പരേതനായ വ്യക്തിക്ക് അവകാശികളായി ആൺമക്കൾ ഇല്ലാതിരിക്കുകയും പെൺമക്കൾ മാത്രമാവുകയും ചെയ്യുന്ന സാഹചര്യങ്ങൾ ചിലപ്പോൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ, രണ്ടോ അതിലധികമോ പെൺമക്കൾ ഉണ്ടെങ്കിൽ, ഇസ്ലാമിക അനന്തരാവകാശ നിയമപ്രകാരം അവർക്ക് ലഭിക്കാവുന്ന പരമാവധി വിഹിതം മൂന്നിൽ രണ്ടാണ് (2/3). ആൺമക്കൾ ഉണ്ടായിരുന്നുവെങ്കിൽ, മുഴുവൻ സ്വത്തും മക്കൾക്കിടയിൽ വിതരണം ചെയ്യപ്പെടുമായിരുന്നു. എന്നാൽ, പെൺമക്കൾ മാത്രമുള്ള സാഹചര്യത്തിൽ, അവരുടെ നിശ്ചിത വിഹിതമായ മൂന്നിൽ രണ്ട് ഭാഗം നൽകിയ ശേഷം ശേഷിക്കുന്ന മൂന്നിലൊന്ന് ഭാഗം ശിഷ്ടാവകാശമായി മരണപ്പെട്ട വ്യക്തിയുടെ സഹോദരന്മാർക്ക് ലഭിക്കുന്നു. സഹോദരന്മാർ ഇല്ലെങ്കിൽ, പിതൃസഹോദര പുത്രന്മാർക്ക് അത് ലഭിക്കും.
ഇവിടെയാണ് പ്രധാന വിമർശനം ഉയരുന്നത്. കുടുംബനാഥൻ അധ്വാനിച്ചുണ്ടാക്കിയ സമ്പത്തിന്റെ ഒരു ഭാഗം, നേരിട്ട് കുടുംബജീവിതത്തിൽ പങ്കില്ലാത്ത പിതൃസഹോദരന്മാർക്കോ അവരുടെ മക്കൾക്കോ നൽകേണ്ടിവരുന്നു. അതേസമയം പെൺമക്കൾക്ക് മുഴുവൻ ലഭിക്കുന്നില്ല എന്നതിനെ ചിലർ സ്ത്രീകളോടും പ്രത്യേകിച്ച് പെൺമക്കളോടും അനീതിപരമായ സമീപനമായി വിമർശിക്കുന്നു.
ഇസ്ലാമിക അനന്തരാവകാശ നിയമം നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്നവരിൽപ്പോലും, ഈ വിഷയത്തിൽ ഇന്ത്യൻ സക്സെഷൻ ആക്ട് പോലുള്ള മറ്റു നിയമങ്ങളിലേക്ക് മാറണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ലിബറലിസ്റ്റ് ചിന്താഗതിക്കാർ ഇത്തരത്തിലുള്ള സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഇസ്ലാമിക നിയമത്തെ അപരിഷ്കൃതമെന്നും സ്ത്രീ വിരുദ്ധമെന്നും ആക്ഷേപിക്കുകയും ചെയ്യുന്നു.
എന്നാൽ, ഈ വിഷയത്തെ ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലത്തിൽ കൂടി വായിക്കേണ്ടതുണ്ട്. ഇസ്ലാമിന്റെ ഉദയത്തിന് മുമ്പുള്ള റോമൻ, ബൈസാന്തിയൻ സംസ്കാരങ്ങളിൽ സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി മാത്രമാണ് കണക്കാക്കിയിരുന്നത്. പല സാഹചര്യങ്ങളിലും സ്ത്രീകൾക്ക് സ്വത്തവകാശമോ സാമ്പത്തിക സ്വാതന്ത്ര്യമോ ഉണ്ടായിരുന്നില്ല. പാശ്ചാത്യ ലോകം സ്ത്രീകൾക്ക് സമ്പൂർണ സാമ്പത്തിക അവകാശവും പൗരപരമായ അംഗീകാരവും നൽകിത്തുടങ്ങിയത് വളരെ പിന്നീട്, ഏകദേശം പതിനാറാം നൂറ്റാണ്ടിനുശേഷമാണ്.
