വിശുദ്ധ ഖുർആനിൽ തേനിനെക്കുറിച്ച് പരാമർശിച്ച സൂക്തങ്ങളിൽ അടങ്ങിയിരിക്കുന്ന കൗതുകങ്ങളാണ് നാം വിശദീകരിച്ചു കൊണ്ടിരിക്കുന്നത്.
{ یَخۡرُجُ مِنۢ بُطُونِهَا شَرَابࣱ مُّخۡتَلِفٌ أَلۡوَ ٰنُهُۥ فِیهِ شِفَاۤءࣱ لِّلنَّاسِۚ إِنَّ فِی ذَ ٰلِكَ لَـَٔایَةࣰ لِّقَوۡمࣲ یَتَفَكَّرُونَ }[Surah An-Naḥl: 69]
“നിറവൈവിധ്യമുഉള്ള പാനീയം അവയുടെ അകങ്ങളിൽ നിന്ന് പുറപ്പെടുന്നു. അതിൽ ജനങ്ങൾക്ക് ഔഷധമുണ്ട്.”
ഈ പറഞ്ഞത് തേനിനെ കുറിച്ചാണെന്നും തേനിന് നിറവൈവിധ്യങ്ങൾ ഉണ്ടെന്നും അതിന് ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെന്നുമൊക്കെ നാം വിശദീകരിച്ചു. എന്നാൽ ശ്രദ്ധേയമായ ഒരു കാര്യം, അവയുടെ ഉദരങ്ങളിൽ നിന്ന് നിറവൈവിധ്യമുള്ള തേൻ വരുന്നു എന്ന് പറയുന്നതിനു പകരം ഖുർആൻ 'പാനീയം' എന്ന പദം ഉപയോഗിച്ചത് എന്തിനായിരിക്കും? നമുക്ക് പാനം ചെയ്യാവുന്ന തേൻ അല്ലാത്ത വല്ലതും തേനീച്ചക്കൂട്ടിൽ ഉണ്ടോ? അതെ! അവയ്ക്ക് ഔഷധമൂല്യങ്ങൾ ഉണ്ടോ? അതെ! നിറവൈവിധ്യങ്ങൾ ഉണ്ടോ? അതെ!
'ബുതൂൻ' എന്ന അറബി വാക്കിന് 'ഉദരങ്ങൾ' എന്നാണ് വിവർത്തനം ചെയ്യാറുള്ളത്. 'ബത്ൻ' എന്നതിന്റെ ബഹുവചനമാണത്. ഉദരം എന്നതിന് പുറമെ അകം, ഉള്ള് എന്നൊക്കെ അർഥമുണ്ട്. തേനീച്ചയുടെ വയറിന് തന്നെ 9 നേരിയ അയഞ്ഞ പാളികൾ ഉണ്ടെന്ന് സഗ്ലൂൽ നജ്ജാർ വിശദീകരിക്കുന്നുണ്ട്. വിശാലമായ അർഥത്തിൽ തേനീച്ചയുടെ അകത്തു നിന്ന് പുറപ്പെടുന്ന തേൻ അല്ലാത്ത വിവിധ ദ്രവങ്ങളുണ്ടെന്നും അവയ്ക്കൊക്കെ ഔഷധമൂല്യങ്ങളുണ്ടെന്നും അദ്ദേഹം തന്റെ 'മിൻ ആയാതിൽ ഇഅ്ജാസിൽ ഇൽമിയ്യി ഫിൽ ഖുർആൻ' എന്ന കൃതിയിൽ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. റോയൽ ജെല്ലി, തേനീച്ച മെഴുക്, ബീ വെനം (വിഷം), ബീ ബ്രഡ്, ബീ ഗ്ലൂ (പശ) എന്നിവയാണവ. പുറത്തുവരുമ്പോൾ ഇവയെല്ലാം ദ്രാവകരൂപത്തിലായിരിക്കും; പിന്നീട് ഉറയ്ക്കുന്നതാണ്. അദ്ദേഹം നടത്തിയ പഠനം സംക്ഷിപ്തമായി വിവരിക്കുകയാണിവിടെ.
