രണ്ടാം ഖലീഫ ഉമർ പള്ളിയിലിരിക്കുകയാണ്. പള്ളിയുടെ പിൻഭാഗത്തുകൂടെ ഒരാൾ നടന്നു പോയി. അപ്പോൾ കൂടെയുള്ളൊരാൾ ഉമറിനോട് ചോദിച്ചു: “ആ നടന്നുപോയത് ആരാണെന്നറിയുമോ?”
ഉമർ: “ആരാണ്?”
“സവാദു ബ്നു ഖാരിബാണ്. യമനി കുബേരൻ. തിരുനബിയുടെ ആഗമനത്തെക്കുറിച്ച് ജിന്നിൽനിന്ന് സന്ദേശം ലഭിച്ചയാളാണദ്ദേഹം”. കൂടെയുള്ളയാൾ മറുപടി പറഞ്ഞു.
(അല്ലാഹുവിന്റെ സൃഷ്ടികൾ സൃഷ്ടിപ്പിന്റെ പ്രത്യേകതയിൽ മൂന്ന് വിധമുണ്ട്. ഓരോ വിഭാഗത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. ഒന്ന്: പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ടവ. മലക്കുകളാണിവർ. മാലാഖമാര് എന്നൊക്കെ വിവിധ ഭാഷകളിൽ പറയാറുണ്ട്. മലക്ക് എന്നത് അറബി പദമാണ്. മലിനമല്ലാത്ത ഏത് രൂപഭാവത്തിലേക്കും നിശ്പ്രയാസം പ്രത്യക്ഷപ്പെടാൻ ഇവർക്ക് കഴിയും. മലക്കുകളെ കുറിച്ച് വിശദമായ പഠനം ഈ പോർട്ടലിൽ ലഭ്യമാണ്
മറ്റൊന്ന്: പുകയില്ലാത്ത തീജ്വാലയുടെ മൂലകങ്ങളാൽ സൃഷ്ടിക്കപ്പെട്ടവ. അവയാണ് ജിന്നുകൾ. വേണമെങ്കിൽ ELF എന്നു വിശേഷിപ്പിക്കാം. വ്യത്യസ്ത രൂപഭാവങ്ങളിൽ പ്രത്യക്ഷപ്പെടാൻ സാധിക്കുന്ന അല്ലാഹുവിന്റെ പ്രത്യേക സൃഷ്ടികളാണ് അവർ. മനുഷ്യർക്ക് അവരെ കാണാൻ സാധിക്കുകയില്ല. എന്നാൽ അവർക്ക് മനുഷ്യരെ കാണാനാകും. ഭൂമി, വായു, ഇതര ഗോളങ്ങളെല്ലാം അവയ്ക്ക് വാസയോഗ്യമാണ്. വേഗതയിലും, ദർശനത്തിലും, കേൾവിയിലും, കായിക ശക്തിയിലുമൊക്കെ മനുഷ്യരേക്കാൾ ധാരാളം മടങ്ങു ശേഷിയുള്ളവരാണ്. ആയുസ്സും വളരെ കൂടുതലാണ്. ആയിരക്കണക്കിന് വർഷം അവ ജീവിക്കുന്നു. സ്ത്രീ പുരുഷ വിഭാഗങ്ങളും നല്ലവരും മോശപ്പെട്ടവരും മനുഷ്യരെ പോലെ വിവിധ മതങ്ങളും വിവിധ സംവിധാനങ്ങളുമൊക്കെ അവര്ക്കുമുണ്ട്.
