തിരുനബി മസ്ജിദുൽ ഹറാമിനടുത്തെത്തി. വാഹനം നിർത്തി 'ബാബു ബനീ ശൈബ'യിലൂടെ പള്ളിയിലേക്ക് പ്രവേശിച്ചു. ഇതേ വാതിലിലൂടെ തന്നെയായിരുന്നു പീഡനപർവ്വങ്ങളുടെ ദുരിതകാലത്ത് അവിടുന്ന് പള്ളിയിൽ കടന്നിരുന്നത്. അവിടുത്തെ മനസ്സിലൂടെ അപ്പോൾ എന്തെല്ലാം കടന്നുപോയിട്ടുണ്ടാവാം? 20 കൊല്ലങ്ങൾക്കു മുമ്പ് ഈ പള്ളിയിൽ നിസ്കരിക്കുമ്പോൾ ചീഞ്ഞളിഞ്ഞ ഒട്ടകത്തിന്റെ കുടൽമാല കഴുത്തിൽ ചാർത്തിയത് അവിടുന്ന് ഓർത്തിരിക്കുമോ? കൊടിയ പീഡനങ്ങൾക്കൊടുവിൽ വിജയശ്രീലാളിതനായി, തന്റെ രക്ഷിതാവ് നൽകിയ വാഗ്ദാനം നിറവേറ്റിയ നിറവിൽ സസന്തോഷം അവിടുന്ന് പള്ളിയിലേക്ക് പാദമൂന്നി.
കഅ്ബ കണ്ണിൽപ്പെട്ടതും കൈകൾ ആകാശത്തേക്ക് ഉയർത്തി അവിടുന്ന് ഇങ്ങനെ പ്രാർത്ഥിച്ചു:
اللهم زد هذا البيت تشريفا وتعظيما وتكريما ومهابة وبرا وزد من حجه واعتمره تكريما وتشريفا وتعظيما وبرا
“അല്ലാഹ്! ഈ ഗേഹത്തിനും ഇവിടെ വന്ന് ഹജ്ജ് / ഉംറ നിർവഹിച്ചവർക്കും ശ്രേഷ്ഠതയും ബഹുമതിയും ആദരവും മഹത്വവും പുണ്യവും നീ വർദ്ധിപ്പിക്കേണമേ..”
വിശുദ്ധ കഅ്ബയുടെ നേരെ ചെന്ന് തക്ബീർ ചൊല്ലി ഹജറുൽ അസ്വദ് തൊട്ടുമുത്തി. (കഅ്ബയുടെ തെക്കുകിഴക്ക് മൂലയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന, സ്വർഗ്ഗത്തിൽനിന്ന് കൊണ്ടുവന്നതാണെന്ന് ഹദീസുകളിൽ പരാമർശിക്കപ്പെട്ട കറുത്ത ശിലയാണ് ഹജറുൽ അസ്വദ്). തുടർന്ന് കഅ്ബ ഏഴു തവണ ത്വവാഫ് (പ്രദക്ഷിണം) ചെയ്തു. ആദ്യ മൂന്ന് ചുറ്റൽ അല്പം ധൃതിയിലും പിന്നീട് നാല് ചുറ്റൽ സാധാരണ നടത്തവുമായാണ് നിർവഹിച്ചത്. പിന്നീട് ഇങ്ങോട്ട് ലോക മുസ്ലിങ്ങളൊക്കെയും അങ്ങനെതന്നെ ചെയ്യാൻ ശ്രമിക്കുന്നു. ഒരു കേന്ദ്രത്തിന് ചുറ്റും കാലദേശങ്ങളെ അതിജീവിച്ചുകൊണ്ട് മനുഷ്യകുലം കറങ്ങുന്ന പ്രകാരമാണിത്.
