തിരുനബിയുടെ ഭാര്യമാരിൽ വൈവിധ്യങ്ങളുടെ വർണ്ണപ്പകിട്ട് കാണാം. ഖുറൈശികളിലെത്തന്നെ വ്യത്യസ്ത വംശങ്ങളിൽ നിന്നുള്ളവർ അവർക്കിടയിൽ ഉണ്ടായിരുന്നു. തീമിയ്യ, അദവിയ്യ, മഖ്സൂമിയ്യ, അസദിയ്യ... ഖുറൈശികൾ അല്ലാത്ത വംശങ്ങളിലുള്ളവരും ഉണ്ടായിരുന്നു. ഖുസാഇയ്യ, ഹിലാലിയ്യ, ഇസ്രായീലിയ്യ:
വയസ്സുകളിലും വൈവിധ്യങ്ങളുണ്ട്. വിവാഹിതരാകുമ്പോൾ 40 വയസ്സുള്ള ഖദീജയും 66 കാരി സൗദയും 57 വയസ്സുള്ള ഉമ്മു സലമയും 59-61 വയസ്സുള്ള മൈമൂനയും, ഏഴു വയസ്സുകാരി ആയിശയും 17 കാരി സഫിയയും 15 കാരി ജുവൈരിയയും അതിനിടയിൽ പ്രായമുള്ളവരും ഉണ്ടായിരുന്നു.
സ്വഭാവങ്ങളിലുമുണ്ടായിരുന്നു വൈവിധ്യം. തമാശക്കാരിയായിരുന്നു സൗദ, സൈനബിന് സ്വല്പം ചൂട് കൂടുതലായിരുന്നു, ചെറുപ്പക്കാരി ആയിശക്ക് വിനോദം ഇഷ്ടമായിരുന്നു.
പിതാക്കന്മാരിലുമുണ്ട് വൈവിധ്യം. തിരുനബിയുടെ ഏറ്റവും അടുത്ത അനുചരരായ അബൂബക്കറിന്റെയും ഉമറിന്റെയും മക്കളുണ്ട്; ആയിശയും ഹഫ്സയും. ഏറ്റവും വലിയ ശത്രുവായ ഹുയയ്യ് ബ്നു അഖ്ത്വബിന്റെ മോളുണ്ട്; സഫിയ. ആദ്യം ശത്രുവായി പിന്നീട് ഇസ്ലാമിലേക്ക് കടന്നുവന്ന അബൂ സുഫ്യാന്റെ മകളും ഉണ്ട്; ഉമ്മു ഹബീബ. എന്തൊക്കെ വൈവിധ്യങ്ങളുണ്ടെങ്കിലും തിരുനബിയോടുള്ള സ്നേഹത്തിൽ അവർ ഒറ്റക്കെട്ടായിരുന്നു. ആ സ്നേഹത്തിനുവേണ്ടി അവർക്കിടയിൽ മത്സരമായിരുന്നു.
ദാമ്പത്യ ജീവിതത്തിന് പുതുമ നൽകുന്ന ഇണക്കങ്ങളും പിണക്കങ്ങളുമുള്ള സ്വാഭാവികവും മാതൃകാപരവുമായ ജീവിതമായിരുന്നു അവരുടേത്. അടക്കി ഭരിക്കുന്ന സ്വേച്ഛാധിപതിയായിരുന്നില്ല അവർക്ക് തിരുനബി. ഭാര്യമാർക്ക് അവരുടേതായ പ്രതികരണങ്ങൾക്കുള്ള സ്വാതന്ത്ര്യങ്ങൾ അനുവദിച്ചു. സഹ പത്നിമാർക്കിടയിൽ ഉണ്ടാവുന്ന സ്വാഭാവികമായ കുനുഷ്ടുകൾ അവിടുന്ന് കണ്ടറിഞ്ഞു. അവ മാരകമാകാതെ നോക്കി, അവ ആസ്വദിച്ചു; ബാലൻസ് കീപ്പ് ചെയ്തു.
