തിരുനബിയുടെ ﷺ രാപ്രയാണവുമായി ബന്ധപ്പെട്ട ഹദീസ് നിവേദനങ്ങളിലൂടെയാണ് നാം സഞ്ചരിച്ചത്. അനുബന്ധമായി ചില ദാർശനിക കാര്യങ്ങൾ കൂടി അറിയുക പ്രധാനമാണ്.
ഒന്ന്: ഈ യാത്രകൾ ശാരീരികമായിരുന്നോ?
അതെ, ശാരീരികമായിരുന്നു. കേവലം ആത്മീയ സഞ്ചാരമോ സ്വപ്നദർശനമോ ആയിരുന്നില്ല. ‘അസ്റാ ബി അബ്ദിഹി’ (അല്ലാഹു അവന്റെ അടിമയെ രാപ്രയാണം ചെയ്യിച്ചു) എന്നാണ് ഖുർആൻ പറയുന്നത്. ‘അബ്ദ്’ എന്നത് ആത്മാവിനെ മാത്രം കുറിക്കുന്ന പദമല്ല; ആത്മാവും ശരീരവും ഒത്തുചേർന്ന അവസ്ഥയിൽ പ്രയോഗിക്കപ്പെടുന്നതാണ്. ആയതിനാൽ ഖുർആനിന്റെ പ്രയോഗത്തിൽ നിന്നുതന്നെ ഈ സഞ്ചാരം ശാരീരികമായിരുന്നുവെന്ന് വ്യക്തമാകുന്നു. അതുപോലെ മക്കയിലെ ആളുകൾ അവിശ്വസിക്കാനും വിമർശിക്കാനും കാരണം ശാരീരികമായ ഒരു പ്രയാണം അവതരിപ്പിച്ചതിനാലാണ്. ഞാൻ ആത്മീയമായി ബൈതുൽ മുഖദ്ദസ് ദർശിച്ചുവെന്നോ സ്വപ്നം കണ്ടുവെന്നോ പറഞ്ഞിരുന്നെങ്കിൽ അവർ വിമർശിക്കേണ്ട സാഹചര്യമുണ്ടാകില്ലായിരുന്നു.
ഹിപ്നോട്ടിക് നിദ്രയുടെ സാധ്യതകൾ അവതരിപ്പിച്ചുകൊണ്ട് ഇസ്റാഇനെ (രാപ്രയാണം) ശാസ്ത്രീയമായി അവതരിപ്പിക്കാൻ ശ്രമിച്ചവരുണ്ട്. എന്നാൽ അതും മാനസികമായ ഒരനുഭവമോ വ്യവഹാരമോ മാത്രമേ ആകൂ; ഇസ്റാഇന് സമാനമാകില്ല. ഇനിയൊരുപക്ഷേ പ്രാപഞ്ചിക നിയമങ്ങളെയും ക്രമങ്ങളെയും പ്രത്യേകരീതിയിൽ സംവിധാനിച്ച് ഒരു മനുഷ്യനെ നിമിഷാർദ്ധത്തിൽ മാസങ്ങളുടെ ദൂരം സഞ്ചരിപ്പിക്കാൻ സാധിച്ചാൽ തന്നെ അതും ഇസ്റാഇന് തുല്യമാകില്ല. എന്നാൽ പ്രപഞ്ചാധിപൻ പടച്ച ശാസ്ത്രത്തിന് ഇതൊക്കെ സാധ്യമെങ്കിൽ അവന്റെ ഇഷ്ടദാസന് ഇതിലേറെയും അവൻ നൽകാം എന്ന വിചാരത്തിലെത്താൻ ഇത്തരം നിരീക്ഷണങ്ങളിലൂടെ സാധിക്കും.
തിരുനബി ﷺ അന്ന് ജീവിച്ചിരുന്നവരോട് നിശായാത്രയെക്കുറിച്ച് പറഞ്ഞു. അവരിൽ ചിലർ ആദ്യമത് നിരാകരിച്ചു. ശേഷം ചോദ്യങ്ങൾ ഉന്നയിച്ചു. എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായി തിരുനബി ﷺ മറുപടി നൽകി. പറഞ്ഞ മറുപടികൾ ശരിയാണെന്ന് അവർക്ക് സമ്മതിക്കേണ്ടി വന്നു. അവസാനം നിസ്സാരമായ ആരോപണങ്ങൾ ഉന്നയിച്ച് നിഷേധിച്ചു. ഈ സംവാദങ്ങളെല്ലാം മറ്റു ചരിത്ര സംഭവങ്ങളെപ്പോലെ കാലത്തിന്റെ രേഖയിൽ എഴുതപ്പെട്ടു കിടക്കുന്നു. സത്യം മനസ്സിലാക്കാൻ ഏതു നിഷ്പക്ഷ നിരീക്ഷകനും സാധിക്കും.
രണ്ട്: തിരുനബി ﷺ അല്ലാഹുവിനെ ദർശിച്ചുവോ?
അതെ. അല്ലാഹുവിനെ പരലോകത്തുവെച്ചുപോലും കാണാൻ സാധ്യമല്ലെന്നു വാദമുള്ള തെറ്റായ ആശയക്കാർ (ബിദ്അതുകാർ) ഇസ്ലാമിക ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. എന്നാൽ അല്ലാഹുവിനെ ദർശിക്കൽ സാധ്യമാണെന്നു വിവരിക്കുന്ന ഹദീസ് നിവേദനം ഇരുപത്തിയൊന്ന് പ്രവാചകാനുചരർ ഉദ്ധരിച്ചിട്ടുണ്ട്. മാത്രമല്ല, ഖുർആൻ തന്നെ അല്ലാഹുവിനെ ദർശിക്കാമെന്ന കാര്യം നേരിട്ടു പറയുന്നുമുണ്ട്.
