തിരുനബി യാത്രപറഞ്ഞിറങ്ങി. അധികം വൈകിയില്ല, അബൂമഅ്ബദ് ആടുകളെ തെളിച്ച് മടങ്ങിയെത്തി. വീട്ടിൽ വന്നു കയറിയതും പാൽ കണ്ട് അയാൾ ആശ്ചര്യപ്പെട്ടു. ഭാര്യ ആത്വിഖയോട് ചോദിച്ചു: "എവിടെ നിന്നാണ് ഈ പാൽ?" (ഉമ്മുമഅ്ബദിൻ്റെ ശരിയായ പേര് ആത്വിഖ ബിൻത് ഖാലിദ് എന്നാണ്, ബനൂ ഖുസാഅ കുടുംബക്കാരിയാണവർ). ഭർത്താവിന്റെ ചോദ്യത്തിന് എങ്ങനെ മറുപടി പറയണമെന്നറിയാതെ അവർ കുഴങ്ങി. "ഒരുപാട് പ്രത്യേകതകളുള്ള ഒരാൾ ഇതുവഴി കടന്നുപോയി. പ്രകാശിക്കുന്ന മുഖവും തിളങ്ങുന്ന ഭാവവുമുള്ള ഒരാൾ. ഒത്തഭംഗിയുള്ള ശരീര പ്രകൃതം. അമിതവണ്ണമില്ല. കണ്ണുകളിൽ കുറുപ്പിൻ്റെ രാശി. നീളമുള്ള കൺപീലികൾ. ശബ്ദത്തിന് നല്ല വ്യക്തത. നീളമുള്ള പിരടി. നീണ്ട പുരികങ്ങൾ; അവ തമ്മിൽ ചേർന്നുനിൽക്കുന്നു. തിങ്ങിയ താടിരോമങ്ങൾ. മനനത്തിലായിരിക്കുമ്പോഴും ഒരു പ്രൗഢി വലയം ചെയ്തിരിക്കുന്നു. സംസാരിക്കാൻ തുടങ്ങിയാൽ പ്രഭപൊഴിയുന്ന വാക്ചാതുരി. ഉതിർന്നുവീഴുന്ന മുത്തുമണികൾ പോലെയാണ് ഓരോ വാക്കുകളും. നീളക്കൂടുതലോ നീളക്കുറവോ പറയാനില്ലാത്ത ഒത്ത ശരീരം. വന്ന മൂന്നുപേർക്കിടയിലെ ഏറ്റവും സൗന്ദര്യമുള്ള ആൾ. ഒപ്പമുള്ളവർക്കിടയിൽ ഉന്നതസ്ഥാനം കൽപ്പിക്കപ്പെടുന്ന വ്യക്തി. അവിടുന്ന് സംസാരിച്ചാൽ ഒപ്പമുള്ളവർ സാകൂതം ശ്രദ്ധിച്ചുനിൽക്കും. എന്തെങ്കിലും ആജ്ഞാപിച്ചാൽ അവരത് വേഗം നിറവേറ്റും; ശിരസാവഹിക്കാൻ മത്സരിക്കും. വാർധക്യത്തിൻ്റെ ക്ഷീണമോ ശാരീരിക പരിഭവങ്ങളോ ഒന്നുമില്ല. മൊത്തത്തിൽ ആകർഷണീയമായ ഒരു മഹത് വ്യക്തിത്വം." ഇത്രയും കേട്ടപ്പോഴേക്കും അബൂമഅ്ബദ് ഇടയ്ക്ക് കയറി: "ഇതുതന്നെയാണ് ഖുറൈശികൾക്കിടയിൽ പ്രത്യക്ഷപ്പെട്ട ആ മഹാൻ. ഹോ! എനിക്കൊന്നു കണ്ടുമുട്ടാൻ കഴിഞ്ഞെങ്കിൽ, ഞാനും ഒപ്പം സഞ്ചരിക്കുമായിരുന്നു"
ഉമ്മുമഅ്ബദിൻ്റെ കുടിലിൽ നിന്നിറങ്ങി ഖുദൈദ് താഴ്വരയിലേക്ക് കടന്നു, തിരുനബിയുടെ വാഹനം. നൂറ്റിഅൻപത് കിലോമീറ്ററോളം ചെങ്കടൽ വരെ വ്യാപിച്ചുകിടക്കുന്ന താഴ്വരയാണ് ഖുദൈദ്. ഈ താഴ്വരയുടെ വടക്കുഭാഗം അൽമുശല്ലൽ ലാവാ ട്രാക്ടിന്റെ അതിർത്തിയാണ്.
ഖുറൈശികൾ അന്വേഷണം ശക്തിപ്പെടുത്തി. നബിയെയും അനുചരൻ സിദ്ദീഖിനെയും വധിക്കുകയോ ജീവനോടെ ഹാജരാക്കുകയോ ചെയ്യുന്നവർക്ക് നൂറ് ഒട്ടകം ഇനാം പ്രഖ്യാപിക്കപ്പെട്ടു. അതോടെ പലരും നാലുപാടും പരതിയിറങ്ങി. ഒരു സംഘം ഉമ്മുമഅ്ബദിൻ്റെ വീട്ടിലുമെത്തി. "ഇത്തരം വിശേഷണങ്ങളുള്ള ഒരാൾ ഇതുവഴി വന്നിരുന്നോ?" അവൾ പറഞ്ഞു: "അതൊന്നും എനിക്കറിയില്ല. കറവയില്ലാത്ത ആടിന് പാൽ കറന്നുതന്ന ഒരാൾ വന്നിരുന്നു." അപ്പോൾ ഖുറൈശികൾ പറഞ്ഞു: "അതുതന്നെ ഞങ്ങൾ അന്വേഷിക്കുന്ന ആൾ."





