വിശുദ്ധ ഖുർആനിലെ 96-ാമത് അധ്യായമാണ് അൽഅലഖ്. അലഖ് എന്നാൽ അട്ട എന്നർഥമുണ്ട്. ഹിറാ ഗുഹയിൽ ധ്യാനനിമഗ്നായിരിക്കെ തിരുനബിക്ക് അവതരിക്കപ്പെട്ട പ്രഥമ പഞ്ചസൂക്തങ്ങൾ ഈ അധ്യായത്തിൻ്റെ തുടക്കത്തിലാണ്. രണ്ടാമത്തെ സൂക്തത്തിൽ അലഖ് എന്ന പദം പരാമർശിക്കപ്പെട്ടത് കൊണ്ടാണ് ഈ സൂറതിന് അൽഅലഖ് എന്ന നാമകരണം ലഭിച്ചത്. ഒരർഥത്തിൽ ഖുർആൻ ആദ്യമായി പരാമർശിച്ച ജന്തുവിന്റെ പേരും ആദ്യം അവതരിച്ച സൂക്തങ്ങൾ ഉള്ള സൂറ: യുടെ പേരും അട്ടയാണ് എന്ന് പറയാം!
ആ പ്രഥമസൂക്തങ്ങൾ പരിശോധിക്കാം
ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِی خَلَقَ (1) خَلَقَ ٱلۡإِنسَـٰنَ مِنۡ عَلَقٍ (2) ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ (3) ٱلَّذِی عَلَّمَ بِٱلۡقَلَمِ (4) عَلَّمَ ٱلۡإِنسَـٰنَ مَا لَمۡ یَعۡلَمۡ (5)[Surah Al-ʿAlaq: 1-5]
“വായിക്കുക, സൃഷ്ടികർമം നിർവഹിച്ച നിൻ്റെ രക്ഷിതാവിന്റെ നാമധേയത്തിൽ. മനുഷ്യനെ ‘അലഖി’ൽ നിന്ന് അവൻ പടച്ചു. വായിക്കുക, നിന്റെ നാഥൻ അത്യുദാരൻ തന്നെ. അവൻ പേന കൊണ്ട് പഠിപ്പിച്ചു. മനുഷ്യനെ അറിയാത്തത് അവൻ പഠിപ്പിച്ചു.”
അലഖ് എന്നതിന്റെ അർഥം അട്ട എന്നാണെങ്കിൽ മനുഷ്യനെ അട്ടയിൽ നിന്ന് പടച്ചു എന്നാണോ ഖുർആൻ പറയുന്നതെന്ന് സ്വാഭാവികമായും സംശയമുണ്ടാകും. അങ്ങനെ ചോദിച്ചവരും പരിഹസിച്ചവരും മുമ്പുണ്ടായിരുന്നു. പിന്നീട്, അനാവൃതമായ ശാസ്ത്രീയ അന്വേഷണങ്ങളിൽ പ്രയോഗത്തിന്റെ കൃത്യത ഗവേഷകരെ അത്ഭുതപ്പെടുത്തി.
മനുഷ്യ സൃഷ്ടിപ്പിൻ്റെ അലഖ: എന്ന ഘട്ടത്തെക്കുറിച്ച് ഖുർആൻ ധാരാളം സൂക്തങ്ങളിൽ പറഞ്ഞിട്ടുണ്ട്. സൂറത് ഗാഫിർ 67 ൽ അല്ലാഹു പറയുന്നു:
هُوَ ٱلَّذِی خَلَقَكُم مِّن تُرَابࣲ ثُمَّ مِن نُّطۡفَةࣲ ثُمَّ مِنۡ عَلَقَةࣲ ثُمَّ یُخۡرِجُكُمۡ طِفۡلࣰا [Surah Ghāfir: 67]
“അവനാണ് നിങ്ങളെ മണ്ണിൽ നിന്ന് പടച്ചത്, പിന്നീട് ബീജകണത്തിൽ നിന്നും പിന്നീട് ‘അലഖ:’ യിൽ നിന്നും സൃഷ്ടിച്ചു. പിന്നീട് നിങ്ങളെ കുഞ്ഞായി പുറത്തേക്ക് കൊണ്ടുവരുന്നു.”
