നഖ്ൽ, നഖീൽ, നഖ്ലത് എന്നീ പേരുകളിലായി ഇരുപത് തവണ ഖുർആനിൽ ഈത്തപ്പന കടന്നുവരുന്നു. അവയിൽ എട്ടു തവണ തനിച്ചും പന്ത്രണ്ട് സ്ഥലങ്ങളിൽ റുമ്മാൻ (മാതളനാരങ്ങ), മുന്തിരി എന്നിവയോടൊപ്പവും പരാമർശിക്കപ്പെടുന്നു. ധാരാളം ഫലവൃക്ഷങ്ങളെക്കുറിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ പറയപ്പെട്ടത് ഈത്തപ്പന തന്നെയാണ്; പിന്നെ മുന്തിരിയും.
ഫീനിക്സ് ഡാക്റ്റിലിഫെറ (Phoenix dactylifera) എന്നാണ് ഈത്തപ്പനയുടെ ശാസ്ത്രീയ നാമം. അരെക്കേസി (Arecaceae) കുടുംബത്തിൽപ്പെട്ട വൃക്ഷമാണ് ഈത്തപ്പന. ഖുർആനിൽ ഈത്തപ്പനയെ പരാമർശിച്ച സൂക്തങ്ങൾ നമുക്ക് പരിശോധിക്കാം.
ഒന്ന്:
أَيَوَدُّ أَحَدُكُمْ أَن تَكُونَ لَهُ جَنَّةٌ مِّن نَّخِيلٍ وَأَعْنَابٍ تَجْرِي مِن تَحْتِهَا الْأَنْهَارُ لَهُ فِيهَا مِن كُلِّ الثَّمَرَاتِ وَأَصَابَهُ الْكِبَرُ وَلَهُ ذُرِّيَّةٌ ضُعَفَاءُ فَأَصَابَهَا إِعْصَارٌ فِيهِ نَارٌ فَاحْتَرَقَتْ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ لَعَلَّكُمْ تَتَفَكَّرُونَ
"ഒരാൾക്ക് ഈത്തപ്പനയുടെയും മുന്തിരിയുടെയും തോട്ടമുണ്ട്. അതിൻ്റെ താഴ്ഭാഗത്തുകൂടി ആറുകൾ ഒഴുകുന്നുണ്ട്. തോട്ടത്തിൽ എല്ലാതരം പഴങ്ങളുമുണ്ട്. അങ്ങനെയിരിക്കെ അയാൾക്ക് വാർധക്യം ബാധിച്ചു; അവൻ്റെ സന്തതികളാണെങ്കിൽ ദുർബലരും. അപ്പോഴതാ തീക്കാറ്റ് ബാധിച്ച് തോട്ടം കത്തിച്ചാമ്പലായി. ഇങ്ങനെയുള്ള ഒരവസ്ഥ നിങ്ങളാരെങ്കിലും ആഗ്രഹിക്കുമോ? ഇപ്രകാരം അല്ലാഹു നിങ്ങൾക്ക് ദൃഷ്ടാന്തങ്ങൾ വിവരിച്ചുതരുന്നു; നിങ്ങൾ ചിന്തിക്കുന്നതിനുവേണ്ടി." (അൽബഖറ: 266)
അല്ലാഹു നൽകിയ സമ്പത്തിൽ നിന്ന് ചെലവഴിക്കാൻ പ്രോത്സാഹിപ്പിക്കുന്ന സൂക്തങ്ങൾക്കിടയിലാണ് ഈ വചനം കടന്നുവരുന്നത്. ക്ഷണഭംഗുരമായ ഐഹികലോകത്തിൻ്റെ അവസ്ഥ ഒരു ഉദാഹരണത്തിലൂടെ വർണിക്കുകയാണ് ഇവിടെ. എല്ലാം ഉടയതമ്പുരാനായ അല്ലാഹുവിന്റെ അധികാരത്തിലാണെന്നും, അവൻ ഉദ്ദേശിക്കുന്ന ഏതു നിമിഷത്തിലും നാം അഹന്ത നടിക്കുന്ന നമ്മുടെ സമ്പാദ്യങ്ങളെല്ലാം നശിച്ചേക്കാം എന്നും ഈ സൂക്തത്തിലൂടെ മുന്നറിയിപ്പ് നൽകുന്നു.
രണ്ട്:
وَهُوَ الَّذِي أَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ نَبَاتَ كُلِّ شَيْءٍ فَأَخْرَجْنَا مِنْهُ خَضِرًا نُّخْرِجُ مِنْهُ حَبًّا مُّتَرَاكِبًا وَمِنَ النَّخْلِ مِن طَلْعِهَا قِنْوَانٌ دَانِيَةٌ وَجَنَّاتٍ مِّنْ أَعْنَابٍ وَالزَّيْتُونَ وَالرُّمَّانَ مُشْتَبِهًا وَغَيْرَ مُتَشَابِهٍ انظُرُوا إِلَىٰ ثَمَرِهِ إِذَا أَثْمَرَ وَيَنْعِهِ إِنَّ فِي ذَٰلِكُمْ لَآيَاتٍ لِّقَوْمٍ يُؤْمِنُونَ
"ആകാശത്തു നിന്ന് മഴ വർഷിപ്പിക്കുന്നത് അവനാണ്. മഴമൂലം ഭൂമിയിൽ എല്ലാവിധ സസ്യജാലങ്ങളും നാം മുളപ്പിക്കുന്നു. അതിൽ നിന്ന് നാം പച്ചപ്പ് സൃഷ്ടിച്ചു; തിങ്ങിനിറഞ്ഞ ധാന്യമണികളെയും നാം പുറത്തുകൊണ്ടുവരുന്നു. ഈത്തപ്പനയുടെ കൂമ്പിൽ നിന്നും ചാഞ്ഞ് അടുത്തുനിൽക്കുന്ന കുലകളും ഉണ്ടാവുന്നു. മുന്തിരിത്തോട്ടങ്ങളും ഒലീവും റുമ്മാനും (മാതളം) - സാദൃശ്യമുള്ളതും ഇല്ലാത്തതുമായ നിലയിൽ. അത് കായ്ക്കുമ്പോൾ അതിൻ്റെ കനിയിലേക്കും പഴുത്ത് പാകമാകുന്നതിലേക്കും നോക്കുക. തീർച്ചയായും വിശ്വസിക്കുന്ന ജനതയ്ക്ക് ഇതിലെല്ലാം ദൃഷ്ടാന്തമുണ്ട്." (അൽഅൻആം: 99)
