പ്രവാചകത്വ പ്രഖ്യാപനത്തിന് ശേഷം പതിനൊന്ന് വർഷങ്ങൾ പിന്നിട്ട കാലം. റജബ് ഇരുപത്തിയേഴ്. പ്രബോധന വഴിയിൽ കഠിനമായ പരീക്ഷണങ്ങൾ നേരിട്ടുകൊണ്ടിരുന്ന തിരുനബിക്ക് ആശ്വാസമേകിയ രാവായിരുന്നു അത്. അല്ലാഹു തന്റെ പ്രിയ ദാസനെ അത്യുന്നതങ്ങളിലേക്ക് ക്ഷണിച്ചു. പ്രപഞ്ചനാഥനെ ദർശിക്കാനും സംവദിക്കാനും അവസരമൊരുങ്ങിയ ആ യാത്ര തിരുനബിയെ ആഴത്തിൽ സ്വാധീനിച്ചു.
ഇസ്രാഅ്: മക്കയിൽ നിന്ന് ഖുദ്സിലേക്ക്
കുറഞ്ഞ സമയം കൊണ്ട് മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് ബൈതുൽ മുഖദ്ദസ് (മസ്ജിദുൽ അഖ്സ) വരെയുള്ള തിരുനബിയുടെ നിശായാത്രയാണ് 'ഇസ്രാഅ്'. വിശുദ്ധ ഖുർആനിലെ പതിനേഴാമത്തെ അധ്യായത്തിന്റെ പേരും 'ഇസ്രാഅ്' എന്നാണ്. ഈ അധ്യായത്തിലെ പ്രാരംഭ സൂക്തം തന്നെ ഈ സംഭവത്തെക്കുറിച്ച് പരാമർശിക്കുന്നു:
"ഒരു രാത്രിയിൽ തന്റെ ദാസനെ മസ്ജിദുൽ ഹറാമിൽ നിന്ന്, നാം ചുറ്റുവട്ടത്തെ അനുഗൃഹീതമാക്കിയ മസ്ജിദുൽ അഖ്സയിലേക്ക് രാത്രിസഞ്ചരിപ്പിച്ചവൻ എത്ര പരിശുദ്ധൻ!"
'ബുറാഖ്' എന്ന സവിശേഷ വാഹനത്തിൽ ജിബ്രീൽ എന്ന മലക്കിനൊപ്പമായിരുന്നു ഈ യാത്ര. മസ്ജിദുൽ അഖ്സയിൽ വെച്ച് മുൻകാല പ്രവാചകന്മാർക്കെല്ലാം തിരുനബി ഇമാമായി നിന്ന് നിസ്കരിച്ചു.
മിഅ്റാജ്: ആകാശാരോഹണം
ബൈതുൽ മുഖദ്ദസിൽ നിന്ന് ഉപരിലോകങ്ങളിലേക്കുള്ള പ്രയാണമാണ് 'മിഅ്റാജ്' അഥവാ ആകാശാരോഹണം. വിശുദ്ധ ഖുർആനിലെ അന്നജ്മ് അധ്യായത്തിലെ ഒന്നു മുതൽ പതിനെട്ട് വരെയുള്ള സൂക്തങ്ങൾ ഈ സംഭവത്തെ പരാമർശിക്കുന്നു. മസ്ജിദുൽ അഖ്സയുടെ മുറ്റത്തെ ഗോൾഡൻ ഡൂമിന്റെ ഉള്ളിലെ സവിശേഷമായ പാറപ്പുറത്തു നിന്നാണ് ജിബിരീൽ തിരുനബിയെയും കൂട്ടി ഉപരിലോകത്തേക്ക് ഉയർന്നത്. ആകാശത്തിന്റെ ഒന്നാം മണ്ഡലത്തിലേക്ക് എത്തിയപ്പോൾ കവാടം തുറക്കാൻ ജിബിരീൽ ആവശ്യപ്പെട്ടു. അവിടെ വെച്ച് മനുഷ്യപിതാവ് ആദംനബിയെ കണ്ടുമുട്ടി. അവർ പരസ്പരം അഭിവാദ്യം ചെയ്തു. ആദംനബിയുടെ വലതുഭാഗത്തുണ്ടായിരുന്ന രക്തസാക്ഷികളുടെ ആത്മാക്കളെയും ഇടതുഭാഗത്തുണ്ടായിരുന്ന ദൗർഭാഗ്യവാന്മാരുടെ ആത്മാക്കളെയും തിരുനബി കണ്ടു. തുടർന്ന് രണ്ടാം മണ്ഡലത്തിൽ വെച്ച് ഇൽയാസ്, ഈസാ പ്രവാചകൻമാരെ കണ്ടുമുട്ടി. അവർ സ്നേഹാദരങ്ങളോടെ തിരുനബിയെ സ്വീകരിച്ചു. മൂന്നാനാകാശത്ത് യൂസുഫ് നബിയുണ്ടായിരുന്നു. അവർ പരസ്പരം സന്തോഷം പങ്കുവെച്ചു. ശേഷം മൂസാനബിയെ കണ്ടു. ആകാശത്തിൻ്റെ ഏഴാം മണ്ഡലത്തിൽ ഇബ്റാഹിം നബിയുണ്ടായിരുന്നു. അദ്ദേഹം മലക്കുകൾ പ്രാർഥിക്കുന്ന 'ബൈതുൽ മഅ്മൂർ' എന്ന ഭവനത്തിലേക്ക് ചാരിയിരിക്കുകയായിരുന്നു. അവരും പരസ്പരം അഭിവാദ്യങ്ങൾ കൈമാറി.
