ഒരു ഗ്രാമീണൻ മദീന പള്ളിയിൽ മൂത്രമൊഴിച്ചു. അയാളെ അതിൽനിന്ന് പിന്തിരിപ്പിക്കാനായി പ്രവാചകാനുചരർ ചാടിയെഴുന്നേറ്റു. തിരുനബി അവരെ ശാന്തരാക്കി. അവിടുന്ന് പറഞ്ഞു: "അയാളെ വിട്ടേക്കൂ (അയാൾ സൗകര്യപൂർവ്വം മൂത്രമൊഴിക്കട്ടെ). മൂത്രത്തിന് മേൽ ഒരു ബക്കറ്റ് വെള്ളം ഒഴിച്ചാൽ മതി; നിങ്ങളെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരായിട്ടല്ല, കാരുണ്യം ചെയ്യുന്നവരായിട്ടാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്!"
അങ്ങനെ അദ്ദേഹം സ്വസ്ഥമായി മൂത്രമൊഴിച്ചു. ശേഷം തിരുനബി അദ്ദേഹത്തെ വിളിച്ചു പറഞ്ഞു: “മൂത്രമൊഴിക്കലോ ചപ്പുചവറുകൾ ഉപേക്ഷിക്കലോ ഒന്നും പള്ളിയിൽ പറ്റില്ല; മറിച്ച് പള്ളികൾ അല്ലാഹുവിനെ സ്മരിക്കാനും ഖുർആൻ പാരായണം ചെയ്യാനുമൊക്കെയുള്ളതാണ്.” തുടർന്ന് ഒരാളോട് ഒരു ബക്കറ്റ് വെള്ളം കൊണ്ടുവന്ന് അവിടെ ഒഴിക്കാൻ ആവശ്യപ്പെട്ടു. പള്ളിയിൽ മൂത്രമൊഴിച്ചയാളെ ഓടിച്ചിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? പള്ളി മുഴുവൻ മൂത്രമാകും; അയാൾക്ക് ഈ നിയമവ്യവസ്ഥിതിയോടൊക്കെ അകൽച്ചയും തോന്നും!
എന്ത് മനസ്സിലായി? നിസ്കാരവും പ്രാർത്ഥനയുമായി മാത്രം കഴിഞ്ഞിരുന്ന ഒരു ഭക്തൻ മാത്രമായിരുന്നില്ല തിരുനബി; പ്രായോഗിക പരിശീലനങ്ങളിലൂടെ മനുഷ്യരിലെ സഹാനുഭൂതിയെ ഉണർത്തിയ മനുഷ്യസ്നേഹിയായ അധ്യാപകൻ കൂടിയായിരുന്നു. പ്രവാചകൻ്റെ പള്ളി ഭക്തർക്ക് നിസ്കരിക്കാൻ മാത്രമുള്ളതായിരുന്നില്ല, ആർദ്രതയും അവധാനതയും അടക്കമുള്ള സർവ്വമാന മാനുഷിക മൂല്യങ്ങളുടെയും പാഠശാല കൂടിയായിരുന്നു മദീനയിലെ മസ്ജിദുന്നബവി.
ഇന്നും മദീന പള്ളിയിൽ ഇരിക്കുമ്പോൾ തിരുനബിയുടെ ഒരു അദൃശ്യമായ സാന്നിധ്യം അനുഭവവേദ്യമാകും. അവിടെ വേണ്ടത്ര അച്ചടക്കം പാലിക്കാൻ കഴിയുമോ എന്നാണ് അനുരാഗികളായ സന്ദർശകരുടെ വലിയ പേടി. ആർദ്രമായ ഹൃദയങ്ങൾക്ക് വേണ്ടി കേണുകൊണ്ടിരിക്കുന്ന സമകാലിക ലോകത്ത് തിരുനബി പറഞ്ഞ വാക്കുകൾ പ്രസക്തമാണ്. ചിലത് ശ്രദ്ധിക്കാം:
عن عائشة رضي الله عنها، أن النبي - صلى الله عليه وسلم - قال: «إن الرفق لا يكون في شيء إلا زانه، ولا ينزع من شيء إلا شانه». رواه مسلم
തിരുനബി പറഞ്ഞതായി ആഇശ ബീവി ഉദ്ധരിക്കുന്നു: "കനിവ് ഏതൊരു കാര്യത്തെയും അലങ്കരിക്കും; കനിവിൽനിന്ന് മുക്തമായാലോ, അതവയെ അഭംഗിയാക്കും."
