മനുഷ്യനെ വെന്തുരുകാതെയും തണുത്ത് മരവിക്കാതെയും കാക്കുന്ന സൗരയൂഥത്തിലെ ഏക ഗ്രഹം ഭൂമിയാണ്. ഇവിടെ ജീവിക്കാനുള്ള അടിസ്ഥാന ഘടകങ്ങളുണ്ട്. വായുതേടി പോകേണ്ടതില്ല. ജലം സുലഭം. ഭക്ഷണവും റെഡി. സൂര്യപ്രകാശവും പാകത്തിന്. അന്തരീക്ഷത്തിന്റെ രക്ഷാകവചം മാരകമായ വികിരണങ്ങളിൽ നിന്ന് രക്ഷിക്കുന്നു. ഗുരുത്വാകർഷണമുള്ളതു കൊണ്ട് ഭൂമിയിൽ കാലൂന്നി നിർഭയം നടക്കാനാകുന്നു. മെത്തപോലെ സുഖകരം. തൊട്ടിൽ പോലെ ശാന്തം. നിരന്തരം ചലിക്കുമ്പോഴും അസ്വസ്ഥതയില്ല. ഗോളമായതിനാൽ എത്ര സഞ്ചരിച്ചാലും നിലക്കാത്ത പരപ്പും വിശാലതയും. എല്ലാം ഖുർആൻ മുമ്പെ പറഞ്ഞു വെച്ചു.
{ أَلَمۡ نَجۡعَلِ ٱلۡأَرۡضَ مِهَـٰدࣰا }[Surah An-Nabaʾ: 6]
“ഭൂമിയെ നിങ്ങൾക്ക് തൊട്ടിലാക്കി തന്നില്ലയോ?”
{ ٱلَّذِی جَعَلَ لَكُمُ ٱلۡأَرۡضَ فِرَ ٰشࣰا وَٱلسَّمَاۤءَ بِنَاۤءࣰ وَأَنزَلَ مِنَ ٱلسَّمَاۤءِ مَاۤءࣰ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَ ٰتِ رِزۡقࣰا لَّكُمۡۖ فَلَا تَجۡعَلُوا۟ لِلَّهِ أَندَادࣰا وَأَنتُمۡ تَعۡلَمُونَ }[Surah Al-Baqarah: 22]
“നിങ്ങൾക്കു വേണ്ടി അവൻ ഭൂമിയെ വിരിപ്പാക്കിത്തന്നു. അന്തരീക്ഷത്തെ മേലാപ്പാക്കി തന്നു. ആകാശത്തു നിന്ന് മഴ വർഷിപ്പിച്ചു. അതുകാരണമായി ഭക്ഷ്യയോഗ്യമായ പഴങ്ങൾ ഉൽപാദിപ്പിച്ചു. ഇതൊക്കെ അറിഞ്ഞുകൊണ്ട് നിങ്ങൾ അല്ലാഹുവിന് സമൻമാരെ ഉണ്ടാക്കിയേക്കരുത്.”
{ هُوَ ٱلَّذِی جَعَلَ لَكُمُ ٱلۡأَرۡضَ ذَلُولࣰا فَٱمۡشُوا۟ فِی مَنَاكِبِهَا وَكُلُوا۟ مِن رِّزۡقِهِۦۖ وَإِلَیۡهِ ٱلنُّشُورُ }[Surah Al-Mulk: 15]
“ഭൂമിയെ നിങ്ങൾക്ക് അവൻ വിധേയമാക്കിത്തന്നു. അതിലെ ഊടുപാതകളിലൂടെ നിങ്ങൾ നടക്കുവീൻ.”
{ وَٱلۡأَرۡضَ مَدَدۡنَـٰهَا وَأَلۡقَیۡنَا فِیهَا رَوَ ٰسِیَ }[Surah Al-Ḥijr: 19]
“ഭൂമിയെ നിങ്ങൾക്ക് നാം നീട്ടിയിട്ട് തന്നു. അതിൽ പർവതങ്ങൾ സ്ഥാപിച്ചു.”
{ وَإِلَى ٱلۡأَرۡضِ كَیۡفَ سُطِحَتۡ }[Surah Al-Ghāshiyah: 20]
“ഭൂമിയിലേക്ക് നോക്കുന്നില്ലേ, അതെങ്ങനെയാണ് വിശാലമാക്കപ്പെട്ടത്?”