മനുഷ്യർക്ക് അല്ലാഹു ചെയ്ത അനുഗ്രഹങ്ങൾ എണ്ണിയെണ്ണി പറയുകയും അവയിലെ ദൃഷ്ടാന്തങ്ങൾ മനസ്സിലാക്കി തൻ്റെ വിനീത ദാസരാകുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന സൂക്തങ്ങൾക്കിടയിലാണ് ഈ വചനം കടന്നുവരുന്നത്. ഇതിൽ ഈത്തപ്പഴവും മുന്തിരിയും ഒലീവും റുമ്മാനും അതിൻ്റെ വൈവിധ്യങ്ങളോടെ മനോഹരമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
മൂന്ന്:
وَفِي الْأَرْضِ قِطَعٌ مُّتَجَاوِرَاتٌ وَجَنَّاتٌ مِّنْ أَعْنَابٍ وَزَرْعٌ وَنَخِيلٌ صِنْوَانٌ وَغَيْرُ صِنْوَانٍ يُسْقَىٰ بِمَاءٍ وَاحِدٍ وَنُفَضِّلُ بَعْضَهَا عَلَىٰ بَعْضٍ فِي الْأُكُلِ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ
"ഭൂമിയിൽ അടുത്തടുത്ത് കിടക്കുന്ന കണ്ടങ്ങളുണ്ട്. മുന്തിരിത്തോട്ടങ്ങളും ധാന്യകൃഷികളും ശാഖകളുള്ളതും ശാഖകളില്ലാത്തതുമായ ഈത്തപ്പനകളുമുണ്ട്. ഒരേ വെള്ളം കൊണ്ട് അവ നനയ്ക്കപ്പെടുന്നു. എന്നാൽ ഫലങ്ങളിൽ ചിലതിനെ നാം മറ്റു ചിലതിനെക്കാൾ മെച്ചപ്പെടുത്തി. തീർച്ചയായും ചിന്തിക്കുന്ന ജനതയ്ക്ക് ഇതിൽ പാഠമുണ്ട്." (അർറഅ്ദ്: 4)
ഈ സൂക്തത്തിലും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളും ദൃഷ്ടാന്തങ്ങളും എടുത്തുപറഞ്ഞ് സ്രഷ്ടാവിൻ്റെ അസ്തിത്വം മനുഷ്യനെ ബോധ്യപ്പെടുത്തുകയാണ് അല്ലാഹു.
إِنَّ فِي ذَٰلِكُمْ لَآيَاتٍ لِّقَوْمٍ يُؤْمِنُونَ
എന്നാണ് മുകളിലെ സൂക്തത്തിന്റെ പര്യാവസാനമായി പറഞ്ഞതെങ്കിൽ, إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ എന്നാണ് ഇവിടെ പറഞ്ഞത്. എന്തായിരിക്കും കാരണം? ഈ സൂക്തത്തിന്റെ തൊട്ടുമുമ്പ് ഭൂമിയെ നീട്ടിയിട്ടതിനെക്കുറിച്ചും, പർവതങ്ങളെ ഉറപ്പിച്ചു നിർത്തിയതിനെക്കുറിച്ചും, ഇരവ് പകലുകൾ ഭൂമിയെ പൊതിയുന്നതിനെക്കുറിച്ചും, പഴങ്ങളിലെ ലിംഗവ്യത്യാസത്തെക്കുറിച്ചുമൊക്കെയാണ് പറയുന്നത്. പിന്നീടാണ് കാർഷിക വൈവിധ്യത്തിലേക്ക് വരുന്നത്. ചിന്തോദ്ദീപകമായ കാര്യങ്ങൾ ധാരാളമായി പറഞ്ഞതുകൊണ്ടായിരിക്കണം "ചിന്തിക്കുന്നവർക്ക് ഇതിൽ ദൃഷ്ടാന്തമുണ്ട്" എന്ന് പറഞ്ഞ് വചനം അവസാനിപ്പിച്ചത്.
ഈ സൂക്തത്തിൽ ഈത്തപ്പനയ്ക്ക് മുൻപാണ് മുന്തിരിയെ പരാമർശിച്ചിരിക്കുന്നത്. അധ്യായം അബസയിലും കഹ്ഫിലും അങ്ങനെതന്നെയാണ്. ബാക്കിയുള്ള മുഴുവൻ സ്ഥലങ്ങളിലും ഈത്തപ്പനയെക്കുറിച്ചുള്ള പരാമർശം കഴിഞ്ഞതിനുശേഷമാണ് മുന്തിരിയെ പറയുന്നത്. ഈ വ്യത്യാസത്തിന് വല്ല കാരണവുമുണ്ടോ?
പൊതുവേ മുന്തിരിക്കൃഷിയെക്കാൾ പ്രധാനമാണ് ഈത്തപ്പന എന്നത് വ്യക്തമാണല്ലോ. ഒരു തോട്ടത്തിൽ വലിപ്പംകൊണ്ടും പ്രൗഢികൊണ്ടും ഈത്തപ്പന എപ്പോഴും എഴുന്നുനിൽക്കും. നേരത്തെ വിശദീകരിച്ചതുപോലെ ഈത്തപ്പനയിൽ ഒന്നുംതന്നെ ഒഴിവാക്കാനില്ല. അപ്പോൾ അതിനെത്തന്നെ മുന്തിക്കണം (ആദ്യം പറയണം). എന്നാൽ ഈ മൂന്ന് സൂക്തങ്ങളിലും സാന്ദർഭികമായ ചില വ്യത്യാസങ്ങളുണ്ട്. ഈ സൂക്തത്തിൽ പരസ്പരം തൊട്ടടുത്തു നിൽക്കുന്ന കാർഷികവിളകളെക്കുറിച്ചാണ് പറയുന്നത് (ഖിത്വഉൻ മുതജാവീറാത്ത് - قطع متجاورات). പരസ്പരം ചേർന്നുനിൽക്കുന്ന വിഷയത്തിൽ ഈത്തപ്പനയെക്കാൾ മുഖ്യം മുന്തിരിക്കൃഷി തന്നെയാണല്ലോ. പിന്നീട് മറ്റു കൃഷികളും അതിനുശേഷവുമാണ് ഈത്തപ്പന വരുന്നത്. അതിൽത്തന്നെ മുരട്ടിൽ നിന്ന് ശാഖ പൊട്ടി വരുന്നത് ആദ്യം പറഞ്ഞു; കാരണം അവിടെ ശാഖയില്ലാത്ത ഈത്തപ്പനയെക്കാൾ ചേർന്നുനിൽപ്പ് ഉണ്ടല്ലോ!
