അനന്തരാവകാശ വിഭജന സമയത്ത് ചില പ്രത്യേക സന്ദർഭങ്ങളിൽ സ്വീകരിക്കുന്ന ഒരു രീതിയാണ് മുനാസഖ. പരേതന്റെ ധനം അവകാശികൾക്കിടയിൽ വിഭജിക്കപ്പെടുന്നതിനു മുമ്പ് അവകാശികളിൽ ആരെങ്കിലും മരണപ്പെട്ടാൽ രണ്ടാമത് മരണപ്പെട്ടയാളുടെ അവകാശികൾ ചിലപ്പോൾ ആദ്യം മരണപ്പെട്ടയാളുടെ അവകാശികളിൽ പെട്ട ബാക്കിയുള്ളവർ മാത്രമായിരിക്കും. അല്ലെങ്കിൽ ആദ്യത്തെ ആളുടെ അവകാശികളിൽ ചിലരും വേറെ ചിലരും ഉൾപ്പെടാം.
A) രണ്ടാമത് മരിച്ച ആളുടെ അവകാശികൾ, ആദ്യം മരിച്ച ആളുടെ അവകാശികളിൽ ബാക്കി ജീവിച്ചിരിപ്പുള്ളവർ മാത്രമാണെങ്കിൽ അവരുടെ അവകാശത്തിൻ്റെ രീതിക്കു രണ്ടാമത്തെ ആളുടെ മരണം കൊണ്ടു മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും സങ്കല്പിക്കുക. എന്നാൽ ആദ്യത്തെ ആളുടെ അവകാശികളിൽ രണ്ടാമതു മരണപ്പെട്ട ആൾ ഉണ്ടായിട്ടില്ല എന്നു കരുതി ബാക്കിയുള്ള അവകാശികൾക്കിടയിൽ ഓഹരി ചെയ്യണം.
ഉദാഹരണത്തിന്, അഹ്മദ് മരിച്ചപ്പോൾ അവകാശികളായി മൂന്നു സഹോദരന്മാർ മാത്രമേ ഉള്ളൂ എന്നു വിചാരിക്കുക. അവർക്കിടയിൽ സമമായി മൂന്ന് ഓഹരിയായി ഭാഗിക്കുന്നതിനു മുമ്പ് ഒരു സഹോദരനായ ഖാലിദ് മരണപ്പെട്ടു. ഖാലിദിൻ്റെ അവകാശികളായി ബാക്കിയുള്ള രണ്ടു സഹോദരന്മാർ മാത്രമേഉള്ളൂ. എങ്കിൽ ഖാലിദിനുലഭിക്കേണ്ട അവകാശം ഖാലിദിൻ്റെ മരണശേഷം മറ്റു രണ്ടു പേർക്കും സമമായി ഓഹരി ചെയ്യും. അഹ്മദിൽനിന്നുള്ള അവകാശവും ഖാലിദ് മരിച്ചപ്പോൾ വന്ന അവകാശവും വെവ്വേറെ കാണേണ്ടതില്ല. അഹ്മദിൻ്റെ അവകാശികളിൽ ഖാലിദ് ഉണ്ടായിട്ടില്ല എന്ന നിലയിൽ ശേഷിപ്പുള്ള രണ്ടു സഹോദരന്മാർക്കിടയിൽ പകുതി വീതം ഭാഗിച്ചാൽ മതി.
മറ്റൊരുദാഹരണം നോക്കാം: ഒരു സ്ത്രീ മരണപ്പെട്ടപ്പോൾ അവകാശിയായി ഭർത്താവും മുൻ ഭർത്താവിൽനിന്നുള്ള രണ്ട് ആൺമക്കളും ഉണ്ടായിരുന്നുവെന്നു വെക്കുക. അവകാശികൾക്കിടയിൽ വിഭജിക്കുന്നതിനു മുമ്പ് രണ്ടു മക്കളിൽ ഒരാൾ മരിച്ചു. മരിച്ച മകൻ്റെ ഏക അവകാശി സഹോദരനായ മറ്റേ മകനാണ്. ഇവിടെ നേരത്തെ ഉണ്ടായിരുന്ന അവകാശികൾ:
ഭർത്താവ്: 1/4
രണ്ടു മക്കൾ: ശിഷ്ടാവകാശം (ബാക്കി മുക്കാൽ ഭാഗം)
ശേഷം ഒരുമകൻ മരിച്ചു. മരിച്ച മകൻ്റെ ഏക അവകാശി മറ്റേമകനാണ്. അഥവാ മരിച്ച ആളുടെ സഹോദരൻ.
