തിരുനബിയും സഹചാരി അബൂബക്കർ സിദ്ദീഖും യാത്ര തുടരുകയാണ്. ഖുദൈദ് താഴ്വരയിൽ നിന്ന് സംഘം അൽമുശല്ലൽ ലാവാ ട്രാക്ടിലേക്ക് കടന്നു. യമനിനും ദമാസ്ക്സിനും ഇടയിലുള്ള കച്ചവടയാത്രകൾ കടന്നുപോകുന്ന വഴിയാണിത്. ഇന്ന് ഈ സ്ഥലം 'അൽ ഖുദൈദിയ്യ' എന്നാണറിയപ്പെടുന്നത്. അൽമുശല്ലൽ താഴ്വരയിലൂടെ അധികം മുന്നോട്ടുപോയില്ല, അവർ കുലയ്യ താഴ്വരയിലേക്ക് പ്രവേശിച്ചു. ഇവിടെ വെച്ചാണ് സുറാഖയെ കണ്ടുമുട്ടിയതെന്നും ഒരു അഭിപ്രായമുണ്ട്. സുറാഖ അല്ലാതെ മറ്റാരും തിരുനബിയുടെ അടുത്തെത്തിയില്ല. അനുചരൻ അബൂബകർ പറയുന്നു; "അദ്ദേഹം അടുത്തെത്തിയപ്പോൾ ഞാൻ ശബ്ദമുയർത്തി:" അല്ലാഹുവിന്റെ ദൂതരേ... അതാ നമ്മെത്തേടി ഒരാൾ പാഞ്ഞുവരുന്നു". ഭാവമാറ്റമേതുമില്ലാതെ തിരുനബി പറഞ്ഞു: "ഭയം വേണ്ട, അല്ലാഹു നമ്മോടൊപ്പമുണ്ട്"
യാത്ര കിഴക്കോട്ട് മാറി വാദീ അൽ ഖർറാറിലേക്ക് പ്രവേശിച്ചു. അൽ അസ്വരിയ്യ ലാവാ ട്രാക്ടിനോട് ചേർന്നാണ് ഈ പാത. അൽപം മുന്നോട്ടുപോയി ഇടത്തോട്ട് തിരിഞ്ഞതോടെ 'ജൂഹ്ഫ'യായി. ഇവിടെ വെച്ചാണ് വിശുദ്ധ ഖുർആൻ അൽഖസസ് അധ്യായത്തിലെ എൺപത്തിയഞ്ചാം സൂക്തം അവതരിച്ചത് : "അങ്ങയുടെ മേൽ ഖുർആൻ അവതരിപ്പിച്ച് നിയമങ്ങൾ നിർബന്ധമാക്കിയവൻ, പ്രയാണമാരംഭിച്ച നാട്ടിലേക്കു തന്നെ അങ്ങയെ മടക്കിയെത്തിക്കും". മക്കയിലേക്കു തന്നെ ഒരു നാൾ മടക്കിയെത്തിക്കുമെന്ന രക്ഷിതാവിന്റെ വാക്കുകൾ, തിരുനബിയുടെ വിരഹവേദന ശമിപ്പിച്ചു.
പലായനപാത മദീനയുടെ സ്വഭാവമുള്ള ഭൂവിതാനത്തിലേക്കു കടന്നു. വഴിമധ്യേ ഉറവകളും അരുവികളും കാണാനായി. മാമലകളും താഴ്വാരങ്ങളും കടന്ന് വാഹനം നീങ്ങി. ഒടുവിൽ അൽ മുർറ: കുന്നിൻ പ്രദേശത്തെത്തി. പടിഞ്ഞാറ് ഭാഗത്തിലൂടെ 'മാഅ് അഹ്യാ' എന്ന അരുവി ഒഴുകുന്നു.
