Modern Optics-ന്റെ പിതാവ് ആരാണ്? ഇബ്നുൽ ഹൈതം! അദ്ദേഹം മുസ്ലിമായിരുന്നു. കെമിസ്ട്രിയുടെ പിതാവ് ആരാണ്? ജാബിർ ബിൻ ഹയ്യാൻ. അദ്ദേഹവും മുസ്ലിമായിരുന്നു. അൽജിബ്രയുടെ പിതാവ്? അൽ ഖവാരിസ്മി! അദ്ദേഹവും മുസ്ലിം തന്നെ…
സ്വയം ചോദ്യം ചോദിച്ചും ഉത്തരം പറഞ്ഞും ഖത്തീബ് (പ്രഭാഷകൻ) കത്തിക്കയറുകയാണ്. വിജ്ഞാനമാണ് വിഷയം. ആകാരസൗഷ്ഠവമുള്ള യുവാവ്. ചടുലമായ വാക്കുകൾ, നല്ല ഒഴുക്ക്, ആകർഷണീയമായ ശബ്ദം. ഖുർആനിലും ഹദീസിലും വിജ്ഞാനത്തിന് പറയുന്ന പ്രാധാന്യങ്ങളിൽ നിന്ന് തുടങ്ങി, പൂർവ്വകാല മുസ്ലിംകളുടെ വൈജ്ഞാനിക സംഭാവനകൾ അയവിറക്കി, സമകാലിക ലോകത്ത് നാം എത്തിപ്പെട്ട ദുരന്താവസ്ഥയെ വരച്ചുകാട്ടി, വേദനിക്കുന്ന ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിപ്പിച്ചു, നന്മ ചെയ്യാൻ ഉപദേശിച്ചു, തിന്മകളിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടു, അവസാനം സർവ്വ നന്മകൾക്കും വേണ്ടി പ്രാർത്ഥിച്ചു. അതായിരുന്നു ഖത്തീബിന്റെ ഖുതുബ.
വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചനേരത്ത് മുസ്ലിം പള്ളികളിൽ നടക്കുന്ന പ്രധാന ആരാധനാകർമ്മമാണ് വെള്ളിയാഴ്ച നിസ്കാരവും പ്രത്യേക പ്രഭാഷണവും. ‘ജുമാ ഖുതുബ’ എന്നാണ് ഇത് അറിയപ്പെടുക. ഈ പ്രത്യേക പ്രഭാഷണം നിർവഹിക്കുന്നയാളാണ് ഖത്തീബ്. ജുമാ ഖുതുബ ഒരു സാധാരണ പ്രഭാഷണമല്ല; അത് ആരാധനയുടെ ഭാഗമാണ്. അതിന് നിബന്ധനകളും അവിഭാജ്യ ഘടകങ്ങളും ഉണ്ട്. പ്രസംഗിക്കുന്നത് പുരുഷനായിരിക്കണം, നിന്നുകൊണ്ടായിരിക്കണം, ഇടയിൽ ഒന്ന് ഇരിക്കണം, അറബിയിലായിരിക്കണം, 40 പേരെ കേൾപ്പിക്കണം, പ്രസംഗിക്കുമ്പോൾ ശുദ്ധി ഉണ്ടായിരിക്കണം, നഗ്നത മറച്ചിരിക്കണം... ജനങ്ങളിൽ ഭയഭക്തിയെക്കുറിച്ചുള്ള ഉണർവ് ഉണ്ടാക്കുക, പരലോകത്തെക്കുറിച്ചുള്ള ചിന്തയിലേക്ക് അവരെ അടുപ്പിക്കുക, തിരുനബി തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലുക എന്നൊക്കെയാണതിന്റെ നിബന്ധനകൾ.
നബി ﷺ തങ്ങൾ എങ്ങനെയാണ് പ്രഭാഷണങ്ങൾ നടത്തിയത്? എന്തൊക്കെയായിരുന്നു അവിടുത്തെ പ്രഭാഷണത്തിന്റെ പ്രത്യേകതകൾ? കുറച്ചുനേരം അതിനെക്കുറിച്ച് പഠിച്ചാലോ?