സൂറതുൽ മുഅ്മിനീൻ 14 ൽ ഇങ്ങനെ പറയുന്നു:-
{ ثُمَّ خَلَقۡنَا ٱلنُّطۡفَةَ عَلَقَةࣰ فَخَلَقۡنَا ٱلۡعَلَقَةَ مُضۡغَةࣰ فَخَلَقۡنَا ٱلۡمُضۡغَةَ عِظَـٰمࣰا فَكَسَوۡنَا ٱلۡعِظَـٰمَ لَحۡمࣰا ثُمَّ أَنشَأۡنَـٰهُ خَلۡقًا ءَاخَرَۚ فَتَبَارَكَ ٱللَّهُ أَحۡسَنُ ٱلۡخَـٰلِقِینَ }[Surah Al-Muʾminūn: 14]
“പിന്നീട് നാം ബീജകണത്തെ അലഖ:യാക്കി മാറ്റി. പിന്നീട് അതിനെ മുദ്ഗ’യാക്കി. അതിൽ എല്ലുകൾ സൃഷ്ടിച്ചു. എല്ലുകളെ മാംസം കൊണ്ട് നാം പൊതിഞ്ഞു. പിന്നീട് അതിനെ മറ്റൊരു സൃഷ്ടിയാക്കി വളർത്തി. അവൻ രൂപകൽപന നൽകുന്നവരിൽ അതിവിശുദ്ധനത്രെ.”
സൂറതുൽഹജ്ജിന്റെ അഞ്ചാം സൂക്തത്തിലും സൂറതുൽ ഖിയാമയുടെ 38 ആം സൂക്തത്തിലും മനുഷ്യ രൂപീകരണത്തിലെ അലഖ: എന്ന ഘട്ടത്തെ കുറിച്ച് പറയുന്നുണ്ട്.
ബീജ സങ്കലനം കഴിഞ്ഞതിനു ശേഷമുള്ള അവസ്ഥയാണ് ഖുർആൻ ഇവിടെ അലഖ് എന്ന് പരാമർശിക്കുന്നത്. പാരമ്പര്യ തഫ്സീറുകളിൽ ‘രക്തക്കട്ട’ എന്നാണ് ഇതിന് അർഥം കൊടുത്തിട്ടുള്ളത്. എന്നാൽ, അട്ട എന്ന അർഥത്തിന് ഇവിടെ സവിശേഷമായ ചില പ്രാധാന്യമുണ്ടെന്ന് പുതിയ അന്വേഷണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതറിയാൻ നാം അട്ടയെക്കുറിച്ച് പഠിക്കണം.
അട്ട വിശേഷം
അനലിഡ ഫൈലത്തിലുള്പ്പെട്ട ഹിറുഡീനിയ (Hirudinea) വര്ഗത്തിലെ ഒരു അംഗമാണ് അട്ട (leech). പൊതുവേ ശുദ്ധജല ജീവികളാണെങ്കിലും നനവുള്ള മണ്ണിലും കടലിലും കണ്ടുവരുന്നുണ്ട്. ലോകത്താകമാനം അട്ടകളുടെ 600 ഓളം സ്പീഷീസുകൾ ഉണ്ട്. തലഭാഗം കൂർത്തും പിറകോട്ട് പോകുന്തോറും വിസ്താരം കൂടിയുമുള്ള രൂപം. ഇരുവശങ്ങളിലും ഒട്ടിപ്പിടിച്ചു നിൽക്കാനുള്ള സക്കറുകൾ ഉണ്ടെങ്കിലും തൊലി കടിച്ചു മുറിക്കാനുള്ള താടിഭാഗം മുന്നിൽ മാത്രമേ ഉള്ളൂ. 5 സെന്റിമീറ്റർ മുതൽ 30 സെന്റിമീറ്റർ വരെ നീളത്തിലുള്ള പലയിനം അട്ടകളുണ്ട്. ഇവയുടെ ശരീരം കൃത്യമായ 33 ഖണ്ഡങ്ങൾ ചേർന്ന രൂപത്തിലാണ്. ഇതിലെ പല ഖണ്ഡങ്ങളും വീണ്ടും ഉപഖണ്ഡങ്ങൾ ആയാണ് പുറമേ കാണുക. അതിനാൽ നൂറിലധികം വലയങ്ങൾ പുറത്തുകാണും. വലിയാനും ചുരുങ്ങാനും കഴിയുന്ന ഇവയുടെ നിലവാർന്ന ശരീരത്തിന് മുകളിൽ നല്ല ഡിസൈനുകളും ഉണ്ടാകും. ഇവയ്ക്ക് കറുപ്പോ പച്ചയോ തവിട്ടോ നിറമാണ്.