ജീവിച്ചിരിപ്പുള്ള മകൻ്റെ ശിഷ്ടാവകാശം എന്നതിന് ഈ രണ്ടു സംഭവത്തിലും മാറ്റം വന്നിട്ടില്ല. പുതിയ അവകാശികളും ഉണ്ടായിട്ടില്ല. അതിനാൽ മരണപ്പെട്ട സ്ത്രീക്ക് അവകാശിയായി ഭർത്താവും ഒരു മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരിച്ച മറ്റേ മകൻ ഉണ്ടായിട്ടേയില്ല എന്ന നിലയിൽ വിഭജിക്കണം. അപ്പോൾ:
ഭർത്താവ്: 1/4
ഒരു മകൻ: ശിഷ്ടാവകാശി(3/4).
ഒറ്റ വിഭജനം കൊണ്ട് രണ്ടു പ്രശ്നങ്ങളും പരിഹരിച്ചു.
ഇത് മുനാസഖയിലെ ലഘുവായ പ്രശ്നത്തിൻ്റെ ഉദാഹരണമാണ്. ആദ്യം മരണപ്പെട്ടയാളുടെ അവകാശികളും രണ്ടാമത് മരണപ്പെട്ടയാളുടെ അവകാശികളും വ്യത്യസ്തമാകുകയോ രണ്ടു പേരുടെയും അവകാശികൾ ഒന്നാണെങ്കിലും രണ്ടു സംഭവത്തിലും അവരുടെ അവകാശങ്ങൾ വ്യത്യസ്തമാകുകയോ ചെയ്താൽ രണ്ടു സംഭവത്തിലെയും ഓഹരിക്രമം വെവ്വേറെ കാണണം. പിന്നീട് അവയെ യോജിപ്പിക്കണം.
B) ആദ്യം മരണപ്പെട്ടയാളുടെ അവകാശ ഓഹരിയിൽ രണ്ടാമത് മരിച്ച ആൾക്കു കിട്ടേണ്ട ഓഹരിയും അയാൾ മരിച്ച ശേഷമുള്ള അവകാശികൾക്ക് ഓഹരി ചെയ്യേണ്ട വിഭജന സംഖ്യയും യോജിച്ചു വരുന്നുണ്ടെങ്കിൽ ആദ്യത്തെ കണക്കിൽ രണ്ടാമത്തേതു യോജിപ്പിക്കുന്നതിനു പ്രയാസമുണ്ടാവില്ല.
ഉദാഹരണം: സയ്നബ മരിച്ചപ്പോൾ അവകാശികൾ:
ഭർത്താവ് ബക്കർ, പിതാവൊത്ത രണ്ട് അർധ സഹോദരിമാർ- ഖദീജ, സ്വഫിയ്യ. ഇവരുടെ ഓഹരിക്രമം വിഭജിക്കുന്നതിനു മുമ്പ് സഹോദരിമാരിൽ ഒരാളായ ഖദീജ മരണപ്പെട്ടു. ഖദീജയുടെ അവകാശികൾ മകളായ ആമിനയും സഹോദരിയായ സ്വഫിയ്യഃയുമാണെന്നു സങ്കല്പിക്കുക. എങ്കിൽ, സയ്നബയുടെ അവകാശികളുടെ ഓഹരിക്രമം:
ഭർത്താവ്: 1/2
രണ്ട് സഹോദരിമാർ: 2/3
പൊതുഗുണിതം = 6
ഭർത്താവ് + രണ്ട് സഹോദരിമാർ
=3+4/6
ഔല് (ന്യൂനാംശം) വന്നപ്പോൾ
=3+4 /7
ഭർത്താവ് ബക്കർ + സഹോദരി ഖദീജ + സഹോദരി സ്വഫിയ്യ
=3/7+2/7+2/7
ഏഴിൽ രണ്ട് ഓഹരി ലഭിച്ച ഖദീജ മരിച്ചപ്പോൾ അവകാശികൾ: മകൾ ആമിന, സഹോദരി സ്വഫിയ്യ എന്നിവരാണ്.
