പ്രവാചകത്വത്തിന്റെ പതിനാലാം വർഷം, സഫർ മാസം 27-ന് തിരുനബിയും സിദ്ദീഖും വീടുവിട്ടിറങ്ങി സൗർ ഗുഹ ലക്ഷ്യമാക്കി നടന്നു. മക്കയുടെ തെക്കുഭാഗത്ത് കഅ്ബയിൽ നിന്ന് ഏതാണ്ട് മൂന്ന് കിലോമീറ്റർ അകലെ പർവതശിഖരത്തിലാണ് ഗുഹ. മക്കയിൽ നിന്ന് മദീനയിലേക്ക് പോകേണ്ടത് വടക്കുഭാഗത്തുകൂടിയാണ്. എന്നാൽ ശത്രുക്കളുടെ അന്വേഷണം ആദ്യം ആ ദിശയിലായിരിക്കുമെന്ന് മനസ്സിലാക്കിയാണ് അവർ സൗറിലേക്ക് നടന്നത്.
രാത്രിയുടെ അവസാന നിമിഷങ്ങളിൽ തിരുനബിയും സിദ്ദീഖും നടന്നുനീങ്ങി. സിദ്ദീഖ് വളരെ കരുതലോടെയാണ് സഞ്ചരിക്കുന്നത്; ചിലപ്പോൾ മുന്നിൽ നടക്കും, പിന്നെ പിറകിലേക്ക് നീങ്ങും, ഇടയ്ക്ക് ഇടത്തും വലത്തും മാറിമാറി സഞ്ചരിക്കും. വഴിയിൽ വല്ല അപകടവും പതിയിരിക്കുന്നുണ്ടോ, ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്നറിയാനാണ് ഈ അംഗരക്ഷക ദൗത്യം.
ഖുറൈശികളുടെ ചതിപ്രയോഗം പാഴായി; അവർ സ്വയം ചതിക്കപ്പെട്ടതുപോലെയായി. ഈ സന്ദർഭത്തെ ഖുർആനിലെ സൂറതുൽ അൻഫാൽ മുപ്പതാം സൂക്തം അവതരിപ്പിക്കുന്നുണ്ട്: “തങ്ങളെ നാടുകടത്തുകയോ തടവിലാക്കുകയോ വധിച്ചുകളയുകയോ ചെയ്യുന്നതിനുവേണ്ടി സത്യവിരോധികൾ കുതന്ത്രങ്ങൾ ആവിഷ്കരിച്ച സന്ദർഭം; അവർ തന്ത്രമൊരുക്കുന്ന നേരത്ത് അല്ലാഹു അവന്റെ തന്ത്രങ്ങൾ പ്രയോഗിച്ചു. തന്ത്രങ്ങൾ പ്രയോഗിക്കുന്നവരിൽ ഏറ്റവും സമർഥൻ അല്ലാഹുതന്നെ.” പരിഭ്രാന്തരായ ഖുറൈശികൾ നബിയെ പിന്തുടരാനുള്ള ഏതു മാർഗവും സ്വീകരിക്കാമെന്ന നിലയിലായി. അവർ നാലുപാടും അന്വേഷിച്ചിറങ്ങി.
തിരുനബിയും സിദ്ദീഖും സൗർ മലമുകളിൽ ഗുഹയുടെ അടുത്തെത്തി. സിദ്ദീഖ് പറഞ്ഞു: "പ്രവാചകരേ, അൽപനേരം അങ്ങ് പുറത്തുനിൽക്കാമോ? ഞാൻ ആദ്യം ഗുഹയുടെ അകത്തുകടക്കാം. എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ ഞാനത് ഏറ്റുവാങ്ങാം." സിദ്ദീഖ് ഗുഹയുടെ ഉള്ളിൽ പ്രവേശിച്ചു, അകം നന്നായി പരിശോധിച്ചു. ശ്രദ്ധയിൽപ്പെട്ട ചെറിയ ചെറിയ ദ്വാരങ്ങളെല്ലാം ഉടുത്ത മുണ്ടിന്റെ അഗ്രം കീറിയെടുത്ത് അടച്ചു. ശേഷിച്ച ഒരു പൊത്ത് സ്വന്തം കാൽ കൊണ്ട് അമർത്തിയടച്ച് തിരുനബിക്ക് വിശ്രമിക്കാൻ സൗകര്യമൊരുക്കി ഗുഹയിലേക്ക് സ്വാഗതം ചെയ്തു. സിദ്ദീഖിന്റെ മടിത്തട്ടിൽ തിരുനബി ശിരസുവെച്ച് കിടന്നു. അങ്ങനെ 'സിദ്ഖിന്റെ' (സത്യസന്ധത) പ്രതീകമായ പ്രവാചകരും വിശ്വാസത്തിന്റെ നേർസാക്ഷിയായ 'സിദ്ദീഖും' സൗർ ഗുഹയിൽ വിശ്രമിക്കുന്നു.
