ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തെ കർമ്മമാണ് ഹജ്ജ് തീർത്ഥാടനം. അതിലെ ഏറ്റവും സുപ്രധാനമായ കർമ്മമാണ് അറഫയിൽ നിൽക്കൽ. "അറഫ അതാണ് ഹജ്ജ്" എന്നാണ് തിരുനബി പ്രസ്താവിച്ചത്. ലോകത്തെ മുഴുവൻ രാഷ്ട്രങ്ങളിൽ നിന്നും ഈ വിശുദ്ധ നാളിൽ അറഫയിലേക്ക് ജനസാഗരം ഒഴുകും. അതിന് കാരണമുണ്ട്; 1400 വർഷങ്ങൾക്കു മുമ്പ് ഒരാൾ ഈ വഴി വന്നിട്ടുണ്ടായിരുന്നു, ഇവിടെ സ്വല്പനേരം തങ്ങിയിട്ടുണ്ടായിരുന്നു, ചില കർമ്മങ്ങൾ ചെയ്തിട്ടുണ്ടായിരുന്നു, ചില പ്രാർത്ഥനകൾ ചൊല്ലിയിട്ടുണ്ടായിരുന്നു!
ഒരു മനുഷ്യന്റെ അനക്കങ്ങളും അടക്കങ്ങളും സസൂക്ഷ്മം പഠിച്ച്, വിനീത വിധേയരായി അതുപോലെ അനുകരിക്കുന്ന സമുദായത്തിന്റെ പേരാണ് മുസ്ലിം. നമുക്ക് നബിയോടൊപ്പം ഒരു ഹജ്ജ് ചെയ്താലോ? തിരുനബി ആകെ ഒരു ഹജ്ജ് മാത്രമേ ചെയ്തിട്ടുള്ളൂ; നാല് ഉംറകൾ നിർവഹിച്ചിട്ടുണ്ട്.
ഹിജ്റ ഒൻപതാം വർഷമാണ് ഹജ്ജ് നിർബന്ധമാക്കപ്പെടുന്നതെങ്കിലും പത്താം വർഷമാണ് തിരുനബി ഹജ്ജ് ചെയ്യാൻ ഒരുങ്ങുന്നത്. ആ പ്രഖ്യാപനം വന്നതോടെ തിരുനബിയോടൊപ്പം ചേരാൻ ജനങ്ങൾ വ്യഗ്രത കാണിച്ചു. നാടിന്റെ പല ഭാഗങ്ങളിൽ നിന്നായി ആബാലവൃദ്ധം ജനങ്ങൾ മദീനയിൽ ഒഴുകിയെത്തി. അറബി മാസം ദുൽഖഅദ് 25, ശനി. അബൂദുജാന അസ്സാഇദിയെ മദീനയുടെ ഭരണകാര്യങ്ങൾ തിരുനബി ഏല്പിച്ചു. പള്ളിയിൽ നിന്നും നാല് റക്അത്ത് ളുഹ്ർ നമസ്കരിച്ചു. ശേഷം ജനങ്ങൾക്ക് സാരോപദേശം നൽകി. ഹജ്ജിന്റെ അനുഷ്ഠാനകർമ്മങ്ങൾ പഠിപ്പിച്ചുകൊടുത്തു. കുളിച്ച് വൃത്തിയായി, എണ്ണ തേച്ച്, തലമുടി ചീകിവെച്ച് വാഹനത്തിൽ കയറി തിരുനബി പുറപ്പെട്ടു. ഒരു ലക്ഷത്തിലധികം ഹാജിമാർ അവിടുത്തോടൊപ്പമുണ്ടായിരുന്നു. മക്കയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമൊക്കെയായി ആളുകൾ സംഘത്തോടൊപ്പം ചേർന്നു. യമനിൽ നിന്ന് അലിയോടൊപ്പം വന്ന മറ്റൊരു സംഘവും ഉണ്ടായിരുന്നു.
