ഒരാൾ തന്റെ ധനത്തിൽ നിന്ന് മരണശേഷം ദാനം നൽകാൻ തീരുമാനിച്ച് ജീവിതകാലത്ത് പ്രഖ്യാപിക്കുന്നതിനെയാണ് വസ്വീയ്യത്ത് എന്ന് പറയുന്നത്. 'ചേർക്കൽ' എന്ന അർത്ഥമുള്ള വസ്വിയ്യത്ത് എന്ന അറബി പദം, ഇസ്ലാമിക സാങ്കേതിക അർത്ഥത്തിൽ 'ജീവിതകാലത്തെ ഉടമസ്ഥാവകാശത്തെ മരണശേഷമുള്ള ദാനവുമായി ബന്ധിപ്പിക്കൽ' എന്നാണ് ഉദ്ദേശിക്കുന്നത്.
അനന്തരാവകാശവുമായി ബന്ധപ്പെട്ട നിയമങ്ങൾ പ്രഖ്യാപിക്കപ്പെടുന്നതിന് മുമ്പ്, മരണാസന്നനായ ഒരാൾ തന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും വസ്വിയ്യത്ത് ചെയ്യുന്നത് നിർബന്ധമായിരുന്നു. ഖുർആനിലെ സൂറത്തുൽ ബഖറയിലെ 180-ാം ആയത്ത് ഇതാണ് വ്യക്തമാക്കുന്നത്. പിന്നീട് വിശുദ്ധ ഖുർആനിലെ നാലാം അധ്യായമായ സൂറത്തുന്നിസാഇൽ അനന്തരാവകാശ നിയമങ്ങൾ അവതരിപ്പിക്കപ്പെട്ടപ്പോൾ, അനന്തരാവകാശ വിതരണം നിർബന്ധനിയമമാവുകയും മരണാനുബന്ധ ദാനമായ വസ്വിയ്യത്ത് ഐച്ഛിക കർമമാവുകയും(സുന്നത്ത്) ചെയ്തു.
വിശുദ്ധ ഖുർആനിലെ നാലാം അധ്യായത്തിൽ അനന്തരാവകാശത്തെക്കുറിച്ച് പറയുന്ന നാല് ആയത്തുകളിലും, വസ്വിയ്യത്തും കടബാധ്യതയും തീർത്തതിനു ശേഷമാണ് അനന്തരാവകാശം വിതരണം ചെയ്യേണ്ടതെന്ന് ആവർത്തിച്ച് പറയുന്നുണ്ട്. വസ്വിയ്യത്ത് സുന്നത്താണ്. എന്നാൽ കടം വീട്ടൽ നിർബന്ധമാണ്. അതുകൊണ്ട് തന്നെ ആദ്യം പരിഗണന നൽകേണ്ടത് കടം വീട്ടുന്നതിനാണ്. അതിന് ശേഷമാണ് വസ്വിയ്യത്ത് നടപ്പാക്കേണ്ടത്. എന്നിരിക്കെ, ഖുർആനിൽ കടത്തേക്കാൾ മുമ്പ് വസ്വിയ്യത്ത് പരാമർശിച്ചത് എന്തുകൊണ്ടാണെന്ന ചർച്ചയിൽ ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നത് ഇങ്ങനെയാണ്: കടം വീട്ടൽ നിർബന്ധമായതുകൊണ്ടും, കടം വാങ്ങാനുള്ളവർ തങ്ങളുടെ അവകാശം തേടി വരുന്നതുകൊണ്ടും അത് സാധാരണയായി നടപ്പാക്കപ്പെടുന്നതാണ്. അനന്തരാവകാശികൾ തങ്ങളുടെ ഓഹരി ലഭിക്കാനായി കാത്തിരിക്കുകയും ചെയ്യും. എന്നാൽ വസ്വിയ്യത്ത് നടപ്പാക്കുന്ന കാര്യത്തിൽ അശ്രദ്ധയോ മറവിയോ സംഭവിക്കാനുള്ള സാധ്യതയുള്ളതിനാലാണ് ഖുർആൻ കടത്തേക്കാൾ മുമ്പ് വസ്വിയ്യത്ത് പരാമർശിച്ചത്.
മരണപ്പെട്ട ഒരാളുടെ ധനത്തിൽ മറ്റുള്ളവർക്ക് കൊടുക്കാനുള്ള വസ്തുക്കൾ ഉണ്ടെങ്കിൽ ആദ്യം അത് തിരികെ കൊടുക്കണം. തുടർന്ന് മയ്യിത്ത് പരിപാലനച്ചെലവുകൾ എടുക്കണം. അതിന് ശേഷം കടബാധ്യതകൾ വീട്ടണം. ഈ കാര്യങ്ങൾ എല്ലാം കഴിഞ്ഞ ശേഷമുള്ള സമ്പത്തിൽ നിന്ന്, മൂന്നിലൊന്നിൽ കവിയാത്ത സ്ഥാവര-ജംഗമ വസ്തുക്കൾ മരണാനുബന്ധ വസ്വിയ്യത്തായി അനന്തരാവകാശികളല്ലാത്തവർക്ക് നൽകാൻ നിർദ്ദേശിക്കുന്നത് പ്രധാനപ്പെട്ട ഒരു പുണ്യകരമമാണ്.
