"എൻ്റെ കുടുംബം അഗ്നിയാരാധകരായിരുന്നു. പിതാവിന് എന്നെ പെരുത്ത് ഇഷ്ടമായിരുന്നു. എനിക്കെന്തെങ്കിലും പറ്റുമോ എന്ന് പേടിച്ച് പുറത്തേക്കൊന്നും വിട്ടിരുന്നില്ല. അതിനാൽ പുറംലോകവുമായി എനിക്കൊരു ബന്ധവുമുണ്ടായിരുന്നില്ല. ആകെയുള്ള പണി അഗ്നിക്ക് സേവ ചെയ്യലായിരുന്നു. യഥാർത്ഥത്തിൽ എനിക്ക് ഏറെ മടുപ്പ് അനുഭവപ്പെട്ട ദിനങ്ങളായിരുന്നു അതെല്ലാം. നാം തന്നെ തീയുണ്ടാക്കുന്നു. നാം തന്നെ അതിനെ ആരാധിക്കുന്നു. വിഡ്ഢിത്തമല്ലേ അത്? തീ പ്രപഞ്ചത്തിലെ ഒരു പ്രതിഭാസം മാത്രമല്ലേ? അങ്ങനെ എന്തൊക്കെയുണ്ട് പ്രപഞ്ചത്തിൽ? കാറ്റ്, മണ്ണ്, വായു, വെള്ളം... എന്താ അതിനെയൊന്നും ആരാധിക്കാത്തത്?!" തീക്ക് എന്താണ് പ്രത്യേകത? തീയാണോ നമുക്ക് വെള്ളം നൽകിയത്? തീയാണോ നമുക്ക് അന്നം നൽകിയത്? തീയാണോ നമുക്ക് ജീവൻ നൽകിയത്? പിന്നെയെന്തിന് തീക്കുമുമ്പിൽ കുമ്പിടണം?
ഒരു ദിവസം പിതാവിന് ചില ആവശ്യങ്ങളുണ്ടായി. അതിനാര് പോകും? മനസ്സില്ലാ മനസ്സോടെ എന്നെ പറഞ്ഞുവിട്ടു. അന്ന് ഞാൻ പുറംലോകം കാണുകയായിരുന്നു. പലവിധം മനുഷ്യർ! ആചാരങ്ങൾ! അനുഷ്ഠാനങ്ങൾ! ഈ ഭൂമിയിൽ നാം ഒറ്റക്കല്ല. പോകുന്ന വഴിയിൽ ഞാൻ ചില ക്രിസ്ത്യാനികളെ കണ്ടു. അവരുടെ ആരാധന എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ഞാൻ പ്രദോഷം വരെ അവരോടൊപ്പം കഴിഞ്ഞുകൂടി. എൻ്റെ മതത്തിനേക്കാൾ നല്ലത് അവരുടേതാണ് എന്ന് എനിക്ക് തോന്നി. അവരുമായുള്ള സംസാരത്തിനിടെ ഈ മതത്തിൻ്റെ അടിസ്ഥാനം ശാം (ഇന്നത്തെ സിറിയ ഉൾപ്പെടെയുള്ള പ്രദേശം) ആണെന്ന് ഞാൻ മനസ്സിലാക്കി. അവിടേക്ക് എങ്ങനെയെങ്കിലും പോകണമെന്ന ആഗ്രഹം എന്നിൽ മുളപൊട്ടി. സിറിയയിൽനിന്ന് കച്ചവടക്കാർ ആരെങ്കിലും വന്നാൽ എന്നെ അറിയിക്കണമെന്ന് ഞാൻ ആ ക്രിസ്ത്യാനികളോട് ശട്ടം കെട്ടി. അവർ പൂർണ്ണമനസ്സോടെ സമ്മതിച്ചു.