അതേസമയം, ഇസ്ലാം ഏഴാം നൂറ്റാണ്ടിൽ തന്നെ സ്ത്രീകൾക്ക് വ്യക്തമായ പൗരാവകാശവും സാമൂഹിക അന്തസ്സും സാമ്പത്തിക ഇടപാടുകളിലെ പൂർണ സ്വാതന്ത്ര്യവും അനുവദിച്ചു നൽകിയതായി വിവിധ ഗവേഷണഗ്രന്ഥങ്ങൾ ചൂണ്ടിക്കാണിക്കുന്നു. Oxford Dictionary of Islam, Oxford Encyclopaedia of Islam തുടങ്ങിയ റഫറൻസ് ഗ്രന്ഥങ്ങളിലും ഈ കാര്യങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്.
വളർത്തുമൃഗങ്ങൾ, കൃഷി, കച്ചവടം തുടങ്ങിയ മാർഗങ്ങളിലൂടെ സമ്പത്ത് സമ്പാദിക്കാനും, അത് സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കാനോ ദാനമായി നൽകാനോ സ്ത്രീകൾക്ക് ഇസ്ലാം അവകാശം നൽകിയിരുന്നു. ഈ സമീപനത്തിന്റെ ഭാഗമായിട്ടാണ് അനന്തരാവകാശ നിയമത്തിലും സ്ത്രീകൾക്ക് നിശ്ചിതവും നിയമപരവുമായ വിഹിതം അനുവദിക്കപ്പെട്ടത്. അതിനാൽ, സ്ത്രീകളെ പൂർണമായി അവഗണിച്ചിരുന്ന കാലഘട്ടത്തിൽ തന്നെ അവർക്കു നിയമപരമായ അവകാശം നൽകിയത് ഇസ്ലാമിന്റെ പുരോഗമനപരമായ നിലപാടാണ്.
അതിനാൽ, ഇസ്ലാമിക അനന്തരാവകാശ നിയമം സ്ത്രീകളോട് അനീതിപരമായ സമീപനം പുലർത്തുന്നു എന്ന വിമർശനം, പലപ്പോഴും നിയമത്തിന്റെ ആന്തരിക ഘടനയും കുടുംബ ഉത്തരവാദിത്വ വ്യവസ്ഥയും പൂർണമായി പരിഗണിക്കാതെയുള്ള തെറ്റിദ്ധാരണകളിൽ നിന്നാണ് ഉയരുന്നത്.
വിവാദത്തിന്റെ പശ്ചാത്തലം
മരണപ്പെട്ടയാൾക്ക് ഒന്നോ അതിലധികമോ ആൺമക്കൾ ഉണ്ടെങ്കിൽ, മുഴുവൻ സ്വത്തും അവർക്കാണ് ലഭിക്കുക. അത്തരം സാഹചര്യത്തിൽ പരേതന്റെ സഹോദരന്മാർക്കോ സഹോദരപുത്രന്മാർക്കോ അനന്തരാവകാശം ലഭിക്കുകയില്ല. കാരണം, മകന്റെ സാന്നിധ്യത്തിൽ അവർ തഴയപ്പെടുന്നു.
എന്നാൽ, അവകാശികളായി രണ്ടോ അതിലധികമോ പെൺമക്കൾ മാത്രമാണുള്ളതെങ്കിൽ, അവർക്ക് ലഭിക്കാവുന്ന പരമാവധി ഓഹരി മൂന്നിൽ രണ്ടാണ്. ശേഷിക്കുന്ന ഭാഗം പരേതന്റെ സഹോദരന്മാർക്കോ, അവരുടെ പുത്രന്മാർക്കോ ശിഷ്ടാവകാശമായി ലഭിക്കും. കുടുംബവുമായി നേരിട്ടുള്ള ബന്ധം വളരെ കുറവാണെന്ന് തോന്നുന്ന ഇവർക്ക് പോലും ചില സാഹചര്യങ്ങളിൽ 33.33 ശതമാനം വരെ ഓഹരി ലഭിക്കുന്നതാണ് വിവാദത്തിന് ഇടയാക്കുന്നത്.
