പ്രവാചകത്വ പ്രഖ്യാപനത്തിന്റെ പതിനൊന്നാം വർഷം മദീനയിൽ നിന്നുള്ള ആറ് വ്യക്തികൾ മിനായിലെത്തി. അവർ ഇസ്ലാം സ്വീകരിക്കുകയും സ്വദേശത്ത് പ്രബോധനം ആരംഭിക്കുകയുമുണ്ടായി. അതിനെത്തുടർന്ന് അടുത്ത വർഷത്തെ ഹജ്ജ് വേളയിൽ ചരിത്രപ്രാധാന്യമുള്ള ഉടമ്പടികൾ രൂപപ്പെട്ടു.
പവിത്ര മാസങ്ങളും ഹജ്ജ് കാലവും സമാഗതമായി. യസ്രിബിൽ നിന്ന് പന്ത്രണ്ട് ആളുകൾ മക്കയിലെത്തി. അഖബയിൽ വെച്ച് തിരുനബിയെ ﷺ കണ്ടു. അസ്അദ് ബിൻ സുറാറ, ദക്വാൻ ബിൻ അബ്ദുഖൈസ്, ഉബാദത് ബിൻ സാമിത്, അബ്ബാസ് ബിൻ ഉബാദത് ബിൻ നള്ല, ഖുത്ബത് ബിൻ ആമിർ ബിൻ ഹദീദ, ഉഖ്ബത് ബിൻ ആമിർ, ഔഫ് ബിൻ അൽ ഹാരിസ്, രിഫാഅ, ഉവൈം ബിൻ സാഇദ, മാലിക് ബിൻ അത്തയിഹാൻ, മുഅവ്വിദ് ബിൻ അൽ ഹാരിസ്, യസീദ് ബിൻ സഅ്ലബ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഉടമ്പടിയുടെ ഉള്ളടക്കത്തെക്കുറിച്ച് ഉബാദത് ബിൻ സാമിത് പറയുന്നു: "അല്ലാഹുവിൽ ആരെയും പങ്കുചേർക്കുകയില്ല, വ്യഭിചരിക്കുകയോ മോഷണം നടത്തുകയോ ഇല്ല, കുട്ടികളെ കൊല്ലുകയില്ല, ആരുടെയും പേരിൽ വ്യഭിചാര ആരോപണം ഉന്നയിക്കുകയില്ല, ബോധപൂർവം പാപം ചെയ്യുകയില്ല, നന്മകളിൽ വീഴ്ച വരുത്തുകയില്ല തുടങ്ങിയ കാര്യങ്ങളിൽ ഞങ്ങൾ തിരുനബിയോട് ﷺ ഉടമ്പടി ചെയ്തു." അവിടുന്ന് പറഞ്ഞു: "ഇവയൊക്കെ പാലിക്കുന്ന പക്ഷം അല്ലാഹു അവർക്ക് പ്രതിഫലം നൽകും; അവന്റെ സ്വർഗം അനുവദിക്കും. വീഴ്ച വരുത്തുന്നവരെ അല്ലാഹു ശിക്ഷിക്കുകയോ മാപ്പ് നൽകുകയോ ചെയ്യും".
ഉടമ്പടി കഴിഞ്ഞ് പിരിഞ്ഞപ്പോൾ അവർക്ക് ഖുർആനും ഇസ്ലാമും പഠിപ്പിച്ചുകൊടുക്കാൻ വേണ്ടി മിസ്അബ് ബിൻ ഉമൈറിനെ ഒപ്പം അയച്ചുകൊടുത്തു. ഖുർആൻ പാരായണം ചെയ്യുന്ന ആൾ, ഓതിക്കൊടുക്കുന്ന ആൾ എന്നർഥമുള്ള 'ഖാരിഅ്' എന്ന പേരിൽ മഹാൻ അറിയപ്പെട്ടു. മിസ്അബിന് മദീനയിൽ ആതിഥ്യം നൽകി സൗകര്യങ്ങൾ ഒരുക്കിയത് അസ്അദ് ബിൻ സുറാറയായിരുന്നു.
അവർ രണ്ടുപേരും ആത്മമിത്രങ്ങളായി; ഒത്തുചേർന്ന് ഇസ്ലാമിക പ്രചാരണത്തിന്റെ ദൗത്യം ഏറ്റെടുത്തു. നാൾക്കുനാൾ ആളുകൾ ഇസ്ലാമിനെ അറിയാനും അംഗീകരിക്കാനും തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം അസ്അദ് മിസ്അബിനെയും കൂട്ടി പുറത്തിറങ്ങി. യസ്രിബിലെ പ്രധാനികളായ സഅ്ദ് ബിൻ മുആദിനെയും ഉസൈദ് ബിൻ ഹുളൈറിനെയും ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു പുറപ്പാട്. കുറച്ചു മുസ്ലിംകളും ഒപ്പം കൂടി. സഅ്ദ് പ്രമുഖ അറബ് കവി ഇംറുൽ ഖൈസിന്റെ കുടുംബത്തിൽപ്പെട്ടയാളും അസ്അദിന്റെ അമ്മായിയുടെ മകനുമായിരുന്നു. ബഹുദൈവാരാധകരിലെ പ്രമുഖ നേതാക്കളും യസ്രിബിലെ പ്രമാണികളുമായ ഇവർ രണ്ടുപേരോടും അസ്അദ് സംസാരിക്കാൻ തുടങ്ങി.
