ക്രിസ്താബ്ദം 622 സെപ്റ്റംബർ 8. പത്നി ഖദീജയുമൊത്ത് താമസിച്ചിരുന്ന മക്കയിലെ ഭവനത്തിൽ നിന്ന് ഹിജ്റ ഒന്നാം വർഷം സഫർ 26 വെള്ളിയാഴ്ച രാത്രി തിരുനബി പുറപ്പെട്ടു. നേരേ മക്കയിലെ ഹസൂറയിലെത്തി. നബിയുടെ പിതൃസഹോദരൻ അബൂത്വാലിബിന്റെ മകൾ ഉമ്മുഹാനിഇന്റെ വീട്ടുമുറ്റമായിരുന്നു അത്. ഇന്നത്തെ മസ്ജിദുൽ ഹറാമിൻ്റെ അബ്ദുൽ അസീസ് കവാടത്തോട് ചേർന്നുള്ള ബാബുൽ വിദാഇൻ്റെ സ്ഥാനത്താണ് ഈ സ്ഥലം. അവിടുന്നു നേരേ അനുചരൻ അബൂബകർ സിദ്ദീഖിൻ്റെ വീട്ടിലേക്ക് നടന്നു. പ്രസ്തുത ഭവനം പിൽക്കാലത്ത് മസ്ജിദ് അബൂബകർ എന്ന പേരിൽ പള്ളിയായി പുനർനിർമിച്ചു. കാലാന്തരത്തിൽ അതു പൊളിച്ചുമാറ്റപ്പെട്ടു. ഇന്ന് ‘അബ്റാജ് മക്ക’ (മക്കാ ടവർ) നിലകൊള്ളുന്ന സ്ഥലമാണിത്. അവിടെ നിന്ന് 'കുദായ്' കുന്നു വഴി വടക്കോട്ടാണ് മദീനയിലേക്കു തിരിയേണ്ടത്. പക്ഷേ തിരുനബിയും സിദ്ദീഖും തെക്കോട്ട് നടന്ന് സൗർ മലയുടെ അടുത്തെത്തി. തുടർന്ന് ഗുഹയിൽ കയറിത്താമസിച്ചു. മൂന്നാമത്തെ ദിവസം ഇബ്നു ഉറൈഖിത് വാഹനങ്ങളുമായി എത്തി.
റബീഉൽ അവ്വൽ 1, സെപ്റ്റംബർ 16, തിങ്കളാഴ്ച സൗറിൽ നിന്ന് അവർ യാത്ര തുടർന്നു. തിരുനബിയും സിദ്ദീഖും ആമിർ ബിൻ ഫുഹൈറയും വഴികാട്ടിയും സാധാരണഗതിയിൽ യാത്രക്കാർ പോകാത്ത വഴിതേടി ചെങ്കടലിന്റെ ഭാഗത്തേക്ക് നീങ്ങി. തിരുനബി പ്രത്യേക പ്രാർഥനകൾ നിർവഹിച്ചു: “ശൂന്യതയിൽ നിന്ന് എന്നെ സൃഷ്ടിച്ച അല്ലാഹുവേ, നിനക്കാണു സർവസ്തുതിയും. എന്റെ യാത്രയിൽ നീ കൂട്ടാവുകയും കുടുംബത്തിനു തുണയാവുകയും ചെയ്യേണമേ! രാപകലുകളുടെ വിപത്തിൽ നിന്നും ഈ ഭൗതിക ലോകത്തിൻ്റെയും കാലത്തിൻ്റെയും കെടുതികളിൽ നിന്നും സംരക്ഷിക്കേണമേ! എന്നെ നീ വിനയമുള്ള ദാസനാക്കുകയും നൽകിയ വിഭവങ്ങളിൽ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ! സജ്ജനങ്ങളോടൊപ്പം ചേർക്കുകയും നിന്നോട് പ്രിയം വർധിപ്പിക്കുകയും ചെയ്യേണമേ! നീ എന്റെയും എല്ലാ ദുർബലരുടെയും പരിപാലകനാണല്ലോ! നിൻ്റെ കോപവും അനിഷ്ടവും വന്നു ഭവിക്കാതിരിക്കാൻ നിന്നെ മുൻനിർത്തി ഞാൻ കാവൽ തേടുന്നു. നിൻ്റെ നിശ്ചയപ്രകാരമാണല്ലോ ആകാശഭൂമികൾ ഉദയം ചെയ്തത്; ഇരുൾ വെളിച്ചമായി മാറിയത്; കഴിഞ്ഞതും വരാനുള്ളതുമായ മുഴുവൻ ആളുകളുടെയും കാര്യങ്ങൾ നേരെയാകുന്നത്. അല്ലാഹുവേ.. നീ തന്ന അനുഗ്രഹങ്ങളും ക്ഷേമവും നീങ്ങിപ്പോകാതിരിക്കാൻ നിന്നോടു തന്നെ ഞാൻ കാവൽ തേടുന്നു - വിപത്തുകൾ വന്നു ഭവിക്കാതിരിക്കാനും നിൻ്റെ കോപത്തിനു പാത്രമാകാതിരിക്കാനും. എല്ലാ നീക്കുപോക്കുകളും നിന്നിൽ നിന്നു മാത്രമാണ്"
മക്കയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള ബുശൈമാത് പർവതനിരകൾ വാഹനത്തിന്റെ വലതുഭാഗത്താണുള്ളത്. ‘വാദീ ഇബ്റാഹീം’ എന്നറിയപ്പെടുന്ന മക്കാതാഴ്വര കഴിയുന്നതു വരെ ഇപ്രകാരം യാത്ര തുടർന്നു. ‘വാദീ ഉർന’ എന്ന താഴ്വര എത്തിയപ്പോൾ വടക്കോട്ടു തിരിഞ്ഞു. വാഹനം മുന്നോട്ടുനീങ്ങി. ഇപ്പോൾ വടക്കുഭാഗത്ത് ഉമ്മുൽ ഹുശൈമിന്റെ തോട്ടമുണ്ട്. ഇത് ഖുസാഅ ഗോത്രക്കാർ താമസിക്കുന്ന സ്ഥലമാണ്. അവിടെ നിന്ന് മറ്റൊരു സ്ഥലത്തെത്തി. 'മർ അളളഹിറാൻ’ എത്തുന്നതിനു മുമ്പായിരുന്നു അത്. ഹിജ്റയുടെ ആറാം വർഷം ഇവിടെവെച്ചാണ് ഹുദൈബിയ്യ സന്ധി നടന്നത്. ഇപ്പോൾ ശുമൈസി എന്നറിയപ്പെടുന്ന പ്രദേശത്തോടു ചേർന്ന സ്ഥലമാണിത്. ഈ ദേശത്തിനടുത്താണ് പിൽക്കാലത്ത് ഹറമിന്റെ അതിർത്തി നിർണയിക്കുന്ന അടയാളങ്ങൾ സ്ഥാപിച്ചത്.
തുടർന്ന് മർ അളളഹിറാനിൽ നിന്ന് ‘അൽ മുറാർ’ ഭാഗത്തേക്ക് നീങ്ങി. മുകസ്സിർ - ദഫ് എന്നീ പർവതങ്ങൾക്കിടയിലൂടെയായിരുന്നു സഞ്ചാരം. അൽമുറാർ കുന്നിൻപ്രദേശം പിൽക്കാലത്ത് ‘അൽ ഫജ്ജുൽ കരീമി’ എന്നാണ് അറിയപ്പെട്ടത്. ഹുദൈബിയ കരാർ നടന്ന വർഷത്തിൽ തിരുനബി ആയിരത്തിനാന്നൂറ് അനുയായികളോടൊപ്പം ഉംറ (തീർഥാടനം) നടത്തിയത് ഇതുവഴിയായിരുന്നു.
സൗർ ഗുഹയിൽ നിന്ന് പുറപ്പെട്ട ഒന്നാം ദിവസത്തെ യാത്ര മുറാർ താഴ്വരയിൽ നിന്ന് നേരേ ‘ഹർറതു ളജ്നാൻ’ അഥവാ ളജ്നാൻ ലാവാ ട്രാക്ടിലൂടെ തുടർന്നു. ളജ്നാൻ മലയെന്നും ഈ നാടിനെ വിശേഷിപ്പിക്കാറുണ്ട്. ഇസ്റാഇൻ്റെ രാത്രിയിൽ ഖുറൈശികളുടെ ഒരു യാത്രസംഘത്തെ ഇവിടെ വെച്ചു കണ്ടുമുട്ടിയെന്നാണ് ഖുറൈശികൾ വിശദീകരണം തേടിയപ്പോൾ തിരുനബി പറഞ്ഞത്. സമുദ്രനിരപ്പിൽ നിന്ന് 240 മീറ്റർ ഉയരമുള്ള ഈ പ്രദേശം മക്കയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ്. ലാവാ ട്രാക്ടിന്റെ നീളം ഏകദേശം 10 കിലോമീറ്റാണ്.
