തിരുനബി മസ്ജിദുന്നബവിയിൽ നിസ്കാരത്തിന് നേതൃത്വം നൽകുന്നത് കണ്ടുനോക്കൂ. അബൂബക്കറും ഉമറും മറ്റു അനുചരന്മാരും പിറകിൽ നിൽക്കുന്നു. അവിടുത്തെ പിന്നിൽ നിസ്കരിക്കുന്നതിനേക്കാൾ പുണ്യപ്പെട്ട മറ്റൊരു നിസ്കാരം ഉലകത്തിൽ ഉണ്ടാകുമോ? സാവകാശമാണ് അവിടുന്ന് ഓതുന്നത്; സാവകാശമാണ് നിസ്കരിക്കുന്നത്. ധൃതിയോ വെപ്രാളമോ ബഹളമോ ഇല്ല. സാകൂതം, സഹൃദയം. നല്ല ഒതുക്കവും അടക്കവും. കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുമ്പോൾ മനസ്സ് പിടയ്ക്കും; വാത്സല്യം തോന്നും. പിന്നിലുള്ള വൃദ്ധരെയും രോഗികളെയും പരിഗണിക്കും. അതിനാൽ ദീർഘമായി ഖുർആൻ പാരായണം ചെയ്തു നീട്ടി നിസ്കരിക്കാൻ ആഗ്രഹമുണ്ടെങ്കിലും നിസ്കാരം പലപ്പോഴും ദീർഘിപ്പിക്കില്ല; ചുരുക്കും. തിരുനബിയുടെ കാരുണ്യമാണത്; സാമൂഹ്യബോധമാണത്; സഹജീവിസ്നേഹമാണത്. ആരും കഷ്ടപ്പെടരുത്, അല്ലാഹുവിനുള്ള ആരാധനയുടെ കാര്യത്തിൽ പോലും!
പള്ളിയിൽ സമൂഹ നിസ്കാരങ്ങളിൽ പങ്കെടുക്കണമെന്ന കൽപ്പനയിൽ സ്ത്രീകൾക്ക് ഇളവുകൾ ലഭിച്ചു. അവർ അഞ്ചുനേരവും പള്ളിയിലേക്ക് വന്ന് കഷ്ടപ്പെടേണ്ടതില്ല. അവളുടെ പ്രകൃതത്തോട് യോജിച്ചത് വീടിന്റെ സ്വകാര്യതകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ കുടുംബത്തിനും സമൂഹത്തിനും നന്മ ചെയ്യുക എന്നതാണ്. പെണ്ണുടലുകൾക്കായി ദാഹിക്കുന്ന കാമക്കണ്ണുകളോടും സ്ത്രീസൗന്ദര്യത്തെ കമ്പോളവൽക്കരിക്കുന്ന ചൂഷക വ്യവസ്ഥിതിയോടുമുള്ള സമരം കൂടിയാണത്.
പക്ഷേ, പ്രമുഖ സ്വഹാബി വനിത ഉമ്മു ഹുമൈദിന് കലശലായ ആഗ്രഹം: മുത്തുനബിയോടൊപ്പം നിസ്കരിക്കണം! അവർ തിരുനബിയെ സമീപിച്ച് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. "എനിക്ക് അങ്ങയോടൊപ്പം നിസ്കരിക്കണം." വളരെ മനഃശാസ്ത്രപരമായാണ് തിരുനബി ആ വിഷയം കൈകാര്യം ചെയ്തത്. പുണ്യം ലഭിക്കാനല്ലേ നിസ്കരിക്കുന്നത്? അതിന് സ്ത്രീകൾക്ക് ഏറ്റവും നല്ലത് സ്വന്തം വീടിന്റെ ഏറ്റവും സ്വകാര്യമായ ഇടമാണെന്ന് തിരുനബി ബോധ്യപ്പെടുത്തിക്കൊടുത്തു. അവർ തന്റെ വീടിന്റെ ഏറ്റവും സ്വകാര്യമായ മുറി നിസ്കരിക്കാനായി തയ്യാറാക്കി. മരണംവരെ അവിടെയാണ് പിന്നീടവർ നിസ്കരിച്ചത്.
മസ്ജിദുന്നബവിയിലേക്ക് തന്നെ വരൂ... മുത്തുനബി നിസ്കരിക്കുന്നു. അവിടുത്തെ ചലനനിശ്ചലനങ്ങൾക്കൊപ്പം അതിന്റെ തനിപ്പകർപ്പായി സ്വഹാബികൾ ഒന്നിച്ച് ആവിഷ്കരിക്കപ്പെടുന്നു. അനുധാവനത്തിന്റെ അത്യുൽകൃഷ്ടമായ ചിത്രം നിങ്ങൾക്കവിടെ കാണാം.
