അനന്തരാവകാശ നിയമത്തിലെ തഴയപ്പെടുന്നവരെക്കുറിച്ചുളള ചർച്ച വളരെ പ്രധാനമാണ്. മാതാവ് പിതാവ്, മകൻ എന്നിവർ അവകാശികളായുണ്ടെങ്കിൽ ഭാര്യ, ഭർത്താവ് എന്നിവരല്ലാത്ത മറ്റ് അവകാശികളൊക്കെ തഴയപെടും. ഏറ്റവും കൂടുതൽ ബന്ധുക്കളെ തഴയുന്നതിന് കാരണമാകുന്നത് മകന്റെ സാന്നിധ്യമാണ്.
പരേതന്റെ അവകാശികളായി മകനുണ്ടെങ്കിൽ തഴയപ്പെടുന്നത് ആരെല്ലാമാണെന്ന് നോക്കാം. മകന്റെ മകൻ, പൂർണ്ണ സഹോദരൻ, പിതാവൊത്ത അർധ സഹോദരൻ, മാതാവൊത്ത അർദ്ധ സഹോദരൻ, പൂർണ്ണ സഹോദരന്റെ പുത്രൻ, പിതാവൊത്ത അർധ സഹോദര പുത്രൻ, പിതാവിന്റെ പൂർണ്ണ സഹോദരൻ, പിതാവിന്റെ പിതാവൊത്ത സഹോദരൻ, പിതാവിന്റെ പൂർണ സഹോദര പുത്രൻ, പിതാവിന്റെ പിതാവൊത്ത സഹോദര പുത്രൻ, മകന്റെ മകൾ, പൂർണ സഹോദരി, പിതാവൊത്ത അർധ സഹോദരി, മാതാവൊത്ത അർധ സഹോദരി. ഇങ്ങനെ പതിമൂന്ന് വിഭാഗം ആളുകളാണ് അനന്തരാവകാശിയായി മകനുണ്ടെങ്കിൽ തഴയപ്പെടുന്നത്.
പിതാവുണ്ടെങ്കിൽ പിതാമഹന് ഒന്നും ലഭിക്കില്ല. മകൻ പിതാവ് എന്നിവരുടെ സാന്നിധ്യത്തിൽ പൂർണ്ണ സഹോദരനും തഴയപ്പെടും. മാതാവൊത്ത അർദ്ധ സഹോദരനെ തഴയുന്നത് പിതാവ്, പിതാമഹൻ, മകൻ, മകൾ മകന്റെ മക്കൾ എന്നിവരാണ്.
തഴയുന്നവരും തഴയപ്പെടുന്നവരും ആരൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം.
പുരുഷന്മാരിൽ നിന്ന് തഴയപ്പെടുന്നവർ
പിതാവൊത്ത അർധ സഹോദരൻ
1) പിതാവ്, 2) മകൻ, 3) മകന്റെ മകൻ, 4) പൂർണ സഹോദരൻ, 5) പൂർണ സഹോദരി ഒപ്പം മകൾ/മകൻ്റെ മകൾ എന്നിവർ പിതാവൊത്ത അർധ സഹോദരനെ തഴയും.
മാതാവൊത്ത അർധ സഹോദരൻ
1) പിതാവ് 2) പിതാമഹൻ 3) മകൻ /മകൾ
4) മകൻ്റെ മകൻ / മകൾ എന്നിവർ മാതാവൊത്ത അർധ സഹോദരനെ തഴയും.
പൂർണ സഹോദരപുത്രൻ
(1) പിതാവ്, (2) മകൻ, (3) പിതാമഹൻ, (4) മകന്റെ മകൻ, (5) പൂർണ സഹോദരൻ, (6) പിതാവൊത്ത അർധ സഹോദരൻ എന്നിവർ പൂർണ സഹോദരപുത്രനെ തഴയും.
പിതാവൊത്ത അർധ സഹോദരപുത്രൻ
(1) പിതാവ്, (2) മകൻ, (3) പിതാമഹൻ, (4) മകന്റെ മകൻ, (5) പൂർണ സഹോദരൻ, (6) പിതാവൊത്ത അർധ സഹോദരൻ, (7) പൂർണ സഹോദര പുത്രൻ എന്നിവർ പിതാവൊത്ത അർധ സഹോദരപുത്രനെ തഴയും.
പിതാവിന്റെ പൂർണ്ണ സഹോദരൻ
1) പിതാവ് (2) മകൻ 3) പിതാമഹൻ 4) മകന്റെ മകൻ 5) പൂർണ സഹോദരൻ 6) പിതാവൊത്ത അർധ സഹോദരൻ 7) പൂർണ സഹോദര പുത്രൻ 8) പിതാവൊത്ത അർധ സഹോദര പുത്രൻ എന്നിവർ പിതാവിന്റെ പൂർണ്ണ സഹോദരനെ തഴയും.
