മക്കയുടെയും മദീനയുടെയും ഇടയിലെ സഫ്റാഅ് താഴ്വരയിലാണ് ‘ഗിഫാർ’ ഗോത്രം. സംഘത്തിലെ പ്രധാനിയാണ് അബൂദർറ്. മക്കയിൽ തിരുനബി പ്രവാചകത്വ പ്രഖ്യാപനം നടത്തിയ വിവരം അദ്ദേഹം അറിഞ്ഞു. ഉടനെ സഹോദരൻ അനീസിനെ അടുത്തുവിളിച്ചു.
"അനുജാ, നീ മക്കയിലേക്കു പോകണം. രംഗപ്രവേശം ചെയ്ത പ്രവാചകരെക്കുറിച്ച് അന്വേഷിക്കണം. കൃത്യമായ വിവരങ്ങൾ ശേഖരിച്ചു വരണം"
അനീസ് മക്കയിലേക്കു പുറപ്പെട്ടു. വിവരങ്ങൾ ശേഖരിച്ചു മടങ്ങിവന്നു. അബൂദർറ് തന്നെ പിൽക്കാലത്ത് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.
“ഞാൻ സഹോദരനോട് വിവരങ്ങൾ അന്വേഷിച്ചു. അനീസ് പറഞ്ഞുതുടങ്ങി. ‘ഞാൻ ആ പ്രവാചകരെ കണ്ടുമുട്ടി. അല്ലാഹു നിയോഗിച്ച സത്യദൂതനാണവിടുന്ന്. ഏകനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ, സദ്സ്വഭാവത്തിൽ ജീവിക്കുക ഇതൊക്കെയാണ് ഉപദേശിക്കുന്നത്”
"ശരി, ജനങ്ങൾ എന്താണ് പറയുന്നത്?" ഞാൻ ചോദിച്ചു.
“കവിയാണ്, ജോത്സ്യനാണ്, മാരണക്കാരനാണ് ഇവയൊക്കെയാണ് എതിരാളികളുടെ വാദം. പക്ഷേ അതു കവിതയോ ജോത്സ്യമോ മാരണമോ ഒന്നുമല്ല. അവർ പറയുന്നത് കളവാണ്. പ്രവാചകർ പറയുന്നത് സത്യമാണ്”. കവി കൂടിയായ അനീസ് വിശദീകരിച്ചു.
ഞാൻ പറഞ്ഞു: “നീ പറഞ്ഞ കാര്യങ്ങൾ എനിക്കു തൃപ്തിയായിട്ടില്ല. ഞാൻ മക്കയിലേക്കു പോവുകയാണ്. പ്രവാചകരെ നേരിൽ കണ്ടുവരാം”
അനീസ് പറഞ്ഞു, “ശരി. പക്ഷേ, മക്കക്കാരെ സൂക്ഷിക്കണം. അവർ പ്രവാചകരോടു ശത്രുതയിലാണ്. അദ്ദേഹത്തെ അന്വേഷിച്ചു ചെല്ലുന്നവരെയും അവർ അക്രമിച്ചേക്കും”
ഞാൻ ഒരു തോൽപാത്രത്തിൽ വെള്ളവും ഒരു വടിയുമെടുത്ത് യാത്ര തിരിച്ചു. മക്കയിലെത്തി. പള്ളിയിൽ പ്രവേശിച്ചു. പ്രവാചകരെ കണ്ടെത്താൻ ശ്രമിച്ചു. എന്നാൽ ആരോടെങ്കിലും ചോദിക്കാൻ കഴിയുന്നതായിരുന്നില്ല അവിടത്തെ സാഹചര്യം.
ഒടുവിൽ ഞാൻ ഒരാളെ സമീപിച്ചു. അയാളോടു രഹസ്യമായി ചോദിച്ചു: ‘സാബിഈ’ ആണെന്നു വാദിക്കുന്ന ആ വ്യക്തിയെ ഒന്നുകാണാൻ മാർഗമെന്താണ്? (മതം മാറിയവരെ പരിഹാസരൂപേണ അവർ പ്രയോഗിക്കുന്ന പദമാണ് ‘സാബിഈ’).
കേട്ടമാത്രയിൽ അദ്ദേഹം വിളിച്ചുപറഞ്ഞു: "ഇതാ ഒരു സാബിഈ വന്നിരിക്കുന്നു!"