മകൾ: 1/2
സഹോദരി: 1/2
രണ്ടിൽ ഒരോഹരി മകൾ ആമിനയ്ക്കും ഒരു ഓഹരി സഹോദരി സ്വഫിയ്യക്കും ലഭിക്കും. സയ്നബയുടെ ഓഹരിയായി ഖദീജയ്ക്ക് കിട്ടിയത് ഏഴിൽ രണ്ട് അംശമാണല്ലോ. അതേ രണ്ടാണ് ഖദീജ മരിച്ചപ്പോൾ അവകാശികളായ സ്വഫിയ്യയ്ക്കും ആമിനയ്ക്കും കൊടുക്കാൻ വേണ്ടതും. ഏഴിലൊന്നു വീതം രണ്ടാൾക്കും നൽകാം. ഇതു രണ്ടും ഒന്നായി പരിഗണിച്ചപ്പോൾ കിട്ടുന്നത് എന്താണെന്നു നോക്കാം. സയ്നബഃയുടെ ഓഹരിക്രമം:
ഭർത്താവ് ബക്കർ = 3/7
സഹോദരി ഖദീജ = 2/7
സഹോദരി സ്വഫിയ്യ = 2/7
ഖദീജ മരിച്ചപ്പോഴുള്ള ഓഹരിക്രമം:
മകൾ ആമിനഃ: 1/2 = 1/7 (ഏഴിൽ രണ്ട് എന്ന ഖദീജഃയുടെ അവകാശ ഓഹരിയുടെ പകുതി)
സഹോദരി സ്വഫിയ്യഃ: 1/2 = 1/7 (ഏഴിൽ രണ്ട് എന്ന ഖദീജഃയുടെ അവകാശ ഓഹരിയുടെ പകുതി)
രണ്ടു സംഭവത്തിലും ഓഹരി ലഭിക്കുന്ന ആൾ സ്വഫിയ്യ മാത്രമാണ്. മുനാസഖയിലൂടെ രണ്ടു പ്രശ്നങ്ങളും ഒന്നിപ്പിച്ചപ്പോൾ കിട്ടിയത്:
ഭർത്താവ് ബക്കർ=3/7
സഹോദരി സ്വഫിയ്യഃ = 2/7+1/7=3/7
രണ്ടാമത് മരിച്ച ഖദീജയുടെ മകൾ ആമിന= 1/7
ബക്കർ + സ്വഫിയ്യഃ + ആമിന
=3+3+1/7
ആദ്യം മരിച്ച ആളുടെ ഓഹരിക്രമത്തിൽനിന്നും രണ്ടാമത് മരിച്ച ആൾക്കു കിട്ടിയ ഓഹരി, രണ്ടാമത് മരിച്ച ആളുടെ അവകാശികൾക്കു കൊടുക്കാൻ കഴിയാത്തതാണെങ്കിൽ രണ്ടു പ്രശ്നങ്ങളും വെവ്വേറെ കണ്ടശേഷം അവയെ എങ്ങനെ ഒന്നിപ്പിക്കാം എന്നു നോക്കാം. രണ്ടാം ഓഹരിയിലെ ഛേദസംഖ്യകൊണ്ട് ആദ്യ ഓഹരിയിലെ ഛേദത്തെ ഗുണിക്കുകയോ രണ്ടു ഛേദങ്ങളുടെയും പൊതു ഹരണ സംഖ്യകൊണ്ട് ആദ്യത്തെ ഛേദത്തെ ഗുണിക്കുകയോ ചെയ്യേണ്ടിവരും. അതിനുശേഷം രണ്ടു പ്രശ്നങ്ങളെയും ഒന്നിപ്പിക്കണം. അപ്പോൾ കിട്ടുന്നതാണ് മുനാസഖയുടെ ഫലം.
ഉദാഹരണം: മുസ്തഫ മരണപ്പെട്ടപ്പോൾ അവകാശികൾ: ഭാര്യ, മൂന്ന് ആൺമക്കൾ, ഒരു മകൾ. ഇവർക്കിടയിൽ ഓഹരി ചെയ്യുന്നതിനു മുമ്പ് മകൾ മരണപ്പെട്ടു. മരണപ്പെട്ടമകളുടെ അവകാശികൾ മുസ്തഫയുടെ അവ കാശികളിൽ ബാക്കിയുള്ളവർ തന്നെ, ഉമ്മയും മൂന്നു സഹോദരന്മാരും. ഇവിടെ എങ്ങനെയാണ് മുനാസഖ വഴി ഓഹരിക്രമം എന്നു നോക്കാം.
