ഖുറൈശികളുടെ കുതന്ത്രങ്ങൾ മലക്ക് ജിബ്രീൽ തിരുനബിയെ അറിയിച്ചു. "ഇന്ന് അങ്ങ് സാധാരണ കിടക്കുന്നിടത്ത് ഉണ്ടായിരിക്കരുത്." തുടർന്ന് ഖുറൈശികളുടെ ചതിപ്രയോഗങ്ങളെക്കുറിച്ച് പറഞ്ഞു. പലായനത്തിന് അല്ലാഹു സമ്മതം നൽകിയ വിവരം കൈമാറി.
തിരുനബി പൊള്ളുന്ന ചൂടിൽ നട്ടുച്ചനേരത്ത് വീട്ടിൽ നിന്നിറങ്ങി. സാധാരണ ആളുകൾ ഇറങ്ങിനടക്കാത്ത സമയമാണ്. മുഖം മറച്ച് നേരേ പ്രിയസുഹൃത്ത് അബൂബകർ സിദ്ദീഖിന്റെ വീട്ടിലേക്ക് നടന്നു. തിരുനബി നടന്നുവരുന്ന രംഗം കണ്ട സിദ്ദീഖ് ആലോചിച്ചു: "ഈ സമയത്ത് വരണമെങ്കിൽ എന്തോ പ്രധാനപ്പെട്ട കാര്യമുണ്ടാകുമല്ലോ? തിരുദൂതർ വീട്ടുപടിക്കലെത്തി സലാം ചൊല്ലി. സിദ്ദീഖ് പ്രത്യഭിവാദ്യം ചെയ്ത് സ്നേഹിതനെ അകത്തേക്ക് ആനയിച്ചു. തിരുനബി അവിടെയുള്ളവരോട് ഒന്ന് മാറിനിൽക്കാൻ പറഞ്ഞു. "ഇവിടെ മറ്റാരുമില്ല നബിയേ! രണ്ട് പെൺമക്കളേ ഇവിടെയുള്ളൂ. എന്താണവിടുന്ന് ഈ സമയത്ത് വന്നത്?" സിദ്ദീഖ് പ്രതിവചിച്ചു. "അല്ലാഹു എനിക്ക് പലായനത്തിന് സമ്മതം നൽകിയിരിക്കുന്നു." തിരുനബി ഇതു പറഞ്ഞുനിർത്തിയതും സിദ്ദീഖ് ചോദിച്ചു: "ഞാനും ഒപ്പം കൂടിക്കോട്ടേ?" അതെയെന്ന് മറുപടി കിട്ടിയതും സിദ്ദീഖ് ആനന്ദാശ്രു പൊഴിച്ചു. അദ്ദേഹത്തിന്റെ മകൾ ആഇശ പറയുന്നു: "സന്തോഷത്താൽ ഇങ്ങനെയൊരു കരച്ചിൽ ഞാൻ കണ്ടിട്ടേയില്ല"
"എന്റെ ഈ രണ്ടു വാഹനങ്ങളിലൊന്നിൽ നമുക്ക് പുറപ്പെടാം." നാലു മാസമായി സിദ്ദീഖ് പ്രത്യേകം പരിപാലിച്ചുവരുന്ന വാഹനങ്ങളാണ് രണ്ടും. സമുർ മരത്തിന്റെ ഇല നൽകി അവയെ യാത്രയ്ക്ക് പാകപ്പെടുത്തി നിർത്തിയിരിക്കുകയാണ്. തിരുനബി അത് വിലയ്ക്കു വാങ്ങിക്കൊള്ളാമെന്നു പറഞ്ഞു. പക്ഷേ അബൂബകർ ആ വാഹനം പ്രവാചകർക്ക് സമ്മാനമായി നൽകി.