പുതിയ ലോകാനുഭവങ്ങൾ എൻ്റെ ചിന്തകളെ മാറ്റിമറിച്ചു. പിതാവ് പറഞ്ഞ കാര്യങ്ങളൊന്നും ചെയ്യാൻ എനിക്ക് ഓർമ്മ വന്നതേയില്ല. നേരം വളരെ വൈകി. ഞാൻ തിരിച്ചു വരാതായപ്പോൾ പിതാവ് എന്നെയും അന്വേഷിച്ചിറങ്ങി. എനിക്ക് കാര്യങ്ങൾ തുറന്നു പറയേണ്ടി വന്നു. ഞാൻ വീട്ടുതടങ്കലിൽ തളച്ചിടപ്പെട്ടു. ശാമിൽനിന്ന് കച്ചവടക്കാർ വന്നു. ആ ക്രിസ്ത്യാനികൾ വാക്കു പാലിച്ചു. അവർ എന്നെ വിവരം അറിയിച്ചു. ഞാൻ അതിരഹസ്യമായി 'ജയിൽ' ചാടി. കച്ചവടക്കാർ തിരിച്ചുപോകുമ്പോൾ ഞാനും അവരോടൊപ്പം പോയി. ശാമിലെത്തി.
പുതിയ നാട്, പുതിയ സംസ്കാരം, പുതിയ അന്തരീക്ഷം, പുതിയ കൂട്ടുകാർ. എനിക്ക് ആലോചിച്ചുനിൽക്കാൻ സമയമുണ്ടായിരുന്നില്ല. ഈ പ്രപഞ്ചത്തിൻ്റെ പൊരുളറിയണം. പ്രപഞ്ചനാഥനെ അറിയണം. ഈ ജീവിതത്തിൻ്റെ രഹസ്യമറിയണം. ഈ അണ്ഡകടാഹങ്ങളൊക്കെ ഉണ്ടായത് എങ്ങനെയാണ്? അതുണ്ടാക്കിയത് ആരാണ്?
എന്തിനാണ്? എൻ്റെ ജീവിത ലക്ഷ്യമെന്താണ്? ഞാൻ എവിടെനിന്ന് വരുന്നു? എവിടേക്ക് പോകുന്നു? ഇങ്ങനെ ഉത്തരം കിട്ടാത്ത ഒട്ടനവധി ചോദ്യങ്ങളുണ്ട്. ഇതൊക്കെ ആരോട് ചോദിക്കും? ഇതിനൊക്കെ ആര് മറുപടി പറയും?
അവസാനം ഞാനൊരു തീരുമാനത്തിലെത്തി. ഒരു കാര്യം ചെയ്യാം. ഈ നാട്ടിലെ ഏറ്റവും നല്ല മനുഷ്യൻ ഉണ്ടാകുമല്ലോ. അയാളുടെ കൂടെ കൂടാം. അയാൾ ചെയ്യുന്നതുപോലെ ചെയ്യാം. അയാളോട് കാര്യങ്ങൾ ചോദിച്ചറിയാം. അങ്ങനെ ഈ നാട്ടിലെ ഏറ്റവും നല്ല മനുഷ്യൻ ആരാണെന്ന് ഞാൻ ജനങ്ങളോട് അന്വേഷിച്ചു. പള്ളിയിലെ പുരോഹിതനാണെന്നായിരുന്നു അവരുടെ മറുപടി.
കുറേക്കാലം അദ്ദേഹത്തോടൊപ്പം കഴിഞ്ഞുകൂടി. എൻ്റെ അന്വേഷണം ഫലശൂന്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. മിന്നുന്നതെല്ലാം പൊന്നല്ല. വേഷഭൂഷാദികൾ എപ്പോഴും അതിൻ്റെ അകത്തുള്ളതിനെ പ്രകാശിപ്പിച്ചുകൊള്ളണമെന്നില്ല. അടുക്കുംതോറും ഞാൻ അദ്ദേഹത്തിൻ്റെ യഥാർത്ഥ മുഖം തിരിച്ചറിയുകയായിരുന്നു. പാവങ്ങൾക്കുവേണ്ടി എന്ന് പറഞ്ഞ് പണം സമാഹരിക്കുകയും അതുകൊണ്ട് സ്വന്തം കീശ വീർപ്പിക്കുകയും ചെയ്യുന്ന ദുഷ്ടനാണ് അയാൾ എന്ന് എനിക്ക് ബോധ്യപ്പെട്ടു.
