സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ നിങ്ങൾ ശ്രദ്ധിച്ചിരിന്നുവോ?
കോൺക്രീറ്റ് ബിന്നിൻ്റെ ദ്വാരത്തിൽ ഒരു പട്ടി തലകുടുങ്ങിക്കിടക്കുന്നു. ബിന്നിൽ കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാൻ വേണ്ടി തലയിട്ടതാണ്. തിരിച്ചെടുക്കാൻ സാധിക്കുന്നില്ല. ഇത് കണ്ട ഒരു കൊച്ചു കുട്ടി ഒരു വ്ലോഗർക്ക് വിളിക്കുന്നു. അദ്ദേഹം തൻ്റെ ചുറ്റികയുമായി വരുന്നു. ദ്വാരം സ്വല്പം വലുതാക്കുന്നു; പട്ടി രക്ഷപ്പെടുന്നു. എൻ്റെ ചുറ്റികയിൽ ദൈവം വന്ന നിമിഷം എന്നാണ് അതിൻ്റെ ശീർഷകമായി കൊടുത്തിട്ടുള്ളത്. ഏറെ പുണ്യപ്പെട്ട പ്രവർത്തിയാണ് ആ മനുഷ്യൻ ചെയ്തതെന്ന് പറയേണ്ടതില്ല. മനുഷ്യജീവിതം സാർത്ഥകമാകുന്നത് ഇങ്ങനെയൊക്കെയാണ്. അതൊരു അമ്മപ്പട്ടിയായിരുന്നു. മക്കൾക്ക് ഭക്ഷണത്തിനുവേണ്ടി അലഞ്ഞപ്പോഴായിരിക്കും ബിന്നിൽ റൊട്ടിക്കഷണം കണ്ടിട്ടുണ്ടാവുക. "മക്കൾ തന്നെ കാത്തിരിക്കുന്നുണ്ടാവുമല്ലോ" എന്ന ആധിയാണ് ആ സാമൂഹ്യ പ്രവർത്തകനെ ഏറ്റവും വേദനിപ്പിച്ചത് എന്ന് അയാൾ പറയുന്നു.
ചരിത്രത്തിൽ മുമ്പ് ഇങ്ങനെ പല സംഭവങ്ങളും കാണാം. മനുഷ്യൻ ഇതര ജീവികളോട് കാണിക്കുന്ന പരിഗണനയുടെ തെളിച്ചമുള്ള സംഭവങ്ങൾ.
തിരുവചനങ്ങൾ ഏറ്റവും വിശ്വസ്തമായ വഴികളിൽ ശേഖരിച്ച് ലോകത്തിന് നൽകിയ അതുല്യ മുസ്ലിം പണ്ഡിതൻ, ഇമാം ബുഖാരി ഉദ്ധരിച്ച, വ്യത്യസ്ഥമായ ചില തിരുനബി ചരിത്രശകലങ്ങൾ നമ്മെ വിസ്മയിപ്പിക്കും.
ഒരാൾ ദാഹിച്ചവശനായി നടന്നുപോകുമ്പോൾ ഒരു കിണർ കണ്ടു. അതിലിറങ്ങി, വെള്ളം കുടിച്ച് തിരിച്ചുകയറി. അപ്പോഴതാ ഒരു പട്ടി നനഞ്ഞ മണ്ണ് നക്കുന്നു! അയാൾക്ക് അലിവ് തോന്നി. എന്നെപ്പോലെ അതും ദാഹിച്ചവശയായിട്ടുണ്ടാവും എന്ന് മനസ്സിലാക്കിയ അയാൾ കിണറ്റിലേക്ക് ഇറങ്ങി. തൻ്റെ ഷൂവിൽ വെള്ളമെടുത്തു. അത് പല്ലുകൊണ്ട് കടിച്ചുപിടിച്ച് സാഹസികമായി മുകളിലേക്കുകയറി, വെള്ളം കൊടുത്തു. അയാൾ മതവിശ്വാസിയാണെങ്കിലും കൂടുതൽ അനുഷ്ഠാനങ്ങൾ ചെയ്യുന്ന, സാത്വിക ജീവിതം നയിക്കുന്ന വ്യക്തിയൊന്നുമായിരുന്നില്ല. പക്ഷേ, അദ്ദേഹത്തിൻ്റെ ഈ പ്രവർത്തിയുടെ പുണ്യംകൊണ്ട് സ്വർഗം കിട്ടി. തിരുനബിയാണീ ചരിത്രം പറഞ്ഞത്.