'മുർറ' കുന്നിൻപ്രദേശങ്ങൾ കടന്ന് 'ലഖഫ്' താഴ്വരയായി. ഈ പാതയിൽ ശ്രദ്ധേയമായ പല അടയാളങ്ങളുമുണ്ട്. "രീഅ് അബൂ ദുമൈറ, രീഅ് അൽ ഹുമയ്യ:" എന്നീ ഉപപാതകളും, സാദ് താഴ്വരയും പ്രധാനപ്പെട്ടവയാണ്. ശേഷമവർ അൽ മുസൈദിറ ജലധാരയോടു ചേർന്ന് ഖുശൂം കുന്നിൻപുറത്തേക്ക് നീങ്ങി. ഉയർന്ന മലകളോടു ചേർന്ന് യാത്രക്കാർ തണൽ തേടുന്ന കൊച്ചു കുന്നുകളിൽപ്പെട്ട ഭാഗമാണ് "മുസ്തസില്ലാതു ഖുശും" എന്നറിയപ്പെടുന്ന ഈ ഭാഗങ്ങൾ. ഹുമയ്യാപാതയുടെ നീളം അറുന്നൂറ് മീറ്ററാണ്. സമുദ്രനിരപ്പിൽ നിന്ന് നൂറ്റിയെട്ട് മീറ്റർ ഉയരത്തിലാണ് ഈ പാത.
നൂറ്റിഅൻപത് മീറ്ററുള്ള സാദ് താഴ്വരയിലൂടെ, വാദീ ഫർഇലൂടെ നാല് കിലോമീറ്റർ സഞ്ചരിച്ച് തിരുനബി ലിഖ്ഫ് ചെരുവിലെത്തി. ശേഷം പടിഞ്ഞാറോട്ട് തിരിഞ്ഞ് മുലൈസാ പർവതം പൂകി. മിനുസമുള്ള കൂറ്റൻ പാറകളാൽ പ്രസിദ്ധമായ മലയാണിത്. അവിടെ നിന്ന് ഏഴു കിലോമീറ്റർ ദൂരംതാണ്ടി രിള്വാന് കിണറിന്റെ അടുത്തെത്തി. സെപ്തംബർ പതിനാല് ബുധനാഴ്ച അഥവാ റബീഉൽ അവ്വൽ മൂന്നിന് രാത്രി തിരുദൂതരും ഒപ്പമുള്ളവരും അവിടെ കഴിച്ചുകൂട്ടി. വ്യാഴാഴ്ച്ച രാവിലെ റബീഉൽ അവ്വൽ നാലിന് യാത്ര തുടർന്നു. ലഖ്ഫ് അരുവിയുടെ ചാരത്തു നിന്ന് മുന്നോട്ടുനീങ്ങി. ‘ദുൽ അസ്രുവൈൻ', 'മീജാഹ്' എന്നീ അരുവികൾ മുറിച്ചുകടന്ന് വാഹനം ഉമ്മുകമ്ദിലണഞ്ഞു. ഈ മലഞ്ചെരുവിലൂടെയുള്ള സഞ്ചാരപാതയും ഉമ്മുകശ്ദ് എന്ന പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. ഉമ്മുകശ്ദ് വിട്ടതിനുശേഷം, 'സഖീബ്' താഴ്വരയിലൂടെ (വാദി തഖീബ്) സഞ്ചരിച്ച് വടക്ക് പടിഞ്ഞാറോട്ട് ഒഴുകുന്ന 'ഉജയ്രിദ്' മലഞ്ചെരുവിൽ പ്രവേശിച്ചു. വടക്കു കിഴക്ക് ദിശയിലേക്ക് മാറി 'ഉജയ്രിദ്' താഴ്വരയെ 'ദീസലം' താഴ്വരയുമായി ബന്ധിപ്പിക്കുന്ന 'ബത്നിറി'യിലൂടെ അഥവാ രിഅ പാതയിലൂടെ നീങ്ങി.
