മരണപ്പെട്ട വ്യക്തിടെ മകൾ നിശ്ചിത ഓഹരിക്ക് അവകാശിയാണ്. എന്നാൽ മകളുടെ മകനും മകളുടെ മകളും അനന്തരാവകാശികളല്ല. മകളുടെ മക്കൾ അകന്ന ബന്ധുക്കളുടെ പട്ടികയിലാണ് പെടുന്നത്.
മാതാവ്
ഖുർആനിൽ വിവരിച്ചിട്ടുള്ള നിശ്ചിത ഓഹരിക്ക് അവകാശിയാണ് മാതാവ്. മരണപ്പെട്ട വ്യക്തിക്ക് മക്കളോ മകൻ്റെ മക്കളോ ഇല്ലെങ്കിൽ മാതാവിന് നിശ്ചിത അവകാശമായി 1/3 ലഭിക്കും. പക്ഷെ, മരിച്ച വ്യക്തിക്ക് രണ്ടോ അധികമോ സഹോദര സഹോദരിമാർ ഇല്ലാതിരിക്കണം എന്ന നിബന്ധന കൂടിയുണ്ട്.
മരിച്ചയാൾക്ക് മക്കളോ മകൻ്റെ മക്കളോ ഒന്നിൽ കൂടുതൽ സഹോദര സഹോദരിമാരോ ഇല്ലെങ്കിൽ ഉമ്മയ്ക്ക് മൂന്നിലൊന്ന് അവകാശമാണ്. ഒന്നോ അധികമോ ആൺമക്കളോ പെൺമക്കളോ മകൻ്റെ മക്കളോ പരേതനുണ്ടെങ്കിൽ ഉമ്മയ്ക്ക് ആറിലൊന്നേ (1/6)ലഭിക്കുകയുള്ളൂ. അതുപോലെ രണ്ടോ അധികമോ സഹോദരസഹോദരിമാരുണ്ടെങ്കിലും ഉമ്മയുടെ അവകാശം ആറിലൊന്നായി കുറയും.
ഉദാഹരണം: 1): ഉമ്മ, ഭർത്താവ്, ഒരു സഹോദരൻ
മക്കളോ രണ്ടു സഹോദര സഹോദരിമാരോ ഇല്ലാത്തതുകൊണ്ട് ഉമ്മയ്ക്ക് മൂന്നിലൊന്നു ലഭിക്കും. മക്കളില്ലാത്തതുകണ്ട് ഭർത്താവിന് പകുതിയും. ബാക്കിയുള്ളത് സഹോദരന് ശിഷ്ടാവകാശമായി ലഭിക്കും.
ഉമ്മ + ഭർത്താവ് + സഹോദരൻ
= 1/3 + 1/2 + ശിഷ്ടാവകാശം= 2+3+1/ 6
6 ഓഹരിയിൽ മൂന്നിലൊന്നായ രണ്ട് ഓഹരി ഉമ്മയ്ക്കു ലഭിച്ചു.
ഉദാ: 2): ഉമ്മ + മകൻ + ഭാര്യ ഇവരാണ് അവകാശികളെങ്കിൽ ഉമ്മയുടെ അവകാശം ആറിലൊന്നായി(1/6) കുറയും. മകനുള്ളപ്പോൾ ഭാര്യയ്ക്ക് എട്ടിലൊന്നും(1/8). ബാക്കിയുള്ളത് മകന് ശിഷ്ടാവകാശമായും ലഭിക്കും.
ഉമ്മ + ഭാര്യ + മകൻ
= 1/6 + 1/8 + ശിഷ്ടാവകാശം
= 4+3+17 /24
24 ഓഹരിയിൽ ആറിലൊന്നായ 4 ഓഹരി ഉമ്മയ്ക്കു ലഭിച്ചു.
ഉദാഹരണം: 3) ഉമ്മ, രണ്ടുസഹോദരന്മാർ, ഒരുസഹോദരി, രണ്ടോ അധികമോ സഹോദര സഹോദരിമാർ ഉള്ളപ്പോൾ ഉമ്മയ്ക്ക് ആറിലൊന്നാണു ലഭിക്കുക. രണ്ടു സഹോദരന്മാരും ഒരു സഹോദരിയും ശിഷ്ടാവകാശികളുമാവും.
ഉമ്മ + രണ്ടു സഹോദരന്മാർ + ഒരു സഹോദരി
= 1/6 + ശിഷ്ടാവകാശം + ശിഷ്ടാവകാശം
= 1+(2+2)+1/6
ഉമ്മയ്ക്ക് ആറിലൊന്ന് ലഭിച്ചപ്പോൾ ബാക്കിയുള്ളത് 2:1 എന്ന ക്രമത്തിൽ സഹോദരന്മാർക്കും സഹോദരിക്കും ലഭിച്ചു.
ഉദാഹരണം: 4) ഉമ്മയും ഒരു പൂർണ സഹോദരനും ഒരു പിതാവൊത്ത അർധ സഹോദരനും ഉണ്ടെങ്കിൽ പൂർണ സഹോദരനും അർധ സഹോദരനും കൂടി രണ്ടു സഹോദരന്മാർ ഉള്ളതുകൊണ്ട് ഉമ്മയ്ക്ക് ആറിലൊന്നാണ് ഓഹരി. എന്നാൽ പൂർണ സഹോദരനുള്ളപ്പോൾ അർധ സഹോദരന് അവകാശം ലഭിക്കുകയില്ല. ഉമ്മയുടെ ആറിലൊന്ന് (1/6) കഴിച്ചുള്ള മുഴുവനും ശിഷ്ടാവകാശമായി പൂർണ സഹോദരനു ലഭിക്കും.
ഉമ്മ + ഒരു പൂർണ സഹോദരൻ + ഒരു പിതാവൊത്ത അർധ സഹോദരൻ
= 1/6 + ശിഷ്ടാവകാശം + അവകാശമില്ല
= 1+5+0 /6
അർധ സഹോദരന് അവകാശ ഓഹരി ലഭിച്ചില്ലെങ്കിലും ഉമ്മയുടെ ഓഹരി 1/6 ആയി കുറയ്ക്കുന്നതിൽ അർധ സഹോദരന്റെ സാന്നിധ്യം ഇവിടെ പരിഗണനീയമാണ്.
