തിരുനബിയും ഭാര്യമാരും തമ്മിൽ എന്തോ ഒരു സൗന്ദര്യപ്പിണക്കം ഉണ്ടായിട്ടുണ്ട് എന്നറിഞ്ഞ ശിഷ്യനായ ഉമർ നബിയെ കാണാനും കാര്യങ്ങൾ ചോദിച്ചറിയാനും തീരുമാനിച്ചു. തിരുനബി പള്ളിയിൽ ഒറ്റക്കൊരു റൂമിലാണ്. പ്രവേശന കവാടത്തിൻ്റെ ഉമ്മരപ്പടിയിൽ അനുചരൻ റബാഹ് കാൽ പുറത്തേക്ക് തൂക്കിയിട്ട് ഇരിപ്പുണ്ട്. തിരുനബിയുടെ സമ്മതമുണ്ടെങ്കിലേ റൂമിലേക്ക് കടക്കാനാവൂ. അക്കാര്യം അറിയിക്കേണ്ട ചുമതല റബാഹിനാണ്.
“റബാഹ്, എനിക്ക് സമ്മതമുണ്ടോ എന്ന് നബിയോടൊന്ന് ചോദിക്കുമോ?’’
തിരുനബി കുറച്ച് ഗൗരവത്തിലാണെന്ന് അറിഞ്ഞ ഉമർ പേടിയോടെയാണെങ്കിലും ചോദിച്ചു
റബാഹ് നബിയുടെ മുഖത്തേക്ക് നോക്കുക മാത്രം ചെയ്തു.
സമ്മതം കിട്ടിയില്ല. റബാഹ് ഒന്നും മിണ്ടിയില്ല.
ഉമർ വീണ്ടും അതേ ചോദ്യം ആവർത്തിച്ചു
റബാഹ് നബിയുടെ മുഖത്തേക്ക് നോക്കി.
പ്രതികരണമില്ല. റബാഹ് ഒന്നും മിണ്ടിയില്ല.
അവസാനം മുത്തുനബി കേൾക്കുന്ന രൂപത്തിൽ ഉമർ ഉറക്കെ പറഞ്ഞു തുടങ്ങി:
“എൻറെ മകൾ ഹഫ്സയുടെ കാര്യം (തിരുനബിയുടെ ഭാര്യമാരിൽ ഒരാളായ) പറയാൻ വേണ്ടിയാണ് ഞാൻ വന്നിരിക്കുന്നത് എന്ന് കരുതിയാവും മുത്ത് നബി എനിക്ക് സമ്മതം തരാത്തത്. ഹഫ്സയൊന്നും മുത്ത് നബിയുടെ മുമ്പിൽ എനിക്ക് ഒന്നുമല്ല; അവളുടെ കഥ കഴിക്കാനാണ് തിരുനബിയുടെ ഉത്തരവെങ്കിൽ ഞാൻ അതിനും തയ്യാറാണ്”
ഇത് കേട്ടപ്പോൾ ഉമറിൻ്റെ മാനസിക സംഘർഷത്തിന്റെ തീഷ്ണത നബിക്ക് ബോധ്യപ്പെട്ടിട്ടായിരിക്കണം അവിടുന്ന് റബാഹിനോട് ഉമറിന് സമ്മതം നൽകാൻ ആംഗ്യം കാണിച്ചു. റബാഹ് ആംഗ്യ ഭാഷയിലൂടെ തന്നെ അക്കാര്യം അറിയിച്ചു.
സമ്മതം കിട്ടിയതും കുത്തിവെച്ചിരിക്കുന്ന ഈന്തപ്പനത്തടികൾക്കിടയിലൂടെ ഉമർ ആ മുറിയിലെത്തി. അവിടെകണ്ട കാഴ്ച ഉമറിനെ കരയിപ്പിച്ച് കളഞ്ഞു.
ഇസ്ലാമിക സാമ്രാജ്യത്തിന്റെ അധിപനായ തിരുനബി ഒരു ഈന്തപ്പനയോലയിൽ കിടക്കുന്നു! വിരിപ്പോ ബെഡോ ഒന്നുമില്ല. തലക്കടിയിൽ ഈന്തപ്പന നാരുകൾ നിറച്ച തോൽ നിർമിതമായ ഒരു തലയിണയുണ്ട്. കാൽഭാഗത്ത് കുറച്ച് ഇലകൾ കൂട്ടിയിട്ടിരിക്കുന്നു. തലഭാഗത്ത് കുറച്ച് തോല്‍ക്കഷ്ണങ്ങളും തൂക്കിയിട്ടിരിക്കുന്നു. അവിടുത്തെ ദേഹത്ത് ഈന്തപ്പനയോലയുടെ പാടുകൾ പതിഞ്ഞിരുന്നു.
