പലരും വലിയ വലിയ സമ്മാനങ്ങളുമായി തിരുനബിയെ സമീപിക്കുന്നു. ഗുമൈസാ ബീവിക്ക് ആധിയായി. (ഉമ്മുസുലൈം ബീവിയുടെ യഥാർത്ഥ പേര് ഗുമൈസാ എന്നാണ്. മദീനയിലെ ഖസ്റജ് ഗോത്രത്തിലെ നജ്ജാർ കുടുംബത്തിൽ മിൽഹാൻ ബിൻ ഖാലിദ് അൽ അൻസാരി എന്നവരുടെ മകളാണ്).
"ഞാനെന്തു കൊടുക്കും നബിക്ക്? തന്റെ കയ്യിൽ ഒന്നുമില്ലല്ലോ!" ചിന്തകൾക്ക് തീപിടിച്ചു.
അസാധാരണമായ ഒരു സമ്മാനം അവർ കണ്ടുപിടിക്കുക തന്നെ ചെയ്തു. പത്തു വയസ്സായ തന്റെ മകന്റെ കൈയും പിടിച്ച് അവർ തിരുനബിയെ സമീപിച്ചു. “എല്ലാവരും അങ്ങേക്ക് വലിയ വിലപിടിപ്പുള്ള സമ്മാനങ്ങളൊക്കെ നൽകുന്നു. എന്റെ കയ്യിൽ തരാൻ ഒന്നുമില്ല. ആകെയുള്ളത് ഈ കുഞ്ഞുമോൻ മാത്രമാണ്. ഇവനെ നിങ്ങൾക്ക് ഞാൻ ഏൽപ്പിച്ചു തരുന്നു. നിങ്ങൾക്ക് പല്ല് തേക്കാൻ ബ്രഷ് എടുക്കാനോ, പുറത്തിറങ്ങാൻ ചെരുപ്പെടുത്തു തരാനോ, ശുചീകരണത്തിനും മറ്റും വെള്ളം കൊണ്ടുവരാനോ എല്ലാം ഇവനെ വിളിച്ചാൽ മതി. ഇവൻ നിങ്ങളുടെ കൂടെ നിൽക്കട്ടെ.” ഗുമൈസ ബീവി പറഞ്ഞു.
മദീനയിൽ ഇന്ന് പെരുന്നാളാണ്. കാത്തിരിപ്പുകളുടെ നൈരന്തര്യങ്ങൾക്കൊടുവിൽ പൂത്തുലയുന്ന പെരുന്നാൾ. വീടുകൾ ആഹ്ലാദത്തിമർപ്പിലാണ്. കുട്ടികളും യുവാക്കളും സ്ത്രീകളും വയോജനങ്ങളും വയോവൃദ്ധർവരെ അവരുടേതായ ആഘോഷ പരിപാടികളിൽ മുഴുകിയിരിക്കുന്നു. ദഫ് മുട്ടുന്നവർ, തോരണങ്ങൾ തൂക്കുന്നവർ, വിഭവങ്ങൾ ഒരുക്കുന്നവർ, സമ്മാനങ്ങൾ സംഭരിക്കുന്നവർ. എന്താ കാര്യം?