ഈ വിഷയത്തെ സമീപിക്കുമ്പോൾ, ചില അടിസ്ഥാന സത്യങ്ങൾ ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.
വിശുദ്ധ ഖുർആനിൽ, ആൺകുട്ടികളെയും പെൺകുട്ടികളെയും അല്ലാഹു നൽകുന്ന അനുഗ്രഹമായി പരാമർശിക്കുന്ന വചനത്തിൽ (42:49), ആദ്യം പരാമർശിക്കപ്പെടുന്നത് പെൺമക്കളെയാണ്. തുടർന്ന് ആൺമക്കളെയും, ചിലപ്പോൾ ഇരുവരെയും നൽകുന്നു എന്നും പറയുന്നു. ഇവിടെ സ്ത്രീയെ ആദ്യം പരാമർശിക്കുന്നത് അവൾ വിലപ്പെട്ട അനുഗ്രഹമാണെന്ന ആശയം ഉൾക്കൊള്ളുന്നതായാണ് ഖുർആൻ പണ്ഡിതന്മാർ വിശദീകരിക്കുന്നത്.
വിവാദത്തിന് പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഖുർആനിക പരാമർശം സൂറത്തുന്നിസാഅ് 4:11 ലെ, ഒരു പുരുഷന് രണ്ട് സ്ത്രീകളുടെ ഓഹരിക്കു തുല്യമായ അവകാശമുണ്ട് എന്ന വാക്യമാണ്.
പിതാവോ മാതാവോ മരണപ്പെട്ടപ്പോൾ, ആൺമക്കളും പെൺമക്കളും ഒരുമിച്ച് അവകാശികളായുണ്ടെങ്കിൽ, ഒരു പുരുഷന് ഒരു സ്ത്രീക്കു ലഭിക്കുന്നതിന്റെ ഇരട്ടി ഓഹരി ലഭിക്കും എന്നതാണ് ഈ വചനത്തിന്റെ വാചികാർത്ഥം. ഇതേ തത്വം മകന്റെ ആൺമക്കളും പെൺമക്കളും അവകാശികളാകുന്ന സാഹചര്യങ്ങളിലും ബാധകമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ, മക്കളില്ലാത്ത സാഹചര്യത്തിൽ സഹോദരനും സഹോദരിയും അവകാശികളായാലും, പുരുഷന് രണ്ട് ഓഹരിയും സ്ത്രീക്ക് ഒരു ഓഹരിയും എന്ന അനുപാതത്തിലാണ് വിഭജനം നടക്കുക.
ഇതിനുള്ള പ്രധാന കാരണം, പുരുഷന്റെ മേൽ ചുമത്തപ്പെട്ടിരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ ഉത്തരവാദിത്വങ്ങളാണ്. ഭാര്യ, മക്കൾ, ആവശ്യമായാൽ മാതാപിതാക്കൾ എന്നിവരുടെ സാമ്പത്തിക സംരക്ഷണം പുരുഷന്റെ ബാധ്യതയായി ഇസ്ലാം കണക്കാക്കുന്നു. കുടുംബച്ചെലവുകൾ, താമസം, സംരക്ഷണം, ഫിത്വർ സകാത്ത് തുടങ്ങിയ സാമ്പത്തിക ബാധ്യതകളും പുരുഷനാണ് നിർവഹിക്കേണ്ടത്. അതേസമയം, സ്ത്രീയുടെ മേൽ നിർബന്ധമായ സാമ്പത്തിക ഉത്തരവാദിത്വങ്ങൾ വളരെ കുറവാണ്. അതിനാൽ, അവകാശവിഹിതത്തിലെ ഈ വ്യത്യാസം കുടുംബ ഉത്തരവാദിത്വങ്ങളുടെ വ്യത്യാസവുമായി ബന്ധപ്പെട്ടാണ് വിശദീകരിക്കപ്പെടുന്നത്.
