അതീവരഹസ്യമായാണ് മക്കയിൽ നിന്ന് മദീനയിലേക്ക് വിശ്വാസികൾ പലായനം ചെയ്തത്. എന്നാൽ രണ്ടാം ഖലീഫ ഉമർ മറ്റൊന്നാണ് ചിന്തിച്ചത്. പടവാൾ ഉയർത്തി, ആവനാഴിയിൽ അമ്പ് നിറച്ച്, ആയുധങ്ങളണിഞ്ഞ് അദ്ദേഹം കഅ്ബയുടെ അടുത്തെത്തി. ഖുറൈശീ സംഘങ്ങളുടെ മുന്നിലൂടെ കഅ്ബയെ ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്തു. ശേഷം ഇബ്റാഹീമീ മഖാമിൻ്റെ1 പിന്നിൽ നിന്ന് നിസ്കരിച്ചു. അനന്തരം വട്ടംകൂടിയിരുന്ന ഓരോ ഖുറൈശിക്കൂട്ടത്തോടും പറഞ്ഞു: "നാശം കൊതിക്കുന്നവർ വരൂ. ഭാര്യമാരെ വിധവകളാക്കാനും മക്കളെ അനാഥരാക്കാനും താൽപര്യമുള്ളവർ ഇതിനപ്പുറത്തെ താഴ്വരയിലേക്ക് വരൂ; നമുക്ക് കണ്ടുമുട്ടാം". നാലാം ഖലീഫ അലി പറയുന്നു: "ഈ വെല്ലുവിളി നേരിടാനോ ഉമറിനെ പിന്തുടരാനോ ആരും തയ്യാറായില്ല".
ഉമറിന്റെ മകൻ അബ്ദുല്ലാഹ് ഒരു പലായനത്തെ ഓർക്കുന്നു: "അയ്യാശ് ബിൻ അബീ റബീഅയും ഞാനും ഹിശാമുബ്നുൽ ആസ്വും മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്യാൻ തീരുമാനിച്ചു. സരിഫ് എന്ന പ്രദേശത്തിനടുത്ത് 'തനാളുബി'ൽ എത്തേണ്ട സമയം നിശ്ചയിച്ചു. രണ്ടാൾ എത്തി, മൂന്നാമൻ എത്തിയില്ലെങ്കിൽ എത്തുന്ന രണ്ടാളും പുറപ്പെടാനും മൂന്നാമനെ മക്കക്കാർ തടഞ്ഞിട്ടുണ്ടാകുമെന്ന് മനസ്സിലാക്കാനും ധാരണയായി. ഞാനും അയ്യാശും നിശ്ചിത സമയത്തുതന്നെ സരിഫിൽ എത്തി. ഹിശാമിനെ മക്കക്കാർ തടഞ്ഞിട്ടുണ്ടാകുമെന്ന് മനസ്സിലാക്കി; അദ്ദേഹം പിടിക്കപ്പെടുകയും ബന്ദിയാക്കപ്പെടുകയും ചെയ്തുവെന്ന് പിന്നീടറിയാൻ കഴിഞ്ഞു.
ഞങ്ങൾ യാത്രയാരംഭിച്ചു, മദീനയോടടുത്തു. ഞങ്ങളെ പിന്തുടർന്ന അബൂജഹലും ഹാരിസ് ബിൻ ഹിശാമും (ഇദ്ദേഹം പിൽക്കാലത്ത് ഇസ്ലാം സ്വീകരിച്ചു) അയ്യാശിനെ സമീപിച്ചു. എന്നിട്ടവർ അദ്ദേഹത്തോടു പറഞ്ഞു: 'നിങ്ങളുടെ ഉമ്മ ചില ശപഥങ്ങൾ ചെയ്തിരിക്കുന്നു; നിങ്ങൾ മടങ്ങിയെത്തിയാലേ ഇനി തലമുടി ചീകുകയുള്ളൂ, വെയിലത്ത് നിന്ന് മേൽക്കൂരയ്ക്കുള്ളിൽ കിടക്കുകയുള്ളൂ. അതുകൊണ്ട് ഉടനെത്തന്നെ മക്കയിലേക്ക് മടങ്ങണം'. കുടുംബക്കാർ കൂടിയായ ഇരുവരുടെയും വാക്കുകളിൽ അയ്യാശ് വിശ്വസിച്ചു. അദ്ദേഹം അവർക്കൊപ്പം പോകാനൊരുങ്ങി." ഉമർ അയ്യാശിനോട് പറഞ്ഞു: "ഇവരുടെ വഞ്ചനയിൽ കുടുങ്ങരുത്. ഇവർ നിങ്ങളെ അക്രമിക്കാൻ കൊണ്ടുപോവുകയാണ്. ഉമ്മയുടെ തലയിൽ പേൻ കടിക്കുമ്പോൾ ഉമ്മ ചീർപ്പെടുത്ത് ചീകിക്കൊള്ളും. മരുഭൂമിയിലെ വെയിൽ കടുക്കുമ്പോൾ ഉമ്മ തണൽകൊള്ളാൻ വീടിനുള്ളിൽ കയറാതെ എന്തുചെയ്യും? നിങ്ങൾ ഇവരുടെ ചതിയിൽ വീഴരുതേ". പക്ഷേ അയ്യാശ് നിഷ്കളങ്കമായി അബൂജഹലിനെ വിശ്വസിച്ചു.