തിരുനബിയുടെ ഹജ്ജ് രംഗങ്ങൾക്ക് ദൃക്സാക്ഷിയായ ജാബിർ ആ രംഗം വിവരിക്കുന്നത് ഇങ്ങനെ: "നബി പള്ളിയിൽ നിന്ന് നിസ്കരിച്ച് തന്റെ ഖസ്വാ ഒട്ടകത്തിൽ കയറി. അവിടുത്തെ വാഹനം മരുഭൂമിയിൽ എത്തിയപ്പോൾ വാഹനപ്പുറത്തും നടന്നുമായി തിരുനബിയുടെ മുന്നിലും വലതുഭാഗത്തും ഇടതുഭാഗത്തും പിന്നിലും കണ്ണെത്തും ദൂരമെല്ലാം നീണ്ടുകിടക്കുന്ന ജനസഞ്ചയത്തെ ഞാൻ നോക്കിക്കണ്ടു!" തിരുനബിയുടെ വാഹനവും അതിന്മേൽ ഇട്ടിരിക്കുന്ന വിരിപ്പും ശ്രദ്ധിച്ചുനോക്കൂ! എല്ലാം വില കുറഞ്ഞത്; ആകെ നാല് ദിർഹം മതിയാവില്ല. ആളുകൾ കാണാൻ വേണ്ടിയുള്ള, വിശ്രുതി ലഭിക്കാനുള്ള കാട്ടിക്കൂട്ടലുകൾ ആയിരുന്നില്ല തന്റെ ഹജ്ജ്. അങ്ങനെയാകരുതെന്ന് അവിടുന്ന് പ്രത്യേകം ദുആ ചെയ്തിരുന്നു. എത്രയോ സാമ്രാജ്യങ്ങളുടെ രാജാവാണ്, പക്ഷേ പ്രത്യേകം സജ്ജീകരിച്ച വാഹനമില്ല, പ്രത്യേകമായ ഉടയാടകളില്ല, സവിശേഷമായ സംഘങ്ങളുടെ അകമ്പടിയില്ല. ആരവങ്ങളോ അഭ്യാസങ്ങളോ വാദ്യോപകരണങ്ങളോ ഇല്ല. രാജകീയമായ എഴുന്നള്ളത്ത് ആയിരുന്നില്ല അത്; പ്രത്യുത സാധാരണ മനുഷ്യരുടെ വികാരങ്ങൾക്കും സൗകര്യങ്ങൾക്കും ഒപ്പം ചേർന്നുനിന്ന് ദൈവത്തിലേക്ക് പറന്നുയരുന്ന തീർത്ഥാടനമായിരുന്നു അത്.
നബിയുടെ ഭാര്യമാർ എല്ലാവരും അവിടുത്തോടൊപ്പം ഉണ്ടായിരുന്നു. വൃദ്ധയായ സൗദയും ഇളം പ്രായക്കാരിയായ ആയിശയും, ജൂത രാജാവിന്റെ മകൾ സ്വഫിയയും അനുയായി ഉമറിന്റെ മകൾ ഹഫ്സയും. വിവേചനമില്ല, പ്രീണനവും പ്രകോപനവുമില്ല. വഴിയിൽ വെച്ച് സ്വഫിയ ബീവിയുടെ ഒട്ടകം ഒറ്റപ്പെട്ടു. യാത്രാസംഘം അവരെയും കടന്നു മുന്നോട്ടു പോയി. സ്വഫിയ കൂടെയില്ലെന്ന് മനസ്സിലാക്കിയ തിരുനബി അവരുടെ അടുത്തേക്ക് തിരിച്ചു. അപ്പോൾ അവർ നിയന്ത്രിക്കാനാവാതെ കരഞ്ഞു. ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ അവിടുത്തെ തൃക്കരങ്ങൾ കൊണ്ട് തുടച്ചു കൊടുക്കുന്നു. അപ്പോൾ അവർ ഉച്ചത്തിൽ കരയുന്നു; നബി അവരെ ആശ്വസിപ്പിക്കുകയും കരയുന്നത് തടയുകയും ചെയ്യുന്നു. കരച്ചിൽ അത്യുച്ചത്തിലായപ്പോൾ തിരുനബി അവരെ ശാസിക്കുന്നു. യാത്രാ സംഘത്തിനോട് നിൽക്കാൻ ആവശ്യപ്പെടുന്നു. മഹിതമായ എന്തൊക്കെ സംസ്കാരങ്ങളാണ് സ്നേഹനിധിയായ ഈ ഭർത്താവിൽ നിന്ന് ലോകത്തിന് പഠിക്കാനുള്ളത്!