ശേഷം സിദ്റതുൽ മുൻതഹയെന്ന പ്രത്യേക വൃക്ഷത്തിന്റെ അടുക്കലും അവിടെ നിന്ന് ‘ബൈതുൽ മഅ്മൂറി’ൻ്റെ (സവിശേഷമായി പരിപാലിക്കപ്പെടുന്ന പുണ്യഭവനം) സമീപത്തും എത്തി. 70000 മലക്കുകൾ വന്നുപോകുന്ന ഭവനമാണിത്. ഒരിക്കൽ വന്നവർ പിന്നീട് വരികയില്ലെന്നതാണ് പ്രത്യേകത. അന്ത്യനാൾ വരെ ഈ വന്നുപോകൽ തുടരുകയും ചെയ്യും. തിരുനബിയുടെ സഞ്ചാരം സ്വർഗത്തിലേക്കെത്തി. അല്ലാഹുവിന്റെ നിശ്ചയങ്ങൾ രേഖപ്പെടുത്തുന്ന ‘ഖലം’ എന്നു വിശേഷിപ്പിക്കപ്പെട്ട സംവിധാനത്തിന്റെ മർമരങ്ങൾ തിരുനബിക്ക് കേൾക്കാനായി. അവിടെ വെച്ച് അല്ലാഹുവിനോട് സംഭാഷണം നടത്താനുള്ള അത്യുന്നത പദവി പ്രവാചകന് ലഭിച്ചു.
നിസ്കാരം എന്ന സമ്മാനം
അല്ലാഹുവിനോടു സംഭാഷണം നടത്താൻ നിശ്ചയിക്കപ്പെട്ട ഉന്നതസ്ഥലങ്ങളിലേക്ക് തിരുനബി എത്തിച്ചേർന്നു. ഏറ്റവും സമീപസ്ഥമായ സമാഗമം നടന്നു. സവിശേഷമായ വാചകങ്ങൾ കൊണ്ട് അല്ലാഹുവിനെ തിരുനബി അഭിവാദ്യം ചെയ്തു. അല്ലാഹുവിൽ നിന്നുള്ള ശാന്തിയുടെ പ്രത്യേകാഭിവാദനം സ്വീകരിച്ചു. ദിവസം 50 നേരങ്ങളിലെ നിസ്കാരം സമ്മാനമായി ലഭിച്ചു. തിരിച്ചുവരുമ്പോൾ പ്രവാചകൻ മൂസാനബിയെ കണ്ടു. 50 നേരത്തെ നിസ്കാരത്തെക്കുറിച്ചു പറഞ്ഞപ്പോൾ അതു താങ്കളുടെ സമുദായത്തിനു നിർവഹിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയും അല്ലാഹുവിനോടു ലഘൂകരണത്തിനു വേണ്ടി അഭ്യർഥിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഉടനെ ജിബിരീലുമായി കൂടിയാലോചിച്ച് അല്ലാഹുവിലേക്കു മടങ്ങുകയും ലഘൂകരണം ആവശ്യപ്പെടുകയും ചെയ്തു. ഈ പോക്കും വരവും ഒമ്പത് പ്രാവശ്യം ആവർത്തിച്ചു. ഒടുവിൽ അഞ്ചുനേരത്തതെ നിസ്കാരം അന്തിമതീരുമാനമായി വന്നു. വീണ്ടും ലഘൂകരിക്കാൻ ആവശ്യപ്പെടാൻ മൂസാനബി പറഞ്ഞെങ്കിലും എനിക്ക് ലജ്ജയാകുന്നുവെന്നു പറഞ്ഞ് പിന്തിരിയുകയും ആദരപൂർവം സമ്മാനവുമായി തിരുനബി മടങ്ങുകയും ചെയ്തു. 50 നേരത്തെ മൂല്യമുള്ള അഞ്ചുനേരത്തെ നിസ്കാരം അല്ലാഹുവിന്റെ കൽപനയായി പ്രാബല്യത്തിൽ വന്നു.