തിരുനബി നേത്രം കൊണ്ടാണോ ഹൃദയം കൊണ്ടാണോ അല്ലാഹുവിനെ ദർശിച്ചത് എന്ന ചർച്ചയുണ്ട്. ഇമാം നവവി ഇക്കാര്യത്തിൽ പറഞ്ഞതിങ്ങനെയാണ്: ‘ഭൂരിപക്ഷം പണ്ഡിതന്മാരുടെയും പ്രബലമായ വീക്ഷണം മിഅ്റാജിന്റെ രാത്രിയിൽ തിരുനബി ﷺ അവിടുത്തെ മുഖക്കണ്ണു കൊണ്ടുതന്നെ ദർശിച്ചുവെന്നാണ്’. ഇമാം ത്വബ്റാനി സ്വീകാര്യമായ പരമ്പരയിലൂടെ നിവേദനം ചെയ്ത ഹദീസിൽ ഇബ്നു അബ്ബാസ് പറയുന്നു: "മുഹമ്മദ് നബി ﷺ ഒരു പ്രാവശ്യം ഹൃദയം കൊണ്ടും മറ്റൊരു പ്രാവശ്യം കണ്ണ് കൊണ്ടും; അങ്ങനെ രണ്ട് പ്രാവശ്യം അല്ലാഹുവിനെ ദർശിച്ചു".
ഈ ചർച്ചകളൊക്കെ വിലയിരുത്തുകയും ഇസ്ലാമിക വിശ്വാസകാര്യങ്ങളിൽ പ്രത്യേക രചന നിർവഹിക്കുകയും ചെയ്ത ഉമർ ഖാസി രേഖപ്പെടുത്തിയത് ‘വ റആഹു ഐനൻ വ ഫുആദൻ’ - അവിടുന്ന് അല്ലാഹുവിനെ കണ്ണും ഖൽബും കൊണ്ട് ദർശിച്ചുവെന്നാണ്. “അവിടുന്ന് കണ്ണുകൊണ്ട് കണ്ടത് ഹൃദയം നിഷേധിച്ചിട്ടില്ല” എന്ന ആശയം നൽകുന്ന സൂറതുന്നജ്മിലെ പതിനൊന്നാമത്തെ സൂക്തത്തിന്റെ ആശയം നിർണയിച്ചുകൊണ്ടാണ് ഉമർ ഖാസി ഇത്തരമൊരു പ്രയോഗം നടത്തിയിട്ടുള്ളത്.
ഏതു ഭാഗം വായിച്ചാലും അല്ലാഹുവിനെ ദർശിക്കുക എന്നതിനർഥം രണ്ട് ദേഹങ്ങൾ സന്ധിച്ചു എന്നല്ല. അല്ലാഹുവിന് സൃഷ്ടിപരമായ ഒരു വിശേഷണങ്ങളുമില്ല. അവൻ എങ്ങനെ, എവിടെ എന്നീ ചോദ്യങ്ങൾക്ക് അതീതനാണ്. സ്ഥലകാലങ്ങൾക്കും അതീതനാണ്. സ്ഥലവും കാലവുമെല്ലാം അവന്റെ സൃഷ്ടികൾ മാത്രമാണ്. സ്ഥലവും കാലവുമെല്ലാം അല്ലാഹു സൃഷ്ടിച്ചപ്പോൾ മാത്രമുണ്ടായതാണ്; അല്ലാഹുവാകട്ടെ പ്രാരംഭമില്ലാത്തവനുമാണ്.ഇസ്റാഇന്റെ പൊരുൾ ഖുറൈശികൾക്ക് ബോധ്യമായില്ല. തിരുനബിയോടൊപ്പം ﷺ നിന്ന ചിലർക്കും ഇതുൾക്കൊള്ളാനായില്ല. ഈ സാഹചര്യം ഖുറൈശികൾ നന്നായി പ്രയോജനപ്പെടുത്തി. അക്രമത്തിന്റെ എല്ലാ മുറകളും പ്രയോഗിച്ചു. സത്യവിശ്വാസം സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ച് തിരുനബി ﷺ സമീപിച്ച സഖീഫ്, കിൻദ, കൽബ്, ആമിർ, ഹനീഫ എന്നീ ഗോത്രങ്ങളുടെ പ്രതികരണം ആശാവഹമായിരുന്നില്ല. മക്കയിലേക്ക് തീർഥാടനത്തിന് വരുന്ന പരിസരദേശക്കാരെ സമീപിക്കാനും പ്രബോധനം നടത്താനുമുള്ള സാധ്യതകളിലും ഖുറൈശികൾ ശല്യങ്ങൾ സൃഷ്ടിച്ചു. തിരുനബി ﷺ പങ്കുവെക്കുന്ന ആശയങ്ങളിൽ ആകൃഷ്ടരായ ചിലരെങ്കിലും സമൂഹത്തിൽ ഒറ്റപ്പെടുമെന്ന ഒറ്റക്കാരണത്താൽ പരസ്യമായി ഇസ്ലാം പ്രഖ്യാപിക്കാൻ മടികാണിച്ചു.