സംഘം, ദീസലമിന്റെ ആറ് കിലോമീറ്ററോളം പാറക്കെട്ടുകൾ നിറഞ്ഞ താഴ്വരയിലൂടെ 'മദ്ലജത് തിഹിൻ' എന്ന വരണ്ട ജലപാതയിലേക്ക് കടന്നു. ശേഷം, 'തിഹിൻ' താഴ്വരയിൽ (വാദി തിഹിൻ) പ്രവേശിച്ച് 'അൽ-ഖഹാഹ്' (വാദി അൽ-ഖഹ) ചെരുവിലേക്ക് നീങ്ങി. ലോകപ്രസിദ്ധമായ പ്രവാചക സ്നേഹകാവ്യം ബുർദയിലെ ഒന്നാമത്തെ വരിയിൽ പരാമർശിക്കുന്ന 'ദീസലം' ഇവിടെയാണ്. അവിടെ 'സലം' എന്ന പ്രത്യേകതരം സസ്യം നിറഞ്ഞുനിൽക്കുന്നു. ഇപ്പോഴും 'സലം' നിറഞ്ഞ താഴ്വര സന്ദർശിക്കാം. ഈ ലേഖകന് സലം പുല്ലുകളാൽ സമ്പന്നമായ 'ഇള'മെന്ന താഴ്വര സന്ദർശിക്കാൻ സൗകര്യം ലഭിച്ചിരുന്നു.
'ദീസല'മിൽ നിന്ന് പുറപ്പെട്ട ശേഷം, യാത്രക്കിടയിൽ എത്തിച്ചേരുന്ന മൂന്നാമത്തെ വരണ്ട ജലപാതയെ കണ്ടുമുട്ടി, 'തിഹിൻ' താഴ്വരയിലേക്ക് (വാദി തിഹിൻ) പ്രവേശിക്കുന്ന മദ്ലജത് തിഹിൻ. മദ്ലജത് തിഹിൻ രണ്ട് പർവതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു: കിഴക്ക് അൽ-കബ്ശ് (ജബൽ അൽ-കബ്ഷ്), പടിഞ്ഞാറ് മൗണ്ട് അൽ-കംറ' (ജബൽ അൽ-കംറ).
തുടർന്ന് അൽ ഗുസ്രിയാനയിലെത്തി. അൽ-ഗുസ്രിയാന, തിഹിൻ താഴ്വരയിൽ നിന്ന് (വാദി തിഹിൻ) അൽ-ഖഹ ചെരുവിലേക്ക് വ്യാപിച്ചുകിടക്കുന്ന വിശാലമായ നിരന്നപാതയാണ്, ദർബ് അൽ-അൻബിയ (പ്രവാചകന്മാരുടെ പാത) എന്നും ഇത് അറിയപ്പെട്ടിരുന്നു. അൽ-ഖഹാ താഴ്വരയിൽ നിന്ന് പുറത്തുകടന്ന ശേഷം അൽ-താലൂബിന്റെ (ബിർ അൽ-താലൂബ്) കിണറിനെ സമീപിച്ചു, അത് ഇന്ന് അൽ-ഹഫ എന്ന പേരിൽ അറിയപ്പെടുന്നു. അൽ-ഖഹ താഴ്വരയുടെ വടക്കേ അറ്റത്തുള്ള ഈ സ്ഥലത്ത് നിന്ന് മദീനയിലേക്ക് രണ്ട് വ്യത്യസ്ത വഴികളുണ്ട്. യാത്രക്കാർക്ക് ഒന്നുകിൽ അൽ-മുൻസറഫ് വഴി പോകാം, പിൽക്കാലത്ത് അൽ-മുസൈജിദ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. അല്ലെങ്കിൽ 'ശിഅബു ഫൈദി'ലൂടെയും 'രീഅൽ-അഖൻഖലി'ലൂടെയും പോകുന്ന കാരവൻ ട്രേഡ് റൂട്ടിൽ തുടരാം. തിരുനബിയും കൂട്ടരും അൽ-മുൻസറഫിലേക്ക് പോകവേ, കുറഞ്ഞദൂരത്തേക്ക് വടക്കൻ പാതയാണ് സ്വീകരിച്ചത്.