അപ്പോഴേക്കും സഅ്ദ് ഉസൈദിനോട് പറഞ്ഞു: "അതാ വന്നിരിക്കുന്നു രണ്ടാളുകൾ. പുതിയ വാദവുമായി വന്ന് പാവങ്ങളെ പറ്റിക്കുകയാണവർ. അസ്അദ് എന്റെ കുടുംബക്കാരനായതിനാൽ എനിക്ക് തടയാൻ പ്രയാസമുണ്ട്. നിങ്ങൾ അവരോട് പോകാൻ പറയൂ..." ഉസൈദ് ആയുധമേന്തി എഴുന്നേറ്റു; അസ്അദിനെയും മിസ്അബിനെയും അഭിമുഖീകരിച്ചു. അപ്പോഴേക്കും അസ്അദ് മിസ്അബിനോട് പറഞ്ഞു: "ഇദ്ദേഹം ജനങ്ങളുടെ നേതാവാണ്. ഇദ്ദേഹത്തിന്റെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ വിശ്വസിച്ചോളൂ". മിസ്അബ് പറഞ്ഞു: "അദ്ദേഹം ഒന്ന് ഇരുന്നുകിട്ടിയാൽ ഞാൻ സംസാരിച്ചോളാം". അപ്പോഴേക്കും ഉസൈദ് ആക്ഷേപമുയർത്തി: "നിങ്ങൾ രണ്ടാളും ഇവിടെ പാവങ്ങളെ ചൂഷണം ചെയ്യാൻ വന്നതല്ലേ? നിങ്ങൾക്ക് വല്ല ഏർപ്പാടുമുണ്ടെങ്കിൽ ഞങ്ങളെ ഒഴിവാക്കി നിങ്ങളത് നോക്കിക്കോളൂ". ഉടനെ മിസ്അബ് പറഞ്ഞു: "നിങ്ങൾക്ക് ഞങ്ങളെയൊന്ന് കേട്ടുകൂടേ? കേൾക്കുന്നത് നിങ്ങൾക്ക് യോജിക്കാവുന്നതാണെങ്കിൽ അംഗീകരിക്കാം; അല്ലെങ്കിൽ നിങ്ങൾ പ്രതിരോധിച്ചോളൂ. അതല്ലേ ശരി?" ഉസൈദ് പറഞ്ഞു: "അത് ന്യായമാണ്." അയാൾ കുന്തം നാട്ടിവെച്ചു. മിസ്അബ് ഇസ്ലാമിനെ പ്രാഥമികമായി പരിചയപ്പെടുത്തി. ശേഷം ഖുർആനിൽ നിന്ന് അൽപഭാഗം പാരായണം ചെയ്തു. അപ്പോൾ തന്നെ ശ്രോതാവിന്റെ മുഖഭാവം മാറിത്തുടങ്ങി; സവിശേഷമായൊരു പ്രഭ അവിടെ പ്രത്യക്ഷമായി. അദ്ദേഹം പറഞ്ഞു: "ഇതെത്ര മനോഹരമായ വചനങ്ങൾ! എത്ര സുന്ദരമായ പാരായണം! ഈ ആദർശത്തിൽ ചേരാൻ ഞാനെന്ത് ചെയ്യണം?" നിങ്ങൾ ശരീരവും വസ്ത്രവും ശുദ്ധിയാക്കി വരൂ; എന്നിട്ട് സത്യസാക്ഷ്യം സ്വീകരിക്കുക, അത് പ്രഖ്യാപിക്കുക, നിസ്കരിക്കുക.