രക്തം ചോർത്തിയുള്ള ചികിത്സകൾക്കായി ഇവയെ വ്യാപകമായി ഉപയോഗിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം നീരട്ടകളെ വളർത്തുക എന്നത് തീർത്തും ആദായകരമായ തൊഴിലായിരുന്നു. തോട്ടട്ട, പോത്തട്ട എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.
നീരട്ടകളുടെ തലയിൽ രക്തം വലിച്ചെടുക്കാൻ യോജിച്ച വിധത്തിൽ വാളിന്റെ ആകൃതിയിലുള്ള പല്ലുകളോടുകൂടിയ വായ്ഭാഗമുണ്ട്. ഇവ മറ്റു ജീവികളെ കടിച്ചതിനു ശേഷം രക്തം കട്ടപിടിക്കുന്നത് തടയാൻ ഹിരുഡിൻ എന്ന് പേരുള്ള ഒരു തരം പദാർഥം അവയിൽ കുത്തിവെക്കുന്നു. രക്തക്കുഴലുകൾ വികസിക്കാനും വേദന അറിയാതിരിക്കാൻ മരവിപ്പ് തോന്നിപ്പിക്കാനും ചില രാസഘടകങ്ങളും കൂടെയുണ്ടാകും. അതിനാൽ, രക്തം തടസ്സങ്ങളുമേതുമില്ലാതെ ഇരയുടെ ശരീരത്തിൽ നിന്ന് ഒഴുകും. അത് തന്റെ ശരീരത്തിൽ നിറച്ചുവെക്കും. സ്വന്തം ശരീരത്തിനെക്കാൾ പത്തിരട്ടി വരെ വലുപ്പത്തിൽ ബലൂൺ പോലെ അതിന്റെ ശരീരം വീർക്കും. കുടിച്ച ചോര മുഴുവൻ ഒറ്റയടിക്ക് ദഹിപ്പിക്കില്ല. അത് തന്റെ ശരീരത്തിനുള്ളിലെ ക്രോപ്പ് എന്ന സഞ്ചിയിൽ പ്രത്യേകരീതിയിൽ സൂക്ഷിക്കും. പിന്നീട് കുറേശ്ശെ ദഹിപ്പിച്ച് ഉപയോഗിക്കുന്നു. ഒരു പ്രാവശ്യം കുടിച്ച ചോര മുഴുവൻ ദഹിപ്പിച്ചു തീർക്കാൻ പത്ത് മുതൽ 14 മാസം വരെ സമയമെടുക്കും. ഒരു കൊല്ലം വരെ പിന്നെ ഒരു തുള്ളി രക്തം പോലും വേണ്ടതില്ല! ഇവയുടെ കുത്ത് വേദനാജനകമല്ലാത്തതിനാൽ ആക്രമണശേഷം രക്തം വാർന്നുപോയതിനു ശേഷമേ ആക്രമണത്തേപ്പറ്റി നമ്മൾ അറിയൂ. എന്നാൽ ഇവ വിഷമില്ലാത്തവയാണ്.