അവിടെക്കൂടിയ എല്ലാവരും എന്നെ അക്രമിക്കാൻ തുടങ്ങി. ആ താഴ്വരയിലുള്ള എല്ലാവരും ഓടിക്കൂടി. കല്ലും എല്ലും കിട്ടിയതൊക്കെയുമെടുത്ത് എന്നെ എറിയാൻ തുടങ്ങി. ഞാൻ ബോധരഹിതനായി നിലംപതിച്ചു. ഉണർന്നപ്പോൾ ചെമ്മണ്ണ് പുരണ്ട ഒരു പ്രതിമയെപ്പോലെയായി.
സംസം കിണറിന്റടുത്തേക്കു നടന്നു. ശരീരമൊക്കെ കഴുകി വൃത്തിയാക്കി. വയറു നിറയെ സംസം വെള്ളം കുടിച്ചു. അങ്ങനെ മുപ്പത് രാപകലുകൾ അവിടെ കഴിച്ചുകൂട്ടി. ഭക്ഷണവും പാനീയവുമൊക്കെയായി സംസം മാത്രം കുടിച്ചു. "എന്റെ വയറിന്റെ മടക്കുകൾ നിവർന്നു. ശരീരം പുഷ്ടിപ്പെട്ടു. വിശപ്പിന്റെ അസ്വസ്ഥതകളൊന്നും ഉണ്ടായതേയില്ല” – അബൂദർറ് ഓർമിച്ചു.
“നല്ല നിലാവുള്ളൊരു രാത്രി. ഖുറൈശികൾ നല്ല ഉറക്കത്തിലാണ്. ഞാൻ കഅ്ബയുടെയും അതിന്റെ വിരിപ്പുകളുടെയുമിടയിൽ കടന്നു. ഇപ്പോൾ കഅ്ബയെ പ്രദക്ഷിണം വെക്കുന്ന ആളുകളൊന്നുമില്ല. രണ്ടു സ്ത്രീകൾ മാത്രം ‘ഇസാഫ്’ ‘നാഇല’ എന്നീ ദേവൻമാരെ വിളിച്ചു പ്രാർഥിക്കുന്നു, കഅ്ബയെ വലയം വെക്കുന്നു. അവർ പ്രദക്ഷിണത്തിനിടെ എന്റെ അടുത്തെത്തിയപ്പോൾ ഞാൻ അവരുടെ വിശ്വാസത്തെ കളിയാക്കി ഇങ്ങനെ പറഞ്ഞു: "ആ ദൈവങ്ങളിൽ ഒന്നിനെ അടുത്തേതിന് കല്യാണം കഴിച്ചുകൊടുത്തേക്ക്"
അവർ ഒന്നും പ്രതികരിച്ചില്ല. വീണ്ടും അവർ എന്റെ അടുത്തെത്തിയപ്പോൾ ഞാൻ വീണ്ടും കളിയാക്കി: "ആ രണ്ടിനെയും തമ്മിൽ കൂട്ടിച്ചേർത്തോളൂ"
എന്റെ വാക്കുകൾ കേട്ടപ്പോൾ അവർ തമ്മിൽ പറഞ്ഞു: "നമ്മുടെ കക്ഷികളെയൊന്നും ഇവിടെ കാണാനില്ലല്ലോ!" അവർ രണ്ടുപേരും പുറത്തേക്കു നടന്നു.
ആ സമയം മുഹമ്മദ് നബിയും അബൂബകറും കഅ്ബയുടെ അടുത്തേക്കു വന്നു. സ്ത്രീകൾ പറഞ്ഞു: "കഅ്ബയുടെയും വിരിപ്പിന്റെയുമിടയിൽ ഒരു ‘സാബിഈ’ ഇരിക്കുന്നുണ്ട്. അയാൾ വായിൽക്കൊള്ളാത്ത വർത്തമാനമാണു പറയുന്നത്"
പ്രവാചകർ കഅ്ബയുടെ അടുത്തുവന്നു. ഹജറുൽ അസ്വദ് എന്ന സ്വർഗീയശില ചുംബിച്ചു. രണ്ടുപേരും കഅ്ബ ത്വവാഫ് (പ്രദക്ഷിണം) ചെയ്തു. ശേഷം നിസ്കാരം നിർവഹിച്ചു.
