർത്തനങ്ങളിലും ഏകൻ അവൻ മാത്രം; അല്ലാഹു. അവൻ വിശുദ്ധൻ; എല്ലാ വിധേയത്വങ്ങളിൽ നിന്നും ചാപല്യങ്ങളിൽ നിന്നും അപൂർണതകളിൽ നിന്നും.
سُبْحَـٰنَ ٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا مِمَّا تُنۢبِتُ ٱلْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ"
“ഭൂമി മുളപ്പിക്കുന്നവയിലും അവരുടെ തന്നെ വർഗങ്ങളിലും അവർക്കറിയാത്തവയിലും എല്ലാ ഇനങ്ങളെയും സൃഷ്ടിച്ചവൻ വിശുദ്ധൻ." (യാസീൻ 37)
എല്ലാ സൗന്ദര്യങ്ങളും അവസാനം ആശ്രയങ്ങളില്ലാത്ത ഏകസത്യത്തിൽ ചേരുന്നു!