നാല്:
{ فَلۡیَنظُرِ ٱلۡإِنسَـٰنُ إِلَىٰ طَعَامِهِۦۤ (24) أَنَّا صَبَبۡنَا ٱلۡمَاۤءَ صَبࣰّا (25) ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقࣰّا (26) فَأَنۢبَتۡنَا فِیهَا حَبࣰّا (27) وَعِنَبࣰا وَقَضۡبࣰا (28) { وَزَیۡتُونࣰا وَنَخۡلࣰا }[Surah ʿAbasa: 24-29]
"മനുഷ്യൻ അവൻ്റെ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നില്ലേ? നാം വെള്ളം കോരിച്ചൊരിഞ്ഞു. ഭൂമിയെ പിളർത്തി. ധാന്യങ്ങളും മുന്തിരിയും പച്ചക്കറികളും (കാലിത്തീറ്റയും) ഒലീവും ഈത്തപ്പനയും ഇടതൂർന്ന തോട്ടങ്ങളും ഉൽപാദിപ്പിച്ചു." (സൂറ: അബസ: 24-30)
ഇവിടെ കൃഷിയെക്കുറിച്ചല്ല, ഭക്ഷണത്തെക്കുറിച്ചാണ് പരാമർശം. അപ്പോൾ ഭക്ഷ്യവസ്തുക്കൾ നൽകുന്ന മരങ്ങളെ പരാമർശിക്കുന്നതിനു മുൻപ്, നേരിട്ട് ഭക്ഷ്യവസ്തുക്കളായി ഉപയോഗിക്കുന്നവയെ പറഞ്ഞു. അതും അവയുടെ പ്രാധാന്യത്തിൻ്റെയും ധാരാളിത്തത്തിൻ്റെയും ക്രമത്തിൽ; ആദ്യം ധാന്യം, പിന്നെ ഫ്രൂട്ട്സ് (മുന്തിരി), പിന്നീട് പച്ചക്കറികൾ!
അഞ്ച്:
وَاضْرِبْ لَهُم مَّثَلًا رَّجُلَيْنِ جَعَلْنَا لِأَحَدِهِمَا جَنَّتَيْنِ مِنْ أَعْنَابٍ.. وَحَفَفْنَاهُمَا بِنَخْلٍ وَجَعَلْنَا بَيْنَهُمَا زَرْعًا
“രണ്ടാളുകളുടെ ഉപമ അങ്ങ് അവർക്ക് പറഞ്ഞുകൊടുക്കുക. അവരിൽ ഒരാൾക്ക് നാം രണ്ട് മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കിക്കൊടുത്തു. അവ രണ്ടിനെയും നാം ഈത്തപ്പനകൾ കൊണ്ട് വലയം ചെയ്തു; രണ്ടിനുമിടയിൽ നാം കൃഷിയും ഉണ്ടാക്കിക്കൊടുത്തു.” (അൽകഹ്ഫ്: 32)
സൂറ: അൽ കഹ്ഫിലാണ് ഈ വചനം വരുന്നത്. രണ്ടുപേരുടെ കഥയാണത്. ഒരാൾക്ക് അല്ലാഹു അനുഗ്രഹം നൽകി. വിശാലമായ രണ്ട് മുന്തിരിത്തോട്ടങ്ങളായിരുന്നു അയാൾക്കുണ്ടായിരുന്നത്; ചുറ്റുഭാഗത്തും മതിൽപോലെ ഉയർന്നുനിൽക്കുന്ന ഈത്തപ്പനകൾ. അവയ്ക്കിടയിൽ, അവയുടെ വളങ്ങൾ ഉപയോഗിച്ചുകൊണ്ടുതന്നെ വളരുന്ന മറ്റു കാർഷികവിളകൾ. വലിയ പന്തൽപോലെയായിരുന്നു ആ കൃഷി. സമൃദ്ധമായ വിളകൾ ലഭിച്ച അയാൾ അല്ലാഹു നൽകിയ അനുഗ്രഹത്തിന് നന്ദി ചെയ്തില്ല; മറിച്ച് ധിക്കാരിയായി മാറി. ഇതൊന്നും നശിച്ചുപോകുമെന്ന് താൻ വിചാരിക്കുന്നില്ലെന്നും ന്യായവിധി നാൾ ഉണ്ടാവുകയില്ലെന്നും അയാൾ തീർത്തുപറഞ്ഞു. ഇനി അങ്ങനെ ഒരുനാൾ ഉണ്ടെങ്കിൽ തന്നെ, ഇവിടെ അനുഗ്രഹങ്ങൾ നൽകിയ സ്രഷ്ടാവ് അവിടെയും ഇതിനെക്കാൾ മെച്ചമായത് നൽകുമെന്ന് തൻ്റെ കൂട്ടുകാരനോട് അയാൾ ഹുങ്ക് പറഞ്ഞു.
ആ ധിക്കാരത്തിന് അല്പായുസ് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് സമർഥിക്കുകയാണ് ഖുർആൻ. അയാളുടെ തോട്ടത്തിൽ അല്ലാഹുവിൻ്റെ ശിക്ഷയെത്തി; കൃഷി ഒറ്റരാത്രി കൊണ്ട് മുച്ചൂടും നശിച്ചു. പന്തൽ അടപടലം താഴെ വീണു. ഈ സംഭവത്തിൽ മുന്തിരിയെ ഈത്തപ്പനയെക്കാൾ മുന്തിച്ചതിൻ്റെ (ആദ്യം പറഞ്ഞതിൻ്റെ) കാരണം വ്യക്തമാണ്. കാരണം, അയാളുടെ മുഖ്യകൃഷി മുന്തിരിയായിരുന്നുവെന്ന് സൂക്തത്തിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഈത്തപ്പന ഒരു ചുറ്റുമതിൽ മാത്രമായിരുന്നു! മറ്റു കൃഷികളെ അവസാനം പറഞ്ഞു; കാരണം അത് ഒരനുബന്ധം മാത്രമായിരുന്നു. മറ്റു രണ്ടിനും നൽകുന്ന വളം ഉപജീവിച്ചു വളരുന്ന വിളകൾ! എത്ര കൃത്യമാണ് ഖുർആനിൻ്റെ ക്രമങ്ങൾ!
അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ എടുത്തുപറയുന്ന സ്ഥലങ്ങളിൽ തന്നെയാണ് യാസീൻ, അന്നഹ്ൽ, അൽമുഅ്മിനൂൻ, അൽഅൻആം, ഖാഫ് എന്നീ അധ്യായങ്ങളിലും ഈത്തപ്പനയും മുന്തിരിയും കടന്നുവരുന്നത്.
ആറ്:
وَجَعَلْنَا فِيهَا جَنَّـٰتٍۢ مِّن نَّخِيلٍۢ وَأَعْنَـٰبٍۢ وَفَجَّرْنَا فِيهَا مِنَ ٱلْعُيُون
"നാം അതിൽ ഈത്തപ്പനകളുടെയും മുന്തിരികളുടെയും തോട്ടങ്ങൾ ഉണ്ടാക്കുകയും അരുവികൾ ഒഴുക്കുകയും ചെയ്തിരിക്കുന്നു." (യാസീൻ-34)
ഏഴ്:
يُنبِتُ لَكُم بِهِ الزَّرْعَ وَالزَّيْتُونَ وَالنَّخِيلَ وَالْأَعْنَابَ وَمِن كُلِّ الثَّمَرَاتِ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ.