അർജ് എന്ന സ്ഥലത്ത് എത്തിയപ്പോൾ അവിടെ വിശ്രമിക്കാനായി അവർ ഇറങ്ങി. തിരുനബിയുടെ കൂടെ ഭാര്യ ആയിശയും, പിതാവ് അബൂബക്കറും അവരുടെ മറ്റൊരു മകൾ അസ്മയുമുണ്ട്. അബൂബക്കറിന്റെ കണ്ണുകൾ ആരെയോ പരതുകയാണ്. തന്റെ ഭൃത്യനെയാണ് അദ്ദേഹം അന്വേഷിക്കുന്നത്. അവന്റെ ഒട്ടകപ്പുറത്താണ് തന്റെയും തിരുനബിയുടെയും സാധനസാമഗ്രികൾ വെച്ചിട്ടുള്ളത്. ഭൃത്യനെ കണ്ടതും ഒട്ടകം എവിടെയെന്ന് അബൂബക്കർ അന്വേഷിച്ചു. "ഇന്നലെ രാത്രി മുതൽ ഒട്ടകത്തിനെ കാണാനില്ല!" അവൻ പറഞ്ഞു. "ഒരൊറ്റ ഒട്ടകം ഉണ്ടായിട്ട് അതിനെ പോലും നിനക്ക് നോക്കാൻ പറ്റിയില്ലെടാ" എന്ന് പറഞ്ഞ് അബൂബക്കർ അദ്ദേഹത്തെ ശകാരിക്കാൻ തുടങ്ങി. ഇതുകണ്ട് തിരുനബി എല്ലാവരോടുമായി പറഞ്ഞു: "നോക്കൂ! ഹജ്ജിന് ഇഹ്റാം ചെയ്ത ഒരാൾ ചെയ്യുന്ന പണി എങ്ങനെയുണ്ട്?" എന്നിട്ട് അബൂബക്കറിനോടായി പറഞ്ഞു: "ചൂടാവാതെ! എന്റെയോ നിന്റെയോ കയ്യിലല്ല കാര്യം; അല്ലാഹുവിന്റെ കയ്യിലാണ്." കുറച്ചു കഴിഞ്ഞപ്പോഴേക്കും ഒട്ടകം അവിടെ എത്തി.
സംഘം ദുൽഹുലൈഫയിൽ എത്തി. അവിടെ വെച്ചുകൊണ്ട് 2 റക്അത്തായി അസ്ർ നമസ്കരിച്ചു. സൂര്യാസ്തമയത്തിനു ശേഷം മഗ്രിബും ഇശാഉം ചേർത്ത് നമസ്കരിച്ചു. നേരം പുലരുവോളം അവിടെത്തന്നെ കഴിച്ചുകൂട്ടി. അവിടെ വെച്ചുകൊണ്ട് സുബ്ഹിയും നമസ്കരിച്ചു. ഇടയ്ക്കൊരു സംഭവമുണ്ടായി; ഒരു പ്രസവം. ഉമൈസിന്റെ മകൾ അസ്മ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. മുഹമ്മദ് ബിൻ അബീബക്കർ എന്ന് കുഞ്ഞിന് നാമകരണം ചെയ്തു. ഹജ്ജിന് ഉദ്ദേശിച്ചു പുറപ്പെട്ടവർ പ്രസവിച്ചാൽ എന്തു ചെയ്യണം?