തിരുനബി മയങ്ങുന്നുവെന്ന് കണ്ടപ്പോൾ സിദ്ദീഖിന് ആശ്വാസമായി. അധികം വൈകിയില്ല, പൊത്തിൽ അമർത്തിയടച്ച കാലിൽ എന്തോ കൊത്തുന്നു. അദ്ദേഹം കാലനക്കിയില്ല. ഏതെങ്കിലും ജീവിയാകും, അത് പുറത്തുവന്നാൽ തിരുനബിക്ക് പ്രയാസമാകുമല്ലോ, കാലിളകിയാൽ അവിടുത്തെ ഉറക്കത്തിന് ഭംഗം വരുമല്ലോ എന്നീ ആലോചനകൾ സിദ്ദീഖിനെ അലട്ടി. പക്ഷേ കാലിലെ അതികഠിനമായ വേദന കടിച്ചറക്കുന്നതിനിടയിൽ ആ കണ്ണുകൾ നിറഞ്ഞു. അറിയാതെ കണ്ണീർ അടർന്നുവീണു. ഉണർന്നെഴുന്നേറ്റ തിരുനബി അബൂബകറിനോട് കാര്യമന്വേഷിച്ചു. അദ്ദേഹം പെരുവിരൽ അമർത്തിയടച്ച പൊത്തിനുള്ളിൽ നിന്ന് കൊത്തുകൊണ്ട വിഷയം പറഞ്ഞു. കാലുയർത്തിയപ്പോൾ മാളത്തിൽ പാർത്തിരുന്ന പാമ്പായിരുന്നു കൊത്തിയതെന്ന് മനസ്സിലായി. പ്രാണൻ പണയപ്പെടുത്തി കാത്തിരുന്ന കൂട്ടുകാരനെ സ്നേഹനബി ആശ്വസിപ്പിച്ചു; ആ ഉമിനീർ മുറിവിൽ പുരട്ടിക്കൊടുത്തു. സിദ്ദീഖിന് ആശ്വാസമായി. ഉടുത്ത വസ്ത്രത്തിന്റെ താഴ്ഭാഗം കീറി സുരക്ഷയൊരുക്കിയ ആത്മമിത്രത്തിനുവേണ്ടി പ്രവാചകർ ഇരുകരങ്ങളുയർത്തി പ്രാർഥിച്ചു: “അല്ലാഹുവേ, സ്വർഗത്തിൽ എനിക്ക് നൽകുന്ന അതേ പദവി എന്റെ സിദ്ദീഖിനും നൽകേണമേ...”
സിദ്ദീഖിന്റെ വീട്ടിൽ അബ്ദുല്ലയും അസ്മാഉം ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിച്ചുകൊണ്ടിരുന്നു. അബ്ദുല്ലാഹ് വിവരങ്ങൾ ശേഖരിച്ച് ഗുഹയിലേക്കെത്തും; നേരം വെളുക്കും മുമ്പ് വീണ്ടും മലയിറങ്ങി മക്കയിലെത്തി പുതിയ നീക്കങ്ങൾ നിരീക്ഷിക്കും. ആമിർ ബിൻ ഫുഹൈറ ആടിനെ മേച്ച് ഗുഹാമുഖത്തെത്തും; പാൽ കറന്ന് ചൂടാക്കി നൽകും.
വൈകുന്നേരമായപ്പോൾ അസ്മാഅ് ഭക്ഷണം തയ്യാർ ചെയ്തു. ഭക്ഷണം തുണി മുറിച്ച് രണ്ട് കഷ്ണമാക്കി അതുകൊണ്ട് കെട്ടി. അതുമായി അതീവരഹസ്യമായി സൗർ ഗുഹയിലേക്ക് നടന്നു. നടന്നുപോകുന്ന കാൽപ്പാടുകൾ തിരിഞ്ഞുനിന്ന് ഇടയ്ക്കിടെ മായ്ച്ചുകളഞ്ഞു. ഗുഹാമുഖത്ത് ഭക്ഷണവുമായി എത്തിയ സിദ്ദീഖിന്റെ പുത്രി അസ്മാഇനെ തിരുനബി ആശീർവദിച്ചു.
