പ്രവാചകത്വ പ്രഖ്യാപനത്തിന്റെ പത്താം വർഷം തിരുനബി ത്വാഇഫിൽ നിന്ന് മക്കയിലേക്ക് മടങ്ങിയെത്തിയത് ദുൽഖഅദ് മാസമായിരുന്നു. ഹജ്ജിന്റെ നാളുകൾ അടുത്തതുകൊണ്ട് വിവിധ ദേശങ്ങളിൽ നിന്ന് ആളുകൾ മക്കയിലേക്കു വന്നുകൊണ്ടിരുന്നു. വിവിധ ഗോത്രങ്ങളിലുള്ളവരെ നേരിട്ടുകാണാനും ഇസ്ലാം പ്രബോധനം ചെയ്യാനും പരിശ്രമിച്ചുകൊണ്ടിരുന്നു തിരുദൂതർ. ബനൂആമിർ, മുഹാരിബ്, ഫുസാറ, ഗസ്സാൻ, മുർറ, ഹനീഫ, സുലൈം, ബനൂനള്ർ, കിന്ദ, കൽബ്, അബ്സ്, ബനൂ അൽ ബക്കാത്, ഹളാറമ ഉദ്റ അൽ ഹാരിസ് ഇവയായിരുന്നു പ്രധാന ഗോത്രങ്ങൾ.
ഓരോ വർഷത്തെയും ഹജ്ജ് കാലങ്ങളിൽ ഈ ഗോത്രങ്ങളെയെല്ലാം ക്ഷണിച്ചെങ്കിലും ഇവരാരും ഇസ്ലാം സ്വീകരിക്കാൻ തയ്യാറായില്ല. ബനൂഹനീഫ ഗോത്രക്കാരെ വീടുകളിൽ പോയി ക്ഷണിച്ചെങ്കിലും അവർ നിരസിച്ചു. ബനൂഖൽബിന്റെ പിതാവിന്റെ പേര് അബ്ദുല്ലയെന്നായിരുന്നു. ആ നാമത്തിന്റെ മഹത്വം പറഞ്ഞ് ക്ഷണിച്ചിട്ടും അവർ ഉൾക്കൊണ്ടില്ല. ബനൂആമിർ തിരുനബിയോട് താങ്കളുടെ കാലശേഷം നേതൃത്വം ഞങ്ങൾക്ക് തരുമോയെന്നു ചോദിച്ചുകൊണ്ട് വിട്ടുനിന്നു. ഹജ്ജ് കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഒരു വൃദ്ധനോട് തിരുനബിയുടെ ക്ഷണവും മറ്റും അവർ പങ്കുവെച്ചു. കേട്ടമാത്രയിൽ തന്നെ അയാൾ തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു. "ആമിറിന്റെ മക്കളേ.. പരിഹരിക്കാനാവാത്ത ഒരു നഷ്ടമാണല്ലോ നിങ്ങൾ വരുത്തിവെച്ചത്. ഇസ്മാഈൽ കുടുംബത്തിൽ പെട്ട ഒരാളാണിത് പറഞ്ഞതെങ്കിൽ ആ പ്രവാചകത്വം സത്യമാണ്. നിങ്ങളുടെ പ്രതികരണം ഇങ്ങനെയായിപ്പോയല്ലോ?"