പിന്നീട് തിരുനബി ഇബ്രാഹിം മഖാമിനടുത്തേക്ക് ചെന്നു. ഇബ്രാഹിം പ്രവാചകന്റെ കാൽപാദങ്ങൾ പതിഞ്ഞ കല്ല് സ്ഥാപിക്കപ്പെട്ട സ്ഥലമാണ് മഖാമു ഇബ്രാഹിം. അവിടെവെച്ച് നിസ്കരിക്കണമെന്ന് ആവശ്യപ്പെടുന്ന വിശുദ്ധ ഖുർആനിലെ സൂക്തം (2:125) തിരുനബി പാരായണം ചെയ്തു. പിന്നീട് അതിന്റെ പിറകിൽ നിന്നുകൊണ്ട് രണ്ട് റക്അത്ത് നിസ്കരിച്ചു. വീണ്ടും ഹജറുൽ അസ്വദ് തൊട്ടുമുത്തി.
ശേഷം സ്വഫാ കുന്നിലേക്ക് നീങ്ങി. സ്വഫയും മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളാണെന്ന് ആശയമുള്ള ഖുർആൻ സൂക്തം പാരായണം ചെയ്തു. തുടർന്ന് സഅയ് ചെയ്തു. (സ്വഫാ-മർവ കുന്നുകൾക്കിടയിൽ നടക്കുന്നതിനെയാണ് സഅയ് എന്ന് വ്യവഹരിക്കുന്നത്). എന്തിനാണ് സ്വഫാ-മർവയ്ക്കിടയിൽ നബി നടന്നതും ഓടിയതും? ഒപ്പം ലക്ഷക്കണക്കിന് മനുഷ്യരും, പിന്നീട് അവിടെ വന്ന കോടിക്കണക്കിന് ആളുകളും? അതൊരു ചരിത്രസംഭവത്തിന്റെ അനുസ്മരണമാണ്.
ബലിമൃഗങ്ങളെ കൊണ്ടുവന്നതിനാൽ തിരുനബി ഹജ്ജിൽ തന്നെ തുടർന്നു. എന്നാൽ, കൂടെ വന്നവരിൽ ബലിമൃഗങ്ങളെ കൊണ്ടുവന്നിട്ടില്ലാത്തവരോട് ആ ദിവസം തന്നെ -അറബി മാസപ്രകാരം ദുൽഹിജ്ജ അഞ്ചിന്- ഉംറയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഹജ്ജിന്റെ ഇഹ്റാമിനെ ഉംറയുടേതാക്കി മാറ്റാൻ തിരുനബി നിർദേശിച്ചു. ഹജ്ജിന്റെ മാസങ്ങളിൽ ഉംറ ചെയ്യുന്നത് കുറ്റകരമാണെന്ന ജാഹിലിയ്യാ കാലഘട്ടത്തിലെ തെറ്റിദ്ധാരണ നീക്കാനായിരുന്നു പ്രസ്തുത നിർദേശം.
ഉംറ ചെയ്തവർ ദുൽഹിജ്ജ എട്ടിന് ഇഹ്റാം ചെയ്ത് ഹജ്ജിൽ പ്രവേശിച്ചു. അവർ നബിതങ്ങളോടൊപ്പം മിനയിലേക്ക് പോയി. അതേ ദിവസത്തെ ളുഹ്ർ മുതൽ ദുൽഹിജ്ജ ഒമ്പതിന്റെ സുബ്ഹി വരെയുള്ള നിസ്കാരങ്ങൾ അവിടെയാണ് മുത്തുനബി നിർവഹിച്ചത്. സുബ്ഹി നിസ്കാരത്തിനു ശേഷം അറഫയിലേക്ക് പുറപ്പെട്ടു. ളുഹ്ർ, അസ്ർ എന്നിവ മുന്തിച്ചു ജംആക്കിയാണ് നിർവഹിച്ചത്. പകൽ സമയം അറഫയിൽ തങ്ങി. രാത്രിയോടെ അവിടെനിന്ന് മടങ്ങുകയും മുസ്ദലിഫയിൽ എത്തിച്ചേരുകയും ചെയ്തു. ദുൽഹിജ്ജ പത്തിന്റെ രാവ് ഇവിടെയാണ് കഴിച്ചുകൂട്ടിയത്. പിറ്റേ ദിവസം ജംറകളിൽ എറിയാനുള്ള കല്ലുകൾ ശേഖരിച്ചതും ഇവിടെനിന്നുതന്നെ.
