ഒരാൾ മരണപ്പെട്ടാൽ അയാളുടെ സമ്പാദ്യം കൈകാര്യം ചെയ്യേണ്ട ക്രമം ഇപ്രകാരമാണ്:
A) മരിച്ചയാളുടെ ധനത്തിൽ മറ്റുള്ളവർക്ക് അവകാശപ്പെട്ട വസ്തുക്കൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആദ്യം അവ തിരിച്ചു നൽകണം. ഒരാൾ സൂക്ഷിക്കാൻ ഏൽപ്പിച്ച വാഹനം, പണയം വെച്ച വസ്തുക്കൾ പോലുള്ളവ. കയ്യിലുള്ള പണത്തിന്റെയോ സ്വർണ്ണത്തിന്റെയോ സക്കാത്ത് നിർബന്ധമായിട്ടുണ്ടെങ്കിൽ ആ തുകയും മാറ്റിവെക്കണം. ഇങ്ങനെ പരേതന്റെ ധനവുമായി നേരിട്ട് ബന്ധപ്പെട്ട, മറ്റുള്ളവർക്ക് കൊടുക്കേണ്ട ബാധ്യതകൾ തീർക്കണം.
B) മയ്യത്തു പരിപാലന ചെലവുകൾ നടത്തണം. ഒന്നാമതായി പരാമർശിച്ച ബാധ്യതകൾ ഇല്ലെങ്കിൽ മയ്യത്ത് പരിപാലന ചെലവുകൾക്ക് മുൻഗണന നൽകണം.
C) അവൻ്റെ ഉത്തരവാദിത്വത്തിലുള്ള മറ്റു കടങ്ങൾ/ ബാധ്യതകൾ വീട്ടണം.
വ്രതാനുഷ്ഠാനം നഷ്ടപ്പെട്ടതിനുള്ള പ്രായശ്ചിത്തം, നിർബന്ധമായ ഹജ്ജോ ഉംറയോ ഉണ്ടെങ്കിൽ അതിനുള്ള ചെലവ്, വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകാനുള്ള കടബാധ്യത തുടങ്ങിയതെല്ലാം ഇവിടെ പരിഗണിക്കേണ്ടതാണ്.
D) ഈ ബാധ്യതകൾ നിർവഹിച്ച ശേഷം പരേതന്റെ വസിയ്യത്ത് പരിഗണിക്കണം. ബാധ്യതകൾ വീട്ടിക്കഴിഞ്ഞ ശേഷമുള്ള സമ്പത്തിന്റെ മൂന്നിലൊന്നിനേക്കാൾ കൂടാൻ പാടില്ല എന്നതാണ് വസിയ്യത്തിന്റെ പൊതുവായ പരിധി.
E) ബാധ്യതകൾ തീർത്ത ശേഷമുള്ള സ്വത്തിൽ നിന്ന് മൂന്നിൽ ഒന്നിൽ കവിയാത്ത വസിയ്യത്ത് പരിഗണിച്ച ശേഷം ബാക്കി വരുന്നതാണ് അനന്തരാവകാശ ധനം. പ്രായോഗികമായി ഇത് എങ്ങനെ നടപ്പാക്കും എന്നത് പരിശോധിക്കാം.
പ്രായോഗിക സമീപനം ചില ടിപ്സുകൾ
1) ഒരു കുടുംബനാഥൻ മരണപ്പെടുന്നു. അവകാശികൾ ഒരു മകൻ, ഒരു മകൾ, ഉമ്മ, ഭാര്യ.
പരേതന്റെ സമ്പാദ്യം :
a) നിക്ഷേപം : 3 ലക്ഷം
b) സ്ഥലം : പത്തു സെന്റും വീടും
c) വാഹനം : ഒരു കാർ, ഒരു ബൈക്ക്.
ഇത് പ്രായോഗികമായി എങ്ങനെ ഓഹരി ചെയ്യുമെന്ന് നോക്കാം.