ഇത്രയും കേട്ടതോടെ ഉസൈദ് എഴുന്നേറ്റു, ശരീരശുദ്ധി വരുത്തി, ശുഭ്രവസ്ത്രം ധരിച്ചുവന്നു സത്യവാചകം പ്രഖ്യാപിച്ചു; രണ്ട് റക്അത് നിസ്കരിച്ചു. ശേഷം പറഞ്ഞു: "എന്റെ പിന്നിൽ ഒരാൾ കൂടിയുണ്ട്. അദ്ദേഹം നിങ്ങൾ പറയുന്നത് സ്വീകരിച്ചാൽ അദ്ദേഹത്തിന്റെ സമൂഹത്തിൽ നിന്ന് ആരും നിങ്ങൾക്കെതിരാവുകയില്ല. കാരണം അദ്ദേഹം ജനങ്ങൾക്ക് സ്വീകാര്യനും അവരുടെ നേതാവുമാണ്. സഅ്ദ് ബിൻ മുആദ് എന്നാണ് അദ്ദേഹത്തിന്റെ പേര്. ഞാൻ അദ്ദേഹത്തെ നിങ്ങളുടെ അടുത്തേക്കയക്കാം". ഉസൈദ് തന്റെ ആയുധവുമെടുത്ത് പുറപ്പെട്ടു; സഅ്ദിന്റെ സദസ്സിലേക്കെത്തി. അടുത്തെത്തിയപ്പോൾ തന്നെ സഅ്ദ് പറഞ്ഞു: "ഉസൈദ് നേരത്തെ പോയ ഭാവത്തിലല്ലല്ലോ ഇപ്പോൾ തിരിച്ചുവന്നത്; മുഖത്തെന്തോ ഒരു മാറ്റം!" വന്നയുടനെ ഉസൈദ് പറഞ്ഞു: "ഞാൻ അവരെ രണ്ടുപേരെയും കണ്ടുമുട്ടി. തടയാൻ ശ്രമിച്ചെങ്കിലും അവർ കുഴപ്പക്കാരൊന്നുമല്ലെന്ന് ബോധ്യമായി. പിന്നെ, അസ്അദ് ബിൻ സുറാറ നിങ്ങളുടെ അമ്മാവന്റെ മകനാണെന്നറിഞ്ഞതിനാൽ ബനൂ ഹാരിസക്കാർ അദ്ദേഹത്തെ വധിക്കാൻ പുറപ്പെട്ടുവെന്ന് കേൾക്കുന്നു." സഅ്ദ് ഉടനെ എഴുന്നേറ്റു; തന്റെ ആയുധവുമെടുത്ത് പുറപ്പെട്ടു. അതാ മിസ്അബും അസ്അദും ശാന്തമായി ഇരിക്കുന്നു. അതുകണ്ടപ്പോൾ സഅ്ദിന് മനസ്സിലായി, തന്നെ ഇവരുടെ മുന്നിൽ എത്തിക്കാനാണ് ഉസൈദ് ബനൂ ഹാരിസയുടെ കാര്യം പറഞ്ഞതെന്ന്.
സഅ്ദ് അസ്അദിനോട് പരുഷമായി സംസാരിച്ചു: "നിങ്ങൾ എന്റെ കുടുംബക്കാരനായിരുന്നില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഈ പ്രവേശം ശക്തമായി പ്രതിരോധിക്കുമായിരുന്നു." ഉടനെ അസ്അദ് മിസ്അബിനോട് പറഞ്ഞു: "ഈ വന്നതാരാണെന്നറിയുമോ? ജനങ്ങളുടെ നേതാവാണ്; വാക്കിന് മറുവാക്കില്ലാത്ത വ്യക്തിയാണ്." ഉടനെ മിസ്അബ് പറഞ്ഞു: "അൽപമൊന്നിരിക്കാമോ? ഞങ്ങൾ പറയുന്നത് ഒന്ന് കേൾക്കുക. സ്വീകാര്യമായ കാര്യങ്ങളാണെങ്കിൽ സ്വീകരിക്കുക; അല്ലാത്തപക്ഷം നമുക്ക് നല്ല നിലയിൽ പിരിയാം". ശരി, സഅ്ദ് സമ്മതിച്ചു; കുന്തം നിലത്തുനാട്ടി മിസ്അബിനെ കേൾക്കാൻ തയ്യാറായി. അദ്ദേഹം ഇസ്ലാമിനെ അവതരിപ്പിച്ചു, ഖുർആൻ സൂക്തങ്ങൾ പാരായണം ചെയ്തു കേൾപ്പിച്ചു.
സഅ്ദിന്റെ മുഖഭാവം മാറാൻ തുടങ്ങി; പ്രകാശരേഖകൾ തെളിഞ്ഞു. അദ്ദേഹം ചോദിച്ചു: "ഈ വിശ്വാസത്തിലേക്ക് പ്രവേശിക്കുന്നതിന്റെ രീതി എങ്ങനെയാണ്?" നേരത്തെ ഉസൈദിനോട് പറഞ്ഞ പ്രകാരം സഅ്ദിനോടും പറഞ്ഞു: കുളിച്ചു വൃത്തിയായി ശുഭ്രവസ്ത്രം ധരിച്ച് സത്യസാക്ഷ്യം പ്രഖ്യാപിക്കുക; ശേഷം രണ്ട് റക്അത് നിസ്കരിക്കുക. സഅ്ദ് തന്റെ ആയുധവുമെടുത്ത് കൂട്ടുകാരുടെ അടുത്തേക്ക് മടങ്ങിപ്പോയി.