അയാൾ മരിച്ചപ്പോൾ ജനങ്ങൾ അദ്ദേഹത്തെ മറവുചെയ്യുന്നതിനായി തടിച്ചുകൂടി. അപ്പോൾ ഞാൻ അദ്ദേഹത്തിൻ്റെ ദുഷ്ടതകൾ വെളിപ്പെടുത്തി. അവർ അദ്ദേഹത്തെ കുരിശിൽ തറച്ചു. മറ്റൊരാളെ ആ സ്ഥാനത്ത് അവരോധിച്ചു. അദ്ദേഹവുമായി അടുക്കാനായി എൻ്റെ ശ്രമം. ഒരു പുരോഹിതൻ തെറ്റ് ചെയ്തു എന്നതിൻ്റെ അർത്ഥം എല്ലാ പുരോഹിതന്മാരും തെറ്റുകാരാണ് എന്നല്ലല്ലോ. ഒരാൾ ചെയ്ത കുറ്റത്തിന് ഒരു സമൂഹത്തെ വെറുക്കുന്നത് പാതകമാണ്; അനീതിയാണ്.
എൻ്റെ ധാരണ തെറ്റിയില്ല. അദ്ദേഹം സാത്വികനായിരുന്നു. എൻ്റെ സത്യാന്വേഷണത്തിൻ്റെ വഴിയിലെ പൊൻതൂവലായിരുന്നു അത്. ആദ്യ മനുഷ്യൻ്റെ അനുഭവത്തിൽനിന്ന് ഞാൻ തിരിഞ്ഞു നടന്നിരുന്നെങ്കിൽ ഞാൻ മറ്റൊന്നാകുമായിരുന്നു. ഞാൻ എത്തിയ സത്യത്തിൻ്റെ പ്രകാശം കണ്ടെത്താൻ ആകുമായിരുന്നില്ല. ഞാൻ അദ്ദേഹത്തോടൊപ്പം കൂടി. അദ്ദേഹം ചെയ്യുന്നതുപോലെ ചെയ്തു. അദ്ദേഹം ജീവിക്കുന്നതുപോലെ ജീവിച്ചു. പക്ഷേ അത് അധികനാൾ നീണ്ടുനിന്നില്ല.
അദ്ദേഹം മരണാസന്നനായി. ഞാൻ അദ്ദേഹത്തിൻ്റെ ചാരത്ത് ചെന്നിരുന്നു. "ഗുരോ, താങ്കൾക്കുശേഷം ഞാൻ എവിടെ പോകും?" മൊസ്യൂളിലെ (ഇന്നത്തെ ഇറാഖിലെ ഒരു പട്ടണം) ഒരാളെ അദ്ദേഹം നിർദേശിച്ചു. അങ്ങനെ ഞാൻ മൊസ്യൂളിലേക്ക് പോയി. അവിടെയും ഞാൻ സാത്വികനായ ഒരാളെ കണ്ടു. അദ്ദേഹത്തെ സേവിച്ചു. മരണമാസന്നമായപ്പോൾ അദ്ദേഹം ദൂരദേശമായ നസ്വിബീനിലേക്ക് പോകാൻ നിർദ്ദേശിച്ചു. അവിടെയും ഞാൻ ഒരാളെ കണ്ടെത്തി. അദ്ദേഹത്തിൻ്റെ അവസാന കാലത്തെ നിർദേശപ്രകാരം ഞാൻ അമൂരിയയിലേക്ക് പോയി.
മറ്റുള്ളവരോടൊക്കെ ചോദിച്ച ചോദ്യം അദ്ദേഹത്തോടും ഞാൻ ചോദിച്ചു. അദ്ദേഹത്തിൻ്റെ മറുപടി വ്യത്യസ്തമായിരുന്നു. എൻ്റെ അന്വേഷണത്തിലെ വഴിത്തിരിവായിരുന്നു ആ ഉത്തരം. "ഒരു പ്രവാചകൻ വരാനുള്ള സമയമായിരിക്കുന്നു. അദ്ദേഹം അറബ് നാട്ടിൽ ആഗതനാകും. സ്വന്തം നാട്ടിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പലായനം (ഹിജ്റ) ചെയ്യും." ആ നാടിൻ്റെയും ആ പ്രവാചകൻ്റെയും ചില അടയാളങ്ങളും അദ്ദേഹം പറഞ്ഞു. "കറുത്ത ചരൽക്കല്ലുകൾ കൂടിക്കിടക്കുന്ന രണ്ട് പ്രദേശത്തിനിടയിലാണ് ആ സ്ഥലം. അവിടെ കാരക്ക തോട്ടങ്ങളുണ്ട്. ആ നബി ഹദ്യ (ഗിഫ്റ്റ്) സ്വീകരിക്കും, ഉപയോഗിക്കും. എന്നാൽ സദഖ (സംഭാവന) ഭക്ഷിക്കുകയില്ല. അദ്ദേഹത്തിൻ്റെ രണ്ട് തോളുകൾക്കിടയിൽ പ്രവാചകത്വത്തിൻ്റെ മുദ്രയുണ്ട്. ആ നാട്ടിലേക്ക് പോകാൻ നിനക്ക് സാധിക്കുമെങ്കിൽ അവിടേക്ക് പോവുക" എന്ന് ഒസ്യത്ത് ചെയ്ത് അദ്ദേഹം നിര്യാതനായി.
