വിശുദ്ധ ഖുർആനിൽ പരാമർശിച്ച നിശ്ചിത ഓഹരികൾ: 1/2, 1/3, 2/3, 1/4, 1/6, 1/8 എന്നിവയാണ്. ഒരോന്നിൻ്റേയും അവകാശികൾ ആരൊക്കെയാണെന്നും നിബന്ധനകളും കാണാം.
രണ്ടിൽ ഒന്ന്
അഞ്ച് പേർക്കാണ് രണ്ടിൽ ഒന്ന് ഓഹരി ലഭിക്കുന്നത്.
ഒന്ന്, ഭർത്താവ്: ഭാര്യ മരണപ്പെടുകയും അവൾക്ക് മക്കളോ മകന്റെ മക്കളോ അവകാശികളായി ഇല്ലാതിരിക്കുകയും ചെയ്താൽ ഭർത്താവിന് സ്വത്തിന്റെ പകുതി ലഭിക്കും.
രണ്ട്, ഒരു മകൾ: സഹോദരനോ സഹോദരിയോ കൂടെ ഇല്ലാതിരിക്കണം.
മൂന്ന്, മകൻ്റെ മകൾ: സഹോദരൻ, സഹോദരി, നേരെ മകൻ എന്നിവർ ഇല്ലാതിരിക്കണം.
നാല്, പൂർണ സഹോദരി: നേരെ മക്കളോ മകൻ്റെ മക്കളോ സഹോദരനോ മറ്റു സഹോദരിയോ ഇല്ലാതിരിക്കുമ്പോൾ.
അഞ്ച്, പിതാവൊത്ത അർധ സഹോദരി: നേരെ മക്കളോ മകൻ്റെ മക്കളോ പൂർണ സഹോദര സഹോദരിമാരോ സ്വന്തം സഹോദരനോ മറ്റു സഹോദരിമാരോ ഇല്ലാതിരിക്കുമ്പോൾ.
മൂന്നിൽ രണ്ട്
മൂന്നിൽ രണ്ട് ഓഹരി ലഭിക്കുന്ന അവകാശികൾ നാലുപേരാണ്.
ഒന്ന്, ഒന്നിൽ കൂടുതൽ പെൺമക്കൾ: രണ്ടോ അതിലധികമോ പെൺമക്കൾ ഉണ്ടാകുകയും അവർക്കൊപ്പം സഹോദരന്മാർ ഇല്ലാതിരിക്കയും ചെയ്താൽ അവർക്ക് മൂന്നിൽ രണ്ട് ലഭിക്കും.
രണ്ട്, രണ്ടോ അതിലധികമോ മകൻ്റെ പെൺമക്കൾ: നേരെ മക്കളോ സഹോദരനോ ഇല്ലാതിരിക്കുമ്പോൾ.
മൂന്ന്, രണ്ടോ അധികമോ പൂർണ സഹോദരിമാർ: നേരെയുള്ള മക്കളോ മകന്റെ മക്കളോ ഇല്ലാതിരിക്കണം. കൂടാതെ പൂർണ സഹോദരനും ഇല്ലാത്ത സാഹചര്യത്തിലാണ് രണ്ടോ അതിലധികമോ പൂർണ സഹോദരിമാർക്ക് മൂന്നിൽ രണ്ട് ലഭിക്കുക.
നാല്, രണ്ടോ അധികമോ പിതാവൊത്ത അർധ സഹോദരിമാർ: മക്കളോ മകന്റെ മക്കളോ ഇല്ലാതിരിക്കണം. കൂടാതെ പൂർണ സഹോദര സഹോദരിമാരോ സ്വന്തം സഹോദരനോ ഇല്ലാത്ത സാഹചര്യത്തിലാണ് ഇവർക്ക് മൂന്നിൽ രണ്ട് ലഭിക്കുക.
മൂന്നിൽ ഒന്ന്
മൂന്നിൽ ഒന്ന് ഓഹരികൾ ലഭിക്കുന്ന അവകാശികൾ മൂന്ന് പേരാണ്.
ഒന്ന്, മാതാവ്: മക്കളോ രണ്ടോ അധികാമോ സഹോദര സഹോദരിമാരോ ഇല്ലാതിരിക്കണം.
രണ്ട്, രണ്ടോ അധികമോ മാതാവൊത്ത അർധ സഹോദര സഹോദരിമാർ: പിതാവ്, പിതാവിൻ്റെ പിതാവ്, മക്കൾ, മകൻ്റെ മക്കൾ ഇവരാരും ഇല്ലാതിരിക്കുമ്പോൾ ഇവർക്ക് മൂന്നിൽ ഒന്ന് ലഭിക്കും.
