“എനിക്ക് വ്യഭിചരിക്കണം” തിരുനബിയുടെ ചാരത്തേക്ക് കടന്നുവന്ന ആ യുവാവ് ആവശ്യപ്പെട്ടു. ആവശ്യം കേട്ടപാടെ കൂടെയുണ്ടായിരുന്ന പ്രവാചകാനുചരർ (സ്വഹാബികൾ) ആഗതനെ നിശബ്ദനാക്കാൻ ശ്രമിച്ചു. പക്ഷേ, തിരുനബി അദ്ദേഹത്തെ അടുത്തേക്ക് വിളിച്ചു; തൊട്ടടുത്തിരുത്തി. അദ്ദേഹം ഇരുന്നു. വളരെ സൗമ്യമായി അദ്ദേഹത്തോട് ചോദിച്ചു:
“ആരെങ്കിലും നിങ്ങളുടെ ഉമ്മയെ വ്യഭിചരിക്കുന്നത് നിങ്ങൾക്കിഷ്ടമുണ്ടോ?”
ആഗതൻ: “ഇല്ലേയില്ല.”
തിരുനബി: “ജനങ്ങൾ ആരും തന്നെ അവരുടെ ഉമ്മമാർക്ക് ഇങ്ങനെ ഒരനുഭവം ഉണ്ടാകുന്നത് ഇഷ്ടപ്പെടുന്നില്ല. നിന്റെ മകളെ ആരെങ്കിലും വ്യഭിചരിക്കുന്നത് നിനക്ക് ഇഷ്ടമാണോ?”
ആഗതൻ: “അല്ലാഹുവാണേ! ഇല്ല, നബിയേ.”
തിരുനബി: “ഒരാളും തന്റെ മകൾ വ്യഭിചരിക്കപ്പെടുന്നത് ഇഷ്ടപ്പെടില്ല. നിന്റെ സഹോദരിയെയോ?”
ആഗതൻ: “ഒരിക്കലുമില്ല.”
തിരുനബി: “ജനങ്ങളും അങ്ങനെത്തന്നെയാണ്. താങ്കളുടെ പിതൃസഹോദരി ആണെങ്കിലോ?”
ആഗതൻ: “ഇല്ല തന്നെ.”
തിരുനബി: “തങ്ങളുടെ പിതൃസഹോദരിമാരുടെ കാര്യത്തിൽ ജനങ്ങളുടെയും നിലപാട് അതുതന്നെയാണ്. മാതൃസഹോദരി?”
ആഗതൻ: “ഏയ്, പറ്റില്ല.”
തിരുനബി: “ജനങ്ങളും അങ്ങനെത്തന്നെ! അവർക്കും അത് ഇഷ്ടമില്ല.”
താൻ വ്യഭിചരിക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീ, തന്നെപ്പോലെയുള്ള മനുഷ്യരുടെ ഉമ്മയോ മകളോ സഹോദരിയോ ഒക്കെ ആയിരിക്കുമെന്ന തിരിച്ചറിവിൽ അദ്ദേഹം എത്തിച്ചേർന്നു. തുടർന്ന് തിരുനബി അദ്ദേഹത്തിനായി പ്രാർത്ഥിച്ചു: "അല്ലാഹുവേ, അദ്ദേഹത്തിന്റെ ദോഷങ്ങൾ നീ പൊറുത്തുകൊടുക്കണേ, ഹൃദയം നീ ശുദ്ധീകരിക്കണേ, ലൈംഗിക ശുദ്ധി നൽകണേ." പിന്നീട് അദ്ദേഹത്തിന് ഇത്തരത്തിലുള്ള കാര്യങ്ങളിലേക്ക് ഒരു താല്പര്യവും ഉണ്ടായിട്ടില്ല.
ഈ സംഭവത്തിൽ നിന്ന് എന്തു മനസ്സിലായി? തിരുനബി ഏറ്റവും നല്ല ടീച്ചറായിരുന്നു. തിരുനബി ഏറ്റവും നല്ല സൈക്കോളജിസ്റ്റായിരുന്നു; ഏറ്റവും നല്ല ആത്മീയ നേതാവായിരുന്നു. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് - നബി തിന്മകൾ വിപാടനം ചെയ്തത് ആയുധങ്ങളിലൂടെ ശരീരങ്ങളെ കീഴടക്കിയിട്ടല്ല, ആത്മീയതയിലൂടെ മനസ്സുകൾ കീഴടക്കിയാണ്.