ഇസ്ലാമിക വിശ്വാസമനുസരിച്ച് മതവിധി അവര്ക്കും ബാധകമാണ്. മനുഷ്യർക്കും ജിന്നുകൾക്കും മാർഗദർശനമായാണ് മുഹമ്മദ് നബിയെ ദൈവം അയച്ചത് എന്ന് ഖുർആനിൽ കാണാം. Elf എന്ന് ഇംഗ്ലീഷിൽ പറയുന്നത് കാണാം. എന്നാൽ Elf എന്ന് പരിചയപ്പെടുത്തി ചിത്രീകരിക്കപ്പെടുന്ന രൂപഭാവങ്ങൾ ആകണമെന്നില്ല ജിന്നുകളുടേത്. ജിന്നുകളിലെ മോശം വിഭാഗത്തെ മുസ്ലിംകൾ പിശാച് (Demon) എന്ന് വിളിക്കുന്നു.
മൂന്നാമത്തെ വിഭാഗം: മണ്ണിന്റെ അടിസ്ഥാന മൂലകങ്ങൾകൊണ്ട് സൃഷ്ടിക്കപ്പെട്ടവയാണ്. മനുഷ്യരും ഭൂമിയിലെ ജീവജാലങ്ങളും ആ ഗണത്തിൽ പെടുന്നു. പ്രകൃതിയിൽ ഭൂമിയിലുള്ളവയെയാണ് മനുഷ്യർക്ക് നേരിട്ട് പരിചയം. അവയിൽ മൃഗങ്ങൾ, പക്ഷികൾ, ഷട്പദങ്ങൾ, ഇഴജന്തുക്കൾ, സൂക്ഷ്മ ജീവികൾ, സസ്യങ്ങൾ തുടങ്ങി ധാരാളമുണ്ട്. ഇതിൽ ചിലതിനെ നേരിട്ട് കാണാൻ കഴിയാത്തവയാണ്. എങ്കിലും ഉപകരണങ്ങൾകൊണ്ട് നമുക്ക് ബോധ്യമാകുന്നവയാണത്.
ആദ്യ മനുഷ്യനെ മണ്ണുകൊണ്ട് സൃഷ്ടിച്ചു എന്നാണ് ഇസ്ലാം പറയുന്നത്. ആദ്യമനുഷ്യൻ പുരുഷനാണ്. ആദ്യ മനുഷ്യന്റെ ശരീരഭാഗം കൊണ്ടാണ് പ്രഥമ സ്ത്രീയെ അല്ലാഹു സൃഷ്ടിച്ചത് എന്നും ഇസ്ലാം പഠിപ്പിക്കുന്നു. ഈ രണ്ടു ഇണകളിൽ നിന്ന് പിന്നീട് ഉണ്ടായ മുഴുവൻ മനുഷ്യ വർഗത്തിന്റെയും നിലനിൽപ്പ് ഭൂമിയിലെ അന്നപാനീയങ്ങളെ ആശ്രയിച്ചാണ്. അതിനാൽ, ഭൗമ ഘടകങ്ങൾ ഉൾകൊള്ളുന്ന മനുഷ്യന്റെ നിലനിൽപിനുവേണ്ടി സംവിധാനിച്ച ഭൂമിയിലെ മറ്റു ജീവജാലങ്ങളെയും സമാന്തര ഘടകങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ടു. അതിനാൽ, ഇവക്കെല്ലാം ചില പൊതു സ്വഭാവങ്ങൾ കാണാം. ജനനം / ഉത്ഭവം, മരണം / നാശം, ശേഷം ഭൂമിയിൽ അലിഞ്ഞു ചേരൽ എന്നിവയാണവ.
ജിന്നുകൾ എന്നുപറയുന്ന ഒരു വിഭാഗം ഉണ്ടോ എന്ന കാര്യത്തിൽ തന്നെ പലർക്കും സംശയം ഉണ്ടാവാം. എന്നാൽ, അങ്ങനെ ഒരു വിഭാഗം ഉണ്ടെന്നു വിശ്വസിക്കല് മുസ്ലിംകൾക്ക് നിർബന്ധമാണ്. കാരണം, ഖുർആൻ അവരെക്കുറിച്ച് പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്. പ്രസ്താവനകൾ മാത്രമല്ല; ജിന്നുകളുമായി ബന്ധപ്പെട്ട പല ചരിത്ര സംഭവങ്ങളും ഇസ്ലാമിക ഗ്രന്ഥങ്ങളിലുണ്ട്. അത്തരം ഒരു സംഭവമാണ് താഴെ:
മുൻകാല പണ്ഡിതനായ മുഹമ്മദ് ബ്നു കഅ്ബ് അൽഖുറളിയാണ്, സവാദുബ്ദു ഖാരിബും ഖലീഫ ഉമറും തമ്മിൽ നടന്ന സംഭാഷണം വിശദീകരിക്കുന്നത്.