عن جرير بن عبد الله - رضي الله عنه - قال: سمعت رسول الله - صلى الله عليه وسلم - يقول: «من يحرم الرفق، يحرم الخير كله». رواه مسلم.
“നബിഅനുചരൻ ജരീറുബ്നു അബ്ദില്ല പറഞ്ഞു: തിരുനബി പറയുന്നതായി ഞാൻ കേട്ടു: കനിവില്ലാത്തവർക്ക് ഒരു നന്മയും ഉണ്ടാവില്ല."
عن أنس - رضي الله عنه - عن النبي - صلى الله عليه وسلم - قال: «يسرو ولا تعسروا، وبشروا ولا تنفروا». متفق عليه
തിരുനബിയുടെ സേവകനായി അനസ് പറയുന്നു: തിരുനബി പറഞ്ഞു: "നിങ്ങൾ ജനങ്ങൾക്ക് എളുപ്പം ചെയ്യുക; അവരെ പ്രയാസപ്പെടുത്തരുത്. അവരോട് നല്ല വർത്തമാനങ്ങൾ പറയുക; അവരെ വെറുപ്പിക്കരുത്.”
عن عائشة رضي الله عنها، قالت: قال رسول الله - صلى الله عليه وسلم -: «إن الله رفيق يحب الرفق في الأمر كله». متفق عليه.
“അല്ലാഹു കനിവും ആർദ്രതയും സഹാനുഭൂതിയും ഉള്ളവനാണ്. അവനത് മറ്റുള്ളവരിൽനിന്ന് ഉണ്ടാകുന്നത് ഇഷ്ടപ്പെടുകയും ചെയ്യുന്നു.”
തിരുനബിക്ക് അല്ലാഹു സവിശേഷമായി നൽകിയ വിശേഷണങ്ങളിലൊന്നാണ് കനിവ്. ഖുർആൻ പറയുന്നു: "അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് മാത്രമാണ് നിങ്ങൾ അവരോട് കനിവോടെ പെരുമാറുന്നത്. നിങ്ങൾ പരുഷനും മനസ്സ് കടുത്തവനുമായിരുന്നെങ്കിൽ അവർ നിങ്ങളെ വിട്ടുപോകുമായിരുന്നു..." (ആലു ഇംറാൻ 159).
കനിവിന്റെ ഉദാത്തമായ ഒട്ടനവധി ഉദാഹരണങ്ങൾ കൊണ്ട് സമ്പന്നമാണ് നബിജീവിതം. ഒരിക്കൽ ആഇശ ബീവി തിരുനബിയോട് ചോദിച്ചു: "ഉഹ്ദ് യുദ്ധത്തിന്റെ ദിവസത്തേക്കാൾ പ്രയാസമുള്ള വല്ല ദിവസവും അങ്ങയുടെ ജീവിതത്തിൽ കഴിഞ്ഞുപോയിട്ടുണ്ടോ?" "അതെ," തിരുനബി പ്രതിവചിച്ചു. ത്വാഇഫിലേക്ക് പോയ കഥയാണ് അവിടുന്ന് പറഞ്ഞത്.