തിന്മകൾ ഇല്ലാതാക്കാൻ അവിടുന്ന് സ്വീകരിച്ച മറ്റൊരു രീതി പാപങ്ങൾ വരാനുള്ള പഴുതുകളടക്കുക എന്നതായിരുന്നു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുകയാണല്ലോ. വ്യഭിചാരം നിഷിദ്ധമാക്കിയ നബി, അതുണ്ടാകാൻ കാരണമായേക്കാവുന്ന മുഴുവൻ വഴികളും വിലക്കി.
ദർശനമാണ് വ്യഭിചാരത്തിലേക്ക് നയിക്കുന്ന ആദ്യപടി; പിശാചിന്റെ വിഷലിപ്തമായ അസ്ത്രമാണത്. പ്രണയത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ മനോഹരമായി ആവിഷ്കരിച്ച ഈജിപ്ഷ്യൻ കവി അഹ്മദ് ശൗഖി പാടി:
نظرة فابتسامة فسلام فكلام فموعد ولقاء
‘ആദ്യം നോട്ടമാണ്, പിറകെ പുഞ്ചിരി, തുടർന്ന് സലാം, പിന്നെ സംസാരം തുടങ്ങുകയായി. പിന്നെ സ്ഥലവും സമയവും നിശ്ചയിക്കലായി; സമാഗമങ്ങളായി!’
ആണിനും പെണ്ണിനും അവരുടെ ദൃഷ്ടികളെ നിയന്ത്രിക്കുന്നത് ലൈംഗിക ശുദ്ധിക്ക് ഏറെ ഉത്തമമാണ്. ഖുർആൻ അത് വ്യക്തമായി കൽപ്പിച്ചിട്ടുണ്ട്: ‘വിശ്വാസികളായ പുരുഷന്മാരോട് അവരുടെ ദൃഷ്ടികൾ താഴ്ത്താനും അവരുടെ ഗുഹ്യം കാത്തുസൂക്ഷിക്കാനും പറയുക. അതാണവരുടെ ഹൃദയശുദ്ധിക്ക് ഏറ്റവും നല്ലത്. അവർ ചെയ്തുകൂട്ടുന്ന കാര്യങ്ങളെക്കുറിച്ച് അല്ലാഹുവിന് നന്നായി അറിയാം. സത്യവിശ്വാസിനികളോട് അവരുടെ ദൃഷ്ടികളെ താഴ്ത്താനും ലൈംഗികശുദ്ധി കാത്തുസൂക്ഷിക്കാനും പറയുക.’
قُل لِّلۡمُؤۡمِنِینَ یَغُضُّوا۟ مِنۡ أَبۡصَـٰرِهِمۡ وَیَحۡفَظُوا۟ فُرُوجَهُمۡۚ ذَ ٰلِكَ أَزۡكَىٰ لَهُمۡۚ إِنَّ ٱللَّهَ خَبِیرُۢ بِمَا یَصۡنَعُونَ (30) وَقُل لِّلۡمُؤۡمِنَـٰتِ یَغۡضُضۡنَ مِنۡ أَبۡصَـٰرهِنَّ وَیَحۡفَظۡنَ فُرُوجَهُنَّ [Surah An-Nūr: 30-31]
നോട്ടം മാത്രമല്ല, ശൃംഗാരവും സ്പർശനങ്ങളും സമാഗമങ്ങളുമെല്ലാം സ്ത്രീ-പുരുഷന്മാരെ കൂടുതൽ അടുപ്പിക്കുന്നു. സൗഹൃദം അടുപ്പമായി മാറാനും പിന്നീടത് അനുരാഗമായിത്തീരാനും കാരണമാകുന്നു. അവസാനം അത് പ്രണയാന്ധതയും കാമവുമായി മാറുന്നു. കാമപൂർത്തീകരണത്തിനായി പ്രണയിനികൾ എല്ലാം മറക്കുന്നു. പിന്നീടത് ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നയിക്കുന്നു - ദിനേനയുള്ള വാർത്തകൾ ഇതിന് സാക്ഷിയാണ്. പിതൃത്വമില്ലാത്ത ജാരസന്താനങ്ങൾ സമൂഹത്തിൽ പെരുകുകയും സാമൂഹ്യ-കുടുംബ വ്യവസ്ഥിതി താറുമാറാവുകയും ചെയ്യുന്നു. പരിഹാരത്തിന്റെ തിരുനബി മാതൃകയ്ക്ക് മാത്രമേ ഈ ദുസ്ഥിതിയെ ഇല്ലാതാക്കാനാവൂ.