അവകാശികൾ:
ഉമ്മ - 1/6
ഭാര്യ - 1/8
മകൻ , മകൾ : ബാക്കിയുള്ളത് 2: 1 എന്ന അനുപാതത്തിൽ.
ഓഹരി ചെയ്യേണ്ടത് 24ൽ നിന്ന്
ഉമ്മ - 1/6 = 4/24
ഭാര്യ - 1/8 = 3/ 24
ബാക്കി = 17/24
തുല്യമായി വീതിക്കാൻയാത്തതിനാൽ മൂന്നു കൊണ്ട് ഗുണിച്ച് ആകെ ഓഹരി 72 ആക്കി.
അപ്പോൾ
ഉമ്മ + ഭാര്യ + മകൻ + മകൾ =
12 + 9 + 51
------------------
72
എന്ന് ലഭിച്ചു.
2: 1 എന്ന അനുപാതമനുസരിച്ച്
മകൾ - 17
മകൻ - 34
അതായത് :
ഉമ്മ : 16.66%
ഭാര്യ: 12.5%
മകൻ: 47.2 %
മകൾ: 23. 61%
സമ്പാദ്യങ്ങളുടെ മൂല്യം:
1. = 3,00,000
2. സ്ഥലം (10 സെൻ്റ് + വീട്) = 24,00,000
3. വാഹനം :
കാർ 1 = 3,50,000
ബൈക്ക് 1 = 26,000
ആകെ സമ്പാദ്യം = 30,76,000
പരേതന്റെ സമ്പാദ്യം കൂട്ടിയപ്പോൾ ആകെ മൂല്യം 30,76,000 എന്നു കിട്ടി.
ഇനി ഓരോരുത്തരുടെയും അവകാശം എത്രയെന്ന് നോക്കാം:
ഉമ്മ : 12/72 = 16.66% = 5,12,461.6
ഭാര്യ : 9/72 = 12.5% = 3,84,500
മകൻ : 34 /72 = 47.2%= 14,51,872
മകൾ : 17 / 72 = 23.61% : 7,26,243.6
പരേതന്റെ നിക്ഷേപമായുള്ള 3,00,000 രൂപയും 3,50,000 വില വരുന്ന കാറും 26,000 വില വരുന്ന ബൈക്കും ആരുടെ ഓഹരിയിൽ പെടുത്തണമെന്ന് പരസ്പര ചർച്ചകളിലൂടെ തീരുമാനിക്കുകയും ഓരോരുത്തർക്കും ലഭിക്കേണ്ട അവകാശങ്ങളിൽ നിന്ന് ബാക്കി തുകയുടെ മൂല്യത്തിന് വീടും സ്ഥലവും ഓഹരി വെയ്ക്കുകയും ചെയ്യാം. കറും ബൈക്കും ആർക്കും ആവശ്യമില്ല എന്നാണെങ്കിൽ അവ വിറ്റ് കിട്ടുന്ന തുക നിക്ഷേപത്തിന്റെ ഒപ്പം ചേർത്ത് പൊതുവായി ഓഹരി ചെയ്യാം.
സ്ഥലത്തിൻ്റെ വിസ്തീർണ്ണം ചെറുതായതുകൊണ്ട് ഓഹരി ചെയ്താൽ ആർക്കും ഉപയോഗിക്കാൻ പറ്റില്ല എന്ന അഭിപ്രായം വന്നാൽ അതും വിറ്റു കിട്ടുന്ന തുക നിക്ഷേപത്തോടൊപ്പം ചേർത്ത് ഓരോരുത്തരുടെയും അവകാശം വീതിച്ചെടുക്കാം.മകനോ മകൾക്കോ വീടും സ്ഥലവും വേണമെന്നുണ്ടെങ്കിൽ അവരുടെ അവകാശം കഴിച്ച് ബാക്കിയുള്ളതിന്റെ വില മറ്റുള്ളവർക്ക് നൽകിയും പ്രായോഗികമായി ഈ പ്രശ്നം പരിഹരിക്കാം.