അവർ അൽസഗു താഴ്വരയിലേക്ക് പ്രവേശിച്ചു. അൽ ഖശ്ശാശ് പർവതനിരകൾക്കിടയിലൂടെയാണ് ഇപ്പോൾ യാത്രചെയ്യുന്നത്. ഇവിടെ നിന്ന് അൽപം പടിഞ്ഞാറ് ഭാഗത്തൊരു നിരപ്പായ സ്ഥലമുണ്ട്. അതിനോട് ചേർന്നുകിടക്കുന്ന അഗ്നിപർവത പ്രദേശത്തുവെച്ചാണ് ഹിജ്റ ആറിന് ഖാലിദ് ബിൻ വലീദിന്റെ നേതൃത്വത്തിലുള്ള ഇരുന്നൂറ് അശ്വഭടന്മാർ തിരുനബിയെയും അനുയായികളെയും കണ്ടുമുട്ടിയത്. പ്രവാചകനും ആയിരത്തിനാന്നൂറ് അനുയായികളും ഉംറ ലക്ഷ്യംവെച്ചു വരുന്നു എന്നറിഞ്ഞ് മക്കയിൽ നിന്ന് പുറപ്പെട്ടതായിരുന്നു ഖാലിദിന്റെ സൈന്യം. തുടർന്നാണ് ഹുദൈബിയയിലെത്തി സന്ധിയിൽ ഏർപ്പെട്ടത്. മടക്കയാത്രയിൽ വീണ്ടും ഇവിടെയെത്തിയപ്പോഴാണ് ‘സൂറതുൽ ഫത്ഹ്’ അഥവാ വിജയവാർത്ത അറിയിച്ചുകൊണ്ടുള്ള ഖുർആനിലെ നാൽപത്തിയെട്ടാം അധ്യായം അവതരിക്കുന്നത്.
ബറാഅ് ബിൻ ആസിബിൻ്റെ പിതാവ് അബൂബകറിനോടു ചോദിച്ചു: "നിങ്ങൾ നബിയോടൊപ്പം സൗർ ഗുഹയിൽ നിന്നു പുറപ്പെട്ട ശേഷം എന്താണു ചെയ്തത്?" മഹാൻ പറഞ്ഞു: "ഞങ്ങൾ രാത്രി പുറപ്പെട്ടു. പകലും യാത്ര തുടർന്നു. നട്ടുച്ചയായപ്പോൾ പൊള്ളുന്ന വെയിലത്ത് ഞങ്ങളൊരു തണൽ തേടി. ഒടുവിൽ ഒരു പാറയുടെ തണൽ കിട്ടി. ഞാൻ തണലിൽ പ്രവേശിച്ച് തിരുനബിക്ക് തണലൊരുക്കി. നിലം നിരപ്പാക്കി, കൈയിലുള്ളതു വിരിച്ച ശേഷം തിരുനബിയോടു പറഞ്ഞു: അവിടുന്ന് അൽപം വിശ്രമിക്കൂ. ഞാൻ പരിസരം നിരീക്ഷിച്ചോളാം. തണലിൽ നിന്നു മാറി പരിസരം നിരീക്ഷിച്ചു. നമ്മെ അന്വേഷിച്ചിറങ്ങിയ ആരെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്നായിരുന്നു ആലോചന. അതാ ഒരിടയൻ. ഞങ്ങൾ തണൽ തേടിയ പാറയുടെ തണൽ ലക്ഷ്യംവെച്ച് അടുത്തുവന്നു. അയാളോടു ചോദിച്ചു: നിങ്ങൾ എവിടെ നിന്നാണ്? അയാൾ പറഞ്ഞു മക്കയിൽ നിന്ന്. അയാൾ പേരു പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി. ഞാനയാളോടു ചോദിച്ചു: നിന്റെ ആടിനു പാലുണ്ടോ? 