മരിച്ചയാൾക്ക് മറ്റ് അവകാശികളാരുമില്ലെങ്കിൽ ഉമ്മയ്ക്ക് മൂന്നിലൊന്ന് നിശ്ചിത അവകാശമായും ബാക്കി പുനർവിതരണ അവകാശമായും ലഭിക്കും. അകന്ന ബന്ധുക്കളിൽപെട്ട മകളുടെ മകൾ ഉള്ളതുകൊണ്ട് ഉമ്മയുടെ അവകാശം 1/6 ആയി കുറയുകയില്ല. മറ്റു കാരണങ്ങളില്ലെങ്കിൽ 1/3 തന്നെ ലഭിക്കും. ഉമ്മയോടൊപ്പം ഉപ്പയും മരിച്ച ആളുടെ ഭാര്യ/ഭർത്താവും മാത്രമാണെങ്കിൽ ഭാര്യ/ ഭർത്താവിൻ്റെ ഓഹരി കഴിച്ചു ബാക്കിയുടെ 1/3 ഉമ്മയ്ക്കും 2/3 ഉപ്പയ്ക്കും ലഭിക്കും. അഥവാ ഇവിടെ ഉമ്മയ്ക്കു ലഭിച്ചതിൻ്റെ ഇരട്ടി ഉപ്പയ്ക്കു ലഭിക്കണം.
പിതാവ്
ഖുർആനിൽ വിശദീകരിച്ച നിശ്ചിത അവകാശികളിൽ പിതാവിനെ എണ്ണിയിട്ടുണ്ട്. പരേതന് മക്കളുണ്ടെങ്കിൽ ഉപ്പയ്ക്ക് ആറിലൊന്ന് നിശ്ചിത ഓഹരിയായി ലഭിക്കും.
പെൺമക്കൾ മാത്രമുള്ള അവസ്ഥയിൽ ഒരു മകളാണെങ്കിൽ അവൾക്ക് 1/2, രണ്ടു മകളുണ്ടെങ്കിൽ 2/3 എന്ന തോതിലാവും അവരുടെ വിഹിതം. പിതാവിന് ആറിലൊന്നും ലഭിക്കും. മറ്റ് അവകാശികളുണ്ടെങ്കിൽ അവരുടേതും കഴിച്ച് പിന്നെയും ശിഷ്ടമുണ്ടെങ്കിൽ അതും പിതാവിന് ശിഷ്ടാവകാശമായിലഭിക്കും.
ഉദാഹരണം: 1) നിശ്ചിതാവകാശം മാത്രം
പിതാവ് +മകൻ
= 1/6 + ശിഷ്ടാവകാശം
= 1+5 /6
ഉദാഹരണം: 2) ശിഷ്ടാവകാശം മാത്രം
പരേതൻ്റെ ഭാര്യ, പിതാവ്
മക്കളില്ലാത്തതു കൊണ്ട് ഭാര്യയ്ക്കു നാലിലൊന്നും ബാക്കിയുള്ളത് ഉപ്പയ്ക്ക് ശിഷ്ടാവകാശമായും ലഭിക്കും.
ഭാര്യ + പിതാവ്
= 1/4 + ശിഷ്ടാവകാശം
=1+(3) /4
ഉദാ: 3) നിശ്ചിതാവകാശവും ശിഷ്ടാവകാശവും
ആൺമക്കളുടെ അഭാവത്തിൽ/അവകാശികളായി പെൺമക്കൾ മാത്രമേയുള്ളൂവെങ്കിൽ അവരോടൊപ്പം വരുന്ന പിതാവിനു നിശ്ചിതാവകാശം 1/6 ലഭിക്കും. അതോടൊപ്പം ശിഷ്ടമുണ്ടെങ്കിൽ അതു ശിഷ്ടാവകാശമായും ലഭിക്കും.
മകൾ+പിതാവ്
ഒരു മകൾക്കു പകുതി ലഭിക്കും. പിതാവിന് നിശ്ചിതാവകാശം ആറിലൊന്നു കിട്ടും. ബാക്കിയുള്ളതും ശിഷ്ടാവകാശമായി പിതാവിനു തന്നെ ലഭിക്കും.
മകൾ+പിതാവ്
= 1/2 + 1/6 + ശിഷ്ടാവകാശം
= 3+1+(2) /6
ചുരുക്കിയാൽ 1+1 /2 എന്നു കിട്ടും.
മകൾക്കു പകുതിയും ബാക്കി പകുതി പിതാവിനും.
ഉദാ: 4) പിതാവിൻ്റെ കൂടെ പരേതൻ്റെ സഹോദര സഹോദരിമാർ ഉണ്ടെങ്കിൽ അവർക്ക് ഒന്നും ലഭിക്കുകയില്ല. പിതാവിൻ്റെ സാന്നിധ്യത്തിൽ അവർ തഴയപ്പെടും.
പിതാവ്, മാതാവ്, ഒരു സഹോദരൻ, ഒരു സഹോദരി.
സഹോദര സഹോദരിമാർ രണ്ടുപേരുള്ളതിനാൽ മാതാവിന് 1/6. പിതാവിന്റെ സാന്നിധ്യത്തിൽ സഹോദര സഹോദരിമാർ തഴയപ്പെട്ടു. അവർക്ക് അവകാശമില്ല. മാതാവിന്റെ ഓഹരി കഴിച്ചു ബാക്കിയുള്ളതിന് പിതാവ് ശിഷ്ടാവകാശിയാവും.
മാതാവ് + പിതാവ് + സഹോദരൻ + സഹോദരി
= 1/6 + ശിഷ്ടാവകാശം + (തഴയപ്പെട്ടു x)
= 1+(5)+(x) /6
ഉമ്മാമ
പിന്തുടർച്ചാവകാശം ലഭിക്കുന്ന ഉമ്മാമ രണ്ടു വിധത്തിൽ വരാം. 1) ഉമ്മയുടെ ഉമ്മ, 2) ഉപ്പയുടെ ഉമ്മ.
ഇതു രണ്ടും എത്ര മുകളിലേക്കും പോകാം. ശുദ്ധമായ പിതൃവഴിയിലൂടെയോ ശുദ്ധമായ മാതൃവഴിയിലൂടെയോ പിതൃവഴിയെ തുടർന്ന് ശുദ്ധമായ മാതൃവഴിയിലൂടെയോ ആവാം.
ഉദാഹരണം:
a) ഉമ്മയുടെ ഉമ്മയുടെ ഉമ്മ
b) ഉപ്പയുടെ ഉപ്പയുടെ ഉപ്പയുടെ ഉമ്മ
(c) ഉപ്പയുടെ ഉപ്പയുടെ ഉമ്മയുടെ ഉമ്മയുടെ ഉമ്മ
മാതൃവഴിക്കിടയിൽ പുരുഷൻ ഇടകലർന്നു വന്നാൽ അവർ അവകാശിയല്ല. അകന്ന ബന്ധുക്കളിലാണ് പെടുക.