അടുത്ത ദിവസം ദുൽഹിജ്ജ 10ന് തിരുനബി ജംറത്തുൽ അഖബയെ ഏഴു കല്ലുകൾ കൊണ്ട് എറിഞ്ഞു. മിനയിൽ വച്ച് ബലിമൃഗങ്ങളെ അറുത്ത ശേഷം തലമുടി കളഞ്ഞു. നൂറു മൃഗങ്ങളെ കൊണ്ടുവന്നിരുന്നെങ്കിലും 63 എണ്ണം അവിടുന്ന് തന്നെ അറുക്കുകയും ശേഷിക്കുന്നവയെ അറുക്കാൻ അലിയെ ഏൽപ്പിക്കുകയുമാണുണ്ടായത്.
തുടർന്ന് ഹജ്ജിന്റെ പ്രവർത്തനങ്ങളിൽ നിർബന്ധമായ ത്വവാഫ് (ത്വവാഫുൽ ഇഫാദ) നിർവഹിച്ചു. അയ്യാമുത്തശ്രീക്കിന്റെ ബാക്കി ദിനങ്ങൾ (ദുൽഹിജ്ജ 11, 12, 13) തിരുനബി മിനയിൽ തന്നെ തുടർന്നു. ഈ മൂന്നു ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷം മൂന്നു ജംറകളിലും ഏഴു തവണ വീതം കല്ലെറിഞ്ഞു. 14-ന് തിരുനബി 'ത്വവാഫുൽ വദാഅ്' (യാത്രയയപ്പ് പ്രദക്ഷിണം) ചെയ്ത് മദീനയിലേക്ക് മടങ്ങാൻ തയ്യാറായി. മക്കയിലേക്ക് സഞ്ചരിച്ച പ്രകാരം ദിനേന ഏകദേശം 50 കിലോമീറ്റർ വീതം സഞ്ചരിച്ച് 10 ദിവസം കൊണ്ട് മദീനയിൽ എത്തിച്ചേർന്നു. ഹജ്ജിനിടെ അറഫ, മിന എന്നിവിടങ്ങളിൽ വെച്ച് തിരുനബി എട്ട് മിനിറ്റിൽ കുറയാത്തതും പത്ത് മിനിറ്റിൽ കൂടാത്തതുമായ പ്രഭാഷണങ്ങൾ നിർവഹിച്ചു. മനുഷ്യാവകാശങ്ങളുടെ പ്രഖ്യാപനമായിരുന്നു അത്. ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള സമരവാക്യമായിരുന്നു അത്. ലോകത്തെ ഭരിച്ചിരുന്ന സാമൂഹിക തിന്മകളുടെ ഉച്ഛാടനമായിരുന്നു അത്. പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കാനുള്ള ഉണർത്തുപാട്ടായിരുന്നു അത്. സ്വജനപക്ഷപാതത്തിനെതിരെയുള്ള ഉൽഘോഷമായിരുന്നു അത്.
ഹജ്ജത്തുൽ വദാഇൽ തിരുനബി നടത്തിയ ചരിത്രപ്രസിദ്ധമായ പ്രഭാഷണങ്ങളിലേക്ക് നാം കാതോർത്തിരിക്കുകയാണ്. തിരുനബി ഹജ്ജ് വേളകളിൽ സംസാരിച്ചതിന്റെ രത്നച്ചുരുക്കം ഇതാണ്:
"അല്ലാഹുവിന്റെ അടിയാറുകളേ, എന്നോടും പിന്നെ നിങ്ങളോടും ഞാൻ കൽപ്പിക്കുന്നു; അല്ലാഹുവിന് വണക്കവും ഭക്തിയുമുള്ളവരായി വർത്തിക്കുവിൻ.
