തിരുനബിയുടെ നിസ്കാരത്തെക്കുറിച്ചാണല്ലോ നാം പറഞ്ഞിരുന്നത്. നിസ്കാരത്തിലെ ഏറ്റവും വിനീതവും മനോഹരവും പ്രാർത്ഥനാനിർഭരവുമായ രംഗമാണ് സാഷ്ടാംഗം (സുജൂദ്). സുജൂദിലാണ് അടിമ ഉടമയോട് ഏറ്റവും അടുത്തിരിക്കുന്നതെന്ന് തിരുനബി തന്നെ പഠിപ്പിച്ചിട്ടുണ്ട്.
സുജൂദ് നിസ്കാരത്തിൽ മാത്രമല്ല; വിശുദ്ധ ഖുർആനിലെ ചില സൂക്തങ്ങൾ പാരായണം ചെയ്യുമ്പോൾ, നിസ്കാരത്തിലാണെങ്കിലും പുറത്താണെങ്കിലും സുജൂദ് ചെയ്യേണ്ടതുണ്ട്. അതിന് 'തിലാവത്തിന്റെ സുജൂദ്' എന്നാണ് സാങ്കേതികമായി പറയുന്നത്. മറ്റൊരു സുജൂദാണ് 'ശുക്റിന്റെ സുജൂദ്'. നന്ദിസൂചകമായി ചെയ്യുന്ന സാഷ്ടാംഗമാണത്. പുതിയ അനുഗ്രഹങ്ങൾ ലഭിക്കുമ്പോഴും ആപത്തുകളിൽ നിന്ന് രക്ഷപ്പെടുമ്പോഴുമൊക്കെ ഈ നന്ദിപ്രകടനം സുന്നത്താണ്.
തിരുനബി ദീർഘമായി നന്ദിയുടെ സുജൂദ് ചെയ്ത പല രംഗങ്ങളും സ്വഹാബികൾ അയവിറക്കുന്നുണ്ട്. ഒരിക്കൽ മുആദ് ബിൻ ജബൽ തിരുനബിയെ അന്വേഷിച്ചപ്പോൾ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഭാര്യമാരുടെ കുടിലുകളിലും അന്വേഷിച്ചു; തിരുനബി അവിടെയുമില്ലായിരുന്നു. പിന്നെ ഓരോ മുക്കിലും മൂലയിലും തിരച്ചിലായി. സവാബ് മലയ്ക്ക് മുകളിലേക്ക് പോയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വിവരം ലഭിച്ചു. മുആദ് ആ മല കയറാൻ തീരുമാനിച്ചു. മലമുകളിൽ എത്തി തിരിഞ്ഞും മറിഞ്ഞും നോക്കി. അപ്പോൾ കണ്ട കാഴ്ച മുആദിനെ അമ്പരപ്പിച്ചു കളഞ്ഞു. മസ്ജിദുൽ ഫത്ഹിലേക്ക് ജനങ്ങൾ പോകുന്ന വഴി ഒരു ഗുഹയുണ്ട്. അതിലതാ നബി സുജൂദിൽ കിടക്കുന്നു! സുദീർഘമായ സുജൂദ്! അവിടുന്ന് മരിച്ചുപോയോ എന്ന് പോലും താൻ സംശയിച്ചു പോയി! സുജൂദിൽ നിന്ന് വിരമിച്ച ശേഷം തിരുനബി സംഗതി വിശദീകരിച്ചു:
"ഇവിടെവെച്ച് ജിബ്രീൽ മാലാഖ (Intermediary between God and prophets) പ്രത്യക്ഷപ്പെട്ട് പറഞ്ഞു: ‘അല്ലാഹു അങ്ങേക്ക് സലാം പറയുന്നുണ്ടെന്നും അങ്ങയുടെ സമുദായത്തിന്റെ കാര്യത്തിൽ എന്ത് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചതായും അറിയിച്ചു.’ 'അല്ലാഹു അഅ്ലം' (അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ) എന്ന് ഞാൻ പ്രതിവചിച്ചു. ജിബ്രീൽ തിരിച്ചുപോയി മടങ്ങിവന്ന് ഇങ്ങനെ പറഞ്ഞു: ‘ജനങ്ങളുടെ കാര്യത്തിൽ നിങ്ങളെ നാം പ്രയാസപ്പെടുത്തുകയില്ലെന്ന് അല്ലാഹു അറിയിക്കുന്നു.’ ഈ സന്തോഷവാർത്തയുടെ നന്ദിപ്രകടനമായി ഞാൻ ചെയ്ത സുജൂദാണിത്."
ഒരാൾ തിരുനബിയുടെ മേൽ ഒരു സ്വലാത്ത് (മുഹമ്മദ് നബിയെ ആദരിക്കാനും അവിടുത്തെ മേൽ അല്ലാഹുവിന്റെ അനുഗ്രഹം തേടാനുമായി വിശ്വാസികൾ നടത്തുന്ന പ്രാർത്ഥനയാണ് സ്വലാത്ത്) ചൊല്ലിയാൽ അല്ലാഹു അവന് പത്ത് ഗുണങ്ങൾ നൽകുമെന്ന വിവരം അറിയിക്കപ്പെട്ടപ്പോഴും മുത്തുനബി ഇങ്ങനെ സുദീർഘമായി സുജൂദിൽ വീണിരുന്നു. എന്തെങ്കിലും അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ മനുഷ്യൻ തന്റെ സ്രഷ്ടാവായ അല്ലാഹുവിന്റെ മുമ്പിൽ നമ്രശിരസ്കനാകുന്നതിന്റെ നേർചിത്രമാണിത്.
നിസ്കാരത്തിൽ പ്രാർത്ഥനകളുണ്ട്, നിസ്കാരത്തിന് ശേഷവും. അഞ്ച് നേരത്തെ നിർബന്ധ നിസ്കാരങ്ങൾക്ക് ശേഷമുള്ള പ്രാർത്ഥനകൾക്ക് സവിശേഷതയുണ്ട്. ഏറ്റവും കൂടുതൽ ഉത്തരം ലഭിക്കുന്ന രണ്ട് പ്രാർത്ഥനകളിലൊന്നാണത്; മറ്റേത് അർദ്ധരാത്രിയിലേതാണ്. തിരുനബിയുടെ പ്രാർത്ഥനകളിൽ പോലും മദീനയും ശാമും യമനും കടന്നുവന്നു. മുദ്ദും സ്വാഉം (ഭക്ഷ്യവസ്തുക്കൾ) വിഷയീഭവിച്ചു. അവശരും അബലരും ഉൾപ്പെട്ടു. ഐഹികവും പാരത്രികവും സാമൂഹികവും സാമുദായികവുമായ എല്ലാം ഉൾച്ചേർന്നു. തിരുനബിയുടെ പ്രാർത്ഥനകൾക്ക് കണ്ണീരിന്റെ ഉപ്പുരസമുണ്ടായിരുന്നു; വൈവിധ്യങ്ങളുടെ മാധുര്യമുണ്ടായിരുന്നു. ആത്മാർത്ഥതയായിരുന്നു അതിന്റെ ആത്മാവ്.
പ്രാർത്ഥനയ്ക്കായി ഒട്ടേറെ വാചകങ്ങൾ അവിടുന്ന് പഠിപ്പിച്ചു. പ്രഭാതത്തിലും പ്രദോഷത്തിലും ചെയ്യേണ്ട സവിശേഷമായ പ്രാർത്ഥനകളുണ്ട്. പലരും അവ ക്രോഡീകരിച്ചു. ഇമാം അബ്ദുല്ലാഹിബ്നു ഹദ്ദാദ് ക്രോഡീകരിച്ച 'അൽ വിർദുല്ലത്തീഫ്' ഇതിൽ സുപ്രധാനമാണ്. വിശ്വവിഖ്യാതമായ 'ഹദ്ദാദ് റാത്തീബ്' ക്രോഡീകരിച്ചതും അദ്ദേഹം തന്നെയാണ്.
പ്രാർത്ഥനകളിൽ സുപ്രധാനമാണ് പാപമോചനത്തിനായുള്ള തേട്ടം; 'ഇസ്തിഗ്ഫാർ' എന്നാണ് അതിന് പറയുക. 'സയ്യിദുൽ ഇസ്തിഗ്ഫാർ' എന്നൊരു പ്രാർത്ഥന തിരുനബി പഠിപ്പിച്ചിട്ടുണ്ട് (ഇസ്തിഗ്ഫാറിന്റെ തലവൻ). അത് രാവിലെ ഒരാൾ ചൊല്ലുകയും പ്രദോഷമാകുന്നതിനു മുമ്പ് അയാൾ മരണപ്പെടുകയും ചെയ്താൽ അദ്ദേഹം സ്വർഗ്ഗത്തിലായിരിക്കും; രാത്രിയാണ് ചൊല്ലുന്നതെങ്കിൽ പ്രഭാതമാകുന്നതിനു മുമ്പ് മരണപ്പെട്ടാലും സ്വർഗ്ഗത്തിലായിരിക്കും.
اللهمَّ أَنْتَ رَبِّي لا إِلَهَ إلا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي، فَاغْفِرْ لِي؛ فَإِنَّهُ لا يَغْفِرُ الذُّنُوبَ إلا أَنْتَ.