കണ്ണുകളുടെ വ്യഭിചാരം നോട്ടമാണെന്ന് തിരുനബി പഠിപ്പിച്ചു. ഹദീസ് ഇങ്ങനെ: "മനുഷ്യന് വ്യഭിചാരത്തിലുള്ള അവന്റെ വിഹിതം എഴുതപ്പെട്ടു കഴിഞ്ഞു. നിശ്ചയം അവൻ അത് അനുഭവിക്കും! കണ്ണുകളുടെ വ്യഭിചാരം നോട്ടമാണ്, ചെവിയുടേത് കേൾക്കലാണ്, നാവിന്റേത് സംസാരവും, കൈകളുടേത് സ്പർശനവുമാണ്, നടത്തമാണ് കാലുകളുടേത്. ഹൃദയം ആശിക്കുന്നു, മോഹിക്കുന്നു; ലൈംഗികാവയവം അത് നടപ്പാക്കുന്നു അല്ലെങ്കിൽ നിരാകരിക്കുന്നു."
عن أبي هريرة رضي الله عنه أن النبي صلى الله عليه وسلم قال: «كُتب على ابن آدم نَصِيبُه من الزِنا مُدْرِكُ ذلك لا مَحَالة: العينان زِناهما النَظر، والأُذنان زِناهما الاستماع، واللسان زِناه الكلام، واليَدُ زِناها البَطْش، والرِّجل زِناها الخُطَا، والقلب يَهْوَى ويتمنى، ويُصَدِّق ذلك الفَرْج أو يُكذِّبُه».
പ്രണയത്തിന്റെയോ കാമത്തിന്റെയോ സാർവ്വകാലിക തത്വമാണിത്. ഈ നൂറ്റാണ്ടിൽ ഇങ്ങനെയൊക്കെ പറയാമോ എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. എല്ലാ നൂറ്റാണ്ടിലെയും കാര്യം ഇങ്ങനെത്തന്നെയാണ്. ഓരോ വർഷവും ഇത് കൂടിക്കൂടി വരികയാണെന്നുള്ളത് അനുഭവസാക്ഷ്യം.
പുരുഷൻ അന്യ സ്ത്രീയെ നോക്കുന്നത് നിഷിദ്ധമായപോലെ സ്ത്രീ അന്യപുരുഷനെ നോക്കുന്നതും നിഷിദ്ധമാണ്. ഒരിക്കൽ തിരുനബി ഭാര്യമാരായ ഉമ്മുസലമ, മൈമൂന എന്നിവരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അന്ധനായ അബ്ദുല്ലാഹിബ്നു ഉമ്മു മക്തൂം അവിടേക്ക് കയറിവന്നു. അപ്പോൾ അവരോട് രണ്ടുപേരോടും മറയ്ക്കപ്പുറത്തേക്ക് മാറിനിൽക്കാൻ തിരുനബി കൽപ്പിച്ചു. അപ്പോൾ അവർ ചോദിച്ചു: "അദ്ദേഹം കണ്ണുകാണാത്ത ആളല്ലേ? ഞങ്ങൾ എന്തിന് പോകണം?" മറുപടി ഇങ്ങനെയായിരുന്നു: "അതിന് നിങ്ങൾ രണ്ടുപേരും അന്ധകളാണോ?!"
روى الإمام أحمد في مسنده (6/296) بسنده فقال : حَدَّثَنَا عَبْدُ الرَّحْمَنِ بْنُ مَهْدِيٍّ ، حَدَّثَنَا عَبْدُ اللَّهِ بْنُ الْمُبَارَكِ ، عَنْ يُونُسَ بْنِ يَزِيدٍ ، عَنِ الزُّهْرِيِّ أَنَّ نَبْهَانَ حَدَّثَهُ أَنَّ أُمَّ سَلَمَةَ حَدَّثَتْهُ قَالَتْ : كُنْتُ عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَيْمُونَةُ فَأَقْبَلَ ابْنُ أُمِّ مَكْتُومٍ حَتَّى دَخَلَ عَلَيْهِ ، وَذَلِكَ بَعْدَ أَنْ أَمَرَنَا بِالْحِجَابِ ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : احْتَجِبَا مِنْهُ . فَقُلْنَا : يَا رَسُولَ اللَّهِ ، أَلَيْسَ أَعْمَى لَا يُبْصِرُنَا وَلَا يَعْرِفُنَا ؟ قَالَ : أَفَعَمْيَاوَانِ أَنْتُمَا ، ألَسْتُمَا تُبْصِرَانِهِ ؟! .