ഉദാഹരണം: ഉമ്മയുടെ ഉപ്പയുടെ ഉമ്മ
ഉമ്മാമയുടെ നിശ്ചിത അവകാശം ആറിലൊന്നാണ്. പിതൃവഴിയിൽ ഒരേസമയം ഒന്നിൽ കൂടുതൽ ഉമ്മാമമാർ അവകാശികളായി ഉണ്ടാവാം. ഉമ്മയുടെ വഴിയിൽ അവകാശ ഓഹരി ലഭിക്കുന്നത് ഒരു ഉമ്മാമക്കുമാത്രം.
ഉദാ: ഉമ്മയുടെ ഉമ്മ ഉള്ളപ്പോൾ അതിനു മുകളിലുള്ള ഉമ്മാമയ്ക്ക് അവകാശമില്ല. ഉമ്മയുടെ വഴിയിലെ ഉമ്മാമയും ഉപ്പയുടെ വഴിയിലെ ഉമ്മാമയും കൂടുതൽ അവകാശികളായുണ്ടെങ്കിൽ ആറിലൊന്നിനെ(1/6) അവർ ഭാഗിച്ചെടുക്കും. ഉമ്മയുടെ സാന്നിധ്യത്തിൽ മാതൃവഴിയിലൂടെയും പിതൃവഴിയിലൂടെയുമുള്ള എല്ലാ ഉമ്മാമമാരും തഴയപ്പെടും.
ഉപ്പയുണ്ടെങ്കിൽ പിതൃവഴിയിലൂടെയുള്ള ഉമ്മാമമാർ തഴയപ്പെടും. എന്നാൽ മാതൃവഴിയിലൂടെയുള്ള ഉമ്മാമ തഴയപ്പെടില്ല. അപ്പോൾ മരിച്ച ആളുടെ ഉമ്മ ജീവിച്ചിരിപ്പില്ലെങ്കിലേ ഉമ്മാമക്ക് അവകാശം ലഭിക്കുകയുള്ളൂ.
ഉദാഹരണം: 1): മകൻ, ഉപ്പ, ഉമ്മയുടെ ഉമ്മ
മകനുള്ളതുകൊണ്ട് പിതാവിന് ആറിലൊന്ന്.
ഉമ്മയുടെ ഉമ്മയ്ക്ക് ആറിലൊന്ന്. മകൻ ശിഷ്ടാവകാശി
ഉമ്മയുടെ ഉമ്മ+ഉപ്പ+മകൻ
= 1/6 + 1/6 + ശിഷ്ടാവകാശം
= 1+1+(4) /6
ഉദാ 2): മകൾ + സഹോദരൻ + ഉമ്മ + ഉപ്പയുടെ ഉമ്മ എന്ന രൂപത്തിലാണെങ്കിൽ ഉപ്പയുടെ ഉമ്മയ്ക്ക് അവകാശമുണ്ടാവില്ല, അവർ തഴയപ്പെടും. മകൾക്കു പകുതിയും ഉമ്മയ്ക്ക് ആറിലൊന്നും കഴിച്ചു ബാക്കി സഹോദരന്ന് ശിഷ്ടാവകാശമായി ലഭിക്കും.
മകൾ+ഉമ്മ+ഉപ്പയുടെ ഉമ്മ+സഹോദരൻ
= 1/2 + 1/6 + 0 + ശിഷ്ടാവകാശം =3+1+(0)+2 /6
ഉപ്പാപ്പ (പിതാമഹൻ)
പിതാവിന്റെ പിതാവാണ് പിന്തുടർച്ചാവകാശം ലഭിക്കുന്ന ഉപ്പാപ്പ. മാതാവിന്റെ പിതാവ് അവകാശിയല്ല. പിതാമഹന് അവകാശ ഓഹരി ഉണ്ടാകുന്നത് പിതാവ് ജീവിച്ചിരിപ്പില്ലാത്തപ്പോഴാണ്. പിതാവിൻ്റെ സാന്നിധ്യത്തിൽ പിതാമഹൻ തഴയപ്പെടും. പിതാമഹൻ്റെ നിശ്ചിത ഓഹരി ആറിലൊന്നാണ്. എന്നാൽ നേരത്തെ പിതാവിൻ്റെ വിഷയത്തിൽ വിവരിച്ചതുപോലെ ചിലപ്പോൾ ശിഷ്ടാവകാശിയായും മറ്റു ചിലപ്പോൾ നിശ്ചിത ഓഹരിയും ശിഷ്ടാവകാശവും രണ്ടും ലഭിക്കുന്ന സന്ദർഭങ്ങളും വരാം. പരേതന് മക്കളുണ്ടെങ്കിൽ ഉപ്പാപ്പക്ക് ആറിലൊന്നാണ്. ആൺമക്കളാണെങ്കിൽ പ്രസ്തുത ആറിലൊന്ന് മാത്രമായിരിക്കും ഉപ്പാപ്പയുടെ അവകാശം. പെൺമക്കളാണെങ്കിൽ പിതാമഹന് ആറിലൊന്നിനു പുറമെ ശിഷ്ടമുണ്ടെങ്കിൽ അതുകൂടി ലഭിക്കും. മക്കളില്ലാത്ത അവസരത്തിൽ പിതാമഹന് ശിഷ്ടാവകാശം മാത്രമാണു ലഭിക്കുക.
ഉദാഹരണം: 1) പിതാമഹൻ, മകൻ, ഉമ്മ
മകനുള്ളപ്പോൾ പിതാമഹൻ ആറിലൊന്നിന് നിശ്ചിത അവകാശിയാണ്. മകനുള്ളതുകൊണ്ട് ഉമ്മയ്ക്ക് 1/6. മകന് ശിഷ്ടാവകാശവും.
പിതാമഹൻ + ഉമ്മ + മകൻ
= 1/6 + 1/6 + ശിഷ്ടാവകാശം
=1+1+(4) /6
ഉപ്പാപ്പക്ക് 1/6 ലഭിച്ചു(16.66%).
ഉദാഹരണം: 2) പിതാമഹൻ, മകൾ, ഉമ്മ
ഇവിടെ മകളുള്ളതിനാൽ പിതാമഹന് നിശ്ചിത അവകാശമായ ആറിലൊന്നിനു പുറമെ ശിഷ്ടാവകാശവും ലഭിക്കും. മകൾക്ക് പകുതി, ഉമ്മയ്ക്ക് ആറിലൊന്ന്, പിതാമഹന് 1/6 + ശിഷ്ടാവകാശം എന്നിങ്ങനെയുമാണ് ലഭിക്കുക.
മകൾ + ഉമ്മ + പിതാമഹൻ
= 1/2 + 1/6 + (1/6+ ശിഷ്ടാവകാശം)
= 3+1+(1+1) /6
ഇവിടെ നിശ്ചിതാവകാശത്തിനു പുറമെ ശിഷ്ടാവകാശവുമടക്കം പിതാമഹന് ആറിൽ രണ്ട് ഓഹരി ലഭിച്ചു (33.33%).