പലായനത്തിന് വ്യക്തമായൊരു പദ്ധതി തയ്യാറായി. സഞ്ചരിക്കാനുള്ള വാഹനങ്ങൾ തെളിച്ച് നിശ്ചിത സ്ഥലത്തെത്താൻ അബ്ദുല്ലാഹിബ്നു ഉറൈഖിതിനെ ഏർപ്പാടു ചെയ്തു. ഉറൈഖിത് സത്യവിശ്വാസി അല്ലായിരുന്നു. എന്നാൽ പ്രദേശത്തെ വഴികൾ നന്നായി അറിയുന്ന, കഴിവും വിശ്വസ്തതയുമുള്ള ആളായിരുന്നു. മക്കയിൽ ആടിനെ മേച്ച് വിവരങ്ങൾ ശേഖരിക്കാനും ഖുറൈശികളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും സിദ്ദീഖിന്റെ പരിചാരകൻ ആമിർ ബിൻ ഫുഹൈറയെ ഏൽപ്പിച്ചു. തിരുനബിയും സിദ്ദീഖും ആദ്യം എത്തിച്ചേരാൻ ഉദ്ദേശിക്കുന്ന സ്ഥലം സിദ്ദീഖിന്റെ മകൻ അബ്ദുല്ലയോട് പറഞ്ഞു. ആമിറിനോട് മുമ്പേ അവിടെ എത്താനും കാര്യങ്ങൾ ക്രമീകരിക്കാനും നിർദേശിച്ചു. ആഇശ പറയുന്നു: "അത്യാവശ്യമുള്ള യാത്രാസാമഗ്രികൾ ഞങ്ങൾ തയ്യാർ ചെയ്തു- തോൽപാത്രത്തിൽ ഭക്ഷണവും സുപ്രയും തയ്യാറാക്കിവെച്ചു. ഉപ്പയുടെ കൈയിൽ ആകെയുണ്ടായിരുന്ന അയ്യായിരം ദിർഹം ഒരു പൊതിയിൽ കരുതി. അത് നിർദേശപ്രകാരം എത്തിച്ചുനൽകാൻ അബ്ദുല്ലയെ ഏൽപ്പിച്ചു"
തിരുനബി തിരികെ വീട്ടിലേക്കു പോയി. വീട് വളയുമെന്നും ഉണർന്നെഴുന്നേറ്റാൽ ചാടിവീണ് അക്രമിക്കാനാണ് പദ്ധതിയെന്നും തിരുദൂതർ മനസ്സിലാക്കി. തന്റെ വിരിപ്പിൽ കിടക്കാൻ അനുചരൻ അലിയെ ഏൽപ്പിച്ചു. അവർ മക്കയിൽ നിന്നുപോയാലും അലി കുറച്ചുദിവസം മക്കയിൽ തന്നെ താമസിക്കണമെന്നു പറയുകയും ചെയ്തു. തിരുനബിയുടെ കൈയിൽ ജനങ്ങൾ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന സ്വത്തുവകകൾ ഉടമസ്ഥർക്ക് തിരിച്ചേൽപ്പിക്കാനും അലിയെത്തന്നെ ചുമതലപ്പെടുത്തി. മക്കയിൽ പ്രവാചകർ മുഹമ്മദ് നബി ﷺ ജീവിച്ചിരുന്ന കാലത്ത്, അദ്ദേഹത്തെ “അൽ-അമീൻ” (വിശ്വസ്തൻ) എന്ന് ജനങ്ങൾ ഒന്നടങ്കം വിളിക്കുമായിരുന്നു. തിരുനബിയെ എതിർക്കുന്ന ഖുറൈശ് ജനങ്ങൾ പോലും സ്വത്തുവകകളും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാൻ തിരുനബിയുടെ കൈയിൽ ഏൽപ്പിക്കാറുണ്ടായിരുന്നു. തന്നെ വധിക്കാനായി ആസൂത്രണം ചെയ്തു വീടു വളഞ്ഞ സന്ദർഭത്തിൽ പോലും ഈ ശത്രുക്കൾ ഉൾപ്പെടെയുള്ളവർ വിശ്വസിച്ചേല്പിച്ച സൂക്ഷിപ്പ് മുതലുകൾക്ക് ഭംഗം വരാതെ തിരികെയേൽപിക്കാൻ തിരുനബി അതീവശ്രദ്ധ പുലർത്തി. ഇസ്ലാം അമാനത് (വിശ്വാസം / trust) കാത്തുസൂക്ഷിക്കുന്നതിൽ അത്യന്തം കർശനമാണ്. ശത്രുക്കളുടെ സ്വത്തുപോലും നീതിപൂർവം തിരികെ നൽകേണ്ടതാണു എന്ന മഹത്തായ ഈ പ്രവാചകമാതൃക ഇസ്ലാം പിന്തുടരുന്നു.