സുവൈദ്
ഹജ്ജ് കാലത്തിനു ശേഷം മക്കയുടെ പുറത്ത് കുറച്ചുപേർ ഇസ്ലാം സ്വീകരിച്ചവരുണ്ടായി. അതിൽ പ്രധാനിയാണ് സുവൈദ്. മദീനാ (പഴയ യസ്രിബ്) സ്വദേശിയായ കവിയും ബുദ്ധിമാനുമായിരുന്നു ഇദ്ദേഹം. കവിത്വവും കുലീനതയുമെല്ലാം സമ്മേളിച്ച സമ്പൂർണൻ (അൽകാമിൽ) എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒരു വൈജ്ഞാനിക സംവാദത്തിനു ശേഷമായിരുന്നു തിരുനബിയെ അദ്ദേഹം സ്വീകരിച്ചത്. തിരുനബി ഇസ്ലാമിനെ പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ എന്റെ അടുക്കലുള്ള തത്വജ്ഞാനങ്ങളായിരിക്കും നിങ്ങളുടെ പക്കലുള്ളത്. തിരുനബി ചോദിച്ചു,"നിങ്ങളുടെ പക്കലുള്ളത് എന്താണ്?" അദ്ദേഹം പറഞ്ഞു, "ലുഖ്മാന്റെ തത്വജ്ഞാനം". “എന്നാൽ അതൊന്ന് അവതരിപ്പിക്കൂ”. കേട്ടപ്പോൾ തിരുനബി ഇങ്ങനെ പറഞ്ഞു: “ഇവയൊക്കെ നല്ല വാചകങ്ങളാണ്. പക്ഷേ എന്റെ പക്കലുള്ളത് ഇതിനെക്കാൾ ശ്രേഷ്ഠമാണ്. നേർവഴിയും പ്രകാശവുമായി അല്ലാഹു എനിക്ക് അവതരിപ്പിച്ചുതന്നതാണ്”. തുടർന്ന് തിരുനബി ഖുർആൻ കേൾപ്പിച്ചു. അദ്ദേഹം അതിന്റെ മഹത്വം തിരിച്ചറിഞ്ഞ് പ്രകീർത്തിക്കുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. മടങ്ങി മദീനയിലേക്ക് എത്തിയെങ്കിലും ഔസ്- ഖസ്റജ് ഗോത്രങ്ങൾക്കിടയിൽ നടന്ന ബുആസ് യുദ്ധത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു. പ്രവാചകത്വ പ്രഖ്യാപനത്തിന്റെ പതിനൊന്നാം വർഷമായിരുന്നു സുവൈദ് ഇസ്ലാം സ്വീകരിച്ചതെന്നതാണ് പ്രബലാഭിപ്രായം.
ഇയാസ് ബിൻ മുആദ്
മദീനയിലെ നല്ലൊരു ചെറുപ്പക്കാരനായിരുന്നു ഇയാസ്. ഒരിക്കൽ അദ്ദേഹവും കൂട്ടുകാരും മക്കയിലെത്തി. തിരുനബി അവരെ സമീപിച്ച് ഇസ്ലാമിനെ പരിചയപ്പെടുത്തി. ഖുർആൻ പാരായണം കേൾപ്പിച്ചുകൊടുത്തു. കാര്യങ്ങൾ കേട്ടുവിലയിരുത്തിയ ഇയാസ് കൂട്ടുകാരോടു പറഞ്ഞു."നിങ്ങൾ അന്വേഷിച്ചുവന്നതിനെക്കാൾ എത്ര മെച്ചപ്പെട്ട കാര്യങ്ങളാണ് നമ്മൾ കേട്ടത്". ഇയാസ് സുഹൃത്തുക്കളെ നന്മയിലേക്ക് പ്രേരിപ്പിച്ചു. എന്നാൽ ഇയാസിന്റെ സംഘത്തെ നയിച്ച അബുൽഹൈസറും കൂട്ടുകാരും യുദ്ധസന്നാഹങ്ങളൊരുക്കി യസ്രിബിലേക്കു മടങ്ങി. അബുൽ ഹൈസർ ഒരുപിടി മണ്ണുവാരി ഇയാസിന്റെ മുഖത്തേക്ക് എറിഞ്ഞു. ഇയാസ് നിശബ്ദനായി നിന്നതേയുള്ളൂ. മദീനയിൽ മടങ്ങിയെത്തി കുറഞ്ഞനാളുകൾ കഴിഞ്ഞപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടു. ആരാധനാമുറകൾ പാലിച്ച് വിശ്വാസിയായിട്ടാണ് ഇയാസ് മൃതിയടഞ്ഞത്.