ഉദാഹരണം: 3) മകളുണ്ടാകുമ്പോൾ ഉപ്പാപ്പയ്ക്ക് ആറിലൊന്ന് ലഭിക്കും. ശിഷ്ടമില്ലെങ്കിൽ ശിഷ്ടാവകാശം എന്ന നിലയിൽ ഒന്നും ലഭിക്കാനില്ല.
ഉപ്പാപ്പ, രണ്ടു പെൺമക്കൾ, ഉമ്മ.
രണ്ടു പെൺമക്കൾക്കു മൂന്നിൽ രണ്ട് (2/3), ഉമ്മയ്ക്ക് ആറിലൊന്ന്(1/6), ഉപ്പാപ്പയ്ക്ക് ആറിലൊന്ന്(1/6).
രണ്ടു പെൺമക്കൾ + ഉമ്മ + ഉപ്പാപ്പ =2/3+1/6+1/6
=4+1+1 /6
ഇവിടെ ശിഷ്ടമില്ലാത്തതുകൊണ്ട് ഉപ്പാപ്പയ്ക്ക് ആറിലൊന്നുമാത്രം. ശിഷ്ട മുണ്ടായിരുന്നെങ്കിൽ അതു കൂടി ലഭിക്കുമായിരുന്നു.
ഉദാഹരണം: 4) പരേതന് മക്കളില്ലാത്തപ്പോൾ(മകൻ്റെ മക്കളും) ഉപ്പാപ്പയ്ക്ക് മറ്റുള്ളവരുടെ നിശ്ചിതാവകാശം കഴിച്ചു ബാക്കിയുള്ളത് ശിഷ്ടാവകാശമായി ലഭിക്കും.
പിതാമഹൻ, ഉമ്മ, ഭാര്യ
ഭാര്യക്ക് നാലിലൊന്ന്, ഉമ്മയ്ക്ക് 1/3, ബാക്കിയുള്ളത് പിതാമഹന് ശിഷ്ടാവകാശമായി ലഭിക്കും.
ഭാര്യ + ഉമ്മ + പിതാമഹൻ
= 1/4 + 1/3 + ശിഷ്ടാവകാശം
=3 + 4 +(5)/12
പന്ത്രണ്ടിൽ അഞ്ച് ഓഹരി(41.66%) പിതാമഹന് ശിഷ്ടാവകാശമായി ലഭിച്ചു.
പിതാമഹനും
സഹോദരന്മാരും
പിതാമഹന്റെ കൂടെ സഹോദരന്മാരുണ്ടെങ്കിൽ അവിടെ അല്പം വിശദീകരണം ആവശ്യമുണ്ട്. നിശ്ചിത അവകാശമായ ആറിലൊന്ന് ലഭിക്കുന്നതിനു പുറമെ ശിഷ്ടാവകാശം ലഭിക്കാൻ അർഹതയുള്ളവനാണ് പിതാമഹൻ. സഹോദരന്മാർ ശിഷ്ടാവകാശികളാണ്. അവർക്കു നിശ്ചിതാവകാശമില്ല. അതുകൊണ്ട്, പിതാമഹനും സഹോദരന്മാരും അവകാശികളായി വരുന്ന സന്ദർഭങ്ങളിൽ പിതാമഹന് ആറിലൊന്ന് ഉറപ്പായും ലഭിക്കും. എന്നാൽ, മറ്റു നിശ്ചിതാവകാശികളുടെ ഓഹരി കഴിച്ചു ശിഷ്ടമൊന്നുമില്ലെങ്കിൽ സഹോദരന്മാർക്ക് ഒന്നും ലഭിക്കുകയില്ല.
പിതാമഹനും സഹോദരന്മാരും അല്ലാത്ത മറ്റ് അവകാശികൾ ഉള്ളപ്പോൾ ആ അവകാശികളുടെ നിശ്ചിതാവകാശം നൽകിയശേഷം ബാക്കിവരുന്നത് ആറിലൊന്നിനേക്കാൾ അധികമുണ്ടായാൽ അതിൽ പിതാമഹൻ്റെ അവകാശം:
ആകെ ധനത്തിൻ്റെ ആറിലൊന്നോ, ബാക്കിയുള്ളതിന്റെ മൂന്നിലൊന്നോ, സഹോദരന്മാരോടൊപ്പം ഒരാളായി പരിഗണിക്കപ്പെടുകയോ ചെയ്യാം. ഈ മൂന്ന് അവസ്ഥകളിൽ പിതാമഹന് കൂടുതൽ ഗുണകരമായിട്ടുള്ളത് അയാൾക്കു നൽകപ്പെടും.
ഉദാഹരണം: 1) ഉമ്മ, ഭർത്താവ്, പിതാമഹൻ, സഹോദരൻ.
പരേതയ്ക്ക് മക്കളോ രണ്ടോ അധികമോ സഹോദരങ്ങളോ ഇല്ലാത്തതു കൊണ്ട് ഉമ്മയ്ക്ക് മൂന്നിലൊന്ന്(1/3) കിട്ടും. ഭർത്താവിന് പകുതിയും ലഭിക്കും. ബാക്കിയുള്ളത് ആറിൽ ഒരു ഭാഗമാണ്. അതു പിതാമഹന് ലഭിക്കും (1/2 + 1/3 +1/6). ബാക്കി ഒന്നും ഇല്ലാത്തിനാൽ സഹോദരന് ഇവിടെ അവകാശമില്ല.
ഭർത്താവ് + ഉമ്മ + പിതാമഹൻ + സഹോദരൻ
=1/2+1/3+1/6+0
=3+2+1+0 /6
പിതാമഹന് നിശ്ചിതാവകാശമായി 1/6 ലഭിച്ചു. ശിഷ്ടമില്ലാത്തതിനാൽ സഹോദരന് ഒന്നുമില്ല.
ഉദാഹരണം: 2) ഉമ്മ, പിതാമഹൻ, മൂന്നു സഹോദരന്മാർ.
ഒന്നിലധികം സഹോദരന്മാർ ഉള്ളതുകൊണ്ട് ഉമ്മയ്ക്ക് ആറിലൊന്ന്(1/6). ബാക്കി ആറിൽ അഞ്ചു ഭാഗമുണ്ട്.
(a) പിതാമഹൻ്റെ നിശ്ചിതാവകാശമായ 1/6 പരിഗണിച്ചാൽ ആറിൽ ഒരു ഓഹരി തന്നെ ലഭിക്കും(16.66%).