'അതെ.' ഞങ്ങൾക്ക് അൽപം പാൽ കറന്നുതരുമോ? 'തരാം.' അയാൾ ആടിനെ കെട്ടിയിട്ടു. 'അകിടിൽ നിന്ന് മണ്ണും ചെളിയുമൊക്കെ തട്ടി വൃത്തിയാക്കണേ?' ഞാൻ ഉണർത്തി. അയാൾ പാൽ കറന്നു. പാലും വാങ്ങി, ഒപ്പം പാൽ കുടിക്കാനും അംഗസ്നാനത്തിന് ഉപയോഗിക്കാനും പറ്റുന്ന പാത്രവുമായി ഞാൻ തിരുനബിയുടെ അടുത്തെത്തി. ആ പാത്രത്തിന്റെ വായയിൽ ഒരു തുണിക്കഷ്ണം വെച്ചിരുന്നു. അവിടുന്ന് നന്നായി ഉറങ്ങുകയാണ്. ഉണർത്താൻ എനിക്ക് മനസ്സുവന്നില്ല. ഉണരുന്നതു വരെ കാത്തുനിന്നു. ഉണർന്നപ്പോൾ ഞാൻ പാലും വെള്ളവും സമംചേർത്തു. എന്നിട്ട് പറഞ്ഞു: അവിടുന്നു പാൽ കുടിച്ചാലും. എനിക്ക് തൃപ്തിയാകുന്നതു വരെ അവിടുന്നു കുടിച്ചു. ശേഷം ചോദിച്ചു: ഇനി യാത്ര തുടരുകയല്ലേ? ഞാൻ പറഞ്ഞു: അതെ! ഞങ്ങൾ യാത്ര തുടർന്നു"
രണ്ടാം ദിവസമായപ്പോഴേക്കും യാത്ര ഉസ്ഫാൻ പട്ടണത്തിലേക്ക് കടന്നിരുന്നു. ഏകദേശം സെപ്റ്റംബർ 13, റബീഉൽ അവ്വൽ 2 ആയി. തിരക്കുള്ള കച്ചവട യാത്രാമാർഗം ഒഴിവാക്കി യാത്ര തുടരാൻ തീരുമാനിച്ചു. അപ്രകാരം ഉസ്ഫാൻ പട്ടണം മുറിച്ചുകടന്ന് ഗൗല താഴ്വരയിലേക്ക് പ്രവേശിച്ചു. ‘അമജി’ന്റെ പടിഞ്ഞാറ് വശത്ത് നഖാറ അഗ്നിപർവത പ്രദേശത്തിലൂടെ മുന്നോട്ടുപോയി. പിന്നീട് ഉവൈജ താഴ്വരയും കടന്ന് ജബൽ അൽ അഖൽ പർവതത്തിനടുത്തെത്തി.
പിൽക്കാലത്ത് വിശുദ്ധ ഖുർആനിലെ നാലാമത്തെ അധ്യായം അന്നിസാഇലെ നൂറ്റിരണ്ടാം സൂക്തം അവതരിച്ചത് ഇവിടെവെച്ചായിരുന്നു. യുദ്ധം പോലെയുള്ള ഭീതിതഘട്ടങ്ങളിലെ നിസ്കാര നിർവഹണത്തെക്കുറിച്ചായിരുന്നു അത്. നിസ്കാരം ചുരുക്കി നിർവഹിക്കാനുള്ള (ഖസ്റ്) ദൂരത്തെക്കുറിച്ചു പരാമർശിച്ചപ്പോൾ ഹദീസിൽ പ്രയോഗിച്ച ദൂരം മക്ക മുതൽ ഉസ്ഫാൻ വരെ എന്നായിരുന്നു. പ്രസ്തുത പ്രദേശങ്ങൾക്കിടയിലെ ദൂരം 48 മൈലാണ്. ഒരു ഹാശിമി മൈൽ രണ്ടേമുക്കാൽ കിലോമീറ്ററെന്ന ഗണനപ്രകാരം 132 കിലോമീറ്റർ.