ഇന്നത്തെ കാലത്ത് സ്ത്രീകളും തൊഴിൽരംഗത്തും സാമ്പത്തിക സമ്പാദ്യത്തിലും പുരുഷന്മാരോടൊപ്പം മുന്നിട്ടുനിൽക്കുന്നതിനാൽ, ഈ വ്യത്യാസം അപ്രസക്തമാണെന്നാണ് ചിലരുടെ വാദം എന്നാൽ, ഈ വാദം പൂർണമായും ചരിത്രസത്യങ്ങളോട് യോജിക്കുന്നതല്ല.
പ്രവാചകൻ്റെ പ്രിയപത്നിയായ ഖദീജ സമ്പന്നയും വ്യാപാരരംഗത്ത് സജീവവുമായ വ്യക്തിയായിരുന്നു. അവരുടെ ധനസഹായങ്ങളെയും ദാനധർമ്മ സ്വഭാവത്തെയും പ്രശംസിക്കുന്ന നിരവധി പ്രവാചക വചനങ്ങൾ കാണാം. അതിനാൽ, സ്ത്രീകൾക്ക് സമ്പത്തിലോ തൊഴിൽമേഖലയിലോ പങ്കില്ലാത്ത ഒരു സമൂഹത്തിലാണ് ഈ നിയമം രൂപപ്പെട്ടതെന്ന് പറയുന്നത് ശരിയല്ല.
പിന്നീട് തുടർതലമുറകളുടെ കാലത്തും സ്ത്രീകൾ വ്യാപാരത്തിലും സമ്പാദ്യരംഗത്തും സജീവമായിരുന്നു. ഹിജ്റ ആറാം നൂറ്റാണ്ടിൽ ജീവിച്ച കർമശാസ്ത്ര പണ്ഡിതൻ ഇമാം നവവി, തന്റെ പ്രശസ്ത ഗ്രന്ഥമായ ശർഹുൽ മുഹദ്ദബിൽ സ്ത്രീകളുടെ വ്യാപാരസമ്പത്ത് സംബന്ധിച്ച് ചർച്ച ചെയ്യുന്നുണ്ട്. അദ്ദേഹം രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: സ്ത്രീകൾ ധരിക്കുന്നതിനായി കൈവശം വയ്ക്കുന്ന സ്വർണാഭരണങ്ങൾക്ക് സകാത്ത് (നിർബന്ധ ദാനം) നിർബന്ധമല്ല. എന്നാൽ, കച്ചവടലാഭത്തിനായി വാങ്ങിയ സ്വർണാഭരണങ്ങളാണെങ്കിൽ അതിന് സകാത്ത് നിർബന്ധമാകും. ഇവിടെ പ്രതിപാദിക്കപ്പെടുന്നത്, സ്വർണാഭരണങ്ങൾ വ്യാപാരാവശ്യത്തിന് വാങ്ങി ബിസിനസ് നടത്തുന്ന സ്ത്രീയെയാണ്.
അതായത്, സ്ത്രീകൾക്ക് സമ്പാദ്യാവകാശമോ സാമ്പത്തിക സ്വാതന്ത്ര്യമോ ഇല്ലാത്ത സാഹചര്യത്തിലാണ് ഇസ്ലാമിക അനന്തരാവകാശ നിയമം രൂപപ്പെട്ടതെന്ന ധാരണ ചരിത്രപരമായി ശരിയല്ലെന്നാണ് ഈ വിശദീകരണങ്ങളുടെ താത്പര്യം.