റോയൽ ജെല്ലി:
തേനീച്ചകളുടെ ആഹാരത്തിനായി തൊഴിലാളി തേനീച്ചകൾ പ്രത്യേകം ഉൽപാദിപ്പിക്കുന്ന ഒരു പ്രത്യേക സ്രവമാണ് റോയൽ ജെല്ലി. ഇതിന് ജെല്ലി പോലെയുള്ള ഘടനയുണ്ട്. നേരിയ മഞ്ഞ നിറത്തിലാണത്. ഉയർന്ന പോഷകമൂല്യമാണതിന്. റാണിയുടെ ലാർവയ്ക്ക് ഈ റോയൽ ജെല്ലി മാത്രമാണ് നൽകുന്നത്. അതിനാൽ, സാധാരണ തേനീച്ചയെക്കാൾ അതിന് 1800 ഇരട്ടി ഭാരമുണ്ടാകും. മറ്റുള്ളവയെക്കാൾ ആയിരം ഇരട്ടി ആയുസുമുണ്ട്. റാണി അതിന്റെ ജീവിതകാലത്ത് ഏകദേശം 20 ലക്ഷത്തിലധികം മുട്ടകൾ ഇടുന്നു.
ഔഷധ മൂല്യം: ലബോറട്ടറി, ക്ലിനിക്കൽ പഠനങ്ങൾ റോയൽ ജെല്ലിക്ക് നിരവധി ഔഷധഗുണങ്ങൾ ഉണ്ടെന്ന് തെളിയിച്ചിട്ടുണ്ട്:
ശക്തമായ ആന്റിസെപ്റ്റിക്: പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളുടെ ഉയർന്ന അളവ് കാരണം, റോയൽ ജെല്ലി ചർമരോഗങ്ങൾ ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും ഉത്തമ പരിഹാരമാണ്.
ആർത്രൈറ്റിസ് ചികിത്സ: സന്ധിവേദനകൾ കുറയ്ക്കാനും തജ്ജന്യമായ പ്രശ്നങ്ങൾ പരിഹരിക്കാനും ഉപകരിക്കുന്നു.
രക്താർബുദങ്ങൾ തടയൽ: ലുക്കീമിയയും മറ്റു രക്തസംബന്ധമായ ക്യാൻസറുകളും പ്രതിരോധിക്കാൻ സഹായിക്കുന്നു.
ആരോഗ്യം വർധിപ്പിക്കൽ: ശാരീരിക-മാനസിക ശേഷി മെച്ചപ്പെടുത്തുകയും പുനരുത്പാദന ഗ്രന്ഥികളുടെ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
മസ്തിഷ്കം, ഹൃദയം, കരൾ എന്നിവയിലേക്കുള്ള ഓക്സിജൻ വിതരണം വർധിപ്പിക്കൽ: ഇവയുടെ കാര്യക്ഷമത വർധിപ്പിക്കുകയും ഓർമശക്തി മെച്ചപ്പെടുത്തുകയും സ്റ്റാമിന വർധിപ്പിക്കുകയും ചെയ്യുന്നു.
നാഡീവ്യാധികളുടെ ചികിത്സ: ഫിറ്റ്സ്, തലച്ചോറിലെ ധമനികളുടെ മരവിപ്പ്, നാഡീജന്യ ആസ്ത്മ, കൈകാലുകൾ വിറയ്ക്കൽ എന്നിവയ്ക്ക് സഹായകമാണ്.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കൽ: അതുവഴി ഹൃദയസംബന്ധമായ രോഗങ്ങൾ തടയാൻ സഹായിക്കുന്നു.
പ്രതിരോധ വ്യവസ്ഥ ശക്തിപ്പെടുത്തൽ: ഇതിന് ക്യാൻസർ അടക്കമുള്ള ഗുരുതര രോഗങ്ങൾ തടയാൻ കഴിയും.