(b) മറ്റു നിശ്ചിതാവകാശിയായ ഉമ്മയുടെ ഓഹരി കഴിച്ചു ബാക്കിയുള്ളതിന്റെ മൂന്നിലൊന്ന് പരിഗണിച്ചാൽ ബാക്കിയുള്ള അഞ്ച് ഓഹരിയുടെ മൂന്നിലൊന്നായ 1 ⅔ ഓഹരിലഭിക്കും (27.66%).
(c) സഹോദരന്മാരുടെ കൂടെ അവരിലൊരാളെ പോലെ പരിഗണിച്ചാൽ ബാക്കിയുള്ള അഞ്ച് ഓഹരിയുടെ നാലിലൊന്നായ 1 ¼ ഓഹരി ലഭിക്കും(20.83%).
ഇതിൽ പിതാമഹന് ഗുണകരം ബാക്കിയുള്ളതിൻ്റെ മൂന്നിലൊന്ന് (b) ആണെന്നു കാണാം.
ഉദാഹരണം: 3) ഉമ്മ, ഭർത്താവ്, പിതാമഹൻ, രണ്ടു സഹോദരന്മാർ.
രണ്ട് സഹോദരന്മാർ ഉള്ളതിനാൽ ഉമ്മയ്ക്ക് 1/6. ഭർത്താവിന് പകുതി. ബാക്കിയുള്ളത് മൂന്നിലൊന്ന്.
ഭർത്താവ് + ഉമ്മ
=1/2 + 1/6
= 3+1 /6
= 4/6 ബാക്കി 2/6
ആറിൽ രണ്ട് ഓഹരി ബാക്കിയുണ്ട്. ഇതിൽ
(a) പിതാമഹന് 1/6 നൽകിയാൽ ഒരു ഓഹരിലഭിക്കും(16.66%).
(b) ബാക്കിയുള്ളതിൻ്റെ മൂന്നിലൊന്ന് പരിഗണിക്കപ്പെട്ടാൽ ഒരു ഓഹരിയുടെ 2/3 ലഭിക്കും(11.11%).
(c) സഹോദരന്മാരോടൊപ്പം ഓഹരി പങ്കിട്ടാൽ രണ്ടിന്റെ മൂന്നിലൊന്ന് അഥവാ ഒരു ഓഹരിയുടെ 2/3 ലഭിക്കും(11.11%).
ഇവിടെ പിതാമഹന് ഗുണകരം തൻ്റെ നിശ്ചിത ഓഹരിയായ 1/6 അഥവാ (a) എടുക്കലാണ്.
ഉദാഹരണം: 4) ഭർത്താവ്, പിതാമഹൻ, സഹോദരൻ.
ഭർത്താവിന് പകുതിയുണ്ട്. ആറ് ഓഹരിയാക്കിയാൽ ബാക്കി മൂന്ന് ഓഹരിയുണ്ടാകും.
(a) പിതാമഹന് 1/6 നൽകിയാൽ ആറിൽ ഒരു ഓഹരിലഭിക്കും(16.66%).
(b) ബാക്കിയുള്ളതിൻ്റെ മൂന്നിലൊന്ന് പരിഗണിച്ചാൽ ആറിൽ ഒരു ഓഹരി ലഭിക്കും(16.66%).
(c) സഹോദരന്മാരോടൊപ്പം പങ്കിട്ടെടുത്താൽ 1.5 ഓഹരി ലഭിക്കും (25%).
ഇവിടെ സഹോദരന്മാരോടൊപ്പം പങ്കുചേരുന്നതാണ് അഥവാ (c) ആണ് പിതാമഹന് ഗുണകരം എന്നു കാണാം. മകനും മകൻ്റെ മകനും നിശ്ചിതാവകാശികളും ഇല്ലാത്തപ്പോൾ പിതാമഹനും സഹോദര സഹോദരിമാരും മാത്രമെങ്കിൽ പിതാമഹന് മൂന്നിലൊന്ന് ഉറപ്പായും ലഭിക്കും. സഹോദര സഹോദരിമാരോടൊപ്പം ഒരു സഹോദരൻ്റെ സ്ഥാനത്ത് പരിഗണിച്ചാൽ ലഭിക്കുന്ന വിഹിതം മൂന്നിലൊന്നിനെക്കാൾ ഉത്തമമാണെങ്കിൽ സഹോദരന്മാരിൽ ഒരാളെ പോലെ പരിഗണിക്കും.
പരേതന്റെ പൂർണസഹോദരന്മാരാണ് ഇവിടെ വിവക്ഷ. അവരുടെ അഭാവത്തിൽ പിതാവൊത്ത അർധ സഹോദരന്മാർക്കും ഇതേ വിധി തന്നെയാണ്. മാതാവൊത്ത അർധ സഹോദരന്മാർ പിതാമഹൻ്റെ സാന്നിധ്യത്തിൽ പൂർണമായും തഴയപ്പെടും.
പിതൃസഹോദരൻ
മരണപ്പെട്ട ആളുടെ പിതാവിൻ്റെ സഹോദരൻ ശിഷ്ടാവകാശിയാണ്. തന്നേക്കാൾ അടുത്ത ശിഷ്ടാവകാശികളായ മറ്റു ബന്ധുക്കളുടെ സാന്നിധ്യത്തിൽ പിതൃസഹോദരൻ തഴയപ്പെടും. പിതൃസഹോദരൻ അവകാശിയാവുന്ന സന്ദർഭങ്ങളിൽ മറ്റ് അവകാശികൾ ഇല്ലെങ്കിൽ മുഴുവൻ ധനവും പിതൃസഹോദരന് ലഭിക്കും. മറ്റ് അവകാശികൾ ഉള്ളപ്പോൾ അവരുടെ ഓഹരി കഴിച്ച് ശിഷ്ടമുള്ളത് പിതൃസഹോദരനു ലഭിക്കും.
ഉദാഹരണം: 1) മകൾ, ഭാര്യ, പിതൃസഹോദരൻ
മകൾക്ക് പകുതി, ഭാര്യയ്ക്ക് 1/8, പിതൃസഹോദരൻ ശിഷ്ടാവകാശി.
മകൾ + ഭാര്യ + പിതൃസഹോദരൻ
= 1/2 + 1/8 + ശിഷ്ടാവകാശം= 4+1+(3) /8
ഇവിടെ പിതൃസഹോദരന് 3/8 അഥവാ 37.5% ശിഷ്ടാവകാശമായി ലഭിച്ചു.
ഉദാഹരണം: 2) മകൻ, ഭർത്താവ്, പിതൃസഹോദരൻ
മകൻ ശിഷ്ടാവകാശി, ഭർത്താവ്: 1/4, പിതൃസഹോദരൻ മകൻ്റെ സാന്നിധ്യത്തിൽ തഴയപ്പെട്ടു. ഇവിടെ പിതൃസഹോദരന് അവകാശമില്ല. ഭർത്താവിന് 1/4 വിഹിതമുണ്ടാവും. ബാക്കി 3/4 മകന് ശിഷ്ടാവകാശമായി ലഭിക്കും.