സ്ത്രീകൾ തൊഴിൽ ചെയ്ത് വരുമാനം കണ്ടെത്തുകയും കച്ചവടരംഗത്തും സാമ്പത്തിക പ്രവർത്തനങ്ങളിലും സജീവമാവുകയും ചെയ്യുന്നത് പുതിയകാലത്തിന്റെ മാത്രം പ്രത്യേകതയായി അവതരിപ്പിക്കേണ്ടതില്ല. പ്രവാചക കാലം മുതൽ തന്നെ സ്ത്രീകൾ സമ്പത്തും തൊഴിലും വ്യാപാരവും കൈകാര്യം ചെയ്തിരുന്നുവെന്നതിന് ചരിത്രപരമായ തെളിവുകൾ കാണാം.
അനന്തരാവകാശവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരിശോധിക്കുമ്പോൾ മറ്റൊരു പ്രധാന വസ്തുതയും ശ്രദ്ധിക്കേണ്ടതുണ്ട്. മകൻ, സഹോദരൻ, സഹോദരപുത്രൻ, പിതൃസഹോദരൻ, പിതൃസഹോദര പുത്രൻ തുടങ്ങിയ പുരുഷ അവകാശികളുടെ ഓഹരികൾ സാധാരണയായി ശിഷ്ടാവകാശ വിഭാഗത്തിലാണ് വരുന്നത്. അതായത്, പരേതന്റെ സ്വത്തിൽ നിശ്ചിതാവകാശികൾക്ക് അവരുടെ വിഹിതങ്ങൾ നൽകിയശേഷം ശേഷിക്കുന്ന ഭാഗമാണ് ഇവർക്ക് ലഭിക്കുക.
അതേസമയം, മകൾ, മകന്റെ മകൾ, സഹോദരി തുടങ്ങിയ സ്ത്രീ അവകാശികൾ പലപ്പോഴും നിശ്ചിതാവകാശ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. അതിനാൽ, അവരുടെ ഓഹരി ആദ്യം തന്നെ ഉറപ്പാക്കപ്പെട്ടതാണ്.
ഉദാഹരണത്തിന്, ഒരു മകൾ മാത്രമാണെങ്കിൽ അവൾക്ക് സ്വത്തിന്റെ പകുതി അഥവാ 50 ശതമാനം നിശ്ചിത അവകാശമായി ലഭിക്കും. രണ്ടോ അതിലധികമോ മക്കളാണെങ്കിൽ, അവർക്ക് ചേർന്ന് സ്വത്തിന്റെ മൂന്നിൽ രണ്ടുഭാഗം ഏകദേശം 66.66 ശതമാനം നിശ്ചിത ഓഹരിയായി ലഭിക്കും.
അതിനാൽ, പരാമർശിക്കപ്പെട്ട സ്ത്രീകൾക്ക് ഇസ്ലാമിക അനന്തരാവകാശ നിയമത്തിൽ ഉറപ്പുള്ള നിശ്ചിത വിഹിതം നൽകപ്പെട്ടിരിക്കുമ്പോൾ, പല പുരുഷ അവകാശികൾക്കും നിശ്ചിത ഓഹരിയില്ലാതെ, ശേഷിക്കുന്ന ഭാഗം മാത്രം ലഭിക്കുന്ന ശിഷ്ടാവകാശ നിലയാണുള്ളത് എന്ന കാര്യം ശ്രദ്ധേയമാണ്.
ഇതിന്റെ അർത്ഥം ഒരേ പദവിയിലുള്ള പുരുഷാവകാശിയും സ്ത്രീ അവകാശിയും (മകൻ/മകൾ, സഹോദരൻ/ സഹോദരി, മകൻ്റെ മകൻ/ മകന്റെ മകൾ) ഒന്നിച്ചുവരാതെ രണ്ട് വ്യത്യസ്ത കേസിലാണ് വരുന്നതെങ്കിൽ അവിടെ മുഖ്യ ഓഹരി ലഭിക്കുന്നതു സ്ത്രീക്കായിരിക്കും. ഒരു ഉദാഹരണം പറയാം.