ഈ സൂക്തങ്ങളിലെല്ലാം ഭൂമിയുടെ പ്രകൃതിയാണ് പ്രതിപാദ്യം എന്ന് വ്യക്തമാണ്. തൊട്ടിൽ പോലെ എന്ന് പറയുമ്പോൾ തൊട്ടിലിന്റെ ആകൃതിയല്ല ഉദ്ദേശ്യം എന്നത് ഏത് ലളിതബുദ്ധിക്കും വ്യക്തമാണല്ലോ. ജീവിക്കാനുതകും വിധം ഭൂമിയെ അല്ലാഹു സംവിധാനിച്ചത് വിവരിക്കുന്നതാണത്. ഇടമറുകാദി യുക്തിവാദികളെല്ലാത്തവർക്കെല്ലാം അത് മനസ്സിലാവുന്നതെയൊള്ളൂ.
ഭൂമി ഗോളാകൃതിയിലാണോ?
ഭൂമി ഗോളാകൃതിയാണ് എന്ന് ഖുർആൻ എവിടെയും പറയുന്നില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അതൊരു അബദ്ധമായിരുന്നേനെ. ഒരു ഗോളത്തിന്റെ ഉപരിതലത്തിന്റെ ഏതു ഭാഗത്തു നിന്നും കേന്ദ്രബിന്ദുവിലേക്കുള്ള ദൂരം തുല്യമായിരിക്കും. ഭൂമി അങ്ങനെയല്ല എന്നത് തെളിഞ്ഞ ഒരു യാഥാർഥ്യമാണ്. മാത്രവുമല്ല, ഭൂമിയുടെ ആകൃതി നിരന്തരം മാറുന്നുമുണ്ട്. എന്നാൽ, വളരെ കൃത്യമല്ലെങ്കിലും ഏകദേശം ഒരു ഗോളാകൃതി തന്നെയാണ് ഭൂമിയുടെതെന്നതും ഇന്ന് വ്യക്തമാണ്. ഏകദേശം ഒട്ടകപ്പക്ഷിയുടെ മുട്ടയോട് സമാനമായ ആകൃതിയാണത്രെ. Geoled Shape എന്നാണത്രെ അതിനെ ഭൂമിശാസ്ത്രജ്ഞർ വ്യവഹരിക്കുന്നത്. ഇതിലേക്ക് നീളുന്ന വല്ല സൂചനകളും ഖുർആനിലുണ്ടോ? ഖുർആൻ ശാസ്ത്രകുതുകികൾ ‘അതെ’ എന്നാണ് മറുപടി പറയുന്നത്.
{ وَٱلۡأَرۡضَ بَعۡدَ ذَ ٰلِكَ دَحَىٰهَاۤ }[Surah An-Nāziʿāt: 30]
എന്ന വചനമാണ് അതിന് ആധാരം. ‘ഭൂമിയെ അതിനുശേഷം അവൻ - അല്ലാഹു - വിശാലമാക്കി’ എന്നാണ് സാധാരണ ഈ സൂക്തത്തിന് അർഥം പറയാറുള്ളതെങ്കിലും വിശാലമാക്കി എന്ന് വിവർത്തനം ചെയ്തിരിക്കുന്നത് 'ദഹാ' എന്ന പദമാണ്. ദഹാ എന്ന വാക്കിന് ഉദ്ഹുവ്വത് പോലെയാക്കി എന്നും അർഥമുണ്ടത്രെ. ഉദ്ഹുവ്വത് എന്നാൽ ഒട്ടകപ്പക്ഷിയുടെ മുട്ട എന്നർഥം. ആധുനിക അറബി നിഘണ്ടുകളിലെല്ലാം ഈ അർഥം കാണാം. ഇമാം റാസിയെ പോലെയുള്ള പഴയകാല ഖുർആൻ വ്യാഖ്യാതാക്കൾ തന്നെ വിവിധ സൂക്തങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമി ഗോളമാണെന്ന് (പരന്നതല്ല എന്ന അർഥത്തിൽ) സമർഥിച്ചിട്ടുണ്ട്.