മൂന്ന്, ഉപ്പാപ്പ: നിശ്ചിതാവകാശികൾ ആരും ഇല്ലെങ്കിൽ.
നാലിൽ ഒന്ന്
നാലിൽ ഒന്ന് ഓഹരി ലഭിക്കുന്ന അവകാശികൾ രണ്ടു പേരാണ്.
ഒന്ന്, ഭർത്താവ്: മക്കൾ ഉണ്ടാകുമ്പോൾ
രണ്ട്, ഭാര്യ: മക്കൾ ഇല്ലാതിരിക്കുമ്പോൾ.
എട്ടിൽ ഒന്ന്
ഭാര്യ: ഭർത്താവിന് മക്കൾ ഉണ്ടെങ്കിൽ ഭാര്യയ്ക്ക് എട്ടിൽ ഒന്ന് ലഭിക്കും.
ആറിൽ ഒന്ന്
ആറിൽ ഒന്ന് ഓഹരികൾ ലഭിക്കുന്ന അവകാശികൾ ഏഴു പേരാണ്.
ഒന്ന്, പിതാവ്: മരണപ്പെട്ടയാൾക്ക് മക്കൾ ഉണ്ടായാൽ പിതാവിന് ആറിൽ ഒന്ന് ലഭിക്കും.
രണ്ട്, പിതാവിൻ്റെ പിതാവ്: മക്കൾ ഉണ്ടായാൽ പിതാവിന്റെ പിതാവിനും ആറിൽ ഒന്ന് ലഭിക്കും.
മൂന്ന്, ഉമ്മ: മക്കളോ മകന്റെ മക്കളോ ഒന്നിൽ കൂടുതൽ സഹോദര സഹോദരിമാരോ ഉണ്ടായാൽ ഉമ്മയ്ക്ക് ആറിൽ ഒന്ന് ലഭിക്കും.
നാല്, മാതാവിൻ്റെ ഉമ്മ, പിതാവിൻ്റെ ഉമ്മ:
പുരുഷനും സ്ത്രീയും ഇടകലരാത്ത ബന്ധപരമ്പരയിൽ വരുന്ന മാതാവിന്റെ ഉമ്മയ്ക്കും പിതാവിന്റെ ഉമ്മയ്ക്കും ആറിൽ ഒന്ന് ലഭിക്കും.
അഞ്ച്, മകൻ്റെ മകൾ ഒന്നോ കൂടുതലോ:
ഒരു മകളോ കൂടുതൽ അടുത്ത മകന്റെ മകളോ ഉണ്ടാവലോടെ സഹോദരനോ മകനോ മകന്റെ മകനോ ഇല്ലാത്ത സാഹചര്യത്തിലാണ് മകന്റെ മകൾക്ക് ആറിൽ ഒന്ന് ലഭിക്കുക.
ആറ്, പിതാവൊത്ത അർധ സഹോദരൻ/ സഹോദരി(ഒരാൾ): ഒരു പൂർണ സഹോദരി ഉണ്ടായിരിക്കണം. കൂടാതെ നേരെയുള്ള മക്കളോ മകന്റെ മക്കളോ പൂർണ സഹോദരനോ സ്വന്തം സഹോദരനോ ഇല്ലാത്ത സാഹചര്യത്തിലാണ് ഇവർക്ക് ആറിൽ ഒന്ന് ലഭിക്കുക.
ഏഴ്, മാതാവൊത്ത അർധ സഹോദരൻ/സഹോദരി(ഒരാൾ): പിതാവോ ഉപ്പാപ്പയോ മക്കളോ മകന്റെ മക്കളോ ഇല്ലാത്ത സാഹചര്യത്തിലാണ് ഇവർക്ക് ആറിൽ ഒന്ന് ലഭിക്കുക.
ശിഷ്ടമുള്ളതിൻ്റെ മൂന്നിലൊന്ന് ലഭിക്കുന്ന അവകാശികൾ
ഒന്ന്, ഉമ്മ: പിതാവും ഭാര്യയോ ഭർത്താവോ മാത്രമുള്ള സാഹചര്യത്തിൽ, മറ്റ് അവകാശികൾ ഇല്ലെങ്കിൽ, ശിഷ്ടമുള്ളതിന്റെ മൂന്നിലൊന്ന് ഉമ്മയ്ക്ക് ലഭിക്കും.
രണ്ട്, പിതാവിൻ്റെ പിതാവ്:
മക്കളില്ലാതെ സഹോദരങ്ങൾ ഉള്ള സാഹചര്യത്തിൽ, പിതാവിന്റെ പിതാവിന് ശിഷ്ടമുള്ളതിൻ്റെ മൂന്നിലൊന്ന് ലഭിക്കും.











