വിശ്വാസികൾക്ക് ആശ്വാസതീരമാകാൻ യസ്രിബിനാകുമെന്ന് തിരുനബിയും ﷺ അനുചരരും നിരീക്ഷിച്ചു. കൊച്ചുകൊച്ചു സംഘങ്ങളായി മദീനയിലേക്കുള്ള പലായനത്തിന് തിരുനബി സമ്മതമേകി. മക്കയിൽ നിന്ന് ഒറ്റയ്ക്കും കൂട്ടമായുമുള്ള യാത്രകൾ ആരംഭിച്ചു. മറുപക്ഷം അത് തടയാൻ ശ്രമിച്ചു. പലരെയും വഴിയിൽ നിന്ന് പിടിച്ചു തിരികെക്കൊണ്ടുവന്നു. അക്രമങ്ങൾ തുടർന്നു. യാത്ര ചെയ്ത ദമ്പതികളെ വേർപെടുത്തി; ചിലരെ വീടുകളിൽ ബന്ധിച്ചു. എന്നാലും ആളുകളെ കൊന്നാൽ ഉണ്ടായേക്കാവുന്ന ഗോത്രങ്ങൾക്കിടയിലെ ആഭ്യന്തര യുദ്ധം മക്കക്കാർ ഭയന്നു.
മുഹമ്മദ് നബി ﷺ പലായനം ചെയ്യുമോ ഇല്ലയോ എന്നവർക്ക് തീർച്ചപ്പെടുത്താനായില്ല. കാരണം അബ്സീനിയയിലേക്ക് വിശ്വാസികൾ പോയ നേരത്ത് തിരുനബി ﷺ മക്കയിൽ തന്നെ തുടരുകയായിരുന്നല്ലോ. ഇടയ്ക്ക് പ്രിയ കൂട്ടുകാരൻ അബൂബകർ പലായനത്തിന് സമ്മതം ചോദിച്ചപ്പോൾ "നിങ്ങൾക്ക് നല്ല സഹയാത്രികനെ ലഭിക്കും" എന്നായിരുന്നു തിരുനബിയുടെ മറുപടി.
തിരുനബിയും കൂടി യസ്രിബിലേക്ക് പോയാൽ മുസ്ലിംകളുടെ ഒരു സംഘാടനം നടക്കുമെന്ന് അവർ ന്യായമായും സംശയിച്ചു. തിരുനബിയുടെ ﷺ ഓരോ നീക്കങ്ങളും അവർ നിരീക്ഷിച്ചുകൊണ്ടിരുന്നു. മദീനയിൽ നാൾക്കുനാൾ വിശ്വാസികൾ വർദ്ധിക്കുന്നതും മക്കയിൽ നിന്ന് എത്തുന്നവർ കൂടിച്ചേർന്ന് ഒരു സമൂഹമായി വളരുന്നതും മക്കക്കാരെ ചിന്തിപ്പിച്ചു. നേതൃത്വത്തിന് മുഹമ്മദ് ﷺ കൂടി എത്തിയാൽ എന്തുണ്ടാകുമെന്ന് അവർ ചർച്ച ചെയ്തു. "ശാമിലേക്കുള്ള കച്ചവടസംഘത്തെ വഴിയിൽ തടഞ്ഞ് മക്കയെ അവർ ഉപരോധത്തിലാക്കിയേക്കും. കാരണം അത്രയും നമ്മൾ അവരോട് ചെയ്തു; മുപ്പതു മാസം മലഞ്ചെരുവിൽ പട്ടിണിക്കിട്ട് ഉപരോധം തീർത്തതാണ്." ഖുറൈശികളുടെ ആശങ്കകൾ വളർന്നു.
മക്കയിൽ നിന്ന് ആദ്യം മദീനയിലെത്തിയത് (അന്ന് യസ്രിബ്) മിസ്അബ് ബിൻ ഉമൈറായിരുന്നു. എന്നാൽ ഇസ്ലാം പരിചയപ്പെടുത്താനും ഖുർആൻ പഠിപ്പിക്കാനും നിയോഗിക്കപ്പെട്ട വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പലായനം. അബൂസലമത് ബിൻ അബ്ദുൽ അസദാണ് പിന്നീട് യാത്ര പോയത്. അഖബാ ഉടമ്പടിയുടെ ഒരു വർഷം മുമ്പായിരുന്നു അതെന്നാണ് ഇബ്നു ഇസ്ഹാഖിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ പത്നി ഹിന്ദിനെ ഒരു വർഷം വരെ മക്കക്കാർ തടഞ്ഞുവെച്ചു. ഏകാന്തയായി നടന്ന് ഹറമിന്റെ അതിർത്തിയായ തൻഈമിലെത്തിയപ്പോൾ ഉസ്മാൻ ബിൻ ത്വൽഹ അവരെ കണ്ടുമുട്ടി. അദ്ദേഹം അവരുടെ ഒപ്പം ചേർന്നു. അന്ന് ബഹുദൈവ വിശ്വാസിയായിരുന്ന ഉസ്മാൻ ശേഷം ഇസ്ലാം സ്വീകരിച്ചു.
