വാങ്ക് വിളിച്ചു. “അല്ലാഹു അക്ബർ... അല്ലാഹു അക്ബർ....”
ഇസ്ലാമിൻ്റെ ചിഹ്നങ്ങളിൽ സുപ്രധാനമാണ് വാങ്ക്. ഒരിടത്തുനിന്ന് വാങ്ക് കേട്ടാൽ അവിടെ മുസ്ലിമുണ്ട് എന്നാണർത്ഥം. ഇസ്ലാമിക ലോകത്ത് വാങ്ക് നിലവിൽ വന്നതിൻ്റെ പിന്നിൽ ഒരു ചരിത്രമുണ്ട്.
നിസ്കാരത്തിൻ്റെ സമയമായാൽ എല്ലാവരെയും അറിയിക്കാൻ എന്താണ് ഒരു മാർഗ്ഗം? തിരുനബിയും സ്വഹാബികളും കൂടിയാലോചിച്ചു.
“സമയമാകുമ്പോൾ നമുക്ക് ഒരു പതാക നാട്ടാം: ചിലർ പറഞ്ഞു. അത് തിരുനബിക്ക് തൃപ്തികരമായില്ല. കുഴൽ വിളിക്കാമെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം. അതേസമയം, ഇത് ജൂതരുടെ ചര്യയായതിനാൽ കുഴൽ വിളിയോടും തിരുനബി അതൃപ്തി ശേഖപ്പെടുത്തി.
“എന്നാൽ മണിയടിക്കാം”: വേറെ ചിലർ പറഞ്ഞു.
"അത് ക്രിസ്ത്യാനികളുടേതല്ലേ?'' തിരുനബി ചോദിച്ചു. വേറെ അഭിപ്രായങ്ങളൊന്നും ഉയർന്നുവന്നില്ല. താൽപര്യമില്ലെങ്കിലും മണിയടിക്കാം എന്ന ധാരണയിൽ അവർ പിരിഞ്ഞു.
അന്ന് രാത്രി അബ്ദുല്ലാഹിബ്നു സൈദ് എന്ന തിരുനബിയുടെ അനുയായി ഒരു സ്വപ്നം കണ്ടു. അക്കാര്യം അദ്ദേഹം തന്നെ വിശദീകരിക്കട്ടെ: "രണ്ട് പച്ച വസ്ത്രങ്ങൾ
ധരിച്ച ഒരാൾ ഒരു ബെല്ലും കയ്യിൽ പിടിച്ച് എൻ്റെ മുന്നിലൂടെ കടന്നുപോകുന്നു. ഈ ബെല്ല് വിൽക്കുന്നോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. താങ്കൾക്ക് ഇത് എന്തിനാണ് എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. നിസ്കാരത്തിനുവേണ്ടി ജനങ്ങളെ ക്ഷണിക്കാനാണ് എന്ന് ഞാൻ മറുപടി പറഞ്ഞു. അതിനേക്കാൾ നല്ല കാര്യം നിനക്ക് ഞാൻ പറഞ്ഞുതരട്ടെ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. എന്നിട്ട് വാങ്കിൻ്റെ പദങ്ങൾ പഠിപ്പിച്ചുതന്നു.
നേരം പുലർന്നപാടെ ഞാൻ തിരുനബിയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. "ഇത് സത്യസന്ധമായ സ്വപ്നമാണ്. ഇതിലെ പദങ്ങൾ നീ ബിലാലിന് പറഞ്ഞുകൊടുക്കൂ. അവന് നിന്നെക്കാൾ ഉയർന്ന ശബ്ദമുണ്ട്: തിരുനബി നിർദേശം നൽകി.അവിടുന്ന് പറഞ്ഞു: "ഇത് സത്യസന്ധമായ സ്വപ്നമാണ്. ഇതിലെ പദങ്ങൾ നീ ബിലാലിന് പറഞ്ഞുകൊടുക്കൂ. അവന് നിന്നെക്കാൾ ഉയർന്ന ശബ്ദമുണ്ട്." ബിലാൽ അത് ഉറക്കെ വിളിച്ചുപറയാൻ തുടങ്ങി. ഇത് കേട്ട് തൻ്റെ വസ്ത്രമൊക്കെ വാരിവലിച്ച് ഓടി വന്ന ഉമർ ബിൻ ഖത്താബ് "അല്ലാഹുവാണെ, അദ്ദേഹം കണ്ടത് ഞാനും കണ്ടിട്ടുണ്ട് നബിയെ" എന്നിങ്ങനെ പറയുന്നുണ്ടായിരുന്നു.