തിരുനബിയുടെ പുതപ്പിനുള്ളിൽ അലി കിടന്നു. രാത്രിയിൽ ശത്രുക്കൾ വീട് വളഞ്ഞു. പ്രധാനികളായ 11 പേർ ഖുറൈശികളുടെ പ്രതിനിധികളായി ഈ ദൗത്യം ഏറ്റെടുത്തിരുന്നു: അബൂജഹ്ൽ, അൽ ഹകം ഇബ്നു അബിൽ ആസ്വ്, ഉഖ്ബത് ബിൻ അബീ മുഐത്വ്, അന്നള്ർ ബിൻ ഹാരിസ്, ഉമയ്യത് ബിൻ ഖലഫ്, സംഅ ബിൻ അൽ അസ്വദ്, തൈമഅ ബിൻ അദിയ്യ്, അബൂലഹബ്, ഉബയ്യ് ബിൻ ഖലഫ്, നുബൈഹ് ബിൻ അൽ ഹജ്ജാജ്, മുനബ്ബിഹ് ബിൻ അൽ ഹജ്ജാജ്. പദ്ധതിപ്രകാരം ഇവർ 11 പേരും തിരുനബിയുടെ വീടിന്റെ പരിസരത്തെത്തി. പലരും വാതിൽക്കൽ തന്നെ നിലയുറപ്പിച്ചു. തിരുനബി പുറത്തേക്കിറങ്ങേണ്ട താമസം മാത്രം മതി. പഴുതടച്ച ഒരു ഓപ്പറേഷനാണെന്ന് അവർ വിചാരിച്ചു. അബൂജഹൽ വീരവാദം മുഴക്കിക്കൊണ്ടിരുന്നു. കൂട്ടത്തിൽ തിരുനബിയെ പരിഹസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ മുഹമ്മദിനെ പിന്തുടർന്നാൽ അറബികളുടെയും അനറബികളുടെയും രാജാക്കളായി നിങ്ങൾ മാറുമെന്ന് മുഹമ്മദ് വീമ്പ് പറയുന്നുണ്ട്. മരണാനന്തരം പുനർജന്മം ഉണ്ടെന്നും ജോർദാനിലെ ഉദ്യാനങ്ങളെ വെല്ലുന്ന തോട്ടം അവിടെ ലഭിക്കുമെന്നും അനുസരിക്കാത്തവർ കൊല്ലപ്പെടുകയും പരലോകത്ത് അഗ്നിയാക്കപ്പെടുകയും ചെയ്യുമെന്നും പറയുന്നു, ഹോ!”