ഒരനുഭവം നോക്കൂ: നബി ആയിശയുടെ വീട്ടിലാണ്. അപ്പോൾ മറ്റൊരു പത്നി ഒരു പാത്രത്തിൽ കുറച്ചു പലഹാരമുണ്ടാക്കി ഒരു ഭൃത്യന്റെ അടുക്കൽ തിരുനബിക്ക് കൊടുത്തയച്ചു. ഇത് ആയിശ ബീവിക്ക് പിടിച്ചില്ല; താൻ സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കേണ്ട തന്റെ ദിവസത്തിൽ മറ്റൊരാൾ എന്തിന് പലഹാരം കൊടുത്തയക്കണം? “ഇന്ന് നബിയെ തൃപ്തിപ്പെടുത്തുക എന്നത് എന്റെ അവകാശമാണ്!” ഇങ്ങനെ പോയി ആയിശയുടെ ചിന്ത. പലഹാരവുമായി വന്ന ഭൃത്യൻ അത് വെക്കുമ്പോഴേക്കും മഹതി തന്ത്രപരമായി പാത്രം തട്ടിമറിച്ചു; ഒന്നും സംഭവിക്കാത്ത ഭാവത്തിൽ അടുക്കളയിലേക്ക് കടന്നുകളഞ്ഞു! ആ പളുങ്കുപാത്രം പൊട്ടിച്ചിതറി. ഭക്ഷണം നിലത്തു വീണു!
തിരുനബി എന്തു ചെയ്തു? കുനുഷ്ട് കാണിച്ച ആയിശയെ പിരടിക്ക് നാല് കൊടുത്തോ? പിന്നാലെ ചെന്ന് ശകാരിച്ചോ? തുറിച്ചുനോക്കിയോ? അങ്ങനെയൊരു സംഭവം ഉണ്ടായ ഭാവം തന്നെ ബീവിയോട് കാണിച്ചില്ല! മറിച്ച് തിരുനബി തന്നെ ചിതറിയ പലഹാരം തന്റെ തിരുകരങ്ങൾ കൊണ്ട് ആ പൊട്ടിയ പാത്രത്തിലേക്ക് വാരിയെടുത്തു. ഭക്ഷണം കൊണ്ടുവന്ന ഭൃത്യനോട് പറഞ്ഞു: “നിങ്ങളെ ഉമ്മച്ചിക്ക് ഈറ പിടിച്ചതാണ്; നിങ്ങളിത് കഴിച്ചോളൂ.”
“തിരുനബിക്ക് ഇന്ന് ഞാനല്ലേ ഉണ്ടാക്കി കൊടുക്കേണ്ടത്?” എന്ന വാശിയായിരുന്നു ആയിശക്ക്. അവർ നേരെ ചെന്ന് അതിനേക്കാൾ മികച്ച പലഹാരം ഉണ്ടാക്കുന്ന തിരക്കിലാണ്. ഭക്ഷണം റെഡിയായി കഴിഞ്ഞപ്പോൾ അവർ ഒരു പാത്രത്തിൽ അതുമായി വന്നു തിരുനബിയുടെ മുമ്പിൽ വെച്ചു.
നബി സേവകനോട് പറഞ്ഞു: “നീ ഈ പാത്രവും ഭക്ഷണവും ഉമ്മു സലമയുടെ വീട്ടിലേക്ക് കൊടുത്തേക്കൂ. ഭക്ഷണത്തിന് പകരം ഭക്ഷണവുമായി പാത്രത്തിന് പകരം പാത്രവുമായി!”
എല്ലാ ആദരങ്ങളും ബഹുമാനങ്ങളും ഏറ്റുവാങ്ങേണ്ട ആചാര്യനായിട്ടല്ല; ഇണകൾക്ക് അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കുശുമ്പുകളും കുസൃതികളും പങ്കുവെക്കാനുള്ള ജീവിതപങ്കാളിയായി തിരുനബിഅവർക്കൊപ്പം ജീവിച്ചു.
ഒരിക്കൽ കൂട്ടുകാരൻ അബൂബക്കർ തിരുനബിയുടെ വീട്ടിൽ ചെല്ലുമ്പോൾ മകൾ ആയിശയുടെ ശബ്ദം ഉയർന്നതായി കേട്ടു. “തിരുനബിയുടെ മുമ്പിൽ നീ കയർത്തു സംസാരിക്കുന്നോടീ?” എന്നും ചോദിച്ചു അബൂബക്കർ മകളുടെ മുഖത്തടിക്കാൻ കയ്യോങ്ങി. തിരുനബി അത് തടഞ്ഞു. കോപാകുലനായി അബൂബക്കർ ഇറങ്ങിനടന്നു. പിതാവ് ഇറങ്ങിപ്പോയപ്പോൾ തിരുനബി ഭാര്യയോട് പറയുകയാണ്: “ബാപ്പാന്റെ തല്ലിൽ നിന്ന് നിന്നെ ഞാൻ എങ്ങനെയാണ് രക്ഷപ്പെടുത്തിയത് എന്ന് നീ കണ്ടില്ലേ?”
കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും അബൂബക്കർ വീട്ടിൽ വന്നു. അപ്പോൾ രണ്ടുപേരും നല്ല രമ്യതയിലാണ്. “നിങ്ങളുടെ ‘സമര’ക്കാലത്ത് ഞാൻ കടന്നുവന്നതുപോലെ ഇനി സമരസതയുടെ കാലത്തും ഞാൻ ഒന്ന് കടന്നുവന്നോട്ടെ?" അബൂബക്കർ സമ്മതം ചോദിച്ചു. “വരൂ! വരൂ” എന്നു പറഞ്ഞ് നബി അവരെ സ്വീകരിച്ചിരുത്തി.
വീട്ടിൽ എങ്ങനെയായിരുന്നു തിരുനബി എന്ന ഒരാളുടെ ചോദ്യത്തിന് ആയിശയുടെ മറുപടി ഇങ്ങനെ: “ജനങ്ങളിൽ ഏറ്റവും നിർമ്മലൻ. ജനങ്ങളിൽ ഏറ്റവും മാന്യൻ. എല്ലാ മനുഷ്യരെയും പോലെ ഒരു മനുഷ്യൻ. (നേതാവിന്റെ ജാഡകൾ ഇല്ല, ഭരണാധികാരിയുടെ ഹുങ്കാരമില്ല, മേധാവിയുടെ ഉത്തരവുകൾ ഇല്ല). നല്ല പുഞ്ചിരി പൊഴിക്കും, ചെരുപ്പ് തുന്നിത്തരും, വസ്ത്രം നെയ്തുതരും, ആടിനെ കറന്നുവരും, മറ്റു വീട്ടുജോലികൾ ചെയ്യും, സ്വന്തം കാര്യങ്ങൾ സ്വന്തമായി നിർവഹിക്കും. സമയമായാൽ പള്ളിയിൽ പോകും. ഏതെങ്കിലും സേവകനെയോ ഇണയെയോ അടിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല.”
ഇതൊന്നും പത്നിമാർക്ക് ചെയ്യാനാവാത്ത പണികൾ അവർക്ക് ചെയ്തുകൊടുത്തു സഹായിക്കുകയായിരുന്നില്ല, അവരുടെ ആവശ്യ പ്രകാരവുമായിരുന്നില്ല. പത്തുമുഴം നീളവും 7 മുഴം വീതിയുമുള്ള ആ കൂരകളിൽ നബിക്ക് സഹായിക്കാൻ മാത്രം ഒരു പണിയുമുണ്ടായിരുന്നില്ല. അടുപ്പ് പുകയാത്ത സമയങ്ങളുണ്ടായിരുന്നു ആ കൂരകളിൽ! എന്നിട്ടും നബി വീട്ടുജോലികളിൽ കൂടിക്കൊടുത്തത് എന്തിനായിരുന്നു? ഇണകളുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ നൂൽപ്പാലങ്ങൾ നെയ്തെടുക്കുന്ന ദാമ്പത്യത്തിന്റെ മാന്ത്രിക സൗകുമാര്യതയായിരുന്നുവത്. ദമ്പതികൾക്കും ഒരുപാട് പഠിക്കാനുണ്ട് ആ മഹത് ജീവിതത്തിൽ.
തിരുനബിയെപ്പോലെ രാത്രി സുദീർഘമായി നിസ്കരിക്കാൻ പത്നിമാർക്ക് കഴിയുകയില്ലെന്ന് അവിടുത്തേക്കറിയാമായിരുന്നു. എന്നാൽ രാത്രി നിസ്കാരത്തിൻ്റെ പുണ്യം ലഭിക്കാൻ അന്ത്യയാമങ്ങളിൽ അവരെ വിളിച്ചുണർത്താൻ നബി മറന്നില്ല. റമളാനിലെ അവസാനത്തെ പത്തിൽ ഇണകളെയെല്ലാം വിളിച്ചുണർത്തി രാത്രി ആരാധനകൾ കൊണ്ട് സജീവമാക്കാൻ ആവശ്യപ്പെടുമായിരുന്നു. പത്നിമാരുടെ തെറ്റുകൾ അവിടുന്ന് അവയുടെ ഗൗരവമനുസരിച്ച് തിരുത്തിക്കൊടുക്കുമായിരുന്നു.