സഅ്ദിനെ കണ്ടമാത്രയിൽ അവർ ചോദിച്ചു: "എന്താണൊരു മാറ്റം! പോയ ഭാവത്തിലല്ലല്ലോ വരുന്നത്". അദ്ദേഹത്തിന്റെ ഹൃദയത്തിൽ നേർവഴിയുടെ വെളിച്ചം കടന്നു. സഅ്ദ് തന്റെ ഗോത്രത്തെ അഭിമുഖീകരിച്ചു: "അല്ലയോ ബനൂ അശ്ഹൽ ഗോത്രക്കാരേ! നിങ്ങൾക്ക് എന്നെക്കുറിച്ച് എന്താണ് അഭിപ്രായം?" അവർ ഒന്നടങ്കം പറഞ്ഞു: "നിങ്ങൾ ഞങ്ങളുടെ നേതാവും ഞങ്ങളിൽ ഉന്നതനുമാണ്." ഉടനെ സഅ്ദ് പ്രഖ്യാപിച്ചു: "കാര്യം അങ്ങനെയാണെങ്കിൽ, ഇനി നിങ്ങളിൽ സ്ത്രീയോ പുരുഷനോ ആരും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കാതെ എന്നോട് സംസാരിക്കുന്നത് പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല". അവരൊന്നാകെ ഇസ്ലാം സ്വീകരിച്ചു. അംറ് ബിൻ സാബിത് ബിൻ വഖ്ശ് എന്നൊരാൾ മാത്രം വിട്ടുനിന്നു. പിന്നീട് ഉഹ്ദ് യുദ്ധദിവസത്തിൽ അയാൾ ഇസ്ലാം സ്വീകരിച്ചു; മുസ്ലിം സൈന്യത്തോടൊപ്പം ചേർന്നു. അന്നുതന്നെ കൊല്ലപ്പെടുകയും സത്യസാക്ഷിയാവുകയും ചെയ്തു. ജീവിതത്തിൽ ഒരു സുജൂദ് ചെയ്യാൻ പോലും അവസരം ലഭിച്ചില്ലെങ്കിലും അയാൾ സ്വർഗാവകാശിയാണെന്ന് തിരുനബി ﷺ സന്തോഷവാർത്ത പറഞ്ഞു.
സഅ്ദും മിസ്അബും അസ്അദ് ബിൻ സുറാറയുടെ വീട്ടിലേക്ക് വന്നു. യസ്രിബിലെ ഇസ്ലാമിക പ്രവർത്തനങ്ങൾ കൂടിയാലോചിച്ചു; സജീവമായി അവർ രംഗത്തിറങ്ങി. എല്ലാ വീടുകളിലും സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവരും ഇസ്ലാമിനെ പരിചയപ്പെട്ടു. ദാറു ബനീ ഉമയ്യ ഒഴികെ അവിടെയുള്ള മുഴുവൻ കുടുംബങ്ങളും ഇതോടെ ഇസ്ലാമാശ്ലേഷിച്ചു. അവരുടെ കൂട്ടത്തിൽ സൈഫിയ്യ് എന്ന് പേരുള്ള ഖൈസ് ബിൻ അസ്ലത് എന്നൊരാളുണ്ടായിരുന്നു; തിരുനബി ﷺ പലായനം ചെയ്ത് മദീനയിലെത്തിയപ്പോൾ അയാൾ ഇസ്ലാം സ്വീകരിച്ചു.
യസ്രിബിലെ വർത്തമാനങ്ങൾ മക്കയിൽ എത്തിത്തുടങ്ങി. ഔസ്-ഖസ്റജ് ഗോത്രങ്ങൾ ആവേശപൂർവം ഇസ്ലാം സ്വീകരിക്കുന്ന രംഗമറിഞ്ഞപ്പോൾ തിരുനബിക്ക് ﷺ സന്തോഷമായി. മിസ്അബിന്റെ പ്രവർത്തന വിവരങ്ങൾ തിരുനബിക്ക് ﷺ ആവേശം നൽകി. പത്ത് വർഷമായി മക്കയിലെ കമ്പോളങ്ങളിലും തീർഥാടകർക്കിടയിലും ചുറ്റിസഞ്ചരിച്ച് നേരിട്ട് ക്ഷണിച്ചിട്ടും ലഭിക്കാത്ത അനുകൂല പ്രതികരണം യസ്രിബിൽ നിന്ന് ലഭിക്കുന്നു. വിശ്വാസികളെ അങ്ങോട്ടയച്ച് ആശ്വാസം നൽകാനും യസ്രിബ് കേന്ദ്രീകരിച്ച് ഇസ്ലാമിനെ ശക്തിപ്പെടുത്താനും സാഹചര്യം അനുകൂലമാണെന്ന് തിരുനബി ﷺ മനസ്സിലാക്കി. മക്കയിൽ ക്രൂരതകൾ വർദ്ധിപ്പിക്കുകയാണ് ഖുറൈശികൾ. അവിടെ ഒരു പ്രതിരോധം തീർക്കലോ ഒരു ചെറുത്തുനിൽപ്പോ തിരുനബി ﷺ ചിന്തിച്ചതേയില്ല. ഒരു പോരാട്ടമോ രക്തച്ചൊരിച്ചിലോ മക്കയിൽ സംഭവിച്ചുകൂടാ എന്ന് തിരുനബിക്ക് ﷺ നിർബന്ധമുണ്ടായിരുന്നു.
