ഒരാൾ ദീർഘകാലമായി കാണാതാവുകയും, വർഷങ്ങളായി അദ്ദേഹത്തെക്കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളുണ്ടാകാം. അത്തരം സാഹചര്യങ്ങളിൽ, ആ വ്യക്തിക്ക് ലഭിക്കേണ്ട അനന്തരാവകാശവും, അദ്ദേഹം മരിച്ചതായി കണക്കാക്കിയാൽ മറ്റുള്ളവർക്ക് ലഭിക്കേണ്ട അവകാശവും എങ്ങനെ കൈകാര്യം ചെയ്യണം എന്നത് ഇസ്ലാമിക കർമശാസ്ത്രത്തിൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്.
വിദേശത്ത് ജയിലിലകപ്പെടുക, കടക്കാരുടെ ഭീഷണികൊണ്ടോ മറ്റോ ആരെയും അറിയിക്കാതെ ദൂരെ ഒളിവിൽ കഴിയേണ്ടി വരിക, ബുദ്ധിസ്ഥിരത നഷ്ടപ്പെട്ടതുകൊണ്ടോ മറ്റോ ഒറ്റപ്പെട്ട ജീവിതം നയിക്കാനിടയാവുക തുടങ്ങിയ പല സന്ദർഭങ്ങളിലും ഇങ്ങനെ സംഭവിക്കാം.
കാണാതായ വ്യക്തിയുടെ സ്വത്തുക്കൾ അയാളുടെ അവകാശികൾക്ക് ഓഹരി ചെയ്യണമെങ്കിൽ അയാളുടെ മരണ വാർത്ത ലഭിക്കണം. അല്ലെങ്കിൽ ദീർഘകാലത്തെ അപ്രത്യക്ഷമാവൽകൊണ്ട് ഇനി ഇദ്ദേഹം ജീവിച്ചിരിപ്പില്ല എന്ന് ഓരോ നാട്ടിലെയും മതകാര്യങ്ങളിൽ തീർപ്പ് പറയുന്ന വ്യക്തി (ഖാസി) വിധിക്കണം. മരിച്ചതായി സ്ഥിരപ്പെടുന്ന സമയത്തോ ഖാസിയുടെ വിധിയുണ്ടാകുന്ന സമയത്തോ കാണാതായവന്റെ അവകാശികളാവുന്നവർക്കാണ് അവൻ്റെ സ്വത്തിൻ്റെ അനന്തരാവകാശം ലഭിക്കുക.
കാണാതായ ആൾക്ക് മറ്റു ബന്ധുക്കളുടെ അവകാശം ലഭിക്കേണ്ട അവസരത്തിൽ രണ്ടു രൂപത്തിലാണ് അദ്ദേഹത്തിൻ്റെ ജീവിതത്തെയും മരണത്തെയും പരിഗണിക്കേണ്ടത്. അവൻ ജീവിച്ചിരിപ്പുള്ളതായി പരിഗണിച്ചാൽ ഓഹരിയിൽ കുറവു ലഭിക്കുന്നവരിൽ അദ്ദേഹം ജീവനുള്ളതായി പരിഗണിക്കുകയും അവൻ മരിച്ചാൽ കുറവ് ലഭിക്കുന്നവർക്ക് അവൻ മരിച്ചതായി കണക്കാക്കുകയും വേണം. രണ്ടു സന്ദർഭങ്ങളെ പരിഗണിച്ചാലും അവകാശത്തിൽ വ്യത്യാസമില്ലാത്തവർക്ക് അവരുടെ അവകാശം നൽകാം. മറ്റുള്ളവർക്ക് കുറവുള്ളതു മാത്രം നല്കുക. അവൻ/അവൾ ജീവിച്ചിരുന്നതായി സങ്കല്പിച്ചാൽ ഒന്നും കിട്ടാതിരിക്കുന്നവർക്ക് ഒന്നും നൽകരുത്. മരിച്ചതായി സങ്കല്പിച്ചാൽ കിട്ടാതാവുന്നവർക്കും നൽകരുത്.
ഈ രണ്ടവസ്ഥകളും പരിഗണിച്ചാൽ ലഭിക്കുന്നതിൽനിന്നു കുറവുള്ളതു മാത്രം നൽകി ബാക്കി വരുന്നത് അവൻ്റെ കാര്യത്തിൽ ഒരു തീരുമാനമാകുന്നതു വരെ സൂക്ഷിച്ചു വെക്കണം. തീരുമാനമാകുന്ന മുറക്ക് ആ സമയത്തെ അവകാശ നിലയനുസരിച്ചു വിതരണം ചെയ്യണം.











