ഖുദൈദ് എന്ന സ്ഥലത്ത് സഭ കൂടുകയായിരുന്നു കിനാനഗോത്രക്കാരനായ മാലികിന്റെ മകൻ സുറാഖത്. കുതിരസവാരി വിദഗ്ധനും മരുഭൂമിയിലെ വഴികളെക്കുറിച്ച് അഗാധ ജ്ഞാനമുള്ള ആളുമായിരുന്നു അദ്ദേഹം. ബനൂ മുദ്ലജ് ഗോത്രക്കാരനായ സുറാഖയോട് ഖുറൈശിയായ ഒരാൾ ചോദിച്ചു. "ഇതുവഴി ഒരു നിഴൽ നീങ്ങുന്നത് കണ്ടിരുന്നല്ലോ? മൂന്നോ നാലോ ആളുകൾ കടന്നുപോയതു പോലെ? മുഹമ്മദ് നബിയും കൂട്ടുകാരുമാണോ അത്?" അത് അവർ തന്നെയാണെന്ന് മനസ്സിലായ സുറാഖ, പക്ഷേ അയാളോട് മിണ്ടാതിരിക്കാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. എന്നിട്ടു പറഞ്ഞു, "അതവരൊന്നുമല്ല, അത് വേറെ ചില വ്യക്തികളാണ്. അവരുടെ നഷ്ടപ്പെട്ട ഒട്ടകത്തെ തേടിയിറങ്ങിയതാണ്." ആരുമറിയാതെ അവരെ പിടികൂടി നൂറൊട്ടകം സ്വന്തമാക്കുക എന്നതായിരുന്നു സുറാഖയുടെ പദ്ധതി.
പിൽക്കാലത്ത് സുറാഖ തന്നെ ഈ ചരിത്രസംഭവം വിവരിക്കുന്നുണ്ട്: "അതീവ രഹസ്യമായി കുതിരയെ താഴ്വരയിലൂടെ അൽപം മൂന്നോട്ടെത്തിക്കാൻ ഞാനെന്റെ പരിചാരകയോടു പറഞ്ഞു. അൽപം കഴിഞ്ഞ് ഞാൻ സഭയിൽ നിന്നിറങ്ങി. എന്റെ കുന്തവും ആയുധങ്ങളുമെടുത്ത് വീടിന്റെ മുൻവാതിലിലൂടെ പുറത്തിറങ്ങി. ക്രമേണ കുതിരയുടെ അടുത്തെത്തി, യാത്ര തുടങ്ങി. അതിവേഗം കുതിരയെ പായിച്ചു. അതിനിടയിൽ തിരുനബിയുടെയും സഹയാത്രികൻ സിദ്ദീഖിന്റെയും നിഴൽ ശ്രദ്ധയിൽപ്പെട്ടു. ഉടനെ ഞാൻ അമ്പുകൾ എടുത്ത് ശകുനം നോക്കി (അറബികൾക്കങ്ങനെ ഒരു പതിവുണ്ടായിരുന്നു. ശകുനം നോക്കാൻ വേണ്ടി മൂന്നമ്പുകൾ ഒരു ആവനാഴിയിൽ ഇടും. ഒരു അമ്പിൽ വേണം എന്നും, മറ്റൊന്നിൽ വേണ്ട എന്നും, മൂന്നാമതൊന്നിൽ ഒന്നും എഴുതാതെയും ഇടും. ശേഷം നറുക്കെടുക്കും. വേണം എന്ന അമ്പു കിട്ടിയാൽ ശകുനം നന്നായി. വേണ്ട എന്നാണെങ്കിൽ ദുഃശകുനമായി കണക്കാക്കും. മൂന്നാമത്തെ അമ്പ് കിട്ടിയാൽ വീണ്ടും നറുക്കിടണം എന്നാണ് ആചാരം).