ഹഫ്സ ബീവിയെക്കുറിച്ച് അവർ കുള്ളത്തിയാണെന്ന് ഒരിക്കൽ ആഇശ പറഞ്ഞു. ഒരു സമുദ്രത്തിൽ കലക്കിയാൽ പോലും അതിനെ മലിനമാക്കാൻ പറ്റുന്ന അത്രയും മാരകമായ വാചകമാണ് നീ പറഞ്ഞതെന്ന് ആയിശയെ തിരുനബി ഉണർത്തി. ഒരിക്കൽ കരഞ്ഞുകൊണ്ട് സഫിയ തിരുനബിയുടെ അടുക്കൽ വന്നു: താൻ ഒരു ജൂതന്റെ മകളാണെന്ന് ഹഫ്സ പറഞ്ഞു എന്നതായിരുന്നു പരാതി. അവരെ ആശ്വസിപ്പിച്ചുകൊണ്ട് നബിയുടെ മറുപടി ഇങ്ങനെയായിരുന്നു: “നീ ഒരു നബിയുടെ മകളാണ്, നിന്റെ പിതൃവ്യനും ഒരു നബിയാണ്, നീ ഒരു നബിയുടെ ഇണയാണ്. അവൾക്ക് നിന്നേക്കാൾ മികവ് പറയാൻ എന്തുണ്ട്?” തുടർന്ന് പടച്ചവനെ പേടിക്കണേ എന്ന് ഹഫ്സയോട് തിരുനബി ഉപദേശിച്ചു.
ഹാറൂൻ നബിയുടെ പരമ്പരയിലാണ് സഫിയ ബീവി ജനിക്കുന്നത്. അപ്പോൾ ഹാറൂൻ നബി വാപ്പയും മൂസാനബി മൂത്താപ്പയും ആകുമല്ലോ. ഇങ്ങനെ ഒരു ഗരിമ പറയാൻ ഹഫ്സ ബീവിക്ക് ഇല്ല. മറ്റൊരു പത്നിയെക്കുറിച്ച് പറഞ്ഞ വാക്ക് കടുപ്പം കൂടിയതിന്റെ പേരിൽ മൂന്നു മാസത്തോളം സൈനബയുമായി വീട്ടുനിർത്തൽ സംഭവം ഉണ്ടായിട്ടുണ്ട്.
എന്തും നൽകാൻ തയ്യാറുള്ള അനുയായികൾ ഉണ്ടായിട്ടും എമ്പാടും സമ്പത്തുകൾ കൈകളിൽ വന്നിട്ടും ഐഹിക ജീവിതത്തിന്റെ ഊഷ്മളതയിൽ ഉല്ലസിക്കാൻ അവിടുന്ന് കൊതിച്ചില്ല. ഭൗതികപരിത്യാഗത്തിന്റെ പാഠങ്ങൾ തന്റെ ഇണകളും പഠിക്കുകയും പകർത്തുകയും വേണമെന്ന് അവിടുത്തേക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും അടുപ്പിൽ തീ പുകയാത്ത ദിവസങ്ങൾ കൂരകളിൽ കഴിഞ്ഞുപോയി.
ഒരിക്കൽ പരാതിയുമായി അവരെല്ലാവരുമെത്തി. അവർക്ക് പരാതി പറയാനുള്ള സ്പേസ് തിരുനബി നൽകിയിരുന്നല്ലോ. റേഷൻ വർദ്ധിപ്പിക്കണം എന്നായിരുന്നു ആവശ്യം. ആവശ്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി. ലാളിത്യത്തിന്റെ പരമമായ ജീവിത മാതൃകയായി അവർക്കുമുമ്പിൽ തിരുനബി സ്വയം ആവിഷ്കരിച്ചിട്ടും അവർക്ക് മതിയാകുന്നില്ല എന്നത് അവിടുത്തെ വേദനിപ്പിച്ചു. എല്ലാവരിൽ നിന്നും വിട്ട്, പള്ളിയുടെ മുകളിൽ ഒരു മുറിയിൽ തിരുനബി ഒറ്റക്ക് താമസിക്കാൻ തുടങ്ങി. പത്നിമാരെല്ലാം ദുഃഖിതരായി. എങ്ങനെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്ന് അവർക്കറിയില്ല.