കണ്ണുകളുടെ ആരോഗ്യം: ചെങ്കണ്ണ്, പൊള്ളൽ, കോർണിയയുടെ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഓയിന്റ്മെന്റ് രൂപത്തിൽ ഉപയോഗിക്കാം.
റോയൽ ജെല്ലി സാധാരണയായി ഭക്ഷണത്തിനു മുമ്പായി 50-400 മി.ഗ്രാം അളവിൽ നേരിട്ടോ അല്ലെങ്കിൽ തേനുമായി 100:1 അനുപാതത്തിൽ കലർത്തിയോ (7 ഗ്രാമുള്ള ഒരു ടീസ്പൂൺ) കഴിക്കാം. ഇതിനെ ജെൽ, ടാബ്ലറ്റ്, ക്യാപ്സ്യൂൾ, ലോസെഞ്ച് എന്നിവയിലോ 1-5 മി.ഗ്രാം ഉണങ്ങിയ റോയൽ ജെല്ലിയിലോ തയ്യാറാക്കാം.
തേനീച്ച മെഴുക് (Beeswax):
സങ്കീർണമായ രാസഘടക ഘടനയുള്ള, സ്വാഭാവികമായ വെള്ള നിറമുള്ള, മെഴുക് പോലെയുള്ള തിളങ്ങുന്ന വസ്തുവാണിത്. വേലക്കാരി ഈച്ചകളുടെ വയറിലെ എട്ട് ഗ്രന്ഥികളിൽ നിന്നാണ് ഇത് ഉൽപാദിപ്പിക്കപ്പെടുന്നത്. കാറ്റ് തട്ടിയാൽ ഉണങ്ങിപ്പോകുന്ന ദ്രാവകമാണിത്. ജോലിക്കാർ ഈ മെഴുക് ശേഖരിച്ച് തേനീച്ച അറകളുടെ രൂപഘടന ശക്തിപ്പെടുത്താനും, തേൻ സൂക്ഷിക്കുന്ന അറകൾ നിർമിക്കാനും, ലാർവയുടെയും പ്യൂപ്പയുടെയും അറകൾ നിർമിക്കാനും അവയ്ക്ക് സംരക്ഷണം നൽകാനും ഉപയോഗിക്കുന്നു.
ഔഷധ ഗുണങ്ങൾ:
ഇതിന്റെ ചെറിയ കഷണങ്ങൾ ചവച്ചാൽ മൂക്ക്, ശ്വാസനാളി, ശ്വാസകോശം എന്നിവ വൃത്തിയാക്കാൻ സഹായിക്കും. ഇത് വൈറൽ പനി, അലർജി എന്നിവയാൽ ഉണ്ടാകുന്ന അണുബാധ മൂലമുള്ള പ്രയാസങ്ങൾ കുറയ്ക്കും.
അധിക ഗുണങ്ങൾ:
ഓരോ ഭക്ഷണത്തോടും 2 ടീസ്പൂൺ തേൻ കഴിക്കുന്നത് ഇതിന്റെ ഫലപ്രാപ്തി വർധിപ്പിക്കും.
ഹേ ഫീവർ പ്രതിരോധം: അലർജി സീസൺ ആരംഭിക്കുന്നതിന്റെ ഒരു മാസം മുമ്പ് ഒരു ചെറിയ കഷണം ദിവസവും ചവയ്ക്കുന്നത് പനി തടയാൻ സഹായിക്കും. ഗുരുതര കേസുകളിൽ ഓരോ ഭക്ഷണത്തിനും 1 ടേബിൾസ്പൂൺ തേൻ, കൂടാതെ പതിവായി 1 ടേബിൾസ്പൂൺ തേൻ ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കാം. 2 ടീസ്പൂൺ തേനും 2 ടീസ്പൂൺ ആപ്പിൾ സൈഡർ വിനീഗറും ചൂടുവെള്ളത്തിൽ ചേർത്ത് പ്രഭാതഭക്ഷണത്തിനു മുമ്പും ഉറങ്ങുന്നതിനു മുമ്പും ഉപയോഗിക്കാം.
