ഇനി യുദ്ധമല്ലാതെ മാർഗ്ഗമില്ല. അവർ കൈകൾ ചോരയിൽ മുക്കി പ്രതിജ്ഞയെടുത്തു. ഓരോ ചേരിയും അവരുമായി സന്ധിയിലേർപ്പെട്ടവരെയും കൂട്ടുപിടിച്ച് യുദ്ധത്തിന് പ്രതിജ്ഞ ചെയ്തു. മക്കയിലെ വിശുദ്ധ മന്ദിരമായ കഅ്ബ പുനർനിർമ്മാണത്തിനിടയിലാണ് സംഭവം. ഹജറുൽ അസ്വദ് (കഅ്ബയുടെ തെക്കുകിഴക്കേ മൂലയിൽ ഉറപ്പിച്ചിരിക്കുന്ന പവിത്രമായ കറുത്ത കല്ലാണ് 'ഹജറുൽ അസ്വദ്') തൽസ്ഥാനത്തുതന്നെ പ്രതിഷ്ഠിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുന്നത്. അതാര് ചെയ്യും? എല്ലാ ഗോത്രക്കാരും അത് തങ്ങളുടെ അവകാശമാണെന്ന് വാദിച്ചു. ഈ കർമ്മത്തിന് നേതൃത്വം നൽകുന്നവർക്ക് നേതൃസ്ഥാനം കിട്ടുമെന്ന് അവർ കണക്കുകൂട്ടി.
യുദ്ധം ആരംഭിക്കുമെന്ന് ഉറപ്പായപ്പോൾ ഉമ്മുസലമയുടെ പിതാവ് അബൂ ഉമയ്യ ബിൻ മുഗീറ പ്രശ്നത്തിൽ ഇടപെട്ടു. “ഞാനൊരു പരിഹാരം പറയാം.” പെട്ടെന്ന് ബഹളം നിലച്ചു. എല്ലാ കാതുകളും അബൂ ഉമയ്യയിലേക്ക്. “ഇവിടേക്ക് ഇനി ആദ്യമായി കടന്നുവരുന്ന ആൾക്ക് ഈ വിഷയത്തിൽ വിധി പറയാനുള്ള അവകാശം നമുക്ക് നൽകാം. സമ്മതമാണോ?” ആ നിർദ്ദേശം സ്വീകരിക്കപ്പെട്ടു.
എല്ലാവരും ആരായിരിക്കും കടന്നുവരിക എന്ന പ്രതീക്ഷയിൽ കാത്തുനിന്നു. അപ്പോഴതാ ആ കവാടത്തിലൂടെ അവർക്ക് ഏറെ സ്വീകാര്യനായ മുഹമ്മദ് ﷺ കടന്നുവരുന്നു. അവർ പറഞ്ഞു: "ഇത് അൽ-അമീൻ ആണല്ലോ." (അവർ ജാഹിലിയ്യ കാലത്ത് പ്രവാചകനെ അൽ-അമീൻ—സത്യസന്ധൻ—എന്നാണ് വിളിച്ചിരുന്നത്). അവർ പറഞ്ഞു: "മുഹമ്മദ്! ഞങ്ങൾ നിന്നെ തൃപ്തിപ്പെട്ടിരിക്കുന്നു."
തിരുനബി ഒരു വിരിപ്പ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നിട്ട് ഹജറുൽ അസ്വദ് എന്നറിയപ്പെടുന്ന ആ കറുത്ത ശില അതിലേക്ക് എടുത്തുവെച്ചു. ശേഷം എല്ലാ ഗോത്രക്കാരോടും വിരിപ്പിന്റെ ഓരോ ഭാഗം പിടിക്കാൻ ആവശ്യപ്പെട്ടു. അവർ എല്ലാവരും കൂടി പിടിച്ചുയർത്തി. തിരുനബി വിരിപ്പിൽ നിന്ന് ഹജറുൽ അസ്വദ് എടുത്ത് അതിന്റെ സ്ഥാനത്തേക്ക് വെച്ചു. തിരുനബിക്ക് പ്രവാചകത്വം ലഭിക്കുന്നതിന് അഞ്ചുവർഷം മുമ്പ്, തന്റെ 35-ാമത്തെ വയസ്സിലാണ് ഈ സംഭവം ഉണ്ടാകുന്നത്. 35 വർഷമായി അവർ നബിയെ വിളിക്കുന്ന സ്ഥാനപ്പേരാണ് അൽ-അമീൻ. തിരുനബിയുടെ ബാല്യത്തിലെയും കൗമാരത്തിലെയും യൗവനത്തിലെയും സത്യസന്ധതയ്ക്ക് നാട്ടുകാരുടെ സർവ്വാംഗീകൃതമായ സാക്ഷ്യമായിരുന്നു അത്.