ഇന്നാണ് തിരുനബി മദീനയിൽ എത്തിയിരിക്കുന്നത്. എത്ര നാളായി കാത്തിരിക്കുന്നു! എന്നും പുലർച്ചെ അബാലവൃദ്ധം ജനങ്ങൾ വിശുദ്ധ പ്രവാചകരുടെ വരവും കാത്ത് മദീനയുടെ അതിർത്തിയിൽ കാത്തിരിക്കുന്നു. വെയിൽ ചൂടാകുമ്പോൾ അവർ നിരാശയോടെ തിരിച്ചുവരും. "നാളെ വരുമായിരിക്കും; വരും; വരാതിരിക്കില്ല" - അവർ സ്വയം ആശ്വസിക്കുന്നു. അങ്ങനെ ഒരുപാട് നാളുകൾക്കുശേഷമാണ് ആ നാൾ വന്നണഞ്ഞത്. മദീനത്ത് പൂത്തിങ്കളുദിച്ചപ്പോൾ അവർ ഒന്നിച്ചു പാടി:
طلع البدر علينا من ثنيات الوداع وجب الشكر علينا ما دعا لله داع
“വദഅ് താഴ്വരകൾക്കിടയിൽ നിന്ന് ഞങ്ങൾക്കുമേൽ പൗർണമി ഉദിച്ചിരിക്കുന്നു. ഇതിന് നന്ദി ചെയ്യൽ ഞങ്ങൾക്കനിവാര്യമാണ്. സത്യസരണയിലേക്കുള്ള പ്രബോധന ദൗത്യം നിലനിൽക്കുന്ന കാലമത്രയും.”
കുട്ടികൾ ദഫ്മുട്ടി തിരുനബിയെ ആനയിച്ചു. ഒരു റബീഉൽ അവ്വൽ 12, തിങ്കളാഴ്ചയായിരുന്നു അത്. ആളുകൾ തിരുനബിയെ പൊതിയാൻ തുടങ്ങി. അവർക്ക് അവിടുത്തെ കാണണം, സ്പർശിക്കണം, ചുംബിക്കണം, വീട്ടിൽ കൊണ്ടുപോകണം, സൽക്കരിക്കണം. അങ്ങനെ എന്തെല്ലാം…
അന്നുമുതൽ പത്തു വർഷം തിരുനബിയുടെ സേവകനായി കൂടെ നിന്നു അനസ്. മുഴുസമയവും തിരുനബിക്ക് സേവനം ചെയ്തു; പൊരുത്തവും ഗുരുത്വവും കരസ്ഥമാക്കി. തിരുനബി അനസിന് വേണ്ടി ദുആ ചെയ്തു: "അല്ലാഹുവേ! അവന് സമ്പത്ത് കൊടുക്കണേ! സന്താനങ്ങളെ കൊടുക്കണേ! അവയിൽ ഐശ്വര്യം ചൊരിയണേ!" പ്രാര്ത്ഥനാഫലമായി നൂറിലേറെ കൊല്ലം അനസ് ജീവിച്ചു. മക്കളും പേരമക്കളുമായി നൂറിലേറെ പേരെ കണ്ടു.
എങ്ങനെയായിരുന്നു തിരുനബിയുടെ സ്വഭാവം? അനസ് പറയുകയാണ്: “അവിടുത്തെ കയ്യിനേക്കാൾ മിനുസമുള്ള ഒരു പട്ടുവസ്ത്രവും ഞാൻ സ്പർശിച്ചിട്ടില്ല. തിരുനബിയുടെ ഗന്ധത്തിനേക്കാൾ സുഗന്ധമുള്ള ഒരു മണവും ഞാൻ അനുഭവിച്ചിട്ടില്ല. മുത്ത് നബിയേക്കാൾ സ്വഭാവ വൈശിഷ്ട്യമുള്ള ഒരാളെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.”
“പത്ത് വർഷം ഞാൻ അവിടുത്തേക്ക് സേവനം ചെയ്തു. ഈ കാലയളവിൽ ഒരിക്കൽപോലും നീരസമുണ്ടാക്കുന്ന ഒരു പദം പോലും എന്നോട് സംസാരിച്ചിട്ടില്ല. ‘നീ എന്തിനാണത് ചെയ്തതെന്നോ, എന്തുകൊണ്ട് ചെയ്തില്ല എന്നോ, നിനക്ക് ഇത് ചെയ്തുകൂടായിരുന്നോ എന്നോ എന്നോട് അവിടുന്ന് പറഞ്ഞിട്ടില്ല. ഏറ്റവും കൂടുതൽ വാത്സല്യമുള്ളവരും ഏറ്റവും ഹൃദയവിശാലതയുള്ളവരും ഏറ്റവും നല്ല സ്വഭാവമുള്ളവരുമായിരുന്നു എന്റെ റസൂൽ.”