മടക്കയാത്രയും ബഹുദൈവാരാധകരുടെ പ്രതികരണവും
മടക്കയാത്രയിൽ നിരവധി അത്ഭുതങ്ങൾ തിരുനബി കണ്ടു. വിവിധ കുറ്റങ്ങൾ ചെയ്തവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ശിക്ഷയുടെ ദൃശ്യങ്ങൾ കാണാനിടയായി. വ്യഭിചാരികൾ, അനാഥരുടെ സ്വത്ത് തട്ടിയെടുത്തവർ തുടങ്ങിയ ഗൗരവമായ അതിക്രമങ്ങൾ ചെയ്തവരുടെ ശിക്ഷകൾക്കാണ് തിരുനബി സാക്ഷിയായത്.
ഉപരിലോകത്തെ യാത്രകഴിഞ്ഞ് തിരുനബിയും ജിബിരീലും ബൈതുൽ മുഖദ്ദസിലേക്കു തന്നെ മടങ്ങി. വാഹനത്തിൽ കയറി മക്കയിലേക്കു തിരിച്ചു. യാത്രക്കിടയിൽ ഖുറൈശികളുടെ കച്ചവടസംഘത്തെ കാണാനിടയായി. അവരുടെ കൂട്ടത്തിലെ ഒരു ഒട്ടകത്തിന്റെ പുറത്ത് കറുത്തതും വെളുത്തതുമായ രണ്ട് ചാക്കുകളുണ്ട്. തിരുനബിയുടെ സഞ്ചാരം ഖുറൈശീ സംഘത്തിന് സമാന്തരമായപ്പോൾ അതിലെ ഒട്ടകങ്ങൾ പരിഭ്രമിച്ചു. കൂട്ടം തെറ്റിയ ഒട്ടകത്തെ ഒരാൾ കൂട്ടിക്കൊണ്ടു വരുന്നതു കണ്ടു. തിരുനബി അവർക്ക് സലാം ചൊല്ലി. അപ്പോഴവരിൽ ചിലർ പറയുന്നുണ്ടായിരുന്നു. ഇത് മുഹമ്മദിൻ്റെ ശബ്ദമാണല്ലോയെന്ന്!
പ്രഭാതത്തിനു മുമ്പു തന്നെ തിരുനബി മക്കയിൽ തിരിച്ചെത്തി. ഈ വാർത്ത ബഹുദൈവാരാധകർ വിശ്വസിക്കാനോ അംഗീകരിക്കാനോ യാതൊരു സാധ്യതയുമില്ല. തിരുനബി ആലോചനയിലാണ്ടു. അപ്പോൾ അബൂജഹൽ അതുവഴിവന്നു. പരിഹാസപൂർവം തിരുനബിയോടു ചോദിച്ചു,
വിശേഷിച്ച് എന്തെങ്കിലുമുണ്ടോ?
"ഉണ്ട്".
എന്താണ്?
"ഇന്നലെ ഞാൻ രാപ്രയാണം നടത്തി"
എങ്ങോട്ട്?.
"ബൈതുൽ മുഖദ്ദസിലേക്ക്"
“ശരി, എന്നിട്ട് പ്രഭാതത്തിനു മുമ്പ് ഇവിടെ മടങ്ങിയെത്തിയെന്നോ?”
"അതേ."അബൂജഹലിനതു വിശ്വസിക്കാനായില്ല. അയാൾ വീണ്ടും ചോദിച്ചു,
“ഇക്കാര്യം ജനങ്ങളോടു പറയാൻ ഉദ്ദേശിക്കുന്നുണ്ടോ?”