അഞ്ചുവർഷം പിന്നിട്ടു. 40 വയസ്സ് തികയുന്നതിന് മുമ്പ് ചില നല്ല സ്വപ്നങ്ങൾ തിരുനബി കാണാൻ തുടങ്ങി. എല്ലാ സ്വപ്നങ്ങളും പ്രഭാതോദയം പോലെ സ്പഷ്ടമായി പുലർന്നുകൊണ്ടേയിരുന്നു. സാംസ്കാരിക ശൂന്യമായ ജനജീവിതം അവിടുത്തെ മനംമടുപ്പിച്ചിരുന്നു. ജനങ്ങളിൽനിന്ന് വേറിട്ട് ഏകാന്തനായി കഴിയാൻ അവിടുന്ന് താൽപ്പര്യപ്പെട്ടു. അതിനായി ജബലുന്നൂറിലെ ഹിറാ ഗുഹയിൽ ഒറ്റയ്ക്കിരിക്കാൻ തുടങ്ങി. ആവശ്യമായ ഭക്ഷണം കയ്യിൽ കരുതും. കുറെ രാത്രികൾ ആരാധനയിൽ മുഴുകി അവിടെ കഴിച്ചുകൂട്ടും. പിന്നെ പ്രിയതമ ഖദീജ ബീവിയുടെ അടുക്കലേക്ക് തിരിച്ചുവരും. വീണ്ടും ആഹാരപദാർഥങ്ങൾ തയ്യാറാക്കി പുറപ്പെടും. കുറച്ചുകാലം ഈ നില തുടർന്നു.
ഒരു ദിവസം ഗുഹയിലേക്ക് നടന്നുപോകുമ്പോൾ മരങ്ങളും കല്ലുകളുമെല്ലാം സലാം ചൊല്ലുന്നത് തിരുനബി കേട്ടു. “അല്ലാഹുവിന്റെ ദൂതരേ, നിങ്ങൾക്കു സലാം” എന്നാണ് മരങ്ങളും കല്ലുകളും പറയുന്നത്. കല്ല് സലാം പറയുന്നത് നബിക്ക് പുതിയ അനുഭവമല്ല. പ്രവാചകത്വത്തിന് മുമ്പ് തന്നെ മക്കയിൽ വെച്ച് അവിടുത്തേക്ക് സലാം ചൊല്ലിയ ഒരു കല്ലുണ്ടായിരുന്നു. അക്കാര്യം തിരുനബി തന്നെ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്; ഇമാം മുസ്ലിമിൻ്റെ നബിവചന സമാഹാരത്തിൽ അത് ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ ഇത് വ്യത്യസ്തമാണ്; ഒരു കല്ലല്ല, ഒരുപാട് കല്ലുകൾ! കൂടെ എല്ലാ മരങ്ങളും! വിളിക്കുന്നത് 'റസൂലേ' എന്ന്! പ്രകൃതി പ്രവാചകത്വത്തെ ആഘോഷിക്കുകയായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. അത്ഭുതങ്ങൾ നബിക്ക് പുത്തരിയല്ല; പ്രവാചകത്വ സുവിശേഷങ്ങളും. ജനനം മുതൽ തന്നെ വിസ്മയങ്ങളുടെ തോഴനായിരുന്നു മുഹമ്മദ് ﷺ. കുട്ടിക്കാലം മുതൽ തന്നെ പ്രവാചകത്വത്തിന്റെ സുവിശേഷം പലരും അവിടുത്തെ അറിയിച്ചിട്ടുമുണ്ട്.
