ഖുസയ്യ് ബിൻ കിലാബിന്റെ ഭവനമായ 'ദാറുന്നദ്വ'യിൽ വെച്ചാണ് ഖുറൈശികൾ സുപ്രധാന തീരുമാനങ്ങളെടുക്കുക. മക്കയിലെ ഏതാണ്ടെല്ലാ ഗോത്രത്തിന്റെയും പ്രതിനിധികൾ ഒരു ദിവസം അവിടെക്കൂടി. മക്കയിലെ രംഗങ്ങൾ അവർ നന്നായി വിശകലനം ചെയ്തു. മുഹമ്മദ് നബിയെ ﷺ എന്തുചെയ്യണമെന്നതാണ് ചർച്ചയുടെ മർമം.
അബുൽ ബുക്തിരി ഒരു അഭിപ്രായം പറഞ്ഞു: "മുഹമ്മദിനെ ചങ്ങലയിൽ ബന്ധിച്ച് ഒരു മുറിയിൽ പൂട്ടിയിടുക. മുൻകാലത്ത് ചില കവികളെ അങ്ങനെ ചെയ്തിട്ടുണ്ട്; അവർ മരണപ്പെട്ട പോലെ ആ തടങ്കലിൽ തന്നെ മരിച്ചുപോകട്ടെ". നജ്ദിൽ നിന്നുള്ള ഒരു വയോധികൻ പറഞ്ഞു: "ആ തീരുമാനം ശരിയല്ല. നിങ്ങൾ അപ്രകാരം തടങ്കലിൽ വെച്ചാൽ പിൻവാതിലിലൂടെ മുഹമ്മദ് രക്ഷപ്പെട്ടേക്കും. പിന്നീട് നിങ്ങൾക്കെതിരെ വരുന്ന ആക്രമണം ശക്തമായിരിക്കും. അതുകൊണ്ട് നിങ്ങൾ മറ്റഭിപ്രായങ്ങൾ അന്വേഷിക്കൂ". അബുൽ അസ്വദ് ഇടപെട്ടു: "എങ്കിൽ പിന്നെ നാടുകടത്താം. നമ്മുടെ ഇടയിൽ നിന്നങ്ങ് പോകട്ടെ. പിന്നെ എവിടെ എത്തി, എന്തായി എന്നതൊന്നും നമ്മൾ അന്വേഷിക്കേണ്ട. അവർ നമ്മളെ വിട്ടുപോയാൽ നമ്മളായി, നമ്മുടെ സൗഹൃദങ്ങളായി, ബന്ധങ്ങളായി”. പ്രസ്തുത വയോധികൻ അതും തള്ളി: "ഇതെന്തു നിർദ്ദേശമാണ്? ഇതൊരു നല്ല അഭിപ്രായമായി എനിക്ക് തോന്നുന്നില്ല. ആ മുഹമ്മദിന്റെ സംഭാഷണ ചാരുത നിങ്ങൾക്കറിയില്ലേ, വശ്യമായ ഇടപെടലും പെരുമാറ്റവുമെല്ലാം. നാം ഇവിടെ നിന്ന് പുറത്താക്കിയാൽ അവർ ഏതെങ്കിലും അറബ് ഗോത്രത്തിലെത്തും; അവരെ മുഴുവൻ സ്വാധീനിക്കും. അവർക്കുവേണ്ടി ആ ഗോത്രം സംഘടിക്കും. അവർ നിങ്ങൾക്കെതിരെ ആക്രമണം നടത്തും. ഇവിടത്തെ അധികാരവും നിയന്ത്രണവും മുഴുവൻ അവർ ഏറ്റെടുക്കും. നിങ്ങൾ എന്താണോ ഭയക്കുന്നത് അത് സംഭവിക്കും. അതുകൊണ്ട് മറ്റുവല്ല അഭിപ്രായവും ആലോചിക്കൂ".
അപ്പോഴേക്കും അബൂജഹൽ എഴുന്നേറ്റു: "എനിക്കൊരഭിപ്രായമുണ്ട്. എല്ലാ ഗോത്രത്തിൽ നിന്നും കരുത്തും ശേഷിയുമുള്ള ഓരോരുത്തർ രംഗത്തുവരിക. എല്ലാവരുടെയും കൈയിൽ നല്ല മൂർച്ചയുള്ള ഓരോ വാളുകൾ കരുതുക. എന്നിട്ട് ഒരുമിച്ചുചെന്ന് മുഹമ്മദിനെ കൊലപ്പെടുത്തുക. ഒരാൾ വെട്ടുന്ന പോലെ ഒരുമിച്ചായിരിക്കണം എല്ലാവരും വെട്ടുന്നത്. അതോടെ കഥ കഴിയും; നമ്മുടെ പണി അവസാനിക്കും. രക്തത്തിന് ഉത്തരവാദി എല്ലാ ഗോത്രങ്ങളും ഒരുമിച്ചായിരിക്കും. അതിനാൽ അബ്ദുമനാഫ് കുടുംബത്തിന് പകരം ചോദിക്കാൻ സാധിക്കാതെ വരും". ആ കിഴവൻ പ്രതികരിച്ചു: "ഇതുതന്നെയാണ് അഭിപ്രായം, ഏറ്റവും നല്ല അഭിപ്രായം. ഞാനും പിന്തുണയ്ക്കുന്നു". യഥാർഥത്തിൽ ആ വൃദ്ധൻ ഇബ്ലീസായിരുന്നു1. എതിരഭിപ്രായങ്ങളൊന്നും ഉയർന്നില്ല.
പ്രമുഖ ഗോത്ര പ്രതിനിധികളെല്ലാം അവിടെയെത്തിയിരുന്നു. ബനൂ അബ്ദുശ്ശംസ് ഗോത്രത്തിൽ നിന്ന് ഉത്ബയും ശൈബയും അബൂസുഫിയാനും. ബനൂ നൗഫൽ ഗോത്രത്തിലെ ത്വുഐമയും ജുബൈർ ബിൻ മുത്വ്ഇമും. ബനൂ അബ്ദുദാറിൽ നിന്ന് നള്ർ ബിൻ ഹർസും ബനൂ അസദിൽ നിന്ന് അബുൽ ബുഖ്തരിയും ഹകീം ബിൻ ഹിസാമും. ബനൂ മഖ്സൂമിൽ നിന്ന് അബൂജഹലും ബനൂ സഹമിൽ നിന്ന് ഹജ്ജാജിന്റെ മക്കൾ നുബൈഹും മുനബ്ബഹും. ബനൂ ജുമഹ് ഗോത്രത്തിലെ ഉമയ്യത് ബിൻ ഖലഫ്. മറ്റു ചെറുതും വലുതുമായ ഗോത്രങ്ങളുടെ പ്രതിനിധികളും ചർച്ചയിൽ ഇടപെട്ടു. എല്ലാവരും ഒരേ മനസ്സോടെ പിരിഞ്ഞു.