ഭാര്യമാരുമായി നബി പിണങ്ങി എന്നറിഞ്ഞ ഉമർ കുപിതനായി കയറിവന്നു. ഉമർ എത്തിയപ്പോൾ പ്രവാചക പത്നിമാർക്ക് അത് എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെ അനുഭവപ്പെട്ടു. സ്വന്തം മകൾ ഹഫ്സയെ ഉമർ പ്രഹരിച്ചു, ആയിശയെ ഗുണദോഷിച്ചു. ഉമ്മു സലമയുടെ അടുക്കലെത്തിയപ്പോൾ മഹതിയുടെ മറുപടിയിൽ ഉമർ ഉത്തരം മുട്ടിപ്പോയി. വേണ്ടായിരുന്നു എന്ന് ഉമറിന് തോന്നിയ നിമിഷം! “ഭാര്യമാരെ എങ്ങനെ ഉപദേശിക്കണമെന്ന് തിരുനബിക്ക് അറിയില്ലേ? അറിയാത്തതുകൊണ്ടാണോ നിങ്ങൾ ഇടയിൽ കയറി വന്ന് ഉപദേശിക്കാൻ വന്നിരിക്കുന്നത്! തിരുനബി ചെയ്യരുതെന്ന് പറഞ്ഞത് ഞങ്ങൾ ചെയ്യുകയില്ല; നിങ്ങളെക്കാൾ ഞങ്ങൾക്ക് നബിയെയാണ് അനുസരിക്കേണ്ടത്. അവിടുന്ന് ഞങ്ങൾക്ക് അനുവാദം നൽകിയത് മാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളൂ.” ഇത്രയും ബോൾഡായി മറുപടി പറയാൻ - അതും ഉമറിനോട് - ഉമ്മു സലമയെ പ്രാപ്തയാക്കിയത് തിരുനബിയിൽ നിന്ന് ലഭിച്ച സ്വാതന്ത്ര്യം തന്നെയായിരിക്കണം.
ഒരു മാസം തിരുനബി ഭാര്യമാരെ വിട്ടുനിന്നു. അവസാനം വിശുദ്ധ ഖുർആൻ അവതരിച്ചു: “ഓ നബിയെ, അങ്ങയുടെ ഭാര്യമാരോട് പറയുക: ഭൗതിക ജീവിതവും അതിന്റെ സൗന്ദര്യവുമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, വരിക, നിങ്ങൾക്ക് ഞാൻ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിച്ചു നിങ്ങളുടെ പാട്ടിന് വിട്ടേക്കാം. അല്ലാഹുവും റസൂലും പാരത്രിക ജീവിതവുമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ നിങ്ങളിലെ സൽകർമ്മികൾക്ക് അവൻ മഹത്തായ പ്രതിഫലം തയ്യാറാക്കി വെച്ചിട്ടുണ്ട്.” പ്രസ്തുത ഖുർആൻ വാക്യം കേട്ടയുടനെ എല്ലാ പത്നിമാരും ഞങ്ങൾക്ക് ഭൗതിക സൗകര്യങ്ങളെക്കാൾ അല്ലാഹുവും റസൂലും പാരത്രിക ജീവിതവുമാണ് അഭികാമ്യമെന്ന് പറഞ്ഞ് റസൂലിനെ തെരഞ്ഞെടുത്തു.
പറഞ്ഞവസാനിപ്പിക്കാൻ കഴിയാത്ത വിശേഷങ്ങളുടെ പൊലിവാണ് പ്രവാചക ദാമ്പത്യജീവിതം; അത് യൂട്ടോപ്യ ആയിരുന്നില്ല, സ്വപ്നമായിരുന്നില്ല; പച്ചയായ ജീവിതങ്ങളുടെ നിഷ്കളങ്കമായ ആവിഷ്കാരം. അവിടെ, ഇണക്കമുണ്ട്; പിണക്കമുണ്ട്, സ്നേഹമുണ്ട്; ദേഷ്യമുണ്ട്, കളിയുണ്ട്; തമാശയുണ്ട്, ചിരിയുണ്ട്; കരച്ചിലുണ്ട്, സല്ലാപമുണ്ട്; സന്താപമുണ്ട്, ജയമുണ്ട്; തോൽവിയുണ്ട്, സഹകരണമുണ്ട്; നിസ്സഹകരണമുണ്ട്, ലൈംഗികതയുണ്ട്; ബഹിഷ്കരണമുണ്ട്, ഉപദേശമുണ്ട്; അച്ചടക്ക നടപടികളുണ്ട്!