“അവൻ നിങ്ങൾക്ക് വിളകളും ഒലിവും ഈത്തപ്പനയും മുന്തിരിയും മറ്റെല്ലാ ഫലങ്ങളും മുളപ്പിച്ചുതരുന്നു. നിശ്ചയമായും അതിൽ ചിന്തിക്കുന്ന ജനതക്ക് ദൃഷ്ടാന്തമുണ്ട്.” (അന്നഹ്ൽ 11)
എട്ട്:
"وَمِن ثَمَرَاتِ النَّخِيلِ وَالْأَعْنَابِ تَتَّخِذُونَ مِنْهُ سَكَرًا وَرِزْقًا حَسَنًا إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَعْقِلُونَ"
“ഈത്തപ്പനയുടെയും മുന്തിരിവള്ളികളുടെയും പഴങ്ങളിൽ നിന്ന് ലഹരി പദാർഥവും നല്ല ഭക്ഷണവും നിങ്ങൾ എടുക്കുന്നുണ്ട്. നിശ്ചയമായും ഇതിൽ ചിന്തിക്കുന്ന ജനതക്ക് ദൃഷ്ടാന്തമുണ്ട്." (അന്നഹ്ൽ 67)
ഒമ്പത്:
فَأَنشَأْنَا لَكُم بِهِۦ جَنَّـٰتٍۢ مِّن نَّخِيلٍۢ وَأَعْنَـٰبٍۢ لَّكُمْ فِيهَا فَوَٰكِهُ كَثِيرَةٌۭ وَمِنْهَا تَأْكُلُونَ
“ആ ജലം കൊണ്ട് നിങ്ങൾക്ക് നാം ഈത്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങൾ ഉൽപാദിപ്പിച്ചുതന്നു. നിങ്ങൾക്ക് അതിൽ ധാരാളം പഴങ്ങളുണ്ട്. അവയിൽ നിന്നു നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു." (അൽമുഅ്മിനൂൻ 19)
പത്ത്:
وَهُوَ الَّذِي أَنشَأَ جَنَّاتٍ مَّعْرُوشَاتٍ وَغَيْرَ مَعْرُوشَاتٍ وَالنَّخْلَ وَالزَّرْعَ مُخْتَلِفًا أُكُلُهُ وَالزَّيْتُونَ وَالرُّمَّانَ مُتَشَابِهًا وَغَيْرَ مُتَشَابِهٍ كُلُوا مِن ثَمَرِهِ إِذَا أَثْمَرَ وَآتُوا حَقَّهُ يَوْمَ حَصَادِهِ وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ
"പന്തലിൽ പടർത്തപ്പെടുന്നവയും പടർത്തപ്പെടാത്തവയുമായ തോട്ടങ്ങളെയും ഫലങ്ങൾ വ്യത്യസ്തങ്ങളായ ഈത്തപ്പനകളെയും ധാന്യവർഗത്തെയും പരസ്പരം സാദ്യശ്യമുള്ളതും അല്ലാത്തതുമായ ഒലിവ്, റുമ്മാൻ എന്നിവയെയും ഉണ്ടാക്കിയത് അവനത്രെ, അവയുടെ ഫലങ്ങൾ നിങ്ങൾ ഭക്ഷിക്കുക. വിളവെടുപ്പ് കാലത്ത് ഫലം പറിച്ചെടുക്കുമ്പോൾ അതിൽ നിന്ന് അവകാശികൾക്ക് അർഹിക്കുന്ന അവകാശം നൽകിയേക്കണം. ധൂർത്ത് അരുത്. ധൂർത്തന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല." (അൽഅൻആം 141)
പതിനൊന്ന്:
وَٱلنَّخْلَ بَاسِقَـٰتٍۢ لَّهَا طَلْعٌۭ نَّضِيدٌۭ
“ഉയർന്നുനിൽക്കുന്ന ഈത്തപ്പനകളെ നാം മുളപ്പിച്ചു. അതിന് അടുക്കടുക്കായ കുലകളുണ്ട്." (ഖാഫ് 10)
ഈ സൂക്തങ്ങളിലൊക്കെയും മനുഷ്യർക്ക് ചെയ്ത അനുഗ്രഹങ്ങൾ ഓരോന്നായി എണ്ണിപ്പറഞ്ഞ്, അവരുടെ സ്രഷ്ടാവിലേക്ക് കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായി അവയെ അവതരിപ്പിക്കുകയാണ്.
എന്നാൽ സൂറ: ഇസ്രാഇൽ കാര്യം സ്വൽപം വ്യത്യസ്തമാണ്. തിരുനബി പല ദൃഷ്ടാന്തങ്ങളുമായി മക്കയിലെ ബഹുദൈവാരാധകരെ സമീപിച്ചപ്പോൾ അവർ അവിടുത്തെ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. കുരുട്ടുചോദ്യങ്ങളും വരട്ടുവാദങ്ങളുമായി സത്യത്തിൽ നിന്ന് പിന്തിരിയാനായിരുന്നു അവരുടെ ശ്രമം. വിശ്വസിക്കണമെങ്കിൽ തിരുനബിക്ക് അവർ ആവശ്യപ്പെടുന്ന കണ്ണഞ്ചിപ്പിക്കുന്ന സൗകര്യങ്ങൾ വേണമത്രേ! സ്വർണത്തിൻ്റെ വീട്, സ്വർഗത്തിലേക്കുള്ള കോണി, ഒഴുകുന്ന അരുവി, പിന്നെ മുന്തിരിയുടെയും ഈത്തപ്പനയുടെയും തോട്ടങ്ങൾ!