എല്ലാ ചോദ്യങ്ങളും ഒരു കേന്ദ്രത്തിലേക്ക് ഉയർത്തപ്പെടും; അവിടെ എല്ലാ സംശയങ്ങൾക്കും മറുപടി ഉണ്ടാകും. അവിടുന്ന് ദൈവദൂതനാണല്ലോ. കുളിച്ച് വൃത്തിയായി തുണികൊണ്ട് നന്നായി കെട്ടിവെച്ച് ഇഹ്റാമിൽ പ്രവേശിക്കാൻ തിരുനബി നിർദേശിച്ചു. നബി ﷺ ഇഹ്റാമിന് വേണ്ടി കുളിച്ചു, മുടി ചീകി, സുഗന്ധം പൂശി. ശേഷം ഇഹ്റാമിന്റെ വസ്ത്രം -ഹജ്ജ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന പ്രത്യേക വസ്ത്രം- ധരിച്ചു. ദുൽഹുലൈഫയിൽ വെച്ച് നമസ്കരിച്ചു. നിസ്കരിച്ച സ്ഥലത്ത് തന്നെ ഇരുന്നു ഹജ്ജിനും ഉംറയ്ക്കും വേണ്ടി ഒന്നിച്ച് ഇഹ്റാം ചെയ്തു. (ഹജ്ജ്/ഉംറ ചെയ്യാൻ കരുതുന്നതിന്റെ സാങ്കേതിക സംജ്ഞയാണ് ഇഹ്റാം).
ചിത്രപ്പണികളോ അലങ്കാരങ്ങളോ ഇല്ലാത്ത കുറഞ്ഞ വില മാത്രം വരുന്ന രണ്ട് കോറത്തുണികൾ; അതാണ് ഇഹ്റാമിന്റെ വേഷം. എല്ലാവരും അത് ധരിക്കണം; രാജാവും പ്രജയും കുബേരനും കുചേലനും പണക്കാരനും പണിക്കാരനും. ആഡ്യത്വത്തിന്റെ, അഹങ്കാരങ്ങളുടെ മതിലുകൾ തകർക്കുകയായിരുന്നു മുത്ത് നബി. ആർഭാടങ്ങളുടെ ഗരിമയിൽ വിരാജിക്കുന്നവർ ഈ ലാളിത്യത്തിന്റെ ഉപ്പും മധുരവും അറിയണം. മരിച്ചു കഴിഞ്ഞാൽ ഇതുപോലൊരു വസ്ത്രത്തിലാണ് അവനെ പൊതിഞ്ഞെടുക്കുക. അല്ലാഹുവിലേക്കുള്ള യാത്രയാണല്ലോ ഹജ്ജ്, മരണവും അതെ. സൃഷ്ടികളുമായുള്ള സാമൂഹിക ബന്ധങ്ങളെയും സൃഷ്ടാവുമായുള്ള ആത്മീയതയെയും രണ്ടു തുണി കഷണങ്ങളിൽ തിരുനബി പൊതിഞ്ഞെടുത്തു.
ഹജ്ജിന്റെ ചിഹ്നമാണ് തൽബിയത്ത്. നാഥന്റെ വിളിക്ക് ഉത്തരം നൽകി ഞങ്ങളിതാ വരുന്നു എന്ന പ്രത്യുത്തരമാണത്; അല്ലാഹുവിന്റെ ഏകത്വം പ്രഘോഷിക്കുന്ന കരുത്തുറ്റ മുദ്രാവാക്യവും. "ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീക്ക ലക്ക ലബ്ബൈക്ക്, ഇന്നൽ ഹംദ വന്നിഅ്മത്ത ലക്ക വൽ മുൽക്, ലാ ശരീക്ക ലക്." ബഹുദൈവ വിശ്വാസത്തിന്റെ കലർപ്പ് പ്രകടമായിരുന്ന സമ്പ്രദായിക തൽബിയത്തിന് തിരുനബി നൽകിയ തിരുത്തു കൂടിയായിരുന്നു ഈ വാചകങ്ങൾ. ഹജ്ജിന് ഇഹ്റാം ചെയ്തവൻ ധാരാളമായി നിർവഹിക്കേണ്ടതാണ് തൽബിയത്ത്.