സെപ്തംബർ 16, വെള്ളിയാഴ്ച, റബീഉൽ അവ്വൽ അഞ്ച്. തിരുനബിയും അനുചരരും അൽ-അർജ് ഗ്രാമത്തിലെത്തി. തുടർന്ന് യാത്ര ‘റീം’ താഴ്വരയിലേക്ക് കടന്നു. ഉമ്മു മഅ്ബദിന്റെ ഭർത്താവ് അബൂമഅ്ബദ് തിരുദൂതരെ കണ്ടുമുട്ടിയത് ഇവിടെവെച്ചാണ്. വീട്ടിൽവന്ന വ്യക്തിയുടെ വിശേഷണം കേട്ട് അത് പ്രവാചകരാണെന്നു മനസ്സിലാക്കി, നൂറ്റിയെഴുപത് കിലോമീറ്റർ ദൂരം താണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയത്. 'റീം' താഴ്വരയിൽ വെച്ച് തിരുനബിയെ പരിചയപ്പെടുകയും ഉടനെ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. അക്തം ബിൻ അബ്ദിൽ ഉസ്സ എന്നായിരുന്നു അദ്ദേഹത്തിന്റെ നാമം.
യാത്ര മുന്നോട്ടുനീങ്ങവേ ഒരു വിചാരം അബൂബകറിനെ അലട്ടി. മദീനയിലേക്കടുക്കുമ്പോൾ ഇത് പ്രവാചകനാണ് കടന്നുപോകുന്നതെന്ന് ജനങ്ങൾക്ക് വേഗം മനസ്സിലാകാതിരിക്കാൻ എന്താണ് ചെയ്യുക? ആരാണെന്ന് തിരക്കിയാൽ പെട്ടെന്ന് എന്താണ് പറയുക? കളവുപറയൽ തെറ്റാണ്. ഒടുവിൽ, അബൂബകർ ഒരു വഴി സ്വീകരിച്ചു. തിരുനബിയെ വാഹനത്തിന്റെ പിൻസീറ്റിൽ ഇരുത്തി. ആരെങ്കിലും നിങ്ങൾ ആരാണെന്ന് ചോദിച്ചാൽ 'ബാഗി'യാണ് (വഴിതെറ്റിയ ആൾ) എന്നും കൂടെയാരാണെന്ന് തിരക്കിയാൽ 'ഹാദി'(മാർഗദർശി)യാണെന്നും പറയാം എന്ന തീരുമാനത്തിലെത്തി. അതിന്റെ ഉദ്ദേശ്യം ഞാൻ പാപിയാണെന്നും എന്നോടൊപ്പമുള്ളത് എന്റെ വിജയത്തിലേക്കുള്ള മാർഗദർശിയുമാണെന്നതിനാൽ പറഞ്ഞത് കളവാകുകയില്ല. കേൾക്കുന്നവർ ഇത് വഴി തെറ്റിയ സഞ്ചാരിയും പിന്നിൽ വഴികാട്ടുന്ന ഗൈഡുമാണെന്ന് നിനയ്ക്കും.
പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ഇമാം ബുഖാരി ഉദ്ദരിക്കുന്നു. തിരുനബി മദീനയിലേക്ക് വന്നപ്പോൾ സിദ്ദീഖ് വാഹനത്തിന്റെ മുൻസീറ്റിലും തിരുനബി പിൻസീറ്റിലുമായിരുന്നു. കാഴ്ചയിൽ അബൂബകർ ഒരു വയോധികൻ, തിരുനബി അറിയപ്പെടാത്ത ഒരു യുവാവ്. ഒരാൾ ചോദിച്ചു: "താങ്കൾ ആരാണ്?" നിശ്ചയിച്ച പ്രകാരം മറുപടി നൽകി.