അട്ട ഖുർആനിൽ
മുകളിലെ വിവരണത്തിൽ നിന്നും മനസ്സിലായ കാര്യങ്ങൾ; അട്ട പരാന്ന ജീവിയാണ്, അത് രക്തം ഊറ്റികുടിക്കുന്നു, അത് ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നു, അതിന്റെ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് രക്തമാണ്. ഈ നാല് സവിശേഷതകളും ബീജസങ്കലനം കഴിഞ്ഞശേഷമുള്ള ഭ്രൂണത്തിന് (സിക്താണ്ഡം) ഉണ്ടെന്ന് പുതിയ പഠനങ്ങളിൽ വ്യക്തമാണ്. കാനഡയിലെ ടോറൻ്റോ യൂണിവേഴ്സിറ്റിയിലെ അനാട്ടമി വിഭാഗത്തിലെ പ്രൊഫസർ ആയിരുന്ന Dr Kieth Moore ഈ വിഷയവുമായി പഠനം നടത്തിയ പ്രമുഖരിൽ ഒരാളാണ്. അദ്ദേഹം തന്നെ പറയുന്നത് ശ്രദ്ധിക്കാം:
For the past three years, I have worked with the Embryology Committee of King Abdulaziz University in Jeddah, Saudi Arabia, helping them reinterpret the many statements in the Qur’an, Sunnah, Kabbalah and Talmud referring to human reproduction and prenatal development. At first, I was astonished by the accuracy of the statements that were recorded in the 7th century AD, before the science of embryology was established. (Keith L. Moore and Abdul-Majeed A. Zindani, The Developing Human with Islamic Additions, 3rd ed. (Philadelphia: Saunders with Dar al-Qiblah for Islamic Literature, Jeddah, 1983, 1982). page viii insert c.)
അദ്ദേഹത്തിന്റെ വിശ്രുതമായ ‘The developing human’ എന്ന ഗ്രന്ഥം ഖുർആൻ പരാമർശങ്ങൾ കൂടി ചേർത്ത് 1983 പുറത്തിറങ്ങി. അതിൽ അട്ടയുമായുള്ള സിക്താണ്ഡത്തിന്റെ സാദൃശ്യം സചിത്രം വിശദീകരിച്ചിട്ടുണ്ട്. അമ്മയുടെ ശരീരത്തിൽ നിന്ന് രക്തം ഊറ്റി കുടിച്ചാണ് ഭ്രൂണം വളരുന്നത്. മറ്റുള്ളവരുടെ ശരീരത്തെ ഉപജീവിച്ചു വളരുന്നവയാണ് പരാന്ന ഭോജികൾ. അട്ട മനുഷ്യശരീരത്തിൽ ഒട്ടിപ്പിടിക്കുന്നുവെന്നും അതിന്റെ ശരീരത്തിൽ രക്തമാണ് ധാരാളം ഉണ്ടാവുക എന്നും വ്യക്തമാണല്ലോ.
ഈ നാല് സവിശേഷതകൾക്ക് പുറമേ രൂപത്തിലും ആ ഘട്ടത്തിൽ ഭ്രൂണം ഏറെക്കുറെ അട്ടയെ പോലെയാണെന്നും ചിത്രത്തിൽ നിന്ന് മനസ്സിലാക്കാം. https://www.webpages.uidaho.edu/~msa/tour/ch1-1-a.htm
ചുരുക്കത്തിൽ സ്വഭാവത്തിലും ആകൃതിയിലും പ്രകൃതിയിലും അട്ടയെപ്പോലുള്ള ഭ്രൂണത്തിൽ നിന്നാണ് മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത്. Leech like clot എന്ന് അലഖിനെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാം.