തിരുനബി തൽബിയത്ത് ചൊല്ലിത്തുടങ്ങി, ഒപ്പം സ്വഹാബികളും. അത് പതുക്കെ ചൊല്ലിയാൽ പോരാ, ഉച്ചത്തിലാവണം എന്ന നിർദ്ദേശം വെളിപാട് വഴി തിരുനബിക്ക് ലഭിച്ചു. ഉടനെ അക്കാര്യം അവിടുന്ന് അനുചരരെ അറിയിച്ചു. അങ്ങനെ ഉച്ചത്തിൽ തൽബിയത്ത് ചൊല്ലാൻ ആരംഭിച്ചു. ലക്ഷക്കണക്കിനാളുകൾ ഒന്നിച്ച് ഉറക്കെ തൽബിയത്ത് മുഴക്കുന്നു; മലമടക്കുകളിൽ നിന്ന് അതിന്റെ പ്രതിധ്വനികൾ അലയടിച്ചു, അന്തരീക്ഷം ശബ്ദമുഖരിതമായി! യാത്രാസംഘം ഓരോ കുന്നുകളും താഴ്വരകളും മരുഭൂമിയും കടന്നു പോകുമ്പോൾ അവയുടെ കഥകൾ തിരുനബി അയവിറക്കും. അല്ലാഹുവിന്റെ സ്നേഹം ലക്ഷ്യം വെച്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് അതിലൂടെ കടന്നുപോയ അമ്പിയാക്കളുടെ ചരിതം തിരുനബി ഓർമ്മിക്കും.
ഹർഷാ താഴ്വരയിൽ എത്തിയപ്പോൾ ആ സ്ഥലത്തെക്കുറിച്ച് അന്വേഷിച്ചു. അത് ഹർഷാ താഴ്വരയാണെന്ന് തിരിച്ചറിഞ്ഞ നബി അപ്പോൾ ഇങ്ങനെ പറഞ്ഞു: "ഈന്തപ്പന നാരുകൊണ്ട് നിർമ്മിതമായ കടിഞ്ഞാൺ പിടിച്ചു, തടിച്ച് കൊഴുത്ത കരുത്തുറ്റ ചുവന്ന ഒട്ടകപ്പുറത്ത് കയറി, കമ്പിളിയുടെ ജുബ്ബ ധരിച്ച്, തൽബിയത്ത് മുഴക്കി യൂനുസ് ബിൻ മത്താ എന്ന പ്രവാചകൻ ഇതുവഴി കടന്നു പോകുന്നത് ഞാൻ കാണുന്നു!"
അവർ അസ്റഖ് താഴ്വരയിൽ എത്തി. "ഇത് ഏതാണ് താഴ്വര?" - "അസ്റഖ്." മൂസാ നബിയെയാണ് ഞാനിപ്പോൾ കാണുന്നത്; കടിഞ്ഞാണുള്ള ചുവന്ന ഒട്ടകപ്പുറത്ത് കയറി ഇരു ചെവികളിലും വിരലുകൾ വച്ച് ഉറക്കെ തൽബിയത്ത് മുഴക്കി ഈ താഴ്വരയിലൂടെ അദ്ദേഹം കടന്നു പോകുന്നത് ഞാൻ കാണുന്നു. അവർ ഉസ്വാൻ താഴ്വരയിൽ എത്തിയപ്പോൾ അതേക്കുറിച്ച് അബൂബക്കറിനോടാണ് അന്വേഷിച്ചത്.
സ്ഥലം തിരിച്ചറിഞ്ഞപ്പോൾ തിരുനബി പറഞ്ഞു: "ഈന്തപ്പന നാരുകളുടെ കടിഞ്ഞാണുകളുള്ള, ചുവന്ന യുവത്വമുള്ള ഒട്ടകങ്ങളിലേറി, കറുപ്പും വെളുപ്പും വരകളുള്ള പുതപ്പും അബാ അരയുടുപ്പും ധരിച്ച് തൽബിയത്ത് ചൊല്ലി ഹൂദ് നബിയും സ്വാലിഹ് നബിയും അല്ലാഹുവിന്റെ ഗേഹത്തെ ഉദ്ദേശിച്ച് ഇതിലൂടെ കടന്നുപോകുന്നത് ഞാൻ കാണുന്നു."