പത്തിലേറെ സ്വഹാബികൾക്ക് (അനുയായികൾക്ക്) സമാനമായ സ്വപ്നദർശനം ഉണ്ടായിട്ടുണ്ട് എന്ന് പിന്നീട് മനസ്സിലായി. AD623, ഹിജ്റ ഒന്നാം വർഷം റമദാൻ മാസത്തിലാണ് ഈ സംഭവം ഉണ്ടായത്.
എന്തുകൊണ്ട് തിരുനബി വാങ്ക് വിളിച്ചില്ല
ഇസ്ലാമിലെ സുപ്രധാനമായ ഒരു ചടങ്ങായിട്ടു പോലും സ്വയം ചെയ്യാതെ അനുചരനായ ബിലാലിനോട് വാങ്ക് വിളിക്കാൻ തിരുനബി ആവശ്യപ്പെട്ടത് എന്തുകൊണ്ടായിരിക്കും? എല്ലാ വിഷയത്തിലും പൂർണനല്ലേ തിരുനബി? എന്നിട്ടും ഒരിക്കൽപോലും അവിടുന്ന് വാങ്ക് കൊടുത്തിട്ടില്ലല്ലോ? അതെന്താണ് കാരണം? അതേക്കുറിച്ച് പണ്ഡിതലോകത്ത് ചർച്ചയുണ്ടായിട്ടുണ്ട്. വാങ്ക് ഒരു ക്ഷണമാണല്ലോ, ഒരു വിളി. തിരുനബിയുടെ വിളി സാദാ വിളിയല്ല. തിരുനബിയുടെ ക്ഷണം സാദാ ക്ഷണമല്ല. കാരണം, തിരുനബി സാധാരണ മനുഷ്യനല്ല. നിസ്കാരത്തിലാണെങ്കിൽ പോലും തിരുനബി വിളിച്ചാൽ ഉത്തരം ചെയ്യൽ നിർബന്ധമാണ്. അപ്പോൾ തിരുനബി വാങ്കുകൊടുത്താൽ ഉമ്മത്തിന് അത് പ്രയാസമാവും എന്ന് മനസ്സിലാക്കി അവിടുന്ന് വാങ്ക് കൊടുത്തില്ല. ഉമ്മത്തിനോടുള്ള കരുതൽ. ജീവിതത്തിൽ നിങ്ങൾ ഒരുപാട് തവണ വാങ്ക് കേട്ടിട്ടില്ലേ? എന്താണ് വാങ്കിൽ പറയുന്നത് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിക്കേണ്ടതല്ലേ?
എല്ലാ രാഷ്ട്രങ്ങളിലും മുസ്ലിം പള്ളികളുണ്ട്. അവിടങ്ങളിൽ അഞ്ചുനേരം നിർബന്ധ പ്രാർത്ഥന നടക്കുന്നു. ഓരോ പ്രാർത്ഥനാ സമയത്തും ഉച്ചത്തിൽ വാങ്ക് വിളിക്കുന്നു. തൊട്ടടുത്ത പള്ളികളിൽനിന്നെല്ലാം ഇതുതന്നെ കേൾക്കുന്നു. പലപ്പോഴും സുബ്ഹ് (പ്രഭാത പ്രാർത്ഥന) വാങ്ക് കേട്ടാണ് നാമുണരുക. ഇശാ (രാത്രി പ്രാർത്ഥന) വാങ്ക് കേട്ടുകൊണ്ടാണ് നാം ഡിന്നർ കഴിക്കുക. പകലന്തിയോളം പണിയെടുത്ത നിങ്ങൾ ജോലി കഴിഞ്ഞു കുളിച്ചു ഫ്രഷായി സന്ധ്യയുടെ തുടക്കത്തിലാണ് മഗ്രിബ് (സന്ധ്യാ പ്രാർത്ഥന) വാങ്കിൻ്റെ സമയം.