പന്ത്രണ്ട്:
..وَقَالُوا۟ لَن نُّؤْمِنَ لَكَ حَتَّىٰ تَفْجُرَ لَنَا مِنَ ٱلْأَرْضِ يَنۢبُوعًا ٩٠،أَوْ تَكُونَ لَكَ جَنَّةٌۭ مِّن نَّخِيلٍۢ وَعِنَبٍۢ فَتُفَجِّرَ ٱلْأَنْهَـٰرَ خِلَـٰلَهَا تَفْجِيرًا
“അവർ പറഞ്ഞു: ഞങ്ങൾക്കുവേണ്ടി നീ ഭൂമിയിൽ നിന്ന് ഒരു അരുവി പൊട്ടി ഒഴുകിത്തരുന്നതുവരെ ഞങ്ങൾ നിന്നിൽ വിശ്വസിക്കുകയില്ല. അല്ലെങ്കിൽ നിനക്ക് ഈത്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടം ഉണ്ടാവുകയും അതിന്നിടയിലൂടെ ധാരാളം അരുവികൾ ഉറവെടുത്ത് ഒഴുകുകയും വേണം.” (ഇസ്റാഅ 90, 91)
മറ്റൊരു സൂക്തം സൂറ: മർയമിലാണ്. ഗർഭിണിയായ മർയം അനുഭവിച്ച അന്തഃസംഘർഷങ്ങളെ ആവിഷ്കരിക്കുന്ന ഭാഗത്ത് ഇങ്ങനെ പറയുന്നു:
പതിമൂന്ന്:
فَأَجَآءَهَا ٱلْمَخَاضُ إِلَىٰ جِذْعِ ٱلنَّخْلَةِ قَالَتْ يَـٰلَيْتَنِى مِتُّ قَبْلَ هَـٰذَا وَكُنتُ نَسْيًۭا مَّنسِيًّۭا
“അനന്തരം പ്രസവവേദന അവരെ (മർയമിനെ) ഒരു ഈത്തപ്പനത്തടിയുടെ അടുത്തേക്ക് നയിച്ചു. അവർ പറഞ്ഞു: ഇതിനുമുമ്പേ ഞാൻ മരിക്കുകയും പാടെ വിസ്മരിക്കപ്പെടുകയും ചെയ്തിരുന്നെങ്കിൽ!” (മർയം: 23)
കന്യകയാണ് മർയം. ഒരു പുരുഷനെയും അവർ സ്പർശിച്ചിട്ടില്ല; പക്ഷേ, ദൈവവിധിപ്രകാരം ഗർഭം ധരിച്ചു. ജനങ്ങളോട് എന്തുപറയും എന്നറിയാതെ അവർ എവിടേക്കെന്നില്ലാതെ സഞ്ചരിച്ചു. പ്രസവവേദന അടുത്തപ്പോൾ ഒരു ഈത്തപ്പനത്തടിയിലേക്ക് ചാരിനിൽക്കാൻ അത് അവരെ നിർബന്ധിച്ചു. ഇതിനൊന്നും അവസരമുണ്ടാകാതെ നേരത്തെ മരിച്ചുപോയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ആ മഹതി കൊതിച്ചു.
ഈ സൂക്തത്തിൽ 'നഖ്ല്' (ഈത്തപ്പന) എന്ന് മാത്രം പറഞ്ഞു നിർത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ‘ജിദ്ഉൻ നഖ്ല്’ (جذع النخل) എന്ന് പ്രത്യേകം പറയുന്നുണ്ട്. പഴങ്ങൾ കായ്ച്ചുനിൽക്കുന്ന ഒരു സാധാരണ ഈത്തപ്പന ആയിരുന്നില്ല അത്. തലപോയ, ഉണങ്ങിയ ഒരു മരത്തടി എന്ന് വേണമെങ്കിൽ പറയാം. പക്ഷേ, പ്രസവിച്ച ഉടനെ അത് പിടിച്ചുകുലുക്കാനായിരുന്നു അല്ലാഹുവിൻ്റെ നിർദേശം. ഗർഭിണികൾക്ക് വ്യായാമം നല്ലതാണല്ലോ; അതുപോലെതന്നെ ഈത്തപ്പഴവും. ഈത്തപ്പനയുടെ പരാമർശം വരുന്ന തൊട്ടടുത്ത സൂക്തം അതാണ്.
പതിനാല്:
{ وَهُزِّیۤ إِلَیۡكِ بِجِذۡعِ ٱلنَّخۡلَةِ تُسَـٰقِطۡ عَلَیۡكِ رُطَبࣰا جَنِیࣰّا }[Surah Maryam: 25]
“ആ ഈത്തപ്പനത്തടി പിടിച്ച് കുലുക്കൂ. പഴുത്തുപാകമായ ഈത്തപ്പഴം അത് നിനക്ക് നൽകും.”
മഹതി ആ മരം കുലുക്കി; പഴുത്തു പാകമായ ഈത്തപ്പഴങ്ങൾ അവർക്ക് ലഭിച്ചു. തൊട്ടടുത്ത അരുവിയിൽ നിന്ന് വെള്ളവും. ഉണങ്ങിയ ഈത്തപ്പനയിൽ നിന്ന് പഴുത്തുപാകമായ പഴങ്ങൾ നൽകുന്ന പടച്ചവന്, ഒരു കന്യകയെ പ്രസവിപ്പിക്കാൻ എന്ത് പ്രയാസമാണുള്ളത് എന്ന് മഹതിയെ ബോധ്യപ്പെടുത്തുകയായിരുന്നു ഈ സംഭവത്തിലൂടെ അല്ലാഹു.
മൂസാ നബിയും ഫറോവയും തമ്മിലുള്ള വലിയ വാദപ്രതിവാദം ചർച്ച ചെയ്യുമ്പോഴാണ് സൂറ: ത്വാഹയിൽ ഈത്തപ്പന കടന്നുവരുന്നത്. മൂസാ നബിയുടെ വടി കേവലം ജാലവിദ്യ മാത്രമാണെന്നും, അതിനെക്കാൾ വലിയ ജാലവിദ്യക്കാർ തൻ്റെ പക്കലുണ്ടെന്നും വീമ്പുപറഞ്ഞ് ഫറോവ മൂസാ നബിയെ സംവാദത്തിന് ക്ഷണിച്ചു. തൻ്റെ കൊട്ടാരത്തിലെ പ്രഗത്ഭരായ ജാലവിദ്യക്കാരെ അവൻ അണിനിരത്തി. വടികളും കയറുകളും നിലത്തിടാൻ മൂസാ നബി അവരോട് ആവശ്യപ്പെട്ടു. അവ നിലത്തിട്ടപ്പോൾ പാമ്പുകളെപ്പോലെ തോന്നിപ്പിച്ചു. അവസാനം മൂസാ നബിയും തൻ്റെ വടി താഴെയിട്ടു; അതൊരു വലിയ സർപ്പമായി മാറുകയും ജാലവിദ്യക്കാരുടെ വ്യാജ പാമ്പുകളെ വിഴുങ്ങാൻ തുടങ്ങുകയും ചെയ്തു. അതോടെ ഇത് ജാലവിദ്യയല്ലെന്നും അല്ലാഹുവിങ്കൽ നിന്നുള്ള യഥാർത്ഥ ദൃഷ്ടാന്തമാണെന്നും അവർക്ക് ബോധ്യപ്പെട്ടു. ഉടൻതന്നെ അവർ അല്ലാഹുവിൽ വിശ്വാസം പ്രഖ്യാപിച്ചു. ഇതിനോട് പ്രതികരിച്ചുകൊണ്ട് ഫറോവ പറയുന്ന വാചകങ്ങളാണ് ഈ സൂക്തത്തിലെ പ്രമേയം.