സുറാഖ നറുക്കിട്ടപ്പോൾ 'അവരെ ബുദ്ധിമുട്ടിക്കരുത്' എന്നെഴുതിയ അമ്പാണ് കിട്ടിയത്. അദ്ദേഹം തുടരുന്നു, ഞാനത് പരിഗണിച്ചില്ല. നൂറൊട്ടകം എന്നത് എന്നെ വീണ്ടും പ്രേരിപ്പിച്ചു. ഞാനെന്റെ ശകുനം അവഗണിച്ച് മുന്നോട്ടു തന്നെ നീങ്ങി. തിരുനബിയുടെയും സിദ്ദീഖിന്റെയും നിഴൽ കണ്ടു തുടങ്ങി. എന്റെ കുതിരയുടെ കാലുകൾ മണ്ണിൽ ആഴ്ന്നു. ഞാൻ നിലത്തുവീണു. വീണ്ടും എഴുന്നേറ്റ് കുതിരയെ തെളിച്ചു. ശകുനം അവഗണിച്ച് യാത്ര തുടർന്നു. തിരുനബിയുടെ വാഹനത്തോടടുത്തു. സിദ്ദീഖ് എന്നെ നോക്കുന്നുണ്ടായിരുന്നു. തിരുനബി ഖുർആൻ ഓതുകയായിരുന്നു. ആ പാരായണം എനിക്ക് കേൾക്കാം. വീണ്ടും എന്റെ വാഹനം മുട്ടുവരെ ആഴ്ന്നുപോയി. ഉടനെ ഞാൻ നബിയോടും സിദീഖിനോടും സഹായം തേടി. ഞാൻ വിളിച്ചുപറഞ്ഞു: നിങ്ങൾ എന്റെ ആയുധങ്ങളും ഭക്ഷണ സാധനങ്ങളുമൊക്കെ എടുത്തോളൂ. ഞാൻ നിങ്ങൾക്കനിഷ്ടമായി ഒന്നും ചെയ്യില്ല. ഉടനെ തിരുനബി സിദ്ദീഖിനോട് പറഞ്ഞു. അയാൾക്കെന്താണ് വേണ്ടതെന്ന് ചോദിക്കൂ. അപ്പോൾ ഞാൻ, മക്കക്കാർ ഇനാം പ്രഖ്യാപിച്ച വിവരം പങ്കുവെച്ചു. അവരുടെ ചർച്ചകളും ആലോചനകളും പറഞ്ഞു. അവർ എന്റെ ഭക്ഷണമോ ആയുധമോ ഒന്നും സ്വീകരിച്ചില്ല. മറിച്ച് ഞങ്ങളെക്കണ്ട വിവരം രഹസ്യമാക്കിവെക്കണമെന്ന് മാത്രം പറഞ്ഞു. പ്രവാചകരുടെ മതം അതിജയിക്കുമെന്നും നാളെത്തെ അധികാരം പ്രവാചകരുടെ കൈയിൽ വരുമെന്നും എനിക്കു ബോധ്യമായി. അതുകൊണ്ട് ഞാനവരോട് എനിക്കൊരു സുരക്ഷാ കരാർ എഴുതിത്തരണം എന്നാവശ്യപ്പെട്ടു. നാളെ ഇസ്ലാം ജയിച്ചടക്കുമ്പോൾ എനിക്ക് ഉപയോഗിക്കാൻ വേണ്ടിയായിരുന്നു അത്. തിരുനബി സിദ്ദീഖിനോട് അത് എഴുതിനൽകാൻ പറഞ്ഞു. അദ്ദേഹമത് ഒരു എല്ലിൻമേൽ എഴുതിത്തന്നു.
സംരക്ഷണക്കരാറും വാങ്ങി പോകാനൊരുങ്ങിയപ്പോൾ തിരുനബി എങ്ങോട്ടാണെന്ന് ചോദിച്ചു: കിസ്റയുടെ രണ്ട് രാജവളകൾ നിങ്ങളുടെ കൈയിൽ അണിഞ്ഞാൽ എങ്ങനെയുണ്ടാകും സുറാഖാ? ഞാൻ ചോദിച്ചു: ഹുർമുസിന്റെ മകൻ കിസ്റയോ!? അതേ, ആശ്ചര്യത്തോടെ സുറാഖ അത് ഓർത്തുവെച്ചു. മക്കയിലേക്ക് തന്നെ മടങ്ങി. തിരുനബിയെ തേടിയിറങ്ങിയ ഖുറൈശികളെ മുഴുവൻ മടക്കയാത്രയിൽ അദ്ദേഹം വഴിതിരിച്ചു വിട്ടു. തിരുനബിയെ കണ്ടുമുട്ടിയ വിവരം രഹസ്യമാക്കണമെന്ന വാക്ക് അയാൾ പാലിച്ചു. രാവിലെ ആക്രമിക്കാൻ വന്ന സുറാഖ വൈകുന്നേരം കാവൽക്കാരനായി മാറി.