ജനങ്ങളേ! എന്റെ വാക്ക് സശ്രദ്ധം ശ്രവിക്കുവിൻ. ഒരുപക്ഷേ ഈ കൊല്ലത്തിനു ശേഷം നിങ്ങളുമായി സന്ധിക്കുവാൻ എനിക്ക് സാധിച്ചേക്കില്ല. ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അഭിമാനവും അന്ത്യനാൾ വരെയും പവിത്രമാണ്. ഈ ദിനവും ഈ മാസവും ഈ നാടും പവിത്രമായതുപോലെ നിങ്ങളുടെ ജീവനും സ്വത്തും പവിത്രമായിരിക്കും. അതിനാൽ, അവയുടെ മേൽ നിങ്ങൾ പരസ്പരം കയ്യേറ്റം നടത്തരുത്. നിങ്ങളുടെ നാഥനെ നിങ്ങൾ കണ്ടുമുട്ടുകതന്നെ ചെയ്യും; അന്നേരം നിങ്ങളുടെ ചെയ്തികളെപ്പറ്റി അവൻ ചോദ്യം ചെയ്യും. അതുകൊണ്ട് ആരുടെയെങ്കിലും കൈവശം സൂക്ഷിപ്പുമുതലുകളുണ്ടെങ്കിൽ അവ അവകാശികൾക്ക് തിരിച്ചേൽപ്പിച്ചുകൊള്ളട്ടെ. അറിഞ്ഞുകൊള്ളുക.
അല്ലാഹു പലിശ നിരോധിച്ചിരിക്കുന്നു. എല്ലാ പലിശ ഇടപാടുകളും ഇന്നോടെ റദ്ദു ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങളുടേതായ മൂലധനം നിങ്ങൾക്കുണ്ടായിരിക്കും. പലിശ ഇടപാടൊന്നും വേണ്ടെന്ന് അല്ലാഹു കണിശമായി നിശ്ചയിച്ചിരിക്കുന്നു. ഏറ്റവും ആദ്യമായി ഞാൻ റദ്ദ് ചെയ്യുന്നത് എന്റെ പിതൃവ്യനായ അബ്ബാസ് ഇബ്നു അബ്ദുൽ മുത്വലിബിന് കിട്ടാനുള്ള പലിശയാണ്. അറിഞ്ഞുകൊള്ളുക: അജ്ഞാനകാലത്തിന്റേതായ (Dark age) എല്ലാ രക്തപ്പകയും പ്രതികാരാവകാശവും റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. ഏറ്റവും ആദ്യമായി ഞാൻ റദ്ദ് ചെയ്യുന്നത്, ഹാരിസ് ഇബ്നു അബ്ദുൽ മുത്വലിബിന്റെ മകൻ റബീഅത്തിന്റെ പുത്രനായ ആമിറിന്റെ (എന്റെ പിതൃവ്യ പൗത്രന്റെ) രക്തപ്പകയാണ്. അറിഞ്ഞുകൊള്ളുക: അജ്ഞാനകാലത്തിന്റേതായ സകല ചിഹ്നങ്ങളെയും ആചാരോപചാരങ്ങളെയും ഞാനിതാ എന്റെ പാദങ്ങൾക്കടിയിൽ കുഴിച്ചുമൂടുന്നു. എന്നാൽ കഅ്ബാ പരിപാലനവും ഹാജിമാർക്കുള്ള ജലദാനവും ഒഴികെ.
ജനങ്ങളേ! ഈ മണ്ണിൽ ഇനി പിശാച് ആരാധിക്കപ്പെടുമെന്നുള്ളത് അവന്റെ വ്യാമോഹം മാത്രമാണ്. എന്നിരുന്നാലും നിങ്ങളുടെ പ്രവർത്തനങ്ങളിൽ സ്വാധീനം ചെലുത്താൻ പിശാച് തക്കം പാർത്തിരിക്കുന്നുണ്ട്. അതിനാൽ, വിശ്വാസത്തിന്റെ സുരക്ഷിതത്വത്തിനായി ജാഗ്രത പാലിക്കുക. ജനങ്ങളേ! മാസങ്ങളും തീയതികളും മാറ്റിമറിക്കുന്നത് അവിശ്വാസത്തിന്റെ ലക്ഷണംതന്നെയാണ്. അത് അവിശ്വാസികളുടെ തെറ്റായ സഞ്ചാരം ബലപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹു നിരോധിച്ചതിനെ നിയമവിധേയമാക്കാനും നിയമവിധേയമായതിനെ നിരോധിക്കാനും കൊല്ലങ്ങളെയും മാസങ്ങളെയും അവർ മാറ്റിമറിക്കുന്നു. വാസ്തവമാകട്ടെ, കാലഗണനയുടെ വ്യവസ്ഥകൾ എന്നും ഒന്നുതന്നെയായിരുന്നു. ആകാശഭൂമികളെ അല്ലാഹു സംവിധാനിച്ച അന്ന് മുതൽ മാസങ്ങളുടെ എണ്ണം ദൈവഗ്രന്ഥത്തിൽ പന്ത്രണ്ട് തന്നെയാണ്. കൂട്ടത്തിൽ നാലെണ്ണം -ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹർറം, റജബ്- എന്നിവ യുദ്ധനിഷിദ്ധ മാസങ്ങളത്രെ.