സംഘം ഇപ്പോൾ അബവാഅ് എന്ന സ്ഥലത്തെത്തി. തിരുനബിയുമായി വൈകാരിക ബന്ധമുള്ള ഇടമാണ് അബവാഅ്; അവിടെ വെച്ചാണല്ലോ അവിടുത്തെ പ്രിയപ്പെട്ട ഉമ്മ പരലോകം പൂകിയത്. അവിടെ വച്ച് സ്വഅ്ബ് ബിൻ ജുസാമ എന്ന സ്വഹാബി തിരുനബിക്ക് ഒരു കാട്ടുകഴുതയെ സമ്മാനമായി നൽകി. എന്നാൽ അവിടുന്ന് അത് സ്വീകരിച്ചില്ല, അദ്ദേഹത്തിന് തന്നെ തിരിച്ചു കൊടുത്തു. അയാൾക്കത് മനപ്രയാസമുണ്ടാക്കി. അദ്ദേഹത്തിന്റെ മുഖഭാവം കണ്ട് നബി പറഞ്ഞു: "ഞങ്ങൾ ഇഹ്റാമിലാണ് എന്ന കാരണത്താൽ മാത്രമാണ് നിങ്ങൾക്ക് അത് തിരിച്ചു നൽകിയത്." (ബുഖാരി: 1825, മുസ്ലിം: 1193).
അന്വേഷിച്ചും മറുപടി പറഞ്ഞും തിരുത്തിയുമൊക്കെയായിരുന്നു തിരുനബിയുടെ യാത്ര. ഒരാൾ ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ ഇങ്ങനെ പറയുന്നത് അവിടുന്ന് ശ്രദ്ധിച്ചു: "ലബ്ബൈക്ക അൻ ശുബ്റുമ" (ശുബ്റുമയ്ക്ക് വേണ്ടി ഞാൻ ഉത്തരം ചെയ്യുന്നു). "ആരാണ് ശുബ്റുമ?" തിരുനബി അന്വേഷിച്ചു. "അതെന്റെ സഹോദരനാണ്." - "നീ നിനക്ക് വേണ്ടി ഹജ്ജ് ചെയ്തിട്ടുണ്ടോ?" - "ഇല്ല." - "എങ്കിൽ ഇത് നിനക്ക് വേണ്ടി ആവട്ടെ, പിന്നെയാവാം ശുബ്റുമയ്ക്ക്!" യാത്രയ്ക്കിടെ ഒരാൾ ഒരു ഒട്ടകത്തെ തെളിച്ച് നഗ്നപാദനായി വേച്ചു വേച്ച് നടക്കുന്നത് തിരുനബി ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ ചെരുപ്പുകൾ ഒട്ടകത്തിന്റെ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്നു!
നബി ﷺ പറഞ്ഞു: "ആ ഒട്ടകത്തിൽ കയറി യാത്ര ചെയ്യൂ." അദ്ദേഹം പറഞ്ഞു: "അയ്യോ അത് നേർച്ച ഒട്ടകമാണേ!" തിരുനബി രണ്ടാമതും മൂന്നാമതും അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോഴും അദ്ദേഹം അതുതന്നെ പറഞ്ഞു. അപ്പോൾ അവിടുന്ന് സ്വരം കടുപ്പിച്ചു: "ഇതെന്തു കഷ്ടം! നിന്നോട് കയറാനല്ലേ പറഞ്ഞത്!" അയാൾ അനുസരിച്ചു.
