ഒരാൾ മരണപ്പെട്ടാൽ അനന്തരാവകാശം ലഭിക്കുന്ന വ്യക്തികൾക്ക്, ജീവിതകാലത്ത് തന്നെ വസ്വിയ്യത്തായി പ്രത്യേകം സ്വത്ത് നൽകേണ്ടതില്ല. സാധാരണയായി നൽകാൻ പാടില്ലെന്നും ഇസ്ലാമിക നിയമം വ്യക്തമാക്കുന്നു. കാരണം, അനന്തരാവകാശികൾക്ക് അവരുടെ ഓഹരി ഖുർആൻ നിശ്ചയിച്ച രീതിയിൽ തന്നെ ലഭിക്കുന്നതാണ്. അതുകൊണ്ട്, വസ്വിയ്യത്ത് പ്രധാനമായും അനന്തരാവകാശികളല്ലാത്ത ബന്ധുക്കൾക്കോ മറ്റു ആളുകൾക്കോ വേണ്ടിയുള്ളതാണ്.
എന്നാൽ, അനന്തരാവകാശികളിൽ ഒരാൾക്കാണ് വസ്വീയ്യത്ത് നൽകിയിരിക്കുന്നത് എങ്കിൽ, അത് സാധുവാകാൻ മറ്റു അനന്തരാവകാശികളുടെ സമ്മതം ആവശ്യമാണ്. മൂന്നിലൊന്നിൽ കൂടുതലുള്ള വസ്വിയ്യത്ത് നടപ്പാക്കാനുള്ള, അനന്തരാവകാശികളുടെ സമ്മതം വേണമെന്ന നിയമമാണിവിടെയുമുള്ളത്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം, എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ മതാചാരങ്ങൾ അനുസരിച്ച് ജീവിക്കാനും അത് പ്രാവർത്തികമാക്കാനും അവകാശമുണ്ട്. 1937-ൽ നിലവിൽ വന്ന മുസ്ലിം പേഴ്സണൽ ലോ അപ്ലിക്കേഷൻ ആക്ട് പ്രകാരം, വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയ്ക്കൊപ്പം വസ്വീയ്യത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മുസ്ലിംകൾക്ക് ഇസ്ലാമിക നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ അനുമതിയുണ്ട്.
ഈ നിയമപ്രകാരം വസ്വിയ്യത്തിന്റെ പ്രധാന നിബന്ധനകൾ ചുവടെ പറയുന്നതാണ്:
• അനന്തരാവകാശി അല്ലാത്ത ഒരാൾക്ക് മരണശേഷം നൽകാൻ ഉദ്ദേശിക്കുന്ന വസ്വിയ്യത്ത്, ആകെ സ്വത്തിന്റെ മൂന്നിലൊന്നിൽ കവിയാൻ പാടില്ല.
• അനന്തരാവകാശികളിൽ ഒരാൾക്കാണ് വസ്വിയ്യത്ത് നൽകിയിരിക്കുന്നത് എങ്കിൽ, മറ്റു അവകാശികളുടെ സമ്മതം ഉണ്ടായിരിക്കണം.
• മൂന്നിലൊന്ന് എന്ന പരിധിക്കുള്ളിൽ നിന്നുകൊണ്ട്, മരണശേഷം ഒരു അനന്തരാവകാശിയല്ലാത്തവർക്ക് ദാനമായി നൽകുക എന്നതാണ് വസ്വിയ്യത്തിന്റെ പ്രധാന ഉദ്ദേശ്യം.
• വസ്വിയ്യത്ത് ചെയ്യുന്ന വ്യക്തി, അത് തയ്യാറാക്കുന്ന സമയത്ത് മാനസികമായി ആരോഗ്യവാനും പൂർണ്ണ പ്രായം തികഞ്ഞവനും സാമ്പത്തിക സ്വാതന്ത്ര്യമുള്ളവനുമായിരിക്കണം.
• ഇസ്ലാമിക ശരീഅത്ത് അനുസരിച്ച്, മരണശേഷം നടപ്പാക്കേണ്ട സ്വമേധയാ നൽകുന്ന ദാനമായിരിക്കണം വസ്വീയ്യത്ത്.