മറ്റൊരു ചരിത്രവും അവിടുന്ന് പറഞ്ഞുതന്നിട്ടുണ്ടായിരുന്നു: പൂച്ചയെ കെട്ടിയിട്ട സ്ത്രീയുടെ ചരിത്രം! പൂച്ചയെ സ്വന്തമായി ഭക്ഷണം കണ്ടെത്താൻ അനുവദിച്ചില്ല. ഭക്ഷണം കൊടുത്തതുമില്ല. മതപരമായ അനുഷ്ഠാനകർമ്മങ്ങളൊക്കെ ധാരാളം ചെയ്യുന്ന സ്ത്രീയായിരുന്നു. പക്ഷേ, അവർ നരകത്തിൽ കടക്കേണ്ടിവന്നു. സഹജീവിയോട് ക്രൂരത കാണിച്ചു എന്നതാണ് കാരണം. ഈ ചരിത്രം പറഞ്ഞുതന്നു എന്നത് മാത്രമാണ് തിരുനബിയുമായുള്ള ബന്ധം.
എന്നാൽ പറയാൻ ഉദ്ദേശിക്കുന്ന സംഭവത്തിൽ തിരുനബിയാണ് താരം! ഒരു വഴിയിലൂടെ നടന്നുപോവുകയാണ് തിരുനബി. ആരോ വിളിക്കുന്നതുപോലെ അനുഭവപ്പെട്ടു. തിരിഞ്ഞുനോക്കി. ഒരു മാൻപേട! "നബിയെ…, ഇങ്ങോട്ട് വരൂ". മാൻപേട സങ്കടപ്പെട്ടു വിളിക്കുകയാണ്.
തിരുനബി അടുത്തുചെന്നു. പാവം! വേട്ടക്കാരുടെ വലയിൽ കുടുങ്ങിയിരിക്കുന്നു! അതൊരു അമ്മയായിരുന്നു. അകിടിൽ പാൽ വന്നുവീർത്തിരിക്കുന്നു. തിരുനബി മാനിനോട് ചോദിച്ചു: "എന്താ, നിനക്ക് വല്ല ആവശ്യവുമുണ്ടോ?"
മാൻപേട: "അല്ലാഹുവിൻ്റെ ദൂതരെ, ആ കുന്നിൻമുകളിൽ എൻ്റെ രണ്ട് കുഞ്ഞുങ്ങൾ വിശന്നിരിക്കുന്നുണ്ട്. അവർക്ക് പാലു കൊടുക്കണം. ഞാൻ ഇവിടെ കുടുങ്ങിയിരിക്കുകയാണ്. എന്നെ അഴിച്ചുവിടുമോ? ഞാൻ അവർക്ക് പാലുകൊടുത്ത് തിരിച്ചുവരാം. തിരിച്ചുവന്നയുടനെ നിങ്ങൾക്ക് ഇവിടെത്തന്നെ എന്നെ കെട്ടിയിടാം."
ഒരു കൂട്ടം ആളുകൾ അവരുടെ വിശപ്പടങ്ങുന്നതിനു വേണ്ടി വേട്ടയാടിപ്പിടിച്ച മൃഗമാണിത്! മൃഗത്തിന് അതിൻ്റേതായ ആവശ്യങ്ങളുണ്ട്! എന്നാൽ അവർക്ക് അവരുടെ അവകാശമുണ്ട്! എന്തുചെയ്യും! തിരുനബി മാനിനോട് ചോദിച്ചു: "ഞാൻ നിന്നെ അയച്ചുവിട്ടാൽ നീ തിരിച്ചുവരുമോ?"
മാൻപേട: "അതെ."
തിരുനബി: "ഉറപ്പാണോ?"