രസകരവും ചിന്തോദ്ദീപകവും ചിലപ്പോൾ ഭയാനകവുമായിരുന്നു തിരുനബിയുടെ പ്രഭാഷണങ്ങൾ. അത് നാവിൽ നിന്ന് ചെവിയിലേക്കുള്ള സംവേദനമായിരുന്നില്ല; പ്രത്യുത മനസ്സിൽ നിന്നും മനസ്സിലേക്കുള്ള ഒഴുക്കായിരുന്നു. തിരുനബി പ്രഭാഷണം തുടങ്ങിയാൽ ശബ്ദം ഉയരും, കണ്ണുകൾ ചുവക്കും. ഒരു സൈന്യത്തെ യാത്രയാക്കുന്ന മേധാവിയെപ്പോലെയായിരിക്കും അവിടുത്തെ മുഖഭാവം. ഒരിക്കൽ അവിടുന്ന് നരകത്തെക്കുറിച്ച് പറഞ്ഞ് ശബ്ദമുയർന്നുപോയി. അങ്ങാടിയിലുള്ളവർ പോലും കേൾക്കുമാറുച്ചത്തിലായിരുന്നു അത്. തോളിലുണ്ടായിരുന്ന ഷാൾ താഴെ വീണു.
എന്തെങ്കിലും ഐഹിക നേട്ടത്തിനു വേണ്ടിയുള്ള ഗിമ്മിക്കുകളായിരുന്നില്ല നബിയുടെ പ്രസംഗം. സത്യമാണെന്നുറപ്പുള്ളതുകൊണ്ടാണ് പറയുന്നതെന്ന് ആ വാക്കുകളിൽ വ്യക്തമായിരുന്നു. താൻ തിരിച്ചറിഞ്ഞ ദുരന്തത്തിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താൻ വേണ്ടിയുള്ള ജാഗ്രത അവിടുത്തെ പ്രഭാഷണങ്ങളിൽ നമുക്ക് കാണാൻ സാധിക്കും. ഒരിക്കൽ പ്രഭാഷണം നടത്തുമ്പോൾ "യാ ഉമ്മതാഹ്... ഹൽ ബല്ലഗ്തുകും?" (സമുദായമേ! ഞാൻ ഈ സന്ദേശം നിങ്ങളെ അറിയിച്ചില്ലേ?) എന്ന് തിരുനബി വിളിച്ചുപറഞ്ഞപ്പോൾ ഒരു കൊച്ചു കുഞ്ഞ് ഉമ്മയോട് ചോദിച്ചുവത്രെ:
"ഉമ്മാ, എന്തിനാണ് മുത്തുനബി ഉമ്മച്ചിയെ വിളിക്കുന്നത്?"
"മോനേ, അവിടുന്ന് ഉമ്മത്തിനെയാണ് (സമുദായം) വിളിക്കുന്നത്, ഉമ്മച്ചിയെയല്ല" എന്ന് ഉമ്മ തിരിച്ചുപറഞ്ഞത്രെ!
ആ വിളിക്ക് ആത്മാർത്ഥതയുടെ എത്ര ആഴങ്ങളുണ്ടായിരുന്നുവെന്ന് ഈ കുഞ്ഞിന്റെ ചോദ്യത്തിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം.
തിരുനബിയുടെ സേവകനായ അനസ് പറയുന്നു: "ഒരിക്കൽ അവിടുന്ന് ഒരു പ്രസംഗം നടത്തി; അത്തരം ഒരു പ്രസംഗം ഞാൻ മുമ്പ് കേട്ടിട്ടേയില്ല. അവിടുന്ന് പറയുകയാണ്: ‘ഞാനറിയുന്നതെല്ലാം നിങ്ങൾ അറിയുമായിരുന്നെങ്കിൽ കുറച്ചു മാത്രമേ നിങ്ങൾ ചിരിക്കുകയുള്ളൂ; ധാരാളം കരയുമായിരുന്നു.' ഇത് കേട്ടപ്പോൾ നബിയുടെ അനുചരന്മാർ മുഖം പൊത്തി ഏങ്ങിയേങ്ങിക്കരഞ്ഞു."