ഉദാഹരണം: 3) മകൾ, പൂർണ സഹോദരി, പിതൃസഹോദരൻ
മകൾക്ക് 1/2, പൂർണ സഹോദരി ശിഷ്ടാവകാശി, പിതൃസഹോദരൻ: മക ളോടൊപ്പം സഹോദരിയുള്ളതിനാൽ പിതൃസഹോദരൻ തഴയപ്പെട്ടു.
മകൾക്ക് 1/2 ലഭിക്കും. ബാക്കി പകുതി സഹോദരിക്ക് ശിഷ്ടാവകാശമായി ലഭിക്കും. പിതൃസഹോദരന് ഇവിടെ അവകാശമില്ല.
പിതൃസഹോദരൻ എന്നത് രണ്ടു വിധത്തിലാകും. 1- മരണപ്പെട്ടയാളുടെ പിതാവിൻ്റെ പൂർണ സഹോദരൻ, 2- മരണപ്പെട്ടയാളുടെ പിതാവിന്റെ പിതാവൊത്ത സഹോദരൻ. ഈ രണ്ടു വിഭാഗവും മരിച്ചയാളോട് അടുത്ത പിതൃസഹോദരനായും അകന്ന പിതൃസഹോദരനായും വരാം. ഉദാഹരണം: പിതാവിൻ്റെ പിതാവിൻ്റെ സഹോദരൻ. പിതാവിൻ്റെ പിതാവിന്റെ പിതാവിൻ്റെ സഹോദരൻ... എന്നിങ്ങനെ. അടുത്ത പദവിയിലുള്ളവർ ജീവിച്ചിരിക്കുമ്പോൾ അകന്ന തലത്തിലുള്ള പിതൃസഹോദരന്മാർ തഴയപ്പെടും.
പിതൃസഹോദര പുത്രൻ
പിതൃസഹോദര പുത്രൻ, തഴപ്പെടാത്ത അവസരത്തിൽ പിതൃസഹോദരനെപ്പോലെ ശിഷ്ടാവകാശിയാണ്. പിതൃസഹോദരനും പിതൃസഹോദര പുത്രനുമുണ്ടായാൽ പിതൃസഹോദര പുത്രൻ തഴയപ്പെടും. മറ്റ് അടുത്ത ശിഷ്ടാവകാശികളുടെ സാന്നിധ്യത്തിലും തഴയപ്പെടും.
പിതൃസഹോദര പുത്രന് അവകാശം ലഭിക്കുന്ന ഒരു ഉദാഹരണം:
മകൾ, ഉമ്മ, പിതൃസഹോദര പുത്രൻ
മകൾ: 1/2
ഉമ്മ: 1/6
പിതൃസഹോദര പുത്രൻ: ശിഷ്ടാവകാശി
മകൾ + ഉമ്മ + പിതൃസഹോദര പുത്രൻ
= 1/2 + 1/6 + ശിഷ്ടാവകാശം
=3+1+(2) /6
പിതൃസഹോദര പുത്രന് ഇവിടെ 2/6 അഥവാ മൂന്നിലൊന്ന് (1/3) ശിഷ്ടാവകാശമായി ലഭിച്ചു. പിതാവിൻ്റെ പൂർണ സഹോദരൻ്റെ പുത്രനും പിതാവിൻ്റെ പിതാവൊത്ത സഹോദരനും അനുയോജ്യസമയങ്ങളിൽ ശിഷ്ടാവകാശിയാണ്. പിതാവിൻ്റെ പൂർണ സഹോദരൻ്റെ പുത്രൻ ഉള്ളപ്പോൾ പിതാവിൻ്റെ പിതാവൊത്ത സഹോദരൻ്റെ പുത്രൻ തഴയപ്പെടും. പിതൃസഹോദരൻ തഴയപ്പെടുന്ന മറ്റു സന്ദർഭങ്ങളിൽ പിതൃസഹോദര പുത്രനും തഴയപ്പെടും.
പിതൃസഹോദര പുത്രി
പിതൃസഹോദരൻ്റെ പുത്രി അവകാശിയല്ല. അകന്ന ബന്ധുക്കളിൽ പെടുന്നു.
പിതൃസഹോദരി
പിതൃസഹോദരി അവകാശിയല്ല. അകന്ന ബന്ധുക്കളിൽ പെടുന്നു. അതുകൊണ്ടു തന്നെ പിതൃസഹോദരിയുടെ പുത്രന്മാരോ പുത്രിമാരോ അവകാശികളല്ല.
മാതൃസഹോദരൻ
മരണപ്പെട്ട ആളുടെ മാതാവിൻ്റെ സഹോദരൻ(അമ്മാവൻ) അവകാശിയല്ല. അവർ അകന്ന ബന്ധുക്കളിൽ പെടുന്നു.
മാതൃസഹോദരി
മാതൃസഹോദരിയും അവകാശിയല്ല. അകന്ന ബന്ധുക്കളുടെ പട്ടികയിലാണ് അവരുടെ സ്ഥാനം. മാതൃസഹോദരനും മാതൃസഹോദരിയും അവകാശികളല്ലാത്തതിനാൽ അവരുടെ ആൺ/പെൺമക്കളും അവകാശികളല്ല എന്നതു വ്യക്തമാണല്ലോ.
സഹോദരൻ
(1) പൂർണ സഹോദരൻ: മരിച്ച ആളുടെ പൂർണ സഹോദരൻ ശിഷ്ടാവകാശിയാണ്. മറ്റ് അവകാശികളില്ലാത്തപ്പോൾ മുഴുവൻ ധനവും ഇയാൾക്കു കിട്ടും. മറ്റു നിശ്ചിതാവകാശികളുള്ളപ്പോൾ അവരുടെ അവകാശം കഴിച്ചു ശിഷ്ടമുള്ളതു ലഭിക്കും(സഹോദരനെ തടയുന്ന അടുത്ത അവകാശികൾ ഇല്ലാത്തപ്പോൾ). പിതാവ്, മകൻ, മകൻ്റെ മകൻ ഇവരുടെ സാന്നിധ്യത്തിൽ പൂർണ സഹോദരൻ തഴയപ്പെടും.
പിതാമഹനുള്ളപ്പോൾ സഹോദരനു ലഭിക്കുന്നത് പിതാമഹൻ്റെ ഉത്തമ ഓഹരി കഴിച്ചു ബാക്കിയുള്ളതായിരിക്കും. പിതാമഹൻ്റെ ഉത്തമ ഓഹരിയുടെ വിവരണം മുകളിൽ കണ്ടല്ലോ.