സജലങ്ങളായ ഉമറിന്റെ കണ്ണുകളിലേക്ക് നോക്കി തിരുനബി ചോദിച്ചു: “എന്തിനാണ് നീ കരയുന്നത് ?”ഉമർ പറഞ്ഞു: "കിസ്റയും ഖൈസറുമൊക്കെ എത്ര വലിയ സമൃദ്ധിയിലാണ്. അങ്ങ് അല്ലാഹുവിന്റെ തിരുദൂതരല്ലേ!?" തിരുനബി പ്രതിവചിച്ചു: “അവർക്ക് ഐഹിക സുഖങ്ങളും നമുക്ക് പാരത്രിക സുഖവുമായിക്കോട്ടെ. അത് നിനക്ക് ഇഷ്ടമല്ലേ?’”
പ്രവാചകത്വവാദത്തിന് പിന്നിൽ എന്തെങ്കിലും ഭൗതിക മോഹങ്ങൾ പ്രവർത്തിച്ചിരിക്കാമോ എന്ന് അന്വേഷിക്കുന്ന ഗവേഷകരോടാണ് നാം ഈ ചരിത്രം പറയുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല.
ഉള്ളതെല്ലാം മറ്റുള്ളവര്‍ക്ക് നല്കി അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കഴിഞ്ഞ ഒരു സാമൂഹ്യ സേവകനാണ് മുഹമ്മദ് നബി. തിരുനബിയുടെ ഭാര്യമാരിൽ ഒരാളും പ്രഥമ ഖലീഫ അബൂബക്കറിന്റെ മകളുമായ മഹതി ആഇശ വിശദീകരിക്കുന്നു:
ഞങ്ങളുടെ വീട്ടിൽ പാചകം ചെയ്യാനില്ലാത്തതിനാല്‍ അടുപ്പ് പുകയാതെ ഒന്നോ രണ്ടോ മാസങ്ങള്‍ കഴിഞ്ഞു പോകാറുണ്ടായിരുന്നു. ഈന്തപ്പഴവും വെള്ളവുമായിരുന്നു ഞങ്ങളുടെ ഭക്ഷണം. ചിലപ്പോള്‍ മദീനത്തുകാര്‍ കൊണ്ട് വരുന്ന ആട്ടിന്‍പാലും ഈന്തപ്പഴത്തോടൊപ്പമുണ്ടാകും. തിരുനബിയുടെ സൗകര്യങ്ങളുടെ പരിമിതിയിൽ പരാതിപ്പെട്ട അനുചരരോട് അവിടുന്ന് പറഞ്ഞത് ഇങ്ങനെയാണ്:
“ഒരു മരത്തണലിൽ വിശ്രമിക്കാൻ ഇരുന്ന യാത്രികൻ മാത്രമാണ് ഞാൻ. കുറച്ചുകഴിഞ്ഞ് ആ മരം ഉപേക്ഷിച്ച് ഞാൻ പോകും. “
ജനങ്ങൾക്കിടയിൽ പേരും പെരുമയും കിട്ടണം. ആളുകൾ ശ്രദ്ധിക്കണം. ഇതൊക്കെ ആരും ആഗ്രഹിച്ചു പോകുന്ന മോഹങ്ങളാണ്. മുഹമ്മദ് നബിയുടെ പ്രവാചകത്വ വാദത്തിന് പിന്നിൽ അങ്ങനെ വല്ല പ്രേരകങ്ങളും ഉണ്ടോ? ഇല്ല തന്നെ.