വിടവാങ്ങല്‍ പ്രഭാഷണമാണ് ഏറ്റവും പ്രസിദ്ധം. മനുഷ്യാവകാശങ്ങളുടെ പ്രഖ്യാപനമായിരുന്നു അത്. ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള സമരവാക്യമായിരുന്നു അത്. ലോകത്തെ ഭരിച്ചിരുന്ന സാമൂഹിക തിന്മകളുടെ ഉച്ചാടനമായിരുന്നു അത്. പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കാനുള്ള ഉണർത്തുപാട്ടായിരുന്നു അത്. സ്വജനപക്ഷപാതത്തിനെതിരെയുള്ള ഉൽഘോഷമായിരുന്നു അത്. ആ പ്രസംഗം മലയാളത്തിൽ കേട്ടുനോക്കൂ:
"അല്ലാഹുവിന്റെ അടിയാറുകളെ! എന്നോട് തന്നെയും പിന്നെ നിങ്ങളോടും ഞാൻ കൽപ്പിക്കുന്നു; അല്ലാഹുവിന് വണക്കവും ഭക്തിയുമുള്ളവരായി വര്‍ത്തിക്കുവിൻ. ജനങ്ങളേ! എന്റെ വാക്ക് സശ്രദ്ധം ശ്രവിക്കുവിന്‍. ഒരുപക്ഷേ ഈ കൊല്ലത്തിനു ശേഷം നിങ്ങളുമായി ഇവിടെ വെച്ച് സന്ധിക്കുവാന്‍ എനിക്ക് സാധിച്ചേക്കില്ല. ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അഭിമാനവും അന്ത്യനാൾ വരെയും പവിത്രമാണ്. ഈ ദിനവും, ഈ മാസവും, ഈ നാടും പവിത്രമായതുപോലെ നിങ്ങളുടെ ജീവനും സ്വത്തും പവിത്രമായിരിക്കും. അതിനാല്‍, അവയുടെ മേല്‍ നിങ്ങള്‍ പരസ്പരം കൈയേറ്റം നടത്തരുത്. നിങ്ങളുടെ നാഥനെ നിങ്ങൾ കണ്ടുമുട്ടുക തന്നെ ചെയ്യും. അന്നേരം നിങ്ങളുടെ ചെയ്തികളെപ്പറ്റി അവൻ ചോദ്യം ചെയ്യും. അതുകൊണ്ട് ആരുടെയെങ്കിലും കൈവശം സൂക്ഷിപ്പുമുതലുകളുണ്ടെങ്കില്‍ അവ അവകാശികള്‍ക്ക് തിരിച്ചേല്പിച്ചുകൊള്ളട്ടെ.
അറിഞ്ഞുകൊള്ളുക, അല്ലാഹു പലിശ നിരോധിച്ചിരിക്കുന്നു. എല്ലാ പലിശ ഇടപാടുകളും ഇന്നത്തോടെ റദ്ദാക്കിയിരിക്കുന്നു. നിങ്ങളുടേതായ മൂലധനം നിങ്ങള്‍ക്കുണ്ടായിരിക്കും. പലിശ ഇടപാടൊന്നും വേണ്ടെന്ന് അല്ലാഹു കണിശമായി നിശ്ചയിച്ചിരിക്കുന്നു. ഏറ്റവും ആദ്യമായി ഞാൻ റദ്ദ് ചെയ്യുന്നത് എന്റെ പിതൃവ്യനായ അബ്ബാസുബ്നു അബ്ദുല്‍ മുത്വലിബിന് കിട്ടാനുള്ള പലിശയാണ്.
അറിഞ്ഞുകൊള്ളുക: അജ്ഞാനകാലത്തിന്റേതായ എല്ലാ രക്തപ്പകയും പ്രതികാരാവകാശവും റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. ഏറ്റവും ആദ്യമായി ഞാൻ റദ്ദ് ചെയ്യുന്നത്, ഹാരിസുബ്നു അബ്ദുല്‍ മുത്വലിബിന്റെ മകൻ റബീഅത്തിന്റെ പുത്രനായ ആമിറിന്റെ (എന്റെ പിതൃവ്യപൗത്രന്റെ) രക്തപ്പകയാണ്. അറിഞ്ഞുകൊള്ളുക: അജ്ഞാനകാലത്തിന്റേതായ സകല ചിഹ്നങ്ങളെയും ആചാരോപചാരങ്ങളെയും ഞാനിതാ എന്റെ പാദങ്ങള്‍ക്കടിയില്‍ കുഴിച്ചുമൂടുന്നു; എന്നാൽ കഅ്ബാ പരിപാലനവും ഹാജിമാര്‍ക്കുള്ള ജലദാനവും ഒഴികെ.
ജനങ്ങളേ! ഈ മണ്ണില്‍ വെച്ച് ഇനി പിശാച് ആരാധിക്കപ്പെടുമെന്നുള്ളത് അവന്റെ വ്യാമോഹം മാത്രമാണ്. എന്നിരുന്നാലും നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ പിശാച് തക്കം പാര്‍ത്തിരിക്കുന്നുണ്ട്. അതിനാല്‍, വിശ്വാസത്തിന്റെ സുരക്ഷിതത്വത്തിനായി ജാഗ്രത പാലിക്കുക.