പതിനഞ്ച്:
قَالَ ءَامَنتُمْ لَهُۥ قَبْلَ أَنْ ءَاذَنَ لَكُمْ إِنَّهُۥ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحْرَ فَلَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَـٰفٍۢ وَلَأُصَلِّبَنَّكُمْ فِى جُذُوعِ ٱلنَّخْلِ وَلَتَعْلَمُنَّ أَيُّنَآ أَشَدُّ عَذَابًۭا وَأَبْقَىٰ
“ഫിർഔൻ പറഞ്ഞു: ഞാൻ അനുവാദം തരുന്നതിനു മുൻപ് നിങ്ങൾ മൂസയിൽ വിശ്വസിച്ചുവോ? അവനാണ് നിങ്ങളെ മായാജാലം പഠിപ്പിച്ച നിങ്ങളുടെ കൂട്ടത്തിലെ വലിയവൻ. അതിനാൽ നിങ്ങളുടെ കൈകാലുകൾ എതിർവശങ്ങളിൽ നിന്ന് ഞാൻ ഛേദിച്ചുകളയും; എന്നിട്ട് ഈത്തപ്പനത്തടികളിൽ നിങ്ങളെ ഞാൻ ക്രൂശിക്കും. നമ്മിൽ ആരാണ് ഏറ്റവും കഠിനമായും ദീർഘമായും ശിക്ഷിക്കുന്നതെന്ന് നിങ്ങൾ നിസംശയം അറിയാൻ പോകുന്നു.” (ത്വാഹാ: 71)
ഈ സൂക്തത്തിൽ ‘ഈത്തപ്പനത്തടികളിൽ’ എന്നതിന് ‘ഫീ ജുദൂഇൻ നഖ്ല്’ (فِي جُذُوعِ النَّخْلِ) എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ‘മേൽ’ എന്നർഥമുള്ള ‘അലാ’ (على) എന്നതിന് പകരം ‘ഉള്ളിൽ’ എന്നർഥം വരുന്ന ‘ഫീ’ (في) ഉപയോഗിച്ചത്, ക്രൂശിക്കപ്പെടുമ്പോൾ ആ ശരീരങ്ങൾ മരത്തടിയോട് അത്രമേൽ ചേർക്കപ്പെടുമെന്നതിനാലാണെന്ന് വ്യാഖ്യാതാക്കൾ നിരീക്ഷിക്കുന്നു.
സ്വാലിഹ് നബി തൻ്റെ ജനതയെ ഉപദേശിക്കുന്ന രംഗമാണ് സൂറ: ശുഅറാഇൽ പറയുന്നത്. തൻ്റെ ജനതയ്ക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളെക്കുറിച്ച് അവരെ ഉൽബോധിപ്പിക്കുകയാണ് അദ്ദേഹം. ഇപ്പോൾ നിങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ സുഖസൗകര്യങ്ങൾ എന്നും ഉണ്ടാകുമെന്ന് വിചാരിക്കുന്നുണ്ടോ? അതെല്ലാം കേവലം വ്യാജമായ വിചാരങ്ങൾ മാത്രമാണ്. ഇതൊക്കെ ജഗന്നിയന്താവായ ദൈവം നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങളാണ്; അതിന് നന്ദി കാണിക്കുകയാണ് നിങ്ങൾ വേണ്ടത് എന്ന് അദ്ദേഹം ഉണർത്തുകയായിരുന്നു. സൂക്തം ഇങ്ങനെ:
പതിനാറ്:
{ أَتُتۡرَكُونَ فِی مَا هَـٰهُنَاۤ ءَامِنِینَ (146) فِی جَنَّـٰتࣲ وَعُیُونࣲ (147) وَزُرُوعࣲ وَنَخۡلࣲ طَلۡعُهَا هَضِیمࣱ (148) }[Surah Ash-Shuʿarāʾ: 146]
“ഈ ആറുകളിലും തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ഭാരിച്ച കുല തൂങ്ങിനിൽക്കുന്ന ഈത്തപ്പനത്തോട്ടങ്ങളിലുമായി നിങ്ങൾ എന്നും ഇവിടെ സുരക്ഷിതമായി കഴിയുമോ?”(അശ്ശുഅറാഅ് 148)
സൂറ: ഹാഖയിലും ഖമറിലും ആദ് സമൂഹം അല്ലാഹുവിന്റെ ശിക്ഷ ഏറ്റുവാങ്ങി നശിച്ച രംഗം വിശദീകരിക്കുകയാണ്. ഏഴ് രാത്രിയും എട്ടു പകലും നീണ്ടുനിന്ന അതിശക്തമായ കൊടുങ്കാറ്റിൽ ഉള്ള് പൊള്ളയായ ഈത്തപ്പനമരങ്ങളെ പോലെ അവർ കടപുഴകി വീണു. ആ സൂക്തങ്ങളിതാ:
പതിനേഴ്:
سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍۢ وَثَمَـٰنِيَةَ أَيَّامٍ حُسُومًۭا فَتَرَى ٱلْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍۢ.
ഏഴുരാവും എട്ടുപകലും തുടർച്ചയായി അവരുടെമേൽ അവൻ അതിനെ നിയോഗിച്ചു. അപ്പോൾ, ആ ജനത കടപുഴകിവീണ പൊള്ളയായ ഈത്തപ്പനകളെപ്പോലെ നിലംപതിച്ചത് നിനക്കു കാണാമായിരുന്നു." (അൽ ഹാഖ’)
പതിനെട്ട്:
تَنزِعُ ٱلنَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍۢ مُّنقَعِرٍۢ
“മനുഷ്യരെ പറിച്ചെറിഞ്ഞുകൊണ്ടിരുന്നു. കടപുഴകിവീഴുന്ന ഈത്തപ്പനത്തടികളെപ്പോലെ." (ഖമർ 20)
ഇനി സ്വർഗത്തിലെ ഈത്തപ്പഴം മാത്രമേ ബാക്കിയുള്ളൂ. റഹ്മാനിൽ രണ്ടിടത്ത് അതിനെക്കുറിച്ച് പറയുന്നുണ്ട്. അതിങ്ങനെ:
പത്തൊമ്പത്:
. فِيهَا فَـٰكِهَةٌۭ وَٱلنَّخْلُ ذَاتُ ٱلْأَكْمَامِ
“അതിൽ പഴവർഗങ്ങളും കൂമ്പാളകളുള്ള ഈത്തപ്പനകളുമുണ്ട്.” (അർറഹ്മാൻ 11)
ഇരുപത്:
فِيهِمَا فَـٰكِهَةٌۭ وَنَخْلٌۭ وَرُمَّانٌۭ
"അതിൽ ഫലങ്ങളും ഈത്തപ്പനകളും ഉറുമാനുമുണ്ട്.” (അർറഹ്മാൻ-68)
എന്തുകൊണ്ട് ഖുർആനിൽ?