ജനങ്ങളേ! നിങ്ങളോട് നിങ്ങളുടെ ഇണകൾക്ക് ബാധ്യതകളുള്ളതുപോലെ നിങ്ങൾക്ക് അവരോടും ചില ബാധ്യതകളുണ്ട്. അവർ അവരുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നിടത്തോളം കാലം അവർക്ക് സംതൃപ്തിയോടുകൂടി ഭക്ഷണവും വസ്ത്രവും കൊടുക്കേണ്ടത് നിങ്ങളുടെ കടമയാണ്. നിങ്ങൾ അവരോട് നല്ല നിലയിൽ പെരുമാറുകയും സ്നേഹശീലരായിരിക്കുകയും വേണം. കാരണം, അവർ നിങ്ങളുടെ ജീവിതപങ്കാളികളും ബാധ്യതയുള്ള സഹായികളുമാണ്. അവർ നിങ്ങൾക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പുകളിൽ ചവിട്ടിക്കരുത്; നിങ്ങളുടെ സമ്മതമില്ലാതെ വീട്ടിൽ പ്രവേശിപ്പിക്കുകയുമരുത്. ലൈംഗിക വൃത്തികേടുകൾ ചെയ്യുകയുമരുത്. ഇതാകുന്നു അവരുടെ കർത്തവ്യം. അങ്ങനെ അവർ അച്ചടക്കലംഘനം ചെയ്യുന്ന പക്ഷം അവരോട് ശയ്യകളിൽ വേറിട്ടു നിൽക്കുവാനും പോരെങ്കിൽ അപായകരമല്ലാത്ത ശിക്ഷ നൽകുവാനും നിങ്ങളെ അല്ലാഹു അനുവദിച്ചിരിക്കുന്നു. അങ്ങനെ അവർ അതിൽ നിന്നും പിന്മാറിയാൽ മര്യാദയനുസരിച്ച് അവർക്ക് ഭക്ഷണവും വസ്ത്രവും നൽകൽ നിങ്ങളുടെ കർത്തവ്യമാണ്. സ്ത്രീകൾ നിങ്ങളുടെ പക്കൽ നിബദ്ധരാണ്. അല്ലാഹുവിന്റെ സൂക്ഷിപ്പുസ്വത്തായാണ് അവരെ നിങ്ങൾ കൈക്കൊണ്ടിട്ടുള്ളത്. അവന്റെ തിരുമൊഴിപ്രകാരമാണ് അവരുമായുള്ള ശാരീരികബന്ധം നിങ്ങൾക്ക് അനുവദനീയമാക്കിയിരിക്കുന്നത്. അതിനാൽ ജനങ്ങളേ! എന്റെ വാക്ക് ശരിക്കും ശ്രവിക്കുവിൻ.