തിരുനബി അനസിന്റെ മുഖത്ത് രൂക്ഷമായി നോക്കിയിട്ടില്ല; ശകാരിച്ചിട്ടില്ല; അടിച്ചിട്ടില്ല. അനസ് തുടരുന്നു: “ഒരിക്കൽ എന്തോ ആവശ്യത്തിനായി എന്നെ പുറത്തേക്ക് പറഞ്ഞയച്ചു. ഞാൻ പുറത്തിറങ്ങി. വഴിയിൽ കുട്ടികൾ കളിക്കുന്നത് കണ്ടപ്പോൾ കുറേസമയം അവിടെ നോക്കിനിന്നു. അതിനിടെ എന്നെ ഏൽപ്പിച്ച വിഷയം മറന്നുപോയി. എന്നെ കാണാതായപ്പോൾ തിരുനബി ഇറങ്ങി നടന്നുവന്നു. എന്നെ കണ്ടു. എന്റെ പിറകിലൂടെ വന്നു മിണ്ടാതെ നിന്നു. എന്റെ പിറകിൽ ആരോ ഉണ്ടെന്ന് മനസ്സിലാക്കിയ ഞാൻ തിരിഞ്ഞു നോക്കി. അപ്പോഴതാ അല്ലാഹുവിൻ്റെ പ്രവാചകൻ അവിടുന്ന് പുഞ്ചിരിക്കുകയാണ്! 'ഞാൻ പറഞ്ഞ കാര്യം ചെയ്തോ കുഞ്ഞനസേ?' എന്ന് ചോദിച്ചു. (അനസിനെ ഉനൈസ് - കുഞ്ഞനസ്, കുഞ്ഞിമോൻ എന്നൊക്കെയായിരുന്നു തിരുനബി വിളിച്ചിരുന്നത്). എനിക്ക് കാര്യം പിടികിട്ടി. 'ഇതാ ഞാൻ ഇപ്പോൾ വരാം' എന്നും പറഞ്ഞ് ഞാൻ പെട്ടെന്ന് കാര്യം നിർവ്വഹിച്ചു.”
കുട്ടികളെ കാണുമ്പോഴൊക്കെ അനസ് സലാം ചൊല്ലും; എന്നിട്ട് പറയും: "തിരുനബി കുട്ടികൾക്ക് സലാം ചൊല്ലാറുണ്ടായിരുന്നു." അനസ് തന്നെ പറയുന്നു: “ഒരിക്കൽ തിരുനബി മദീനയിലെ വഴിയോരങ്ങളിലൂടെ നടന്നുപോകുമ്പോൾ കുറച്ചു പെൺകുട്ടികൾ ദഫ്മുട്ടി ഇങ്ങനെ പാടുന്നത് തിരുനബി കേട്ടു:
نحن جوار من بني النجار يا حبذا محمد من جاري
“ഞങ്ങൾ ബനൂനജ്ജാർ ഗോത്രത്തിലെ പെൺകുട്ടികളാണ്. ഞങ്ങളുടെ കൂടെ തിരുനബി ഉണ്ടല്ലോ! ഹായ്, എന്തൊരു സന്തോഷം!”
ഉടനെ തിരുനബി അവരോട് പറഞ്ഞു: ‘മക്കളെ, നിങ്ങളെ എനിക്കിഷ്ടമാണെന്ന് അല്ലാഹുവിനറിയാം.’” ഇതിൽ നിന്നൊക്കെ എന്തു മനസ്സിലായി? കുഞ്ഞുങ്ങളുമായി നല്ല കൂട്ടായിരുന്നു തിരുനബി എന്ന് തന്നെ. വലിയ കുട്ടികളോട് മാത്രമല്ല, നവജാതശിശുക്കളോട് വരെ അവിടുത്തെ കാരുണ്യം പരന്നൊഴുകി.