ഒട്ടിച്ചേരുന്നതിൻ്റെ ശാസ്ത്രവും സാഹിത്യവും
അലഖ് എന്ന വാക്കിന്റെ പ്രാഥമികമായ അർഥം ഒട്ടുന്നത് എന്നാണ്. ഒട്ടിപ്പിടിക്കുന്നത് കൊണ്ടായിരിക്കണം അട്ടക്ക് ആ പേര് കിട്ടിയത്. സിക്താണ്ഡത്തെ സംബന്ധിച്ചിടത്തോളം ഈ അർഥവും ഏറെ കൃത്യവും അതിശയകരവും തന്നെയാണ്. ഇക്കാര്യം കീത്ത്മൂർ തന്റെ കൃതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ബീജം അണ്ഡവുമായി സംയോജിച്ച ഉടനെ ബീജസങ്കലനം നടന്ന അണ്ഡം ചെറുകോശങ്ങൾ രൂപീകരിച്ച് തുടർച്ചയായ വിഭജന പ്രക്രിയയിലേക്ക് നീങ്ങുന്നു. പിന്നീട്, വളർന്ന് പന്തിന്റെ ആകൃതി കൈവരിക്കുന്നു. ഗർഭാശയ നാളത്തിലെ ലോമകങ്ങൾ മൂലം മെല്ലെ ചലിച്ചു തുടങ്ങുന്ന ഈ പന്ത് (ഉൽബാണ്ഡം) നാലോ അഞ്ചോ ദിവസം കൊണ്ട് ഗർഭാശയത്തിനകത്തെത്തുന്നു. തുടർന്ന് ഗർഭാശയ സ്രവങ്ങളിൽ സ്വതന്ത്രമായി രണ്ട് ദിവസം കിടക്കുന്നു. പിന്നീട് ഗർഭാശയ ഭിത്തിയിൽ ഒട്ടിപ്പിടിക്കാൻ തുടങ്ങുന്നു. ഗർഭാശയത്തിൽ ഒട്ടിപ്പിടിക്കുന്ന ഈ ഭ്രൂണത്തെ കുറിച്ചാണ് "അലഖ്' എന്ന് പ്രയോഗിച്ചതെന്നാണ് ആധുനിക ഖുർആൻ വ്യാഖ്യാതാക്കളുടെ അഭിമതം.
ഭ്രൂണശാസ്ത്രത്തിൽ ആഴത്തിൽ പഠനം നടത്തിയ മുസ്ലിം ഗവേഷകനാണ് ഡോ. മുഹമ്മദലി അൽബാർ. ‘ഭ്രൂണശാസ്ത്രം ഖുർആനിലും ഹദീസിലും’ എന്ന തൻ്റെ വിശ്രുതമായ കൃതിയിൽ അലഖ: ഘട്ടത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെ:
ഉൽബാണ്ഡം ഗർഭാശയ ഭിത്തിയിൽ ഒട്ടിപ്പിടിക്കുന്ന പ്രക്രിയക്ക് അഞ്ച് ദിവസങ്ങളെടുക്കുന്നു. ഉൽബാണ്ഡത്തിലെ ഒട്ടിപ്പിടിക്കലാണ് ഈ ഘട്ടത്തിലെ പ്രധാന സവിശേഷത. ഗർഭാശയത്തിൽ ഒട്ടിപ്പിടിക്കുന്ന ഉൽബാണ്ഡത്തിൽ വിരലാകൃതിയിലുള്ള അധിരോമങ്ങൾ വളരുകയും വൃക്ഷപ്പടർപ്പു പോലെ വേര് പിടിക്കുകയും ചെയ്യുന്നു. ഇപ്രകാരം, ഗർഭപാത്രത്തിൽ ഭ്രൂണത്തിൻ്റെ മറ്റൊരു വിധത്തിലുള്ള നങ്കൂരമിടലും ഒട്ടിപ്പിടിക്കലും നമുക്ക് കാണാനാവുന്നു. അപ്പോൾ, അലഖ് എന്നതിനെക്കാൾ നല്ലൊരു വിശേഷണപദം അതിനു നൽകാനില്ല. ഭ്രൂണം രൂപപ്പെടുന്നത് ആന്തരിക കോശപിണ്ഡത്തിൽ നിന്നാകയാൽ ഗർഭാശയത്തിനും ഭ്രൂണത്തിനുമിടയിലാണ് ഒട്ടിപ്പിടിക്കലിന്റെ മൂന്നാമത്തെ രീതി രൂപം കൊള്ളുന്നത്. അത് ഭ്രൂണത്തെയും അതിൻ്റെ കവചത്തെയും ഭ്രൂണപടലത്തെയുമെല്ലാം ഉൽബാണ്ഡത്തിന്റെ പുറം ഭിത്തിയുമായി ബന്ധിപ്പിക്കുന്നു. ചുരുക്കത്തിൽ, ബീജസങ്കലനത്തിന് വിധേയമായ അണ്ഡം മാതാവിന്റെ ഗർഭപാത്രവുമായി ഇപ്രകാരം മൂന്ന് വ്യത്യസ്ത രീതികളിലായി ഒട്ടിച്ചേരുന്നതായി കാണാം. ഈ ഘട്ടത്തെ കുറിക്കാൻ തീർച്ചയായും 'അലഖ' എന്നതിനെക്കാൾ കൃത്യമായ പദമില്ല.