അപ്പോൾ ഞാൻ അടുത്തേക്കു ചെന്നു. "അസ്സലാമു അലൈക യാ റസൂലല്ലാഹ്" (അല്ലയോ അല്ലാഹുവിന്റെ ദൂതരേ സലാം). സലാം ചൊല്ലി, സത്യവാചകം ഉച്ചരിച്ചു: “അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ്..വ അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ്”
പ്രവാചകരുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. ഇസ്ലാമിലെ അഭിവാദ്യവാചകം 'അസ്സലാമു അലൈകും' ആദ്യമായി സംബോധന ചെയ്തതു ഞാനായി. തിരുദൂതർ പ്രത്യഭിവാദ്യം ചെയ്തു: “വ അലൈകുമുസ്സലാം”.
"എവിടെ നിന്നാണ്?"
ഞാൻ പറഞ്ഞു: "ഗിഫാർ ഗോത്രത്തിൽ നിന്ന്"
അപ്പോൾ പ്രവാചകർ കൈകൊണ്ട് ആംഗ്യം കാണിച്ചു. വിരലുകൾ നെറ്റിയിൽ വെച്ചു. ഞാനാലോചിച്ചു, ഗിഫാർ ഗോത്രമെന്നു പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ ആവോ! ഞാൻ പ്രവാചകരുടെ കരം കവരാനൊരുങ്ങി. എന്നാൽ ഒപ്പമുള്ളയാൾ എന്നെ തടഞ്ഞു. അദ്ദേഹത്തിന് എന്നെക്കാൾ പ്രവാചകരെ അറിയാമല്ലോ! ഉടനെ അവിടുന്ന് ശിരസുയർത്തി ചോദിച്ചു: "എപ്പോഴാണ് ഇവിടെ എത്തിയത്?"
"മുപ്പത് രാപകലുകളായി"
"ഭക്ഷണമൊക്കെ?"
"സംസം വെള്ളമല്ലാതെ ഒരു ഭക്ഷണവും ലഭിച്ചില്ല. എന്നാൽ വിശപ്പിന്റെ ബുദ്ധിമുട്ടൊന്നും അനുഭവപ്പെടുന്നില്ല. വയറിന്റെ മടക്കൊക്കെ നിവർന്നു. അത്യാവശ്യം ശരീരമൊക്കെ പുഷ്ടിച്ചു"
തിരുനബി പറഞ്ഞു: "അനുഗൃഹീതം. സംസം ഭക്ഷണത്തിനു ഭക്ഷണവും രോഗത്തിനു ശമനവുമാണ്"
ഇബ്നു അബ്ബാസിന്റെ ഒരു നിവേദനം: അബൂദർറ് പറയുന്നു: "ഞാൻ മക്കയിലെത്തി. പ്രവാചകരെ എനിക്കറിയില്ല. ആരോടും അന്വേഷിക്കാൻ ഞാനിഷ്ടപ്പെട്ടതുമില്ല. നേരേ സംസം കിണറിന്റെ അടുത്തെത്തി. വെള്ളം കുടിച്ചു. പള്ളിയിൽ വന്നു കിടന്നു"
അപ്പോൾ അലി അതുവഴി വന്നു. വിദേശിയാണെന്ന് തോന്നുന്നല്ലോയെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ പറഞ്ഞു: "അതെ"
അലി വിളിച്ചു: "എന്നാൽ വരൂ, വീട്ടിൽ പോകാം"
ഞാൻ ഒപ്പം നടന്നു. പരസ്പരം ഒന്നും പറഞ്ഞതുമില്ല, അന്വേഷിച്ചതുമില്ല. രാവിലെയായപ്പോൾ ഞാൻ എന്റെ തോൽപാത്രവും മറ്റുമെടുത്ത് പള്ളിയിലേക്കു തന്നെ വന്നു. തിരുനബിയെ അന്വേഷിച്ചു. ആരും പറഞ്ഞുകൊടുത്തില്ല. അന്നും അങ്ങനെ കഴിഞ്ഞു. ഞാൻ പള്ളിയിൽ തന്നെ കിടക്കാനൊരുങ്ങിയപ്പോൾ അലി അതുവഴി വന്നു.
"ഇന്നും നിങ്ങൾക്ക് താമസിക്കാൻ സ്ഥലമായിട്ടില്ല, അല്ലേ?"