നട്ടുച്ചക്കു ജീവിത വ്യവഹാരങ്ങളിൽ നിമഗ്നനായിരിക്കുമ്പോൾ നിങ്ങൾ ളുഹ്ർ വാങ്ക് കേൾക്കുന്നു. ഓഫീസുകളും കാര്യാലയങ്ങളും അടക്കാൻ നേരത്ത് അസ്വർ വാങ്ക് മുഴങ്ങുന്നു. ഓരോ വാങ്കിലും അല്ലാഹുവും റസൂലും ഓർമ്മപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. നിങ്ങൾ ജീവിതത്തിൻ്റെ ഏത് രംഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിലും ഇതാണവസ്ഥ. തൊട്ടടുത്ത പള്ളികളിൽനിന്ന് കച്ചവടക്കാരനും കല്ലുവെട്ടുകാരനും ഉദ്യോഗസ്ഥനും കർഷകനും അധ്യാപകനുമെല്ലാം ഈ നാമം ഒന്നിച്ചനുഭവിക്കുന്നു. ലോകത്തെവിടെയും ഇങ്ങനെയാണ്.
ഈ ശബ്ദത്തോട് നമുക്ക് പുറംതിരിഞ്ഞുനിൽക്കാനാവുമോ? നമ്മുടെ വീടിൻ്റെ ഉമ്മറത്ത് ഒരു കാൽപെരുമാറ്റം കേട്ടെന്ന് സങ്കൽപിക്കുക. ഒന്നുകിൽ, അപ്പോൾ തന്നെ വാതിൽ തുറന്ന് അതാരാണെന്ന് നാം ഉറപ്പുവരുത്തും. ഇല്ലെങ്കിൽ പിറ്റേന്ന് അയൽവാസികളോട് അതേക്കുറിച്ച് അന്വേഷിക്കും. രണ്ടോ മൂന്നോ ദിവസം തുടർച്ചയായി ഉണ്ടായാലോ? പ്രതിയെ പിടിക്കാൻ വേണ്ടി ഉറക്കമൊഴിച്ച് കാവൽ നിൽക്കാൻ വരെ നാം തയ്യാറാകും. ഒരുപക്ഷേ, അത് പട്ടികളായിരിക്കും. അല്ലെങ്കിൽ കാറ്റടിച്ചത്, കമ്പ് വീണത്, ഇല പൊഴിഞ്ഞത്, പൂച്ച ഓടിയത്... കേവലം തോന്നിയത്! എങ്കിലും നാം ഇടപെടുന്നു. അന്വേഷിക്കാനിറങ്ങുന്നു. നമ്മുടെ ജീവിതത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോ എന്ന് ഭയമായിരുന്നില്ലേ അതിനുപിന്നിൽ?
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ഒരു റാലിയുടെ ശബ്ദം കേൾക്കുന്നുവെന്ന് സങ്കൽപിക്കുക. അതിങ്ങ് അടുത്തെത്തുന്നു. നിശ്ചയമായും നാം പാളി നോക്കും. കണ്ടില്ലെങ്കിൽ പുറത്തിറങ്ങി നോക്കും. കാണുന്നു, അന്വേഷിക്കുന്നു, അറിയുന്നു, അനുഭവിക്കുന്നു, ആസ്വദിക്കുന്നു. ചിലപ്പോൾ കൈകഴുകി പ്രകടനത്തിലേക്കോടുന്നു. ഏതെങ്കിലും കളിക്കാരുടെ വിജയാഘോഷം, അല്ലെങ്കിൽ രാഷ്ട്രീയക്കാരുടെ തെരഞ്ഞെടുപ്പ് പ്രചാരണം, സാംസ്കാരിക സംഘടനയുടെ പ്രതിഷേധ പ്രകടനം... പലപ്പോഴും നമ്മുടെ ജീവിതവുമായി അതിന് വിദൂരബന്ധമേ ഉണ്ടാകൂ. ചിലപ്പോൾ ഒരു ബന്ധവുമുണ്ടാവില്ല. എന്നിട്ടും നമ്മൾ അത് അന്വേഷിക്കുന്നു. എന്തുകൊണ്ടാണത്?