മറ്റൊരു രംഗം കാണുക. അർദ്ധരാത്രി പിന്നിട്ടിരിക്കുന്നു. ഉമ്മുസുലൈമിന് പ്രസവവേദന ശക്തമായി. ഒത്താശക്ക് ഭർത്താവ് അബൂത്വൽഹ മാത്രമേ കൂടെയുള്ളൂ. നവജാതശിശുവിന്റെ കരച്ചിൽ ഇരുട്ടിന്റെ നിശബ്ദതയെ ഭേദിച്ച് പുറത്തേക്ക് വന്നു. അൽഹംദുലില്ലാഹ്, ഉമ്മുസുലൈമിന് ഒരു ആൺകുഞ്ഞ് കൂടി പിറന്നിരിക്കുന്നു. കുഞ്ഞ് നിർത്താതെ കരയുകയാണ്. കുട്ടിക്ക് അമ്മിഞ്ഞപ്പാൽ കൊടുക്കണം. പക്ഷേ, ഉമ്മ കൊടുക്കാൻ കൂട്ടാക്കുന്നില്ല! അതിനേക്കാൾ ഉൽകൃഷ്ടമായ മറ്റൊന്ന് അതിനുമുമ്പ് കുട്ടിയുടെ വായിലെത്തേണ്ടതുണ്ട്. അതിനായി ഉമ്മ കാത്തിരിക്കുകയാണ്. മൂത്തമകൻ അനസിന്റെ കൈവശം കുട്ടിയെ മുത്ത് നബിയുടെ അടുത്തേക്ക് കൊടുത്തയക്കാനാണ് പദ്ധതി.
അനസ് മോൻ ഉടൻ വീട്ടിലെത്തി. കുറച്ച് ഈന്തപ്പഴം നൽകി കുഞ്ഞിനെ അവന്റെ കയ്യിൽ ഏൽപ്പിച്ചുകൊണ്ട് ഉമ്മ പറയുകയാണ്: “മുത്ത് നബിയുടെ അടുക്കൽ എത്തുന്നത് വരെ ആരും കുഞ്ഞിന് മുല കൊടുക്കരുത് കേട്ടോ.”
ആ കൊച്ചുമോൻ കുഞ്ഞിനെയും വഹിച്ചു തിരുസന്നിധിയിലേക്ക് നടന്നു. വഴിയിൽ വെച്ച് തന്നെ തിരുനബിയെ കണ്ടു. അവിടുത്തെ കയ്യിൽ ഒരു മീസം (ശരീരം ചൂടുപിടിപ്പിച്ചുകൊണ്ട് ചെയ്യുന്ന ചികിത്സക്കായി ഉപയോഗിക്കുന്ന ഇരുമ്പ് നിർമ്മിതമായ ഒരു ഉപകരണം) ഉണ്ടായിരുന്നു. അനസിനെ കണ്ടപാടെ തിരുനബി ചോദിച്ചു:
“ഉമ്മുസുലൈം പ്രസവിച്ചു, അല്ലേ?”
“അതെ.”
ഉടനെ തിരുനബി തന്റെ കയ്യിലുള്ള വസ്തു ഒരിടത്ത് വെച്ചു. “ഞാൻ കുട്ടിയെ കൊണ്ടുവന്നു തിരുനബിയുടെ മടിയിൽ വച്ചുകൊടുത്തു.”
“കയ്യിൽ എന്തെങ്കിലും ഉണ്ടോ?”
“അതെ, ഈന്തപ്പഴമുണ്ട്.”