മക്കക്കാർ സത്യത്തിലേക്കുള്ള തിരുദൂതരുടെ വിളിക്ക് ഉത്തരം ചെയ്യാതിരുന്നപ്പോൾ ത്വാഇഫിൽ പോയി നോക്കാമെന്ന് വിചാരിച്ചു. അവർ മക്കക്കാരേക്കാൾ വിഡ്ഢികളായിരുന്നു. തിരുനബിയെ കൂക്കിവിളിക്കാനും കല്ലെറിയുവാനും അങ്ങാടിപ്പിള്ളേരെ ഏൽപ്പിക്കുകയായിരുന്നു അവർ. ഏറ് കൊണ്ട് തിരുദൂതരുടെ കാലിന്റെ മടമ്പിൽനിന്ന് ചോരയൊഴുകി. സഖീഫ് ഗോത്രത്തിലെ ഒരു പ്രമുഖനുമായി കാര്യങ്ങൾ സംസാരിച്ചെങ്കിലും അയാൾ അവഗണിച്ചു.
ദുഃഖിതനും ആകുലനുമായി തിരുനബി ഇറങ്ങി നടന്നു. ഖർനുസ്സആലിബ് എന്ന സ്ഥലത്തെത്തിയപ്പോൾ ഒരു മേഘം അവിടുത്തേക്ക് തണലിട്ടു. അപ്പോഴാണ് നബിക്ക് ബോധം തിരിച്ചുകിട്ടുന്നത്. ആ മേഘത്തിനുള്ളിൽ ജിബ്രീൽ മാലാഖ ഉണ്ടായിരുന്നു. ‘ഇതാ പർവ്വതങ്ങളുടെ ചുമതലയുള്ള മാലാഖ നിങ്ങൾക്ക് സലാം പറയുന്നു’ എന്ന് പറഞ്ഞ് ജിബ്രീൽ ആ മലകിനെ പരിചയപ്പെടുത്തി. മലക്ക് സലാം ചൊല്ലി, തുടർന്നു പറഞ്ഞു: "അല്ലാഹു എന്നെ പറഞ്ഞയച്ചതാണ്. നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ ആ രണ്ടു പർവ്വതങ്ങൾ കൂട്ടി ഉരസി ഈ ജനങ്ങളെ മുഴുവൻ അതിനുള്ളിൽ വെച്ച് ഞാൻ ഞെരിച്ചുകൊല്ലാം." അവിടുന്ന് പ്രതികരിച്ചു: ‘വേണ്ട; ഇവരിൽ ആരെങ്കിലുമൊക്കെ പിൽക്കാലത്ത് ഇസ്ലാമിലേക്ക് വരികയാണെങ്കിൽ അതാണ് ഇവരെ ഒന്നടങ്കം കൊന്നുകളയുന്നതിനേക്കാൾ ഞാൻ ആഗ്രഹിക്കുന്നത്!’
ഉബാദ പറയുന്നു: “ഞാനെന്റെ പിതൃസഹോദരന്മാരോടൊപ്പം ഒരു ക്ഷാമകാലത്ത് മദീനത്ത് വന്നതായിരുന്നു. ഒരു തോട്ടത്തിൽ ഞാൻ കടന്നു; അതിലെ ഒരു കതിർ ഞാൻ പറിച്ചെടുത്തു ഭക്ഷിച്ചു. ഇതുകണ്ട് തോട്ടക്കാരൻ വന്നു, അയാൾ എന്റെ വസ്ത്രം പിടിച്ചു; എന്നെ മർദ്ദിക്കാൻ തുടങ്ങി. അദ്ദേഹത്തെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ട് ഞാൻ തിരുനബിയെ സമീപിച്ചു. തിരുനബി അദ്ദേഹത്തെ വിളിപ്പിച്ചു.
‘നീ എന്തിനാ ഇങ്ങനെയൊക്കെ ചെയ്തത്?’ - തിരുനബി അദ്ദേഹത്തോടു ചോദിച്ചു.
അദ്ദേഹം സംഭവം വിശദീകരിച്ചു. തിരുനബി പ്രതികരിച്ചു: ‘അയാൾ അറിവില്ലാത്തതുകൊണ്ട് ചെയ്തതാണെങ്കിൽ നീ അദ്ദേഹത്തിന് പഠിപ്പിച്ചു കൊടുക്കേണ്ടിയിരുന്നു; നീ അത് ചെയ്തില്ല. അതല്ല, അദ്ദേഹം വിശന്നതിന്റെ പേരിലാണ് അങ്ങനെ ചെയ്തതെങ്കിൽ നീ അയാൾക്ക് അന്നം കൊടുക്കണമായിരുന്നു; അതും നീ ചെയ്തില്ല.’ അദ്ദേഹത്തിന് വസ്ത്രം തിരിച്ചു കൊടുക്കാനും മർദ്ദിച്ചതിന് പകരമായി 122 കിലോ ധാന്യം നൽകുവാനും തിരുദൂതർ ഉത്തരവിട്ടു.”