ഖുറൈശികൾ പ്രവാചകരെത്തേടി നാലുപാടും പാഞ്ഞു. അവസാനമവർ ഈ ഗുഹയുടെ അടുത്തുമെത്തി, നോക്കിയാൽ കാണുന്ന ദൂരത്ത്. ശ്രദ്ധിച്ചാൽ അകത്താളുള്ളത് കണ്ടെത്താൻ പ്രയാസമില്ല. ആ സമയം നിസാരമായ രണ്ട് കവചങ്ങൾ കൊണ്ട് അല്ലാഹു അവരുടെ ശ്രദ്ധ തിരിച്ചു. ഗുഹാമുഖത്ത് ചിലന്തി ഒരു വലയൊരുക്കി; അതിനടുത്തു തന്നെ രണ്ട് പ്രാവുകൾ മുട്ടയിട്ട് അടയിരുന്നു. അപ്പോൾ അവിടെയൊരു ചെടി മുളച്ച് ഇലവിടർത്തിയതായും ഒരു നിവേദനത്തിൽ കാണാം. ഖുറൈശീ യുവാക്കളിൽ ചിലർ നാൽപത് മീറ്റർ അകലെയെത്തി. അവർ ഗുഹാമുഖത്തേക്ക് നോക്കി. ചിലന്തി വല നെയ്തതും പ്രാവ് കൂടുകൂട്ടിയതും കണ്ട അവർ താഴ്വരത്തു ചെന്ന് കൂട്ടുകാരോട് പറഞ്ഞു: "അവിടെ ആരുമില്ല, അതിനൊരു സാധ്യതയും കാണുന്നില്ല"
ഗുഹാമുഖത്ത് നിന്ന് ശത്രുക്കൾ നിരീക്ഷിക്കുന്ന സമയത്ത് തിരുനബി നിസ്കാരത്തിലായിരുന്നു. സിദ്ദീഖ് നെഞ്ചിടിപ്പോടെ അരികിൽ. എന്താണ് സംഭവിക്കുകയെന്നറിയാതെ ഉള്ള് പിടഞ്ഞു. പ്രവാചകതിരുമേനി ശാന്തമായി നിസ്കാരത്തിൽ തുടർന്നു. അതിനിടയിൽ ഉമയ്യത് ബിൻ ഖലഫ് ഗുഹയുടെ മുകളിലെത്തി. താഴേക്ക് നോക്കിയാൽ അകത്തിരിക്കുന്നവരെ കാണാവുന്ന വിധത്തിലാണ് നിൽക്കുന്നത്. സിദ്ദീഖിന്റെ ഉള്ളം പൊള്ളി. തിരുദൂതരെ അവർ അക്രമിക്കുമോ എന്ന ചിന്തയായിരുന്നു കൂട്ടുകാരന്. തിരുനബി സ്നേഹിതനെ ആശ്വസിപ്പിച്ചു: "അല്ല സിദ്ദീഖേ, അല്ലാഹുവിന്റെ സംരക്ഷണത്തിലുള്ള രണ്ടുപേരെക്കുറിച്ച് എന്താണ് നിങ്ങളുടെ ചിന്ത! മൂന്നാമനായി അല്ലാഹുവുള്ള രണ്ടുപേർ." ഉടനെ സിദ്ദീഖ് പറഞ്ഞു: "ഞാൻ എന്റെ സുരക്ഷയോർത്തല്ല, അവിടുത്തെയോർത്താണ് ഭയപ്പെടുന്നത്. നബിയേ, അവർ കാൽച്ചുവട്ടിലേക്ക് നോക്കിയാൽ നമ്മെ കാണുമല്ലോ? അതാ നിൽക്കുന്നു അവർ." "പേടിക്കേണ്ട കൂട്ടുകാരാ, അല്ലാഹു നമ്മോടൊപ്പമുണ്ട്." സിദ്ദീഖിന് സമാധാനമായി.