പിന്നെ എൻ്റെ ചിന്ത മുഴുവൻ അവിടേക്ക് എങ്ങനെ എത്തിപ്പെടും എന്നതിനെക്കുറിച്ചായി. അറബ് നാട്ടിലേക്ക് ആരെങ്കിലും പോകുന്നുണ്ടോ എന്നറിയാൻ ഞാൻ കണ്ണുംനട്ടിരുന്നു. അപ്പോഴതാ ഒരു സംഘം കച്ചവടക്കാർ വരുന്നു. കൽബ് ഗോത്രക്കാരായിരുന്നു അവർ. തന്നെ അറബ് നാട്ടിലേക്ക് കൊണ്ടുപോകുമോ എന്ന് അവരോട് ചോദിച്ചു. അവർ സമ്മതിച്ചു. അതിനു പകരമായി കുറച്ച് ആടുകളും കാളകളും ഞാൻ അവർക്ക് നൽകി.
പക്ഷേ അവർ എന്നെ ചതിച്ചു; വാദി ഖുറാ എന്ന പ്രദേശത്ത് എത്തിയപ്പോൾ എന്നെ ദ്രോഹിക്കാൻ തുടങ്ങി. തുടർന്ന് ഒരു അടിമയായി ചിത്രീകരിച്ച് എന്നെ ഒരു ജൂതന് വിറ്റു. ഞാൻ അദ്ദേഹത്തിൻ്റെ അടുക്കൽ കഴിയവെ അവിടെ ഈന്തപ്പനകൾ ഞാൻ കണ്ടു. എൻ്റെ പ്രതീക്ഷകൾ വീണ്ടും മുളപൊട്ടി. ഇതായിരിക്കുമോ ആ പ്രവാചകൻ്റെ നാട്?
ആയിടക്ക് യസ്രിബിലെ (മദീന) ബനൂഖുറൈള ഗോത്രത്തിൽപ്പെട്ട അദ്ദേഹത്തിൻ്റെ ഒരു ബന്ധു എന്നെ അദ്ദേഹത്തിൽനിന്ന് വാങ്ങി. അങ്ങനെ ഞാൻ മദീനയിൽ എത്തി, ആ പ്രദേശം കണ്ടതും അമൂരിയയിലെ പുരോഹിതൻ വർണ്ണിച്ചുതന്ന നാടുതന്നെയാണെന്ന് എനിക്ക് ഉറപ്പായി. ഞാൻ അവിടെ തങ്ങി. അപ്പോൾ തിരുനബി മക്കയിൽ പ്രബോധന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പക്ഷേ ഞാൻ അതൊന്നും അറിഞ്ഞിരുന്നില്ല. പിന്നീട് തിരുനബി മദീനയിലേക്ക് ഹിജ്റ വന്നു. ഞാൻ എൻ്റെ യജമാനൻ്റെ ജോലിയിൽ മുഴുകിയിരിക്കെ അദ്ദേഹത്തിൻ്റെ പിതൃവ്യപുത്രൻ വന്ന് ഇങ്ങനെ പറയുന്നതായി കേട്ടു:
"ഖുബായിൽ മക്കയിൽനിന്ന് ഒരാൾ വന്നിട്ടുണ്ട്. അദ്ദേഹം പ്രവാചകനാണെന്ന് വാദിക്കുന്നുണ്ട്." ഇതുകേട്ടപ്പോൾ എനിക്ക് എന്തോ ഒരു കുളിര് അനുഭവപ്പെട്ടു. ഞാൻ ഈന്തപ്പനയിൽനിന്ന് വീഴുമോ എന്ന് പേടിച്ചു. ഈന്തപ്പനയിൽനിന്ന് മെല്ലെ താഴെയിറങ്ങി. "എന്താണ് നീ പറയുന്നത്?" എന്ന് ഞാൻ ആഗതനോട് ചോദിച്ചു. ഇതുകേട്ട് യജമാനൻ കോപിക്കുകയും എന്നെ അടിക്കുകയും ജോലി തുടരാൻ ആവശ്യപ്പെടുകയും ചെയ്തു.