A. പരേതന്റെ അവകാശികൾ: ഉപ്പ, ഉമ്മ, ഭർത്താവ്, കൂടെ മകൻ
B. രണ്ടാമത്തെ ആളുടെ അവകാശികൾ: ഉപ്പ, ഉമ്മ, ഭർത്താവ്, കൂടെ മകൾ
A. ഉപ്പ = 1/6, ഉമ്മ =1/6, ഭർത്താവ് = 1/4, മകൻ ശിഷ്ടാവകാശി.
ഉപ്പ + ഉമ്മ + ഭർത്താവ് + മകൻ = 2+2+3+(5)/12
മകൻ്റെ അവകാശം 5/12= 41.66%
B. ഉപ്പ= 1/6, ഉമ്മ=1/6, ഭർത്താവ്= 1/4 മകൾ= 1/2
ഉപ്പ + ഉമ്മ + ഭർത്താവ് + മകൻ
=1/6 + 1/6 + 1/4 + 1/2 = 2+2+3+6/12
=2+2+3+6/13
മകളുടെ ഓഹരി 6/13 =46.15%
പരേതയായ ഒരു സ്ത്രീക്ക് അവകാശികളായി ഉപ്പ, ഉമ്മ, ഭർത്താവ് എന്നിവർക്കൊപ്പം മകനും മറ്റൊരു സ്ത്രീക്ക് ഇതേ അവകാശികൾക്കൊപ്പം മകളും അവകാശികളായി വന്നപ്പോൾ;
A മകന്റെ അവകാശം = 41.66%
B മകളുടെ അവകാശം = 46.15%
ശിഷ്ടാവകാശിയായ മകനേക്കാൾ മെച്ചപ്പെട്ടതും സുരക്ഷിതവുമായ അവകാശം നിശ്ചിതാവകാശിയായ മകൾക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഇതു കേവലം യാദൃശ്ചികമല്ല. മറ്റൊരു ഉദാഹരണം നോക്കാം.
A. ഉമ്മ, ഉപ്പ, ഭാര്യ, രണ്ട് ആൺമക്കൾ
B. ഉമ്മ, ഉപ്പ, ഭാര്യ, രണ്ട് പെൺമക്കൾ
പരേതനായ ഒരാൾക്ക് ഉമ്മ, ഉപ്പ, ഭാര്യ എന്നിവർക്കു പുറമെ രണ്ട് ആൺമക്കൾ അവകാശികളായുണ്ട്. സമാനമായ രണ്ടാമത്തെ സംഭവത്തിൽ ഉമ്മ, ഉപ്പ, ഭാര്യ എന്നിവർക്കു പുറമെ രണ്ട് പെൺമക്കളാണ് അവകാശികളായിട്ടുള്ളത്.
ഓഹരി എങ്ങനെ എന്ന് നോക്കാം.
A. ഉമ്മ=1/6, ഉപ്പ= 1/6, ഭാര്യ= 1/8
രണ്ട് ആൺമക്കൾ = ശിഷ്ടവകാശി
4+4+3+(13)/24 = 8+8+6+ (13+13)/48
ഒരു മകൻ്റെ അവകാശം: 13/48=27%
B. ഉമ്മ= 1/6, ഉപ്പ=1/6 ഭാര്യ1/8, രണ്ട് പെൺമക്കൾ= 2/3
4+4+3+16/24 = 4+4+3+16/27
ഒരു മകളുടെ അവകാശം 8/27= 29.63%
A. ഒരു മകൻ്റെ അവകാശം = 27%
B. ഒരു മകളുടെ അവകാശം = 29.63%
ഈ സംഭവത്തിലും നിശ്ചിതാവകാശിയായ മകളുടെ അവകാശം ശിഷ്ടാവകാശിയായ മകനേക്കാൾ മെച്ചപ്പെട്ടതും സുരക്ഷിതവുമാണെന്ന് വ്യക്തമാവുന്നു.