പ്രാർത്ഥിക്കുമ്പോൾ പാലിക്കേണ്ട ധാരാളം മര്യാദകളുണ്ട്. പ്രഥമമായി പ്രാർത്ഥനയ്ക്കൊരു മുഖവുര വേണം. അല്ലാഹുവിനെ പുകഴ്ത്തുകയും തിരുനബിക്ക് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിക്കാൻ തേടുകയുമാണ് ആ മുഖവുര. ഹംദ്, സ്വലാത്ത് എന്നാണ് ഇവയുടെ സാങ്കേതിക നാമം. ഫുളൈലുബ്നു ഉബൈദ് പറയുകയാണ്: “ഞങ്ങൾ നബിയുടെ അരികെ ഇരിക്കുന്ന സന്ദർഭത്തിൽ ഒരാൾ വന്ന് നിസ്കരിച്ചു, ശേഷം പ്രാർത്ഥിച്ചു. അപ്പോൾ നബി പറഞ്ഞു: ‘ഹംദും സ്വലാത്തും ചൊല്ലിയ ശേഷം പ്രാർത്ഥിക്കുക.’ അതുകേട്ട് അയാൾ വീണ്ടും നിസ്കരിച്ചു; ഹംദ് ചൊല്ലി, നബിക്ക് വേണ്ടി സ്വലാത്ത് ചൊല്ലി. അപ്പോൾ നബി പറഞ്ഞു: ‘ഇനി പ്രാർത്ഥിച്ചോളൂ, ഉത്തരം ലഭിക്കും.’”
അംഗശുദ്ധി വരുത്തിയാണ് പ്രാർത്ഥിക്കാൻ തുടങ്ങേണ്ടത്. അബൂമൂസൽ അശ്അരി ഉദ്ധരിക്കുന്നു: “നബി ഉബൈദ് അബീ ആമിറിന് വേണ്ടി പ്രാർത്ഥിച്ചപ്പോൾ ആദ്യം വുളൂ ചെയ്തു, ശേഷം കൈകൾ ഉയർത്തി പ്രാർത്ഥിച്ചു. ഖിബ്ലയ്ക്ക് (കഅ്ബയുടെ ഭാഗത്തേക്ക്) തിരിഞ്ഞായിരിക്കണം പ്രാർത്ഥന.” തിരുനബി കഅ്ബയിലേക്ക് തിരിഞ്ഞുകൊണ്ട് ഖുറൈശികളിലെ ഒരു സംഘത്തിനെതിരെ പ്രാർത്ഥിച്ചുവെന്ന് അബൂ മസ്ഊദ് ഓർക്കുന്നുണ്ട്.
ഖുർആനിലും ഹദീസിലും (നബി വചനങ്ങൾ) വന്ന വാക്കുകളാണ് പ്രാർത്ഥനയ്ക്ക് ഏറ്റവും ഉത്തമം. എല്ലാ വിഷയങ്ങളെയും ഉൾക്കൊള്ളുന്ന പദങ്ങളാകുന്നതാണ് നല്ലത്. അങ്ങനെയുള്ളവയാണ് നബിയുടെ പ്രാർത്ഥനകൾ. 'ആഫിയത്ത്' ചോദിക്കാൻ തിരുനബി പറയുന്ന ഹദീസുണ്ട്. ആഫിയത്ത് എന്നാൽ സുഖം; ജീവിതത്തിലും മരണശേഷവും നമുക്ക് വേണ്ടത് സുഖമാണല്ലോ.
പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന പ്രത്യേക സമയങ്ങൾ ശ്രദ്ധിക്കണം. ഉദാഹരണത്തിന്: അറഫാ ദിവസം, അത്താഴ സമയം (സുബ്ഹിക്ക് മുമ്പ്), വെള്ളിയാഴ്ച ദിവസം, റമദാൻ മാസം (വിശിഷ്യാ അവസാന പത്തിലെ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന രാത്രികൾ). ഉത്തരം ലഭിക്കുന്ന പ്രത്യേക സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതും ഫലപ്രദമാണ്. ഉദാഹരണത്തിന്: മുൽതസം (കഅ്ബയുടെ വാതിലിനും ഹജറുൽ അസ്വദിനും ഇടയിലുള്ള ഭാഗം), സ്വഫാ, മർവ്വ, മഖാമു ഇബ്രാഹീം തുടങ്ങിയവ.