തുടർന്ന് ഗൗല താഴ്വരയും ഗൗലാൻ താഴ്വരയും സന്ധിക്കുന്ന സ്ഥലത്തെത്തി. കിഴക്കേ കാരവൻ പാതയോടു ചേർന്നുനിൽക്കുന്ന സ്ഥലമാണിത്. അവിടെ നിന്ന് ‘ഉവൈജ’ താഴ്വരയിലേക്ക് കടന്നു. അപ്പോൾ ‘അഖൽ’ പർവതം തിരുനബിയുടെ ഇടതുഭാഗത്തായി വരും. വീണ്ടും മുന്നോട്ടുഗമിച്ച് ‘ജുംദാൻ’ പർവതത്തിനു സമാന്തരമായി സഞ്ചരിച്ചു. പിന്നീടൊരിക്കൽ തിരുനബി ഇതുവഴി കടന്നുവന്നപ്പോൾ ഒപ്പമുള്ള അനുചരന്മാരോടു പറഞ്ഞു: "ഇതാണ് ‘ജുംദാൻ’. നിങ്ങൾ മുന്നോട്ടു സഞ്ചരിച്ചോളൂ. മുഫ്രിദീങ്ങൾ വിജയിച്ചിരിക്കുന്നു." അബൂഹുറൈറ പറയുന്നു: ഞങ്ങൾ ചോദിച്ചു, ആരാണ് മുഫ്രിദീങ്ങൾ? അവിടുന്നു പറഞ്ഞു: "അല്ലാഹുവിനെ അധികമായി സ്മരിക്കുന്ന സ്ത്രീപുരുഷന്മാരാണ് മുഫ്രിദീങ്ങൾ"
അവർ അമജ് ഗ്രാമത്തിലേക്ക് പ്രവേശിച്ചു. അവിടെനിന്ന് പടിഞ്ഞാറ് ഭാഗത്തുള്ള ബക്കാവിയ്യ അഗ്നിപർവത പ്രദേശത്തേക്ക് കടന്നു. അപ്പോൾ അവിടെ രണ്ടു കുടിലുകൾ കണ്ടു. തിരുനബിയും സഹയാത്രികരും കുടിലുകൾക്കടുത്തേക്ക് ചെന്നു. വീട്ടുകാരിയായ ഉമ്മു മഅ്ബദിനോട് കാരക്കയോ മാംസമോ വല്ലതും വിലയ്ക്ക് തരാനുണ്ടോ എന്ന് തിരക്കി. "ഇവിടെയൊന്നും ഇല്ലല്ലോ!" - മറുപടി ആഗതരിൽ പ്രയാസമുണ്ടാക്കിയെന്ന് മനസ്സിലാക്കി ഉമ്മു മഅ്ബദ് തന്റെ അവസ്ഥ പറഞ്ഞു: "ഇവിടെയെന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾക്ക് തരുന്നതിൽ സന്തോഷമേ ഉള്ളൂ. ഇല്ലാത്തതുകൊണ്ടാണ്." അപ്പോൾ അവരുടെ കുടിലിൽ നിൽക്കുന്ന ആട് തിരുനബിയുടെ ശ്രദ്ധയിൽപ്പെട്ടു. "ഇത് ആരുടെതാണ്?" അവർ പറഞ്ഞു: "നമ്മുടെ ആട്ടിൻപറ്റത്തിൽ നിന്ന് ക്ഷീണിച്ച ആടാണത്." വീട്ടുകാരൻ അബൂ മഅ്ബദ് ആട്ടിൻപറ്റത്തെയും തെളിച്ച് മേയ്ക്കാൻ പോയതായിരുന്നു. പ്രവാചകർ ചോദിച്ചു: "അതിനെ കറക്കാൻ പറ്റുമോ?" "അത് കറവയുള്ള ആടല്ല." "എന്നാലും ഞങ്ങൾ ഒന്ന് കറന്നുനോക്കട്ടെ?" തിരുനബി ആടിനെ അടുത്തേക്ക് നിർത്തി. അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് അകിടിൽ തഴുകി. അത്ഭുതകരമായി അത് പാൽ ചുരത്തി. തിരുനബി തന്നെ ഏവർക്കും പാൽ നൽകി. അവസാനം അവിടുന്നും പാനം ചെയ്തു. രണ്ടാമത് പാൽ കറന്ന് പാത്രം നിറഞ്ഞപ്പോൾ വീട്ടുകാരിക്ക് നൽകി യാത്ര പറഞ്ഞിറങ്ങി.
ഉമ്മു മഅ്ബദ് പറഞ്ഞതായി അബൂ നുഐം ഉദ്ധരിക്കുന്നു: "അന്ന് തിരുനബി പാൽ കറന്ന ആട് ഞങ്ങൾക്കൊപ്പം തന്നെ ഉണ്ടായിരുന്നു. ഹിജ്റയുടെ പതിനെട്ടാം വർഷം ഉമറിന്റെ ഭരണകാലത്ത് വലിയ ദാരിദ്ര്യമുണ്ടായി. മഴ ലഭിക്കാതെ എല്ലായിടവും കരിഞ്ഞു വെണ്ണീറു പോലെയായി. അതിനാൽ ആ വർഷം ‘ആമു റമാദ’ (വെണ്ണീരു വർഷം) എന്നറിയപ്പെട്ടു. അക്കാലത്തും ഞങ്ങളുടെ ഈ ആട് പാൽ നൽകുമായിരുന്നു. രാവിലെയും വൈകുന്നേരവും ഞങ്ങൾ കറക്കുമായിരുന്നു." ഹിശാം ബിൻ ഹുബൈശ് എന്നവർ പറയുന്നു: "ഞാൻ ആ ആടിനെ കണ്ടിട്ടുണ്ട്."