പെൺമക്കൾ മാത്രമുള്ള ഒരാൾ മരണപ്പെട്ടാൽ അയാളുടെ സമ്പത്ത് ഇസ്ലാമിക ദായക്രമത്തിൽ ഓഹരിവെക്കുമ്പോൾ പരേതന്റെ സഹോദരനു ലഭിക്കാവുന്ന ഓഹരിയെ പർവതീകരിച്ചുകാണിക്കുന്ന വിമർശകർ പിതാവില്ലാത്ത ഈ പെൺകുട്ടികളുടെ രക്ഷകർത്താവായി പിതൃസഹോദരൻ ചെയ്യേണ്ട സേവനത്തെ വിലകുറച്ചുകാണിക്കുകയും കുടുംബബന്ധങ്ങളുടെ മഹിമക്ക് കളങ്കമേൽപ്പിക്കുകയുമാണ്.
ഇവിടെ പരേതനു രണ്ട് പെൺമക്കൾ മാത്രമേയുള്ളൂ എന്ന് കരുതുക. മറ്റു അവകാശികളായി ഒരു സഹോദരൻ മാത്രം. ഭാര്യ, ഉപ്പ, ഉമ്മ ഇവരൊന്നും ജീവിച്ചിരിപ്പില്ല. പിതാമഹനും ഇല്ല. ഇങ്ങനെ വന്നാൽ രണ്ട് പെൺ മക്കൾക്ക് 2/3= 66.66% ശതമാനവും ബാക്കി 33.33% ശതമാനം പിതൃസഹോദരനും ലഭിക്കും. എന്നാൽ പരേതനു രണ്ട് പെൺമക്കളും പരേതന്റെ ഉപ്പയും ഉമ്മയും ഭാര്യയും എല്ലാവരും ഉണ്ടെങ്കിൽ ഇതിൻ്റെ കൂടെ ശിഷ്ടാവകാശിയായി വരുന്ന പരേതൻ്റെ സഹോദരനു ഒന്നും ലഭിക്കാനുണ്ടാവില്ല. നിശ്ചിത അവകാശികൾക്കു കൊടുത്ത് ശിഷ്ടം ഉണ്ടെങ്കിൽ മാത്രമാണ് ശിഷ്ടാവകാശിയായ സഹോദരനു ലഭിക്കുക.
ചില ഉദാഹരണങ്ങളിലൂടെ ഇത് വ്യക്തമാവും.
A. പരേതനു രണ്ട് പെൺമക്കളോടപ്പം ഉപ്പ, ഭാര്യ, സഹോദരൻ.
ഇവിടെ രണ്ട് പെൺമക്കൾക്ക് = 2/3, ഭാര്യ=1/8, +ഉപ്പ = ശിഷ്ടവകാശി.
ഉപ്പയുടെ സാന്നിധ്യത്തിൽ സഹോദരനു അവകാശമില്ല. 2 പെൺമക്കൾ + ഭാര്യ + ഉപ്പ = 2/3+1/8+ ശിഷ്ടാവകാശി.
16+3+(5)/24
ഉപ്പയുടെ അവകാശം 5/24= 20.83%
ഭാര്യ =3/24= 12.5%
രണ്ട് പെൺമക്കൾ= 16/24= 66.66%
B. 2 പെൺമക്കൾ, ഉമ്മ, ഭാര്യ, സഹോദരൻ.
രണ്ട് പെൺമക്കൾ= 2/3, ഉമ്മ=1/6, ഭാര്യ= 1/8, സഹോദരൻ= ശിഷ്ടാവകാശം.
രണ്ട് പെൺമക്കൾ+ ഉമ്മ+ ഭാര്യ+ സഹോദരൻ= 2/3+1/6+1/6+ ശിഷ്ടാവകാശം
16+4+3+(1)/24
രണ്ട് പെൺമക്കൾ= 16/24= 66.66%
ഉമ്മ= 4/24= 16.66
ഭാര്യ= 3/24= 12.5%
സഹോദരൻ= 1/24= 4.16%
രണ്ട് പെൺമക്കൾക്കു പുറമെ പരേതന്റെ ഉമ്മയും ഭാര്യയും ജീവിച്ചിരിപ്പുള്ള സാഹചര്യം സാധാരണ നടക്കാൻ സാധ്യതയുള്ളതാണ്. ഇത്തരം കേസിൽ ശിഷ്ടാവകാശിയായി വരുന്ന പരേതൻ്റെ സഹോദരനു ലഭിക്കുന്നതു കേവലം 4 ശതമാനം.