തിരുനബി അതുവാങ്ങി വായിലിട്ട് ചവച്ച് കുട്ടിയുടെ വായിലേക്ക് വെച്ചുകൊടുത്തു. കുട്ടി അത് ഊമ്പി കുടിക്കാൻ തുടങ്ങി. “അൻസാറുകൾക്ക് ഈന്തപ്പഴം എന്ത് ഇഷ്ടമാണെന്ന് നോക്കൂ...” എന്ന് പറഞ്ഞ് തിരുദൂതർ തമാശ പറഞ്ഞു. തുടർന്ന് കുട്ടിയുടെ മുഖം തടവുകയും 'അബ്ദുള്ള' എന്ന് പേരിടുകയും ചെയ്തു. ഇതായിരുന്നു തിരുനബി. ഒരു കൊച്ചു കുഞ്ഞ് ഒരാവശ്യത്തിന് വേണ്ടി വന്നപ്പോൾ അവനെ അവഗണിച്ചു മാറ്റിവെച്ചോ? അല്ലെങ്കിൽ താൻ ഉദ്ദേശിക്കുന്ന ജോലി കഴിഞ്ഞിട്ട് ആവാം എന്ന് പറഞ്ഞ് താമസിപ്പിച്ചോ? അതുമല്ലെങ്കിൽ കക്ഷി ഉദ്ദേശിക്കുന്ന കാര്യം വേഗത്തില് ചെയ്തിട്ട് പെട്ടെന്ന് ആളെ പറഞ്ഞയച്ചോ?
അതൊന്നുമല്ല ഉണ്ടായത്. തന്റെ ജോലി മാറ്റിവെക്കുകയും കുട്ടിയെ സ്വീകരിക്കുകയും അന്വേഷിക്കുകയും ആവശ്യം സാവകാശം നിർവ്വഹിച്ചുകൊടുക്കുകയും ചെയ്തു. ശേഷം അതേക്കുറിച്ച് കൂടെയുള്ളവരോട് ആശ്ചര്യപ്പെടുകയും ഒരു നവജാതശിശുവിനെ അൻസാർ വിഭാഗത്തിന്റെ പ്രതിനിധിയായി എണ്ണുകയും ചെയ്യുന്നു!
മറ്റൊരിക്കൽ, പാൽ മാത്രം കഴിച്ചിട്ടുള്ള രണ്ടു വയസ്സ് പ്രായമാവാത്ത ആൺകുട്ടിയുമായി ഉമ്മു ഖൈസ് എന്ന സ്ത്രീ തിരുനബിയുടെ സവിധത്തിലെത്തി. പ്രവാചകന്റെ മടിയിൽ കുഞ്ഞിനെ വെച്ചുകൊടുത്തു. അവിടുത്തെ മടിത്തട്ടിൽ രാജകീയമായി ഇരിപ്പുറപ്പിച്ച ആ പൈതൽ അവിടെത്തന്നെ മൂത്രമൊഴിച്ചു കളഞ്ഞു. എന്തെങ്കിലും ബഹളമുണ്ടായോ? ഇല്ല! ഒരു ഇടിവെട്ടും കൊടുങ്കാറ്റുമുണ്ടായില്ല. സ്വല്പം വെള്ളം കൊണ്ടുവരാൻ തിരുനബി ആവശ്യപ്പെട്ടു. വസ്ത്രത്തിൽ വെള്ളം കുടഞ്ഞു; മംഗളം, ശുഭം! മുത്ത് നബി ക്ഷോഭിച്ചോ? ഇല്ല. അവിടുന്ന് നീരസം പ്രകടിപ്പിച്ചോ? ഇല്ല. വസ്ത്രം വൃത്തിയാക്കാൻ മറ്റാരെയെങ്കിലും ഏൽപ്പിച്ചോ? ഇല്ല. വസ്ത്രം വൃത്തിയാക്കാനായി കുറേ വെള്ളവും സോപ്പും ബ്രഷും ഉപയോഗിച്ചോ? ഇല്ല.