വിഗ്രഹങ്ങൾക്ക് നേർച്ചയാക്കിയ ഒട്ടകങ്ങൾക്കുമേൽ യാത്ര ചെയ്യാൻ പാടില്ല, അതിനെ അറുക്കാൻ പാടില്ല എന്നിങ്ങനെ ഒരുപാട് അന്ധവിശ്വാസങ്ങൾ അജ്ഞാതകാലത്ത് അവർക്കുണ്ടായിരുന്നു. പവിത്രമായ ഹജ്ജിന് അറുക്കാൻ വേണ്ടി കൊണ്ടുപോകുന്നവയെയും വാഹനമായി ഉപയോഗിച്ചുകൂടാ എന്ന അന്ധവിശ്വാസങ്ങൾ ആരൂഢമായിരുന്ന അവരുടെ സാംസ്കാരിക പരിസരത്തുനിന്ന് അവർ ഗ്രഹിച്ചെടുത്തിട്ടുണ്ടാവണം. ഒട്ടകത്തിൽ കയറാൻ മടിച്ച പലരെയും തിരുനബി തിരുത്തി. മനുഷ്യന് ഉപകാരത്തിനു വേണ്ടി ദൈവം സൃഷ്ടിച്ചവയ്ക്കു മേൽ അടിമയായ മനുഷ്യൻ ഉണ്ടാക്കിവെച്ച സ്വയംകൃതമായ അനർത്ഥങ്ങളുടെ അടിവേരിളക്കുകയായിരുന്നു തിരുനബി.
രണ്ട് മക്കൾ താങ്ങിപ്പിടിച്ച് നടത്തിക്കൊണ്ടുപോകുന്ന ഒരു വൃദ്ധനെ യാത്രാമധ്യേ തിരുനബി കണ്ടു. അവിടുന്ന് ചോദിച്ചു: "എന്തുപറ്റി അദ്ദേഹത്തിന്?" നടന്ന് ഹജ്ജ് ചെയ്യാൻ അദ്ദേഹം നേർച്ച ചെയ്തിരുന്നു എന്നായിരുന്നു അവരുടെ പ്രതികരണം. നബി പറഞ്ഞു: "ശരീരം പീഡിപ്പിച്ചുകൊണ്ടുള്ള ഇത്തരം സാധനകളൊന്നും അല്ലാഹുവിന് ആവശ്യമില്ല." തുടർന്ന് തിരുനബി അദ്ദേഹത്തോട് വാഹനപ്പുറത്ത് കയറാൻ കൽപ്പിച്ചു.
മുത്ത് നബിയും സംഘവും ഇപ്പോൾ മക്കയിൽ നിന്നും 10 മൈൽ മാത്രം ദൂരമുള്ള സരീഫിൽ എത്തിയിരിക്കുന്നു. എല്ലാവരും അവിടെ ഇറങ്ങി. അവിടെ വെച്ച് മഹതി ആയിശയ്ക്ക് ആർത്തവം തുടങ്ങി. അവർ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി തിരുനബിയെ സമീപിച്ചു. അവിടുന്ന് ചോദിച്ചു: "എന്തിനാണ് കരയുന്നത്?" - "അല്ലാഹുവാണേ! ഈ വർഷം എനിക്ക് ഹജ്ജ് ചെയ്യാൻ കഴിയുകയില്ല എന്നാണ് തോന്നുന്നത്." അവർ പ്രതികരിച്ചു. കാരണം ചോദിച്ചറിഞ്ഞ നബി പറഞ്ഞു: "ആദം സന്തതികളിലെ സ്ത്രീകൾക്ക് അല്ലാഹു നിശ്ചയിച്ച ഒരു കാര്യമാണിത്. ഒരു ഹാജി ചെയ്യുന്ന എല്ലാ കാര്യങ്ങളും നീയും ചെയ്തുകൊള്ളുക; ശുദ്ധിയാകുന്നത് വരെ കഅ്ബ ത്വവാഫ് (പ്രദക്ഷിണം) ചെയ്യരുത് എന്നു മാത്രമേയുള്ളൂ."
8 ദിവസങ്ങൾക്ക് ശേഷം മക്കയുടെ പ്രവേശന കവാടമായ ‘ദീതുവ’ എന്ന പ്രദേശത്ത് എത്തിയപ്പോൾ യാത്രാക്ഷീണം അകറ്റാൻ വേണ്ടി അവിടെ രാപ്പാർത്തു. പ്രഭാതമായപ്പോൾ കുളിച്ചു. ദുൽഹിജ്ജ 5, ഞായറാഴ്ച വെയിൽ ചൂടുപിടിക്കുന്നതിന് മുമ്പായി കുദാ താഴ്വരയിലൂടെ തിരുനബി മക്കയിലേക്ക് പ്രവേശിക്കുകയാണ്.




