A"എന്നെ വിട്ടേക്കൂ; നിങ്ങളുടെ കൂട്ടുകാരൻ്റെ അടുത്തേക്ക് ചെല്ലൂ." പരിക്ഷീണിതനായ തിരുനബിയെ സഹായിക്കാനായി അനുചരന്മാരായ അബൂബക്കറും അബൂ ഉബൈദയും - ഓടിച്ചെന്നപ്പോൾ തിരുനബിയുടെ നിർദേശമായിരുന്നുവത്.
തിരുനബി ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് അവർ നോക്കി. ദയനീയമായ കാഴ്ചയായിരുന്നു അത്! ഒരാൾ കുഴിയിൽ വീണുകിടക്കുന്നു! ശരീരത്തിൽ നിറയെ അമ്പുകൾ! വെട്ടും കുത്തുമായി എഴുപതിലേറെ മുറിവുകൾ! ചോരയിൽ കുതിർന്ന് അനക്കമില്ലാത്ത അവസ്ഥ! ആൾക്ക് ബോധമില്ല. ആരായിരുന്നു അത്? അതാണ് ജീവിക്കുന്ന രക്തസാക്ഷി! ത്യാഗിയും ഉത്തമനുമായ ത്വൽഹ എന്നൊക്കെ തിരുനബി വിശേഷിപ്പിച്ച, ഉഹ്ദ് യുദ്ധസമയത്ത് പലരും പിന്മാറിയപ്പോൾ തിരുനബിക്കുവേണ്ടി ജീവൻ പണയം വെച്ച് സ്വശരീരത്തെ കവചമാക്കി സംരക്ഷണ വലയം ഒരുക്കിയ സ്വഹാബി!
തമീം ഗോത്രത്തിലെ ഉബൈദുള്ളയുടെ മകൻ ത്വൽഹ. പല്ലുപൊട്ടി, ചുണ്ടിൽനിന്ന് രക്തം പൊടിഞ്ഞ്, അത് മുഖത്തിലൂടെ ഒഴുകുമ്പോൾ തിരുനബിയെ ത്വൽഹ താങ്ങിയെടുത്തു. ശത്രുക്കൾ ചുറ്റുപാടും അമ്പെയ്തിട്ടും ശത്രുസേനയെ അതിശക്തമായി നേരിട്ടു തുരത്തി. തിരുനബി അദ്ദേഹത്തിന് സ്വർഗത്തിലെ സഹവാസം വാഗ്ദാനം ചെയ്തു. ഉഹ്ദ് ത്വൽഹയുടെ ദിവസമാണെന്ന് അബൂബക്കർ സിദ്ദീഖ് പറയാറുണ്ടായിരുന്നു.
ത്വൽഹ ഇസ്ലാമിലേക്ക് വന്നതിനു പിന്നിൽ ഒരു സംഭവമുണ്ട്. അദ്ദേഹം തന്നെ അക്കാര്യം പറയട്ടെ.
"ഞാൻ ബുസ്റ അങ്ങാടിയിൽ നിൽക്കുകയായിരുന്നു. അപ്പോഴതാ അവിടുത്തെ ഒരു മഠത്തിലെ പുരോഹിതൻ ഇങ്ങനെ വിളിച്ചുചോദിക്കുന്നു:
"ചന്തക്ക് വന്നവരേ.. നിങ്ങളുടെ കൂട്ടത്തിൽ ഹറമിൽനിന്നു വന്ന ആരെങ്കിലുമുണ്ടോ?"
ത്വൽഹ: "അതേ, ഉണ്ട്. ഞാൻ തന്നെ."
പുരോഹിതൻ: "മക്കയിൽ അഹ്മദ് നബി പ്രത്യക്ഷനായോ?"
ത്വൽഹ: "ഏതാണ് അഹ്മദ്?"
പുരോഹിതൻ: "അബ്ദുൽ മുത്തലിബിൻ്റെ മകൻ അഹ്മദ്. അദ്ദേഹം പുറപ്പെടാനിരിക്കുന്ന മാസം ഇതാണ്. അന്ത്യപ്രവാചകൻ. ഹറമിൽനിന്ന് ഈന്തപ്പനകളുടെയും കറുത്ത പരുപരുത്ത കല്ലുകളുടേയും ദേശമായ ഉപ്പും ഈർപ്പവുമുള്ള നാട്ടിലേക്ക് (മദീന) അദ്ദേഹം പലായനം ചെയ്യും. പെട്ടെന്ന് തന്നെ അദ്ദേഹത്തെ സ്വീകരിച്ചുകൊള്ളുക."