• ആർക്കാണ് ദാനം നൽകുന്നത് എന്ന കാര്യത്തിൽ വ്യക്തമായ വിശദീകരണം വിൽപത്രത്തിൽ ഉണ്ടായിരിക്കണം.
• നിലവിലുള്ള രാജ്യനിയമങ്ങൾക്ക് എതിരായ കാര്യങ്ങൾ വസ്വിയ്യത്തിൽ ഉൾപ്പെടാൻ പാടില്ല.
• വസ്വിയ്യത്ത് ആരുടെയെങ്കിലും സമ്മർദ്ദത്താലോ സ്വകാര്യ താൽപര്യത്താലോ വ്യാജമായി തയ്യാറാക്കിയതല്ലെന്ന് കോടതി പരിശോധിക്കും.
• വസ്വിയ്യത്തിന്റെ പേരിൽ നടത്തുന്ന ദാനപ്രവർത്തനങ്ങൾ അനന്തരാവകാശികളുടെ അവകാശങ്ങൾക്ക് അന്യായമായ നഷ്ടം ഉണ്ടാക്കുന്നില്ലെന്നും കോടതി ഉറപ്പുവരുത്തും.
ചില മുസ്ലിം രാജ്യങ്ങളിലെ നിയമങ്ങളിൽ, അനന്തരാവകാശം ലഭിക്കാത്ത കുടുംബബന്ധുക്കൾക്കായി നിർബന്ധിത വസ്വിയ്യത്ത് നിയമങ്ങളും നിലവിലുണ്ട്. ഉദാഹരണത്തിന്, മുമ്പേ മരണപ്പെട്ട മകന്റെ മക്കൾക്ക് നേരിട്ട് അനന്തരാവകാശം ലഭിക്കാത്ത സാഹചര്യമുണ്ടാകാം. അതുപോലെ, ദത്തെടുത്ത കുട്ടികൾക്കും സാധാരണ അനന്തരാവകാശം ലഭിക്കില്ല. ഇത്തരക്കാരുടെ സംരക്ഷണത്തിനായി ചില രാജ്യങ്ങൾ വസ്വിയ്യത്ത് നിയമപരമായി നിർബന്ധമാക്കിയിട്ടുണ്ട്.
കഅ്ബാലയത്തിന് വസ്വിയത്ത് ചെയ്താൽ
കഅ്ബക്കോ ഹറമുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കോ ഒരാൾ വസ്വിയത്ത് ചെയ്താൽ, ആ വസ്വിയത്ത് സാധുവാണ്.
അത് കഅ്ബയുടെ പരിപാലനം, അറ്റകുറ്റപ്പണി, അവിടെയുള്ള സേവനങ്ങൾ, ദരിദ്ര തീർത്ഥാടകരുടെ സഹായം തുടങ്ങിയ പൊതുപ്രയോജന കാര്യങ്ങൾക്കായി വിനിയോഗിക്കാം. എന്നാൽ, സാധാരണ വസ്വിയ്യത്തിന്റെ നിയമം ഇവിടെയും ബാധകമാണ്.
കുട്ടിക്ക് വസ്വിയത്ത് ചെയ്ത സ്വത്തിൻ്റെ സകാത്ത്
ഒരു കുട്ടിക്ക് വസ്വിയ്യത്തായി സ്വത്ത് ലഭിച്ചാൽ, ആ സ്വത്തിന്റെ ഉടമസ്ഥാവകാശം കുട്ടിക്കാണ് ലഭിക്കുന്നത്. കുട്ടി പ്രായപൂർത്തിയാകാത്തവനാണെങ്കിലും, സ്വത്ത് അവന്റെ പേരിലുള്ളതായിരിക്കും.
അതുകൊണ്ട്, ആ സ്വത്തിൽ സകാത്ത് നിർബന്ധമാകുന്ന അളവും നിബന്ധനകളും പൂർത്തിയായാൽ, സകാത്ത് നൽകണം.
കുട്ടിക്ക് സ്വയം നൽകാൻ കഴിയാത്തതിനാൽ, അവന്റെ രക്ഷിതാവ് (ഗാർഡിയൻ)ആണ് അവന്റെ സ്വത്തിൽ നിന്ന് സകാത്ത് നൽകേണ്ടത്.











