ഇത് സൈദ് ബിൻ സഅന: ജൂതപുരോഹിതൻ. അദ്ദേഹം ഒരിക്കൽ തിരുനബിയുടെ സദസ്സിലിരിക്കുകയാണ്. എന്തോ കാര്യമായ ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ വരവ്. നിശബ്ദതയെ ഭേദിച്ചുകൊണ്ട് അവിടെ ഒരാൾ ഒരു വാഹനപ്പുറത്ത് വന്നിറങ്ങി. അഭിവാദ്യങ്ങൾ ചെയ്തശേഷം അദ്ദേഹം പറഞ്ഞുതുടങ്ങി: "നബിയേ, ബുസ്ര എന്നൊരു പ്രദേശമുണ്ട്. അവിടുത്തെ ജനങ്ങൾ നല്ല കഷ്ടപ്പാടിലാണ്. അവരെ എങ്ങനെയെങ്കിലും സഹായിക്കണം. ഞാൻ അവർക്ക് വലിയ ഓഫർ നൽകി വന്നതാണ്.” പാവങ്ങളെ സഹായിക്കുകയെന്നത് നബിയുടെ ഇഷ്ടവിനോദമാണ്. കയ്യിൽ ഒന്നുമില്ല, എന്തുചെയ്യും? നബി അനുചരനായ അലിയെ നോക്കി.
"നബിയേ! പണമെല്ലാം തീർന്നുപോയല്ലോ" നിസ്സഹായതയോടെ അലി പ്രതികരിച്ചു. തിരുനബിയുടെ പ്രയാസം മനസ്സിലാക്കിയ ആ ജൂതൻ പറഞ്ഞു: "മുഹമ്മദ്, 80 മിസ്കാൽ സ്വർണം ഞാൻ തരാം. ഇന്നാലിന്ന വ്യക്തിയുടെ തോട്ടത്തിലെ നിശ്ചിത അളവ് ഈന്തപ്പഴം നിശ്ചിത അവധിക്ക് നീ പകരമായി നൽകിയാൽ മതി."
"ഒരു നിശ്ചിത തോട്ടത്തിൽ നിന്നുള്ള ഈന്തപ്പഴം തരാൻ പ്രയാസമാണ്. ഈന്തപ്പഴം നൽകാം. എത്ര വേണം, എപ്പോൾ വേണം എന്നതും നമുക്ക് നിശ്ചയിക്കാം." ജൂതൻ സമ്മതിച്ചു. അവധി നിശ്ചയിച്ചു. അളവും നിശ്ചയിച്ചു. ജൂതൻ ഉടനെ 80 മിസ്കാൽ സ്വർണം എത്തിച്ചുനൽകി.
അവധി തീരുന്നതിന്റെ രണ്ടു ദിവസം മുമ്പ് തന്നെ അദ്ദേഹം നബിയെ സമീപിച്ചു. അപ്പോൾ അവിടുന്ന് ഒരു ജനാസ (മൃതദേഹം) സംസ്കരണ ചടങ്ങിലായിരുന്നു; കൂടെ അനുചരന്മാരുമുണ്ട്. ആ ജൂതൻ കടന്നുവന്ന് മുത്തുനബിയെ പരുഷമായൊന്ന് നോക്കി. ശേഷം മേൽമുണ്ടും കുപ്പായവും ഒന്നിച്ച് പിടിച്ച് ഒരൊറ്റ വലി! "എന്റെ അവകാശം തിരിച്ചുതരാത്തതെന്ത്? ബനുൽ മുത്വലിബ് ഇങ്ങനെ ആളെ വഞ്ചിക്കുന്നവരാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. നിങ്ങളോടൊപ്പം നടന്നപ്പോൾ എനിക്ക് മറ്റൊരു ധാരണയായിരുന്നു ഉണ്ടായിരുന്നത്."
അദ്ദേഹത്തിന്റെ വാക്കും പ്രവർത്തിയും കണ്ട് ഉമർ കുപിതനായി. "ദുഷ്ടാ! നീയെന്താണ് പറയുന്നത്? നീയെന്താണ് ചെയ്യുന്നത്? നീ ആരോടാണ് ഈ ചെയ്യുന്നത് എന്നറിയുമോ? മുത്തുനബി എന്നോട് ദേഷ്യം പിടിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ നിന്റെ ഉടലിന് മുകളിൽ തലയുണ്ടാകുമായിരുന്നില്ല. അത് എന്റെ ഈ വാളിനിരയായിരിക്കും!"
ഇത്രയുമായപ്പോൾ തിരുനബി പ്രശ്നത്തിലിടപെട്ടു. അവിടുന്ന് ശാന്തനായി പറഞ്ഞു: "ഉമർ, എനിക്കും ഇദ്ദേഹത്തിനും ഇതല്ല ആവശ്യം. അദ്ദേഹത്തോട് മാന്യമായി തിരിച്ചുചോദിക്കാൻ പറയൂ; എന്നോട് മാന്യമായി തിരിച്ചുകൊടുക്കാനും."
തുടർന്ന് ഉമറിനെ അയാൾക്ക് അവകാശപ്പെട്ട ഈന്തപ്പഴം കൊടുക്കാനും, അയാളെ ഭീഷണിപ്പെടുത്തിയതിന് പകരമായി 20 സ്വാഅ് (ഒരു സ്വാഅ് ഏകദേശം രണ്ടര - മൂന്ന് കിലോ വരും) കൂടുതൽ കൊടുക്കാനും തിരുനബി ഏൽപ്പിച്ചു.