പുരോഹിതൻ്റെ വാക്കുകൾ എന്നെ സ്വാധീനിച്ചു. ഞാൻ മക്കയിൽനിന്ന് വാർത്തകളന്വേഷിച്ചു. മക്കക്കാർ പറഞ്ഞു: "അതേ, അൽ അമീൻ (സത്യസന്ധൻ) മുഹമ്മദ്ബ്നു അബ്ദുല്ലാഹ് നബിയാണെന്ന് വാദിച്ചിരിക്കുന്നു. അബൂബക്കർ അദ്ദേഹത്തെ വിശ്വസിച്ചിരിക്കുന്നു!"
അബൂബക്കർ! ആളെ മനസ്സിലായി. സൽസ്വഭാവമുള്ള കച്ചവടക്കാരനാണ്. നേരത്തെ തന്നെ എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിൻ്റെ സദസ്സുകളിൽ ഇരിക്കാറുണ്ട്. ഖുറൈശികളെക്കുറിച്ച്, അവരുടെ പിതൃപരമ്പരയെക്കുറിച്ച് ഒക്കെ അദ്ദേഹത്തിന് നന്നായി അറിയാം. ഞാൻ അബൂബക്കറിൻ്റെ അടുക്കൽ ചെന്ന് ചോദിച്ചു:
"മുഹമ്മദ് പ്രവാചകത്വം വാദിച്ചതായും നിങ്ങൾ അദ്ദേഹത്തെ പിന്തുടർന്നതായും കേട്ടു. ശരിയാണോ?"
അബൂബക്കർ: "അതേ."
അപ്പോൾ പുരോഹിതൻ പറഞ്ഞ കാര്യങ്ങൾ ഞാൻ അബൂബക്കറിനോട് പറഞ്ഞു. ഇത് കേട്ട് അദ്ദേഹം വിസ്മയപ്പെട്ടു.
അബൂബക്കർ: "എൻ്റെ കൂടെ വരൂ. നിൻ്റെ കഥയൊക്കെ തിരുനബിക്ക് പറഞ്ഞുകൊടുക്കൂ. അവിടുന്ന് എന്താണ് പറയുന്നതെന്ന് കേട്ടുനോക്കൂ."
ഞാൻ അബൂബക്കറിനോടൊപ്പം തിരുനബിയെ സന്ദർശിച്ചു. എനിക്ക് തിരുനബി ഇസ്ലാമിനെക്കുറിച്ച് പ്രാഥമിക കാര്യങ്ങൾ പറഞ്ഞുതന്നു. കുറച്ച് ഖുർആൻ ഓതി കേൾപ്പിച്ചു. ഐഹികവും പാരത്രികവുമായ വിജയങ്ങളെക്കുറിച്ച് എനിക്ക് സുവാർത്ത അറിയിച്ചു. ഞാൻ ബുസ്റയിൽ ഉണ്ടായ അനുഭവം തിരുനബിയോട് പങ്കുവെച്ചു. ഇത് കേട്ട് തിരുനബിക്ക് പെരുത്ത് സന്തോഷമായി.
ഞാൻ എൻ്റെ ഇസ്ലാം ആശ്ലേഷം തിരുനബിയുടെ മുമ്പിൽവച്ച് പ്രഖ്യാപിച്ചു. അബൂബക്കറിൻ്റെ കയ്യാലെ ഇസ്ലാമിലേക്ക് വന്ന നാലാമത്തെ ആളായിരുന്നു ഞാൻ."
വേദക്കാരിൽ നിന്ന് തിരുനബിയെക്കുറിച്ച് കേട്ടറിഞ്ഞ് ഇസ്ലാം സ്വീകരിച്ച സ്വഹാബിമാർ ഇനിയും ധാരാളമുണ്ട്. ഒന്നു കൂടെ പറയാം...
മുഗീറത്തുബ്നു ശുഅ്ബ. പ്രസിദ്ധനായ സ്വഹാബി. ഖലീഫ ഉമറിൻ്റെ കാലത്ത് കൂഫയിലെ ഗവർണർ. അദ്ദേഹം തൻ്റെ ഇസ്ലാം ആശ്ലേഷത്തിൻ്റെ ചരിത്രം പറയുന്നു:
"ഞാൻ അലക്സാണ്ട്രിയയിൽ താമസിച്ചു. അവിടെയുള്ള മുഴുവൻ ക്രിസ്ത്യൻ ദേവാലയത്തിലെയും പാതിരിമാരോട് വരാനുള്ള പ്രവാചകൻ്റെ വിശേഷണങ്ങളെക്കുറിച്ച് ചോദിച്ചു. അവരിൽ പ്രമുഖനായിരുന്നു അബൂയഹ്നസ്.