പ്രശസ്തിമോഹം കൊണ്ടാണ് നബി പ്രവാചകത്വം വാദിച്ചത് എന്ന് കരുതാൻ യാതൊരു ന്യായീകരണവുമില്ല. കാരണം കവികള്‍ക്കും സാഹിത്യകാരൻമാര്ക്കും ഏറ്റവും കൂടുതല്‍ സ്വീകാര്യതയും പ്രശസ്തിയും കിട്ടിയിരുന്ന കാലമായിരുന്നു അത്. ഒരു ഗോത്രത്തില്‍ ഒരു കവി ജനിച്ചു എന്നറിഞ്ഞാല്‍ ആ കവിയുടെ കവിത കഅ്ബയില്‍ കെട്ടിത്തൂക്കുകയും അതൊരു ആഘോഷമായി കൊണ്ടാടുകയും ചെയ്യുമായിരുന്നു. ഖുര്‍ആന്‍ ഉല്‍കൃഷ്ട സാഹിത്യമാണെന്ന കാര്യത്തില്‍ ഖുറൈശികള്‍ക്ക് പോലും തര്‍ക്കമുണ്ടായിരുന്നില്ല. അക്കാലത്ത് ഇസ്ലാമിന്റെ കഠിന ശത്രുക്കൾ പോലും അക്കാര്യം ആണയിട്ട് സമ്മതിച്ചതാണല്ലോ
പ്രശസ്തിയും സ്വീകാര്യതയുമാണ് തിരുനബി ഉദ്ദേശിച്ചതെങ്കിൽ ഇത് സ്വന്തം സാഹിത്യ രചനയാണെന്ന് പറയാമായിരുന്നു. എങ്കില്‍ ഉന്നത സാഹിത്യകാരന് എന്ന മേല്‍വിലാസവും ആദരവും പ്രശസ്തിയും മുഹമ്മദ് നബിക്ക് കൈവരുമായിരുന്നു. ആരോപണങ്ങളുമയി ആരും കല്ലെറിയുമായിരുന്നില്ല. എന്നിട്ടും, ഇത് തന്റേതല്ല എന്നാണ് അവിടുന്ന് പറഞ്ഞത്. അത് പറഞ്ഞതിന്റെ പേരിൽ അവിടുന്ന് ഏറെ പീഡനങ്ങളും താഡനങ്ങളും സഹിക്കേണ്ടി വന്നു.
അധികാരവും മുഹമ്മദ് നബിയുടെ ലക്ഷ്യമായിരുന്നില്ല എന്ന് വ്യക്തമാണ്. കാരണം ദിവ്യ ബോധനം തുടങ്ങിയ ആദ്യ നാളുകളില്‍ തന്നെ തിരുനബിയുടെ അരികിലെത്തി പൗരപ്രമുഖരെല്ലാം വശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
അവര്‍ പറഞ്ഞു: നീ സമ്പത്താണ് കൊതിക്കുന്നതെങ്കില്‍ നിനക്ക് വേണ്ടത്ര ധനം ഞങ്ങള്‍ നല്‍കാം. നേതൃത്വമാണ് ആഗ്രഹിക്കുന്നതെങ്കിൽ നിന്നെ നേതാവാക്കാം. അധികാരമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഈ പ്രദേശത്തെ രാജാവായി നിന്നെ വാഴിക്കാം. സ്ത്രീകളെയാണ് വേണ്ടതെങ്കിൽ ഏറ്റവും സുന്ദരികളെ വിവാഹം കഴിപ്പിച്ചു തരാം.
പക്ഷെ, തിരുനബിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: "നിങ്ങൾ ആരോപിക്കുന്നത് ഒന്നും എന്നിൽ ഇല്ല. നിങ്ങളുടെ സമ്പത്തോ നേതൃത്വമോ അധികാരമോ എനിക്കാവശ്യമില്ല. മനുഷ്യര്‍ക്കുള്ള മുന്നറിയിപ്പുകാരനായിട്ടാണ് എന്നെ നിയോഗിച്ചിട്ടുള്ളത്. അവന്റെ സന്ദേശമാണ് ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചു തരുന്നത്. അത് സ്വീകരിക്കുന്നവര്‍ക്ക് ഈ ലോകത്ത് സുഖവും സമാധാനവും പരലോകത്ത് ശാശ്വത വിജയവും നേടാം. ദൈവിക സന്ദേശം സ്വീകരിക്കാത്തവര്‍ക്കിടയില്‍ തീര്‍പ്പ് കല്പ്പിക്കുന്നവന് അല്ലാഹു തന്നെയാണ്."
അധികാരം മോഹിച്ചില്ലെങ്കിലും പില്ക്കാലത്ത് അധികാരം തന്റെ കൈയില്‍ വന്നണഞ്ഞു എന്നത് നേരാണ്. പക്ഷെ, അപ്പോഴും ഒരു രാജകീയ പ്രൗഢിയോടെ അവിടുന്ന ജീവിച്ചിട്ടില്ല. തനിക്ക് മുമ്പിൽ സുജൂദ് (സാഷ്ടാംഗം) ചെയ്യാൻ സമ്മതം ചോദിച്ച അനുചരനോട് അവിടുന്ന് അത് വിലക്കുകയാണ് ഉണ്ടായത്. ദൈവീകതയിലേക്ക് ഉയർത്തും വിധം തന്നെ അമിതമായി ആദരിക്കരുതെന്ന് പഠിപ്പിക്കുകയായിരുന്നു തിരുനബി.