ഉദാഹരണം: 1) മകൾ, ഉമ്മ, പൂർണ സഹോദരൻ
മകൾക്ക് 1/2, ഉമ്മയ്ക്ക് 1/6, പൂർണ സഹോദരന് ശിഷ്ടാവകാശം.
മകൾ + ഉമ്മ + പൂർണ സഹോദരൻ
= 1/2 + 1/6 + ശിഷ്ടാവകാശം
=3+1+(2) /6
ഇവിടെ ആറിൽരണ്ട് അഥവാ 1/3 സഹോദരന് ശിഷ്ടാവകാശമായി ലഭിക്കും.
ഉദാഹരണം: 2) മകൻ, ഉപ്പ, സഹോദരൻ
ഉപ്പക്ക് 1/6, മകന് ശിഷ്ടാവകാശം.
മകന്റെയും ഉപ്പയുടെയും സാന്നിധ്യത്തിൽ സഹോദരൻ തഴയപ്പെട്ടു. (മകനോ ഉപ്പയോ മാത്രമായിരുന്നാലും സഹോദരൻ തഴയപ്പെടും).
2) പിതാവൊത്ത അർധ സഹോദരൻ: പിതാവൊത്ത അർധ സഹോദരൻ പൂർണ സഹോദരൻ്റെ അഭാവത്തിൽ പൂർണ സഹോദരനെപ്പോലെയാണ്. പൂർണ സഹോദരൻ്റെ സാന്നിധ്യത്തിൽ പിതാവൊത്ത അർധ സഹോദരൻ തഴയപ്പെടും.
ഉദാഹരണം (1): മകൾ, ഭാര്യ, ഉമ്മ, പിതാവൊത്ത അർധ സഹോദരൻ.
മകൾ: 1/2
ഭാര്യ: 1/8
ഉമ്മ: 1/6
പിതാവൊത്ത അർധ സഹോദരൻ: ശിഷ്ടാവകാശം
മകൾ + ഭാര്യ + ഉമ്മ + പിതാവൊത്ത അർധ സഹോദരൻ
= 12+3+4+(5) /24
ഉദാഹരണം:2) മകൾ, പൂർണ സഹോദരി, പിതാവൊത്ത അർധ സഹോദരൻ
മകൾ: 1/2
പൂർണ സഹോദരി: ശിഷ്ടാവകാശി
പിതാവൊത്ത അർധ സഹോദരൻ: തഴയപ്പെട്ടു.
മകളുടെ കൂടെ പൂർണ സഹോദരിയുള്ളപ്പോൾ അവർ ശിഷ്ടാവകാശിയാകും. പിതാവൊത്ത അർധ സഹോദരന് ഇവിടെ അവകാശമില്ല, തഴയപ്പെടും.
പൂർണ സഹോദരി
പൂർണ സഹോദരി നിശ്ചിതാവകാശിയാണ്. ഒരു പൂർണ സഹോദരിയാണെങ്കിൽ പകുതി(1/2) ലഭിക്കും. ഒന്നിൽ കൂടുതലാണെങ്കിൽ 2/3. പക്ഷേ, മകളോ മകൻ്റെ മകളോ ഇല്ലെങ്കിലാണ് ഇപ്രകാരം അവകാശം ലഭിക്കുക. മകളോ മകൻ്റെ മകളോ ഉണ്ടെങ്കിൽ പൂർണ സഹോദരി ശിഷ്ടാവകാശിയാണ്. സ്വന്തം സഹോദരന്റെ സാന്നിധ്യത്തിലും ശിഷ്ടാവകാശമാണ്. പിതാവ്, മകൻ, മകൻ്റെ മകൻ എന്നിവരുടെ അഭാവത്തിലാണ് സഹോദരിക്ക് അവകാശമുണ്ടാവുക. ഇവരിൽ ആരെങ്കിലും ഉണ്ടെങ്കിൽ സഹോദരി തഴയപ്പെടും. പിതാമഹൻ ഉണ്ടെങ്കിൽ അവരോടു കൂടെ സഹോദരന്മാരും സഹോദരിമാരും ശിഷ്ടാവകാശം ലഭിക്കേണ്ട ക്രമം മുകളിൽ വിശദീകരിച്ചിട്ടുണ്ടല്ലോ.
ഉദാഹരണം: 1) രണ്ടു പെൺമക്കൾ, സഹോദരി
രണ്ടു പെൺമക്കൾ: 2/3
സഹോദരി: ശിഷ്ടാവകാശം
രണ്ടു പെൺമക്കൾ+ സഹോദരി
= 2/3 + ശിഷ്ടാവകാശം = 2+(1) /3
ഇവിടെ മൂന്നിൽ ഒരു ഭാഗം സഹോദരിക്കു ശിഷ്ടാവകാശമായി ലഭിച്ചു.
ഉദാഹരണം: 2) പൂർണ സഹോദരി, ഭർത്താവ്
ഭർത്താവ്: 1/2
സഹോദരി: 1/2
സഹോദരി+ ഭർത്താവ്
=1/2+1/2
= 1+1 /2
ഉദാഹരണം: 3) മകൻ, സഹോദരി, ഉമ്മ, ഭാര്യ
മകൻ: ശിഷ്ടാവകാശം
സഹോദരി: മകൻ്റെ സാന്നിധ്യത്തിൽ തഴയപ്പെട്ടു.
ഉമ്മ: 1/6
ഭാര്യ: 1/8
ഉമ്മ + ഭാര്യ + മകൻ
= 1/6 + 1/8 + ശിഷ്ടാവകാശം =4+3+(17) /24
മകന്റെ സാന്നിധ്യത്തിൽ ഇവിടെ സഹോദരിക്ക് അവകാശമില്ല.
പിതാവൊത്ത അർധ സഹോദരി
പിതാവൊത്ത അർധസഹോദരിയുടെ അവകാശം ഇപ്രകാരമാണ്
1) ഒരു സഹോദരിക്ക് പകുതി സ്വത്ത് നിശ്ചിതാവകാശമായി ലഭിക്കും.
സഹോദരൻ, മറ്റു സഹോദരി, മകൾ, മകൻ്റെ മകൾ, പിതാമഹൻ, പൂർണ്ണമായി തഴയുന്ന മകൻ, മകൻ്റെ മകൻ, പിതാവ്, പൂർണ സഹോദരൻ, പൂർണ സഹോദരി ഇവരാരും ഇല്ലാതിരിക്കണം.
2) രണ്ടോ കൂടുതലോ സഹോദരിമാർക്ക് മുന്നിൽ രണ്ട് (2/3).
പിതാമഹൻ, സ്വസഹോദരൻ ഇല്ലാതിരിക്കണം. മുകളിൽ പറഞ്ഞ മറ്റു നിബന്ധനകൾ കൂടി ബാധകം.
