“നീ അതിനെ അറുക്കുമോ? നിനക്ക് ഞാൻ എൻ്റെ ശരീരം നൽകാം!”
മുഹയ്യയുടെ മകൾ സ്വദൂഖ് തൻ്റെ പിതൃസഹോദരൻ്റെ മകനെ പ്രലോഭിപ്പിക്കുകയാണ്. വൃദ്ധയായ ഉനൈസ തൻ്റെ നാല് പെൺകുട്ടികളെയാണ് ഒരുക്കി തയ്യാറാക്കിയിരുന്നത്. അവൾ സാലിഫിൻ്റെ മകൻ കുദാറിനോട് പറഞ്ഞു: “നീ ആ ഒട്ടകത്തെ അറുക്കുകയാണെങ്കിൽ എൻ്റെ ഈ നാല് പെൺകുട്ടികളിൽ നിനക്ക് ഇഷ്ടമുള്ളതിനെ എടുക്കാം.”
മോഹന വാഗ്ദാനങ്ങൾ ലഭിച്ച രണ്ടു യുവാക്കളും കൂടി ഒട്ടകത്തെ അറുക്കാൻ പദ്ധതി തയ്യാറാക്കി. ഏഴ് ആളുകൾ കൂടി അവരോടൊപ്പം ചേർന്നു. അങ്ങനെ നാട്ടിൽ കുഴപ്പം ഉണ്ടാക്കാൻവേണ്ടി ഒമ്പത് പേരടങ്ങുന്ന സംഘം എഴുന്നള്ളി. കുഴപ്പക്കാരായ ഒമ്പതംഗ സംഘത്തെക്കുറിച്ച് ഖുർആൻ പറയുന്നില്ലേ, സൂറ: നംല് 48-ൽ? അത് ഇവരാണ് എന്ന അഭിപ്രായം ഇമാം ത്വബരി തൻ്റെ ഖുർആൻ വ്യാഖ്യാനത്തിൽ പറയുന്നുണ്ട്. ഒട്ടകത്തെ അറുക്കുന്നതിൻ്റെ ആവശ്യകത അവർ പ്രചരിപ്പിച്ചു. നാട്ടുകാർ അതിന് സമ്മതിച്ചു. അവർ ഒട്ടകത്തെ നിരീക്ഷിക്കാൻ തുടങ്ങി. ഒട്ടകം വെള്ളം കുടിക്കുന്ന സ്ഥലത്തിനടുത്ത് അവർ പതുങ്ങിനിന്നു. ഉന്നം പിടിച്ചു. അതിനെ അമ്പെയ്തു. പെണ്ണുങ്ങളെല്ലാംകൂടി വീണവായിച്ചു. അവർ മുഖം തുറന്നു തുള്ളിച്ചാടി.
കുദാർ മുന്നോട്ടുവന്നു. അയാൾ വാളുകൊണ്ട് ഒട്ടകത്തെ വെട്ടി. അത് നിലംപതിച്ചു. തൻ്റെ കുഞ്ഞിന് അപായ സൂചന നൽകിക്കൊണ്ട് അതൊരു ശബ്ദമുണ്ടാക്കി. “നാഥാ, എൻ്റെ ഉമ്മ എവിടെ?” എന്ന് ആ ഒട്ടകക്കുട്ടി ചോദിച്ചുവത്രേ. പിന്നീടത് ഒരു പാറക്കുള്ളിലേക്ക് പ്രവേശിച്ചു. അപ്പോഴേക്കും ഖുദാർ അറവ് പൂർത്തിയാക്കിയിരുന്നു.