ദിവസവും നമ്മൾ പത്രം വായിക്കുന്നു, വാർത്തകൾ കേൾക്കുന്നു, ലോകത്ത് സംഭവിക്കുന്ന വിവരങ്ങളറിയുന്നു. രാഷ്ട്രീയ മാറ്റങ്ങൾ, യുദ്ധങ്ങൾ, പൊട്ടിത്തെറികൾ... ഓരോരുത്തരെക്കുറിച്ച് വീണ്ടും വീണ്ടും വായിച്ചും കേട്ടും ചർച്ച ചെയ്തും പഠിക്കുന്നു, വിലയിരുത്തുന്നു. പലപ്പോഴും ഇതൊന്നും നമ്മെ ഒരുതരത്തിലും നേരിട്ടു ബാധിക്കുന്നതായിരിക്കില്ല. എന്നിട്ടും! എന്തുകൊണ്ടാണത്?
അന്വേഷണം മനുഷ്യൻ്റെ ജന്മവാസനയാണ്. മൗലികാവകാശവും. അവൻ്റെ ജീവിതത്തിൻ്റെ വിജയ-പരാജയങ്ങളുമായി ബന്ധമുള്ളതാണെങ്കിൽ അഥവാ ബന്ധമുണ്ടാവാൻ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ നിർബന്ധ ബാധ്യതയുമാണ്.
പറഞ്ഞുവരുന്നത് ഇതാണ്. നമ്മൾ എല്ലാ ദിവസവും 5 തവണ വാങ്ക് കേൾക്കുന്നു. എന്നിട്ടും അതേക്കുറിച്ച് നാം ആലോചിക്കാത്തത് എന്തുകൊണ്ടാണ്? എന്താണ് വാങ്കിൽ പറയുന്നത് എന്ന് നമ്മൾ പഠിക്കേണ്ടതല്ലേ?
അല്ലാഹു അക്ബർ, അല്ലാഹു അക്ബർ (അല്ലാഹു ഉന്നതനാണ്, അല്ലാഹു ഉന്നതനാണ്).
അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് (ആരാധനക്കർഹൻ അള്ളാഹു അല്ലാതെ മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ആരാധനക്കർഹൻ അള്ളാഹു അല്ലാതെ മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു).
അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്, അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ് (മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു).
ഹയ്യ അലസ്വലാ, ഹയ്യ അലസ്വലാ (നിസ്കാരത്തിലേക്ക് വരൂ, നിസ്കാരത്തിലേക്ക് വരൂ).
ഹയ്യ അലൽ ഫലാഹ്, ഹയ്യ അലൽ ഫലാഹ് (വിജയത്തിലേക്ക് വരൂ, വിജയത്തിലേക്ക് വരൂ).
അല്ലാഹു അക്ബർ, അല്ലാഹു അക്ബർ (അല്ലാഹു ഉന്നതനാണ്, അല്ലാഹു ഉന്നതനാണ്).
ലാ ഇലാഹ ഇല്ലല്ലാഹ് (ആരാധനക്കർഹൻ അള്ളാഹു അല്ലാതെ മറ്റാരുമില്ല).
ഇത്രയുമാണ് വാങ്കിൽ പറയുന്നത്. അല്ലാഹുവിലേക്കുള്ള വിളിയാണത്. 'എന്താണ് ആ പറയുന്നത് എന്ന് എനിക്ക് മനസിലായിട്ടില്ല’ എന്നും പറയേണ്ട. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണെന്നുമാണ് വാങ്കിൻ്റെ ചുരുക്കം. ആ സന്ദേശം ഉൾക്കൊണ്ടവരെ അവന് വണങ്ങി വിജയിക്കുവാൻ ക്ഷണിക്കുന്നു.