സൂര്യനുദിക്കുന്നു, അസ്തമിക്കുന്നു എന്നൊക്കെ ഖുർആനിൽ ഉണ്ടല്ലോ. യഥാർഥത്തിൽ സൂര്യൻ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ലല്ലോ. ഒരു പരന്ന ഭൂമിയിൽ കിഴക്കു നിന്ന് ഉദിച്ചു പടിഞ്ഞാറ് അസ്തമിക്കുന്ന പുരാതനകാല സൂര്യൻ തന്നെയാണ് ഖുർആനിലും ഉള്ളത് എന്ന് ചിലർ പരിഹസിക്കാറുണ്ട്.
സൂര്യൻ ഉദിക്കുന്നു, അസ്തമിക്കുന്നു എന്നൊക്കെ പറയുമ്പോഴേക്കും അതൊന്നും അശാസ്ത്രീയമാവുകയില്ല. മനുഷ്യാനുഭവങ്ങളുടെ ആവിഷ്കാരമാണ് ഭാഷ. ഈ ആധുനികയുഗത്തിലും സ്കൂളിലെ പാഠപുസ്തകങ്ങളിൽ പോലും സൂര്യൻ കിഴക്കുദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ അനുഭവങ്ങളുടെ ഒരു ആവിഷ്കാരമാണത്. ഖുർആൻ, ശാസ്ത്രം പറയാൻ വേണ്ടി വന്ന ഗ്രന്ഥമല്ല. മറിച്ച്, ജനങ്ങളുടെ ജീവിതാനുഭവങ്ങളും അവരുടെ നേർക്കാഴ്ചകളും അടയാളങ്ങളായി പരിചയപ്പെടുത്തി, എല്ലാം സംവിധാനിച്ച പ്രപഞ്ചനാഥനായ അല്ലാഹുവിലേക്കുള്ള വിളക്കുമാടമാണത്. ജനങ്ങളുടെ ഭാഷയിലാണ് ഖുർആൻ സംവദിക്കുന്നത്. അതൊരു ശാസ്ത്രപുസ്തകം അല്ല.
എന്നാൽ, സൂര്യാസ്തമയങ്ങളെ കുറിച്ച് ഖുർആൻ പറഞ്ഞ കാര്യങ്ങൾ ഭൂമിയുടെ പരപ്പിനെ അല്ല, ഗോളാകൃതിയെ തന്നെയാണ് ശാക്തീകരിക്കുന്നത്. മൂന്ന് രൂപത്തിൽ ഉദയാസ്തമയ സ്ഥാനങ്ങളെക്കുറിച്ച് (മശ്രിഖ്, മഗ്രിബ്) ഖുർആൻ സംസാരിച്ചിട്ടുണ്ട്.
{ قَالَ رَبُّ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ وَمَا بَیۡنَهُمَاۤۖ إِن كُنتُمۡ تَعۡقِلُونَ [Surah Ash-Shuʿarāʾ: 28]
“ഉദയ സ്ഥാനത്തിന്റെയും അസ്തമയ സ്ഥാനത്തിന്റെയും അവക്കിടയിലുള്ളതിൻ്റെയും നാഥനാണ് അവനെന്ന് അദ്ദേഹം പറഞ്ഞു.”
{ رَبُّ ٱلۡمَشۡرِقَیۡنِ وَرَبُّ ٱلۡمَغۡرِبَیۡنِ }[Surah Ar-Raḥmān: 17]
“രണ്ടു ഉദയസ്ഥാനങ്ങളുടെയും രണ്ട് അസ്തമയസ്ഥാനങ്ങളുടെയും നാഥൻ.”
{ فَلَاۤ أُقۡسِمُ بِرَبِّ ٱلۡمَشَـٰرِقِ وَٱلۡمَغَـٰرِبِ إِنَّا لَقَـٰدِرُونَ }[Surah Al-Maʿārij: 40]
“ധാരാളം ഉദയസ്ഥാനങ്ങളുടെയും ധാരാളം അസ്തമയസ്ഥാനങ്ങളുടെയും നാഥനെ മുൻനിർത്തി ഞാൻ ശപഥം ചെയ്യുന്നു.”