ആറാം വയസ്സിൽ ഉമ്മ മരണപ്പെടുമ്പോൾ തന്റെ മകനോട് അവസാനമായി പറഞ്ഞത് ഇപ്രകാരമായിരുന്നു:
إن صح ما أبصرت في المنام فأنت مبعوث إلى الأنام
“ഞാൻ കണ്ട സ്വപ്നം സത്യമാണെങ്കിൽ നീ മനുഷ്യരിലേക്ക് നിയോഗിക്കപ്പെടുന്ന ദൂതനാകുന്നു.”
പിന്നീട് തന്റെ പന്ത്രണ്ടാം വയസ്സിൽ പിതൃവ്യൻ അബൂത്വാലിബിനോടൊപ്പം ശാമിലേക്കുള്ള യാത്രയിൽ പുരോഹിതനായ ബഹീറയെ കണ്ടതും വരാനിരിക്കുന്ന പ്രവാചകന്റെ ലക്ഷണങ്ങൾ അദ്ദേഹം തിരുനബിയിൽ ദർശിച്ചതും വിശ്രുതമാണ്. ഇരുപത്തഞ്ചാം വയസ്സിലുള്ള മറ്റൊരു യാത്രയിൽ നസ്തൂറ എന്ന പുരോഹിതനും വരാനിരിക്കുന്ന പ്രവാചകന്റെ ലക്ഷണങ്ങൾ തിരുനബിയിൽ ദർശിച്ചിരുന്നു.
നമുക്ക് ജബലുന്നൂറിലെ ഹിറാ ഗുഹയിലേക്ക് തന്നെ പോകാം. മസ്ജിദുൽ ഹറാമിൽനിന്ന് നാലു കിലോമീറ്റർ അകലെയാണ് ഹിറാ ഗുഹ സ്ഥിതി ചെയ്യുന്നത്. പ്രസ്തുത ഗുഹയ്ക്ക് നാലുമുഴം നീളവും ഒന്നേമുക്കാൽ മുഴം വീതിയുമുണ്ട്. ഒരേ സമയം അഞ്ചുപേർക്ക് മാത്രമേ അതിൽ ഇരിക്കാനാവൂ. അവിടെ മുഹമ്മദ് ﷺ ധ്യാനനിമഗ്നനായി ഇരിക്കുകയാണ്. അപ്പോൾ ജിബ്രീൽ മാലാഖ ഹിറാ ഗുഹയിലെത്തുന്നു; തിരുദൂതന് മുമ്പിൽ പ്രത്യക്ഷപ്പെടുന്നു.
“വായിക്കുക” - ജിബ്രീൽ കൽപ്പിച്ചു.
"എനിക്ക് വായിക്കാനറിയില്ല" മുഹമ്മദ് ﷺ പ്രതിവചിച്ചു. മലക്ക് അവിടുത്തെ ശക്തമായി ആശ്ലേഷിച്ചു. വീണ്ടും "വായിക്കുക" എന്ന് കൽപ്പിച്ചു. "വായിക്കാൻ അറിയില്ല" എന്ന് അപ്പോഴും മറുപടി നൽകി. മലക്ക് വീണ്ടും ബലമായി പിടിച്ച് ഞെരുക്കി. പ്രയാസകരമായ പിടുത്തമായിരുന്നു അത്. സ്വതന്ത്രമാക്കിയ ശേഷം വീണ്ടും അതേ കല്പന ആവർത്തിച്ചു; മറുപടിയും. മൂന്നാമതും ശക്തമായ പിടുത്തം. ശേഷം ജിബ്രീൽ വിശുദ്ധ ഖുർആനിലെ അഞ്ച് സൂക്തങ്ങൾ ഓതിക്കൊടുത്തു:
{ ٱقۡرَأۡ بِٱسۡمِ ربِّكَ ٱلَّذِی خَلَقَ (1) خَلَقَ ٱلۡإِنسَـٰنَ مِنۡ عَلَقٍ (2) ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ (3) ٱلَّذِی عَلَّمَ بِٱلۡقَلَمِ (4) عَلَّمَ ٱلۡإِنسَـٰنَ مَا لَمۡ یَعۡلَمۡ (5) } [Surah Al-ʿAlaq: 1-5]
"സ്രഷ്ടാവായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ 'അലഖി'ൽനിന്ന് സൃഷ്ടിച്ചിരിക്കുന്നു. വായിക്കുക, നിന്റെ രക്ഷിതാവ് അത്യുദാരനത്രെ."