ജനങ്ങളേ! ഞാൻ നിങ്ങളുടെ പക്കൽ രണ്ടു കാര്യങ്ങൾ ഏൽപ്പിക്കുന്നു; അതു മുറുകെ പിടിക്കുകയാണെങ്കിൽ നിങ്ങൾ വിജയിക്കും, വഴിപിഴയ്ക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണവ. ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ സഹോദരനാണ്. അതിനാൽ മനഃസംതൃപ്തിയോടെ സഹോദരൻ നൽകുന്ന ധനമല്ലാതെ മറ്റൊന്നും അനുഭവിപ്പാൻ പാടുള്ളതല്ല. എനിക്ക് ശേഷം പരസ്പരം കഴുത്തറുത്തുകൊണ്ട് അവിശ്വാസികളായിത്തീരരുത്. നിങ്ങൾ സ്വയം ദ്രോഹിക്കരുത്. നിങ്ങൾ നിങ്ങളുടെ ഭൃത്യരുടെ കാര്യത്തിലും ശ്രദ്ധിക്കുക. നിങ്ങളുടെ ആശ്രിതരെ ശ്രദ്ധിക്കുക. നിങ്ങൾ ഭക്ഷിക്കുന്നതുപോലെ അവർക്കും ഭക്ഷിക്കാൻ നൽകുക. നിങ്ങൾ ധരിക്കുന്ന വസ്ത്രംപോലെതന്നെ അവരെയും വസ്ത്രം ധരിപ്പിക്കുക.
മാനവസമുദായമേ! നിങ്ങളുടെ ദൈവം ഒന്ന്, നിങ്ങളുടെ പിതാവ് ഒന്ന്. നിങ്ങളെല്ലാം ആദമിൽ നിന്ന്, ആദമോ മണ്ണിൽ നിന്നും. കൂടുതൽ ദൈവഭക്തിയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കൽ കൂടുതൽ ശ്രേഷ്ഠൻ. അറബിക്ക് അറബിയല്ലാത്തവനേക്കാളോ അനറബിക്ക് അറബിയേക്കാളോ യാതൊരു മഹത്വവുമില്ല. മഹത്വങ്ങൾക്ക് അടിസ്ഥാനം നിങ്ങളുടെ ദൈവഭക്തി മാത്രം. ജീവിതത്തിൽ സൂക്ഷ്മതയുള്ളതാർക്കാണോ അവനാണ് അല്ലാഹുവിന്റെയടുത്ത് ഏറ്റവും ബഹുമാന്യൻ.
ജനങ്ങളേ! എനിക്ക് ശേഷം ഒരു പ്രവാചകൻ വരാനില്ല. അതുകൊണ്ട് ശ്രദ്ധിച്ചുകേൾക്കുക. നിങ്ങളുടെ നാഥന്റെ കൽപ്പനയനുസരിച്ചു ജീവിക്കുക. അഞ്ച് നേരം നമസ്കരിക്കുക, മനഃസന്തുഷ്ടിയോടെ സകാത്ത് കൊടുക്കുക, റമദാനിൽ വ്രതമനുഷ്ഠിക്കുക, നിങ്ങളുടെ നാഥന്റെ മന്ദിരം വന്ന് സന്ദർശിക്കുക. നിങ്ങളുടെ കൂട്ടത്തിലുള്ള ഭരണകർത്താക്കളെ അനുസരിക്കുക. എങ്കിൽ നിങ്ങളുടെ നാഥന്റെ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കാം.
അല്ലയോ ജനങ്ങളേ! നിങ്ങളോട് എന്നെപ്പറ്റി ചോദ്യമുണ്ടാകും. എന്തായിരിക്കും നിങ്ങളുടെ മറുപടി?" "അങ്ങ് പ്രബോധന കർത്തവ്യം നിർവഹിക്കുകയും സദുപദേശം നൽകുകയും ചെയ്തുവെന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കും." - ജനാവലി ഉച്ചത്തിൽ ഘോഷിച്ചു. അനന്തരം തിരുദൂതർ ആകാശത്തിനു നേരെ വിരൽ ചൂണ്ടി മൂന്ന് തവണ ആവർത്തിച്ചു: "അല്ലാഹുവേ! നീ സാക്ഷി!" അറിഞ്ഞുകൊള്ളുക: ഇവിടെ സന്നിഹിതരായവർ ഇവിടെയില്ലാത്തവർക്ക് ഈ സന്ദേശം എത്തിച്ചുകൊടുക്കുവിൻ."