എൻ്റെ ചിന്ത മുഴുവനും ആഗതൻ്റെ സംസാരത്തെക്കുറിച്ച് ആയിരുന്നു. ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു: അതെ. പ്രവാചകൻ വന്നിട്ടുണ്ട്. മക്കയിൽനിന്നും മദീനയിലേക്കാണ് വന്നിരിക്കുന്നത്. ശരിയാണ്, ആ പ്രവാചകൻ സ്വന്തം നാട്ടിൽനിന്ന് മറ്റൊരു നാട്ടിലേക്ക് പലായനം ചെയ്യുമെന്നാണല്ലോ പുരോഹിതൻ പറഞ്ഞത്.
ഇനിയെന്തിന് അമാന്തിച്ചുനിൽക്കണം? പ്രവാചകൻ്റെ മൂന്ന് അടയാളങ്ങൾ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്: സംഭാവനയായി നൽകിയത് ഭക്ഷിക്കുകയില്ല / സ്വന്തമായി ഉപയോഗിക്കുകയില്ല. സമ്മാനമായി നൽകിയത് ഭക്ഷിക്കും / ഉപയോഗിക്കും. രണ്ട് തോളുകൾക്കിടയിൽ പ്രവാചകത്വത്തിൻ്റെ മുദ്രയുണ്ട്.
ഉടൻ പ്രവാചകനെ കാണണം. സത്യം അറിയണം. എനിക്ക് കൂടുതൽ കാത്തുനിൽക്കാൻ കഴിയുമായിരുന്നില്ല. പിറ്റേ ദിവസം തന്നെ ഞാൻ ഒരുങ്ങി. നേരത്തെ ശേഖരിച്ചുവച്ചിരുന്ന കുറച്ച് വിഭവങ്ങളുമായി തിരുനബിയുടെ ചാരത്തേക്ക് ചെന്നു. ഞാൻ പറഞ്ഞു: "ഇത് അങ്ങേക്ക് സ്വദഖയാണ് (സംഭാവന), സ്വീകരിച്ചാലും." തിരുനബി വാങ്ങി സ്വഹാബികൾക്കിടയിൽ വിതരണം ചെയ്തു. അതിൽ നിന്ന് സ്വൽപ്പംപോലും കഴിച്ചില്ല. ഞാൻ മനസ്സിൽ പറഞ്ഞു: 'ഒന്നാമത്തെ അടയാളം ഒ.കെ.'
പിറ്റേ ദിവസം ഞാൻ കുറച്ച് വിഭവങ്ങളുമായി ചെന്നു. "ഇത് ഹദ്യയാണ് (ഗിഫ്റ്റ്), സ്വീകരിക്കണം" എന്ന് പറഞ്ഞു. അപ്പോൾ തിരുനബി സ്വഹാബികളോടൊപ്പം ഇരുന്ന് അത് ഭക്ഷിച്ചു. അപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു: 'രണ്ടാമത്തെ അടയാളവും പൂർത്തിയായി.'
മറ്റൊരു ദിവസം തിരുനബിയുടെ ചാരത്ത് ഞാൻ ചെന്നപ്പോൾ അവിടുന്ന് ഒരു ജനാസ സംസ്കരണത്തിലായിരുന്നു. ശരീരത്തിൽ രണ്ടു ഷാൾ മാത്രമേയുള്ളൂ. ഞാൻ അവിടുത്തെ മുതുകിലേക്ക് ശ്രദ്ധിച്ചുനോക്കി. അവിടെ പ്രവാചകത്വത്തിൻ്റെ മുദ്രയുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഞാൻ നോക്കുന്നത് മനസ്സിലാക്കി തിരുനബി തൻ്റെ ശരീരത്തിൽനിന്നും ഷാൾ മാറ്റി. പ്രവാചകത്വത്തിൻ്റെ മുദ്ര ഞാൻ നേർക്കുനേർ കണ്ടു. ഞാൻ അതിൽ വീണുകരഞ്ഞു. അവിടം മുത്തി മണത്തു. തുടർന്ന് തിരുനബി എന്നോട് കാര്യങ്ങൾ അന്വേഷിച്ചു. ഞാൻ എൻ്റെ കഥകൾ തുടക്കം മുതൽ അവസാനം വരെ പറഞ്ഞു. എൻ്റെ കഥ കേട്ട് അനുചരർക്കും ഏറെ വിസ്മയമായി. പിന്നീട് എനിക്ക് അടിമവേലയുമായി ബന്ധപ്പെട്ട തിരക്കുകളായി. ബദ്റും ഉഹ്ദും ഒക്കെ കഴിഞ്ഞു. എനിക്ക് അതിലൊന്നും പങ്കുചേരാനായില്ല.