തേനീച്ചയുടെ പശ (Propolis / Bee glue):
തേനീച്ച നിർമിക്കുന്ന ഒരുതരം റസിനുകൾ (Resins) ചേർന്ന പശരൂപത്തിലുള്ള വസ്തുവാണിത്. സസ്യങ്ങളിൽ നിന്ന് ലഭ്യമായ കറകളും അതുപോലുള്ള ദ്രവങ്ങളും അതിന്റെ ഉമിനീരും മെഴുകും കലർത്തിയാണ് തേനീച്ച ഇത് നിർമിക്കുന്നത്. തേനീച്ചക്കൂടിന്റെ ആവശ്യമില്ലാത്ത ചെറു സുഷിരങ്ങളും മറ്റും സുരക്ഷിതമായി അടയ്ക്കാൻ ഇത് ഉപയോഗിക്കുന്നു. വലിയ ദ്വാരങ്ങൾ തേനീച്ച മെഴുകുപയോഗിച്ചാണ് അടയ്ക്കുന്നത്. ഇതിന്റെ നിറം അതിന്റെ സ്രോതസിന്റെ നിറവൈവിധ്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രോപോളിസിന് ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയ്ക്കെതിരെ ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങൾ ഉള്ളതായി ലബോറട്ടറി പഠനങ്ങൾ വ്യക്തമാക്കുന്നു.
പ്രധാന ഗുണങ്ങൾ:
ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ജലദോഷം, അലർജി എന്നിവയ്ക്കു പരിഹാരം,
സന്ധിവ്യാധികൾ, അസ്ഥിവൃദ്ധി പ്രശ്നങ്ങൾ, ചർമരോഗങ്ങൾ, കണ്ണ് സംബന്ധമായ ചില രോഗങ്ങൾ, മുറിവ്, ദന്തക്ഷയം തടയാൻ സഹായിക്കുന്നു, പ്രതിരോധശേഷി വർധിപ്പിക്കുന്നു.
തേനീച്ച വിഷം:
ഇത് പ്രതിരോധ സംവിധാനത്തിനായുള്ള ഒരു പ്രധാന ഘടകമാണ്. കൈപ്പുള്ളതും എന്നാൽ സുഗന്ധമുള്ളതുമായ, കാറ്റ് തട്ടിയാൽ ഉണങ്ങുന്ന തെളിഞ്ഞ ദ്രാവകമാണിത്. പ്രോട്ടീനുകളും ആസിഡുകളും 155 എൻസൈമുകളും മൂലകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് പല രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു. ലബോറട്ടറി പഠനങ്ങൾ പ്രകാരം ഈ വിഷത്തിൽ അമിനോ ആസിഡുകളും ആന്റി-ഇൻഫ്ലമേറ്ററി (Anti-inflammatory) ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്നും ഇത് വേദന ലഘൂകരിക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
ഔഷധമൂല്യം
- സന്ധിവേദന (Joint Pain) കുറയ്ക്കൽ: സയാറ്റിക്ക, സിറിംഗോമൈലിയ, നടുവേദന മുതലായ രോഗങ്ങളിൽ സഹായിക്കുന്നു.
- മൈഗ്രേൻ: അതികഠിനമായ തലവേദനകൾ ലഘൂകരിക്കാൻ കഴിയും.
- ചർമരോഗങ്ങൾ: ലൂപ്പസ്, സൊറിയാസിസ്, എക്സിമ, നെറുകപ്പുണ്ണ്, ചർമപ്രദാഹങ്ങൾ എന്നിവയ്ക്ക് ഉത്തമമാണ്.
- കണ്ണ് അണുബാധ ചികിത്സ.
- മൂത്രസംബന്ധമായ പ്രശ്നങ്ങൾ, മലേറിയ, തൈറോയിഡ് വിഷാംശം എന്നിവയ്ക്ക് ഫലപ്രദം.
