നിശ്ചിത അവകാശികൾക്ക് അവരുടെ ഓഹരികൾ വിതരണം ചെയ്യുമ്പോൾ, ചില സന്ദർഭങ്ങളിൽ ആകെ അംശസംഖ്യ (numerator) ഛേതസംഖ്യയെ (denominator) കടന്നുപോകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിലാണ് ഔൽ എന്ന സമീപനം പ്രയോഗിക്കപ്പെടുന്നത്. ഇതിനെ ന്യൂനാംശം എന്നും വിളിക്കാം.
ഒഴിവാക്കാൻ കഴിയാത്ത നിശ്ചിത അവകാശികളായ ആളുകളുടെ എണ്ണം കൂടുതലാകുമ്പോൾ, അവർക്കു നൽകേണ്ട ഓഹരികളുടെ ആകെ തുക, പൊതുവായി വിഭജിക്കാനായി സ്വീകരിച്ച പൊതു ഗുണനസംഖ്യയെക്കാൾ കൂടുതലായി മാറാൻ സാധ്യതയുണ്ട്. അതായത്, നിശ്ചിത ഓഹരികൾ എല്ലാം ചേർത്തുനോക്കുമ്പോൾ, ഛേതസംഖ്യയേക്കാൾ അംശസംഖ്യ കൂടുതലാകുന്ന അവസ്ഥയാണ് ഇവിടെ സംഭവിക്കുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ, ആരുടേയും നിശ്ചിത അവകാശം പൂർണമായി ഒഴിവാക്കാൻ കഴിയാത്തതിനാൽ, വർധിച്ച അംശങ്ങളുടെ എണ്ണത്തിന് അനുസരിച്ച് ഛേതസംഖ്യയും വർധിപ്പിച്ച് പുതുക്കിയാണ് ഓഹരി വിഭജിക്കുന്നത്. ഇതുവഴി, എല്ലാ നിശ്ചിത അവകാശികൾക്കും അവരുടെ അവകാശം അനുപാതികമായി കുറവുണ്ടായാലും നീതിപൂർവം വിതരണം ചെയ്യാൻ സാധിക്കുന്നു.
ആറായി ഭാഗിക്കേണ്ട സ്ഥലത്ത് അവകാശികളുടെ എണ്ണം കൂടിയപ്പോൾ 7 ആക്കുകയോ 8 ആക്കുകയോ ഒക്കെ ചെയ്യേണ്ടി വന്നേക്കാം. അപ്പോൾ ആറിൽ ഒന്ന് കിട്ടേണ്ട ആൾക്ക് ഏഴിൽ ഒന്നോ എട്ടിലൊന്നോ കിട്ടുന്ന അവസ്ഥ വരുന്നു. അഥവാ അവരുടെ ഓഹരിയുടെ മൂല്യം കുറയുന്നു. ഇതിനെ ന്യൂനാംശം എന്ന് വിശദീകരിക്കാം.
ആറ് ഭാഗങ്ങളാക്കി വിഭജിക്കേണ്ട ഒരു അനന്തരാവകാശ കേസിൽ, നിശ്ചിത അവകാശികളുടെ എണ്ണം കൂടുകയും അവരുടെ ആകെ ഓഹരി ഛേതസംഖ്യയെ കവിയുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകാം. അത്തരം സാഹചര്യങ്ങളിൽ, ആദ്യം നിശ്ചയിച്ചിരുന്ന ആറ് എന്ന ഛേതസംഖ്യയെ ഏഴ് ആക്കുകയോ എട്ട് ആക്കുകയോ ചെയ്യേണ്ടിവരും. ഇതിന്റെ ഫലമായി, മുമ്പ് ആറിൽ ഒന്ന് ലഭിക്കേണ്ടിയിരുന്ന ഒരാൾക്ക് പിന്നീട് ഏഴിൽ ഒന്നോ എട്ടിൽ ഒന്നോ ലഭിക്കുന്ന അവസ്ഥ വരും. ഇവിടെ ആരുടെയും അവകാശം പൂർണമായി ഒഴിവാക്കുന്നില്ല. പകരം, എല്ലാ നിശ്ചിത അവകാശികൾക്കും ലഭിക്കേണ്ട ഓഹരികൾ അനുപാതികമായി കുറച്ചുകൊണ്ട്, എല്ലാവർക്കും നീതിപൂർവം പങ്കുവെക്കാനുള്ള രീതിയാണ് പ്രയോഗിക്കപ്പെടുന്നത്.
ഇവിടെ മറ്റ് അവകാശികളുടെയും ഓഹരികളുടെ മൂല്യം ആനുപാതികമായി കുറയുന്നു. ഒരു ഉദാഹരണം നോക്കാം:
മരിച്ച ആൾക്ക് അവകാശികളായി ഭർത്താവ് രണ്ടു സഹോദരിമാർ ഉണ്ടെന്ന് കരുതുക.
മക്കളില്ലാത്തത് കൊണ്ട് ഭർത്താവിന് പകുതി
രണ്ടു സഹോദരിമാർക്ക് മൂന്നിൽ രണ്ടുഭാഗം.