ഒരു ക്ഷണമാണ് വാങ്ക്. വേണമെങ്കിൽ ഉത്തരം ചെയ്യാം. ഇഷ്ടമില്ലെങ്കിൽ ഉത്തരം ചെയ്യാതിരിക്കാം. പക്ഷേ, ആ ഉത്തരം ചെയ്യാതിരിക്കുന്നത് പരാജയമാണ് എന്നാണ് വാങ്ക് പറയാതെ പറയുന്നത്.
ക്രമബദ്ധമായ താളപ്പൊരുത്തത്തോടെ സഞ്ചരിക്കുന്ന ഈ ലോകത്തിന് ഒരു സ്രഷ്ടാവുണ്ട്. ആ സ്രഷ്ടാവ് നിയോഗിച്ച ദൂതനാണ് മുഹമ്മദ്. മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് വ്യക്തമായി വരച്ചുകാണിക്കുന്ന ഒരു പ്രത്യേക ജീവിത പദ്ധതിയുമായാണ് പ്രവാചകൻ മുഹമ്മദ് വന്നത്. അതനുസരിച്ച് ജീവിക്കുന്നവന് മരണശേഷം അനന്തമായ സ്വർഗീയ ജീവിതമുണ്ട്. ഇത് വിശ്വസിക്കാതെ, ആ ജീവിത പദ്ധതിയനുസരിച്ച് ജീവിക്കാതെ, മരിച്ചുപോയവന് നരക ജീവിതവുമാണ്. ഇതാണ് 'മുഹമ്മദ് പ്രവാചകനാണ്' എന്നതിൻ്റെ സ്വൽപം വിശാലമായ അർത്ഥം.
മരണശേഷം എന്തുസംഭവിക്കും എന്നതിനെക്കുറിച്ച് ആർക്കും അനുഭവങ്ങളില്ല. മരിച്ചശേഷം അനുഭവങ്ങൾ പങ്കുവയ്ക്കാൻ ആരും തിരിച്ചുവന്നിട്ടുമില്ല. പക്ഷേ, ഒന്നുറപ്പാണ്. മരിച്ചു കഴിഞ്ഞാൽ ഒന്നുകിൽ ചീഞ്ഞുദ്രവിച്ച് മണ്ണോടു ചേരും. നരകമോ സ്വർഗമോ ഒന്നും അനുഭവിക്കേണ്ടി വരില്ല. അല്ലെങ്കിൽ, രണ്ടാലൊന്ന് അനുഭവിക്കേണ്ടി വരും. സ്വർഗവും നരകവും ഇല്ല എന്ന വല്ല ഉറപ്പും കിട്ടിയിരുന്നെങ്കിൽ സുഖമായിരുന്നു. പക്ഷേ അങ്ങനെയൊരുറപ്പ് ആരും നമുക്ക് നൽകിയിട്ടില്ല. ആർക്കും നൽകാൻ കഴിയുകയുമില്ല. എന്നാൽ ഉണ്ട് എന്ന ഉറപ്പുമായാണ് മുഹമ്മദ് നബി വന്നിരിക്കുന്നത്. ദീർഘമായ ഖബർവാസത്തിനുശേഷം ശരീരം എത്ര ദ്രവിച്ചിട്ടുണ്ടെങ്കിലും നശിക്കാതെ ബാക്കിയാവുന്ന ഒരു സെല്ല് ആത്മാവുമായി ചേർന്ന് പുനർജന്മം ലഭിക്കുമെന്നാണ് ആ നബി പറയുന്നത്. പിന്നെ വിശ്വസിച്ചവന് സ്വർഗവും അല്ലാത്തവന് നരകവും...