ഈ സന്ദർഭത്തെ പരാമർശിച്ചുകൊണ്ട് വിശുദ്ധ ഖുർആൻ അവതരിച്ചു. തൗബ സൂറതിലെ നാൽപതാമത്തെ സൂക്തത്തിന്റെ ആശയം ഇപ്രകാരം വായിക്കാം: “ദൈവനിഷേധികൾ അങ്ങയെ നാടുകടത്തിയപ്പോൾ ഗുഹാന്തരത്തിൽ രണ്ടിൽ ഒരാളായി പ്രവാചകർ ഇരിക്കുന്ന സമയം; ആരും ആ പ്രവാചകരെ സഹായിച്ചില്ലെങ്കിലും അല്ലാഹു സഹായിച്ചിട്ടുണ്ടല്ലോ? നബിയും സഹചാരിയും മാത്രമേ അപ്പോൾ ഗുഹാന്തരത്തിലുണ്ടായിരുന്നുള്ളൂ. രണ്ടാമനോട് പ്രവാചകർ പറഞ്ഞു: അല്ലാഹു നമ്മോടൊപ്പമുണ്ട്, നിങ്ങൾ ഭയപ്പെടേണ്ടതില്ല. അല്ലാഹു പ്രവാചകരുടെ മനസ്സിൽ സമാധാനം നൽകി. നിങ്ങൾക്ക് കാണാൻ കഴിയാത്ത സൈന്യത്തെക്കൊണ്ട് അല്ലാഹു ശക്തി നൽകി. അല്ലാഹുവിന്റെ വചനങ്ങൾ ഉന്നതിയിലെത്തുകയും നിഷേധികളുടെത് പൊയ്വാക്കാവുകയും ചെയ്തു. അല്ലാഹു പ്രതാപവാനും ബുദ്ധിമാനുമാണ്"
മഖാമു ഇബ്റാഹീമിലെ ഇബ്റാഹീം നബിയുടെ കാൽപ്പാടിനോട് സാദൃശ്യമുണ്ടായിരുന്നു തിരുനബിയുടെ ചവിട്ടടികൾക്ക്. ഖുറൈശികൾ അത് പിന്തുടർന്നാണ് ഗുഹാമുഖത്തെത്തിയത്. അവിടെയെത്തിയപ്പോൾ പരിഭ്രമിച്ചുകൊണ്ടവർ ചോദിച്ചു: "ഇവിടെനിന്ന് എങ്ങോട്ടാണ് മുഹമ്മദ് പോയത്? വലത്തോട്ടോ ഇടത്തോട്ടോ?" അവസാനം ഉമയ്യത് ബിൻ ഖലഫ് കൂട്ടാളികളോട് തിരക്കി: "ഈ ഗുഹയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്?" "ഓ, മുഹമ്മദ് ജനിക്കുന്നതിനു മുമ്പുള്ള ഒരു ചിലന്തിയാണ് അവിടെ വലകെട്ടിയിട്ടുള്ളത്. പിന്നെന്തു നോക്കാനാ!" അവർ തിരിച്ചുനടന്നു.
ഇമാം അബൂ നുഐമിന്റെ നിവേദനത്തിൽ സിദ്ദീഖ് പറഞ്ഞതായി മകൾ അസ്മാഅ് പറയുന്ന ഒരു വിവരണമുണ്ട്: ഒരാൾ ഗുഹയ്ക്ക് നേരെ അഭിമുഖമായി വന്നു. അപ്പോൾ ഞാൻ പറഞ്ഞു: "പ്രിയപ്പെട്ട തിരുദൂതരേ, അവർ നമ്മെ കണ്ടല്ലോ?" "ഏയ്, വിഷമിക്കേണ്ട. മലക്കുകൾ ചിറകുകൾ കൊണ്ട് മറച്ചുകൊള്ളും." അധികം വൈകിയില്ല, ഞങ്ങളുടെ ഗുഹയ്ക്ക് അഭിമുഖമായി ഉത്ബ മൂത്രമൊഴിക്കാനിരുന്നു. അപ്പോൾ തിരുനബി പറഞ്ഞു: "നമ്മെ അയാൾ കണ്ടിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നില്ല."
സമുദ്രനിരപ്പിൽ നിന്ന് 748 മീറ്റർ ഉയരത്തിലുള്ള സൗർ ഗുഹയിലെ താമസം രണ്ടുദിവസം പിന്നിട്ടു. മദീനയിലേക്ക് തിരിക്കാൻ സമയമായി. യാത്രയ്ക്കും കൃത്യമായ ചില നിർണയങ്ങൾ വേണം. മക്കയിൽ നിന്ന് മദീനയിലേക്കുള്ള വ്യത്യസ്ത വഴികളറിയുന്ന ഒരാളെ ആവശ്യമുണ്ട്. അങ്ങനെയാണവർ ബനൂ ദൈൽ ഗോത്രക്കാരനായ അബ്ദുല്ലാഹിബ്നു ഉറൈഖിതിനെ കൂലിക്കു വിളിച്ചത്. ഇതര മതവിശ്വാസിയായിരുന്നെങ്കിലും വിശ്വസ്തനും വിദഗ്ധനായ വഴികാട്ടിയുമാണദ്ദേഹം. ആസ്വ് ബിൻ വാഇൽ അസ്സഹ്മിയുമായി കരാറിൽ കഴിഞ്ഞിരുന്ന ആളുമായിരുന്നു അദ്ദേഹം. നേരത്തെ രണ്ട് ഒട്ടകങ്ങളെ ഏൽപ്പിച്ച് ചുമതലപ്പെടുത്തിയ പ്രകാരം മൂന്നാംദിവസം അയാൾ ഗുഹാമുഖത്തെത്തി.