വസ്വിയ്യത്തായി എന്തെങ്കിലും നൽകണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ, അത് എഴുതി വെക്കാതെ രാത്രി കഴിഞ്ഞുപോവരുത് എന്ന് അറിയിക്കുന്ന പ്രവാചകചക വചനങ്ങളുണ്ട്. പ്രശസ്ത പണ്ഡിതൻ ഇമാം മുസ്ലിം അത് ഉദ്ദരിക്കുന്നുണ്ട്(സ്വഹീഹ് മുസ്ലിം). വസ്വിയ്യത്ത് നിർദ്ദേശിച്ച ശേഷം മരണപ്പെടുന്നവർ തിരുനബിയുടെ മാർഗത്തിലും ശരിയായ പാതയിലുമാണ് മരണപ്പെടുന്നതെന്നും, അവരുടെ പാപങ്ങൾ പൊറുക്കപ്പെടുമെന്നും പരാമർശിക്കുന്ന പ്രവാചക വചനങ്ങളും ധാരാളമുണ്ട്.
കടവും മയ്യിത്ത് പരിപാലനച്ചെലവുകളും കഴിഞ്ഞ ശേഷമുള്ള അനന്തരസ്വത്തിന്റെ മൂന്നിലൊന്നിൽ കവിയാത്തതാണ് വസ്വീയ്യത്തായി നൽകേണ്ടത് എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, ബാക്കിയുള്ള മൂന്നിൽ രണ്ട് ഭാഗം അനന്തരാവകാശികൾക്കുള്ളതാണ് എന്നതാണ്.
പ്രവാചക ശിഷ്യനായ സഅദ് ബിൻ അബീ വഖാസ് രോഗിയായപ്പോൾ പ്രവാചകൻ അദ്ദേഹത്തെ സന്ദർശിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: “എനിക്ക് ഒരു മകൾ മാത്രമാണ് അനന്തരാവകാശിയായി ഉള്ളത്. അതുകൊണ്ട് എന്റെ സമ്പത്തിന്റെ മൂന്നിൽ രണ്ട് ഭാഗം മരണാനുബന്ധ ദാനമായി നൽകട്ടെയോ?” പ്രവാചകൻ പറഞ്ഞു: “വേണ്ട.” തുടർന്ന് “പകുതി നൽകട്ടെയോ?” എന്ന് ചോദിച്ചപ്പോഴും പ്രവാചകൻ അനുവദിച്ചില്ല. അവസാനം “മൂന്നിലൊന്ന് നൽകട്ടെയോ?” എന്ന് ചോദിച്ചപ്പോൾ പറഞ്ഞു: “അതെ, മൂന്നിലൊന്ന് കൊടുക്കാം; അതു തന്നെ ധാരാളമാണ്.” ഈ ഹദീസിന്റെ അടിസ്ഥാനത്തിലാണ് മരണാനന്തര ദാനമായ വസ്വിയ്യത്തിന്റെ പരമാവധി പരിധി മൂന്നിലൊന്നാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയത്.
ഒരാൾ മരണാനന്തര ദാനമായി പലവിധ സ്വത്തുക്കളോ ധനങ്ങളോ നൽകാൻ നിർദ്ദേശിക്കുകയും, അവയുടെ മൊത്തം മൂല്യം അനന്തരസ്വത്തിന്റെ മൂന്നിലൊന്നിൽ കൂടുതലാകുകയും ചെയ്താൽ, അധികമുള്ള ഭാഗം അനന്തരാവകാശികൾ സമ്മതിച്ചാൽ മാത്രമേ നടപ്പാകൂ. അവർ സമ്മതിക്കാത്ത പക്ഷം, മൂന്നിലൊന്ന് വരെയുള്ള ഭാഗം മാത്രം സാധുവായി കണക്കാക്കപ്പെടുകയും ശേഷിക്കുന്ന സമ്പത്ത് അനന്തരാവകാശികൾക്ക് അവരുടെ ഓഹരിപ്രകാരം വിഭജിച്ച് നൽകുകയും ചെയ്യും.