അദ്ദേഹം പോകാനിറങ്ങി: "ഞാൻ ഉമ്മയെ ഒന്നനുനയിപ്പിച്ച് മക്കയിലെ എന്റെ സ്വത്തുവകകളൊക്കെയുമെടുത്ത് വരാം". ഉമർ വീണ്ടും വിലക്കി: "നിങ്ങളുടെ സ്വത്ത് പോകട്ടെ. ഞാൻ മക്കയിലെ അതിസമ്പന്നനൊന്നുമല്ലെങ്കിലും എന്റെ സ്വത്തിന്റെ പകുതി ഞാൻ നിങ്ങൾക്ക് തരാം. എന്നാലും നിങ്ങൾ പോകരുത്.” അയ്യാശ് പക്ഷേ പോകാൻ തയ്യാറായി. അവസാനം ഉമർ ഒരു കാര്യം കൂടി പറഞ്ഞു: "നിങ്ങൾക്ക് പോയേ പറ്റൂവെങ്കിൽ എന്റെയീ ചുണയുള്ള പെണ്ണൊട്ടകത്തിന്റെ പുറത്ത് യാത്ര ചെയ്തോളൂ. വഴിയിൽ വെച്ച് വല്ല പന്തികേടും അനുഭവപ്പെട്ടാൽ പെട്ടെന്ന് രക്ഷപ്പെടാനാവും". അയ്യാശ് അത് സ്വീകരിച്ചു. യാത്രാമധ്യേ അബൂജഹൽ ഒരു കൗശലം പ്രയോഗിച്ചു; തങ്ങൾ സഞ്ചരിക്കുന്ന വാഹനം ക്ഷീണിച്ചതിനാൽ അയാളെക്കൂടി അയ്യാശിന്റെ വാഹനത്തിൽ കയറ്റാൻ അഭ്യർഥിച്ചു. അദ്ദേഹത്തിന് അത് സ്വീകരിക്കേണ്ടി വന്നു. ക്രമേണ അവർ വാഹനം കൈവശപ്പെടുത്തി; അയ്യാശിനെ ബന്ധനസ്ഥനാക്കി. മക്കയിലെത്തിയപ്പോൾ അബൂജഹൽ വിളിച്ചുപറഞ്ഞു: "ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് പോയ വിഡ്ഢിയെ ഇപ്രകാരമാണ് പിടിച്ചുകൊണ്ടുവന്നത്. നിങ്ങളുടെ കൂട്ടത്തിൽ നിന്ന് പോയവരെയും പിടിച്ചുകൊണ്ടുവരൂ". ശേഷം അയ്യാശിനെ ഹിശാമുബ്നുൽ ആസ്വിനൊപ്പം മേൽക്കൂരയില്ലാത്ത തടങ്കലിലിട്ടു.
ഈ സന്ദർഭത്തെ പരാമർശിച്ചുകൊണ്ട് വിശുദ്ധ ഖുർആനിലെ 'സുമർ' അധ്യായത്തിലെ 53 മുതൽ 55 വരെയുള്ള സൂക്തങ്ങൾ അവതരിച്ചു: “പ്രവാചകരേ, അങ്ങ് പറഞ്ഞുകൊടുക്കുക: സ്വന്തത്തോട് അക്രമം ചെയ്ത എന്റെ ദാസന്മാരേ, അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിങ്ങൾ നിരാശരാവരുത്. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരും. അവൻ ദയാപരനും വിട്ടുവീഴ്ച ചെയ്യുന്നവനുമാണ്. നിങ്ങൾക്ക് ശിക്ഷ ഭവിക്കുകയും തുടർന്ന് എവിടെനിന്നും സഹായം ലഭിക്കാതാവുകയും ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ രക്ഷിതാവിലേക്ക് തിരിച്ചുവരുവിൻ”
ഉമർ പറയുന്നു: "ഖുർആനിലെ മേൽപറയപ്പെട്ട സൂക്തങ്ങൾ അവതരിച്ചപ്പോൾ ഞാനത് ഒരു ഫലകത്തിൽ എഴുതി ഹിശാമുബ്നുൽ ആസ്വിന് കൊടുത്തയച്ചു". ഹിശാം പറയുന്നു: "ദൂത്വുവായിൽ വെച്ച് ഞാൻ ആ കത്ത് കൈപ്പറ്റി. ആശയം പെട്ടെന്ന് മനസ്സിലായില്ല. ആ സൂക്തങ്ങളിലെ ആശയം മനസ്സിലാക്കിത്തരാൻ അല്ലാഹുവോട് പ്രാർഥിച്ചു. ശേഷം മനസ്സിരുത്തി ഒന്ന് വായിച്ചു. അപ്പോൾ ഞങ്ങളെക്കുറിച്ച് തന്നെയാണെന്ന് മനസ്സിലായി. ഞാൻ എന്റെ ഒട്ടകത്തിനടുത്തെത്തി, ഒട്ടകപ്പുറത്ത് കയറി തിരുനബിയുടെ ﷺ സവിധത്തിലെത്തി.”