ഞാൻ പറഞ്ഞു: "ഇല്ല"
"എന്നാൽ എനിക്കൊപ്പം വരൂ", അലി ക്ഷണിച്ചു.
ഞാൻ ഒപ്പം നടന്നു. മൂന്നാം ദിവസവും അപ്രകാരം തന്നെ നടന്നു. അപ്പോൾ അലി ചോദിച്ചു: "നിങ്ങൾ ഈ നാട്ടിലേക്കു വന്ന കാര്യം എന്താണെന്ന് പറഞ്ഞില്ലല്ലോ?"
"രഹസ്യമാക്കിവെക്കുമെങ്കിൽ ഞാൻ പറയാം" (വേറൊരു റിപ്പോർട്ട് പ്രകാരം: നിങ്ങൾ എനിക്ക് മാർഗദർശനം തരുമെന്ന് ഉറപ്പുതന്നാൽ ഞാൻ പറയാം - എന്നാണ്).
അലി പറഞ്ഞു: “ശരി”
ഞാൻ ഉദ്ദേശ്യം പങ്കുവെച്ചു. ഉടനെ അലി തുടർന്നു: "നിങ്ങൾക്കു മാർഗദർശനം ലഭിച്ചുകഴിഞ്ഞു. നിങ്ങൾ അന്വേഷിക്കുന്ന വ്യക്തി അല്ലാഹുവിന്റെ ദൂതരാണ്. രാവിലെ നിങ്ങൾ എന്നോടൊപ്പം വരിക. വഴിയിൽ വെച്ച് വല്ല അപായസൂചനയും ലഭിച്ചാൽ ഞാൻ വെള്ളമൊഴിക്കുന്ന ആളെപ്പോലെ വഴിയരികിലേക്കു നീങ്ങും. നിങ്ങൾ മുന്നോട്ടുതന്നെ നടക്കണം. അല്ലെങ്കിൽ ഞാൻ ചെരിപ്പ് ശരിയാക്കാൻ നിൽക്കും പോലെ വഴിയരികിൽ നിൽക്കും. ഞാൻ നടത്തം തുടർന്നാൽ വീണ്ടും എന്നെ പിന്തുടരുക. ഞാൻ പ്രവേശിക്കുന്ന വാതിലിലൂടെ നിങ്ങളും കടന്നുവരിക”
“ഞങ്ങൾ നടന്നു. പ്രവാചകസന്നിധിയിലെത്തി. ഞാൻ പറഞ്ഞു: എനിക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തിത്തന്നാലും”
തിരുനബി ഇസ്ലാമിനെ പരിചയപ്പെടുത്തി. ഞാനപ്പോൾത്തന്നെ ഇസ്ലാം സ്വീകരിച്ചു. തുടർന്ന് എന്നോടു പറഞ്ഞു: ‘ഇപ്പോൾ ഇതു രഹസ്യമാക്കിവെക്കുക. സ്വദേശത്തേക്ക് തന്നെ മടങ്ങിക്കോളൂ. നാട്ടുകാരോടു സന്ദേശങ്ങൾ കൈമാറുക. ഞങ്ങൾ പരസ്യമായി രംഗത്തുവന്നെന്നറിഞ്ഞാൽ ഇങ്ങോട്ടുവന്നോളൂ’
അപ്പോൾ ഞാൻ പറഞ്ഞു: "അങ്ങയെ സത്യവുമായി നിയോഗിച്ചവൻ സത്യം, എന്റെ ഉടമസ്ഥനായ നാഥൻ സത്യം, ഞാനവരുടെ മുമ്പിൽവെച്ചു പരസ്യമായി വിളിച്ചുപറയും"
ഞാൻ നബി സന്നിധിയിൽ നിന്നു പുറപ്പെട്ടു. കഅ്ബയുടെ അടുത്തെത്തി. ഖുറൈശീ പ്രമുഖരെല്ലാം അവിടെയുണ്ട്. ഞാൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ്...” (ഞാൻ സാക്ഷ്യം വഹിക്കുന്നു, അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ല, മുഹമ്മദ് നബി അവന്റെ തിരുദൂതനാകുന്നു).
അടുത്ത ദിവസവും ഞാൻ കഅ്ബയുടെ അടുത്തെത്തി സത്യവാചകം ഉറക്കെ വിളിച്ചുപറഞ്ഞു. തലേദിവസത്തെപ്പോലെ അവരെന്നെ അക്രമിച്ചു. കഴിഞ്ഞ ദിവസത്തെപോലെ അബ്ബാസ് വന്നു രക്ഷപ്പെടുത്തി. അവരെന്നെ വിട്ടയച്ചു.