ഉദയാസ്തമയ സ്ഥാനങ്ങളെക്കുറിച്ച് ഈ മൂന്ന് സൂക്തങ്ങളിൽ മൂന്നു രൂപത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത്. ആദ്യത്തെതിൽ ഏകവചനമായും രണ്ടാമത്തെതിൽ ദ്വിവചനമായും മൂന്നാമത്തെതിൽ ബഹുവചനമായും ഉപയോഗിച്ചിരിക്കുന്നു. ഒരേസമയം ഈ മൂന്നും ശരിയാവുന്നത് ഭൂമി പരക്കുമ്പോൾ അല്ല ഉരുളുമ്പോഴാണ്! ഭൂമിയിൽ എവിടെ നിൽക്കുന്നവനെ സംബന്ധിച്ചിടത്തോളവും അവൻ ഒരു പ്രഭാതവും പ്രദോഷവും ഉണ്ടാകും. അവന്റെ കാഴ്ചയിൽ അപ്പോൾ സൂര്യൻ നിലകൊള്ളുന്ന സ്ഥാനങ്ങൾ അവന്റെ മശ്രിഖും മഗ്രിബുമാണ്. അതാണ് ഒന്നാം സൂക്തത്തിൽ പറഞ്ഞത്.
അതേസമയം അവന്റെ അപ്പുറത്തുള്ള അർദ്ധഗോളത്തിൽ പ്രഭാതവും പ്രദോഷവും തിരിച്ചായിരിക്കും. അപ്പോൾ ഒരേസമയം രണ്ട് മശ്രിഖും രണ്ട് മഗ്രിബും അനുഭവപ്പെടും. അതാണ് രണ്ടാം സൂക്തത്തിൽ പറഞ്ഞത്. ഭൂമി ഗോളമായതിനാൽ ഓരോ നിമിഷവും ഭൂമിയിൽ പ്രഭാതവും പ്രദോഷവുമുണ്ട്. അപ്പോൾ ധാരാളം മശ്രിഖുകളും മഗ്രിബുകളും ആയി. അതാണ് മൂന്നാം സൂക്തത്തിൽ പറഞ്ഞത്. ചുരുക്കത്തിൽ, പരന്നതല്ല; ഏറെക്കുറെ ഗോളം തന്നെയാണ് ഭൂമി എന്നാണ് ഖുർആൻ സൂചിപ്പിക്കുന്നത്.
‘ഭൂമിയെ എങ്ങനെ പരത്തി എന്ന് അവർ ചിന്തിക്കുന്നില്ലേ?’ എന്ന വചനം പോലും ഭൂമിയുടെ ഗോളാകൃതിയിലേക്കാണ് സൂചന നൽകുന്നത്. എല്ലായിടത്തും പരന്നുകിടക്കണമെങ്കിൽ ഉരുണ്ടതായിരിക്കണമല്ലോ. അല്ലെങ്കിൽ ഒരിടത്ത് നമ്മുടെ സഞ്ചാരം മുട്ടും!
യാസീൻ അധ്യായത്തിലെ 24-ാം സൂക്തത്തിൽ നിന്നും ഭൂമിയുടെ ഗോളാകൃതി ഗവേഷണം ചെയ്ത ഖുർആൻ ശാസ്ത്രപണ്ഡിതരുണ്ട്. രാത്രി പകലിനെ മുൻകടക്കുകയില്ല. പകൽ രാത്രിയെയും മുൻകടക്കുകയില്ല. കാരണം, രാത്രിയും പകലും ഒരേസമയം തന്നെ ഭൂമിയിലുണ്ട്. കാരണം, ഭൂമി ഉരുണ്ടിട്ടാണ്. അല്ലാമ ശഅറാവിയാണ് ഈ ഗവേഷണം നടത്തിയത്.
"മഴ പെയ്ത്, സസ്യലതാദികൾ മുളച്ച്, ഭൂമി സുന്ദരിയായി ചമഞ്ഞുനിൽക്കുന്നു. ആ വിഭവങ്ങളെല്ലാം തങ്ങളുടെ വരുതിയിലാക്കാമെന്ന് ഭൂവാസികൾ കരുതിയിരിക്കുമ്പോഴാണ് അല്ലാഹുവിൻ്റെ ശിക്ഷയെത്തുന്നത്; രാത്രിയിലോ പകലിലോ ആയിട്ട്" ഈ ആശയമുള്ള ഒരു സൂക്തമുണ്ട് ഖുർആനിൽ (യൂനുസ്:24). രാത്രിയോ പകലോ ശിക്ഷയെത്തുക എന്ന് ശിക്ഷ ഇറക്കുന്ന സ്രഷ്ടാവിന് ഉറപ്പില്ലേ? സംശയമാണോ? അല്ല. പിന്നെന്തിന് രാത്രിയോ പകലോ എന്നു പറഞ്ഞു? രണ്ടുമാവാം എന്നത് കൊണ്ടു തന്നെ. ഒരേസമയം രാത്രിയും പകലും ഉണ്ടാകുമോ? അതെ അതെങ്ങനെ? ഭൂമി ഗോളാമായതിനാൽ.