പറഞ്ഞു വന്നതിൻ്റെ ചുരുക്കം ഇതാണ്. അന്വേഷണം മനുഷ്യൻ്റെ ജന്മസിദ്ധമായ സ്വഭാവമായതിനാൽ നിരന്തരം നാം വാങ്കിലൂടെ കേട്ടുകൊണ്ടിരിക്കുന്ന മുഹമ്മദ് എന്ന ചരിത്രപുരുഷനെയും അദ്ദേഹം ഉയർത്തിയ ആശയങ്ങളെയും കുറിച്ച് അന്വേഷിക്കേണ്ടത് അനിവാര്യമാണ്.
ഇസ്ലാം സ്വീകരിക്കുക എന്നത് വളരെ ലളിതമാണ്. അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനും ഇല്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു), അശ്ഹദു അന്ന മുഹമ്മദ് റസൂലുല്ലാഹ് (മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു). ഈ രണ്ടു വാചകങ്ങൾ (കലിമതുശ്ശഹാദ - സത്യസാക്ഷ്യ വചനങ്ങൾ) വിശ്വാസത്തോടെ പറഞ്ഞാൽ മാത്രം മതി. പിന്നീട് അതിന് വിരുദ്ധമായി ഒന്നും ചെയ്യരുത് എന്ന് മാത്രം. മറ്റൊന്നും നിർബന്ധമില്ലേ? മുസ്ലിം ആകാൻ മറ്റൊന്നും നിർബന്ധമില്ല. മുസ്ലിമായി കഴിഞ്ഞാൽ ചില അനുഷ്ഠാനങ്ങളും സ്വഭാവ രീതികളും കൈക്കൊള്ളണം. അവ ചെയ്തിട്ടില്ലെങ്കിൽപോലും അയാൾ അടിസ്ഥാനപരമായി മുസ്ലിമാണ്. ഇനി വാങ്കിൻ്റെ നൈരന്തര്യം ഒന്ന് ചെക്ക് ചെയ്യാം.
വാങ്കിൽ മുത്തുനബിയുടെ പേര് എത്ര പ്രാവശ്യം പറയുന്നുണ്ട്? രണ്ട്.
ദിവസത്തിൽ എത്ര നേരം വാങ്ക് വിളിക്കുന്നുണ്ട്? മിനിമം 5.
അപ്പോൾ നബിയുടെ പേര് എത്ര പ്രാവശ്യം പറയപ്പെടുന്നു? 10 പ്രാവശ്യം.
എല്ലാ നാട്ടിലും പള്ളി ഉണ്ടല്ലോ. അവിടെയൊക്കെ വാങ്ക് വിളി ഉണ്ട്.
എല്ലായിടത്തും ഒരേ സമയത്താണോ വാങ്ക്? അല്ല.
ഉരുണ്ടതല്ലേ നമ്മുടെ ഭൂമി? അതെ.
നമുക്ക് രാത്രിയാണെങ്കിൽ അമേരിക്കയിൽ പകൽ. ഭൂമിയുടെ കറക്കത്തിനനുസരിച്ച് ഓരോ നിമിഷവും ഭൂമിയിൽ പ്രഭാതമുണ്ടായിക്കൊണ്ടേയിരിക്കുന്നു. ഒരിടത്ത് പ്രഭാതമാകുമ്പോൾ മറ്റൊരിടത്ത് പ്രദോഷം. അപ്പോൾത്തന്നെ വേറൊരിടത്ത് ഉച്ചയായിരിക്കും. ആ നിമിഷം തന്നെ ഭൂമിയിൽ രാത്രിയായിക്കഴിഞ്ഞ സ്ഥലങ്ങളുമുണ്ടാകും. ചുരുക്കത്തിൽ, ഒരു നിമിഷം തന്നെ ഭൂമിയിലെ അഞ്ച് വിവിധ സ്ഥലങ്ങളിൽ നിസ്കാരങ്ങളുടെ സമയമാകുന്നു. അതിനായി വാങ്ക് വിളി ഉയരുന്നു. അടുത്ത നിമിഷം തൊട്ടടുത്ത അഞ്ച് സ്ഥലങ്ങളിൽ. അപ്പോഴൊക്കെയും കൂട്ടമായി മുഹമ്മദ് എന്ന നാമം വിളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ഈ വിളി ഓരോ നിമിഷവും തുടർന്നു കൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകളായി കൂടുതൽ ശക്തിയോടെ വിളിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇതിനുള്ളിൽ എന്തെങ്കിലുമൊക്കെ ഇല്ലാതിരിക്കുമോ? ഒരിക്കലും നിലക്കാതെ, പല പ്രാവശ്യം ഓരോ നിമിഷങ്ങളിലും ഉച്ചരിക്കപ്പെടുന്ന ഒരു മനുഷ്യൻ! എന്തായിരിക്കും ഇതിൻ്റെ രഹസ്യം? ലോകചരിത്രത്തിൽ ഇതിന് തുല്യമായ ഒരു വ്യക്തിത്വമുണ്ടായിട്ടുണ്ടാകുമോ?