അന്നു രാത്രിയിൽ എന്നെ സൽകരിക്കാൻ അബൂബകർ തിരുനബിയോട് സമ്മതം ചോദിച്ചു. അങ്ങനെ ഞാൻ തിരുദൂതരോടൊപ്പം അബൂബകറിന്റെ വീട്ടിലെത്തി. ത്വാഇഫിലെ ഉണക്കമുന്തിരി നൽകി എന്നെ സ്വീകരിച്ചു. മക്കയിൽ നിന്നു കഴിച്ച ആദ്യത്തെ ഭക്ഷണമായിരുന്നു അത്.
ശേഷം ഞാൻ തിരുനബിയുടെ ചാരത്തിരുന്നു. അവിടുന്ന് പറഞ്ഞു: ‘ഈത്തപ്പനകൾ നിറഞ്ഞൊരു നാട്ടിലേക്ക് എനിക്ക് ദിശകാണിക്കപ്പെട്ടിട്ടുണ്ട്. യസ്രിബാണെന്നാണു ഞാൻ മനസ്സിലാക്കുന്നത്. നിങ്ങൾ നിങ്ങളുടെ ജനങ്ങൾക്ക് ഈ സന്ദേശം എത്തിച്ചുകൊടുക്കാമോ? അവർക്കതു പ്രയോജനം ചെയ്യും. നിങ്ങൾക്ക് അതുവഴി പ്രതിഫലവും ലഭിക്കും’
“ഞാൻ നാട്ടിലേക്കു മടങ്ങി. സഹോദരൻ ഉനൈസിന്റെ അടുത്തെത്തി. അദ്ദേഹം ചോദിച്ചു: എന്തായി?"
ഞാൻ പറഞ്ഞു: "ഞാൻ ഇസ്ലാം സ്വീകരിച്ചു. മുഹമ്മദ് സത്യദൂതനാണെന്നു ഞാനംഗീകരിക്കുന്നു"
"ശരി. നിങ്ങൾ ഉൾക്കൊണ്ട മതത്തിനപ്പുറം എനിക്കൊരു മതമില്ല. ഞാനും ഇസ്ലാം സ്വീകരിക്കുകയാണ്"
അപ്പോൾ ഞങ്ങളുടെ ഉമ്മ അടുത്തേക്കു വന്നു. കാര്യങ്ങൾ അന്വേഷിച്ചു. "നിങ്ങൾ രണ്ടുപേരും സ്വീകരിച്ച മതം ഞാനും അംഗീകരിക്കുന്നു". ഉമ്മയും ഇസ്ലാമിലേക്കു വന്നു.
“ഗിഫാർ ഗോത്രത്തെ ഞാൻ ഇസ്ലാമിലേക്കു ക്ഷണിച്ചു. അവരിൽ പകുതിയാളുകൾ ഇസ്ലാം ആശ്ലേഷിച്ചു. പകുതിയാളുകൾ പറഞ്ഞു, പ്രവാചകൻ യസ്രിബിലേക്കു വരട്ടെ.. ഞങ്ങൾ അംഗീകരിക്കാം”
തിരുനബി പലായനം ചെയ്ത് യസ്രിബിലെത്തിയപ്പോൾ അവർ മുഴുവൻ വിശ്വാസികളായെന്നു പ്രഖ്യാപിച്ചു. ഇതറിഞ്ഞ തൊട്ടടുത്തുള്ള ‘അസ്ലം’ ഗോത്രം തിരുനബിയെ സമീപിച്ചു. അവർ പറഞ്ഞു: "ഞങ്ങളുടെ സഹോദരഗോത്രക്കാർ വിശ്വസിച്ച ആദർശം ഞങ്ങളും സ്വീകരിക്കുന്നു"
തിരുനബിക്ക് ഏറെ സന്തോഷമായി. അവിടുന്ന് ഇപ്രകാരം പറഞ്ഞു: "ഗിഫാർ ഗോത്രക്കാർക്ക് അല്ലാഹു ഗുഫ്റാൻ (പാപമോചനം) നൽകട്ടെ. അസ്ലം ഗോത്രക്കാർക്ക് അല്ലാഹു സലാമത് (സുരക്ഷ) നൽകട്ടെ" (ഗോത്രങ്ങളുടെ പേരിനോടു ചേർന്ന പദങ്ങൾ പ്രയോഗിച്ചു പ്രാർഥിച്ചു).