തിരുനബി പറഞ്ഞു. "അതേ,"
ഉടനേ അബൂജഹ്ൽ ഉച്ചത്തിൽ വിളിച്ചു. "അല്ലേയോ കഅ്ബ് ബിൻ ലുഅയ്യിന്റെ മക്കളേ വരൂ.. വരൂ." അപ്പോൾ ഒരു സംഘം അവിടെ ഒത്തുകൂടി. ഉടനെ അബൂജഹൽ പറഞ്ഞു. “മുഹമ്മദേ, നേരത്തെ എന്നോടുപറഞ്ഞ കാര്യം ഇവരോടൊന്നു പറയൂ”. തിരുനബി പറയാൻ തുടങ്ങി: "ഇന്നലെ രാത്രി ഞാൻ പ്രയാണം ചെയ്തു. ബൈതുൽ മുഖദ്ദസിലേക്ക്." “എന്നിട്ട് പ്രഭാതമായപ്പോഴേക്കും ഞങ്ങൾക്കിടയിലേക്കു മടങ്ങിയെത്തിയെന്നോ?”
"അതെ". കേട്ടമാത്രയിൽ അവർ അത്ഭുതപ്പെട്ടു. ചിലർ കൈയടിച്ചു. മറ്റു ചിലർ തലയിൽ കൈവെച്ചു. എന്നാൽ തിരുനബിക്ക് ഈ സംഭവം പറയുന്നതിൽ ഒരു സങ്കോചവും തോന്നിയില്ല. പക്ഷേ ഖുറൈശികൾ അത്ഭുതപരതന്ത്രരായി. മുത്ഇമുബിനു അദിയ്യ് എന്നയാൾ പറഞ്ഞു. "മുഹമ്മദേ ഇന്നുവരെ പറഞ്ഞിരുന്ന കാര്യങ്ങൾ കുറേയെങ്കിലുമൊക്കെ ഉൾക്കൊള്ളാമായിരുന്നു. എന്നാൽ ഇതു തീരേ ഉൾകൊള്ളാൻ പറ്റാത്തതായിപ്പോയല്ലോ? ലാതയും ഉസ്സയും സത്യം, ഞാനംഗീകരിക്കുകയില്ല. ഈ പറയുന്നത് വ്യാജമാണെന്നു ഞാൻ സാക്ഷിനിൽക്കുന്നു. കാരണം ഞങ്ങൾ സാഹസപ്പെട്ട് ഒരു മാസം കുതിരയെപ്പായിച്ചാൽ എത്തുന്ന ദൂരത്ത് ഒരു രാത്രിയുടെ അൽപസമയത്തിനുള്ളിൽ പോയിവന്നെന്നോ? എങ്ങനെ വിശ്വസിക്കാനാണ്?"
തിരുനബി അനുചരനായ അബൂബകർ മുത്ഇമിനോടു പറഞ്ഞു. “നിങ്ങൾ സഹോദരപുത്രനോട് അങ്ങനെ പ്രതികരിച്ചതു ശരിയായില്ല. തിരുനബി പറഞ്ഞത് ഞാനംഗീകരിക്കുന്നു. അവിടുന്നു സത്യസന്ധതയുടെയും വിശ്വസ്തതയുടെയും ഉടമയാണ്”.
അവിടെക്കൂടിയവർ തിരുനബിയോട് ബൈതുൽ മുഖദ്ദസിനെക്കുറിച്ച് വിശദീകരിക്കാനാവശ്യപ്പെട്ടു. “അതിന്റെ ആകാരമെങ്ങനെ? വാതിലുകളും മറ്റും ഏതു വിധത്തിലാണ്?" തിരുനബി നേരത്തേ അവിടെ പോയിട്ടില്ലെന്ന് അവർക്കറിയാം. പല പ്രാവശ്യം അവിടെപ്പോയി വന്നവർ മക്കയിലുണ്ടായിരുന്നു. തിരുനബി വിവരിക്കാൻ തുടങ്ങി. പടവുകൾ, കവാടങ്ങൾ, ഓരോ ദിശയിലും എത്രയെണ്ണം, അടുത്തുള്ള പർവതത്തിൽ നിന്ന് എത്ര ദൂരെയാണത് എന്ന് തുടങ്ങുന്ന വർണനകൾ. പ്രവാചകർ ഓരോന്ന് പറയുമ്പോഴും അബൂബകർ പറഞ്ഞുകൊണ്ടിരുന്നു,"അങ്ങ് സത്യം പറഞ്ഞിരിക്കുന്നു. അവിടുന്ന് അല്ലാഹുവിന്റെ ദൂതരാണെന്നു ഞാൻ സാക്ഷ്യംവഹിക്കുന്നു"
ജനങ്ങൾ ഒരുമിച്ചു പറഞ്ഞു. “ഏതായാലും വിവരണം ശരിയായിരിക്കുന്നു”. എന്നിട്ടും ജനങ്ങൾ അബൂബകറിനോടു ചോദിച്ചു. “അല്ല, നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? മുഹമ്മദ് ഒരു രാത്രികൊണ്ട് ബൈതുൽ മുഖദ്ദസിൽ പോയി പ്രഭാതത്തിനു മുമ്പ് ഇവിടെ തിരിച്ചെത്തിയെന്ന്?’’