അതേ, സ്വാലിഹ് നബിയുടെ ഒട്ടകത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. സ്വാലിഹ് നബി അല്ലാഹുവിൻ്റെ പ്രവാചകനാണ് എന്നതിന് അവർക്ക് ഒരു ദൃഷ്ടാന്തമായിരുന്നു വേണ്ടിയിരുന്നത്. അവർ ചോദിക്കുന്ന ദൃഷ്ടാന്തം കാണിച്ചുകൊടുക്കാം എന്ന് പ്രവാചകൻ ഏറ്റു. ഏറ്റവും അപൂർവമായ ഒരു ദൃഷ്ടാന്തത്തിനായി അവർ തലപുകഞ്ഞ് ആലോചിച്ചു. അങ്ങനെയാണ് പാറക്കുള്ളിൽ നിന്ന് ഒട്ടകം വരട്ടെ എന്ന് അവർ പറയുന്നത്. അതൊരു ഗർഭിണിയായിരിക്കണമെന്നും പുറത്തുവന്നതിനുശേഷം പ്രസവിക്കണമെന്നുമൊക്കെയായിരുന്നു അവരുടെ നിബന്ധനകൾ. അവർ വിഗ്രഹാരാധകരായിരുന്നു. അങ്ങനെയെങ്കിൽ എല്ലാം ഉപേക്ഷിച്ച് സ്വാലിഹ് നബിയുടെ പ്രബോധനം സ്വീകരിക്കാം എന്നായിരുന്നു വാക്ക്.
ഒട്ടകം പുറത്തുവന്നാൽ അതിനെ ഉപദ്രവിക്കരുത്, അതിന് വെള്ളം കുടിക്കാൻ ഒരു ദിവസവും നിങ്ങൾക്ക് മറ്റൊരു ദിവസവും ആയിരിക്കുമെന്നും സ്വാലിഹ് നബി അവരോട് പറഞ്ഞു. അവർ ഏറ്റു. ജീവൻ്റെ ഒരു തുടിപ്പും ഇല്ലാത്ത പാറ! പാറ ഒന്നിനെയും പ്രസവിക്കാറില്ല. പക്ഷേ അല്ലാഹുവാണ് പാറയെയും ഒട്ടകത്തെയും പടച്ചത്. നിലവിലുള്ള വ്യവസ്ഥക്ക് അപ്പുറവും അവന് ചെയ്യാൻ സാധിക്കും. വ്യവസ്ഥ ഉണ്ടാക്കിയവന് മാത്രമേ ആ വ്യവസ്ഥ മാറ്റിയെഴുതാനും കഴിയൂ.
അപ്പോൾ ഞാൻ അല്ലാഹു നിയോഗിച്ച ദൂതനാണ് എന്ന് ഒരാൾ പറയുകയും അതിൻ്റെ തെളിവായി പാറയിൽ നിന്ന് ഒരു ഒട്ടകത്തെ പുറത്തിറക്കി അല്ലാഹു കാണിച്ചുകൊടുക്കുകയും ചെയ്താൽ അതിൻ്റെ അർത്ഥം: “അതേ ജനങ്ങളെ, ഞാൻ അങ്ങനെ ഒരു ദൂതനെ പറഞ്ഞയച്ചിട്ടുണ്ട് എന്നാണ്.” സ്വാലിഹ് നബിയുടെ പ്രവാചകത്വത്തിൻ്റെ അംഗീകാരമാണ് ഒട്ടകം.
ഇത്രയും വ്യക്തമായ ദൃഷ്ടാന്തം ലഭിച്ചിട്ടും പക്ഷേ, അവർ ധിക്കാരം കാണിച്ചു. ശുദ്ധമായ പാൽ അവർക്ക് ലഭിച്ചിട്ടും ഒട്ടകം അവർക്കൊരു ശല്യമായി. അവർ അതിനെ അറുക്കുന്നതിനെക്കുറിച്ചാണ് ആലോചിച്ചത്. ഭൗതികാനന്ദങ്ങളിൽ ആർമാദിച്ചിരുന്ന അവരുടെ ജീവിതത്തിന് ഈ ഒട്ടകവും അതുകൊണ്ടുവരുന്ന വ്യവസ്ഥയും വിഘാതമാകുമോ എന്ന് അവർ ഭയപ്പെട്ടിരിക്കണം.