(ഈജിപ്തിലെ പുരാതന നഗരമാണ് അലക്സാണ്ട്രിയ. പുരാതന കാലം മുതൽ ക്രിസ്ത്യാനികളുടെ കോപ്റ്റിക് സഭയുടെ ആസ്ഥാനമായി അറിയപ്പെടുന്ന ദേശമാണിത്. ഇസ്ലാം ഈജിപ്ത് കീഴടക്കിയതിനു ശേഷവും കോപ്റ്റിക് സഭ പ്രതാപത്തോടെയും എല്ലാവിധ അധികാരങ്ങളോടെയും നിലനിന്നുവെന്നത് ഇസ്ലാമിക ഖിലാഫത്തിനും മറ്റു ഇസ്ലാമിക ഭരണകൂടങ്ങൾക്കും കീഴിൽ ഇതര മതങ്ങളും പുരോഹിതരും അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനും ഇസ്ലാമിൻ്റെ മതേതര സ്വഭാവത്തിനും ഉദാഹരണമാണ്.)
ഞാൻ അബൂയഹ്നസിനോട് ചോദിച്ചു: "ഇനി വല്ല പ്രവാചകനും വരാനുണ്ടോ?"
അദ്ദേഹം പ്രതികരിച്ചു: "അതെ. അത് അന്ത്യപ്രവാചകനാണ്. അദ്ദേഹത്തിനും ഈസബ്നു മർയമിനും (യേശുക്രിസ്തു) ഇടക്ക് മറ്റൊരു പ്രവാചകനില്ല. ഈസാ പ്രവാചകൻ ഞങ്ങളോട് പിന്തുടരാൻ കൽപ്പിച്ച പ്രവാചകനാണത്. അറബിയായ, അക്ഷരാഭ്യാസം നടത്തിയിട്ടില്ലാത്ത പ്രവാചകൻ. പേര് അഹ്മദ്. കൂടുതൽ നീണ്ടവനല്ല, കുറിയവനുമല്ല. തനിവെളുത്തവനോ തവിട്ടുനിറമുള്ളവനോ അല്ല. അദ്ദേഹം പിരടിയിൽ വാളേന്തും. നേരിടുന്നവനെ ഭയപ്പെടില്ല. സ്വയം യുദ്ധം ചെയ്യും. ആത്മാർപ്പണം നടത്താൻ സന്നദ്ധരായ അനുയായികൾ കൂടെയുണ്ടാവും. സ്വന്തം പിതാക്കളെക്കാളും മക്കളെക്കാളും അവർ അദ്ദേഹത്തെ സ്നേഹിക്കും. ഖുറള പ്രദേശത്ത് നിന്ന് വരും. ഒരു ഹറമിൽനിന്ന് മറ്റൊരു ഹറമിലേക്ക് പോകും. ഈത്തപ്പനകളുള്ള നാട്ടിലേക്ക് ഹിജ്റ പോകും. ഇബ്റാഹീമി മതമാണ് കൈക്കൊള്ളുക."
"സ്വൽപ്പം കൂടി പറഞ്ഞുതരൂ." ഞാൻ ആവശ്യപ്പെട്ടു.
"അംഗസ്നാനം ചെയ്യും. ഇതര പ്രവാചകന്മാർക്ക് ഇല്ലാത്ത സവിശേഷതകളുണ്ടാകും. മുഴുജനങ്ങളിലേക്കും നിയമിക്കപ്പെടും. പ്രത്യേക ആരാധനാലയങ്ങൾ ആവശ്യമില്ലാതെ ഭൂമിയിൽ എവിടെവെച്ചും അദ്ദേഹത്തിന് പ്രാർത്ഥന (നിസ്കാരം) നിർവ്വഹിക്കാനാകും, മണ്ണ് ഉപയോഗിച്ച് ശുദ്ധി ചെയ്ത് നിസ്കരിക്കും."
"എനിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു. എത്ര കൃത്യമായ അവതരണം. ദൈവം നേരിട്ട് അറിയിച്ചു കൊടുത്താലല്ലാതെ ഇങ്ങനെ ആർക്ക് പറയാൻ സാധിക്കും? ഇത്രയും കൃത്യമായി വേദഗ്രന്ഥത്തിൽ ആ നബിയെ വിവരിച്ചു തന്നിട്ടും എങ്ങനെ വിശ്വസിക്കാതിരിക്കും!"
പിന്നെ വൈകിയില്ല. തിരുനബിയെ സന്ദർശിച്ചു. ഇസ്ലാം സ്വീകരിച്ചു. തിരുനബിയോട് മുഴുവൻ കാര്യങ്ങളും വിവരിച്ചുകൊടുത്തു."