(വിശാലമായ അർഥസാധ്യതയുള്ള പദമാണ് 'അലഖ്'. ഒട്ടിപ്പിടിക്കുന്നത്, തൂങ്ങിക്കിടക്കുന്നത്, അട്ട, രക്തപിണ്ഡം എന്നെല്ലാം ഈ വാക്കിന് അർത്ഥമുണ്ട്. ഗർഭപാത്രത്തിൽ അട്ടയെപ്പോലെ ഒട്ടിപ്പിടിച്ച് തൂങ്ങിക്കിടക്കുന്ന രക്തപിണ്ഡം എന്ന് വിശേഷിപ്പിക്കാവുന്ന പദാർഥമാണല്ലോ സിക്താണ്ഡം).
ദിവ്യവെളിപാടിന്റെ തുടക്കമായിരുന്നു അത്. ഈ അനുഭവം അവിടുത്തെ ഭയപ്പെടുത്തി. പ്രവാചകത്വത്തിന്റെ വലിയ ഉത്തരവാദിത്തം തനിക്ക് ഏറ്റെടുക്കാൻ സാധിക്കുമോ എന്ന ആശങ്ക അവിടുത്തെ മനസ്സിനെ മഥിച്ചിരിക്കണം. പിടയ്ക്കുന്ന ഹൃദയത്തോടെ അവിടുന്ന് പ്രിയതമയുടെ ചാരത്തേക്ക് ഓടി. ഖദീജ ബീവി തിരുദൂതനെ ഊഷ്മളമായി സ്വീകരിച്ചു. "ഒരു പുതപ്പ് കൊണ്ടുവരാനും അതുകൊണ്ട് എന്നെ നന്നായി പുതപ്പിച്ചു മൂടാനും" അവിടുന്ന് ആവശ്യപ്പെട്ടു. പ്രിയതമ പുതപ്പിച്ചു കൊടുത്തു. നടന്ന സംഭവങ്ങളെല്ലാം ഖദീജ ബീവിയെ ധരിപ്പിച്ചു. തന്റെ മനസ്സിനെ മഥിക്കുന്ന ഭയപ്പാട് മനസ്സിലാക്കിയ ഖദീജ ബീവി പ്രിയതമനെ ആശ്വസിപ്പിച്ചു:
"ഇല്ല, അല്ലാഹുവാണ് സത്യം. അവൻ അങ്ങയെ ഒരിക്കലും കൈവെടിയുകയില്ല. അങ്ങ് കുടുംബബന്ധം പുലർത്തുന്നു, അശരണരുടെ പ്രയാസങ്ങൾ വഹിക്കുന്നു, തൊഴിലില്ലാത്തവർക്ക് തൊഴിൽ നേടിക്കൊടുക്കുന്നു, അതിഥികളെ സൽക്കരിക്കുന്നു, വിപൽഘട്ടങ്ങളിൽ സഹായം നൽകുന്നു."