ഒട്ടകത്തെ അറുക്കുന്നതിനായി അവർ ശട്ടംകെട്ടിയതിനെക്കുറിച്ചാണ് തുടക്കത്തിൽ പ്രതിപാദിച്ചത്. വിശുദ്ധ ഖുർആനിലെ ശംസ് അധ്യായം എത്ര മനോഹരമായാണ് ആ രംഗം വിശദീകരിച്ചത്:
“ആത്മാവിനെ വിമലീകരിച്ചവൻ വിജയിച്ചു. അതിനെ മലീമസമാക്കിയവൻ പരാജയപ്പെട്ടു. സമൂദ് സമൂഹക്കാർ അവരുടെ ധിക്കാരം കാരണമായി നിഷേധികളായി. അവരിൽ ഏറ്റവും ദൗർഭാഗ്യവാൻ എഴുന്നള്ളി. അല്ലാഹുവിൻ്റെ ഒട്ടകത്തെയും അതിൻ്റെ ജലപാനത്തെയും നിങ്ങൾ സൂക്ഷിക്കണേ എന്ന് അല്ലാഹുവിൻ്റെ ദൂതർ അവരോട് മുന്നറിയിപ്പ് നൽകി. അദ്ദേഹത്തെ അവർ നിഷേധിച്ചു. അവർ ഒട്ടകത്തെ അറുത്തു. അവരുടെ പാപം കാരണമായി അല്ലാഹു അവരെ ഒന്നടങ്കം നശിപ്പിച്ചു.”
സ്വാലിഹ് നബിയുടെ ഒട്ടകത്തിൻ്റേതെന്ന് പരിചയപ്പെടുത്തപ്പെടുന്ന ഒരു പാറ ഒമാനിലെ സലാലയിലുണ്ട്. ചരിത്രപ്രധാനമായ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി ഒമാനി ഭരണകൂടം അവിടെ ഒരു കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. അതിൻ്റെ ഉള്ളിലാണ് പാറയുള്ളത്. ഒരു പാറ! 2000 കൊല്ലങ്ങൾക്ക് അപ്പുറത്തേക്ക് നമ്മെ കൊണ്ടുപോകുന്ന പാറ! രണ്ടുമൂന്നു ദ്വാരങ്ങൾ കാണുന്നുണ്ട്. പിന്നെ ചില കാൽപ്പാടുകൾ. കെട്ടിടത്തിന് മുന്നിലെ പ്രവേശന കവാടത്തിൽ സ്ഥാപിച്ച ഔദ്യോഗിക ലിഖിതത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:
“പണ്ടുമുതലേയുള്ള ആളുകൾ പറയുന്നത് അനുസരിച്ച് ഇത് സ്വാലിഹ് നബിയുടെ ഒട്ടകത്തിൻ്റെ പാടുകളാണ്.”
ആ പാറക്കുമുന്നിൽ നിൽക്കുമ്പോൾ എന്തെല്ലാം ചിന്തകളാണ് മനസ്സിലൂടെ കടന്നുപോയത്? ഖുർആനിൽ പറഞ്ഞ പ്രവാചകൻമാർ ഒന്നും ഐതിഹ്യങ്ങളല്ല എന്ന് ഇവകളെല്ലാം അറിയിക്കുന്നുണ്ട്. ഇബ്രാഹിം, ഇസ്ഹാഖ്, യാക്കൂബ്, അയ്യൂബ്, ശുഐബ്, സ്വാലിഹ്, ഹൂദ്, മൂസ, ഈസാ തുടങ്ങി ധാരാളം പ്രവാചകൻമാരുടെ മഖ്ബറകളോ1 അവരുടെ ദൃഷ്ടാന്തങ്ങളുമായി ബന്ധപ്പെട്ട അടയാളങ്ങളോ സ്ഥലങ്ങളോ ഇപ്പോഴും ആർക്കും കാണാവുന്ന തരത്തിൽ നിലവിലുണ്ട്. മൂസാ നബി ഒരു പാറയിൽ അടിച്ചു, അതിൽനിന്ന് 12 ഉറവകൾ പൊട്ടിയതിനെക്കുറിച്ച് ഖുർആൻ പറയുന്നുണ്ട്. ആ പാറയും ഇന്ന് ഈജിപ്തിൽ നിലവിലുണ്ട്.