പക്ഷേ തിരുനബി എന്നെ മറന്നിരുന്നില്ല. എങ്ങനെ മറക്കും? സകല വിശ്വാസികൾക്കും കാരുണ്യമായിട്ടാണ് അവിടുന്ന് വന്നിട്ടുള്ളത്. അല്ല, ലോകത്തിനു മുഴുവനും അവിടുന്ന് കാരുണ്യമാണല്ലോ. മറ്റുള്ളവർക്ക് ഒരു ചെറിയ പ്രയാസമുണ്ടാകുന്നത് പോലും തിരുനബിക്ക് വലിയ പ്രയാസമാണ്. ഖുർആൻ തന്നെ അക്കാര്യം നമ്മോട് പറഞ്ഞിട്ടുണ്ട്. ഒരിക്കൽ അവിടുന്ന് എന്നോട് പറഞ്ഞു: "മോചനപത്രം എഴുതൂ, സൽമാൻ." ഒട്ടനവധി അനുചരർക്കിടയിൽ സൽമാനും തിരുനബിയുടെ ഉള്ളിലുണ്ട് എന്നറിഞ്ഞപ്പോൾ എനിക്ക് വളരെയധികം സന്തോഷമായി.
എന്തായിരിക്കും മോചനമൂല്യമായി യജമാനൻ ചോദിക്കുക? അതെങ്ങനെയാണ് ഞാൻ ഉണ്ടാക്കിക്കൊടുക്കുക? അതിനെക്കുറിച്ചൊന്നും ഞാൻ കൂടുതൽ ആലോചിച്ചില്ല. കാരണം എന്നോട് പത്രം എഴുതാൻ പറഞ്ഞത് നബിയാണല്ലോ. യജമാനനെ സമീപിച്ചു. അയാൾ ചോദിച്ച മോചനദ്രവ്യം എത്രയാണെന്നോ? യജമാനനുവേണ്ടി 300 ഈന്തപ്പന തൈകൾ നട്ടുപിടിപ്പിക്കണം, 40 ഊഖിയ വെള്ളി (അന്നത്തെ കണക്ക് പ്രകാരം ഏകദേശം നാലേ മുക്കാൽ കിലോ വെള്ളി) നൽകണം. ഞാൻ മറുത്തൊന്നും ചിന്തിച്ചില്ല. അദ്ദേഹം പറഞ്ഞ വ്യവസ്ഥ പ്രകാരം അടിമമോചനക്കരാർ എഴുതി.
തിരുനബി അതേക്കുറിച്ച് ചോദിച്ചറിഞ്ഞു. 300 ഈന്തപ്പനത്തൈകൾ സംഘടിപ്പിക്കണം. പിന്നെ നടണം. ലോകത്തിന് സാന്ത്വനത്തിൻ്റെ മഹിതമായ മാതൃകകൾ പഠിപ്പിച്ച തിരുനബി വിഷയം തൻ്റെ അനുചരർക്കിടയിൽ (സ്വഹാബികൾ) അവതരിപ്പിച്ചു. സ്വഹാബികൾ അഞ്ചും പത്തും ഇരുപതും തൈകളായി നൽകി, അത് 300 തികഞ്ഞു. ഇവയ്ക്ക് കുഴിയെടുക്കാനായി എന്നോട് തിരുനബി ആവശ്യപ്പെട്ടു. പൂർത്തിയാകുമ്പോൾ തന്നെ അറിയിക്കണമെന്ന് അവിടുന്ന് പറഞ്ഞു. അങ്ങനെ ഓരോ കുഴിയിലും അവിടുത്തെ തിരുകൈകൊണ്ട് ഈന്തപ്പന തൈകൾ നട്ടുപിടിപ്പിച്ചു.