നിദ്രാവിഹീനരായി അവർ കാത്തിരുന്നു. എന്നാൽ അവരുടെ ഉദ്ദേശ്യം സഫലമായില്ല. പരമാധികാരിയായ അല്ലാഹുവിന്റെ നിശ്ചയമാണ് നടന്നത്. അല്ലാഹു തന്നെ അത് ഖുർആനിലൂടെ പ്രവാചകരെ അറിയിച്ചു. എട്ടാം അധ്യായം മുപ്പതാം സൂക്തത്തിന്റെ ആശയം ഇങ്ങനെ: “തങ്ങളെ ബന്ദിയാക്കാനോ വധിച്ചുകളയാനോ നാട്ടിൽ നിന്നു പുറത്താക്കാനോ വേണ്ടി അവർ കൗശലങ്ങൾ ഉപയോഗിച്ച സന്ദർഭം ഓർക്കുക. അവർ തന്ത്രം മെനയുന്നു, അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. ഏറ്റവും മെച്ചപ്പെട്ട ഉപായം നടപ്പിലാക്കുന്നവൻ അവൻ തന്നെ”
അവർ അകത്തേക്കു നോക്കിയപ്പോൾ തിരുനബിയുടെ കിടക്കയിൽ ആളുണ്ട്. അവർ ഇടയ്ക്കിടെ നോക്കി അതുറപ്പിച്ചുകൊണ്ടിരുന്നു. അർധരാത്രിയായി. തിരുനബി വീടിന്റെ വാതിൽ മെല്ലെ തുറന്നു. ഒരുപിടി മണൽ വാരി അതിൽ ഖുർആനിലെ സൂക്തങ്ങൾ മന്ത്രിച്ചു. 'യാസീൻ' അധ്യായത്തിലെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള സൂക്തങ്ങളായിരുന്നു അവ. ശേഷം ആ പിടി മണൽ ചുറ്റും വിതറി. വീട് വളഞ്ഞുനിന്ന ഓരോരുത്തരുടെയും തലയിൽ അതു പതിച്ചു. അവർ സുഖസുഷുപ്തിയിലായി. തിരുനബി തടസ്സങ്ങളില്ലാതെ നടന്നു പുറത്തേക്ക് വന്നു. നേരേ സിദ്ദീഖിന്റെ വീട്ടിലേക്ക്. അത്യാവശ്യം സാധനങ്ങളുമെടുത്ത് തിരുനബിയും സിദ്ദീഖും പിൻവാതിലിലൂടെ പുറത്തിറങ്ങി.
തിരുദൂതർ വീട് വിട്ടുകഴിഞ്ഞപ്പോൾ വീട് വളഞ്ഞ യുവാക്കൾക്കിടയിലേക്ക് ഒരാൾ പ്രത്യക്ഷപ്പെട്ടു. അയാൾ ചോദിച്ചു: "നിങ്ങളെല്ലാവരും ഇവിടെ ആരെയാണ് കാത്തുനിൽക്കുന്നത്?" "മുഹമ്മദിനെ." "ശരി, നിങ്ങളുടെ എല്ലാവരുടെയും തലയിൽ മണ്ണ് വിതറി മുഹമ്മദ് പോകേണ്ടിടത്ത് പോയിരിക്കുന്നു." അവർ തലയിൽ തപ്പി നോക്കി. അതെ, എല്ലാവരുടെയും തലയിൽ മണൽത്തരികളുണ്ട്. അവർ അത്ഭുതപ്പെട്ടു. ഉടനെ വീടിനുള്ളിലേക്ക് നോക്കി. അപ്പോൾ വിരിപ്പിൽ നിന്ന് ആൾ എഴുന്നേറ്റിട്ടില്ല. അതുകണ്ട് അവർ ആശ്വസിച്ചു.
നേരം വെളുക്കാനായി. അവർ ആവേശത്തോടെ നോക്കി. ദൗത്യനിർവഹണത്തിനുള്ള സമയമടുത്തുവെന്ന് ഓരോരുത്തരും ഉള്ളിൽ പറഞ്ഞു. അന്നേരത്താണ് ഉറങ്ങുന്നയാൾ പുതപ്പ് മാറ്റി പുറത്തേക്ക് വരുന്നത്. അവർ സൂക്ഷിച്ചുനോക്കി. അമളി പറ്റിപ്പോയല്ലോ? അത് അലിയാണ്! അലി അംഗസ്നാനത്തിനുള്ള വെള്ളമെടുത്തു പുറത്തുവന്നു. വീട് വളഞ്ഞവർ അമ്പരന്നു. കൂട്ടത്തിൽ ചിലർ പറഞ്ഞു: "ആ വന്നയാൾ പറഞ്ഞത് ശരിയായിരുന്നു, മുഹമ്മദ് കടന്നുപോയിരിക്കുന്നു." അലിയോട് അവർ ചോദിച്ചു: "ഇതെന്താ നീ ആൾമാറാട്ടം നടത്തുകയാണോ? നിന്റെ നേതാവിനിങ്ങനെ ആൾമാറാട്ടം ഒന്നുമില്ലല്ലോ?"