സിദ്ദീഖ് പറഞ്ഞു: "എനിക്കൊരു സംശയവുമില്ല. അതിനെക്കാൾ വലിയ കാര്യമല്ലേ ഉപരിലോകത്ത് നിന്ന് ദിവ്യസന്ദേശം ലഭിക്കുന്നുവെന്നത്. അത് വിശ്വസിക്കാമെങ്കിൽ പിന്നെന്താ ഇത് വിശ്വസിച്ചാൽ". മഹാനവർകൾ കൃത്യമായ ന്യായങ്ങളോടെ പ്രതികരിച്ചു. ഈ ദൃഢമായ ബോധ്യത്തെ മുൻനിർത്തിയാണ് അന്നുമുതൽ ‘സിദ്ദീഖ്’ എന്ന നാമകരണം അബൂബകറിന് ലഭിച്ചത്.
വീണ്ടും അവർ തിരുനബിയോടു പലതും ചോദിച്ചു. കൂട്ടത്തിൽ അന്വേഷിച്ചു, "ഖുറൈശികളുടെ കച്ചവടസംഘം സിറിയയിൽ നിന്നു മക്കയിലേക്ക് വരുന്നുണ്ടല്ലോ. അവരെയെവിടെയെങ്കിലും വെച്ചുകണ്ടിരുന്നോ? എന്നാണിവിടെ എത്തുക?" തിരുനബി പറഞ്ഞു. ഒരാളുടെ ഒട്ടകത്തെ ഞാൻ 'റൗഹാഇൽ' വെച്ചു കണ്ടു. പിന്നെ ഞാൻ അവരുടെ തമ്പിലേക്കു പോയി. അപ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല. അവർ കൂട്ടംതെറ്റിയ ഒട്ടകത്തെ തേടിപ്പോയതായിരുന്നു. പിന്നെ ഞാൻ അയാളുടെ ഒട്ടകത്തെ കണ്ടു. ഒട്ടകപ്പുറത്ത് കറുപ്പു വെളുപ്പുമായി രണ്ട് ചരക്കുചാക്കുകൾ കണ്ടു. അദ്ദേഹം ഇന്നലെ രാത്രി തൻഈമിലെത്തിയിരുന്നു (മക്കയിൽ നിന്ന് ഏഴുകിലോമീറ്റർ ദൂരെ ഹറമിന്റെ അതിർത്തി പ്രദേശമാണ് തൻഈം). ഇന്നിപ്പോൾ സനിയ്യതിൽ എത്തിയിട്ടുണ്ടാകും. (യാത്രികർ മക്കയിലേക്കു പ്രവേശിക്കുന്ന സ്ഥലമാണ് സനിയ്യത്) "അങ്ങനെയെങ്കിൽ മക്കയിൽ എന്നെത്തിച്ചേരും?" അവർ തിരുനബിയോടു ചോദിച്ചു, അവിടുന്നു പറഞ്ഞു. "ബുധനാഴ്ച എത്തിയേക്കും". അവർ ബുധനാഴ്ച വരെ കാത്തിരുന്നു. വൈകുന്നേരമായി. സംഘത്തെ കണ്ടില്ല. പകൽ ഒരു മണിക്കൂർ കൂടി നീണ്ടു. അതാവരുന്നു, യാത്രാസംഘം. ഒറ്റപ്പെട്ട ഒട്ടകങ്ങളുടെയും വെള്ളപ്പാത്രങ്ങളുടെയും കാര്യങ്ങളിൽ അവർ കൃത്യത വരുത്തി. പക്ഷേ അവർക്കു നേർവഴി സിദ്ധിക്കാൻ ഉദ്ദേശ്യമുണ്ടായില്ല. ഇതൊക്കെ മാരണമാണെന്നവർ ആവർത്തിച്ചു.