ജനങ്ങളേ! മാസങ്ങളും തീയതികളും മാറ്റിമറിക്കുന്നത് അവിശ്വാസത്തിന്റെ ലക്ഷണം തന്നെയാണ്. അത് അവിശ്വാസികളുടെ തെറ്റായ സഞ്ചാരം ബലപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹു നിരോധിച്ചതിനെ നിയമവിധേയമാക്കാനും നിയമവിധേയമായതിനെ നിരോധിക്കാനും കൊല്ലങ്ങളെയും മാസങ്ങളെയും അവര്‍ മാറ്റിമറിക്കുന്നു. വാസ്തവമാകട്ടെ, കാലഗണനയുടെ വ്യവസ്ഥകള്‍ എന്നും ഒന്നുതന്നെയായിരുന്നു. ആകാശഭൂമികളെ അല്ലാഹു സംവിധാനിച്ച അന്ന് മുതൽ മാസങ്ങളുടെ എണ്ണം ദൈവഗ്രന്ഥത്തില് പന്ത്രണ്ട് തന്നെയാണ്. കൂട്ടത്തില്‍ നാലെണ്ണം—ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹറം, റജബ് എന്നിവ—യുദ്ധനിഷിദ്ധ മാസങ്ങളത്രെ.
ജനങ്ങളേ! നിങ്ങളോട് നിങ്ങളുടെ ഇണകൾക്ക് ബാധ്യതകളുള്ളതു പോലെ നിങ്ങള്‍ക്ക് അവരോടും ചില ബാധ്യതകളുണ്ട്. അവര്‍ അവരുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നിടത്തോളം കാലം അവര്‍ക്ക് സംതൃപ്തിയോടുകൂടി ഭക്ഷണവും വസ്ത്രവും കൊടുക്കേണ്ടത് നിങ്ങളുടെ കടമയാണ്. നിങ്ങള്‍ അവരോട് നല്ല നിലയില്‍ പെരുമാറുകയും സ്നേഹശീലരായിരിക്കുകയും വേണം. കാരണം, അവര്‍ നിങ്ങളുടെ ജീവിതപങ്കാളികളും ബാധ്യതയുള്ള സഹായികളുമാണ്. നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ അവർ നിങ്ങളുടെ വിരിപ്പുകളില്‍ ചവിട്ടിക്കരുത്. നിങ്ങളുടെ സമ്മതമില്ലാതെ വീട്ടില്‍ പ്രവേശിപ്പിക്കുകയുമരുത്. ലൈംഗിക വൃത്തികേടുകൾ ചെയ്യുകയുമരുത്. ഇതാകുന്നു അവരുടെ കര്‍ത്തവ്യം. അങ്ങനെ അവർ അച്ചടക്കലംഘനം ചെയ്യുന്ന പക്ഷം അവരോട് ശയ്യകളില്‍ വേറിട്ടു നിൽക്കാനും, പോരെങ്കിൽ അപായകരമല്ലാത്ത അടി കൊടുക്കാനും നിങ്ങളെ അല്ലാഹു അനുവദിച്ചിരിക്കുന്നു. അങ്ങനെ അവര്‍ അതില്‍ നിന്നും പിന്മാറിയാല് മര്യാദയനുസരിച്ച് അവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്കല് നിങ്ങളുടെ കര്‍ത്തവ്യമാണ്. അല്ലാഹുവിന്റെ സൂക്ഷിപ്പുസ്വത്തായാണ് സ്ത്രീകളെ നിങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്. അവന്റെ തിരുമൊഴിപ്രകാരമാണ് അവരുമായുള്ള ശാരീരികബന്ധം നിങ്ങള്‍ക്ക് അനുവദനീയമാക്കിയിരിക്കുന്നത്.
അതിനാല്‍ ജനങ്ങളേ! എന്റെ വാക്ക് ശരിക്കും ശ്രവിക്കുവിന്‍. ജനങ്ങളേ! ഞാന്‍ നിങ്ങളുടെ പക്കല്‍ രണ്ടു കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നു. അതു മുറുകെ പിടിക്കുകയാണെങ്കില്‍ നിങ്ങള്‍ വിജയിക്കും; പിഴയ്ക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണവ.
ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ സഹോദരനാണ്. അതിനാല്‍ മനഃസംതൃപ്തിയോടെ സഹോദരന് നല്കുന്ന ധനമല്ലാതെ മറ്റൊന്നും അനുഭവിക്കാന്‍ പാടുള്ളതല്ല. എനിക്ക് ശേഷം പരസ്പരം കഴുത്തറുത്തുകൊണ്ട് അവിശ്വാസികളായിത്തീരരുത്. നിങ്ങള്‍ സ്വയം ദ്രോഹിക്കരുത്. നിങ്ങള്‍ നിങ്ങളുടെ ഭൃത്യരുടെ കാര്യത്തിലും ശ്രദ്ധിക്കുക. നിങ്ങളുടെ ആശ്രിതരെ ശ്രദ്ധിക്കുക. നിങ്ങള്‍ ഭക്ഷിക്കുന്നതുപോലെ അവര്‍ക്കും ഭക്ഷിക്കാന്‍ നല്‍കുക. നിങ്ങള്‍ ധരിക്കുന്ന വസ്ത്രം പോലെത്തന്നെ അവരെയും വസ്ത്രം ധരിപ്പിക്കുക.