മാൻപേട: "തീർച്ചയായും! ഞാൻ തിരിച്ചുവന്നില്ലെങ്കിൽ പടച്ചവൻ എന്നെ ശിക്ഷിക്കട്ടെ." തുടർന്ന് താൻ തിരിച്ചുവരുമെന്ന് മാൻ സത്യം ചെയ്തു.
വൈകാതെ തന്നെ മാൻപേട മക്കൾക്ക് പാല് കൊടുത്തു തിരിച്ചുവന്നു. തിരുനബി അതിനെ കെട്ടിയിട്ടു. എന്നിട്ട് അവിടെ കാത്തിരുന്നു. വേട്ടക്കാർ ഇരയെത്തേടിയെത്തി. അപ്പോൾ മുത്ത് നബി അവിടെ നിൽപ്പുണ്ടായിരുന്നു.
തിരുനബി: "ഈ മൃഗത്തെ എനിക്ക് നൽകാമോ?"
അവർക്ക് ഏറെ സന്തോഷമായി. അവർ ആ മൃഗത്തെ തിരുനബിക്ക് കൊടുത്തു. തിരുനബി അതിനെ സ്വതന്ത്രമാക്കി വിട്ടയച്ചു! അത് "അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ് വഅന്നക റസൂലുല്ലാഹ്" എന്ന് പറഞ്ഞ് തുള്ളിച്ചാടി, അത് മലമുകളിലേക്ക് പോയി!
മാൻപേടയുടെതിനേക്കാൾ വ്യത്യസ്തമാണ് ആ ഒട്ടകത്തിൻ്റെ ചരിത്രം. ഏതൊട്ടകം? തിരുനബിയോട് പരാതി പറഞ്ഞ ഒട്ടകമില്ലേ? അതെ, അനുചരൻ ജാബിർ ആണ് ആ സംഭവം ഉദ്ധരിക്കുന്നത്. അദ്ദേഹം തിരുനബിയോടുകൂടെ ഒരു യാത്രയിലായിരുന്നു. പെട്ടെന്ന് ഒരൊട്ടകം വന്ന് തിരുനബിയുടെ മുമ്പിൽ സാഷ്ടാംഗം ചെയ്തു. തിരുനബി അവിടെ ഇരുന്നു. ജനങ്ങളോട് ചോദിച്ചു: "ആരുടേതാണ് ഈ ഒട്ടകം?"
കുറച്ച് അൻസാറുകൾ പറഞ്ഞു: "നബിയേ ഞങ്ങളുടേതാണ്."
തിരുനബി: "എന്താണ് ഈ ഒട്ടകത്തിൻ്റെ പ്രശ്നം?"
അൻസാറുകൾ: "പത്തിരുപത് കൊല്ലം കൃഷിക്ക് നനക്കുവാൻ വേണ്ടി ഞങ്ങൾ അതിനെ ഉപയോഗിച്ചു. ഇപ്പോൾ അത് ജോലി ചെയ്യാൻ സമ്മതിക്കുന്നില്ല. അപ്പോൾ ഞങ്ങൾക്ക് ഒരു ആഗ്രഹം, അതിനെ അറുത്ത് ഞങ്ങളുടെ കുട്ടികൾക്കൊക്കെ ഭക്ഷണമാക്കി നൽകിയാലോ എന്ന്. അപ്പോൾ അത് ഞങ്ങളിൽനിന്ന് ഓടിപ്പോയി."
തിരുനബി: "നിങ്ങളുടെ ഒട്ടകം പരാതിപ്പെടുന്നത് എന്താണെന്ന് അറിയുമോ? യുവത്വ കാലത്ത് അതിനെ എല്ലാ ജോലിക്കും വേണ്ടി നിങ്ങൾ ഉപയോഗിച്ചു; പ്രായമായപ്പോൾ നിങ്ങൾ അതിനെ അറുക്കാനുള്ള പദ്ധതിയിലാണ് എന്നാണ് അത് എന്നോട് പരാതിപ്പെടുന്നത്."