ഈ യാത്രയെക്കുറിച്ച് പിൽക്കാലത്ത് ഹിന്ദ് വാചാലയായി: "ഉസ്മാൻ ബിൻ ത്വൽഹയെക്കാൾ മാന്യനായ ഒരാളെ ഞാൻ കണ്ടിട്ടില്ല. കാരണം മക്കയിൽ നിന്ന് ഏകാന്തയായി യാത്ര തിരിച്ച എനിക്ക് അദ്ദേഹം സഹായമേകി. ഇടയിൽ ഇറങ്ങേണ്ട സ്ഥലമെത്തിയാൽ അവിടെ വാഹനം കടിഞ്ഞാൺ പിടിച്ചു നിർത്തിത്തരും; എന്നിട്ട് അകലെ മാറിനിൽക്കും. ഞാൻ ഇറങ്ങി അൽപം അകലേക്ക് മാറിയാൽ വാഹനത്തെ കൂട്ടി അൽപം ദൂരെ മരത്തിലോ മറ്റോ കെട്ടിയിടും; എന്നിട്ട് അദ്ദേഹം അവിടെ വിശ്രമിക്കും. പുറപ്പെടാൻ നേരമായാൽ വാഹനമടുപ്പിച്ച് മുട്ടുകുത്തിച്ചു മാറിനിൽക്കും. ഞാൻ കയറി തയ്യാറായിക്കഴിഞ്ഞാൽ കടിഞ്ഞാൺ നിയന്ത്രിച്ച് യാത്ര തുടരും. മദീനയിലെത്തുന്നത് വരെ ഇത് തുടർന്നു. എന്നെ മദീനയിലെ ഖുബായിൽ എത്തിച്ച ശേഷം പറഞ്ഞു: 'നിന്റെ ഭർത്താവ് അതാ അവിടെയുണ്ട്.' ശേഷം അദ്ദേഹം മക്കയിലേക്ക് തിരിച്ചു".
മദീനയിലേക്ക് പുറപ്പെട്ടവരിൽ പ്രധാനിയാണ് അബ്ദുല്ലാഹിബ്നു ജഹ്ശും കുടുംബവും. കുടുംബത്തിലെ ഭാര്യസന്താനങ്ങളടക്കം എല്ലാവരും പലായനം ചെയ്തു. അബ്ദുല്ലയുടെ സഹോദരൻ കാഴ്ചപരിമിതിയുള്ള അബൂ അഹ്മദും ഒപ്പമുണ്ടായിരുന്നു. കാഴ്ചപരിമിതനാണെങ്കിലും മക്കയിലെവിടെയും ഒരു സഹായിയില്ലാതെ അദ്ദേഹം യാത്ര ചെയ്യുമായിരുന്നു.
അന്ന് ഖുറൈശികളുടെ നേതാവായിരുന്ന അബൂസുഫിയാന്റെ മകൾ ഫാരിഅ, അബ്ദുല്ലയുടെ പത്നിയായിരുന്നു. മകളും കുടുംബവും പലായനം ചെയ്തതിന് പിന്നെ അബൂസുഫിയാൻ ആ ഭവനം കൈയ്യേറി. ബനൂ ആമിറിൽ നിന്ന് അദ്ദേഹം അത് വാങ്ങിയെന്നും അഭിപ്രായമുണ്ട്. ഇതറിഞ്ഞ അബ്ദുല്ലാഹിബ്നു ജഹ്ശ് തിരുനബിയോട് ﷺ ആവലാതി പറഞ്ഞു. തിരുനബി ﷺ അദ്ദേഹത്തെ ആശ്വസിപ്പിച്ചു: "നിങ്ങൾക്ക് അതിനുപകരം സ്വർഗത്തിൽ ഒരു ഭവനം അല്ലാഹു നൽകും. അത് മതിയാകുമോ?" അദ്ദേഹത്തിന് സന്തോഷമായി, അത് സ്വീകരിച്ചു.
പിൽക്കാലത്ത് മക്കയിൽ മുസ്ലിംകൾ വിജയം ആസ്വദിച്ചപ്പോൾ അബ്ദുല്ലയുടെ സഹോദരൻ അബൂ അഹ്മദ് ഈ ഭവനത്തെക്കുറിച്ച് തിരുനബിയോട് ﷺ സംസാരിക്കാനൊരുങ്ങി. അപ്പോൾ കൂടെയുള്ളവർ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. ഇസ്ലാമിനു വേണ്ടി പണ്ട് നഷ്ടപ്പെടുത്തിയതൊക്കെ ഇനി തിരുനബിയോട് ﷺ ചോദിക്കുന്നത് ഉചിതമല്ലെന്ന് പറഞ്ഞു. അതദ്ദേഹം ശരിവെച്ചു.