ഈ വാഴ്ത്തപ്പെടൽ ഇവിടെ അവസാനിക്കുന്നില്ല. ഒരാൾ ഇസ്ലാം മതം സ്വീകരിക്കുകയാണെങ്കിൽ ആ നാമം ഉച്ചരിക്കണം. ഒരാളുടെ പേരു പറഞ്ഞാൽ മാത്രമേ അംഗത്വം കിട്ടൂ എന്ന് നിബന്ധനയുള്ള മറ്റൊരു മതത്തെയോ പ്രസ്ഥാനത്തെയോ നമുക്കറിവില്ല. അംഗമായിക്കഴിഞ്ഞാൽ ദിവസവും അഞ്ചു തവണ നിർബന്ധ പ്രാർത്ഥനകളിൽ ആ പ്രവാചകനെ വിളിച്ച് അഭിവാദ്യം ചെയ്യൽ നിർബന്ധം! അതിനുപുറമെ ആ ചരിത്രപുരുഷൻ്റെ നാമം ഉച്ചരിച്ച് അവിടുത്തേക്ക് വേണ്ടി പ്രാർത്ഥന നടത്തണം! അതും നിർബന്ധം തന്നെ! ദിനേന, അനുനിമിഷം, പതിനായിരത്തിലേറെ തവണ സ്മരിക്കപ്പെടുന്ന, പല പ്രാവശ്യം കേട്ടുകൊണ്ടിരിക്കുന്ന ഈ ചരിത്രപുരുഷനെക്കുറിച്ച് അറിയേണ്ടതും അന്വേഷിക്കേണ്ടതും അതു കേട്ടുകൊണ്ടിരിക്കുന്നവരുടെ കടമയല്ലേ? നമ്മുടെ ജീവിതവുമായി ആ വ്യക്തിത്വത്തിന് അതിശക്തമായ ബന്ധമുണ്ടെങ്കിൽ വിശേഷിച്ചും.
എങ്കിൽ നമുക്കന്വേഷണം തുടങ്ങാം. മുഹമ്മദിനെപ്പറ്റി എന്താണ് വാങ്കിൽ പറയുന്നത്? അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ്! - മുഹമ്മദ് അല്ലാഹുവിൻ്റെ ദൂതനാണെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ച് നാവുകൊണ്ട് വെളിവാക്കി പറയുന്നു. ദൂതനാണെങ്കിലെന്ത്, അല്ലെങ്കിലെന്ത് എന്ന മട്ടിൽ ഒഴിവാക്കി വിടാൻ പറ്റുന്ന സംഗതിയല്ല ഇത്. ദിവസവും പത്തുതവണ പറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാര്യം നാം ചുമ്മാ തിരസ്കരിച്ചുകൂടാ. ഈ വാദഗതിയുടെ ശരിയും തെറ്റും അവലോകനം ചെയ്യണം. ശരിയാണെന്ന് ബോധ്യപ്പെട്ടാൽ സ്വീകരിക്കണം. അല്ലെങ്കിൽ തള്ളിക്കളയാം. കാരണം, നമ്മുടെ ജീവിതത്തിൻ്റെ ജയപരാജയത്തിലാണ് ഈ വാദഗതി ഊന്നൽ നൽകുന്നത്.