ആ തൃക്കരങ്ങൾകൊണ്ട് നട്ടുപിടിപ്പിച്ച ആ തൈകൾ എല്ലാം ഒരു വർഷം കൊണ്ടുതന്നെ വളർന്നു വലുതായി ഈന്തപ്പഴം നൽകി. "ഒരു വർഷം കൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുമോ?" എന്ന് ചോദിക്കരുത്. ഇത് തിരുനബിയുടെ കൈകൾ നട്ടതാണ്. അതിന് അതിൻ്റേതായ വ്യത്യസ്തതയുണ്ടാകും. ആ ഈന്തപ്പനത്തോട്ടം ഇന്നും ഉണ്ട് മദീനയിൽ. സഞ്ചാരികൾക്കൊക്കെ അത് കാണാവുന്നതാണ്.
പക്ഷേ, അതുകൊണ്ടൊന്നും മോചിതനാകാൻ ആയിട്ടില്ലല്ലോ. 40 ഊഖിയ വെള്ളി വേണം. ഒന്നുമില്ലാത്ത ഈ അശരണൻ എവിടെനിന്ന് 40 ഊഖിയ വെള്ളി സംഘടിപ്പിക്കാനാ? പക്ഷേ എൻ്റെ കാര്യം തിരുനബി മറന്നിട്ടുണ്ടായിരുന്നില്ല.
ഒരിക്കൽ ഒരു കോഴിമുട്ടയുടെ അത്രയും വലിപ്പമുള്ള സ്വർണക്കട്ടിയുമായി വന്നിട്ട് അവിടുന്ന് എന്നെ അന്വേഷിച്ചു. ഞാൻ ഏറെ ഉന്മേഷത്തോടെ തിരുമുമ്പിലെത്തി. ആ സ്വർണക്കട്ടി എൻ്റെ നേരെ നീട്ടിയിട്ട് കടം വീട്ടാൻ ആവശ്യപ്പെട്ടു. വളരെ ചെറുതായിരുന്നു അത്. 40 ഊഖിയയിലേക്ക് അതു മതിയാവുകയില്ലെന്ന് ഞാൻ ഉറപ്പിച്ചു. ഞാൻ ചോദിച്ചു: "നബിയേ, എൻ്റെ ബാധ്യതയിലേക്ക് ഇത് എന്താവാനാണ്?" "അത് തികയും" എന്ന് മാത്രം തിരുനബി പ്രതികരിച്ചു.
തൂക്കി നോക്കിയപ്പോൾ അത്ഭുതം! അത് 40 ഊഖിയ വെള്ളിക്കു സമാനമായിരുന്നു. അങ്ങനെ ഞാൻ മോചിതനായി. ശത്രുക്കൾ മദീനയെ ആക്രമിക്കാൻ മുതിർന്നപ്പോൾ മദീനയ്ക്ക് സംരക്ഷണം നൽകാനായി കിടങ്ങ് കുഴിക്കാമെന്ന് ഞാൻ തിരുനബിയോട് അഭിപ്രായം തേടി. ഞങ്ങളുടെ നാട്ടിൽ അങ്ങനെയൊരു തന്ത്രം പ്രയോഗിക്കാറുണ്ടായിരുന്നു. തിരുനബി അഭിപ്രായത്തോട് യോജിച്ചു. അങ്ങനെ ഞങ്ങൾ കിടങ്ങ് കുഴിച്ചു. കിടങ്ങിനപ്പുറത്തുനിന്ന് മദീനയിൽ പ്രവേശിക്കാനാകാതെ ശത്രുക്കൾ പരാജയപ്പെട്ടു. ആ യുദ്ധം ഖൻദഖ് യുദ്ധം എന്നറിയപ്പെട്ടു.
സൽമാൻ്റെ (അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു) ചരിത്രം തിരുനബിയുടെ പ്രവാചകത്വത്തിൻ്റെ ശക്തമായ സാക്ഷ്യമാണ്. ഇത് ഒരു സൽമാൻ്റെ ചരിത്രം മാത്രമല്ല. ഇതുപോലെ ഒരുപാട് സംഭവങ്ങൾ ചരിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും. വേദങ്ങളിൽ നിന്ന് തിരുനബിയുടെ അടയാളങ്ങൾ മനസ്സിലാക്കി ഇസ്ലാമിലേക്ക് കടന്നുവന്ന മനോഹരമായ ചിത്രങ്ങൾ. ആ ഗണത്തിൽ കുറച്ചുകൂടി സംഭവങ്ങൾ കേൾക്കാൻ താൽപര്യമുണ്ടോ?