തിരുനബി: "ഒരു കാര്യം ചെയ്യാം; നിങ്ങൾ അതിനെ വിൽക്കുന്നുവോ?"
തിരുനബി അങ്ങനെ ചോദിച്ചപ്പോൾ അവർ പറഞ്ഞു: "നബിയേ, ആ ഒട്ടകത്തെ അങ്ങേക്ക് തന്നു." അപ്പോൾ അവിടുന്ന് പറഞ്ഞു: "എന്നാൽ പിന്നെ എനിക്ക് തരേണ്ട. നിങ്ങൾ അതിൻ്റെ അവധി എത്തുന്നത് വരെ നല്ല രൂപത്തിൽ പരിപാലിക്കുക."
ഇതൊക്കെ മായാവിക്കഥകളായി ആരും ആശ്വസിക്കേണ്ട. മായാവി കഥകൾക്ക് മേൽവിലാസം ഉണ്ടാവില്ല. അവ കേവലം സങ്കല്പങ്ങൾ മാത്രമാണ്. ഇവക്ക് നാം നേരത്തെ പറഞ്ഞതുപോലെ മേൽവിലാസമുണ്ട്. കണ്ടവരും കേട്ടവരും ഉണ്ട്. അവരെ കേട്ടവരും ഉണ്ട്. അവരുടെ ചരിത്രവും ഉണ്ട്. പിന്നെ ഇതൊക്കെ എങ്ങനെ ഉണ്ടാവാനാ എന്നായിരിക്കും ചിലരുടെ സംശയം. പ്രപഞ്ചം മുഴുവനും സൃഷ്ടിച്ചിരിക്കുന്നത് ദൈവമാണ്. പ്രപഞ്ചത്തിൽ ഇപ്പോൾ നിലവിലുള്ള വ്യവസ്ഥ തയ്യാറാക്കിയതും അവനാണ്. അതിനെ മറ്റൊരു രൂപത്തിൽ സംവിധാനിക്കാനും അവന് സാധിക്കും.
പ്രവാചകത്വം നൽകപ്പെട്ട തൻ്റെ അടിയാറുകൾക്കുള്ള തെളിവായിട്ടാണ് അവൻ ഇത്തരം അത്ഭുതങ്ങളെ വെച്ചിട്ടുള്ളത്. അതിൽപ്പെട്ടതാണ് ചന്ദ്രൻ പിളരുന്നതും ജന്തുക്കൾ പരാതിപ്പെടുന്നതും അജൈവ വസ്തുക്കൾ സംസാരിക്കുന്നതുമെല്ലാം. ഇത് കേവലം കൺകെട്ടുകൾ അല്ല. മിഥ്യാഭ്രമമല്ല. തോന്നലുകളല്ല. ഇത്തരം അത്ഭുതങ്ങൾ സംഭവിച്ചുവെന്നു മാത്രമല്ല ചരിത്രം പറയുന്നത്. മറിച്ച്, അവ കണ്ടു ബോധ്യപ്പെട്ട് ഇസ്ലാം സ്വീകരിച്ച വ്യക്തികളുടെയും സമൂഹങ്ങളുടെയും സത്യസന്ധമായ ചരിത്രം ഇസ്ലാം പരിചയപ്പെടുത്തുന്നു. ഒരുദാഹരണം നോക്കൂ.
തിരുനബിയും ചില അനുചരരും ഒരിടത്ത് ഇരിക്കുകയാണ്. അതുവഴി ഒരു ഗ്രാമവാസി കടന്നുപോയി. ആൾക്കൂട്ടത്തെ കണ്ടപ്പോൾ അദ്ദേഹം അന്വേഷിച്ചു: "ഇതേതാണീ പുതിയ കൂട്ടർ?" "പ്രവാചകത്വം വാദിച്ച ഒരാളെക്കുറിച്ച് കേട്ടിട്ടില്ലേ? മുഹമ്മദ് ബിൻ അബ്ദുല്ല, അദ്ദേഹവും അനുയായികളുമാണത്," ആരോ മറുപടിയും പറഞ്ഞു.