ക്രിസ്താബ്ദം 622-ൽ യസ്രിബിൽ നിന്ന് എഴുപത്തിയഞ്ചംഗ സംഘം മക്കയിൽ തീർഥാടകരായെത്തി; എഴുപത്തിമൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും. അവർ അഖബയിൽ വെച്ച് തിരുനബിയോട് ﷺ കരാറിലേർപ്പെട്ടു. "എന്തൊക്കെയാണ് ഞങ്ങൾ ഉടമ്പടി ചെയ്യേണ്ടത്?" തിരുനബി ﷺ വിശദീകരിച്ചു: "കൽപനകൾ സന്തോഷത്തിലും സന്താപത്തിലും അനുസരിക്കുക, ആയാസത്തിലും പ്രയാസത്തിലും വിനിയോഗിക്കേണ്ടതിൽ വിനിയോഗിക്കുക, നല്ല കാര്യങ്ങൾ കൽപിക്കുകയും മോശം കാര്യങ്ങൾ വിരോധിക്കുകയും ചെയ്യുക, അല്ലാഹുവിന്റെ കാര്യത്തിൽ ഒരാക്ഷേപവും പ്രശ്നമാക്കാതിരിക്കുക, യസ്രിബിലേക്ക് വന്നാൽ നിങ്ങൾക്കും ഭാര്യസന്താനങ്ങൾക്കും സുരക്ഷ നൽകും പോലെ ഞങ്ങളെ സംരക്ഷിക്കുക - ഈ കാര്യങ്ങളിൽ ഉടമ്പടി ചെയ്യുക. ഇതിനെല്ലാം പ്രതിഫലമായി നിങ്ങൾക്ക് സ്വർഗം ലഭിക്കും".
യസ്രിബുകാർക്ക് എല്ലാം സമ്മതമായിരുന്നു. കൈപിടിച്ച് ഉടമ്പടി ചെയ്യാൻ അസ്അദ് ബിൻ സുറാറ എഴുന്നേറ്റു. പ്രവാചകാനുചരൻ ജാബിർ പറയുന്നു: "ഞാൻ കഴിഞ്ഞാൽ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആൾ അസ്അദ് ആയിരുന്നു". ശേഷം ഓരോരുത്തരായി ഉടമ്പടി തുടർന്നു.
ക്രിസ്താബ്ദം 622-ലായിരുന്നു ഈ സംഭവം. ഹജ്ജ് കഴിഞ്ഞ് രണ്ടാം ദിവസം അർദ്ധരാത്രി അഖബയിൽ ഒരുമിച്ചുകൂടാമെന്ന് നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. യസ്രിബിൽ നിന്ന് വന്ന വിശ്വാസികൾ അവർക്കൊപ്പമുള്ള അവിശ്വാസികൾ ഉടമ്പടി വിവരം അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. നിശ്ചിത ദിവസം അർദ്ധരാത്രിയിൽ താമസസ്ഥലത്ത് നിന്ന് പാത്തും പതുങ്ങിയും അടുത്തുള്ളവർ അറിയാതെ അവർ പുറത്തിറങ്ങി; അഖബയിലെത്തി. മലമുകളിൽ കയറി പ്രവാചകരുടെ ﷺ ആഗമനം പ്രതീക്ഷിച്ച് കാത്തിരുന്നു. വൈകാതെ തിരുനബി ﷺ എത്തിച്ചേർന്നു. പിതൃസഹോദരനായ അബ്ബാസും ഒപ്പമുണ്ടായിരുന്നു. ഒരു സഖ്യം രൂപപ്പെടുന്നുവെന്ന വാർത്ത തിരുനബിയിൽ ﷺ നിന്ന് തന്നെ അറിഞ്ഞിട്ടാണ് അബ്ബാസ് ഒപ്പം ചേർന്നത്. ഈ സഖ്യം ഒരു പോരാട്ടമുണ്ടാക്കുമോ എന്ന ചിന്തയും അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ സംഭവിക്കുന്ന പക്ഷം ഹാശിം-മുത്വലിബ് കുടുംബക്കാർക്ക് പൊതുവെയും സഹോദരപുത്രന് പ്രത്യേകിച്ചും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ അബ്ബാസ് ആലോചിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹം സദസ്സിൽ സംഭാഷണം ആരംഭിച്ചു: "അല്ലയോ ഖസ്റജുകാരേ, മുഹമ്മദ് നബിക്ക് ﷺ ഞങ്ങൾക്കിടയിലുള്ള സ്ഥാനം നിങ്ങൾക്കറിയാമല്ലോ? ഏതുതന്നെയായാലും ഇതുവരെയും മക്കയിൽ ഹാശിം-മുത്വലിബ് കുടുംബങ്ങൾ തിരുനബിയെ പൂർണമായും കൈവിട്ടിട്ടില്ല. ഇപ്പോൾ നിങ്ങളോടൊപ്പം ചേരാൻ പ്രവാചകൻ ﷺ താൽപര്യപ്പെടുന്നു. നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ഉടമ്പടി പൂർണമായും പാലിക്കാൻ സന്നദ്ധരാണെങ്കിൽ മാത്രം മുന്നോട്ടുപോയാൽ മതി. കരാർ ചെയ്തിട്ട് പാലിക്കാതെ പ്രവാചകരെ ﷺ ശത്രുവിന് ഏൽപിച്ചുകൊടുക്കാനാണ് ഉദ്ദേശ്യമെങ്കിൽ അത് ഇപ്പോൾത്തന്നെ പറയുന്നതാണ് നല്ലത്”.