ഈത്തപ്പന വിശുദ്ധ ഖുർആനിൽ ഇത്രയും കൂടുതൽ ആവർത്തിക്കപ്പെടാൻ എന്താണ് കാരണം? അതിന് അതിന്റെ ചരിത്രം അറിയണം. അതിൻ്റെ ഔഷധമൂല്യങ്ങൾ അറിയണം. ഉപകാരങ്ങൾ അറിയണം. ഈത്തപ്പനയെ നമുക്ക് ചെറുതായി പരിചയപ്പെടാം.
ഈത്തപ്പനയുടെ ചരിത്രം
ഉദ്ദേശം എണ്ണായിരം വർഷങ്ങൾക്ക് മുമ്പ് മെസപ്പൊട്ടോമിയയിലാണ് ഈത്തപ്പന കൃഷി ആരംഭിക്കുന്നത്. ഇത്രയും പുരാതനമായ മറ്റൊരു കൃഷിയെക്കുറിച്ച് ചരിത്രത്തിനറിയില്ല. ഈത്തപ്പനയുടെ ശാസ്ത്രീയ നാമം 'ഫിനിക്സ് ഡാക്ടിലിഫെറ' (Phoenix dactylifera) എന്നാണ്. ഇതിലെ ഫീനിക്സ് എന്ന പ്രയോഗം പൗരാണികതയിലേക്ക് സൂചനകൾ നൽകുന്നുണ്ട്. ഐതിഹ്യത്തിലെ പക്ഷിയാണ് ഫീനിക്സ്. 600 വർഷം വരെയാണത്രെ അതിൻ്റെ ആയുസ്. ഒരു പക്ഷി സ്വയം എരിഞ്ഞ് ചാരമാവുമ്പോൾ അതിൻ്റെ ചാരത്തിൽ നിന്ന് മറ്റൊന്ന് ഉയിർത്തെഴുന്നേൽക്കുന്നു എന്നാണ് പറയപ്പെടുന്നത്. അറേബ്യയിൽ ധാരാളമായി ഈ പക്ഷി ഉണ്ടായിരുന്നുവത്രെ. ഈത്തപ്പനയും ഫീനിക്സും തമ്മിൽ ബന്ധപ്പെടുത്തി ധാരാളം കഥകൾ പറയപ്പെട്ടിട്ടുണ്ട്.
ആധുനികവും പൗരാണികവുമായ അറബി സാഹിത്യങ്ങളിൽ മാത്രമല്ല, ആഫ്രിക്കയിലെയും യൂറോപിലെയും കവികൾ ഈത്തപ്പഴത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഹോമറും ചോസറും ഷേക്സ്പിയറും ഈത്തപ്പനയെ ഒഴിവാക്കിയിട്ടില്ല.
ഇറാഖ്, സൗദി അറേബ്യ, ഇറാൻ, ഈജിപ്ത് എന്നീ പ്രദേശങ്ങളിലാണ് ഈത്തപ്പന ധാരാളമായി കൃഷി ചെയ്യപ്പെടുന്നത്. സൗദി അറേബ്യയിൽ ഒരു മരത്തിൽ നിന്ന് ഒരു തവണ 70 മുതൽ 90 കിലോ വരെ ഈത്തപ്പഴം ലഭ്യമാകുന്നു. എന്നാൽ ഈജിപ്തിൽ ഇത് 125 കിലോ വരെയാണ്. ഗുജറാത്തിലും പഞ്ചാബിലും ശാസ്ത്രീയമായ കൃഷികൾ തുടങ്ങിയിട്ടുണ്ട്. യു.എസിലെ അരിസോണയിലും കാലിഫോർണിയയിലും ഈ കൃഷി ആരംഭിച്ചു. അന്താരാഷ്ട്ര വിപണിയിൽ പ്രതിവർഷം അരദശലക്ഷം ടൺ വിൽപനയാകുന്നുണ്ട്. ഈത്തപ്പനയുടെ ഈ പ്രാധാന്യം കണക്കിലെടുത്ത് 1978-ൽ ബഗ്ദാദിൽ ഈത്തപ്പന വികസന ഗവേഷണ സ്ഥാപനം ആരംഭിച്ചു.
പ്രകൃതി
ഇരുനൂറ് വർഷമാണ് ഈത്തപ്പനയുടെ ശരാശരി ആയുസ്. ആദ്യ നൂറ് വർഷമാണ് ഇത് നല്ല വിളവ് നൽകുന്നത്. ഏകദേശം 50-80 അടി പൊക്കമുണ്ട്. സാധാരണഗതിയിൽ ശാഖകളില്ലെങ്കിലും ശാഖകളുള്ളവയുമുണ്ട്. വേരുകൾക്ക് നീളം കൂടുതലുണ്ടെങ്കിലും അഞ്ചടിയിലധികം താഴോട്ട് പോകുന്നില്ല. ആഫ്രിക്കയുടെയും ഏഷ്യയുടെയും ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഏകദേശം അറുപതിൽപരം ഇനം ഈത്തപ്പനകളുണ്ട്. ആൺ, പെൺ എന്നിങ്ങനെ വെവ്വേറെ ചെടികളുള്ള മരമാണിത്. സമീപത്ത് ഒരു ആൺമരമില്ലെങ്കിൽ സാധാരണഗതിയിൽ പെൺ ഈത്തപ്പന കായ്ക്കുകയില്ല.
പോഷക ഘടകങ്ങൾ
ധാരാളം പോഷകങ്ങളടങ്ങിയ ഒരു ഭക്ഷണം കൂടിയാണ് ഈത്തപ്പഴം. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ടാനിൻ, സെല്ലുലോസ്, അന്നജം, കൊഴുപ്പ് എന്നിവ വ്യത്യസ്ത അനുപാതങ്ങളിൽ ഇതിൽ അടങ്ങിയിരിക്കുന്നു. ഇരുമ്പ്, സോഡിയം, കാത്സ്യം, സൾഫർ, ക്ലോറിൻ, ഫോസ്ഫറസ് എന്നീ ധാതുലവണങ്ങളുമുണ്ട്. കൂടാതെ ജീവകം എ, ബി, സി എന്നിവയും നല്ല തോതിലുണ്ട്. 60% വിശ്ലേഷിത അളവിൽ പഞ്ചസാരയും കുറഞ്ഞ അളവിൽ കരിമ്പിൻ പഞ്ചസാരയും ഇതിലുണ്ട്. പ്രഭാതത്തിലും അത്താഴത്തിലും തിരുനബി ഈത്തപ്പഴം കഴിക്കാൻ നിർദേശിച്ചിരുന്നു. വെണ്ണയും കാരക്കയും തിരുനബിക്ക് സമ്മാനിക്കപ്പെട്ടിരുന്നു; അവിടുന്ന് അവ ഒരുമിച്ച് കഴിച്ചിരുന്നു.