അപ്പുറത്തായി ഇംറാൻ എന്നവരുടെ ഖബർ (അന്ത്യവിശ്രമകേന്ദ്രം) കണ്ടു. കെട്ടിപ്പൊക്കിയ ഖബർ. കുറെ നീളമുണ്ട്. അതും ഒരു കെട്ടിടത്തിനുള്ളിലാണ്. അവിടെ അതൊക്കെ ശ്രദ്ധിക്കാൻ ഔദ്യോഗികമായി ആളെ നിശ്ചയിച്ചിട്ടുണ്ട്. മൂസാ നബിയുടെയും ഹാറൂൻ നബിയുടെയും പിതാവാണ് ഇംറാൻ. ഇംറാൻ്റെ കുടുംബക്കാർ (ആലു ഇംറാൻ) എന്ന പേരിൽ ഒരു അധ്യായംതന്നെ ഖുർആനിലുണ്ട്. അവർ നബിയാണോ എന്നറിയില്ല. ഖുർആനിൽ അങ്ങനെ പറയുന്നില്ല. തിരുവചനങ്ങളിൽ അങ്ങനെ കണ്ടിട്ടില്ല. നബി എന്ന രൂപത്തിലാണ് അവിടെ—ആ ഖബറിനടുത്തെ ലിഖിതങ്ങളിൽ—പരിചയപ്പെടുത്തിയിട്ടുള്ളത്.
സ്വാലിഹ് നബിയുടെ ഖബർ സലാലയിൽനിന്നും 200 കിലോമീറ്റർ അകലെയാണ്. ഹൂദ് നബിയുടെ ഖബർ എന്ന് പറയപ്പെടുന്ന സ്ഥലവും സലാലയിൽ കാണാം. ഒരു മലമുകളിലാണത്. ഹൂദ് നബിയുടെ ഖബർ എന്ന് പരിചയപ്പെടുത്തുന്ന സ്ഥലം യമനിലുമുണ്ട്. സലാലയുടെ തൊട്ടടുത്ത് തന്നെയാണ് യമനും. ചരിത്രത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങളൊക്കെ സ്വാഭാവികമാണ്. ഈ അടുത്ത് ജീവിച്ച മഹാന്മാരുടെ ഖബറിൻ്റെ വിഷയത്തിൽത്തന്നെ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടല്ലോ.
മഖ്ബറക്ക് മഖാം എന്നും പറയാറുണ്ട്. മഖാം എന്ന അറബി വാക്കിൻ്റെ അർത്ഥം താമസസ്ഥലം / നിന്ന സ്ഥലം എന്നാണ്. ഒരാൾ ഒരു സ്ഥലം സന്ദർശനം നടത്തുകയോ അവിടെ കുറച്ചുകാലം താമസിക്കുകയോ ആരാധനക്കായി ഒഴിഞ്ഞിരിക്കുകയോ ചെയ്താൽ അത് അവരുടെ മഖാമായി. മരണശേഷവും അതു മഖാം തന്നെ. അങ്ങനെയും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ഏതായാലും ഇവിടെയൊക്കെത്തന്നെയായിരുന്നു അവരുടെ തട്ടകം എന്ന് മനസ്സിലാക്കാൻ ഇതൊക്കെ ധാരാളം മതി, നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക്.
അഹ്ഖാഫ് മലനിരകൾ ദൂരെ കാണാം. വിശുദ്ധ ഖുർആനിൽ ‘അഹ്ഖാഫ്’ എന്ന പേരിൽ ഒരു അധ്യായംതന്നെയുണ്ട്. ഹൂദ് നബിയുടെ ചരിത്രം തന്നെയാണ് ഈ അധ്യായത്തിലെ പ്രധാന വിഷയം.