ഖലീഫ ഉമർ: “എങ്കിൽ അയാളെ ഒന്നു കാണണമല്ലോ.” (അനുചരൻ അദ്ദേഹത്തെ വിളിച്ചുകൊണ്ടുവന്നു)
ഖലീഫ ഉമർ: “നിങ്ങളാണോ സവാദുബ്നു ഖാരിബ്?”
സവാദ്: “അതെ”.
“തിരുനബിയുടെ ആഗമനത്തെക്കുറിച്ച് ജിന്നിൽനിന്ന് സന്ദേശം ലഭിച്ചയാളാണോ നിങ്ങൾ?”
“അതെ”
“അപ്പോൾ നിങ്ങൾ ജ്യോത്സ്യനായിരുന്നോ”? (ഈ ചോദ്യം സവാദിന് ഇഷ്ടപ്പെട്ടില്ല) ദേഷ്യത്തോടെ അദ്ദേഹം പറഞ്ഞു: “വിശ്വാസികളുടെ നേതാവേ, ഇത്തരമൊരു ചോദ്യം ഇസ്ലാം ആശ്ലേഷിച്ചതു മുതൽ ആരും എന്നോട് ചോദിച്ചില്ല.”
ഉമർ: “സുബ്ഹാനല്ലാഹ് (ആശ്ചര്യത്തോടെ), മുമ്പ് നിങ്ങുടെ ജ്യോത്സ്യത്തെക്കാൾ കടുത്ത പാപം ചെയ്തിരുന്ന ആളുകളാണ് ഞങ്ങളൊക്കെ. അങ്ങ് ജിന്നില് നിന്ന് ലഭിച്ചു എന്ന് പറയുന്ന സന്ദേശത്തെക്കുറിച്ച് പറയൂ.”
സവാദ് സംഭവം വിശദീകരിക്കാൻ ആരംഭിച്ചു: ‘ഞാൻ കിടന്നുറങ്ങുമ്പോൾ ഒരാൾ വന്നു കാലുകൊണ്ട് എന്നെ തൊഴിച്ചുകൊണ്ട് പറഞ്ഞു.’
‘സവാദ് എഴുന്നേൽക്കൂ. മനസ്സിലാക്കൂ. ബുദ്ധിയുണ്ടെങ്കിൽ ചിന്തിക്കൂ. അല്ലാഹുവിലേക്കും അവന് ആരാധന ചെയ്യുവാനും ക്ഷണിക്കുന്ന ഒരു ദൂതൻ ലുഅയ്യു ബ്നു ഗാലിബിന്റെ സന്താന പരമ്പരയിൽ നിന്ന് നിയോഗിക്കപ്പെട്ടിരിക്കുന്നു’. ഹാശിം കുടുംബത്തിൽ നിന്ന് കടഞ്ഞെടുത്ത ആ ദൂദനെ കാണാൻ നീയും ഒരുങ്ങിപ്പുറപ്പെടുക. ആ ദൂതനെ കാണുന്ന കണ്ണുകളുടെ മുൻനിരയിൽ നിന്റേതുമുണ്ടാവട്ടെ!’