ഉമർ സൈദ് ബിൻ സഅനയുടെ സമീപത്ത് ചെന്നു. സൈദ് ചോദിച്ചു:
"എന്താ കാര്യം?"
ഉമർ: "നിങ്ങൾക്ക് മുഹമ്മദ് നബി തരാമെന്നേറ്റ ഈന്തപ്പഴം തരാൻ വന്നതാണ്."
സൈദ്: "ഇതിൽ 20 സ്വാഅ് കൂടുതലുണ്ടല്ലോ?"
ഉമർ: "നിങ്ങളോട് ഞാൻ പരുഷമായി സംസാരിച്ചതിന് പകരമായി മുഹമ്മദ് നബി നിങ്ങൾക്ക് അധികമായി തരാൻ ഏൽപ്പിച്ചതാണ്."
സൈദ്: "ഉമർ, ഞാനാരാണെന്ന് അറിയുമോ?"
ഉമർ: "ഇല്ല, താങ്കൾ ആരാണ്?"
സൈദ്: "ഞാനാണ് സൈദ് ബിൻ സഅന."
ഉമർ: "അറിയപ്പെട്ട ജൂതപുരോഹിതനല്ലേ?"
സൈദ്: "അതെ."
ഉമർ: "തിരുനബിയോട് അങ്ങനെ ചെയ്യാൻ താങ്കളെ പ്രേരിപ്പിച്ച ഘടകം എന്താണ്?"
സൈദ്: "അന്ത്യപ്രവാചകന്റേതായി വേദങ്ങളിൽ പറയപ്പെട്ട എല്ലാ അടയാളങ്ങളും അദ്ദേഹത്തിന്റെ മുഖത്ത് എനിക്ക് ദൃശ്യമായിരുന്നു. പക്ഷേ, എനിക്ക് രണ്ടു കാര്യങ്ങൾ അറിയേണ്ടതുണ്ടായിരുന്നു. അത് ആ മുഖത്തുനിന്ന് വായിച്ചെടുക്കാൻ സാധിക്കുന്നതായിരുന്നില്ല, സ്വഭാവത്തിൽ നിന്നും മനസ്സിലാക്കാനുള്ളതായിരുന്നു."
ഉമർ: "ഏതാണ് ആ രണ്ടു കാര്യങ്ങൾ?"
സൈദ്: "ആ പ്രവാചകന്റെ സഹനം അദ്ദേഹത്തിന്റെ ദേഷ്യത്തെ മറികടക്കും. അദ്ദേഹത്തോട് ആരെങ്കിലും എന്തെങ്കിലും അവിവേകം പ്രവർത്തിച്ചാൽ അദ്ദേഹത്തിന് സഹനം വർധിക്കുകയേ ഉള്ളൂ. ഈ രണ്ട് അടയാളങ്ങളും എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ഞാൻ മുഹമ്മദിനെ നബിയായി അംഗീകരിച്ച് മുസ്ലിമാകുന്നു. ഒരു കാര്യം കൂടി പറയട്ടെ, ഞാൻ നല്ല സമ്പന്നനാണ്. എന്റെ സമ്പത്തിന്റെ പകുതിയും ഞാൻ മുസ്ലിം സമുദായത്തിന് മുഴുവനായി നൽകുന്നു."
ഉമർ: "മുഴുവൻ എന്ന് പറയേണ്ട. കാരണം അത് എന്തായാലും അവർക്ക് മുഴുവനായി തികയില്ല."
സൈദ്: "എന്നാൽ മുസ്ലിംകളിൽ ചിലർക്ക് എന്ന് പറയാം."
ഉമർ: "അതെ."
അങ്ങനെ അദ്ദേഹം തിരുനബിയുടെ അടുക്കലേക്ക് വരികയും സത്യസാക്ഷ്യം മൊഴിഞ്ഞ് ഇസ്ലാം പ്രഖ്യാപിക്കുകയും ചെയ്തു. അദ്ദേഹം മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബം മുഴുവനും ഇസ്ലാമിലേക്ക് കടന്നുവന്നു; നൂറു വയസ്സുള്ള ഒരു വയോവൃദ്ധൻ ഒഴികെ.
പിന്നീട് സൈദ് നബിയോടൊപ്പം പല യുദ്ധങ്ങളിലും പങ്കെടുത്തു. തബൂക്ക് യുദ്ധത്തിൽ അദ്ദേഹം രക്തസാക്ഷിയായി. വേദങ്ങളിൽ പഠിച്ചതിൻ്റെ അടിസ്ഥാനത്തിൽ തിരുനബിയെ പരീക്ഷിച്ചു ബോധ്യപ്പെട്ട്, തന്റെ സമ്പത്തിന്റെ പകുതിയും ചെലവഴിക്കാൻ തയ്യാറാവുകയും തിരുനബിയോടൊപ്പം പൊരുതി രക്തസാക്ഷിയാവുകയും ചെയ്ത സാത്വികന്റെ ചരിത്രം എന്നതിനപ്പുറം തിരുനബിയുടെ ക്ഷമയും സഹിഷ്ണുതയും പൊതുജനത്തോടുള്ള സഹാനുഭൂതിയും ഉദാരതയും, ഒപ്പം അനുയായികളെ നിയന്ത്രിക്കാനുള്ള നേതൃപാടവവും അധ്യാപന മികവും ഈ ചരിത്രത്തിൽ ഉൾച്ചേർന്നിരിക്കുന്നു.
ഇമാം ത്വബ്റാനി ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.