യമനിലെ സന വിമാനത്താവളത്തിൽ ഇറങ്ങി ദാറുൽ മുസ്തഫയിലേക്ക് ബസ് യാത്ര ചെയ്യുമ്പോൾ ഈ പർവതനിരകളുടെ കാഴ്ച്ച ഏറെ ആസ്വാദ്യകരമാണ്. നീണ്ടുപരന്നു കിടക്കുന്ന അനന്തമായ വിജനഭൂമിയിൽ കാഴ്ചകൾ നന്നേ കുറവാണ്. ഉയർന്നുനിൽക്കുന്ന മലകളാണ് യാത്രയിലെ വളരെ കൂടുതലുള്ള കാഴ്ചകൾ. മരങ്ങളും പൂക്കളും അരുവികളും പക്ഷി മൃഗാദികളും നിറഞ്ഞുനിൽക്കുന്ന മനോഹരമായ ഒരു മലയോരമല്ല അത്. മറിച്ച് പുല്ലുകൾപോലും മുളക്കാത്ത, തുമ്പികൾപോലും പറക്കാത്ത, ഒരു കിനിവുപോലും ഉറയാത്ത, ഉയർന്നു നീണ്ടു പരന്നു കിടക്കുന്ന അനന്തമായ പർവതനിരകൾ! എന്നാലും അവക്ക് സൗന്ദര്യമുണ്ട്, എങ്കോണിപ്പുകളോ അരൂപതയോ ഇല്ല. അതിർത്തികെട്ടി നിർമ്മിച്ച മതില് പോലെ ഉയർന്നുനിൽക്കുന്ന ഇവയുടെ അഗ്രം പലയിടത്തും സ്കെയിൽവെച്ച് മുറിച്ചത് പോലെയുണ്ട്. ചില ഭാഗങ്ങൾ കാണുമ്പോൾ വല്ല പഴയകാല കൊട്ടാരങ്ങളുടെയും ശേഷിപ്പുകളാണോ എന്ന് തോന്നിപ്പോകും. ചെത്തി മിനുക്കി വെടിപ്പാക്കിയ ചുമരുകൾ. കട്ടിലുകൾ പോലെയുള്ള പാറക്കല്ലുകൾ, ഇടനാഴികൾ, ചിലയിടത്ത് കൂറ്റൻ പാറകൾ താഴോട്ട് ഉതിർന്നു വീഴാൻ നിൽക്കുന്നത് പോലെ. അവ ആദ്, സമൂദ് ഗോത്രക്കാരുടെ വീടുകളായിരിക്കുമോ?!
നമുക്ക് ചരിത്രത്തിലൂടെ സ്വൽപം അകലേക്ക് ഊളിയിടാം. ഇപ്പോൾ നമ്മളുള്ളത് ആജാനുബാഹുക്കളായ ഒരു കൂട്ടം മല്ലന്മാരോടൊപ്പമാണ്. ഈന്തപ്പനത്തടികൾ പോലെ ഉയരമുള്ള അതികായന്മാർ. അവരെപ്പോലെ മറ്റൊരു വിഭാഗത്തെ മറ്റൊരു നാട്ടിലും നാം പടച്ചിട്ടില്ലെന്ന് അല്ലാഹു പറഞ്ഞു. ആദ് സമുദായം വലിയ തൂണുകളിലുള്ള വീടുകൾ നിർമ്മിച്ചു. സമൂദുകാർ പർവതങ്ങൾ തുരന്ന് വീടുണ്ടാക്കി. ഖുർആൻ അവരെക്കുറിച്ച് പലയിടത്തും പരാമർശിച്ചിട്ടുണ്ട്.
"ആദ് ഗോത്രത്തെ അല്ലാഹു എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ? കൂറ്റൻ തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ. അവരെപ്പോലെ ഒരു വിഭാഗത്തെ നാടുകളിലെവിടെയും നാം പടച്ചിട്ടില്ല. താഴ്വാരങ്ങളിൽ പാറകൾ തുരന്ന് വീടുണ്ടാക്കുന്ന സമൂദ് വർഗ്ഗത്തെയും. ആണികളുടെ ആളുകളായ ഫറോവയെയും. അവർ നാട്ടിലാകെ കുഴപ്പമുണ്ടാക്കി." സൂറത്തു ഫജ്ർ നെഞ്ചിലും ചൂണ്ടിലും ചങ്കിലും കണ്ണിലും വന്നു കുത്തും.
ഖുർആനിലെ അഹ്ഖാഫ് എന്ന അധ്യായത്തിൽ ആദ് സമൂഹത്തെക്കുറിച്ച് വിശദമായ വിവരണം കാണാം. 66 മുതൽ 79 വരെ: "ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ ഹൂദിനെ അയച്ചു. അദ്ദേഹം പറഞ്ഞു: എൻ്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ. നിങ്ങൾക്ക് അവനല്ലാതെ ഒരു ദൈവവുമില്ല. നിങ്ങളെന്താണ് സൂക്ഷ്മത പുലർത്താത്തത്?" അദ്ദേഹത്തിൻ്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാർ പറഞ്ഞു: "നീ എന്തോ മൗഢ്യത്തിൽ പെട്ടിരിക്കുകയാണ്. നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങൾക്കുറപ്പുണ്ട്." അദ്ദേഹം പറഞ്ഞു: "എൻ്റെ ജനങ്ങളെ, എനിക്ക് യാതൊരു മൗഢ്യവുമില്ല. എന്നാൽ ഞാൻ ലോകരക്ഷിതാവിങ്കൽ നിന്നുള്ള ദൂതനാണ്."