പാലല്ലാതെ മറ്റൊന്നും ഭക്ഷിച്ചിട്ടില്ലാത്ത രണ്ടു വയസ്സിൽ താഴെയുള്ള ആൺകുട്ടിയുടെ മൂത്രം വെള്ളം കുടഞ്ഞാൽ തന്നെ ശുദ്ധിയാകും എന്ന കർമ്മശാസ്ത്ര വിധി പഠിപ്പിക്കുന്ന പാഠശാലയായി ആ മടിത്തട്ട് മാറുകയായിരുന്നു. കുട്ടികളോട് കുശലാന്വേഷണങ്ങൾ നടത്തണം; അവരുടെ സുഖദുഃഖങ്ങളിൽ പങ്കുചേരണം; അവരോടൊപ്പം കളിക്കണം. “കുട്ടികളോടൊപ്പം നിങ്ങൾ കുട്ടികളാകൂ” എന്നാണ് തിരുവചനം.
അനസ് തന്നെ റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു ഹദീസിൽ, മൂന്ന് വയസ്സുകാരനായ തന്റെ സഹോദരന്റെ ചരിത്രം പറയുന്നുണ്ട്. അവനെ തിരുനബി കളിപ്പിക്കാറുണ്ടായിരുന്നു; അവനോട് തമാശകൾ പറയാറുണ്ടായിരുന്നു. ഒരു ദിവസം തിരുനബി വീട്ടിൽ വന്നപ്പോൾ അവൻ ദുഃഖിതനായി കാണപ്പെട്ടു. അപ്പോൾ ഉമ്മയോട് ചോദിച്ചു:
“എന്താ അബൂ ഉമൈറിന് ഒരു ഉന്മേഷമില്ലല്ലോ?”
അപ്പോൾ ഉമ്മ കാരണം പറഞ്ഞു: “അവൻ കളിപ്പിച്ചിരുന്ന ഒരു പക്ഷിക്കുഞ്ഞുണ്ടായിരുന്നു, അത് ചത്തുപോയി.”
ഉടനെ തന്നെ തിരുനബി ആ കുഞ്ഞിന്റെ അടുക്കലേക്ക് വന്നു. അവനെ ചേർത്തുപിടിച്ചുകൊണ്ട് ചോദിക്കുകയാണ്: ‘അബൂ ഉമൈർ, നിന്റെ പക്ഷിക്കുഞ്ഞിന് എന്തുപറ്റി?’
ആ ചോദ്യത്തിൽ എല്ലാം ഉണ്ടായിരുന്നു. അവന്റെ സങ്കടത്തിൽ പങ്കുചേരുന്നു. അവനോട് അതിനെക്കുറിച്ച് ചോദിച്ചറിയുക വഴി അവന്റെ മനസ്സിന് സമാധാനം നൽകുന്നു. അപ്പോൾ അവൻ തന്റെ പക്ഷിയെക്കുറിച്ചും അതിന്റെ മരണത്തെക്കുറിച്ചും പറഞ്ഞു കൊടുത്തിരിക്കാം. അങ്ങനെ അവന്റെ ദുഃഖഭാരം കുറയ്ക്കാനുള്ള മനഃശാസ്ത്രപരമായ ഇടപെടലായിരുന്നു അവിടുന്ന് നടത്തിയത്.
സംഭവബഹുലമായ ആ പത്തു വർഷത്തിന്റെ തുടക്കത്തെയും ഒടുക്കത്തെയും കുറിച്ച് അനസിന്റെ തന്നെ ഒരു പ്രസ്താവന ഇങ്ങിനെയാണ്: “രണ്ടു ദിനങ്ങൾ ഞാൻ കണ്ടു; നബി മദീനയിൽ വന്ന ദിനവും മദീനയിൽ നിന്ന് പിരിഞ്ഞുപോയ ദിനവും. ആദ്യത്തെ ദിവസത്തേക്കാൾ സന്തോഷമുള്ള ഒരു ദിനം ഉണ്ടായിട്ടില്ല. രണ്ടാം ദിനത്തേക്കാൾ ദുഃഖമുള്ള ഒരു ദിനവും ഉണ്ടായിട്ടില്ല.”