അപ്രകാരം ആത്മീയ നേതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന ഇടങ്ങളിൽ വെച്ചുള്ള പ്രാർത്ഥനയും ഫലപ്രദമാണ്. മഹാനായ ഇമാം ശാഫി, പ്രയാസ സന്ദർഭങ്ങളിൽ ഇമാം അബൂഹനീഫയുടെ കബറിടത്തിൽ ചെന്ന് പ്രാർത്ഥന നടത്തിയിരുന്നു. മനസ്സ് വേദനിച്ചുകൊണ്ട് നടത്തുന്ന പ്രാർത്ഥനകൾ പെട്ടെന്ന് ഉത്തരം ലഭിക്കുന്നവയാണ്. തിരുനബി പറഞ്ഞു: "മൂന്ന് പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുമെന്നതിൽ സംശയമില്ല; അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥന, യാത്രക്കാരന്റെ പ്രാർത്ഥന, മാതാപിതാക്കൾ മക്കൾക്ക് വേണ്ടി നടത്തുന്ന പ്രാർത്ഥന."
സുജൂദിൽ, നിസ്കാരശേഷം, നോമ്പുകാരനായിരിക്കെ, ദാനം ചെയ്ത ശേഷം തുടങ്ങിയ സന്ദർഭങ്ങളിലെ പ്രാർത്ഥനകൾ വലിയ ഫലം ചെയ്യും. പ്രാർത്ഥനയിൽ അല്ലാഹുവിന്റെ പുണ്യനാമങ്ങൾ (അസ്മാഉൽ ഹുസ്നാ) ഉൾപ്പെടുത്തുന്നത് നല്ലതാണ്. പ്രാർത്ഥിക്കുമ്പോൾ ഇരുകൈകളും ഉയർത്തണം. അല്ലാഹുവിൽ നിന്ന് എന്തെങ്കിലും ലഭിക്കാനാണെങ്കിൽ കൈവെള്ള മുകളിലേക്ക് ഉയർത്തണം; വിപത്തുകൾ ഒഴിഞ്ഞു പോകാനാണെങ്കിൽ കൈകളുടെ പുറംഭാഗമാണ് ഉയർത്തേണ്ടത്.
സൽക്കർമ്മങ്ങളെയും മഹാത്മാക്കളെയും മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുന്നത് (തവസ്സുൽ) ഫലപ്രദമാണ്. പ്രവാചകൻ പറഞ്ഞ ഒരു സംഭവം: മൂന്നംഗ സംഘം യാത്രയ്ക്കിടയിൽ ഒരു ഗുഹയിൽ അകപ്പെടുകയും പാറ വന്നടഞ്ഞ് ഗുഹാമുഖം അടയുകയും ചെയ്തു. അവർ ഓരോരുത്തരും തങ്ങൾ ചെയ്ത സൽക്കർമ്മങ്ങൾ മുൻനിർത്തി പ്രാർത്ഥിച്ചപ്പോൾ പാറ നീങ്ങുകയും അവർ രക്ഷപ്പെടുകയും ചെയ്തു. ഉത്തരം ലഭിക്കാനുള്ള ധൃതി ഒഴിവാക്കണം. ക്ഷേമത്തിലും ക്ഷാമത്തിലും പ്രാർത്ഥിക്കണം.കുടുംബത്തിനും സമ്പത്തിനും സ്വശരീരത്തിനും എതിരായി പ്രാർത്ഥിക്കരുത്. ആദ്യം സ്വന്തത്തിന് വേണ്ടിയും പിന്നീട് മറ്റുള്ളവർക്ക് വേണ്ടിയും പ്രാർത്ഥിക്കുക. സുഹൃത്തിന് വേണ്ടി അവന്റെ അസാന്നിധ്യത്തിൽ പ്രാർത്ഥിക്കുന്നത് ഏറെ ഫലപ്രദമാണ്. ഒറ്റയ്ക്കും കൂട്ടായും പ്രാർത്ഥിക്കണം. ഒറ്റയ്ക്കിരുന്ന് അല്ലാഹുവിനെ ഓർത്ത് കണ്ണീരൊഴുക്കിയവന് അർശിന്റെ തണൽ (അന്ത്യനാളിന് ശേഷം മനുഷ്യരെ വിചാരണയ്ക്കായി ഒരുമിച്ചുകൂട്ടുന്ന സമയത്ത് ലഭിക്കുന്ന വലിയ അനുഗ്രഹങ്ങളിലൊന്ന്) ലഭിക്കുമെന്ന് ഹദീസിലുണ്ട്. എന്നാൽ സമൂഹ പ്രാർത്ഥനയ്ക്കും സവിശേഷതയുണ്ട്. ഒരാൾ പ്രാർത്ഥിക്കുകയും മറ്റുള്ളവർ 'ആമീൻ' പറയുകയും ചെയ്താൽ ആ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കും. പ്രാർത്ഥനയുടെ അവസാനം 'ആമീൻ യാ റബ്ബൽ ആലമീൻ' എന്ന് പറയണം. പ്രാർത്ഥനയിലെ തിരുനബി പാഠങ്ങളെക്കുറിച്ച് ഇനിയും ഒട്ടേറെ വിശേഷങ്ങൾ പറയാനുണ്ട്.