ആറായി ഭാഗിച്ചാൽ ഭർത്താവ് = 1/2 = 3/6,
രണ്ട് സഹോദരി = 2/3 = 4/6
3/6 + 4/6 = 7/6, ഇതിനെ 7/7 ആക്കി മറ്റുന്നു.
ഭർത്താവിന് ലഭിക്കേണ്ട 3/6 ന് പകരം കിട്ടിയത് 3/7 ഉം, രണ്ട് സഹോദരിമാർക്ക് ലഭിക്കേണ്ട 4/6 നു പകരം കിട്ടിയത് 4/7 ആണ്.
രണ്ടു വിഭാഗം അവകാശികൾക്കും ഉണ്ടായ മൂല്യ ശോഷണം ആനുപാധികമാണോ എന്നു നോക്കാം:
ഭർത്താവിന് പകുതിക്ക് പകരം കിട്ടിയത് 3/7 = 42.85 %, ലഭിക്കേണ്ടിയിരുന്നതിന്റെ 85.70 % ലഭിച്ചു. 14.30 % കുറഞ്ഞു.
സഹോദരിമാർക്ക് 2/3 = 4/6 നു പകരം കിട്ടിയത് 4/7, 66.66 % കിട്ടേണ്ട സ്ഥാനത്തു 57.14 % കിട്ടി. അഥവാ കിട്ടേണ്ടതിന്റെ 85.72 % ലഭിച്ചു. 14.28 % കുറഞ്ഞു.
ഇവിടെ ഔല് എന്ന ന്യൂനാംശം പ്രയോഗിച്ചപ്പോൾ അവകാശികൾക്ക് ഉണ്ടാവുന്ന മൂല്യത്തിലെ കുറവ് അനുപാതികമായി തുല്യമാണ് എന്നു കാണാം. ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങളിൽ ഔല് പ്രയോഗിക്കേണ്ടി വരുന്നത് ഈ സംവിധാനത്തിന്റെ ന്യൂനതയായി കാണാനാവില്ല. യഥാർത്ഥത്തിൽ ഇവിടെ അവകാശികളായ മുഴുവൻ പേരെയും പരിഗണിക്കുകയാണ് ചെയ്യുന്നത്.
അലി പോലെയുള്ള പ്രവാചക ശിഷ്യന്മാരുടെ നടപടിയിൽ നിന്നും പ്രമുഖ കർമശാസ്ത്ര പണ്ഡിതൻ ഇമാം ശാഫിഈ പോലുള്ളവർ വ്യക്തമാക്കിയതാണ് ഇക്കാര്യം.
ന്യൂനാംശം വരുന്ന ഛേദങ്ങൾ
6 - 7
6 - 8
6 - 9
6 - 10
12 - 13
12 - 15
12 - 17
24 - 27
ആറു ഓഹരിയാക്കേണ്ട സന്ദർഭത്തിൽ ന്യൂനാംശം വേണ്ടിവന്നാൽ 7 ഓഹരി മുതൽ 9 ഓഹരി വരെ ഛേതമായി വരാം. ഇതുപോലെ 12 ഓഹരിയാക്കേണ്ട സന്ദർഭങ്ങളിൽ ന്യൂനാംശം കാരണം 13, 15, 17 ഓഹരി വരെ ആവശ്യമായി വരാം. 24 ഓഹരി 27 ഓഹരി ആക്കേണ്ടി വരും.
24 അംശങ്ങളാക്കേണ്ടത് 27 ആക്കി ഔല് ചെയ്യുന്ന ഒരു ഉദാഹരണം:
2 മകൾ: 2/3
ഉമ്മ: 1/6
പിതാവ്: 1/6
ഭാര്യ : 1/8
2/3+1/6+1/6+(1/8)
16+4+4+(3) = 16+4+4+3
------------------ ----------------
24 27
അഥവാ മരിച്ച വ്യക്തിയുടെ രണ്ടു പെണ്മക്കൾക്ക് 24 ൻ്റെ 2/3 ആയ 16 അംശം ലഭിക്കേണ്ട സ്ഥാനത്ത് 27ൽ 16 അംശം ലഭിച്ചു. അതായത് 66.66% ലഭിക്കേണ്ടതിനു പകരം
59.26% ലഭിച്ചു. 11.10% മൂല്യശോഷണം വന്നു.
12.5% ലഭിക്കേണ്ടിയിരുന്ന ഭാര്യയ്ക്ക് 11.11% ലഭിച്ചു. 11.12% മൂല്യശോഷണം വന്നു.
16.66% ലഭിക്കേണ്ട ഉമ്മയ്ക്കും ഉപ്പയ്ക്കും 24 ൽ നാല് ഓഹരിക്കു പകരം 27ൽ നാല് ഓഹരി ലഭിച്ചു. അതായത് 14.81% ലഭിച്ചു. (11.08% മൂല്യശോഷണം).
ചുരുക്കത്തിൽ, ന്യൂനാംശം(ഔൽ) ആയപ്പോൾ ഓരോ വിഭാഗത്തിനും മൂല്യത്തിലുണ്ടായ ശോഷണത്തിൻ്റെ തോത് ഏതാണ്ട് തുല്യമാണെന്നു കാണാം.