അബ്ബാസിന്റെ സംസാരം പൂർണമായി കേട്ടശേഷം യസ്രിബുകാർ പറഞ്ഞു: "അല്ലയോ അബ്ബാസ്, നിങ്ങൾ പറഞ്ഞത് പൂർണമായും ഞങ്ങൾ കേട്ടു. അല്ലാഹുവിന്റെ ദൂതരേ, അവിടുത്തേക്കും അവിടുത്തെ നാഥനും ഹിതമായതെന്തും തിരഞ്ഞെടുക്കാം. ഞങ്ങൾ എന്തിനും തയ്യാറാണ്". തിരുനബി ﷺ ഖുർആനിലെ ഏതാനും സൂക്തങ്ങൾ അവരെ പാരായണം ചെയ്തു കേൾപ്പിച്ചു; യസ്രിബുകാർക്ക് മതത്തോടും പ്രവാചകരോടും താൽപര്യം വർദ്ധിക്കാൻ വേണ്ടിയായിരുന്നു അത്. ശേഷം ഒരിക്കൽ കൂടി അവിടുന്ന് പറഞ്ഞു: "നിങ്ങൾ നിങ്ങളുടെ ഭാര്യസന്താനങ്ങളെ പരിരക്ഷിക്കും പോലെ എന്നെയും പരിരക്ഷിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു". അവർ ആ പ്രതീക്ഷ ആദരവോടെ ഏറ്റെടുത്തു.
ഒന്നാം അഖബാ ഉടമ്പടിയോടെ ഇസ്ലാം സ്വീകരിച്ച ഒരു ഖസ്റജ് നേതാവായിരുന്നു ബർറാഅ് ബിൻ മഅ്റൂർ. ഇസ്ലാമിക നിയമങ്ങളെല്ലാം പാലിക്കാൻ സന്നദ്ധനായിരുന്നെങ്കിലും കഅ്ബയല്ലാത്ത ഒരു ഖിബ്ല അംഗീകരിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നില്ല. അക്കാലത്ത് വിശ്വാസികളുടെ ഖിബ്ല ബൈതുൽ മുഖദ്ദസായിരുന്നു. ബർറാഇന്റെ ഈ നിലപാട് വിശ്വാസി സമൂഹത്തിൽ അഭിപ്രായാന്തരങ്ങൾ സൃഷ്ടിച്ചു. ബർറാഇന്റെ നിലപാടിനെക്കുറിച്ച് മറ്റുള്ളവർ തിരുനബിയോട് ﷺ സംശയം ഉന്നയിച്ചു. ഇപ്പോൾ ബൈതുൽ മുഖദ്ദസിലേക്ക് തന്നെയാണ് തിരിയേണ്ടത് എന്ന് തിരുനബി ﷺ പറഞ്ഞു. ശേഷം ബർറാഅ് തിരുനബിയോട് ﷺ കരാർ ചെയ്യാനായി കൈനീട്ടി; എന്നിട്ട് ഇപ്രകാരം പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിതാ കരാർ ചെയ്യുന്നു. പടവാളിന്റെയും പോരാട്ടത്തിന്റെയും സന്തതികളാണ് ഞങ്ങൾ; പാരമ്പര്യമായി ഞങ്ങൾക്ക് ലഭിച്ചതാണ് ഈ മഹത്വം". ഇത്രയും പറഞ്ഞപ്പോഴേക്കും അബുൽഹൈസം അത്തയിഹാൻ ഇടപെട്ടു: "ഞങ്ങൾ ജൂതന്മാരുമായി ചില കരാറിലൊക്കെ ഏർപ്പെട്ടിരുന്നു. അതൊക്കെ ഞങ്ങൾ ദുർബലപ്പെടുത്തി. ഇത്രയുമൊക്കെ ചെയ്ത ശേഷം നാളെ അവിടുത്തേക്ക് സ്വീകാര്യതയും ശക്തിയും വിജയവുമൊക്കെ ലഭിച്ചുകഴിഞ്ഞാൽ ഞങ്ങളെ മറന്ന് സ്വന്തം ജനതയിലേക്ക് തന്നെ തിരിച്ചുപോകുമോ നബിയേ ﷺ?" തൂമന്ദഹാസത്തോടെ തിരുനബി ﷺ പറഞ്ഞു: "ഇല്ല, ഒരിക്കലുമില്ല. നിങ്ങളുടെ ശത്രുക്കൾ എന്റെയും ശത്രുക്കളാണ്. നിങ്ങളുടെ രക്തം എന്റെതുകൂടിയാണ്. ഞാൻ നിങ്ങളുടെതും നിങ്ങൾ എന്റെതുമാണ്".