ഇമാം ബുഖാരിയുടെ നിവേദനത്തിൽ ഒരു വിവരണം കൂടി വായിക്കാം. അബ്ദുല്ലാഹിബ്നു സ്വാമിതിനോട് അബൂദർറ് അൽ ഗിഫാരി പറഞ്ഞു: "സഹോദരപുത്രാ, തിരുനബിയെ കണ്ടുമുട്ടുന്നതിനു മുമ്പ് മൂന്നുവർഷം ഞാൻ നിസ്കാരം നിർവഹിച്ചു"
അദ്ദേഹം ചോദിച്ചു: "ആർക്കുവേണ്ടിയാണ് നിസ്കരിച്ചത്?"
"അല്ലാഹുവിനു വേണ്ടി"
"ഏതു ദിശയിലേക്ക് തിരിഞ്ഞാണ് നിസ്കരിച്ചത്?"
"അല്ലാഹുവെന്നെ എങ്ങോട്ടു തിരിച്ചോ അവിടേക്ക് തിരിയുമായിരുന്നു. രാത്രി ഏറെ വൈകിയാൽ നിസ്കരിക്കും. ശേഷം സൂര്യൻ ഉദിക്കുന്നതുവരെ വിശ്രമിക്കും”
അഞ്ചാമതായി ഇസ്ലാം സ്വീകരിച്ചയാൾ എന്ന പ്രയോഗവും മഹാനെക്കുറിച്ച് ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്.
തുഫൈൽ ബിൻ അംറ്
ദൗസ് ഗോത്രത്തിലെ നേതാവും ബുദ്ധിമാനായ കവിയുമായിരുന്നു തുഫൈൽ ബിൻ അംറ്. യമനിന്റെ ചില ഭാഗങ്ങളിൽ ഇവർക്ക് അധികാരമുണ്ടായിരുന്നു. പ്രവാചകത്വ പ്രഖ്യാപനത്തിന്റെ പതിനൊന്നാം വർഷം അദ്ദേഹം മക്ക സന്ദർശിച്ചു. സ്വീകരണപരിപാടികളോടെ മക്കക്കാർ അദ്ദേഹത്തെ ആദരിച്ചു. തുഫൈലിന്റെ സ്വാധീനവും പ്രതിഭാത്വവും എല്ലാവർക്കും പരിചിതമാണ്.
ഖുറൈശീ പ്രമുഖർ അദ്ദേഹത്തെ സമീപിച്ചു, മുഹമ്മദ് നബിയെക്കുറിച്ചു പറഞ്ഞു: “ഇവിടെ ഇങ്ങനെയൊരു വ്യക്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പ്രവാചകത്വം വാദിക്കുന്നു. മാസ്മരിക വചനങ്ങളാണ് അവതരിപ്പിക്കുന്നത്. അതു മാരണമാണ്. നിങ്ങൾ ആ വചനങ്ങൾ കേൾക്കുകയോ ആ വ്യക്തിയെ സന്ദർശിക്കുകയോ ചെയ്യരുത്”
പ്രാഥമികമായി തുഫൈൽ അതു വിശ്വസിച്ചു. അദ്ദേഹം കരുതലോടെയാണു സഞ്ചരിച്ചത്. കഅ്ബയുടെ മുറ്റത്തേക്കുവന്നപ്പോൾ പ്രവാചകർ അവിടെ നിസ്കരിക്കുന്നു. ഖുർആൻ കേൾക്കാതിരിക്കാൻ തുഫൈൽ കാതടച്ചുവെച്ചു. പക്ഷേ, പാരായണത്തിന്റെ ഒരു ശകലം കേൾക്കാനിടയായി. അതു അദ്ദേഹത്തെ ആകർഷിച്ചു.