സൂറത്തു ഹാഖയിലും ആദ്, സമൂദ് എന്നീ ഗോത്രങ്ങൾ കടന്നുവരുന്നുണ്ട്. "ആദും സമൂദും അന്ത്യനാളിനെ നിഷേധിച്ചു. അതിഘോരശബ്ദത്താലെ സമൂദ് നശിപ്പിക്കപ്പെട്ടു. അത്യുഗ്ര ശീതക്കാറ്റിനാലെ ആദും നശിപ്പിക്കപ്പെട്ടു. എട്ടു പകലും ഏഴു രാവും തുടർച്ചയായി അതിശക്തമായി അടിച്ചു വീശിയ ശീതക്കാറ്റ്. ഉള്ളുപൊള്ളയായ ഈത്തപ്പനത്തടികൾ പോലെ അവർ കടപുഴകി വീണു!" ഇരുപതിലേറെ അധ്യായങ്ങളിൽ ഈ വിഭാഗങ്ങളെക്കുറിച്ച് പറയുന്നുണ്ട്. പല അധ്യായങ്ങളിലും ഇരു വിഭാഗങ്ങളുടെയും വികാസവും പതനവും വിശദീകരിക്കുന്നു. ചോദ്യം ഇതാണ്: ഈ രണ്ടു വിഭാഗത്തെക്കുറിച്ച് എവിടെനിന്നാണ് മുഹമ്മദ് നബിക്ക് വിവരം ലഭിച്ചത്?
“വേദങ്ങളിൽ നിന്നായിരിക്കുമല്ലേ?” അങ്ങനെയാവാൻ സാധ്യതയില്ലെന്ന് കഴിഞ്ഞ കുറിപ്പിൽ നാം വിശദീകരിച്ചതാണ്. കാരണം വേദക്കാർ താമസിച്ചിരുന്നത് മദീനയിലാണ്, ഈ അധ്യായങ്ങൾ അവതരിച്ചത് മക്കയിലാണ്. ഖുർആൻ വേദക്കാരിൽ നിന്നും പകർത്തിയതല്ല എന്നതിന് വേറെയും തെളിവുണ്ടെന്ന് കഴിഞ്ഞ കുറിപ്പിൽ പറഞ്ഞല്ലോ. അതെ, അതാണ് പറയാൻ പോകുന്നത്. വേദക്കാരിൽ നിന്ന് കേട്ടോ വേദങ്ങളിൽ നിന്ന് വായിച്ചോ എടുത്തതാണെങ്കിൽ ആ വേദങ്ങളിൽ അത് കാണുമല്ലോ? എന്നാൽ ആദ്, സമൂദ് ഗോത്രങ്ങളെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ടോ? ഇല്ല. തിരുനബിയാണെങ്കിൽ എത്രയാണ് ഇവരെക്കുറിച്ച് പറഞ്ഞത്? പിന്നെ നബിക്ക് എവിടെനിന്ന് കിട്ടി ഇതെല്ലാം! ഒരേയൊരു മറുപടി മാത്രമേയുള്ളൂ. “ഇത് ലോകരക്ഷിതാവിങ്കൽ നിന്ന് അവതീർണമായ ഗ്രന്ഥമാകുന്നു” (വിഖു. മആരിജ് 43).
മാത്രവുമല്ല, സമൂദ് സമുദായത്തിൻ്റെ ധാരാളം ഭവനങ്ങൾ 1988-ൽ സി.എം. ഡോട്ടി എന്ന ജിയോളജിസ്റ്റ് കണ്ടെത്തുകയുണ്ടായി. ഖുർആൻ പറഞ്ഞതുപോലെയുള്ള പാറകൾ തുരന്നുണ്ടാക്കിയ കിടിലൻ വീടുകൾ! സഊദിയിലാണ് അതുള്ളത്. അത് ‘മദായിൻ സ്വാലിഹ്’ എന്ന പേരിൽ അറിയപ്പെടുന്നു.