ഒരിക്കല്‍ തിരുനബി പറഞ്ഞു:
“ക്രിസ്ത്യാനികള്‍ മര്‍യമിന്റെ പൂത്രനെ പുകഴ്ത്തിയത് പോലെ നിങ്ങള്‍ എന്നെ പുകഴ്ത്തരുത്. ഞാൻ അല്ലാഹുവിന്റെ എളിയ ദാസൻ മാത്രമാണ്. അതിനാൽ നിങ്ങൾ എന്നെക്കുറിച്ച് അല്ലാഹുവിന്റെ ദൂതനും ദാസനുമെന്ന് മാത്രം പറയുക”. അനുയായികള്‍ക്കിടയില്‍ അവരിലൊരാളായിട്ടാണ് തിരുനബി ജീവിച്ചത്. അവിടുന്ന് അരുളി:
ابْغُونِي الضُّعَفَاءَ، فَإِنَّمَا تُرْزَقُونَ وَتُنْصَرُونَ بِضُعَفَائِكُمْ» أَبُو دَاوُدَ
“എന്നെ ദുർബലർക്കിടയിൽ നിങ്ങളന്വേഷിക്കുക. നിങ്ങൾക്ക് അന്നവും സഹായവും കിട്ടുന്നത് ദുർബലർ കാരണമാണ്.”
തനിക്ക് മറ്റുള്ളവര്‍ സേവനം ചെയ്യുന്നത് പോലും അവിടുന്ന് ഇഷ്ടപ്പെട്ടിട്ടില്ല. ഒരിക്കൽ ഭക്ഷണത്തിന് വേണ്ടി ഒരു മൃഗത്തെ അറുക്കാൻ അനുയായികൾ തീരുമാനിച്ചപ്പോൾ വിറക് ശേഖരിക്കാൻ പോയത് നബിയായിരുന്നെന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം. അവിടുന്ന് സ്വന്തം കൈ കൊണ്ട് ചെരുപ്പ് നന്നാക്കിയിരുന്നു. വസ്ത്രം നെയ്തിരുന്നു. അലക്കുമായിരുന്നു. വീട്ടുജോലികൾ ചെയ്തിരുന്നു. പാൽ കറന്നിരുന്നു. വൃത്തിയാക്കലുൾപ്പെടെ ഒരു വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നു.
സുഖശീതളിമയുടെ സുവർണ്ണ കൊട്ടാരങ്ങളിലിരുന്ന് രാജകീയതയുടെ സകലമാന സൗന്ദര്യങ്ങളുമാസ്വദിച്ച് വിനയത്തെകുറിച്ചും ലാളിത്യത്തെകുറിച്ചു ഗിരിപ്രഭാഷണം നടത്തുന്ന തത്വചിന്തകനായിരുന്നില്ല മുഹമ്മദ്. ദൈവിക സന്ദേശങ്ങളായി പഠിപ്പിച്ച തത്വങ്ങൾക്ക് അവിടുന്ന് പ്രായോഗികതയുടെ ഉടയാടഅണിയിച്ചു. അവിടുത്തെ ജീവിതമായിരുന്നു അവിടുത്തെ സന്ദേശം ‘ ഐഹിക സുഖാസ്വാദനങ്ങൾ പരിത്യജിച്ച്, പാർശ്വവൽക്കരിക്കപ്പെട്ടവരോടൊപ്പം നിന്ന്, വിശപ്പിന്റെ കാഠിന്യത്താൽ വയറിൽ കല്ല് കെട്ടിവെച്ച്, പോർക്കളത്തിൽ തമസ്സിന്റെ ഉപാസകരോട് നേർക്കുനേർ പോരാടി, രാത്രിയിൽ ഉടയതമ്പുരാനോട് പൊട്ടിക്കരഞ്ഞു, കുടുംബത്തോട് കുശലം പറഞ്ഞു. അനുചരർക്കൊപ്പം അവരിൽ ഒരാളായി പ്രവർത്തിച്ച ചരിത്രത്തിലെ വ്യക്തിപ്രഭാവമാണ് മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം.