അയാൾ ഒരു ഉടുമ്പിനെ വേട്ടയാടിപ്പിടിച്ച് വരികയായിരുന്നു. അതിനെ അറുത്ത് ചുട്ടുതിന്നുവാനുള്ള പദ്ധതിയിലായിരുന്നു അയാൾ. ആൾക്കൂട്ടത്തെക്കുറിച്ച് കേട്ടറിഞ്ഞപ്പോൾ അയാൾക്ക് നിയന്ത്രണം വിട്ടു. തിരുനബിയുടെ സദസ്സിലേക്ക് ഇടിച്ചുകയറി ഒരു പൊട്ടിത്തെറിയായിരുന്നു:
"എൻ്റെ ദൈവങ്ങളായ ലാത്തയേയും ഉസ്സയേയും പിടിച്ചു ഞാൻ സത്യം ചെയ്യുന്നു. നിന്നെക്കാൾ വെറുപ്പുള്ള ഒരു മുഖവും ഞാൻ ഇതുവരെ കണ്ടിട്ടില്ല. ധൃതി കാണിച്ചു എന്ന് എൻ്റെ ജനത എന്നെ ആക്ഷേപിക്കുകയില്ലായിരുന്നെങ്കിൽ നിന്നെ ഇപ്പോൾതന്നെ ഞാൻ കഥകഴിച്ചേനെ. അങ്ങനെ കറുത്തവരും വെളുത്തവരും അടങ്ങുന്ന മുഴുവൻ ജനതയെയും ഞാൻ സന്തോഷിപ്പിക്കുമായിരുന്നു. അതോടെ ബനൂ ഹാശിമിന് നിന്നെക്കൊണ്ടുള്ള പ്രയാസം തീരുമായിരുന്നു. നീ ഞങ്ങളുടെ ദൈവങ്ങളെ ആക്ഷേപിച്ചവനല്ലേ?"
തിരുനബി ആളെ തിരിച്ചറിഞ്ഞു. ശാന്തനായി അവിടുന്ന് ചോദിച്ചു: "ബനൂ സലീം ഗോത്രക്കാരിൽപ്പെട്ട സഹോദരാ, ഒരു സദസ്സിൽ കാണിക്കേണ്ട മര്യാദപോലും കാണിക്കാതെ ഇങ്ങനെയൊക്കെ പറയാൻ നിങ്ങളെ പ്രേരിപ്പിച്ച ഘടകമെന്താണ്?"
ഗ്രാമവാസി: "താങ്കൾക്ക് എന്താണ് പറയാനുള്ളത്?"
തിരുനബി: "ഒന്നേ പറയാനുള്ളൂ. എന്നെ വിശ്വസിക്കുക. എങ്കിൽ നരകാഗ്നിയിൽനിന്ന് താങ്കൾ രക്ഷപ്പെടും!"
ഇത് കേട്ടപ്പോൾ അയാൾ വീണ്ടും ക്രൂദ്ധനായി. തൻ്റെ കയ്യിലുണ്ടായിരുന്ന ഉടുമ്പിനെ അവർക്കിടയിലേക്ക് എറിഞ്ഞു. എന്നിട്ട് പറഞ്ഞു: "ഈ ഉടുമ്പ് നിങ്ങളിൽ വിശ്വസിക്കുന്നതുവരെ ഞാൻ നിങ്ങളെ വിശ്വസിക്കുമെന്ന് നീ കരുതേണ്ട."
സദസ്സിൽ ഉമർ ബിൻ ഖത്താബ് ഉണ്ടായിരുന്നു. ഈ അതിരുകടന്ന സംസാരം കേട്ട് ഉമറിന് സഹിക്കാൻ കഴിഞ്ഞില്ല. ഉമർ തിരുനബിയോട് ചോദിച്ചു: "ഈ ദുഷ്ടൻ്റെ കഥ കഴിക്കാൻ സമ്മതം തരുമോ നബിയേ?"
തിരുനബി ഉമറിനെ ശാന്തനാക്കി. "ഉമറെ, സഹനശീലമുള്ളയാൾക്ക് മാത്രമേ പ്രവാചകനാകാൻ കഴിയൂ!"