പലായനം ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. സെപ്തംബർ 19 തിങ്കളാഴ്ച, അൽ-ജത്ജാഥയിൽ വെച്ച് തിരുനബിയും സംഘവും പ്രഭാതഭക്ഷണം കഴിച്ചു. തുടർന്ന് വടക്കുകിഴക്ക് ഖുബയുടെ ഭാഗത്തേക്കുള്ള റോഡിലൂടെ 'തരിഖ് അൽ-സാബി'യിലേക്ക് യാത്ര ചെയ്തു. ഹിജ്റയുടെ അവസാന ദിവസമെത്തി. മദീനയുടെ സമീപമെത്തിയപ്പോൾ സംഘം അൽ-സാബി മാർഗത്തിലൂടെ സഞ്ചരിച്ചു. ഈ റോഡ് അൽ-ഉസ്ബ ജില്ലയിലേക്കും ബനീ ഉനൈഫിന്റെ വസതികളിലേക്കും അവസാന ലക്ഷ്യസ്ഥാനമായ ഖുബയിലേക്കും എത്തിച്ചേരും. പിന്നീട് ഈ പാതയെ "താരീഖ് അല്ലെങ്കിൽ ദർബ് അൽ-ജുസ്സ" എന്ന് നാമകരണം ചെയ്തു. യാത്ര ഖുബയുടെ അടുത്തെത്തിയപ്പോൾ, അവർ ഐർ പർവതത്തിന്റെ (ജബൽ ഐർ) കിഴക്ക് ഭാഗത്തേക്കു നീങ്ങി, ശേഷം വടക്കോട്ട് ഖുബയിലേക്ക് നടന്ന് മദീനാഹറമിന്റെ അതിർത്തികളിലൊന്നായ ഐർ പർവതത്തിലെത്തി.
ഖുബായിലേക്കുള്ള യാത്രാമധ്യേ പ്രവാചകർ ബനീഉനൈഫിന്റെ സമീപസ്ഥലത്തെത്തി. അവർ ആദ്യമായി സന്ദർശിച്ച അയൽപക്ക നാടുകളിൽ ഒന്നാണ് അൽ ഉസ്ബ ജില്ല. മക്കയിൽ നിന്ന് കുടിയേറിയവർ ആദ്യമായി തങ്ങിയതും ഇവിടെയായിരുന്നു. മസ്ജിദ് ഓഫ് ലൈറ്റ് (മസ്ജിദ് അൽ-നൂർ), അൽ-ഹാജിം (ബിർ അൽ-ഹാജിം) എന്നറിയപ്പെടുന്ന ബാനി ജഹ്ജബയുടെ കിണർ (ബിർ ബാനി ജഹ്ജബ) എന്നിവയും ഈ ജില്ലയിലാണ്.
ഖുബയിൽ എത്തുന്നതിന് മുമ്പ് യാത്രക്കാർ ബനീഉനൈഫിന്റെ (ദിയാർ ബനീ ഉനൈഫ്) സമീപത്ത് കൂടെ കടന്നുപോയി, മുസബിഹിന്റെ പള്ളി (മസ്ജിദ് മുസബിഹ്) എന്നും അറിയപ്പെടുന്ന ബനീ ഉനൈഫിന്റെ (മസ്ജിദ് ബനീ ഉനൈഫ്) മസ്ജിദ് ഇവിടെയാണ് നിർമിച്ചത്. പിൽക്കാലത്ത് തൽഹ ബിൻ അൽ ബറാഅ് രോഗബാധിതനായപ്പോൾ അദ്ദേഹത്തെ സന്ദർശിക്കാൻ തിരുനബി ഈ പ്രദേശത്ത് വന്നതായി ചരിത്രനിവേദനങ്ങളിൽ കാണാം.