പിന്നിൽ നിസ്കരിക്കുന്നവരെ പരിഗണിച്ച് സാധാരണഗതിയിൽ നിസ്കാരം ചുരുക്കുമെങ്കിലും അപൂർവമായി ദീർഘിപ്പിക്കാറുമുണ്ട്. ഖുർആൻ പാരായണങ്ങൾക്ക് അനുസൃതമായി നിർത്തം നീളും. നിർത്തത്തിന് അനുസൃതമായി റുകൂഉും സുജൂദുകളും (നിസ്ക്കാരത്തിലെ കർമങ്ങൾ) നീളും. അത്തരമൊരു നിസ്കാരത്തിന്റെ രംഗം ഹുദൈഫ വിശദീകരിക്കുന്നുണ്ട്: "ഞാനൊരു രാത്രി നബിയോടൊപ്പം നിസ്കരിച്ചു. തിരുനബി ഖുർആനിലെ അൽബഖറ എന്ന അധ്യായം തുടങ്ങി. നൂറ് സൂക്തങ്ങൾ തീരുമ്പോൾ റുകൂഅ് ചെയ്യുമെന്ന് ഞാൻ നിനച്ചു; പക്ഷേ ചെയ്തില്ല. അൽബഖറ ഓതി ഒരു റക്അത്ത് നിസ്കരിക്കും എന്നായി എന്റെ വിചാരം, പക്ഷേ അതും തെറ്റി. തിരുനബി അതിനുശേഷം ഖുർആനിലെ നാലാം അധ്യായമായ സൂറത്തുന്നിസാഅ് ആരംഭിച്ചു. അത് പൂർത്തിയാക്കിയതിനുശേഷം ആലുഇംറാൻ തുടങ്ങി. സാവകാശമാണ് പാരായണം ചെയ്യുന്നത്. അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തേണ്ട സൂക്തങ്ങളിലൂടെ കടന്നുപോകുമ്പോൾ അത് നിർവഹിക്കുന്നു. അല്ലാഹുവിനോട് എന്തെങ്കിലും ചോദിച്ചുവാങ്ങേണ്ട സൂക്തത്തിലൂടെ കടന്നുപോകുമ്പോൾ ഇരന്നുതേടുന്നു. അഭയം തേടേണ്ട സൂക്തമാണെങ്കിൽ അഭയം തേടുന്നു. ശേഷം റുകൂഅ് ചെയ്തു. 'സുബ്ഹാന റബ്ബിയൽ അളീം' എന്ന മന്ത്രം ചൊല്ലിക്കൊണ്ടേയിരുന്നു. ഏകദേശം നിർത്തത്തിന്റെ അത്രയും സമയം റുകൂഉും! പിന്നെ സുജൂദ് ചെയ്തു. അതിൽ 'സുബ്ഹാന റബ്ബിയൽ അഅ്ലാ വബിഹംദിഹി' എന്ന മന്ത്രം ധാരാളമായി ചൊല്ലി. ഏകദേശം നിർത്തത്തിന്റെ അത്രയും സമയം തന്നെ!"
സൂര്യ-ചന്ദ്ര ഗ്രഹണ സമയങ്ങളിൽ ഐച്ഛികമായി നിർവഹിക്കപ്പെടുന്ന നിസ്കാരം പോലെയുള്ള സവിശേഷമായ നിസ്കാരങ്ങളാണ് ഇങ്ങനെ ദീർഘിപ്പിക്കുക. സുദീർഘമായി നിർവ്വഹിച്ച ഒരു ഗ്രഹണ നമസ്കാരത്തിൽ അത്യപൂർവമായ ഒരു സംഭവം ഉണ്ടായി. നബി നിസ്കാരത്തിൽ അല്പം മുന്നോട്ടാവുന്നു; എന്തോ പിടിക്കാൻ വേണ്ടി ശ്രമിക്കുന്നു. പിന്നീട് പിറകോട്ട് വരുന്നു. നിസ്കാരശേഷം സ്വഹാബികൾ അതേക്കുറിച്ച് ചോദിച്ചു. "എനിക്ക് സ്വർഗ്ഗം കാണിക്കപ്പെട്ടു. അതിൽ നിന്നൊരു മുന്തിരിക്കുല പറിച്ചെടുക്കാൻ ഞാൻ ശ്രമിച്ചു. അതെങ്ങാനും ലഭിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് അന്ത്യനാൾ വരെ ഭക്ഷിക്കാൻ ഉണ്ടാകുമായിരുന്നു. നരകവും ഞാൻ കണ്ടു. അത്രയും വഷളായ കാഴ്ച ഞാൻ അതുവരെ കണ്ടിട്ടില്ല." തിരുനബി പറഞ്ഞു.