ഔഷധമൂല്യം
ഭക്ഷണം, പഴം എന്നതിനു പുറമെ ഔഷധം കൂടിയാണ് ഈത്തപ്പഴം. ശ്വാസതടസ്സങ്ങൾക്ക് പൊതുവെയും ആസ്ത്മയ്ക്ക് പ്രത്യേകിച്ചും ഫലപ്രദമാണ് ഈത്തപ്പഴം. ആമാശയകോശങ്ങളിൽ അണുക്കളെ സൃഷ്ടിക്കുന്ന വിഷാംശങ്ങളെ നശിപ്പിക്കാൻ ഇതിന് ശക്തിയുണ്ട്. ആമാശയ രോഗങ്ങൾക്ക് കാര്യമായ പ്രതിവിധിയുള്ളതുകൊണ്ടായിരിക്കാം വ്രതവിരാമം ഈത്തപ്പഴം കൊണ്ടാകണമെന്ന് തിരുനബി നിർദേശിച്ചത്. ഗർഭിണികൾക്കും ഈത്തപ്പഴം ഏറെ ഫലപ്രദമാണ്. ഗർഭിണിയായ മർയമിനോട് ഈത്തപ്പഴം കഴിക്കാൻ ഖുർആൻ നിർദേശിക്കുന്നുണ്ടല്ലോ. എരിച്ചിലിനും ചൊറിച്ചിലിനും ആശ്വാസം പകരുന്ന ഈ പഴം ഓർമക്കുറവ് ഇല്ലാതാക്കുകയും ഹൃദയത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ലൈംഗിക ഉത്തേജനത്തിനും മൂത്രതടസ്സം നീങ്ങുന്നതിനും ഈത്തപ്പഴം ഫലപ്രദമാണ്. കാരക്ക പൊടിച്ചുണ്ടാക്കുന്ന കുഴമ്പ് നേത്രപടലവീക്കത്തിന് മരുന്നായി ഉപയോഗിക്കാറുണ്ട്.
മറ്റു ഉപയോഗങ്ങൾ
വിശ്വാസിയെ തിരുനബി ഈത്തപ്പനയോട് ഉപമിച്ചിട്ടുണ്ട്. ഈത്തപ്പനയിൽ ഒഴിവാക്കേണ്ടതായി ഒന്നുമില്ലെന്നതും അതിന് ബഹുമുഖ ഉപയോഗങ്ങൾ ഉണ്ട് എന്നതും അതിന് കാരണങ്ങളാകാം. വിശ്വാസിയുടെ മുഴുവൻ പ്രവർത്തനങ്ങളും ഉപകാരപ്രദമാണ്; ഫലശൂന്യമോ ഉപദ്രവകരമോ അല്ല. ബഹുമുഖമായ സേവനപ്രവർത്തനങ്ങൾ അവൻ ചെയ്തുകൊണ്ടിരിക്കുന്നു. ഈത്തപ്പനയുടെ ഉപയോഗങ്ങൾ വർഷത്തിലെ ദിനങ്ങൾക്ക് തുല്യമാണെന്ന് അറബി പഴമൊഴിയുണ്ട്. തടിയും ഓലയും വേരും പഴവും നീരും കുരുവും എല്ലാമെല്ലാം വിവിധങ്ങളായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. തടി കെട്ടിടനിർമാണത്തിനും, ശാഖകൾ വടി, പായ, കയർ, വിശറി തുടങ്ങിയവ ഉണ്ടാക്കുവാനും ഉപയോഗിക്കുന്നു. ഈത്തപ്പഴക്കുരു കുതിർത്തു പൊടിച്ചത് നല്ല കാലിത്തീറ്റയാണ്. ഇന്ത്യൻ ഈത്തപ്പനയുടെ നീരിൽ നിന്നും ശർക്കര ഉണ്ടാക്കുന്നു. ഈത്തപ്പനയുടെ ഈ ബഹുമുഖമായ ഉപകാരങ്ങൾ പരിഗണിച്ചതുകൊണ്ടാണ് മുന്തിരി (അഅ്നാബ്) എന്നതിനൊപ്പം ഈത്തപ്പഴം (തംറ്/റുത്വബ്) എന്ന് പ്രയോഗിക്കാതെ 'നഖീൽ' (ഈത്തപ്പന) എന്ന് സൂറ യാസീനിൽ (34) പരാമർശിച്ചതെന്ന് ധാരാളം വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.
മനുഷ്യജീവിതവുമായി അത്യധികം ബന്ധപ്പെട്ട, ഏറെ ഉപകാരപ്രദമായ ഫലവൃക്ഷമായതുകൊണ്ട് തന്നെയാണ് ഭൂമിയെ സജീവമാക്കിയ ഹരിതസൗന്ദര്യം ആഖ്യാനം ചെയ്ത ഖുർആൻ ഈത്തപ്പനയെ പ്രത്യേകം പേരെടുത്ത് പറഞ്ഞത്.
ഈത്തപ്പനക്കുരുവിലെ അപ്രധാനമായി കണക്കാക്കുന്ന ചില വസ്തുക്കളെക്കുറിച്ച് ഖുർആൻ പറയുന്നത് ശ്രദ്ധേയമാണ്. ഈത്തപ്പനക്കുരുവിൻ്റെ മുകളിലുള്ള പാടയെ ഖുർആൻ 'ഖിത്മീർ' (قطمير) എന്ന് വിശേഷിപ്പിക്കുന്നു. ഈത്തപ്പനക്കുരുവിൻ്റെ നടുവിലുള്ള നാരിനെ 'ഫതീൽ' (فتيل) എന്ന് വിശേഷിപ്പിക്കുന്നു. ഈത്തപ്പനക്കുരുവിൽ നിന്ന് ഈത്തപ്പന പൊട്ടിമുളക്കുന്ന അതിസൂക്ഷ്മമായ കുത്തിനെ 'നഖീർ' (نقير) എന്ന് വിശേഷിപ്പിക്കുന്നു. അണ്ഡകടാഹങ്ങളുടെ വിശാലതയെക്കുറിച്ച് പറയുന്ന ഖുർആൻ, ഈത്തപ്പനക്കുരുവിന്റെ അതിസൂക്ഷ്മമായ ഭാഗങ്ങളെക്കുറിച്ച് പോലും പറയാതിരിക്കുന്നില്ല. ഒന്നും പറയാൻ ബാക്കിവെക്കാത്ത അത്ഭുതകരമായ ഒരു ഗ്രന്ഥം!