അവിടുത്തെ മനസ്സ് തണുത്തു. ഖദീജ ബീവി തന്റെ പിതൃവ്യപുത്രനും വയോവൃദ്ധനുമായ വറഖത്തുബ്നു നൗഫലിനടുത്തേക്ക് പ്രിയതമനെയും കൂട്ടി ചെന്നു. അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ച ഒരു വേദപണ്ഡിതനായിരുന്നു. ഹീബ്രു ഭാഷയിൽ നിപുണനായിരുന്നതിനാൽ സുവിശേഷം എഴുതിയെടുക്കാറുണ്ടായിരുന്നു. തിരുനബിക്കുണ്ടായ അനുഭവത്തെക്കുറിച്ച് ചോദിച്ചറിയാൻ ഖദീജ വറഖത്തിനോട് ആവശ്യപ്പെട്ടു. വറഖത്ത് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കണ്ട കാഴ്ചകളെല്ലാം തിരുനബി വറഖത്തിനെ അറിയിച്ചു. വറഖത്ത് പറഞ്ഞു: "ഇത് അല്ലാഹു മൂസാ നബിയുടെ അടുത്തേക്ക് അയച്ചിരുന്ന അതേ നന്മയുടെ സന്ദേശവാഹകനാണ്. അങ്ങ് പ്രബോധനം ചെയ്യുന്ന സന്ദർഭത്തിൽ ഞാനൊരു യുവാവായിരുന്നെങ്കിൽ! അങ്ങയെ സ്വജനത സ്വദേശത്തുനിന്ന് പുറത്താക്കുന്ന ഘട്ടത്തിൽ ഞാൻ ജീവിച്ചിരുന്നെങ്കിൽ!”
തിരുനബി ﷺ ചോദിച്ചു: "അവർ എന്നെ പുറത്താക്കുകയോ?" വറഖത്ത് പറഞ്ഞു: "താങ്കൾ കൊണ്ടുവന്നതുപോലെയുള്ള സന്ദേശങ്ങളുമായി വന്ന ഒരു പ്രവാചകനും തന്റെ ജനതയുടെ ശത്രുതയ്ക്ക് വിധേയമാകാതിരുന്നിട്ടില്ല. താങ്കളെ പുറത്താക്കുന്ന സമയം ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ശക്തമായ ഒരു സഹായം താങ്കൾക്ക് നൽകുമായിരുന്നു." പക്ഷേ, പിന്നീട് അധികം കഴിഞ്ഞില്ല, വറഖത്ത് മരണമടഞ്ഞു. ദൈവികസന്ദേശങ്ങളുടെ അവതരണം കുറച്ചുകാലത്തേക്ക് നിലയ്ക്കുകയും ചെയ്തു. ദിവ്യവെളിപാട് നിലച്ചപ്പോൾ തിരുനബിക്ക് ആധിയായി. ഇടയ്ക്കിടെ മലമുകളിലേക്ക് കയറിനോക്കും; ജിബ്രീൽ മാലാഖ വരുന്നുണ്ടോ എന്ന്. ഒരിക്കൽ അത്ഭുതകരമായ ഒരു കാഴ്ചയുണ്ടായി:
തിരുനബി പറയുന്നു: "ഞാൻ നടന്നുപോയിക്കൊണ്ടിരിക്കെ ആകാശത്തുനിന്ന് ഒരു ശബ്ദം കേട്ടു; തല ഉയർത്തി നോക്കി. അപ്പോഴതാ ഹിറാ ഗുഹയിൽ വന്ന മലക്ക് ആകാശത്തിനും ഭൂമിക്കുമിടയിൽ ഒരു കസേരയിൽ ഇരിക്കുന്നു! ഞാൻ പേടിച്ച് വീട്ടിൽ മടങ്ങിയെത്തി പ്രിയതമ ഖദീജ ബീവിയോട് പുതപ്പിട്ടു മൂടാൻ ആവശ്യപ്പെട്ടു." അപ്പോൾ അല്ലാഹു വിശുദ്ധ ഖുർആനിലെ സൂറത്തുൽ മുദ്ദസിറിലെ ആദ്യത്തെ സൂക്തങ്ങൾ അവതരിപ്പിച്ചു:
“പുതപ്പിട്ടു മൂടിയവനേ.. എഴുന്നേൽക്കൂ.. മുന്നറിയിപ്പു നൽകൂ.. തക്ബീർ മുഴക്കൂ.. വസ്ത്രം വൃത്തിയാക്കൂ.. വിഗ്രഹങ്ങളെ വെടിയൂ”
തിരുനബി എന്തുചെയ്തു? ദിവ്യസന്ദേശം ലഭിച്ചതുപോലെ മുന്നറിയിപ്പ് നൽകിയോ? അതെ! തിരുനബി സഫാ കുന്നിന്റെ മുകളിൽ കയറി ഉറക്കെ വിളിച്ചുപറഞ്ഞു: "എല്ലാവരും കടന്നുവരൂ...!" മുഹമ്മദ് ആണെന്ന് മനസ്സിലാക്കിയപ്പോൾ അവരെല്ലാം അവിടെ ഒരുമിച്ചുകൂടി. തിരുനബി ഓരോ ഗോത്രക്കാരെയും പ്രത്യേകം പ്രത്യേകം പേര് വിളിച്ച് ചോദിച്ചു: "ഈ പർവ്വതത്തിന്റെ താഴ്വാരത്തിലൂടെ ഒരു അശ്വസേന കടന്നുവരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ എന്നെ വിശ്വസിക്കുമോ?" അവർ പറഞ്ഞു: "നിന്റെ അടുക്കൽനിന്ന് ഒരു കളവും ഞങ്ങൾ ഇതുവരെ അനുഭവിച്ചിട്ടേയില്ല. സത്യമല്ലാത്ത ഒരനുഭവവും ഞങ്ങൾക്കുണ്ടായിട്ടില്ല."
അതെ! നാൽപ്പതാം വയസ്സിലും നാട്ടുകാർക്കിടയിൽ സത്യസന്ധനായിരുന്നു. സത്യസന്ധതയുടെ ഈ സാക്ഷ്യം തന്റെ വാർദ്ധക്യദശയിൽ വരെ ശത്രുക്കളിൽനിന്ന് പോലും ഉണ്ടായിട്ടുണ്ട്. അപ്പോൾ തിരുനബി പറഞ്ഞു: "കഅ്ബ് ബിൻ ലുഅയ്യിന്റെ മക്കളേ, അബ്ദുമനാഫിന്റെ മക്കളേ, ഹാശിമിന്റെ മക്കളേ, അബ്ദുൽ മുത്വലിബിന്റെ മക്കളേ, മുഹമ്മദിന്റെ മകൾ ഫാത്തിമാ, ഖുറൈശി സമൂഹമേ... എന്നാൽ അതിശക്തമായ ഒരു ശിക്ഷയെക്കുറിച്ച് നിങ്ങളെ താക്കീത് ചെയ്യാൻ വേണ്ടിയാണ് ഞാൻ വന്നിട്ടുള്ളത്. ഞാൻ അല്ലാഹുവിന്റെ ദൂതനാണ്. അവൻ മാത്രമാണ് നിങ്ങളുടെ ആരാധ്യൻ. അവനെ മാത്രം ആരാധിച്ച് നിങ്ങൾ നിങ്ങളുടെ ശരീരങ്ങളെ നരകത്തിൽനിന്ന് രക്ഷിക്കുക. ഈ വിശ്വാസം സ്വീകരിക്കാത്ത പക്ഷം പരലോക ശിക്ഷയിൽനിന്ന് നിങ്ങളെ രക്ഷിക്കാൻ എനിക്ക് കഴിയില്ല."
ഇത് കേട്ട മാത്രയിൽ തന്നെ പിതൃസഹോദരനായ അബൂലഹബിന് കലികയറി. അയാൾ തിരുനബിയുടെ നേരെ കൈ ചൂണ്ടി ഇങ്ങനെ ആക്രോശിച്ചു: "തബ്ബൻ ലക്! നിനക്ക് നാശം. ഇതിനുവേണ്ടിയാണോ നീ ഞങ്ങളെ ഒരുമിച്ചുകൂട്ടിയത്?" ഉടനെ ഖുർആൻ അവതരിച്ചു. പ്രവാചകനെ ആക്ഷേപിച്ച അബൂലഹബിനുള്ള മറുപടിയും തിരുനബിയുടെ മഹത്വവും ഖുർആന്റെ അമാനുഷികതയും പ്രഘോഷിക്കുന്ന ഖുർആനിക സൂക്തങ്ങളായിരുന്നു അത്!