സ്ത്രീകൾ എങ്ങും പരന്നുനടക്കുന്ന കാലമാണ്. അപ്പോൾ ഒരു സ്ത്രീയെയും നോക്കരുത് എന്ന് പറഞ്ഞാൽ കണ്ണുചിമ്മി നടക്കാനാവുമോ എന്ന് ചോദിക്കുന്നവരുണ്ട്. ബോധപൂർവ്വം നോക്കരുത് എന്നാണ് ഉദ്ദേശിക്കുന്നത്. യാദൃച്ഛികമായി കണ്ണിൽപ്പെടുന്നതുകൊണ്ട് പ്രശ്നമില്ല. ചിലപ്പോൾ ആരാണെന്ന് തിരിച്ചറിയാൻ വേണ്ടി ഒരു പ്രാവശ്യം നോക്കേണ്ടിയും വരും. രണ്ടാമത് നോക്കാതിരുന്നാൽ മതി. "ഒന്നാമത്തെ നോട്ടം നിനക്ക് അനുകൂലവും രണ്ടാമത്തേത് പ്രതികൂലവുമാണ്" എന്നും തിരുനബി പറഞ്ഞിട്ടുണ്ട്.
പരസ്പരം നോക്കരുത് എന്ന് പറഞ്ഞാൽ ഒരു ബന്ധവും പാടില്ല എന്നർത്ഥമില്ല. എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ ആവശ്യത്തിന്റെ തോതനുസരിച്ച് സ്ത്രീക്ക് പുരുഷനോടും പുരുഷന് സ്ത്രീയോടും സംസാരിക്കാം. പക്ഷേ, അവർക്കിടയിൽ ഒരു മറയുണ്ടായിരിക്കണം. “അവരോട് (സ്ത്രീകളോട്) വല്ല വിഭവങ്ങളും ചോദിക്കുന്ന പക്ഷം ഒരു മറയുടെ പിന്നിൽ നിന്ന് ചോദിച്ചേക്കണം. അവരുടെയും നിങ്ങളുടെയും ഹൃദയങ്ങൾക്ക് നല്ലത് അതാണെന്ന്” അധ്യായം അഹ്സാബ് 53ാം സൂക്തത്തിൽ ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട്.
{ وَإِذَا سَأَلۡتُمُوهُنَّ مَتَـٰعࣰا فَسۡـَٔلُوهُنَّ مِن وَرَاۤءِ حِجَابࣲۚ ذَ ٰلِكُمۡ أَطۡهَرُ لِقُلُوبِكُمۡ وَقُلُوبِهِنَّۚ }[Surah Al-Aḥzāb: 53]
സ്ത്രീശബ്ദം മൃദുലവും ആകർഷണീയവുമാണ്. സ്ത്രീകൾക്ക് അല്ലാഹു നൽകിയ ഒരു ആദരവാണത്. അതിലവർ മൂല്യം കൽപ്പിക്കണം. പരപുരുഷന്മാരോട് സംസാരിക്കുമ്പോൾ അവർ തങ്ങളുടെ കിളിനാദത്തിൽ വീണുപോവാതിരിക്കാൻ സ്ത്രീകൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. കൊഞ്ചിക്കുഴയരുത്; അത് പുരുഷന്മാരെ ആകർഷിക്കാൻ കാരണമാകും. ഇക്കാര്യവും ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട്.
{ یَـٰنِسَاۤءَ ٱلنَّبِیِّ لَسۡتُنَّ كَأَحَدࣲ مِّنَ ٱلنِّسَاۤءِ إِنِ ٱتَّقَیۡتُنَّۚ فَلَا تَخۡضَعۡنَ بِٱلۡقَوۡلِ فَیَطۡمَعَ ٱلَّذِی فِی قَلۡبِهِۦ مَرَضࣱ وَقُلۡنَ قَوۡلࣰا مَّعۡرُوفࣰا } [Surah Al-Aḥzāb: 32]
മറയ്ക്കു പിന്നിൽ നിന്നുകൊണ്ട് ചോദിക്കണമെന്ന് പറഞ്ഞതും കൊഞ്ചിക്കുഴയരുതെന്ന് പറഞ്ഞതും നബിയുടെ ഭാര്യമാരുടെ കാര്യത്തിലാണെങ്കിലും മുഴുവൻ വിശ്വാസിനികൾക്കും അത് ബാധകമാണെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിച്ചിട്ടുണ്ട്. പുരുഷന്മാരുടെ ശബ്ദം അത്രമേൽ ആകർഷകമല്ലാത്തതുകൊണ്ട് അവരോട് അത്തരം കല്പനയുടെ പ്രശ്നമില്ല. എന്നാൽ ശൃംഗരിക്കാൻ അവർക്കും അനുവാദമില്ല - അത് ഫോണിലൂടെയാണെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെയാണെങ്കിലും. ചാറ്റ് ചെയ്യുന്നത് സംസാരം പോലെത്തന്നെയാണ്; ശബ്ദമില്ലെങ്കിലും അവിടെ സംവേദനം നടക്കുന്നുണ്ട്.