ഭൂമി കറങ്ങുന്നു
ഭൂമി അനങ്ങാതെ ഒരിടത്ത് ഉറച്ചു നിൽക്കുകയാണെന്നാണ് ബൈബിൾ സിദ്ധാന്തിക്കുന്നത്. ടോളമിയുടെ ഭൂകേന്ദ്ര സിദ്ധാന്തത്തിലും ഇതാണ് പറയുന്നത്. ഗലീലിയോ രവികേന്ദ്ര സിദ്ധാന്തവുമായി മുന്നോട്ടുവന്നതോടെ ടോളമിയുടെ ഭൂകേന്ദ്ര സിദ്ധാന്തം നിലംപൊത്തി. ഭൂമി നിരന്തരം ചലിച്ചു കൊണ്ടിരിക്കുകയാണെന്ന് വാദിച്ച ഗലീലിയോയെ മതവിരുദ്ധനായി ചിത്രീകരിച്ച് ശിക്ഷിക്കാൻ കരുനീക്കം നടത്തുകയാണ് ക്രിസ്തീയ മതമേധാവികൾ ചെയ്തത്. ബ്രൂണോയെ ജീവനോടെ കത്തിച്ചതും മതമേധാവികൾ തന്നെ. എന്നാൽ ഇവ്വിഷയകമായി ഖുർആനിന്റെ കാഴ്ചപ്പാട് എന്താണ്?
ഖുർആൻ ശാസ്ത്രപണ്ഡിതരുടെ വിശദീകരണം ഇങ്ങനെ: ‘ഭൂമിയുടെ കറക്കവുമായി ബന്ധപ്പെട്ട മൂന്ന് സാധ്യതകളാണുള്ളത്. ഒന്നുകിൽ ഭൂമിയും സൂര്യനും കറങ്ങുന്നില്ല. അല്ലെങ്കിൽ, സൂര്യൻ കറങ്ങുന്നു, ഭൂമി കറങ്ങുന്നില്ല. അതുമല്ലെങ്കിൽ, ഭൂമി കറങ്ങുന്നു, സൂര്യനും കറങ്ങുന്നു. ഭൂമിയും സൂര്യനും കറങ്ങുന്നില്ലെങ്കിൽ രാത്രിയും പകലും മാറിമാറി വരില്ല. ഒന്നുകിൽ രാത്രി മാത്രം. അല്ലെങ്കിൽ പകൽ മാത്രം. പകലും രാത്രിയും മാറിമാറി വരുന്നുണ്ട്. അനുഭവം സാക്ഷി, ഖുർആനിക സൂക്തങ്ങളും. അപ്പോൾ രണ്ടാലൊന്ന് കറങ്ങണം. സൂര്യൻ കറങ്ങുകയാണെങ്കിൽ കറക്കത്തിനൊപ്പിച്ച് പ്രകാശവും കറങ്ങും. അപ്പോൾ ഇരുട്ടിൻ്റെ മേൽ വെളിച്ചം പൊതിയുകയും പകൽ രാത്രിയെ തേടുകയുമാണ് സംഭവിക്കുക. പക്ഷേ ഖുർആൻ പറഞ്ഞത് മറിച്ചാണ്.
یُغۡشِی ٱلَّیۡلَ ٱلنَّهَارَ یَطۡلُبُهُۥ حَثِیثࣰا }[Surah Al-Aʿrāf: 54]
“അവൻ രാത്രിയെ പകലിന്മേൽ പൊതിയിക്കുന്നു. രാത്രി പകലിനെ ധൃതിയിൽ തേടിക്കൊണ്ടിരിക്കുന്നു.”