സവാദ് തുടർന്നു: “ഞാൻ തലയുയർത്തി നോക്കിയതുപോലുമില്ല. ഇന്നലെ ശരിക്ക് ഉറക്കം കിട്ടിയില്ല. എന്നെ ഉറങ്ങാൻ വിടൂ എന്ന് പറഞ്ഞ് ഞാൻ ഉറക്കം തുടർന്നു. രണ്ടാം ദിവസവും ഇതേ അനുഭവം ഉണ്ടായി. സമാനമായ ഉപദേശം. സമാനമായ മൂന്ന് വരി കവിതയും! ഞാൻ അതുപോലെത്തന്നെ പ്രതികരിച്ചു. മൂന്നാം ദിവസവും തഥൈവ. അപ്പോളെന്റെ ഹൃദയത്തിൽ ഇസ്ലാമിനോട് സ്നേഹമുണ്ടായി. മുസ്ലിമാകാൻ ഞാൻ കൊതിച്ചു. നേരം പുലർന്ന ഉടനെ വാഹനത്തിൽ കയറി ഞാൻ മക്ക ലക്ഷ്യമാക്കി പുറപ്പെട്ടു. വഴിമധ്യേ തിരുനബി മദീനയിലേക്ക് പലായനം ചെയ്ത വിവരം ഞാൻ അറിഞ്ഞു. ഞാൻ മദീനയിലെത്തി. തിരുനബിയെ കുറിച്ച് അന്വേഷിച്ചു. അവിടുന്ന് പള്ളിയിലാണെന്ന വിവരം കിട്ടി. ഞാൻ പള്ളിയിലെത്തി. ഒട്ടകത്തെ കെട്ടിയിട്ടു. തിരുനബിയെ കണ്ടു. ചുറ്റും അനുചരരുണ്ട്.”
“ഞാൻ ചോദിച്ചു: ഞാൻ പറയുന്നത് കേൾക്കാമോ തിരുദൂതരേ?”
‘അദ്ദേഹത്തെ ഇങ്ങോട്ട് അടുപ്പിക്കൂ, അടുപ്പിക്കൂ’ എന്നിങ്ങനെ തിരുനബി അബൂബക്കറിനോട് പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഞാൻ തിരുനബിയുടെ തൊട്ടടുത്തെത്തി. ഞാൻ പറഞ്ഞു: ഞാൻ പറയുന്നത് ശ്രദ്ധിക്കൂ.”
തിരുനബി: ‘ആകട്ടെ പറയൂ..’
ഉടൻ സവാദ്ബ്നു ഖാരിബ് ഒരു പദ്യം ചൊല്ലി. അതിന്റെ സാരാംശം ഇങ്ങനെ:
“ഞാൻ ശാന്തനായി ഉറങ്ങവേ ഒരാൾ വന്നു. മുമ്പൊന്നും ഞാൻ അസത്യം മൂലം പരീക്ഷിക്കപ്പെട്ടിട്ടില്ല.
മൂന്നു രാത്രികൾ! എല്ലാ രാത്രികളിലും അയാൾ ഓർമപ്പെടുത്തികൊണ്ടിരുന്നു. ലുഅയ്യുബ്നു ഗാലിബിൽ നിന്ന് റസൂൽ ആഗതനായിരിക്കുന്നുവെന്ന്.”
“ഞാൻ മുണ്ടുമുറുക്കി പെണ്ണൊട്ടകത്തിൽ കുതിച്ചെത്തി”.
“അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും എല്ലാ മറഞ്ഞ കാര്യങ്ങളിലും അങ്ങ് വിശ്വസ്തനാണെന്നും ഞാൻ സാക്ഷി പറയുന്നു.”
“സംശുദ്ധിയിലൂടെ കടന്നു വന്നവരേ.., നബിമാരിൽ അല്ലാഹുവിലേക്കേറ്റം അടുത്ത മധ്യവർത്തി അങ്ങാണന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.”
“ദൂതരിൽ അത്യുത്തമരേ, അനുഷ്ഠിക്കാൻ എത്ര പ്രയാസമുള്ളതാണെങ്കിലും അങ്ങേക്ക് ലഭിക്കുന്ന ദൈവിക സന്ദേശങ്ങൾ ഞങ്ങളോട് കൽപിച്ചാലും.”