രോഗശയ്യയിൽ ഒരാൾ നൽകുന്ന ദാനങ്ങൾ, ബാധ്യതകൾ ഒഴിവാക്കി കൊടുക്കൽ, സൗജന്യമായി സ്വത്ത് കൈമാറ്റം ചെയ്യൽ തുടങ്ങിയവയും വസ്വിയ്യത്തിന്റെ പരിധിയിൽപ്പെടുന്നു. അതിനാൽ, മുമ്പ് വസ്വിയ്യത്തായി നിശ്ചയിച്ചതും രോഗാവസ്ഥയിൽ നൽകിയതുമായ എല്ലാം ചേർന്നാലും അത് അനന്തരസ്വത്തിന്റെ മൂന്നിലൊന്നിൽ കവിയരുത്. ഈ പരിധി കവിയുന്ന സാഹചര്യമുണ്ടായാൽ, ആദ്യം പ്രഖ്യാപിച്ചതിന് മുൻഗണന നൽകുകയും മൂന്നിലൊന്ന് പൂർത്തിയാകുന്നിടം വരെ മാത്രം അത് നടപ്പാക്കുകയും ചെയ്യും. ശേഷിക്കുന്ന ഭാഗം അനന്തരാവകാശികൾക്കുള്ള അവകാശമായി നിലനിൽക്കും.
വ്യക്തികൾക്കോ പ്രത്യേക വിഭാഗങ്ങൾക്കോ വസ്വിയ്യത്ത് നൽകാവുന്നതാണ്. ഉദാഹരണത്തിന്, തന്റെ നാട്ടിലെ പണ്ഡിതന്മാർക്കും വിദ്യാർത്ഥികൾക്കും പെൺകുട്ടികൾക്കും വസ്വിയ്യത്ത് നൽകാം. പള്ളി നിർമ്മാണത്തിനും പരിപാലനത്തിനും, മദ്റസയോ സ്കൂളുകളോ നിർമ്മിക്കുന്നതിനും, റോഡുകളും വഴികളും നിർമ്മിക്കുന്നതിനും വികസിപ്പിക്കുന്നതിനും വസ്വിയ്യത്ത് നൽകാം. ആരാധനാപരമായ പുണ്യകർമ്മങ്ങൾക്കു മാത്രമല്ല, അനുവദനീയമായ മറ്റു നല്ല കാര്യങ്ങൾക്കും വസ്വിയ്യത്ത് നൽകാവുന്നതാണ്. എന്നാൽ തെറ്റായ കാര്യങ്ങൾക്കോ ദുർപ്രവർത്തനങ്ങൾക്കോ വേണ്ടി ചെയ്യുന്ന വസ്വിയ്യത്ത് സാധുവല്ല.
സഅദ് ബിൻ അബീ വഖാസിനെ പ്രവാചകൻ സന്ദർശിച്ചപ്പോൾ, “നിന്റെ അനന്തരാവകാശികളെ ദരിദ്രരായും ജനങ്ങൾക്ക് ഭാരമായും വിട്ടുപോകുന്നതിനെക്കാൾ, അവർക്ക് സമ്പത്ത് ബാക്കി വെച്ചുപോകുന്നതാണ് നല്ലത്” എന്ന് പ്രവാചകൻ ഉപദേശിച്ചു. ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബാധ്യതകൾ എല്ലാം തീർത്ത ശേഷമുള്ള സമ്പത്തിന്റെ മൂന്നിലൊന്ന് വസ്വിയ്യത്തിനും, മൂന്നിൽ രണ്ട് അനന്തരാവകാശികൾക്കുമായി നിശ്ചയിക്കപ്പെട്ടത്.
“എന്റെ മരണശേഷം ഇന്നയാൾക്ക് ഈ വസ്തുവോ ഇത്ര ധനമോ നൽകണം” എന്ന് പറയുന്നതാണ് വസ്വിയ്യത്തിന്റെ പ്രായോഗിക രൂപം. ഒരു വിഭാഗം ആളുകൾക്കാണ് (ഉദാഹരണത്തിന് പണ്ഡിതന്മാർക്കും ദരിദ്രർക്കും യാത്രക്കാർക്കും) വസ്വിയ്യത്ത് നൽകിയിരിക്കുന്നത് എങ്കിൽ, അത് പ്രത്യേകം സ്വീകരിച്ചതായി ആരും വാചികമായി പറയേണ്ടതില്ല. എന്നാൽ ഒരു നിശ്ചിത വ്യക്തിക്കാണ് വസ്വിയ്യത്ത് നൽകിയിരിക്കുന്നത് എങ്കിൽ, അയാൾ അത് സ്വീകരിച്ചതായി വ്യക്തമാക്കണം. അയാൾ അത് സ്വീകരിക്കാതിരിക്കുകയോ നിരസിക്കുകയോ ചെയ്താൽ, ആ വസ്വിയ്യത്ത് അസാധുവാകും.
വസ്വിയ്യത്ത് സ്വീകരിക്കുന്നയാൾ ഇപ്പോൾ നിലവിലുള്ള ആളായിരിക്കണം. ഗർഭസ്ഥ ശിശുവിന് വസ്വീയ്യത്ത് ചെയ്യുന്നത് സാധുവാണ്. എന്നാൽ ഇപ്പോൾ നിലവിലില്ലാത്ത, ഭാവിയിൽ ജനിക്കാനിരിക്കുന്ന കുട്ടിക്ക് വേണ്ടി ചെയ്യുന്ന വസ്വിയ്യത്ത് സാധുവല്ല.