അതെ, രാത്രി പകലിനെ പൊതിയുകയാണ്. രാത്രി പകലിനെ തേടുകയാണ്. സഞ്ചരിക്കുന്നത് പകലല്ല, രാത്രിയാണ്. കാരണം, കറങ്ങുന്നത് സൂര്യനല്ല; ഭൂമിയാണ്. (സൂര്യന് തീരെ ചലനമില്ല എന്നല്ല പറയുന്നത്. സൂര്യന് പല ചലനങ്ങളുമുണ്ട്. രാത്രിയും പകലും ഉണ്ടാകുന്നതിനാവശ്യമായ കറക്കമാണ് ചർച്ചാ വിഷയം)
മറ്റൊരു ഖുർആൻ വചനവുമായി ശഅ്റാവി വരുന്നു.
{ وَتَرَى ٱلۡجِبَالَ تَحۡسَبُهَا جَامِدَةࣰ وَهِیَ تَمُرُّ مَرَّ ٱلسَّحَابِۚ صُنۡعَ ٱللَّهِ ٱلَّذِیۤ أَتۡقَنَ كُلَّ شَیۡءٍۚ إِنَّهُۥ خَبِیرُۢ بِمَا تَفۡعَلُونَ }[Surah An-Naml: 88]
"നീ പർവതങ്ങൾ കാണുന്നു. അവ ഉറച്ച് നിൽക്കുന്നതായി നിനക്ക് തോന്നുന്നു. എന്നാൽ, അവ മേഘങ്ങൾ സഞ്ചരിക്കുന്നതു പോലെ സഞ്ചരിക്കുകയാണ്.”
അന്ത്യനാളിനോടനുബന്ധിച്ച് നടക്കുന്ന അത്ഭുതസംഭവങ്ങളുടെ ഭാഗമായിട്ടാണ് ധാരാളം പൗരാണിക വ്യാഖ്യാതാക്കൾ ഈ സൂക്തത്തെ വിശദീകരിച്ചിട്ടുള്ളത്. എന്നാൽ, ചില ആധുനിക ഖുർആൻ പണ്ഡിതർ ഇതിൽ നിന്ന് ഭൂമിയുടെ കറക്കം കണ്ടുപിടിച്ചു. പർവതങ്ങൾ ഭൂമിയുടെ ആണികളാണെന്ന് ഖുർആൻ തന്നെ പറഞ്ഞിട്ടുള്ളതാണ്. ആണി ചലിക്കുമ്പോൾ വസ്തു ചലിക്കുക സ്വാഭാവികമാണ്. ആണിയുടെ ചലനത്തെ മേഘത്തിൻ്റെ ചലനത്തോടാണ് ഖുർആൻ സമീകരിക്കുന്നത്; കാറ്റിൻ്റെ ചലനത്തോടല്ല. കാറ്റ് സ്വയം ചലിക്കുകയാണ്. എന്നാൽ, കാറ്റിൻ്റെ ചലനം മേഘത്തെ ചലിപ്പിക്കുകയാണ്. പർവതം സ്വയം ചലിക്കുകയല്ല; ഭൂമിയുടെ ചലനം കൊണ്ട് ചലിക്കുകയാണ്.
അന്ത്യനാളിൽ മേഘങ്ങൾ ഉറച്ചു നിൽക്കുന്നതുപോലെ തോന്നുകയല്ല ചെയ്യുക. ആർക്കും ബോധ്യമാവും വിധം കടഞ്ഞെടുത്ത പഞ്ഞിപറക്കും പോലെ അത് പാറിക്കൊണ്ടിരിക്കുകയാണ്. മറ്റു ഖുർആൻ വചനങ്ങളിൽ നിന്ന് അത് വ്യക്തമാണ്. അന്ത്യനാളിനോട് അനുബന്ധിച്ച കാര്യമാണ് ഈ സൂക്തത്തിൽ വിശദീകരിച്ചത് എന്ന വാദത്തിനോട് അല്ലാമ ശഅ്റാവി പ്രതികരിക്കുന്നത് അങ്ങനെയാണ്. ഭൂമിയെ കുറിച്ചുള്ള ശാസ്ത്രീയമായ ചില ഖുർആനിക വിവരണങ്ങളാണ് നാം ശ്രദ്ധിച്ചത്. ഖുർആൻ ഭൂമിയെ കുറിച്ച് വിവരിച്ചത് ഇനിയും കുറെ പറയാനുണ്ട്.