മാനവസമുദായമേ! നിങ്ങളുടെ ദൈവം ഒന്ന്, നിങ്ങളുടെ പിതാവ് ഒന്ന്. നിങ്ങളെല്ലാം ആദമില്‍ നിന്ന്; ആദമോ മണ്ണില്‍ നിന്നും. കൂടുതല്‍ ദൈവഭക്തിയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കല്‍ കൂടുതൽ ശ്രേഷ്ഠന്. അറബിക്ക് അറബിയല്ലാത്തവനേക്കാളോ അനറബിക്ക് അറബിയേക്കാളോ യാതൊരു മഹത്വവുമില്ല. മഹത്വങ്ങള്‍ക്ക് അടിസ്ഥാനം നിങ്ങളുടെ ദൈവഭക്തി മാത്രം. ജീവിതത്തില്‍ സൂക്ഷ്മതയുള്ളതാര്‍ക്കാണോ അവനാണ് അല്ലാഹുവിന്റെയടുത്ത് ഏറ്റവും ബഹുമാന്യന്‍.
ജനങ്ങളേ! എനിക്ക് ശേഷം ഒരു പ്രവാചകന് വരാനില്ല. അതുകൊണ്ട് ശ്രദ്ധിച്ചുകേള്‍ക്കുക. നിങ്ങളുടെ നാഥന്റെ കല്‍പ്പനയനുസരിച്ച് ജീവിക്കുക. അഞ്ച് നേരം നമസ്കരിക്കുക, മനഃസന്തുഷ്ടിയോടെ സകാത്ത് കൊടുക്കുക, റമദാനില്‍ വ്രതമനുഷ്ഠിക്കുക, നിങ്ങളുടെ നാഥന്റെ മന്ദിരം വന്ന് സന്ദര്‍ശിക്കുക, നിങ്ങളുടെ കൂട്ടത്തിലുള്ള ഭരണകര്‍ത്താക്കളെ അനുസരിക്കുക. എങ്കിൽ നിങ്ങളുടെ നാഥന്റെ സ്വര്‍ഗത്തിലേക്കു പ്രവേശിക്കാം.
അല്ലയോ ജനങ്ങളേ! നിങ്ങളോട് എന്നെപ്പറ്റി ചോദ്യമുണ്ടാകും. എന്തായിരിക്കും നിങ്ങളുടെ മറുപടി?"
"അങ്ങ് പ്രബോധന കര്‍ത്തവ്യം നിര്‍വഹിക്കുകയും സദുപദേശം നൽകുകയും ചെയ്തുവെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കും" - ജനാവലി ഉച്ചത്തില്‍ ഘോഷിച്ചു. അനന്തരം തിരുദൂതർ ആകാശത്തിനു നേരെ വിരൽ ചൂണ്ടി മൂന്ന് തവണ ആവർത്തിച്ചു: "അല്ലാഹുവേ! നീ സാക്ഷി! അല്ലാഹുവേ! നീ സാക്ഷി! അല്ലാഹുവേ! നീ സാക്ഷി!"
“അറിഞ്ഞുകൊള്ളുക: ഇവിടെ സന്നിഹിതരായവര്‍ ഇവിടെയില്ലാത്തവര്‍ക്ക് ഈ സന്ദേശം എത്തിച്ചുകൊടുക്കുവിന്‍.”