ഇമാം ഇബ്നു ഹിശാം ഈ സംഭവത്തിന്റെ മറ്റൊരു വശം രേഖപ്പെടുത്തുന്നു: തിരുനബി ﷺ മദീനയിലായിരിക്കെ അനുചരന്മാരോട് ചോദിച്ചു: "അയ്യാശിനും ഹിശാമിനും വേണ്ടി എന്നെ സഹായിക്കാൻ ആരുണ്ട്?" വലീദ് ബിൻ അൽമുഗീറ പറഞ്ഞു: "ഞാനുണ്ട് പ്രഭോ!"
വലീദ് ആ സംഭവം പറയുന്നു: "ഞാൻ മക്കയിലേക്ക് പുറപ്പെട്ടു. അതീവരഹസ്യമായാണ് മക്കയിൽ പ്രവേശിച്ചത്. അപ്പോഴുണ്ട് ഒരു വനിത ഭക്ഷണവുമായി പോകുന്നു. അവളോട് ചോദിച്ചു: 'അല്ലയോ അല്ലാഹുവിൻ്റെ ദാസീ, നീ എങ്ങോട്ടാണ് പോകുന്നത്?' അവൾ പറഞ്ഞു: 'ഞാൻ രണ്ട് ബന്ധികൾക്കുള്ള ഭക്ഷണവുമായി പോവുകയാണ്.’ ഞാൻ അവളെ പിന്തുടർന്നു. അവർ ബന്ധിക്കപ്പെട്ട സ്ഥലം മനസ്സിലാക്കി. മേൽക്കൂരയില്ലാത്ത ഒരു മുറിയായിരുന്നു അത്. രാത്രിയായപ്പോൾ അവിടെയെത്തി, മതിൽ ചാടി അകത്തിറങ്ങി. അവരുടെ ചങ്ങലകൾക്കിടയിൽ ഒരു പാറയെടുത്തുവെച്ച് വാളുകൊണ്ട് വിലങ്ങ് മുറിച്ചു. എന്റെ വാഹനപ്പുറത്ത് അവരെയും വഹിച്ച് യാത്രതുടങ്ങി. അൽപം കഴിഞ്ഞപ്പോഴാണ് അവരുടെ കാലിൽ നിന്ന് രക്തം വാർന്നുകൊണ്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അപ്പോൾ അവർ മുറിവേറ്റ ഭാഗം നോക്കി ഇങ്ങനെ പാടി: 'ഹൽ അൻതി ഇല്ലാ ഇസ്ബഉൻ ദമീതീ' (അല്ലാഹുവിന്റെ മാർഗത്തിൽ മുറിവേറ്റു നിണം വാർന്ന കേവലമൊരു കുഞ്ഞുവിരൽ മാത്രമല്ലോ നീ). ഒടുവിൽ ഞങ്ങൾ മദീനയിലെത്തി തിരുദൂതരുടെ ﷺ സന്നിധിയിലെത്തി".
ഒറ്റയ്ക്കും കൂട്ടമായും മദീനയിലേക്കുള്ള പലായനം തുടർന്നു. ഖുറൈശികൾ പലരെയും പലവിധേനയും തടഞ്ഞു. കൂട്ടത്തിൽ യാത്രയ്ക്കൊരുങ്ങിയ സുഹൈബ് അർറൂമിയെ മക്കയിലെ സത്യനിഷേധികൾ തടഞ്ഞു. അദ്ദേഹം വലിയ സമ്പന്നനായിരുന്നു. ശത്രുക്കൾ പറഞ്ഞു: "നീ റോമിൽ നിന്ന് മക്കയിൽ വന്ന കാലത്ത് ദരിദ്രനായിരുന്നില്ലേ? ഇവിടെ നിന്നല്ലേ നീ ഇത്ര സമ്പന്നനായത്? അതുകൊണ്ട് നിന്റെ സമ്പാദ്യവുമായി ഇവിടെ നിന്ന് പോകാൻ ഞങ്ങൾ അനുവദിക്കില്ല". അദ്ദേഹം ചോദിച്ചു: "നിങ്ങൾക്ക് വേണ്ടത് എന്റെ സ്വത്തുക്കളല്ലേ? അത് തന്നാൽ എന്നെ നിങ്ങൾ എന്റെ വഴിക്കു വിടാമോ?" അവർ പറഞ്ഞു: "അതെ". സുഹൈബ് സന്തോഷവാനായി: "എന്റെ എല്ലാ സ്വത്തുക്കളും ഞാൻ മക്കയിൽ തന്നെ ഉപേക്ഷിക്കുന്നു." ഈ വിവരം തിരുനബി ﷺ അറിഞ്ഞു. അവിടുന്ന് പറഞ്ഞു: "നിങ്ങളുടെ ഇടപാട് ലാഭകരമായിരിക്കുന്നു സുഹൈബേ!"