3)ശിഷ്ടാവകാശം.
മകൾ, മകൻ്റെ മകൾ, പൂർണ സഹോദരി, ഇവരിലാരുടെയെങ്കിലും കൂടെ, തഴയപ്പെടാതിരിക്കാനുള്ള നിബന്ധനകൾ ബാധകം.
4) ശിഷ്ടാവകാശത്തിൽ പങ്കാളി
സ്വസഹോദരൻ, പിതാമഹൻ ഉള്ളപ്പോൾ. തഴയപ്പെടാത്ത സാഹചര്യത്തിൽ.
5)പൂർണമായും തഴയപ്പെടൽ
പിതാവ്, മകൻ, മകൻ്റെ മകൻ, മകളോ മകൻ്റെ മകളോ പൂർണ സഹോദരിക്കൊപ്പം, പൂർണ സഹോദരൻ, രണ്ടു പൂർണ സഹോദരി എന്നിവരുണ്ടായാൽ.
മാതാവൊത്ത അർധ സഹോദരനും അർധ സഹോദരിയും
മാതാവൊത്ത അർധ സഹോദരനും അർധ സഹോദരിക്കും അവകാശ ഓഹരി തുല്യമാണ്. സഹോദര സഹോദരിമാർക്ക് ഓഹരി ലഭിക്കുമ്പോൾ പുരുഷന് ഇരട്ടി ലഭിക്കുക എന്നത് ഇവിടെ ബാധകമല്ല. മാതാവൊത്ത അർധ സഹോദരനോ സഹോദരിയോ ഒരാൾ മാത്രമെങ്കിൽ ആറിലൊന്നും ഒന്നിൽ കൂടുതലാണെങ്കിൽ മൂന്നിലൊന്നും നിശ്ചിത അവകാശമായി ലഭിക്കും. പിതാവ്, പിതാമഹൻ, മക്കൾ, മകൻ്റെ മക്കൾ ഇവരിലാരെങ്കിലുമുള്ളപ്പോൾ മാതാവൊത്ത അർധ സഹോദരനും അർധ സഹോദരിയും തഴയപ്പെടും. അവകാശം ലഭിക്കില്ല.
ഉദാഹരണം: രണ്ട് പൂർണ സഹോദരിമാർ, ഒരു മാതാവൊത്ത അർധ സഹോദരൻ, ഒരു മാതാവൊത്ത അർധ സഹോദരി
രണ്ട് പൂർണ സഹോദരിമാർ: 2/3
മാതാവൊത്ത സഹോദരൻ, സഹോദരി: 1/3
രണ്ട് പൂർണ സഹോദരിമാർ + മാതാവൊത്ത സഹോദരൻ + സഹോദരി
= 4+(1+1)/6
മാതാവൊത്ത അർധ സഹോദരനും സഹോദരിക്കും ഇവിടെ ആറിലൊന്ന് വീതം തുല്യാവകാശം ലഭിച്ചു.
അക്ദരിയ്യ:
സഹോദര സഹോദരിമാരോടൊപ്പം പിതാമഹനുള്ളപ്പോൾ പിതാമഹന് കൂടുതൽ ഗുണകരമായിട്ടുള്ള ഓഹരി ലഭിക്കും എന്നു മുകളിൽ വിവരിച്ചു. ഈ ഇനത്തിൽ പരാമർശിക്കപ്പെടുന്ന ഒരു പ്രശ്നമാണ് അക്ദരിയ്യഃ.
ഉമ്മ, ഉപ്പാപ്പ, ഭർത്താവ്, പൂർണ സഹോദരി/ പിതാവൊത്ത അർധ സഹോദരി
ഭർത്താവ്: 1/2 (പകുതി)
ഉമ്മ: 1/3 (മൂന്നിലൊന്ന്)
ഉപ്പാപ്പ: 1/6 (ആറിലൊന്ന്)
സഹോദരി: 1/2 (പകുതി)
=3+2+1+(3) /6 ഔല് (ന്യൂനാംശം) =3+2+1+3 /9
ന്യൂനാംശം വഴി ഒമ്പതിൽ നിന്നാണ് ഓഹരി ലഭിക്കുന്നത്.
ഭർത്താവിന്: 3
ഉമ്മക്ക്: 2/5
ബാക്കിവന്നത് ഉപ്പാപ്പക്കു കിട്ടിയ ഒന്നും സഹോദരിക്കു കിട്ടിയ മൂന്നും ഓഹരികളാണ്. ഇവ കൂട്ടിയാൽ ലഭിക്കുന്ന നാലിൻ്റെ മൂന്നിലൊന്ന് (1/3) സഹോദരിക്കും മൂന്നിൽ രണ്ട് ഉപ്പാപ്പക്കും കിട്ടും.
നാലിനെ മൂന്നായി ഓഹരി ചെയ്യാൻ കഴിയാത്തതിനാൽ മൂന്നുകൊണ്ട് ഔലിന്റെ (ന്യൂനാംശം)ഛേദമായ ഒമ്പതിൽ ഗുണിക്കുന്നു. 9x3= 27.
ഭർത്താവിന്: 3/9 = 9/27
ഉമ്മക്ക്: 2/9 = 6/27
}9+6=15
27 ഓഹരിയിൽ 15 കഴിച്ച് ബാക്കി 12 ഓഹരിയുണ്ട്. ഇതിൻ്റെ മൂന്നിലൊന്ന് സഹോദരിക്കും മൂന്നിൽ രണ്ട് ഉപ്പാപ്പക്കും ലഭിക്കണം.
സഹോദരി: 4/27
ഉപാപ്പ: 8/27
} 4+8+=12
അപ്പോൾ,
ഭർത്താവ് + ഉമ്മ + ഉപ്പാപ്പ + സഹോദരി
= 9+6+8+4 /27
എന്നു കിട്ടും
ഇവിടെ പിതാമഹനോടൊപ്പം ഒരു സഹോദരൻ മാത്രമാണെങ്കിൽ അയാൾ ശിഷ്ടാവകാശിയായതിനാൽ ശിഷ്ടമില്ലാത്തതുകൊണ്ട് ഒന്നും ലഭിക്കുകയില്ല. സഹോദരിയും സഹോദരനുമുണ്ടെങ്കിൽ ഉമ്മയുടെ അവകാശം ആറിലൊന്നായി ചുരുങ്ങുകയും ബാക്കി വരുന്ന ആറിലൊന്ന് 2:1 എന്ന അനുപാതത്തിൽ അവർക്കിടയിൽ വിഭജിക്കപ്പെടുകയും ചെയ്യും. ഈ രണ്ടു സന്ദർഭങ്ങളിലും ഔല്(ന്യൂനാംശം) ആവശ്യമില്ല.