നോക്കൂ, ഇന്നലെകളിൽ നിന്ന് ലോകത്തോട് പ്രഭാഷണം നടത്തുന്ന ഒരാളുടെ വാക്കുകളാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? സമകാലിക ലോകത്ത് അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് എത്ര ശക്തമായിട്ടാണ് ഈ പ്രഭാഷണത്തിൽ സൂചനകളുള്ളത്! വാക്കുകൾ കൊണ്ട് അഭ്യാസം കളിക്കുകയായിരുന്നില്ല തിരുപ്രഭാഷണങ്ങളുടെ ലക്ഷ്യം. കൽപ്പിച്ച കാര്യങ്ങൾ എല്ലാവരേക്കാളും മുന്നേ ചെയ്തു; നിരോധിച്ച കാര്യങ്ങൾ എല്ലാവരേക്കാളും മുന്നേ ഉപേക്ഷിച്ചു. പ്രസംഗത്തിൽ 'ഐ കോൺടാക്ട്' നിലനിർത്താൻ നബി ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് നബിയുടെ ഭാവങ്ങൾ വേണ്ട രൂപത്തിൽ ഒപ്പിയെടുക്കാൻ അനുചരർക്ക് സാധിച്ചത്. പ്രഭാഷകൻ ഉയർന്ന സ്ഥലത്ത് നിൽക്കുമ്പോൾ മാത്രമാണ് ജനങ്ങൾക്ക് കൂടുതൽ പ്രയോജനം ഉണ്ടാവുക. അതുകൊണ്ടുതന്നെ ഒട്ടകപ്പുറത്തോ (അല്ലെങ്കിൽ കഴുതപ്പുറത്തോ) മിമ്പറിന് (പ്രഭാഷണത്തിനായി തയ്യാറാക്കിയ ഉയർന്ന സ്ഥലം) മുകളിലോ നിന്നായിരുന്നു നബി പ്രഭാഷണം നടത്തിയിരുന്നത്. വെള്ളിയാഴ്ച ഖുതുബക്കും പെരുന്നാളിനും അനുഷ്ഠാനത്തിന്റെ ഭാഗമായ പ്രഭാഷണം നബി നടത്തി. ഇതിനുപുറമേ, മറ്റു പല ആവശ്യങ്ങൾക്കും അവിടുന്ന് പ്രഭാഷണം നടത്തിയിരുന്നു. അതിൽ സുപ്രധാനമാണ് സാന്ത്വന പ്രവർത്തനങ്ങൾക്ക് വേണ്ടി നടത്തിയവ. മുളറിൽ നിന്ന് പരമ ദരിദ്രരായ കുറച്ച് ആളുകൾ വരുന്നു. നല്ല വസ്ത്രങ്ങൾ ധരിച്ചിട്ടില്ല; കമ്പിളി പുതച്ചുമൂടിയാണ് വരവ്. അവരെ കണ്ടതും തിരുനബിയുടെ മനസ്സ് പിടഞ്ഞു. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് കൊതിച്ചു. ഉച്ച നേരെത്തെ നിസ്കാരം കഴിഞ്ഞ ഉടനെ മുത്തുനബി മിമ്പറിലേക്ക് കയറി. ബിസ്മിയും ഹംദും ('ബിസ്മില്ലാഹി റഹ്മാനി റഹീം, അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ' എന്ന വചനം) ചൊല്ലി.
അതങ്ങനെയാണ്, എല്ലാ പ്രഭാഷണത്തിനും ബിസ്മിയും ഹംദും ഉണ്ടാകും; കൂടെ തശഹ്ഹുദും (സത്യസാക്ഷ്യ വചനങ്ങൾ). തശഹ്ഹുദ് ഇല്ലാത്ത പ്രഭാഷണം കുഷ്ഠരോഗം ബാധിച്ച കൈ പോലെയാണെന്ന് തിരുനബിയുടെ ഹദീസിൽ ഓർമ്മപ്പെടുത്തിയതായി കാണാം. തുടർന്ന് വിശുദ്ധ ഖുർആനിൽ നാലാം അധ്യായത്തിലെ ഒന്നാം സൂക്തം പാരായണം ചെയ്തു:
"ഓ ജനങ്ങളേ! നിങ്ങളുടെ നാഥനെ നിങ്ങൾ സൂക്ഷിക്കുക; അവനാണ് ഒറ്റത്തടിയിൽ നിന്ന് നിങ്ങളെ പടച്ചത്. ആ ഒറ്റത്തടിയിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിച്ചു. അവർ രണ്ടു പേരിൽ നിന്നും ധാരാളം ആണുങ്ങളെയും പെണ്ണുങ്ങളെയും അവൻ വിന്യസിച്ചു. ആരെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ പരസ്പരം ചോദിക്കാറുള്ളത്, ആ അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. രക്തബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുക. അല്ലാഹു നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്."
വീണ്ടും തിരുനബി ആയത്തോതി: "വിശ്വാസികളേ, അല്ലാഹുവിനെ ഭയപ്പെടുക; നാളത്തേക്ക് വേണ്ടി എന്താണ് ചെയ്തുവച്ചിട്ടുള്ളതെന്ന് ഓരോ ശരീരവും ചിന്തിക്കട്ടെ. അല്ലാഹുവിനെ സൂക്ഷിക്കുക, തീർച്ചയായും നിങ്ങൾ ചെയ്യുന്നതെല്ലാം അവൻ അറിയുന്നുണ്ട്."