അങ്ങനെ ഉത്സാഹത്തോടെ ഖസ്റജുകാർ പ്രതിജ്ഞയ്ക്കൊരുങ്ങുമ്പോൾ അബ്ബാസ് ബിൻ ഉബാദ വിളിച്ചുപറഞ്ഞു: "നിങ്ങൾ എന്തൊരു പ്രതിജ്ഞയ്ക്കാണ് തയ്യാറാകുന്നതെന്ന് നിങ്ങൾക്കറിയുമോ? വേണ്ടിവന്നാൽ ചുവന്നവരും കറുത്തവരുമായ ഏതുതരം ശത്രുവിനോടാണെങ്കിലും സായുധമായി നേരിടേണ്ടി വരും. നിങ്ങളുടെ നേതാക്കൾ കൊല്ലപ്പെടുകയും സ്വത്തുകൾ നഷ്ടപ്പെടുകയും ചെയ്തെന്ന് വരും. അപ്പോൾ നിങ്ങൾ ഈ വ്യക്തിയെ കൈവിട്ടിട്ട് കാര്യമില്ല. അങ്ങനെയെങ്കിൽ ഇപ്പോൾ തന്നെ നിങ്ങൾ കൈവിട്ടേക്കുക. പ്രതിജ്ഞയുടെ പ്രാധാന്യം നിങ്ങൾ അറിയുന്നുണ്ടോ?" അവർ ഏകസ്വരത്തിൽ പറഞ്ഞു: "ആൾനാശമോ സാമ്പത്തിക നഷ്ടമോ നേതാക്കൾ കൊല്ലപ്പെടുന്നതോ ഒന്നും ഞങ്ങൾക്ക് പ്രശ്നമല്ല; ഞങ്ങൾ ഈ വ്യക്തിത്വത്തെ സംരക്ഷിക്കും. അല്ലയോ അല്ലാഹുവിന്റെ തിരുദൂതരേ, ഇതിന് പ്രതിഫലമായി ഞങ്ങൾക്കെന്താണ് നൽകുക?" അവിടുന്ന് പറഞ്ഞു: "നിങ്ങൾക്ക് സ്വർഗമുണ്ടാകും".
പിന്നെയവർ ആരെയും കാത്തുനിൽക്കാതെ കൈകൾ നീട്ടി. തിരുനബി ﷺ തിരുകരത്താൽ അവരെ സ്വീകരിച്ചു; എല്ലാവരും ദൃഢപ്രതിജ്ഞ ചെയ്തു. ഉടമ്പടി പൂർത്തിയായപ്പോൾ തിരുദൂതർ പറഞ്ഞു: "നിങ്ങളിൽ നിന്ന് പന്ത്രണ്ട് പ്രതിനിധികളെ പ്രത്യേകം നിർണയിക്കണം; അവരായിരിക്കണം കാര്യനിർവഹണങ്ങളുടെ പ്രധാന ചുമതലയുള്ളവർ". ഒരു ജനറൽ ബോഡിയിൽ നിന്ന് എക്സിക്യൂട്ടീവിനെ തിരഞ്ഞെടുക്കുന്നതുപോലെ, ഖസ്റജിൽ നിന്ന് ഒമ്പതു പേരെയും ഔസ് ഗോത്രക്കാരായ മൂന്നു പേരെയും ചേർത്ത് പന്ത്രണ്ട് പേരെ നിർണയിച്ചു. ശേഷം അവരോട് പറഞ്ഞു: "നിങ്ങളുടെ സമൂഹത്തിന്റെ നടപടികൾക്ക് നിങ്ങൾക്കായിരിക്കും ഉത്തരവാദിത്തം".
മഹതി മർയമിന്റെ മകൻ ഈസാ പ്രവാചകന്റെ പ്രത്യേകക്കാരായ ശിഷ്യന്മാരായി 'ഹവാരികൾ' അവരോധിക്കപ്പെട്ടതുപോലെ 'അൻസ്വാറുകൾ' (സഹായികൾ) എന്ന പേരിൽ യസ്രിബിലെ വിശ്വാസി സംഘം അടയാളപ്പെട്ടു. 'നുഖബാഅ്' (വിശിഷ്ട പ്രതിനിധികൾ) എന്ന പേരിൽ ചരിത്രത്തിൽ രേഖപ്പെട്ട പന്ത്രണ്ട് ആളുകളുടെ പേരുകൾ ഇങ്ങനെ:
1. ഉസൈദ് ബിൻ ഹുളൈർ
2. അബുൽഹൈസം അത്തയിഹാൻ
3. സഅ്ദ് ബിൻ ഖൈസമ (ഔസ് ഗോത്രം)
4. അസ്അദ് ബിൻ സുറാറ
5. റാഫിഅ് ബിൻ മാലിക്
6. സഅ്ദ് ബിൻ ഉബാദ
7. മുൻദിർ ബിൻ അംറ്
8. ബർറാഅ് ബിൻ മഅ്റൂർ
9. സഅ്ദ് ബിൻ റബീഅ്
10. അബ്ദുല്ലാഹ് ബിൻ റവാഹ
11. ഉബാദത് ബിൻ സ്വാമിത്
12. അബ്ദുല്ലാഹിബ്നു അംറ് (ഖസ്റജ് ഗോത്രം)
രാത്രിയുടെ ഉള്ളിൽ മക്കയിലെ ഒരു മലഞ്ചെരുവിൽ നടന്ന ഈ ഉടമ്പടി കരാർ ചെയ്തവർക്ക് പുറമെ ഒരാളും അറിയാൻ സാധ്യതയില്ലായിരുന്നു. പക്ഷേ ഉടമ്പടി പൂർത്തിയായപ്പോൾ അതാ ഒരട്ടഹാസം: "ഖുറൈശികളേ, മുഹമ്മദ് നബിയും കൂട്ടരും അതാ യുദ്ധത്തിന് കോപ്പുകൂട്ടുന്നു!" യാദൃച്ഛികമായി ഈ രംഗം വീക്ഷിച്ച ഒരു ചാരൻ, ഉടമ്പടി എല്ലാവരും അറിഞ്ഞുവെന്ന് വരുത്തി ചർച്ചകൾ വഴിതിരിച്ചുവിടാനാണ് ഇങ്ങനെ വിളിച്ചുപറഞ്ഞത്. എന്നാൽ ഈ ശബ്ദം കേട്ടമാത്രയിൽ ഔസും ഖസ്റജും ഒരേസ്വരത്തിൽ പറഞ്ഞു: "പ്രവാചകരേ ﷺ, അങ്ങ് സമ്മതം നൽകിയാൽ നാളെത്തന്നെ ഞങ്ങൾ മിനയിൽ മിന്നലാക്രമണം നടത്താം." തിരുനബി ﷺ പറഞ്ഞു: "അതിന് നമുക്ക് കൽപനയില്ല. നിങ്ങൾ വിശ്രമസ്ഥലങ്ങളിലേക്ക് പോയ്ക്കൊള്ളൂ".
