അനന്തരാവകാശ നിയമത്തിൽ, അവകാശികളിൽ ശിഷ്ടാവകാശികൾ ഉണ്ടെങ്കിൽ, നിശ്ചിതാവകാശികൾക്ക് അവരുടെ ഓഹരികൾ നൽകിയശേഷം ശേഷിക്കുന്ന സ്വത്ത് മുഴുവനും ശിഷ്ടാവകാശികൾക്കാണ് ലഭിക്കുക. എന്നാൽ, ചില സാഹചര്യങ്ങളിൽ നിശ്ചിതാവകാശികൾ മാത്രമേ ഉണ്ടായിരിക്കൂ. ശിഷ്ടാവകാശികൾ ആരും ഉണ്ടായിരിക്കില്ല. അത്തരം സന്ദർഭങ്ങളിൽ, നിശ്ചിതാവകാശികൾക്ക് അവരുടെ നിശ്ചിത വിഹിതങ്ങൾ നൽകിയശേഷവും സ്വത്തിൽ ഒരു ഭാഗം ശേഷിച്ചേക്കാം.
ഇത്തരം സാഹചര്യങ്ങളിൽ, മറ്റു അവകാശികൾ ഇല്ലെങ്കിൽ ശേഷിക്കുന്ന സ്വത്ത് വീണ്ടും നിശ്ചിതാവകാശികൾക്കിടയിൽ തന്നെ അവരുടെ ആദ്യ ഓഹരിയുടെ അനുപാതത്തിൽ വിതരണം ചെയ്യണമെന്നാണ് പ്രബലമായ വിധി. ഈ പ്രക്രിയയ്ക്കാണ് റദ്ദ് അഥവാ വിപുലനം എന്ന് പറയുന്നത്. എന്നാൽ, ഭാര്യയെയും ഭർത്താവിനെയും ഈ വിപുലനത്തിൽ ഉൾപ്പെടുത്തുകയില്ല. അവർ ഒഴികെയുള്ള മറ്റു നിശ്ചിതാവകാശികൾക്കാണ്, അവർക്ക് ആദ്യം ലഭിച്ച ഓഹരിയുടെ അനുപാതത്തിൽ ശേഷിക്കുന്ന ഭാഗം വീണ്ടും വിതരണം ചെയ്യപ്പെടുന്നത്.
ഇങ്ങനെ റദ്ദ് നടപ്പിലാക്കുമ്പോൾ, നിശ്ചിതാവകാശികളുടെ ഓഹരിയുടെ മൂല്യം വർധിക്കുന്നു. അതുകൊണ്ട്, ഔൽ എന്ന ന്യൂനാംശത്തിൽ അവകാശങ്ങളുടെ മൂല്യം കുറയുമ്പോൾ, റദ്ദ് എന്ന വിപുലനത്തിൽ അവകാശങ്ങളുടെ മൂല്യം വർധിക്കുന്നു. അതുകൊണ്ട് ഇത് ഔലിന്റെ നേരെ വിപരീതമായ ഒരു രീതിയായി കണക്കാക്കപ്പെടുന്നു.
ഒരു ഉദാഹരണം നോക്കാം:
ഒരു സ്ത്രീ മരണപ്പെട്ടപ്പോൾ അവകാശികളായുള്ളത് മകൾ, ഉമ്മ, ഭർത്താവ് എന്നിവരാണ്.
മകൾ= 1/2, ഉമ്മ= 1/6, ഭർത്താവ്= 1/4
12 ൽ നിന്നാണ് ഓഹരി ചെയ്യേണ്ടത്.
മകൾക്ക് = 6/12
ഉമ്മാക്ക് = 2/12
ഭർത്താവിന് = 3/12
6 + 2 + 3 /12 = 11/12
ഇങ്ങനെ വീതിച്ചപ്പോൾ
12 ൽ ഒരു ഓഹരി ബാക്കിയുണ്ട്. ഭർത്താവിനെ റദ്ദിൽ ഉൾപ്പെടുത്തുന്നില്ല എന്നത് കൊണ്ട് ഇവിടെ ബാക്കിയായി വന്ന 12ൽ ഒരു ഓഹരി ഉമ്മക്കും മകൾക്കും അവരുടെ അടിസ്ഥാന ഓഹരികളുടെ തോതനുസരിച്ചു വീതിക്കണം. നിലവിലുള്ള അവരുടെ ഓഹരിയുടെ തോതറിയാൻ ഭർത്താവിൻ്റെ ഓഹരി ഒഴികെയുള്ളത് കൂട്ടി നോക്കിയാൽ മതി. 12 ൽ ആറ് ഓഹരി മകൾക്കും രണ്ടോഹരി ഉമ്മയ്ക്കു മാണല്ലോ. അഥവാ 6+2 = 8 ആകുന്നു അവരുടെ ഓഹരിയുടെ തോത്.
6/8, 2 /8 ഇവകളെ രണ്ടു കൊണ്ട് ഹരിച്ച് ചുരുക്കിയാൽ 3/4, 2/4 എന്നു കിട്ടും. i.e. 3:1.
അപ്പോൾ ബാക്കിയുള്ള ഒരു ഓഹരിയെ നാലു ഭാഗമാക്കി മൂന്ന് ഭാഗം മകൾക്കും ഒരു ഭാഗം ഉമ്മക്കും ലഭിക്കും. ആ ഒരു ഓഹരിയെ മകൾക്കും ഉമ്മക്കുമായി വീതിക്കാൻ
ഛേതമായ 12 നെ നാലു കൊണ്ട് ഗുണിക്കണം. അപ്പോൾ ഉത്തരം 48 ആകും.
6+ 2+ 3 + ( 1 ) / 12 x 4 =
24+ 8+ 12 + ( 4) / 48 എന്ന് കിട്ടും.
ബാക്കി വന്ന നാലിൽ മൂന്ന് മകളുടെ ഓഹരിയിലും ഒന്ന് ഉമ്മയുടെ ഓഹരിയിലും ചേർക്കണം.
മകൾക്ക് = 24 + 3 = 27
ഉമ്മാക്ക് = 8+ 1 = 9
ഭർത്താവിന് നേരത്തെയുള്ളത് 12
മകൾക്കു റദ്ദിന് ശേഷം 48 ൽ 27 ഓഹരി ലഭിച്ചപ്പോൾ 50 ശതമാനത്തിനു പകരം 56.25% ലഭിച്ചു.
ഉമ്മാക്ക് 48 ൽ 9 ഓഹരി ലഭിച്ചു. അഥവാ 16.66 ശതമാനത്തിന്റെ സ്ഥാനത്ത് 18.75% ലഭിച്ചു. ഈ മൂല്യ വർധനവ് റദ്ദ് അഥവാ വിപുലനം വഴിയാണ് ഉണ്ടായത്.