"നാളെ പരലോകത്ത് നിങ്ങൾ ഓരോരുത്തരോടും അല്ലാഹു നേരിട്ട് സംസാരിക്കും. നിനക്ക് ഞാൻ സമ്പത്തും സന്താനവും നൽകിയില്ലേ? അപ്പോൾ 'അതെ' എന്ന് പ്രതികരിക്കേണ്ടി വരും. സന്ദേശവുമായി ഞാൻ ദൂതനെ പറഞ്ഞയച്ചില്ലേ? അപ്പോഴും അവൻ അംഗീകരിക്കേണ്ടി വരും. കാഴ്ചയും കേൾവിയും നൽകിയില്ലേ? അതിനും അവൻ 'യെസ്' (അതെ) പറയും. അപ്പോൾ അല്ലാഹു ചോദിക്കും: എന്നിട്ട് നീ നിന്റെ പരലോക ഗുണത്തിനുവേണ്ടി എന്താണ് മാറ്റിവെച്ചത്? അതിങ്ങെടുക്കൂ..."
“അപ്പോൾ അവൻ മുന്നിലേക്കും പിന്നിലേക്കും വലത്തേക്കും ഇടത്തേക്കും നോക്കും. അവന്റെ ശരീരത്തെ നരകത്തിൽ നിന്ന് കാക്കാൻ അവന്റെ സൽകർമ്മങ്ങൾ അല്ലാതെ ഒന്നും ഉണ്ടാവുകയില്ല. എവിടെയും ഒന്നും കാണാതാകുമ്പോൾ അവൻ മുന്നോട്ടു നടക്കും; അങ്ങനെ അവൻ നരകത്തിൽ വീഴും. നരകത്തെ സൂക്ഷിക്കണേ..." അതും പറഞ്ഞ് നബി മുഖം തിരിച്ചു. അവിടുന്ന് നരകത്തെ കാണുന്നുണ്ടോ എന്ന് ഞങ്ങൾ സംശയിച്ചു. ഇത് കേട്ട് ഓരോരുത്തരായി സ്വദഖകൾ (ഇഷ്ടദാനങ്ങൾ) നൽകാൻ തുടങ്ങി. ദീനാറും ദിർഹമും വസ്ത്രവും ഗോതമ്പും ഈന്തപ്പഴവും ഒക്കെയായി നൽകിക്കൊണ്ടിരുന്നു.
അപ്പോൾ അവിടുന്ന് പറയുകയാണ്: "ഒരു ഈന്തപ്പഴത്തിന്റെ ചീളു കൊണ്ടെങ്കിലും നരകത്തിൽ നിന്ന് രക്ഷ നേടാൻ സാധിക്കുമെങ്കിൽ അത് ചെയ്യട്ടെ. അതിന് സാധിക്കാത്തവർ നല്ല വാക്കുകൾ കൊണ്ടെങ്കിലും നരകത്തിൽ നിന്ന് മറ സ്വീകരിക്കുക."
പ്രസംഗിച്ചു പ്രസംഗിച്ചു മുശിപ്പിക്കുന്ന രീതി തിരുനബിക്ക് ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും പ്രസംഗിക്കുകയില്ല; ചില ദിവസങ്ങൾ അതിനായി പ്രത്യേകം തിരഞ്ഞെടുക്കും. പ്രഭാഷകൻ നല്ല വസ്ത്രം ധരിക്കണം. മുത്തുനബിക്ക് പേർഷ്യൻ നിർമ്മിതമായ, ചില ഭാഗങ്ങൾ പട്ടുനൂൽ കൊണ്ട് നെയ്തെടുക്കപ്പെട്ട, സുന്ദരമായ ഓവർകോട്ട് ഉണ്ടായിരുന്നു. പ്രഭാഷണത്തിനും ഭരണാധികാരികളുടെ പ്രതിനിധികളെ സ്വീകരിക്കുന്നതിനുമൊക്കെ അതായിരുന്നു ധരിച്ചിരുന്നത്.
ഇർബാള് ബിൻ സാരിയ തിരുനബിയുടെ വസിയ്യത്ത് (ഒസ്യത്ത്) പ്രഭാഷണത്തെക്കുറിച്ച് പറയുന്നത് കേൾക്കുക: "അവിടുന്ന് ഞങ്ങളോട് പ്രസംഗിച്ചു; ഞങ്ങളുടെ ഹൃദയങ്ങൾ കോരിത്തരിച്ചു. കണ്ണുകളിൽ നിന്ന് അശ്രുകണങ്ങൾ പൊഴിഞ്ഞു. ഞങ്ങൾ പറഞ്ഞു: അങ്ങ് വിടപറയാന്‍ പോകുന്നവരെപ്പോലെയാണല്ലോ സംസാരിക്കുന്നത്? ഞങ്ങളോട് വസിയ്യത്തുകൾ പറയൂ."
അപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. അനുസരണയും അച്ചടക്കവും പുലര്‍ത്തുക; ഒരു നീഗ്രോ അടിമയാണ് നിങ്ങളുടെ ഭരണാധികാരിയെങ്കിലും അവരെ അനുസരിക്കണം. നിങ്ങൾ എനിക്ക് ശേഷം ജീവിച്ചാൽ ധാരാളം അഭിപ്രായവ്യത്യാസങ്ങൾ കാണാൻ സാധ്യതയുണ്ട്. മതത്തിൽ ഒരു അടിസ്ഥാനവുമില്ലാതെ പുതുതായി നിർമ്മിക്കപ്പെടുന്ന വിശ്വാസാചാരങ്ങളെ (ബിദ്അത്ത്) കുറിച്ച് നിങ്ങൾ ജാഗ്രത പുലർത്തണം. കാരണം അതെല്ലാം വഴികേടാണ്. അങ്ങനെയൊക്കെ കണ്ടാൽ എന്റെയും എന്റെ ശേഷം വന്ന ഭരണാധികാരികളുടെയും (ഖുലഫാഉർറാശിദുകൾ) ചര്യയെ നിങ്ങൾ മുറുകെ പിടിക്കുക. അവയെ നിങ്ങൾ അണപ്പല്ലുകൾ കൊണ്ട് കടിച്ചുപിടിക്കുക."
പ്രഭാഷണവുമായി ബന്ധപ്പെട്ട ഒരു രസകരമായ അനുഭവം കൂടി പങ്കുവെക്കാം. മിനയിൽ വെച്ചാണ് സംഭവം നടക്കുന്നത്; ബലിപെരുന്നാൾ കഴിഞ്ഞ് രണ്ടാം നാൾ (അയ്യാമുത്തശ്രീഖ് രണ്ടാം ദിവസം). നബി ‘ശഹ്ബാഅ്’ എന്ന പേരുള്ള കഴുതപ്പുറത്തിരുന്ന് പ്രസംഗിക്കുകയാണ്. തൊട്ടടുത്ത് അലിയാരുണ്ട്; നബി പറയുന്നത് ആളുകൾക്ക് എത്തിച്ചുകൊടുക്കുന്നു. ആളുകൾ മുന്നിലിരിക്കുകയും നിൽക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അംറിന്റെ മകൻ റാഫി തന്റെ പിതാവിനോടൊപ്പം അന്ന് ആൾക്കൂട്ടത്തിനിടയിൽ ഉണ്ടായിരുന്നു. ബാക്കി ചരിത്രം അദ്ദേഹം തന്നെ പറയട്ടെ:
"അന്ന് ഞാൻ കൊച്ചു കുഞ്ഞായിരുന്നു. എന്റെ ഉപ്പ ജനങ്ങൾക്കൊപ്പം ഇരുന്നു. ഞാൻ ആളുകൾക്കും വാഹനങ്ങൾക്കും ഇടയിലൂടെ കടന്ന് മുത്തുനബി പ്രസംഗിക്കാൻ തിരഞ്ഞെടുത്ത കഴുതയുടെ അടുത്തെത്തി. അതിന്റെ പുറത്തുകൂടെ ഞാൻ കൈകൾ ചലിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ മുത്തുനബിയുടെ കാൽമുട്ടിനടുത്തെത്തി. പിന്നീട് അവിടുത്തെ കാൽപാദം വരെ താഴോട്ട് ഞാൻ തടവി. ശേഷം ചെരിപ്പിനും പാദത്തിനും ഇടയിലൂടെ കൈയിട്ടു; നബിയുടെ കാൽപാദത്തിന്റെ തണുപ്പ് എന്റെ കൊച്ചു കൈകൾ അറിഞ്ഞു."
എങ്ങനെയുണ്ട്? മുത്തുനബി ദേഷ്യപ്പെട്ടോ? തുറിച്ച് നോക്കിയോ? പ്രസംഗം നിർത്തിയോ? ആളുകളോട് കുട്ടിയെ മാറ്റാൻ ആവശ്യപ്പെട്ടോ? ഇല്ല, തിരുനബിക്ക് അതിന് സാധിക്കില്ല. പള്ളിയിലെ മിമ്പറിൽ കയറി പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് ചുവന്ന നീളൻ കുപ്പായം ധരിച്ച് തന്റെ പേരമക്കൾ പള്ളിയിലേക്ക് കടന്നുവരുന്നത് കണ്ട നബി, അവർ വീണുപോകുമോ എന്ന് ഭയപ്പെടുന്നു. മിമ്പറിൽ നിന്ന് ഇറങ്ങി രണ്ടുപേരെയും വാരിയെടുത്ത് അവരെയും ഒപ്പം ഇരുത്തി പ്രസംഗിച്ച ആളാണ് മുത്തുനബി ﷺ.
സല്ലല്ലാഹു അലൈക യാ റസൂലല്ലാഹ്!