പ്രഭാതമായപ്പോഴേക്കും ഖുറൈശീ പാളയങ്ങളിൽ വാർത്ത പരന്നു. അവർ ഖസ്റജുകാരുടെ താമസസ്ഥലത്ത് വന്ന് ആക്ഷേപങ്ങൾ പറഞ്ഞു. കൂട്ടത്തിൽ വിളിച്ചുപറഞ്ഞു: "ഞങ്ങൾ നിങ്ങൾക്കെതിരെ യുദ്ധത്തിനൊന്നും വന്നിട്ടില്ലല്ലോ? പിന്നെന്തിനാണ് നിങ്ങൾ ഞങ്ങൾക്കെതിരെ മുഹമ്മദുമായി സഖ്യമുണ്ടാക്കിയത്?" അപ്പോൾ ഖസ്റജിലെ ബഹുദൈവ വിശ്വാസികൾ പറഞ്ഞു: "ഞങ്ങൾ ആരുമായിട്ടും കരാറൊന്നും ചെയ്തിട്ടില്ലല്ലോ?" അവർ മുസ്ലിംകളുടെ ചലനങ്ങൾ തീരെ അറിഞ്ഞിരുന്നില്ല. അവർ ഉടമ്പടിയെ പാടേ നിഷേധിച്ചു. മുസ്ലിംകൾ അതിവിദഗ്ദ്ധമായി മൗനം പാലിച്ചു. ഖുറൈശികൾക്ക് പ്രത്യക്ഷത്തിൽ അത് അംഗീകരിക്കേണ്ടി വന്നു. അപ്പോൾ പിന്നെ ലഭിച്ച വിവരമോ? അവർ ആശയക്കുഴപ്പത്തിലായി. തൽക്കാലം എല്ലാവരും പിരിഞ്ഞുപോയി. തുടർന്നുള്ള അന്വേഷണത്തിൽ ഉടമ്പടി നടന്നതായി ഉറച്ചു. പക്ഷേ അപ്പോഴേക്കും യസ്രിബിൽ നിന്ന് വന്നവർ മടക്കയാത്ര ആരംഭിച്ചുകഴിഞ്ഞിരുന്നു. ഖുറൈശികൾ അവരെ പിന്തുടർന്നു. സഅ്ദ് ബിൻ ഉബാദയെ മാത്രമേ അവർക്ക് പിടികിട്ടിയുള്ളൂ. അദ്ദേഹത്തെ അവർ മക്കയിൽ കൊണ്ടുവന്നു; ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ ജുബൈർ ബിൻ മുത്ഇമും ഹാരിസ് ബിൻ ഉമയ്യയും ജാമ്യം നിന്ന് രക്ഷപ്പെടുത്തി. ശാമിലേക്കുള്ള കച്ചവടയാത്രയിൽ യസ്രിബിലെത്തുമ്പോൾ സഅ്ദ് ബിൻ ഉബാദ ചെയ്തിരുന്ന സഹായങ്ങൾക്കുള്ള പ്രത്യുപകാരമായിരുന്നു അത്.
ഉടമ്പടിയെക്കുറിച്ച് വിഭിന്ന വിചാരങ്ങളായിരുന്നു ഖുറൈശികളിൽ ഉയർന്നുവന്നത്. ഏകദേശം പതിമൂന്ന് കൊല്ലത്തോളം നിരന്തരമായ മർദ്ദനങ്ങളും പീഡനങ്ങളും ബഹിഷ്കരണങ്ങളുമൊക്കെ ഉണ്ടായിട്ടും ആദർശത്തിൽ നിന്നോ ആദർശ പ്രചാരണത്തിൽ നിന്നോ തിരുനബിയെയോ ﷺ മുസ്ലിംകളെയോ പിന്തിരിക്കാനാവുന്നില്ല എന്ന് അവർ തിരിച്ചറിഞ്ഞു. ഒപ്പം യസ്രിബുകാരുമായി ഒത്തുചേർന്ന് ആശയസ്വാതന്ത്ര്യം നേടി മുസ്ലിംകൾ വളർന്നേക്കുമോ എന്ന് അവർ ഭയന്നു. ഏതുവിധേനയും അത് തടയണമെന്ന് തീരുമാനിച്ചുറച്ചു.