ഇത്രയും പറഞ്ഞതിൽ നിന്ന് രക്തക്കട്ട എന്ന് വ്യാഖ്യാനിച്ച പാരമ്പര്യ ഖുർആൻ വ്യാഖ്യാതാക്കൾക്ക് തെറ്റിയെന്ന് പറയാമോ? ഇല്ല! പ്രത്യുത ഈ സന്ദർഭത്തിൽ ഭ്രൂണത്തിൽ ഏറ്റവും കൂടുതൽ ഉണ്ടായിരിക്കുക രക്തമാണ്. ഈ ഘട്ടം കഴിയുന്നതിനു ശേഷം മാത്രമാണ് രക്തം സർകുലേറ്റ് ചെയ്യപ്പെടാൻ തുടങ്ങുന്നത്! അപ്പോൾ, രക്തക്കട്ട എന്ന അർഥം എന്തുകൊണ്ടും ചേരും! ഒട്ടുന്ന പ്രകൃതം ഉണ്ടായത് കൊണ്ടാണ് രക്തക്കട്ടക്ക് അലഖ് എന്ന പറയുന്നതെന്ന് ഇമാം ഖുർത്വുബി വിശദീകരിച്ചിട്ടുണ്ട്.
ഗവേഷണങ്ങൾ പഴയതിനെ നിരാകരിക്കുകയല്ല, ആശയങ്ങളുടെ പുതിയ ചക്രവാളങ്ങൾ തുറക്കുകയാണ്. ഗർഭസ്ഥശിശുവിന് വ്യത്യസ്തഘട്ടങ്ങൾ ഉണ്ടായിരിക്കെ പ്രഥമസൂക്തങ്ങളിൽ അലഖ് എന്ന ഘട്ടം മാത്രം എന്തുകൊണ്ട് പറഞ്ഞു? മറ്റുള്ള സ്ഥലങ്ങളിൽ എല്ലാം ഏകവചനമായി അലഖ: എന്നാണ് പറഞ്ഞിരിക്കുന്നത് ഇവിടെ മാത്രം എന്തുകൊണ്ട് ബഹുവചനം പ്രയോഗിച്ചു? ഇവയുടെ ഉത്തരം അന്വേഷിക്കുമ്പോഴാണ് ഈ പദത്തിന്റെ ശാസ്ത്രീയമായ വിശകലനങ്ങൾക്ക് പുറമെ ഭാഷാപരമായ അതിന്റെ വിശാലത നമുക്കു മുമ്പിൽ വിരിഞ്ഞു വരുന്നത്.
അലഖ എന്ന അറബി പദത്തിന് പ്രണയിച്ചു / ഇഷ്ടപ്പെട്ടു, ഒട്ടിച്ചേർന്നു, ഗർഭം ധരിച്ചു എന്നല്ലാം അറബി ഭാഷയിൽ അർഥമുണ്ട്. അലഖ് എന്നാൽ ചളി, ഇഷ്ടം, ഒട്ടിച്ചേരൽ, രക്തപിണ്ഡം, ഒട്ടിപ്പിടിക്കുന്ന വസ്തു എന്നെല്ലാം അർഥമുണ്ട്.
