മരണപ്പെട്ടയാൾക്ക് മക്കളോ മകന്റെ മക്കളോ ഇല്ലാത്തപ്പോൾ ഉള്ള ഒരു ഉദാഹരണം നോക്കാം. ഭർത്താവ്, ഉമ്മ, ഉമ്മയൊത്ത രണ്ട് അർധ സഹോദരങ്ങൾ (ആണോ പെണ്ണോ ആകാം), ഒരു പൂർണ സഹോദരൻ. ഇതിൽ പൂർണ സഹോദരനല്ലാത്തവരെല്ലാം നിശ്ചിത അവകാശികളാണ്. പൂർണ സഹോദരൻ ശിഷ്ടാവകാശിയും.
നിശ്ചിതാവകാശികൾക്ക് ഓഹരി ചെയ്തു തീർന്നു പോയാൽ ശിഷ്ടാവകാശികൾക്ക് ഒന്നും ലഭിക്കുകയില്ല. എന്നാൽ ഇവിടെ പൂർണ സഹോദരൻ നിശ്ചിതാവകാശികളിൽപ്പെട്ട മാതാവൊത്ത അർധ സഹോദരന്മാരെ പോലെ അവരുടെ കൂടെ എണ്ണപ്പെടാൻ യോഗ്യനാണ്. മാതാവൊത്തതിനു പുറമെ പിതാവുമൊത്ത സഹോദരനാണെന്നത് അധികയോഗ്യതയാണ്, അയോഗ്യതയല്ല. അതിനാൽ ഇവിടെ പൂർണ സഹോദരൻ ശിഷ്ടാവകാശിയാണെങ്കിലും മാതാവൊത്ത സഹോദരങ്ങൾക്കൊപ്പം അവരിലൊരാളായി ചേർന്നു പങ്കിട്ടെടുക്കും.
ഭർത്താവ്: 1/2
ഉമ്മ:1/6
ഉമ്മയൊത്ത രണ്ട് സഹോദരങ്ങൾ:1/3
പൂർണ സഹോദരൻ: ശിഷ്ടാവകാശി
മാതാവൊത്ത സഹോദരങ്ങളോടൊപ്പം പരിഗണിച്ചപ്പോൾ
ഭർത്താവ് + ഉമ്മ + മാതാവൊത്ത മൂന്നു സഹോദരങ്ങൾ
=1/2+1/6+1/3
=9+3+(2+2+2) /18
ഇവിടെ മാതാവൊത്ത അർധ സഹോദരങ്ങൾക്കൊപ്പം പൂർണ സഹോദരനും മൂന്നിലൊന്നിൽ പങ്കാളിയായി. ശിഷ്ടം ഇല്ലാത്തതുകൊണ്ട് അവഗണിക്കപ്പെട്ടില്ല.
ഭാര്യ
മരണപ്പെട്ടയാളുടെ ഭാര്യ നിശ്ചിത ഓഹരിയുടെ അവകാശിയാണ്. മരിച്ചയാൾക്ക് മക്കളുണ്ടെങ്കിൽ ഭാര്യയ്ക്ക് എട്ടിലൊന്നും(1/8) മക്കളില്ലെങ്കിൽ ഭാര്യയ്ക്ക് നാലിലൊന്നും(1/4) ലഭിക്കും. ഒന്നിലധികം ഭാര്യമാരുണ്ടെങ്കിൽ ഈ അവകാശത്തിൽ അവർ തുല്യപങ്കാളികളാവും.
ഭർത്താവ്
മരണപ്പെട്ടത് സ്ത്രീയാവുകയും ഭർത്താവ് അവകാശിയായി ഉണ്ടാവുകയും ചെയ്യുമ്പോൾ ഭർത്താവും നിശ്ചിത ഓഹരിയുടെ അവകാശിയാണ്. മരിച്ച സ്ത്രീക്ക് മക്കളുണ്ടെങ്കിൽ ഭർത്താവിന് നാലിലൊന്നും (1/4) മക്കളില്ലെങ്കിൽ പകുതിയും (1/2) ലഭിക്കും. ഇത് ഭാര്യയ്ക്കു ലഭിച്ചതിന്റെ ഇരട്ടിയാണെന്നു കാണാം.