ഉദാഹരണം: 2
ഒരു സ്ത്രീ മരിക്കുന്നു. അവകാശികളായി ഭർത്താവ്, മകൻ്റെ മകൻ, മകൻ്റെ രണ്ടു പെൺമക്കൾ.
സമ്പാദ്യം :
കൃഷിസ്ഥലം : ഒരു ഏക്കർ
കടമുറി 2 : 6,00,000
ഫ്ലാറ്റ് 1 : 22,00,000
ഓഹരി നിക്ഷേപം: 2,00,000
പ്രായോഗികമായി ഓഹരി ചെയ്യുന്ന വിധം.
ഭർത്താവ് : 1/4
മകൻ്റെ മകൻ : ശിഷ്ടാവകാശി
മകൻ്റെ രണ്ടു പെൺമക്കൾ : മകൻ്റെ മകനോടൊപ്പം ശിഷ്ടാവകാശി.
ഓഹരി 16 നിന്ന്.
ഭർത്താവ്: 1 /4 = 4/16
മകൻ്റെ മകൻ = 6/16
മകൻ്റെ ഒരു മകൾ = 3/16
മകൻ്റെ ഒരു മകൾ = 3/16
അഥവാ,
ഭർത്താവ് = 25%
മകൻ്റെ മകൻ = 37.5 %
മകൻ്റെ മകൾ = 18. 75%
മകൻ്റെ മകൾ = 18. 75%
ഇനി സമ്പാദ്യത്തിന്റെ മൂല്യം കണക്കാക്കാം.
കൃഷിസ്ഥലം ഒരു ഏക്കർ = 20,00, 000
കടമുറി 2 = 6,00,000
ഫ്ലാറ്റ് - 1 = 22,00,000
ഓഹരി നിക്ഷേപം = 2,00, 000
ആകെ സമ്പാദ്യം : 50,00,000
ഭർത്താവ് = 12,50, 000
മകൻ്റെ മകൻ = 18,75,000
മകൻ്റെ മകൾ= 9,37, 500
മകൻ്റെ മകൾ= 9,37, 500
കടമുറികൾ, ഓഹരി നിക്ഷേപം ഇവ ആർക്കുവേണമെന്ന് ചർച്ചയിലൂടെ തീരുമാനിക്കാം. ആർക്കും വേണ്ടെങ്കിൽ അവ വിറ്റ് കിട്ടുന്ന വില ഓഹരി ചെയ്യാം. ഫ്ലാറ്റ് അവകാശികൾ അല്ലാത്ത ആർക്കെങ്കിലും വിൽക്കുകയാണെങ്കിൽ അതിന്റെ വിലയും മുകളിൽ പറഞ്ഞ കണക്കിന് ഓഹരി ചെയ്യാം. മകൻ്റെ മക്കളിൽ ആർക്കെങ്കിലും ഫ്ലാറ്റ് വേണമെന്നുണ്ടെങ്കിൽ അവരുടെ അവകാശ ഓഹരിയുടെ വില കഴിച്ച് ബാക്കി തുക മറ്റുള്ളവർക്ക് നൽകണം. മകൻ്റെ രണ്ടു പെൺമക്കൾ ഒരുമിച്ച് ഈ ഫ്ലാറ്റ് എടുക്കാൻ തീരുമാനിച്ചാൽ ചെറിയ ഒരു തുക മാത്രമേ അധികമായി നൽകേണ്ടിവരു. ഓഹരി നിക്ഷേപം സ്വീകരിക്കുന്ന ആൾക്ക് ആ നിക്ഷേപം തുടരുകയോ അവസാനിപ്പിച്ച് പണമാക്കി മാറ്റുകയോ ചെയ്യാം.