“സവാദിന് ഒരു ശുപാർശകരില്ലാത്ത ദിവസം അവിടുന്ന് എനിക്ക് ശുപാർശകനായാലും!”
സവാദ് തുടരുന്നു: “തിരുനബിക്ക് എൻ്റെ ഇസ്ലാം ആശ്ലേഷം തൃപ്തിപ്പെട്ടു. സ്വഹാബാക്കളും സന്തോഷിച്ചു. സന്തോഷം കാരണം അവരുടെ മുഖങ്ങൾ പ്രകാശിച്ചു.”
നിവേദകൻ പറയുന്നു: ഈ സംഭവവിവരം കേട്ടപ്പോൾ ഉമർ ചാടിയെഴുന്നേറ്റ് സവാദിനെ ആശ്ലേഷിച്ചു. “ഈ കേട്ടത് എനിക്ക് വല്ലാത്ത ഇഷ്ടമായി. ഇപ്പോഴും ജിന്ന് വരാറുണ്ടോ?” ഉമർ ചോദിച്ചു.
സവാദ്: “ഞാൻ ഖുർആൻ പാരായണം ചെയ്യാൻ തുടങ്ങിയതു മുതൽ ഇല്ല. ജിന്നിനെക്കാൾ എത്രയോ ഉത്തമം ഖുർആൻ തന്നെ.” (അബൂനുഐം-ദലാഇലുന്നുബുവ്വ).
ഈ സംഭവത്തിൽ ഖലീഫ ഉമറും സവാദും തമ്മിൽ ചെറിയൊരു സംസാരം ഉണ്ടായത് ശ്രദ്ധിച്ചോ? താങ്കൾ മുമ്പ് ജ്യോത്സ്യനായിരുന്നോ എന്ന ചോദ്യമാണ് സവാദിനെ ചൊടിപ്പിച്ചത്. അതിൽ ചൊടിക്കാൻ എന്തിരിക്കുന്നു. ഞാനൊക്കെ അതിലും വലിയ തിന്മയിൽ ആയിരുന്നില്ലേ എന്നായിരുന്നല്ലോ ഉമറിന്റെ പ്രതികരണം.
അതെ, തിരുനബിയുടെ അനുചരരിൽ പലരും ഇസ്ലാം ആശ്ലേഷിക്കുന്നതിന് മുമ്പ് മറ്റു പലതും ആയിരുന്നു. തമസ്സിനെ ഉപാസിച്ചിരുന്ന ഒരു ഒരു സമൂഹത്തെയാണ് തിരുനബി ഏകദൈവ വിശ്വാസത്തിന്റെ പ്രഭകൊണ്ട് പ്രോജ്വലമാക്കിയത്. കെറുവും വിദ്വേഷവും തിടംകെട്ടി നിന്നിരുന്ന മനുഷ്യ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, സമഭാവനയുടെ, വിപ്ലവത്തിന്റെ വിത്തുകൾ മുഹമ്മദ് നബി പാകി.
ഇസ്ലാമിക ലോകത്തെ വിസ്മയകരമായ അധ്യായമാണ് ഉമർ. സാമൂഹിക നീതിയുടെ, സഹാനുഭൂതിയുടെ, സഹോദര സ്നേഹത്തിന്റെ ഉദാത്തമായ മാതൃകകൾ കാണിച്ച മഹോന്നതനായ ഭരണാധികാരിയായിരുന്നു ഉമർ. പരുപരുക്കനും കഠിന ഹൃദയനുമായിരുന്ന ഉമറിനെ മാറ്റിയെടുത്ത രസതന്ത്രം തിരുനബിയുമായുള്ള കൂടിക്കാഴ്ച തന്നെ. അടുത്ത എപ്പിസോഡിൽ സംഭവബഹുലമായ ആ ചരിത്രത്തിലേക്ക് പ്രവേശിക്കാം.