അദ്ദേഹം സ്വയം വിലയിരുത്തി: “വിവേകശാലിയായ ഞാൻ എന്തിനിതു കേൾക്കാതിരിക്കണം? കവിയും ജ്ഞാനിയുമായ എനിക്ക് നല്ലതും അല്ലാത്തതും എന്തുകൊണ്ട് വേർതിരിച്ചുകൂടാ? ഏതായാലും കേൾക്കാം. നല്ലതെങ്കിൽ സ്വീകരിക്കാം. അല്ലാത്തപക്ഷം ഒഴിവാക്കാമല്ലോ”
പ്രവാചകർ കഅ്ബയിൽ നിന്ന് വീട്ടിലേക്കു തിരിക്കുന്നതുവരെ തുഫൈൽ കാത്തിരുന്നു. പുറപ്പെടാൻ ഒരുങ്ങിയപ്പോൾ തിരുനബിയെ സമീപിച്ചു: "അല്ലയോ മുഹമ്മദ്. അങ്ങയുടെ നാട്ടുകാർ ഇപ്രകാരമൊക്കെ പറഞ്ഞു. അവർ എന്നെ ഭയപ്പെടുത്തി. അതുപ്രകാരം ഖുർആൻ വചനങ്ങൾ കേൾക്കാതിരിക്കാൻ കാത് തിരുകിയടച്ചിട്ടാണ് ഞാൻ കഅ്ബയുടെ അടുത്തെത്തിയത്. എന്നാൽ എനിക്ക് വചനങ്ങൾ കേൾക്കാൻ ഭാഗ്യമുണ്ടായി. മനോഹരമായ വചനങ്ങൾ. എത്ര മനോഹരം! എന്താണ് അവിടുന്നു പ്രചരിപ്പിക്കുന്ന കാര്യം, എനിക്കൊന്നു പറഞ്ഞുതരൂ"
തിരുനബി വിശുദ്ധ ഖുർആൻ പാരായണം ചെയ്തു കേൾപ്പിച്ചു. നൂറ്റിപ്പന്ത്രണ്ടാമത്തെ അധ്യായം ‘അൽ ഇഖ്ലാസ്’ ആണ് ആദ്യം കേൾപ്പിച്ചത്. ഏകദൈവവിശ്വാസമാണ് (തൗഹീദ്) ആ അധ്യായത്തിന്റെ പ്രമേയം. തുഫൈലിനെ അതു നന്നായി സ്വാധീനിച്ചു. തുടർന്ന് നൂറ്റിപ്പതിമൂന്ന്, നൂറ്റിപ്പതിനാല് (ഫലക്, നാസ്) അധ്യായങ്ങളും ഓതിക്കേൾപ്പിച്ചു. ശേഷം ഇസ്ലാമിലേക്ക് എന്നെ ക്ഷണിച്ചു.
"എത്ര സുന്ദരമായ വചനങ്ങൾ! എത്ര നീതിപൂർവമായ ആദർശം! എന്തൊരു ചാരുതയുള്ള സംഹിത! ഞാൻ ഇസ്ലാം സ്വീകരിച്ചു", തുഫൈൽ പ്രഖ്യാപിച്ചു.
“എന്റെ നാട്ടിൽ ഞാൻ സർവാംഗീകൃതനാണ്. ഞാൻ നാട്ടുകാരെ ഈ മാർഗത്തിലേക്കു ക്ഷണിക്കാം. ഒപ്പം എനിക്ക് സവിശേഷമായൊരു അത്ഭുതപ്രമാണംകൂടി തന്നാൽ നന്നായിരുന്നു”. തിരുനബി അതിനുവേണ്ടി പ്രാർഥിച്ചു.
മഴയും ഇരുട്ടുമുള്ള രാത്രിയിൽ ഞാൻ നാട്ടിലേക്കു മടങ്ങി. കൂരിരുട്ടിൽ ഒരു കുന്നിന്റെ അടുത്തെത്തി. അപ്പോൾ എന്റെ കണ്ണുകൾക്കിടയിൽ ഒരു വിളക്കുപോലെ വഴിയിൽ വെളിച്ചം പകർന്നു പ്രകാശിക്കുന്നു.
ഞാനാലോചിച്ചു: "കണ്ണുകൾക്കിടയിൽ ഇതിങ്ങനെ നിന്നാൽ മുഖത്തുണ്ടായ ഒരു പാടുപോലെ അതു വായിക്കപ്പെടും. അത് മുഖമല്ലാത്ത സ്ഥലത്ത് ആയിരുന്നെങ്കിലെന്നു ചിന്തിച്ചു". വൈകിയില്ല, ചാട്ടവാറിന്റെ അഗ്രഭാഗത്തേക്ക് ആ വെളിച്ചം മാറി. കൊളുത്തിവെച്ച ഒരു വിളക്കുപോലെ പ്രകാശിക്കാൻ തുടങ്ങി. മെല്ലെമെല്ലെ കുന്നിറങ്ങി. വീട്ടിലേക്കടുത്തു.