കാമം - അലഖ് - എന്ന വികാരമാണ് സ്ത്രീ പുരുഷന്മാരെ പരസ്പരം ആകർഷിക്കുന്നത്. അങ്ങനെയാണ് അവർ പരസ്പരം ഒട്ടിച്ചേർന്നു ലൈംഗികവേഴ്ച നടത്തുന്നത്. അങ്ങനെയാണ് അവൾ ഗർഭം ധരിക്കുന്നത്. തുടർന്നാണ് അട്ടയുടെ രൂപത്തിലും സ്വഭാവത്തിലുമുള്ള രക്തക്കട്ടയായി മനുഷ്യൻ രൂപപ്പെടുന്നത്! ഗർഭപാത്രത്തിൽ തന്നെ മൂന്നു രൂപത്തിലുള്ള ഒട്ടലുകൾ നടക്കുന്നു. വിവിധ ഘട്ടങ്ങളിൽ വിവിധങ്ങളായ ഒട്ടിച്ചേരലുകൾ! അങ്ങനെയൊക്കെയാണെങ്കിൽ ഒന്നു മാത്രം പറയുമ്പോൾ പറയാൻ ഏറ്റവും നല്ലത് അലഖ് എന്ന ഘട്ടം തന്നെയല്ലേ? അത് ഒന്നല്ലല്ലോ? ഒരുപാടുണ്ട് - വിവിധ ഇനം ഒട്ടുന്ന വസ്തുക്കൾ! പലതരം ഒട്ടലുകൾ! അപ്പോൾ ബഹുവചനം തന്നെ പറയണം!
മറ്റൊരു രീതിയിൽ പറഞ്ഞാൽ, മനുഷ്യ സൃഷ്ടിപ്പിന് സുപ്രധാനമായും ഒമ്പത് ഘട്ടങ്ങളാണ് ഖുർആൻ അവതരിപ്പിക്കുന്നത്: വെള്ളം (മാഅ്), മണ്ണ് (തുറാബ്), ബീജം (നുത്വഫ), സിക്താണ്ഡം (നുത്വ്ഫതുൽ അംശാജ്) ഒട്ടിപ്പിടിക്കുന്ന ഭ്രൂണം (അലഖ), ചവച്ചരക്കപ്പെട്ട മാംസപിണ്ഡം (മുള്ഗ), അസ്ഥികളുടെ രൂപീകരണം (ഇളാം), പേശികളുടെ പൊതിയൽ (ലഹ്മ്), ജീവനുള്ള ഗർഭസ്ഥശിശു (ഖൽഖുൻ ആഖർ). സൃഷ്ടിപ്പിന്റെ മുഴുവൻ ഘട്ടങ്ങളെയും പ്രതിനിധീകരീക്കാൻ എന്ത് പറയണം? മധ്യസ്ഥാനത്തുള്ളതിനെ തന്നെ! സൃഷ്ടിപ്പ് ഘട്ടത്തിലെ സുപ്രധാന വഴിത്തിരിവും അതാണല്ലോ? ഗർഭധാരണം എന്ന അർഥമുണ്ടെങ്കിൽ ഈ സംശയം തന്നെ അപ്രസക്തമാണു താനും! കാരണം, അത് പ്രസവം വരെയുള്ള എല്ലാ ഘട്ടങ്ങളെയും ഉൾപ്പെടുത്തുന്നുവല്ലോ.
ഒരു വാക്ക് - ഒരേ ഒരു വാക്ക് - നമ്മെ ഏതൊക്കെ ലോകത്തേക്കാണ് കൊണ്ടെത്തിച്ചത്? പാടത്ത് പോയി നീരട്ടയെ പരിശോധിച്ച് തുടങ്ങിയ നാം മനുഷ്യന്റെ അടിസ്ഥാന ഘടകമായ ചളി മുതൽ ബീജസങ്കലനത്തിൻ്റെ വ്യത്യസ്ത പരിണാമങ്ങൾ വരെ ചർച്ച ചെയ്തു. ഖുർആനിലെ അട്ട ചില്ലറക്കാരനല്ലെന്ന് മനസ്സിലായല്ലോ?