മുസ്തഫയുടെ അവകാശികൾ:
ഭാര്യ= 1/8
മൂന്ന് ആൺമക്കളും ഒരു മകളും
= ശിഷ്ടാവകാശികൾ
പുരുഷന് രണ്ട് ഓഹരി വീതവും സ്ത്രീക്ക് ഒരു ഓഹരിയും. 3X2 = 6+1 = 7.
എട്ട് ഓഹരിയിൽ ബാക്കിയുള്ള ഏഴ് ഓഹരി, ആൺമക്കൾക്ക് രണ്ട് ഓഹരി വീതവും മകൾക്ക് ഒരു ഓഹരിയും ലഭിക്കും.
ഒരു മകന്: 2/8, മൂന്ന് ആൺമക്കൾക്ക്: 6/8, മകൾക്ക്: 1/8, ഭാര്യയ്ക്കും 1/8.
ഭാര്യ + മൂന്ന് ആൺമക്കൾ + മകൾ = 1/8+6/8+1/8
എട്ടിലൊരു ഓഹരി കിട്ടിയ മകൾ മരിച്ചപ്പോൾ അവകാശികൾ: ഉമ്മ (ആദ്യത്തെ പ്രശ്നത്തിലെ ഭാര്യയാണ് ഇവിടെ ഉമ്മ)= 1/6
മൂന്ന് സഹോദരന്മാർ (ആദ്യത്തെ പ്രശ്നത്തിലെ ആൺമക്കൾ)= ശിഷ്ടാവകാശികൾ
ആറ് ഓഹരി ചെയതതിൽ ഉമ്മക്ക് 1/6 കൊടുത്ത് ബാക്കിയുള്ള അഞ്ച് ഓഹരി മൂന്നു സഹോദരന്മാർക്കു വിഭജിക്കണം. അഞ്ച്, മൂന്നിന്റെ ഗുണിതമല്ല. അതുകൊണ്ട് ഇവിടെ സഹോദരന്മാരുടെ എണ്ണമായ മൂന്നു കൊണ്ട് ആറിനെ ഗുണിക്കണം. അപ്പോൾ പതിനെട്ടു കിട്ടും.
രണ്ടാമത് മരിച്ച മകളുടെ അവകാശികളുടെ ഓഹരിക്രമം:
ഉമ്മ: 1/6 = 3/18
ബാക്കി 15/18, ഒരു സഹോദരന് 5/18 വീതം.
മുസ്തഫയുടെ അവകാശികൾക്ക് എട്ട് ഓഹരി വെച്ചതിൽ മകൾക്കു കിട്ടിയ 1/8 ഓഹരിയാണ് രണ്ടാമത് അവകാശികൾക്ക് 18 ഓഹരിയായി ഭാഗിക്കേണ്ടത്. ഒരു ഓഹരി 18 ആയി വിഭജിക്കാൻ കഴിയാത്തപ്പോൾ ഇവിടെ രണ്ടാം ഓഹരിയുടെ ഛേദമായ 18 കൊണ്ട് ആദ്യ ഓഹരിയുടെ ഛേദമായ 8 ൽ ഗുണിക്കണം.
8X18= 144
മുസ്തഫ മരിച്ചപ്പോഴുള്ള ഓഹരി
ഭാര്യ + മൂന്ന് ആൺമക്കൾ + മകൾ
=1/8+6/8+1/8
= 18+108+18 /144
മകൾ മരിച്ചപ്പോഴുള്ള രണ്ടാമത്തെ ഓഹരിക്രമം:
ഉമ്മ + മൂന്ന് സഹോദരന്മാർ = 3/18 + 15/18
144 ൽ ഈ 18 ഓഹരി മകളുടേതായി ഉണ്ടല്ലോ. ഇനിരണ്ടു പ്രശ്നങ്ങളും ഒന്നിപ്പിച്ചപ്പോൾ:
ഭാര്യ (ഉമ്മ) = 18/144 + 3/144 = 21/144
3 ആൺമക്കൾ (സഹോദരന്മാർ)
= 108 / 144 + 15/144 = 123/144
ഓരോരുത്തർക്കും 41/144 വീതം.
മുനാസഖയുടെ റിസൾട്ട്:
ഭാര്യ = 21/144,
മൂന്ന് ആൺമക്കളിൽ ഓരോരുത്തർക്കും:
41/144 വീതം.
ആകെ= 123/144
ഭാര്യ + മകൻ + മകൻ + മകൻ
=21/144 + 41/144 + 41/144 + 41/144 .