വയോധികനായ എന്റെ പിതാവ് അടുത്തേക്കുവന്നു.
ഞാൻ പറഞ്ഞു: "ഉപ്പാ, അൽപം അകലം പാലിക്കാം നമുക്ക്"
"അതെന്താ മോനേ?"
"ഞാൻ സത്യവിശ്വാസം സ്വീകരിച്ചു. മുഹമ്മദ് നബിയുടെ മതം പുൽകിയിരിക്കുന്നു"
"മോനേ, മോന്റെ മതം തന്നെ എന്റെതും. ഞാനും ഇസ്ലാം അംഗീകരിക്കുന്നു", ഉപ്പ പറഞ്ഞു.
അപ്പോൾ ഞാൻ ഉപ്പയോടു പറഞ്ഞു: "എന്നാൽ അംഗശുദ്ധി വരുത്തി ഒരുങ്ങി വരൂ". വേഗം ഉപ്പ ഒരുങ്ങിവന്നു. ഞാൻ ഇസ്ലാമിനെ പരിചയപ്പെടുത്തി. അവിടുന്ന് ഇസ്ലാം സ്വീകരിച്ചു.
അൽപം കഴിഞ്ഞപ്പോൾ എന്റെ സഹധർമിണി അടുത്തേക്കുവന്നു. ഞാൻ പറഞ്ഞു: "അൽപം വിട്ടുനിൽക്കൂ".
"എന്റെ ഉമ്മയും ഉപ്പയും എല്ലാമായ അങ്ങ് എന്തേ അങ്ങനെ പറയുന്നത്?"
"ഞാൻ മുഹമ്മദ് നബിയെ അനുകരിക്കുന്നു. ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. ഇപ്പോൾ നമ്മൾ തമ്മിൽ യോജിക്കുകയില്ല"
അവൾ പറഞ്ഞു: "നിങ്ങൾ ഏതു മതത്തിലാണോ, അതു തന്നെയാണ് എന്റെയും മതം"
ഞാൻ പറഞ്ഞു: "എന്നാൽ നീ ശുദ്ധിവരുത്തി ഒരുങ്ങിവരൂ". അവൾ ഒരുങ്ങിവന്നു. ഞാൻ ഇസ്ലാമിനെ പരിചയപ്പെടുത്തി. അവൾ ഇസ്ലാം ആശ്ലേഷിച്ചു.
പക്ഷേ, എന്റെ ഉമ്മ അതിനു കൂട്ടാക്കിയില്ല.
തുടർന്ന് ഞാൻ ദൗസ് ഗോത്രത്തെ ഇസ്ലാമിലേക്കു ക്ഷണിച്ചു. അവർ ഉദാസീനത കാണിച്ചു. ഞാൻ തിരുനബിയെ സമീപിച്ചു. എന്നിട്ട് ആവലാതി പറഞ്ഞു: "ദൗസ് ജനതയിൽ വ്യഭിചാരം വർധിച്ചിരിക്കുന്നു. അവിടുന്ന് അവർക്കെതിരിൽ ഒന്നു പ്രാർഥിക്കണം"
തിരുനബി പ്രാർഥിച്ചു: “പടച്ചവനെ, ദൗസ് ഗോത്രത്തിന് നീ സന്മാർഗം കാണിച്ചു കൊടുക്കണേ.” എന്നിട്ട് പറഞ്ഞു: "നിങ്ങൾ നാട്ടിലേക്കുതന്നെ മടങ്ങുക. അവരോടു സൗമ്യമായി പെരുമാറുക"
തിരുനബി മദീനയിലേക്ക് പലായനം ചെയ്യുന്നതുവരെ തുഫൈൽ നാട്ടിൽ തന്നെ തുടർന്നു. പിന്നീട് ദൗസിൽ നിന്നു സത്യവിശ്വാസം ഏറ്റെടുത്തവരോടൊപ്പം ഖൈബറിൽ എത്തി. തിരുനബിയെ അനുഗമിച്ചു.