രസകരമായ മറ്റൊരു സംഭവം ഇങ്ങനെ: മുആവിയ ബ്നുൽ ഹകം പറയുന്നു: "ഞാൻ നബിയോടൊപ്പം നിസ്കരിക്കുകയായിരുന്നു. കൂട്ടത്തിലൊരാൾ തുമ്മി. ഇത് കേട്ട് ഞാൻ 'യർഹമുകല്ലാഹ്' (നിനക്ക് അല്ലാഹു കാരുണ്യം ചെയ്യട്ടെ) എന്ന് ചൊല്ലി. ഒരാൾ തുമ്മിയാൽ അയാൾ അല്ലാഹുവിനെ സ്തുതിക്കണമെന്നും അത് കേൾക്കുന്നയാൾ അവർക്ക് കാരുണ്യത്തിന് വേണ്ടി പ്രാർഥിക്കണമെന്നും തിരുനബി പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ നിസ്കാരത്തിൽ അങ്ങനെ പറയാൻ പാടുള്ളതല്ല; നിസ്കാരത്തിലെ പ്രാർഥനകളല്ലാതെ മറ്റെന്ത് പറഞ്ഞാലും നിസ്കാരം നിഷ്ഫലമാകും.
ഇത് കേട്ട് ആളുകളെല്ലാം എന്നെ നോക്കാൻ തുടങ്ങി. അവരുടെ നോട്ടം കാരണം ഞാൻ പറഞ്ഞു: ‘ഇതെന്താണ് നിങ്ങളെല്ലാവരും എന്നെ നോക്കുന്നത്?’ അപ്പോൾ അവർ കൈകൾ കൊണ്ട് അവരുടെ തുടയ്ക്ക് മേൽ അടിക്കാൻ തുടങ്ങി. മിണ്ടാതിരിക്കാനാണ് പറയുന്നത് എന്ന് എനിക്ക് മനസ്സിലായി; ഞാൻ മൗനിയായി. തിരുനബി നിസ്കാരം പൂർത്തിയാക്കി." ഈ സംഭവത്തെ പറ്റി മുആവിയ പറയുന്നു: "എന്റെ മാതാപിതാക്കളെ ഞാൻ അവിടുത്തേക്ക് സമർപ്പിക്കുന്നു! അതിനുശേഷമോ അതിനുമുമ്പോ തിരുനബിയേക്കാൾ നന്നായി കാര്യങ്ങൾ പഠിപ്പിച്ചു തന്ന ഒരു അധ്യാപകനെ ഞാൻ കണ്ടിട്ടില്ല. അല്ലാഹുവാണ് സത്യം, അവിടുന്ന് എന്നെ വെറുക്കുകയോ അടിക്കുകയോ ശാസിക്കുകയോ ചെയ്തില്ല. ഇത്രമാത്രം പറഞ്ഞു: ‘നിസ്കാരത്തിൽ ഇത്തരം വർത്തമാനങ്ങൾ ഒന്നും പറ്റില്ല. തസ്ബീഹും (സുബ്ഹാനല്ലാഹ് എന്ന മന്ത്രം) തക്ബീറും (അല്ലാഹു അക്ബർ എന്ന മന്ത്രം) ഖുർആൻ പാരായണവുമൊക്കെയാണ് നിസ്കാരം!’"
അതെ! ആർദ്രത കൊണ്ട് അനുവാചകരുടെ ഹൃദയം കവർന്ന അധ്യാപകൻ കൂടിയായിരുന്നു തിരുനബി.