നിസ്കാരത്തിൽ സ്വർഗ്ഗവും നരകവും നേരിൽ കാണുന്ന അസാധാരണക്കാരനായിരുന്നു പ്രവാചക തിരുമേനി! സുഗന്ധം നബിക്ക് ഏറെ ഇഷ്ടമായിരുന്നു. തന്റെ പത്നിമാരോടും മുത്തുനബിക്ക് ഏറെ സ്നേഹമായിരുന്നു. എന്നാൽ ഈ ലോകത്ത് മുത്തുനബിക്ക് ഏറ്റവും പ്രിയപ്പെട്ടത് നിസ്കാരമായിരുന്നു. നിസ്കാരത്തിലാണ് അവിടുത്തെ കണ്ണ് കുളിർക്കുക. തിരുനബി തന്നെ പറഞ്ഞതാണിത്.
കഴിയുമോ നമുക്ക് തിരുദൂതർ നിസ്കരിച്ചതുപോലെ നിസ്കരിക്കാൻ? 50 വയസ്സ് പിന്നിട്ടിട്ടും രാത്രിയുടെ ആരംഭം മുതൽ ആളുകൾ ഉറങ്ങുന്നത് വരെ അവിടുന്ന് നിസ്കരിക്കുന്നു. പലപ്പോഴും നിസ്കാരം നിർത്തുന്നില്ല; അർദ്ധരാത്രി വരെ നിസ്കാരം! അത്താഴം വരെ നിസ്കാരം! പുലരുവോളം നിസ്കാരം! കണ്ണീരൊലിപ്പിച്ചാണ് അവിടുന്ന് കുനിയുന്നതും നിവരുന്നതും. ഇലാഹി സന്നിധിയിലേക്ക് തുറന്നുവെച്ച ഹൃദയമാണത്. ആ ഹൃദയങ്ങൾക്ക് കാതുകളും കണ്ണുകളുമുണ്ട്! നാം കേൾക്കാത്തത് അത് കേൾക്കുന്നു; കാണാത്തത് അത് കാണുന്നു! അങ്ങനെയാണ് തിരുനബി സ്വർഗ്ഗവും നരകവും കണ്ടത്.
എന്തിനാണിങ്ങനെ മുത്തുനബി നിസ്കരിച്ചതും കരഞ്ഞതും? പ്രിയതമ ആയിശ പറയുന്നു: രാത്രി നിസ്കാരം കാരണം അവിടുത്തെ തിരുപാദങ്ങൾ നീരുകെട്ടി വീർത്തിരുന്നു. എല്ലാം പൊറുക്കപ്പെട്ട തിരുനബി എന്തിനാണിങ്ങനെ സാഹസപ്പെടുന്നതെന്ന് മഹതി ചോദിച്ചപ്പോൾ അവിടുത്തെ പ്രതികരണം ഇങ്ങനെയായിരുന്നു: "ഇത്രയെല്ലാം പദവികൾ നൽകിയ എന്റെ രക്ഷിതാവിന് ഞാൻ നന്ദിയുള്ള അടിമയാകേണ്ടേ?"
ഉടമയോടുള്ള അനുരാഗം കാരണം അടിമത്വത്തെ ആഘോഷിക്കുന്ന വിനീത ദാസന്റെ വികാരങ്ങളെ തനതായി ആവിഷ്കരിക്കാൻ ഏതെങ്കിലും ഭാഷയിൽ വാക്കുകളുണ്ടോ? ഗത്യന്തരമില്ലാതെ നിർവഹിക്കപ്പെടുന്ന കുത്തിമറിയലുകളല്ല നിസ്കാരം; അല്ലാഹുവിന്റെ തിരുസന്നിധിയിലേക്കുള്ള അനുരാഗിയുടെ ലയനമാണത്. അല്ലാഹു അക്ബർ (അല്ലാഹുവാണ് വലിയവൻ) എന്ന പ്രഖ്യാപനത്തോടുകൂടി അണ്ഡകടാഹങ്ങൾ മുഴുവനും അവനുമുമ്പിൽ ചെറുതായിത്തീരുന്നു! ഒരു പക്ഷി തന്റെ രണ്ട് ചിറകുകളുമുയർത്തി പറന്നുയരാൻ ശ്രമിക്കുന്നതുപോലെയാണ് തക്ബീർ ചൊല്ലുന്ന ഉപാസകൻ തന്റെ കൈകൾ ഉയർത്തുന്നതെന്ന് ഇസ്ലാം ആശ്ലേഷിച്ച തമിഴ് എഴുത്തുകാരൻ അബ്ദുല്ല അടിയാർ പറഞ്ഞതാണ് ഇപ്പോൾ ഓർമ്മ വരുന്നത്.