ബീ ബ്രെഡ് (Bee Bread / Ambrosia / Pollen):
തൊഴിലാളി തേനീച്ചകൾ പായ്ക്ക് ചെയ്ത് ശേഖരിക്കുന്ന പൂമ്പൊടിയുടെ ഉരുളകളാണിത്. കൂട്ടിലെ പ്രാഥമിക ഭക്ഷണസ്രോതസ്സായി ഇത് ഉപയോഗിക്കുന്നു. ഇതിൽ ലളിതമായ പഞ്ചസാര, പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് തേനീച്ച ബ്രൂഡ് സെല്ലുകളിൽ സൂക്ഷിക്കുകയും ഉമിനീരിൽ കലർത്തി ഒരു തുള്ളി തേൻ ഉപയോഗിച്ച് അടയ്ക്കുകയും ചെയ്യുന്നു.
പ്രധാന ഗുണങ്ങൾ:
- അലർജിക് റൈനൈറ്റിസ് ചികിത്സ: ജലദോഷപ്പനിയും ആസ്ത്മയും കുറയ്ക്കാൻ സഹായിക്കുന്നു.
- കിരണോത്സർജന രോഗങ്ങൾക്കും (Radiation Exposure) പ്രതിരോധത്തിനും.
- പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ കുറയ്ക്കൽ.
- മെനോപോസിനുള്ള പരിഹാരം: തലവേദന, ഹൃദയമിടിപ്പ്, മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കുന്നു.
- ചർമ സൗന്ദര്യം: സൗന്ദര്യവർദ്ധക ഉൽപന്നങ്ങളിൽ ഉപയോഗിക്കാം.
റോയൽ ജെല്ലി, മെഴുക്, പശ, വിഷം എന്നിവയുടെ സങ്കീർണമായ രാസഘടനയെക്കുറിച്ച് ആധുനികശാസ്ത്രം വിശദമായി പഠിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യരുടെ അത്യാധുനിക ഫാക്ടറികളിൽ പോലും ഉൽപാദിപ്പിക്കാൻ കഴിയാത്ത അമൂല്യ ദ്രാവകങ്ങളാണിത്. 19-ാം നൂറ്റാണ്ടിനു മുമ്പ് ഇതിന്റെ ഔഷധമൂല്യങ്ങളെക്കുറിച്ച് ശാസ്ത്രത്തിന് വലിയ ധാരണകളില്ലായിരുന്നു. ഈ സൂക്തത്തിലെ തേനല്ലാത്ത ഔഷധമൂല്യമുള്ള സ്രവങ്ങളെക്കുറിച്ച് പുരാതന തഫ്സീറുകളിലും (ഖുർആൻ വ്യാഖ്യാനഗ്രന്ഥം) കാണുന്നില്ല; കാരണം ശാസ്ത്രലോകം ഇതെല്ലാം പിന്നീടാണ് മനസ്സിലാക്കുന്നത്. അപ്പോൾ, 14 നൂറ്റാണ്ടുകൾക്ക് മുമ്പ് തിരുനബി ഇതൊക്കെ എങ്ങനെ പറഞ്ഞു? സുഭദ്രമായ ഈ ഖുർആൻ തന്നെയാണ് സത്യം! തീർച്ചയായും അങ്ങ് അല്ലാഹുവിന്റെ ദൂതൻ തന്നെയാണ്. പ്രതാപിയും അറിവാളനുമായ അല്ലാഹുവിങ്കൽ നിന്ന് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമത്രെ ഇത്.
അല്ലാഹു പറഞ്ഞു:
{ سَنُرِیهِمۡ ءَایَـٰتِنَا فِی ٱلۡـَٔافَاقِ وَفِیۤ أَنفُسِهِمۡ حَتَّىٰ یَتَبَیَّنَ لَهُمۡ أَنَّهُ ٱلۡحَقُّۗ }Surah Fuṣṣilat: 53]
“ചക്രവാളങ്ങളിലും അവരുടെ ശരീരങ്ങളിൽ തന്നെയും നാം നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക് കാണിച്ചുകൊടുത്തു കൊണ്ടേയിരിക്കും. ഇത് സത്യമാണെന്ന് അവർക്ക് ബോധ്യപ്പെടുന്നതു വരെ.”