പിതാവിന്റെ പിതാവൊത്ത അർധ സഹോദരൻ
1)പിതാവ് 2) മകൻ 3) പിതാമഹൻ 4) മകൻ്റെ മകൻ 5) പൂർണ സഹോദരൻ 6) പിതാവൊത്ത അർധ സഹോദരൻ 7) പൂർണ സഹോദര പുത്രൻ 8) പിതാവൊത്ത അർധ സഹോദരപുത്രൻ 9) പിതാവിൻ്റെ പൂർണ സഹോദരൻ എന്നിവർ പിതാവിന്റെ പിതാവൊത്ത അർധ സഹോദരനെ തഴയും.
പിതാവിന്റെ പൂർണ സഹോദര പുത്രൻ
1) പിതാവ് 2) മകൻ 3) പിതാമഹൻ 4) മകന്റെ മകൻ 5) പൂർണ സഹോദരൻ 6) പിതാവൊത്ത അർധ സഹോദരൻ 7) പൂർണ സഹോദര പുത്രൻ 8) പിതാവൊത്ത അർധ സഹോദരപുത്രൻ 9) പിതാവിന്റെ പൂർണ സഹോദരൻ 10) പിതാവിന്റെ പിതാവൊത്ത അർധ സഹോദരൻ എന്നിവർ പിതാവിന്റെ പൂർണ സഹോദര പുത്രനെ തഴയും.
പിതാവിന്റെ പിതാവൊത്ത സഹോദരപുത്രൻ
1) പിതാവ്, (2) മകൻ 3) പിതാമഹൻ 4) മകന്റെ മകൻ 5) പൂർണ സഹോദരൻ 6) പിതാവൊത്ത അർധ സഹോദരൻ 7) പൂർണ സഹോദര പുത്രൻ 8) പിതാവൊത്ത അർധ സഹോദര പുത്രൻ 9) പിതാവിന്റെ പൂർണ സഹോദരൻ 10) പിതാവിന്റെ പിതാവൊത്ത അർധ സഹോദരൻ 11) പിതാവിൻ്റെ പൂർണ സഹോദര പുത്രൻ എന്നിവർ പിതാവിന്റെ പിതാവൊത്ത സഹോദരപുത്രനെ തഴയും.
സ്ത്രീകളിൽ നിന്ന് തഴയപ്പെടുന്നവർ
മകൻ്റെ മകൾ
1) മകൻ 2) ഒന്നിൽ കൂടുതൽ പെൺമക്കൾ, 3) സ്വസഹോദരനില്ലാത്ത മകൻ്റെ മകൾ എന്നിവർ മകൻ്റെ മകളെ തഴയും.
മാതാവിന്റെ മാതാവ്
1) ഉമ്മ 2) ഉമ്മയുടെ കൂടുതൽ അടുത്ത മാതാവ് എന്നിവർ മാതാവിന്റെ മാതാവിനെ തഴയും.
പിതാവിന്റെ മാതാവ്
1) പിതാവ് 2) മാതാവ് 3) പിതാവിന്റെ കൂടുതൽ അടുത്ത മാതാവ് 4) മാതാവിൻ്റെ കൂടുതൽ അടുത്ത മാതാവ് എന്നിവർ പിതാവിന്റെ മാതാവിനെ തഴയും.
പൂർണ സഹോദരി
1) പിതാവ് 2) മകൻ 3) മകന്റെ മകൻ എന്നിവർ പൂർണ സഹോദരിയെ തഴയും.
പിതാവൊത്ത സഹോദരി
1) പിതാവ് 2) മകൻ 3) മകൻ്റെ മകൻ 4) പൂർണ സഹോദരൻ 5) രണ്ട് പൂർണ സഹോദരിമാർ, പിതാവൊത്ത സഹോദരിക്കൊപ്പം സ്വസഹോദരനില്ല 6) മകൾ/ മകന്റെ മകൾക്കൊപ്പമുള്ള
പൂർണ സഹോദരി എന്നിവർ പിതാവൊത്ത അർധ സഹോദരിയെ തഴയും.
മാതാവൊത്ത സഹോദരി
1) പിതാവ് 2) പിതാമഹൻ 3) മകൻ / മകൾ 4) മകൻ്റെ മകൻ / മകൾ എന്നിവർ മാതാവൊത്ത സഹോദരിയെ തഴയും.