സമാഗമങ്ങളാണ് മാരകമായ മറ്റൊരു പ്രശ്നം. കൂടെ മറ്റാരുമില്ലാത്ത സമാഗമങ്ങൾ പിശാചിന്റെ പ്രലോഭനങ്ങൾക്ക് വഴിമരുന്നിടും. എത്ര കൃത്യമായാണ് തിരുനബി ഈ വിഷയത്തിലും ഇടപെട്ടത്. അവിടുന്ന് പറഞ്ഞു: "വിവാഹബന്ധം നിഷിദ്ധമായ പുരുഷനല്ലാത്ത ഒരാളുമായി ഒരു സ്ത്രീ തനിച്ചാവരുത്. കാരണം അവർക്കിടയിൽ മൂന്നാമനായി പിശാച് ഉണ്ടാകും."
ألَا لا يَخْلُوَنَّ رجُلٌ بامرأةٍ لا تَحِلُّ له؛ فإنَّ ثالثَهما الشَّيطانُ، إلَّا مَحْرَمٌ؛ مسند شعيب
ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ ഭർത്താവിന്റെ ബന്ധുക്കൾക്കോ ഭാര്യയുടെ ബന്ധുക്കൾക്കോ യാതൊരു ഇളവുമില്ല! എന്നുമാത്രമല്ല, അവരുടെ കാര്യത്തിൽ നബി അധിക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭർത്താവിന്റെ സഹോദരനോടൊപ്പം / ഭാര്യയുടെ സഹോദരിയോടൊപ്പം വീട്ടിൽ ഒറ്റയ്ക്കാവുന്നതും അവർ മാത്രം യാത്ര പോകുന്നതും ഗൗരവതരമല്ലാതെ കാണുന്ന പ്രവണത നിലവിലുണ്ട്. അവഗണിക്കപ്പെടുന്ന ഈ ബന്ധങ്ങൾ പല കുടുംബഛിദ്രതകളുടെയും കൊലപാതകങ്ങളുടെയും അവിഹിത ഗർഭങ്ങളുടെയും കാരണങ്ങളായിത്തീർന്നിട്ടുണ്ട്.
തിരുനബിയുടെ പാഠശാലയിലേക്ക് വരൂ: ഉഖ്ബതുബ്നു ആമിർ നിവേദനം ചെയ്യുന്നു - തിരുനബി പറഞ്ഞു: "സ്ത്രീകളുടെ അടുത്തേക്ക് കടന്നുചെല്ലുന്നത് നിങ്ങൾ സൂക്ഷിക്കണം." അപ്പോൾ അൻസാരികളിൽപ്പെട്ട ഒരാൾ ചോദിച്ചു: "ഭാര്യയുടെ / ഭർത്താവിന്റെ ബന്ധുക്കൾ (ഹമ്) പ്രശ്നമാവുമോ?" അവിടുന്ന് പറഞ്ഞു: ‘ഹമ് മരണമാണ്.’ (ഭർത്താവിന്റെ / ഭാര്യയുടെ ബന്ധുക്കളെയാണ് 'ഹമ്' എന്ന് പറയുന്നത്).
ففي الصحيحين وغيرهما عن عقبة بن عامر أن رسول الله صلى الله عليه وسلم قال: إياكم والدخول على النساء. فقال رجل من الأنصار يا رسول الله أفرأيت الحمو؟ قال: الحمو الموت.