അപ്പോഴേക്കും ഉടുമ്പ് ഓടിപ്പോയിരുന്നു. തിരുനബി വിളിച്ചു: "ഉടുമ്പേ, ഇങ്ങോട്ട് വരൂ". ഉടുമ്പ് തിരിച്ചുവന്നു. തുടർന്ന് തിരുനബി ഉടുമ്പിന് നേരെ തിരിഞ്ഞുകൊണ്ട് അതിനെ വിളിച്ചു.
"ലബ്ബൈക്ക് വ സഅദയക്!" (ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു). ശുദ്ധമായ അറബിയിൽ എല്ലാവർക്കും കേൾക്കാവുന്ന രൂപത്തിൽ ഉടുമ്പിൻ്റെ മറുപടി!
തിരുനബി: "ഉടുമ്പേ, നീ ആരെയാണ് വിശ്വസിക്കുന്നത്?"
ഉടുമ്പ്: "ആകാശത്തും ഭൂമിയിലും കടലിലും ആധിപത്യമുള്ളവനെ. സ്വർഗ്ഗത്തിൽ തൻ്റെ കാരുണ്യവും നരകത്തിൽ തൻ്റെ ശിക്ഷയും നൽകുന്നവനെ."
തിരുനബി: "ഞാൻ ആരാണ്?"
ഉടുമ്പ്: "സർവ്വലോകങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിൻ്റെ ദൂതൻ. അന്ത്യ പ്രവാചകൻ. വിശ്വസിച്ചവർ വിജയിച്ചിരിക്കുന്നു. നിഷേധിച്ചവർ പരാജയപ്പെട്ടിരിക്കുന്നു."
ഇത് കണ്ട് വിസ്മയപ്പെട്ട് ഗ്രാമവാസി പറയുകയാണ്: "ഇതെന്തൊരു അത്ഭുതം! ഞാൻ വേട്ടയാടിപ്പിടിച്ച ഒരു ഉടുമ്പ്! എൻ്റെ കുപ്പായക്കയ്യിലിട്ട് ഞാൻ കൊണ്ടുവന്ന ഉടുമ്പ്! അത് മുഹമ്മദിനോട് സംസാരിക്കുന്നു! മുഹമ്മദ് ദൈവദൂതനാണെന്ന് സാക്ഷ്യപ്പെടുത്തുന്നു! എനിക്ക് ഇതിനേക്കാൾ വലിയ തെളിവ് ഇനി എന്തുവേണം? തെളിവ് നേർക്കുനേർ കണ്ടതിനുശേഷവും ഞാൻ അവിശ്വസിക്കുകയോ?"
ഗ്രാമവാസി: "അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഞാനും സാക്ഷ്യം വഹിക്കുന്നു! അവൻ ഏകനാണ്! അവനു പങ്കുകാരില്ല. മുഹമ്മദ് അവൻ്റെ അടിമയും ദൂതനുമാണെന്ന് എൻ്റെ ഉള്ളും പുറവും തൊലിയും രോമവും സാക്ഷ്യം വഹിക്കുന്നു. ഞാനിവിടെ വന്നപ്പോൾ, എനിക്ക് ഭൂലോകത്ത് വെച്ച് ഏറ്റവും ദേഷ്യമുള്ള ആളായിരുന്നു താങ്കൾ. ഇപ്പോഴാകട്ടെ എൻ്റെ ചെവിയെക്കാൾ, എൻ്റെ കണ്ണിനേക്കാൾ, എൻ്റെ ഉപ്പയെക്കാൾ, എൻ്റെ മക്കളെക്കാൾ, നിങ്ങളോടാണ് എനിക്ക് പ്രിയം."
തിരുനബി: "ഞാൻ കാരണമായി നിങ്ങളെ സന്മാർഗത്തിൽ എത്തിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും."
തുടർന്ന് തിരുനബി സ്വഹാബികളോട് അദ്ദേഹത്തിന് വിശുദ്ധ ഖുർആനിൽ നിന്നുള്ള ചില അധ്യായങ്ങൾ പഠിപ്പിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു.