പെൺമക്കൾ മാത്രമുള്ള ഈ കുടുംബം സാമ്പത്തികമോ സാമൂഹികമോ ആയ പ്രതിസന്ധികളിൽ പെട്ടാൽ രക്ഷകർത്താവായി ഇസ്ലാം നിർദേശിക്കുന്ന കുടുംബബന്ധുവാണ് ഈ സഹോദരൻ.
വിമർശിക്കുന്നവരുടെ ശ്രദ്ധയിലേക്ക് മറ്റാരു സാഹചര്യം പറയാം:
ഒരാൾ മരണപ്പെട്ടപ്പോൾ രണ്ടു പെൺമക്കൾ മാത്രമേയുള്ളൂ. ഉപ്പയോ സഹോദരനോ മറ്റു ശിഷ്ടാവകാശികളോ ആരുമില്ല. പെൺമക്കൾ നിശ്ചിതാവകാശികളായതിനാൽ അവരുടെ അവകാശം 2/3 ആണല്ലോ. ഒരു മകൻ മാത്രമാണെങ്കിൽ അവളുടെ അവകാശം 1/2 ആയിരിക്കും. ഒരു സഹോദരൻ പോലും ശിഷ്ടാവകാശിയായി ഇല്ലാത്ത സാഹചര്യത്തിൽ ബാക്കി വരുന്ന മൂന്നിലൊന്ന് അല്ലെങ്കിൽ പകുതി ആർക്കു ലഭിക്കും?
റദ്ദ് (വിപുലനം) രീതി പ്രകാരം ബാക്കിവരുന്ന മൂന്നിലൊന്ന് അല്ലെങ്കിൽ പകുതി നിശ്ചിതാവകാശിയായ ഈ പെൺമക്കൾക്ക് തന്നെ വീണ്ടും നൽകപ്പെടും. അപ്പോൾ മുഴുവൻ സ്വത്തിൻ്റെയും അവകാശി പെൺമക്കൾ/ മകൾ തന്നെയായി.
യഥാർത്ഥത്തിൽ, അനന്തരാവകാശ നിയമം പോലുള്ള വിഷയങ്ങളെ ഉപരിപ്ലവമായി മാത്രം സമീപിക്കുമ്പോൾ ചില വ്യവസ്ഥകൾ വിവാദപരമായി തോന്നാം. എന്നാൽ, അവയുടെ പശ്ചാത്തലത്തിലുള്ള കുടുംബ ഉത്തരവാദിത്വങ്ങൾ, സാമ്പത്തിക ബാധ്യതകൾ, സാമൂഹിക സുരക്ഷാ ഘടന, പരസ്പര സംരക്ഷണ വ്യവസ്ഥകൾ എന്നിവയെ സമഗ്രമായി പഠിക്കുമ്പോൾ, ഈ നിയമങ്ങൾക്ക് പിന്നിലുള്ള യുക്തിയും സാമൂഹിക ലക്ഷ്യവും കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.
ഇസ്ലാമിക അനന്തരാവകാശ നിയമം കേവലം സമ്പത്ത് വിഭജിക്കുന്ന ഒരു ഗണിതശാസ്ത്ര രീതി മാത്രമല്ല. കുടുംബബന്ധങ്ങളെ സംരക്ഷിക്കുകയും സാമ്പത്തിക ഉത്തരവാദിത്വങ്ങൾ വിതരണം ചെയ്യുകയും സാമൂഹിക ഐക്യം നിലനിർത്തുകയും ചെയ്യുന്ന ഒരു സമഗ്ര സാമൂഹിക സംവിധാനമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്.