സ്ത്രീയെ സംബന്ധിച്ചിടത്തോളം ഭർത്താവിന്റെ പിതാവ്, മകളുടെ ഭർത്താവ് (മരുമകൻ), ഭർത്താവിൻ്റെ മറ്റു ഭാര്യമാരിലുള്ള ആൺമക്കൾ എന്നിവരും; പുരുഷനെ സംബന്ധിച്ചിടത്തോളം ഭാര്യയുടെ ഉമ്മ, മകന്റെ ഭാര്യ, ഭാര്യയുടെ മുൻഭർത്താവിലുള്ള പെൺമക്കൾ എന്നിവർ മാത്രമാണ് വിവാഹബന്ധത്തിലൂടെ കാണൽ അനുവദനീയമായവർ. ഭർത്താവിന്റെ / ഭാര്യയുടെ മാതാപിതാക്കളുടെ മാതാപിതാക്കൾ അവരുടെ സ്വന്തം മാതാപിതാക്കളെപ്പോലെ തന്നെയാണ്. ഭാര്യയുടെയോ ഭർത്താവിന്റെയോ മേൽപ്പറഞ്ഞവരല്ലാത്ത കുടുംബാംഗങ്ങളുമായി സംസാരിക്കേണ്ടിവരുമ്പോൾ മറയുടെ നിയമങ്ങൾ പാലിക്കേണ്ടതുണ്ട് എന്നർത്ഥം.
സ്ത്രീയും പുരുഷനും ശ്രദ്ധിക്കേണ്ട മറ്റൊരു സുപ്രധാന കാര്യമാണ് മണിയറ രഹസ്യങ്ങൾ പുറത്തു പറയാതിരിക്കുക എന്നത്. മനോഹരമായ ഒരു ഉപമയിലൂടെ ഇക്കാര്യം തിരുനബി പഠിപ്പിച്ചു. ഒരു മതപഠന ക്ലാസിൻ്റെ സന്ദർഭം; ചുറ്റും അനുചരർ കൂടിയിരിക്കുന്നു. ആദ്യം പുരുഷന്മാരുടെ ഭാഗത്തേക്ക് ചെന്നുകൊണ്ട് പ്രവാചകൻ ചോദിച്ചു: "നിങ്ങളിലാരെങ്കിലും ഭാര്യയെ സമീപിച്ച് വാതിലുകൾ അടച്ച് അല്ലാഹു ഒരുക്കിയ മറ സ്വീകരിക്കുന്നവർ ഉണ്ടോ?" അവർ പറഞ്ഞു: "അതെ." "പിന്നെ പുറത്തിറങ്ങിയിട്ട് കുത്തിയിരുന്ന് മറ്റുള്ളവരോട് ഞാൻ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നവരുണ്ടോ?" ആരും ഒന്നും മിണ്ടിയില്ല. അപ്പോൾ സ്ത്രീകളുടെ ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് ചോദിച്ചു: "അത്തരക്കാർ നിങ്ങളുടെ കൂട്ടത്തിലുണ്ടോ?" അവരും നിശബ്ദരായി. അപ്പോൾ ഒരു വൃദ്ധ സ്ത്രീ കാൽമുട്ടിൽ ഇഴഞ്ഞ് മുന്നോട്ടുവന്നു. അവൾ പറയുന്നത് തിരുനബി കേൾക്കാനും നബിയെ കാണാനുമായി അവൾ തലനീട്ടി. ശേഷം അവൾ പറഞ്ഞു: "തിരുനബിയേ, ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ അങ്ങനെയൊക്കെ പറയാറുണ്ട്." അപ്പോൾ തിരുദൂതർ ഇങ്ങനെ പ്രതിവചിച്ചു: "അതിന്റെ ഉപമ നിങ്ങൾക്കറിയാമോ? ഞാൻ പറയാം: ഒരു ആൺ പിശാച് പെൺ പിശാചിനെ തെരുവിൽ വെച്ച് കണ്ടുമുട്ടുന്നു. അവിടെവെച്ച് തന്നെ ആളുകളൊക്കെ നോക്കിനിൽക്കേ അവൻ അവളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നു. ഇങ്ങനെയായിരിക്കും ഭാര്യാഭർതൃ രഹസ്യങ്ങൾ പുറത്തു പറയുന്നവരുടെ അവസ്ഥ."
തിരുനബി മനുഷ്യജീവിതത്തിന്റെ ഏതൊക്കെ മേഖലകളിലൂടെയാണ് കടന്നുപോയത്? എന്താണ് അവിടുന്ന് പഠിപ്പിക്കാൻ ബാക്കിവെച്ചത്? ഒന്നും ബാക്കിവെക്കാതെയാണ് അവിടുന്ന് പിരിഞ്ഞുപോയിട്ടുള്ളത്. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം ആണും പെണ്ണും പാലിക്കേണ്ടതാണ്.




